ഇന്ന് ജീവിതത്തിലെ ഒരു വലിയ അദ്ധ്യായത്തിന്റെ അവസാനം ഓർമ്മവച്ചനാൾ മുതൽ മരഞ്ചാടിക്കുരങ്ങന്മാരെപ്പോലെ സ്വതന്ത്രമായി, സന്തോഷമായി, ഉത്തരവാദിത്വങ്ങളുടെ വിലക്കുകളില്ലാതെ വിഹരിച്ചു. നാളെ ആ കാലഘട്ടത്തെ പടിയടച്ചു പിണ്‌ഢംവച്ചൊഴിവാക്കുകയാണ്. സർവ്വകലാശാലപരീക്ഷതീർന്നു. നാളെ ഓരോരുത്തരായി പിരിഞ്ഞുപോകും നാനാവഴികളിലേയ്‌ക്ക്. മൂന്നുവർഷം എല്ലാവരും ചേർന്നൊരു കുടുംബംപോലെ കഴിഞ്ഞ ഹോസ്‌റ്റൽ ഒരു ഭാർഗ്ഗവീനിലയത്തിന്റെ പ്രതീതി ജനിപ്പിച്ചുകൊണ്ട് നിശ്ശബ്‌ദതയുടെ ആവരണമണിയും. സ്‌നേഹം, പിണക്കം, വിദ്വേഷം, ഏറ്റുമുട്ടൽ, വിരോധം, സഹകരണം, ത്യാഗം……….. എന്നിങ്ങനെയുള്ള, ജീവിതത്തിൽ അറിയേണ്ടതും അനുവർത്തിയ്‌ക്കേണ്ടതുമായ മാനസിക വൈകാരികഭാവങ്ങളുടെ മാമാങ്കത്തറയായിരുന്ന ഹോസ്‌റ്റൽ നാളെ മുതൽ ഏകാന്തതയുടെ കുടീരമായി മാറും. ഈ രാത്രി ഹോസ്‌റ്റൽ ജീവിതത്തിലെ അവസാനരാത്രി – അടിച്ചുപൊളിയ്‌ക്കണം. നാളെ ജീവിതസംഗ്രാമഭൂമിയിലേയ്‌ക്കിറങ്ങുകയാണ്.
പരീക്ഷാഫലം വന്നു. ആഹ്ലാദാതിരേകത്താൽ പൂത്തുലഞ്ഞു. ഉദ്യോഗാർത്ഥിയുടെ പടച്ചട്ടയണിഞ്ഞു. അപേക്ഷ, പരീക്ഷ, കൂടിക്കാഴ്‌ച…. ദിവസങ്ങളും മാസങ്ങളും വർഷത്തിൽ വിലയം പ്രാപിച്ചു. ഒടുവിൽ സായൂജ്യം സർക്കാർ പള്ളിക്കൂടത്തിൽ അധോമണ്ഡലഗുമസ്‌തനായി നിയമനം.
ഇഷ്‌ടദേവതയുടെ തിരുസന്നിധിയിൽ കൈകൂപ്പിനിന്നു. വിഘ്‌നങ്ങൾ ഇല്ലാതാകുവാൻ, ഔദ്യോഗികജീവിതം സുഗമമാകുവാൻ, വിഘ്‌നേശരനുനാളികേരമുടച്ചു.
രണ്ടരമണിക്കൂർ ബസ്‌യാത്ര അറിഞ്ഞതേയില്ല. മനസ്സൊരപ്പൂപ്പൻ താടിയായി ജീവിതാകാശമണ്ഡലങ്ങളിൽ പാറിനടന്നു. ബസ്സിലെ കിളിയുടെ ശബ്‌ദം ഇറങ്ങേണ്ട സ്‌ഥലമായെന്നറിയിച്ചു.
സ്‌കൂൾ കോമ്പൗണ്ടിൽ കാൽകുത്തിയപ്പോൾ പറഞ്ഞറിയിയ്‌ക്കാനാവാത്ത ഒരസ്വസ്‌ഥത. അതിന്റെ ആലസ്യത്തിൽ മുന്നോട്ടു നീങ്ങി. ഒരു കൂട്ടച്ചിരികാതിൽ പതിച്ചു. പടർന്നു പന്തലിച്ച ഒരു പ്ലാവിൽ ചുവട്ടിൽ കുട്ടികളുടെ ഒരു കൂട്ടം നടുക്കൊരാൾനിൽക്കുന്നു. അൻപതിന്റെ പടിവാതിൽ കടന്നപ്രായം. ജുബ്ബയും മുണ്ടും വേഷം. തടിച്ച ശരീരം. അതിനുതാങ്ങുവാൻ വയ്യാത്തത്രവലുപ്പമുള്ളവയർ. മുഴുത്ത തലയെ വഹിയ്‌ക്കുവാൻ ശക്തിയില്ലാഞ്ഞിട്ടാവാം കഴുത്തുടലിലേയ്‌ക്കിറങ്ങിപ്പോയതുപോലെ. ഭാഗികമായി വെളുത്തമുടി പറ്റെവെട്ടിയിരിയ്‌ക്കുന്നു. മൂക്കിനു താഴെ മുഖത്തിന്റെ സിംഹഭാഗവും അപഹരിച്ചവിസ്‌തൃതമായവായ. അതിനുള്ളിൽ, ഗ്രാമത്തിലെ ഓലമേഞ്ഞ സിനിമാതിയേറ്ററിന്റെ മുറ്റത്ത് സെക്കൻഡ്‌ഷോകാണുവാൻ നിൽക്കുന്നവരെ പോലെ, അങ്ങിങ്ങ് ഏതാനും പല്ലുകൾ. കുട്ടികൾ തട്ടുകയും മുട്ടുകയും പോക്കറ്റിൽ കയ്യിടുകയുമൊക്കെ ചെയ്യുന്നുണ്ട്. ആരാണീ വിചിത്രരൂപം!
ബല്ലടിച്ചു. കുട്ടികൾ കൂടിനിന്നപ്ലാവിൻ ചുവടുശൂന്യമായി. ഓഫീസ്സിൽ പ്രവേശിച്ചു. നിയമന ഉത്തരവ് പ്രാധാനാദ്ധ്യാപകന്റെ സമക്ഷം സമർപ്പിച്ചു. ഹാജർ ബുക്കിൽ പേരെഴുതി ഒപ്പിടുവാൻ നിർദ്ദേശം കാട്ടി. അദ്ദേഹം ചൂണ്ടിക്കാണിച്ച കസേരയിലിരുന്നു. ആഗ്രഹസാക്ഷാത്‌കാരത്തിൽ പരിസരം മറന്നുപോയി. ശ്………ശ്……….ശബ്‌ദം കേട്ടു നോക്കിയപ്പോൾ ഹാജർ ബുക്കിനു വേണ്ടി കൈ നീട്ടിനിൽക്കുന്ന വിചിത്ര ജീവി. മുഖത്തെവിശാലമായ ചിരി ഇപ്പോഴുമുണ്ട്. ബുക്കദ്ദേഹത്തിന്റെ മുമ്പിലേയ്‌ക്കു നീക്കിവച്ചു. ശ്രദ്ധിച്ചു. കെ.പി. നീലകണ്‌ഠപ്പിള്ള, യു.പി.എസ്.എ. എന്ന കോളത്തിൽ ഒപ്പുവയ്‌ക്കുന്നതു കണ്ടു. അദ്ധ്യാപകനാണെന്നു മനസ്സിലായി.
ദിവസങ്ങൾ കൊഴിഞ്ഞുകൊണ്ടിരുന്നു. സംസാരത്തിലും പ്രവൃത്തിയിലുമെല്ലാം അസാധാരണത്വമുള്ള വ്യക്തിയാണ് നീലാണ്ടപ്പിള്ളയെന്നറിഞ്ഞു. ചോദ്യത്തിലുമുത്തരത്തിലുമെല്ലാം ചിലവാക്കുകൾ രണ്ടുപ്രാവശ്യം ആവർത്തിയ്‌ക്കുന്ന സംസാരശൈലി.
ആരാടാ അവിടെ? ആരാ ആരാ
എന്താ അവിടെ? എന്താ എന്താ
സാറൊപ്പിട്ടോ?
ഒപ്പിട്ടു, ഇട്ടു ഇട്ടു
സാർ പോകുന്നുണ്ടോ?
ഉണ്ട് ഉണ്ട്
സാറിന് കുട്ടികൾ കൊടുത്ത ഓമനപ്പേരാണ് – പൊഹമാ പരിഹാസപ്പേരില്ലാത്ത അദ്ധ്യാപകർ കുറവാണ്. ഓരോപേരിനുപിന്നിലും അതു കണ്ടുപിടിച്ചവന്റെ ഭാവനാവിലാസം ശ്ലാഘനീയമാണ്.
പണ്ടുകേട്ട ഒരു കഥ ഓർമ്മവരുന്നു. ഒരദ്ധ്യാപകന്റെ വീടിനുമുന്നിൽ ഒരു പുളിമരം (പുങ്കൻ) നിന്നിരുന്നു. അതുകൊണ്ട് കുട്ടികൾ സാറിനെ പുങ്കൻസാർ എന്നു വിളിച്ചു.
ഇതറിഞ്ഞ അദ്ധ്യാപകൻ പകുതിവച്ച് മരംമുറിച്ചു. പിറ്റെദിവസം മുതൽ അദ്ദേഹം ‘അരപ്പുങ്കൻ’ ആയി. ദേഷ്യം സഹിയ്‌ക്കവയ്യാതെ അദ്ദേഹം ചുവടുചേർത്തുമുറിച്ചു. കുട്ടികളുണ്ടോവിടുന്നു. അവർസാറിനെ കുറ്റിപ്പുങ്കനാക്കി. സഹികെട്ട് ഈ വിളി അവസാനിപ്പിച്ചേ അടങ്ങൂ എന്ന വാശിയിൽ സാറ് വേരോടെകുറ്റി പിഴുതെറിഞ്ഞു. വിരുതന്മാരായ ശിഷ്യന്മാരെ തോൽപ്പിച്ചഗമയിൽ പിറ്റേന്നു ക്ലാസ്സിൽ കയറിയ ഗുരുവരൻ ബോർഡിൽ തന്നെ തോക്കി ഇളിച്ചുകാണിയ്‌ക്കുന്ന അക്ഷരങ്ങൾ കണ്ട് മോഹാലസ്യത്തിന്റെ വക്കിലെത്തി. കുഴിപ്പുങ്കൻ. തിരുനെല്ലൂർ കരുണാകരന്റെ വരികളോർമ്മിച്ചു പോകുന്നു.
റാണിയെന്നോമനപ്പേരിവൾക്കേകിയ
ഭാവനയാരുടേതാകാം.
പൊഹമയുടെ ചരിത്രമറിയുവാനുള്ള ആകാംക്ഷ ഏറിവന്നു. സാറിന്റെ ക്ലാസ്സിലെ മുതിർന്ന ഒരു ശിഷ്യനോടു ചോദിച്ചു. ‘പുളുന്താനോടു ചോദിച്ചാൽ മതിയെന്നമറുപടി കേട്ടു ചിരിച്ചുപോയി. അതേ ക്ലാസ്സിലെ പരമേശ്വരനാണ് പുളുന്താൻ. പേരുകൊടുത്തത് നീലാണ്ടപ്പിള്ളസ്സാറും. പുളു അടിയ്‌ക്കുന്ന സ്വഭാവക്കാരനായതുൊകാണ്ട് സാറവനെ പുളുന്താനെന്നു വിളിച്ചു. അവൻ പൊഹമാ എന്ന നീലകണ്‌ഠപ്പിള്ളയുടെ മനസ്സാക്ഷിസൂക്ഷിപ്പുകാരനാണ്, സുഹൃത്താണ്. ചില സമയത്തെ വാക്കു പ്രവൃത്തിയും കണ്ടാൽ ഇവരിലാരാണു ഗുരുഎന്നുപോലും സംശയിച്ചുപോകും. സാറിനെ പൊഹമായെന്നുമുഖത്തുനോക്കി വിളിയ്‌ക്കുവാനുള്ള അവകാശവും അധികാരവും സാറവനു കൊടുത്തിട്ടുണ്ട്. കേട്ടുകേൾവിപോലുമില്ലാത്ത അപൂർവ്വ ഗുരു-ശിഷ്യബന്ധം
പുളുന്താൻ ’പൊഹമായുടെ ചരിത്രവഴികളിലൂടെ പ്രയാണമാരംഭിച്ചു. അറിവിന്റെ ഉറവിടങ്ങളൊന്നുപോലും വെളിപ്പെടുത്തിയില്ല. ആ സ്‌കൂളിൽ നീലാണ്ടപ്പിള്ള ആദ്യമായിവന്നപ്പോൾ തന്നെ പ്രായക്കൂടുതൽ തോന്നിയ്‌ക്കുന്ന ശരീരപ്രകൃതമായിരുന്നു. അതുകൊണ്ട് നാട്ടുകാരദ്ദേഹത്തെ അമ്മാവനെന്നു വിളിച്ചു. ക്രമേണ അതുമാമനായി. സാറിന്റെ ഇഷ്‌ടഭോജ്യം പുട്ടും കടലയുമാണ്; അന്നും ഇന്നും ഏതുചായക്കടയിൽ ചെന്നാലും പുട്ടും കടലയുമുണ്ടോ? പുട്ടും കടലയും എന്നു ചോദിയ്‌ക്കും. അങ്ങനെ അംബികാഹോട്ടലിൽ എപ്പോൾ ചെന്നാലും സാറിനു വേണ്ടി പുട്ടും കടലയും റെഡി. മുടക്കമില്ലാതെ എല്ലാ ദിവസവും തങ്ങളെ സന്ദർശിച്ചസാറിന് ഹേട്ടലുടമ അരക്കുറ്റി പുട്ട് സൗജന്യമനുവദിച്ചു. ഇതെല്ലാമറിയുവുന്ന ഏതോ വിരുതൻ സാറിനെ ‘പു.ക.മാമൻ’ (പുട്ട്-കടല-മാമൻ) എന്നു വിളിച്ചു. കാലക്രമത്തിൽ പുക പൊഹയായി. അതും മാമന്റെ ആദ്യാക്ഷരവും ചേർന്ന് നീലകണ്‌ഠപ്പിള്ള പൊഹമാ ആയി. പരിണാമചക്രം മനുഷ്യനുമാത്രമല്ല പേരിനുമുണ്ട്.
പൊഹമായുടെ മറ്റൊരു ദൗർബ്ബല്യമായിരുന്നു സിനിമ. ഏതുപടവും ആദ്യത്തെഷോതന്നെ കാണണമെന്നുനിർബ്ബന്ധമാണ്. വളരെ ഇഷ്‌ടപ്പെട്ടെങ്കിൽ ഒരേദിവസം മൂന്നുഷോയും കണ്ടുകളയും. എം.ജി.ആർ. പ്രേംനസീർ ഇവർക്ക് പൊഹമായുടെ മനസ്സിലുള്ള സ്‌ഥാനം ദൈവത്തിനുപോലുമില്ല. തിയേറ്റർ ഉടമരണ്ടാമത്തെഷോ സാറിനുസൗജന്യമാക്കിക്കൊടുത്തു. അതിനു പിന്നിലുമുണ്ടൊരു സംഭവം.
എം.ജി.ആർ.ന്റെ നാടോടിമന്നൻ നാടും നഗരവും കീഴടക്കി ജൈത്രയാത്ര നടത്തുന്നകാലം. സ്‌ഥലത്തെ തിയേറ്ററിൽ പടം തുടങ്ങുന്നദിവസം മാറ്റിനിയുണ്ടെന്നു സാറിനറിയാം. പകുതിദിവസത്തെ ലീവെടുത്ത് അദ്ദേഹം തിയേറ്ററിൽ കയറി. അടുത്ത ദിവസവും അദ്ദേഹത്തെ തിയേറ്ററിൽ കണ്ടവരുണ്ട്. ഞായറാഴ്‌ച ഫസ്‌റ്റ്‌ഷോ കണ്ടതിനുശേഷം അവസാനത്തെ ഷോയ്‌ക്കായി ടിക്കറ്റുവാങ്ങുവാൻ ക്യൂവിൽ നിന്ന സാറിനെ തിയേറ്റർ ഉടമ വിളിച്ചു. അദ്ദേഹം പറഞ്ഞു, “ഇന്നുമുതൽ സെക്കന്റ്‌ഷോയ്‌ക്കു നീലാണ്ടപ്പിള്ള സാർ ടിക്കറ്റെടുക്കേണ്ട.
അദ്ദേഹം പ്രതികരിച്ചു.” സന്തോഷം, സന്തോഷം.“ പഠിപ്പിയ്‌ക്കുമ്പോൾ കുട്ടികൾ സംസാരിയ്‌ക്കുന്നത് സാറിനു സഹിയ്‌ക്കുവാനാകുമായിരുന്നില്ല. ഒരിയ്‌ക്കൽ പുളുന്താനെപിടികൂടി. അനിയന്ത്രിതമായ കോപത്താൽ വിറച്ചുകൊണ്ടദ്ദേഹം ചോദിച്ചു. എന്താടാ സംസാരിച്ചത്. ഏ, ഇ. കരുത്തക്കേടിനും കുശാഗ്രബുദ്ധിയ്‌ക്കും പേരുകേട്ട അവൻ പൊഹമയെ മലർത്തിയടിച്ചു. ഇന്നലെ കണ്ട സിനിമയെപറ്റിപ്പറയുകയായിരുന്നു സാർ എന്ന മറുപടിയിൽ സാറിന്റെ കോപം അലിഞ്ഞുപോയി.
ഞാനും കണ്ടട കണ്ടു, കണ്ടു
നസീറിന്റെ അഭിനയമെങ്ങനെയുണ്ടുസാർ?
ജോർ, ജോർ.
മറ്റു കുട്ടികളും ഏറ്റുപിടിച്ചു. ക്ലാസ്‌തിയേറ്ററായിമാറി. പൊഹമയെ ശാന്തനാക്കാൻ ഏറ്റവും നല്ല മാർഗ്ഗം സിനിമാകാര്യം എടുത്തിടുകയാണെന്നു കുട്ടികൾക്കറിയാം.
സ്‌ത്രീകളുമായി അദ്ദേഹം സംസാരിയ്‌ക്കുന്നതാരും കണ്ടിട്ടില്ല. അങ്ങനെയുള്ള ആവശ്യം ഉണ്ടായാൽ ഇടനിലക്കാരനായി പുളുന്താനെ അയയ്‌ക്കും.
ഒരിയ്‌ക്കൽ, സാറിനു ഭാര്യയും മക്കളുമൊന്നുമില്ലേയെന്നു പുളുന്താൻ ചോദിച്ചു. സാറിന്റെ പ്രതികരണം വളരെ രൂക്ഷമായിരുന്നു.
”മേലാൽ ഇങ്ങനെയുള്ള കാര്യങ്ങൾ ചോദിച്ചാൽ നമ്മൾ തമ്മിലുള്ള ബന്ധം അന്നവസാനിയ്‌ക്കും“.
ഇടവപ്പാതിസമയം, മഴതിമിർത്തു പെയ്യുന്നു. ഇടിയും മിന്നലും അകമ്പടിസേവിച്ചു. സെക്കന്റ്‌ഷോ കഴിഞ്ഞു. തിയേറ്ററടയ്‌ക്കുവാൻ വന്ന ജോലിക്കാരൻ ബഞ്ചിൽ ആരോ കിടക്കുന്നതു കണ്ടു. ഇതു സാധാരണമാണ്. ചിലർ സിനിമ കഴിഞ്ഞതറിയാതെ ഉറങ്ങിപ്പോകും. അവരെ ഉണർത്തി പറഞ്ഞയച്ചതിനുശേഷം വേണം തിയേറ്ററടയ്‌ക്കുവാൻ ആളെ തിരിച്ചറിഞ്ഞപ്പോൾ അയാൾ ചിരിച്ചുപോയി. കിടക്കുന്നത് നീലാണ്ടപ്പിള്ളസ്സാറായിരുന്നു. കുലുക്കിവിളിച്ചു. മറുപടി ഉണ്ടായില്ലാ മറ്റുള്ളവരെത്തി. എല്ലാവരും നിസ്സഹായരായി നിന്നു. പുട്ടും കടലയും, സിനിമയുമൊന്നുമില്ലാത്ത അജ്ഞാതലോകത്തിലേയ്‌ക്ക് പൊഹമാ എന്ന നീലാണ്‌ഠപ്പിള്ള പോയിക്കഴിഞ്ഞിരുന്നു. അന്ത്യം സിനിമ കണ്ടുകൊണ്ടിരിയ്‌ക്കുമ്പോഴായിരിയ്‌ക്കണേയെന്നദ്ദേഹം പ്രാർത്ഥിച്ചിരുന്നോ! ആർക്കറിയാം.
ഇടവപ്പാതിയുടെ മൂർദ്ധന്യത്തിലും തെളിഞ്ഞപ്രഭാതം. ദുഃഖസാന്ദ്രമായ അന്തരീക്ഷത്തിൽ സാന്ത്വനമേകി വെയിൽപരന്നു. ആഹ്വാനമില്ലാതെ, ഭീഷണിയില്ലാതെ, ഇന്നു ഹർത്താലാണ്. ആരേയും വെറുപ്പിയ്‌ക്കാതെ, ദ്രോഹിയ്‌ക്കാതെ, എല്ലാവരേയും സ്‌നേഹിച്ച ഒരു മനുഷ്യനോടുള്ള ആദരപ്രകടനം. വമ്പിച്ച ജനാവലിയുടെ സാന്നിദ്ധ്യത്തിൽ പൊഹമായുടെ ശരീരം അഗ്നിദേവൻ ഏറ്റുവാങ്ങി. നീലാണ്‌ഠപ്പിള്ള അമർ രഹേ യെന്ന് ഓരോ മനസ്സും പറഞ്ഞിട്ടുണ്ടാവും.
മഹത്വത്തിന്റെ ഉറവിടം എവിടെയാണ്?
Generated from archived content: essay1_sep7_09.html Author: mundamattam_radhakrishnan