കരൾവെന്തുരുകും മണം പരന്നു
കരിയായി മാറുവാനേറെയില്ല
കരിപൂണ്ട ജീവിതക്കളിയരങ്ങിൽ
കരിവേഷമോരോന്ന് വന്നു നിൽപ്പൂ.
ഒരുനാളിൽ മുൾമുനത്തുമ്പിൽ നിന്ന്
ചടുലതാളത്തിൽ കളിച്ചതല്ലേ?
മനവും മിഴിയും കവർന്നതല്ലേ?
മതിവരാതോടിക്കിതച്ചതല്ലേ?
കൊടുമുടികളൊന്നും നടന്നു കേറാൻ
ഇനിയാവതില്ലെന്നറിഞ്ഞ നാളിൽ
കനകമഴപെയ്‌ത് തളിർത്തു കേറാൻ
കഴിയില്ലയെന്നോർമ്മ വന്ന നാളിൽ
പകൽ വെളിച്ചത്തിൽ പക ചുരത്തി
പടിയടച്ചിവനെ പുറത്തിറക്കി.
നഗരസത്രത്തിൻ വിരുന്നറയിൽ
വ്യഥകളെ കൊന്നു കുഴിച്ചു മൂടി
ഒരു നിമിഷത്തിൻ സുഖപ്പരപ്പിൽ
നൃപരാജനായി കഴിച്ചു കൂട്ടി.
അടിയൊഴുക്കിൽപ്പെട്ടുലഞ്ഞ കപ്പൽ
തിരമാലകൾക്കിരയായിടും പോൽ
നിലയറ്റു നിൽക്കെ പറന്നടുക്കും
കഴുകനായ് മാറുകയാണ് കാലം.
നിറനിലാപ്പാളിയടർത്തി മാറ്റി
ഇരുളിൽ പുതപ്പ് വരിഞ്ഞു ചുറ്റി
കഴൽകെട്ടിയിട്ടൂ മരുപ്പരപ്പിൻ
ഹരിതാഭ പങ്കിട്ടെടുക്കുവാനായ്.
മൃതമായ പ്രണയക്കുരുന്നു പൂക്കൾ
അപശകുനം പോൽ കിടപ്പു ചുറ്റും
കനവിട്ട കൗമാര നാളുകൾ തൻ
സ്‌മൃതി മണ്ഡപത്തിൽ നിരത്തി വയ്‌ക്കാൻ!
മഴവില്ല് കത്തിച്ചെടുത്ത ഭസ്‌മ-
ക്കുറിതൊട്ട് നിൽക്കും കിനാക്കൾ കൊണ്ട്
മണിമേടയൊന്ന് പടുത്തുയർത്താം
ബലിപീഠമായ,തിൽ വീണടിയാൻ
Generated from archived content: poem1_sept21_05.html Author: mulakkulam_muraleedharan