വികാരം എന്നെക്കൊണ്ട് അങ്ങനെ ചെയ്യിക്കുകയാണ്.
വിശ്വാസത്തിന്റെ മറ്റൊരു പ്രേരണ പണിയെടുക്കാതെ അന്യന്റെ വിയര്‍പ്പ് കുടിക്കുക എന്നതാണ. മെയ്യനങ്ങാതെ തട്ടിച്ചും വെട്ടിച്ചും എത്ര സമ്പാദിക്കാമെന്നാണല്ലോ ഇന്നു മലയാളികളുടെ ഒരേയൊരു ചിന്ത. നോക്കുകൂലി, അട്ടിമറിക്കൂലി, കമ്മിഷന്‍ ഇതെല്ലാം അവന്റെ ഈ ദുഷ്ട ചിന്തയുടെ തെളിവാണ്.
രണ്ടു വര്‍ഷം മുന്‍പൊരു മധ്യാഹ്നം. ഉച്ചമയക്കത്തില്‍ നിന്ന ടെലിഫോണ്‍ വിളിച്ചുണര്‍ത്തി.
-സാറേ, അടുത്ത ഞായറാഴ്ച നമ്മുടെ.. ഹോട്ടലില്‍ ഒരു ക്ലാസ് നടക്കുന്നുണ്ട്. സാറ് അതൊന്ന് അറ്റന്റ് ചെയ്യണം. വളരെ പ്രയോജനമുള്ള ഒരു കാര്യമാണ്..- കിളിമൊഴിയുടെ പ്രലോഭനങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു. ഒടുവില്‍ വൃദ്ധ ഹൃദയം തരുണീ മാനസത്തിലലിഞ്ഞു. ക്ലാസില്‍ പങ്കെടുക്കാമെന്ന് സമ്മതിച്ചു.
അടുത്ത ഞായറാഴ്ച കൃത്യസമയത്ത് തന്നെ ഹോട്ടല്‍ ഓഡിറ്റോറിയത്തിലെത്തി . എക്‌സിക്യൂട്ടിവ് സ്‌റ്റൈലില്‍ കുറെ ആളുകള്‍. ബാര്‍ ഹോട്ടലിലെ സപ്ലൈയേഴ്‌സിനെ പോലെ അവര്‍ തലങ്ങും വിലങ്ങും നടന്ന സൗഹൃദങ്ങള്‍ പങ്കിടുന്നു. സ്ത്രീ പുരുഷ സമത്വത്തിന്റെ തെളിവാര്‍ന്ന സദസ്. എന്നെ കണ്ടപാടെ ഒരാള്‍ ഓടിയെത്തി പാണിഗ്രഹണം നടത്തി. അയാളെന്നെ കൈപിടിച്ചു നയിച്ച് വി ഐപി സ്റ്റൈലില്‍ മുന്‍വശത്തെ കസേരയില്‍ തന്നെ ഉപവിഷ്ടനാക്കി.
താമസിയാതെ ഒരു എക്‌സിക്യൂട്ടിവ് വേഷധാരി ഓടിവന്ന് സ്‌റ്റേജില്‍ കയറി മൈക്ക് കൈയിലെടുത്ത് അതിന്റെ വായിലേക്ക് അലറി..
-ഗുഡ് മോണിംങ്…
മറുപടിയായി സദസ് ഒന്നടങ്കം പ്രതിവചിച്ചു. ..- ഗുഡ് മോണിംങ്..
അയാള്‍ സ്വയം പരിചയപ്പെടുത്തിക്കൊണ്ട് തുടര്‍ന്നു. – ഞാന്‍ ഇന്നേയ്ക്കു ഒന്നര വര്‍ഷം മുന്‍പ് ട്യൂട്ടോറിയല്‍ കോളെജ് അധ്യാപകനായിരുന്നു. ശമ്പളം 2000 രൂപ. എന്റെ ഒരാവശ്യത്തിനും അത് തികഞ്ഞിരുന്നില്ല. ഒരു ദിവസം ഞാന്‍ യാദൃശ്ചികമായി ജോഷ്വാ സാറിനെ പരിചയപ്പെട്ടു. അദ്ദേഹത്തില്‍ നിന്നാണ് ഞാന്‍ ആര്‍എന്‍പി എന്ന പ്രസ്ഥാനത്തെക്കുറിച്ച് അറിയുന്നത്. അതിലൂടെ അദ്ദേഹത്തിനുണ്ടായ സാമ്പത്തിക നേട്ടം അപാരവും അസൂയാവഹവുമായിരുന്നു. സാറെന്നെ ആര്‍എന്‍പിയിലേക്കു ക്ഷണിച്ചു. അടുത്ത ദിവസം ഏഴു സെന്റ് സ്ഥലവും വീടും പണയപ്പെടുത്തി ഞാന്‍ 70,000 രൂപ കൊടുത്ത് ആര്‍എന്‍പിയുടെ പത്ത് ഐഡികള്‍ എടുത്തു…- ഹാള്‍ നിറഞ്ഞു കവിയുന്ന വിധത്തില്‍ കരഘോഷം മുഴങ്ങി. (ഐഡി എന്നാല്‍ എന്താണെന്നു എനിക്കു മനസിലായില്ല. ഇന്നും അതെന്തു കുന്തമാണെന്നു എനിക്കറിയില്ല)
അനുഭവ വിവരണം തുടര്‍ന്നു…- പിന്നെ എനിക്കു തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഒരു വര്‍ഷം കൊണ്ട് പണയപ്പെടുത്തിയ വസ്തു ഞാന്‍ തിരിച്ചെടുത്തു. ഒരു ടവേര കാര്‍ വാങ്ങി. ഇപ്പോള്‍ അഞ്ചു ലക്ഷത്തിലേറെ രൂപ എനിക്കു ബാങ്ക് ബാലന്‍സ് ഉണ്ട്..-
(ഓരോ വാചകം പറഞ്ഞു തീരുമ്പോഴും കരഘോഷം മുഴങ്ങിക്കൊണ്ടിരുന്നു. സത്യം പറയട്ടേ. അന്യന്റെ സൗഭാഗ്യങ്ങളില്‍ മനം നിറഞ്ഞ് സന്തോഷിക്കുന്ന മലയാളി സഹോദരങ്ങളുടെ മാനസിക വളര്‍ച്ചയില്‍ എന്റെ ഇരു കണ്ണുകളും ഈറനണിഞ്ഞു)
ഉച്ചയ്ക്കു വിഭവ സമൃദ്ധമായ സദ്യയോടെയാണ് പരിപാടി അവസാനിച്ചത്. അതു കൊണ്ടാണോ എന്ന് എനിക്കറിയില്ല. പത്ത് ഐഡി എടുക്കാമെന്നു എന്നെക്കൊണ്ട് സമ്മതിപ്പിക്കുന്നതില്‍ അവര്‍ വിജയം കണ്ടു.
റിട്ടയേര്‍ഡായ എനിക്ക് ഒരു വര്‍ഷം കൊണ്ട് ഉണ്ടാകാന്‍ പോകുന്ന സൗഭാഗ്യങ്ങള്‍ സ്വപ്‌നം കണ്ടുകൊണ്ട് ചുട്ടുപൊള്ളുന്ന ടാര്‍ റോഡിന്റെ ഓരം ചേര്‍ന്നു ഞാന്‍ വീട്ടിലേക്കു നടന്നു. നാളെ ഇതേ വഴിയിലൂടെ ടവേരയില്‍ യാത്ര ചെയ്യുന്നത് ഭാവനയില്‍ കണ്ടു. അടുത്ത ദിവസം രണ്ടു മൂന്നു പേര്‍ എത്തി എന്റെ കൈയില്‍ നിന്നു പണം എണ്ണിവാങ്ങി.
മാസങ്ങള്‍ ചിലത് കടന്നുപോയി. ടവേര കാര്‍ മനോരാജ്യത്തിലൂടെ വിശ്രമില്ലാതെ ഓടിക്കൊണ്ടേയിരുന്നു.
ഒരു ദിവസം ടിവി കണ്ടുകൊണ്ടിരുന്നപ്പോള്‍ ഓടിയകലുന്ന ഫഌഷ് ന്യൂസ് ശ്രദ്ധയില്‍പ്പെട്ടു. ആര്‍എന്‍പി ഓഫിസുകളില്‍ പൊലീസ് റെയ്ഡ്. കോടികളുടെ തട്ടിപ്പിന്റെ രേഖകള്‍ പിടിച്ചെടുത്തു.
അതുകണ്ടപാടെ നാവ് വറ്റിവരണ്ടു. കസേരയില്‍ തളര്‍ന്നിരുന്നു. ഏഴുപതിനായിരും രൂപയോടു കൂടി എന്റെ ബോധവും അപ്രത്യക്ഷമാകുന്നതായി തോന്നി.
ഇന്നും അപ്രതീക്ഷിതമായി ഫോണ്‍ ശബ്ദിക്കുമ്പോള്‍ അറിയാതെ ഞെട്ടിപ്പോകുകയാണ്. കാരണം കഴുകന്മാര്‍ ഇപ്പോഴും കറങ്ങി നടക്കുകയാണ്. പല രൂപത്തിലും പല ഭാവത്തിലും..
വൈ ദിസ് കൊലവെറി.
(കടപ്പാട്. സമയം മാസിക)
Generated from archived content: essay1_may11_13.html Author: mundamattam_radhakrishnan