നൊമ്പരത്തിപ്പൂവ്‌

ഇളംചൂടുള്ള മരുക്കാറ്റ്‌ പൊടിപടലങ്ങളെ പ്രകോപിപ്പിച്ച്‌ അന്തരീക്ഷത്തെ പൊടിമയമാക്കിയിരുന്നു. പുറത്തു കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികൾ ഇടക്കിടെ വാതിൽതുറന്ന്‌ അകത്ത്‌ കയറുമ്പോൾ ചൂടുകാറ്റ്‌ കടയുടെ ഉള്ളിലേക്ക്‌ തള്ളിക്കയറി. വേനലാവധിയായതിനാൽ കുട്ടികളെല്ലാം രാവുംപകലും ഇവിടെതന്നെകാണും. അനുസരണയില്ലാത്ത വധുക്കളായ കുട്ടികളെ ചൂരൽവീശിയും കണ്ണുരുട്ടിയും കാസിംക്ക മെരുക്കുന്നുണ്ട്‌. കടയുടെ ഒരുമൂലയിലിട്ടിരിക്കുന്ന ഫ്രീസറിൽ കുറെനേരമായി കുത്തിയിരിക്കുകയാണ്‌ ശാഫി. റൂമിൽപോയി ഭക്ഷണം കഴിക്കാൻ കാസിംക്ക ഇടക്കിടെ പറയുന്നുണ്ട്‌. അപ്പോയെല്ലാം അവൻ ഇക്കയെ ദയനീയമായൊന്നു നോക്കും. ആനോട്ടത്തിൽ വീണപോലെ ഇക്കയും മൗനംവരിക്കും. മുമ്പൊക്കെ ഇക്കയുടെ നിഴൽകണ്ടാൽ പേടിയായിരുന്നു. ഒരുനോട്ടം മതി, അതിലെല്ലാം അടങ്ങിയിരിക്കും. ഇപ്പോൾ ഇക്കയും മൗനിയാണ്‌. ശാഫി നാട്ടിൽനിന്നും വന്നിട്ട്‌ ഒരുമാസമെ ആയുള്ളൂ. അവനെകൂടി ഈ മരുഭൂമിയിലേക്ക്‌ വലിച്ചിഴക്കേണ്ടെന്നു കരുതിയതായിരുന്നു. പക്ഷെ ഒരു നിയോഗംപോലെ അവനും ഇവിടെയെത്തി. ഉപ്പയൊരു ആയുസിന്റെ പകുതിയും ഈ മരുഭൂമിയിൽ പാഴാക്കി. കാസിമും പത്തുപതിനാറുകൊല്ലമായില്ലെ ഇവിടെ വരാൻതുടങ്ങിയിട്ട്‌. അതും നാട്ടുകാരായി ആരുമില്ലാത്ത ഈ ഉൾപ്രദേശത്ത്‌. പുല്ലുവെട്ടുന്ന കുറച്ച്‌ ബംഗാളികളും പച്ചക്കറിത്തോട്ടങ്ങളിൽ പണിയെടുക്കുന്ന പാക്കിസ്ഥാനികളും വീട്ടുജോലിക്കാരായ ഇന്ത്യക്കാരും പിന്നെ ആട്ടിടയൻമാരായ കുറെ ഈജിപതുകാരും സ്വദേശികളും കർഷകരുമായ കുറച്ച്‌ വധുക്കളുമാണിവടെ ആകെക്കൂടിയുള്ളത്‌.

പുറത്തെ കോലാഹലങ്ങളും കുട്ടികളുടെ ആർപ്പുവിളികളുമൊന്നും ശ്രദ്ധിക്കാതെ ശാഫി ഒരെയിരിപ്പാണ്‌. ഇവിടെ എത്തിയതുമുതൽ അവനങ്ങെനെയാണ്‌. ഒരുവാക്കുപോലും ഉരിയാടാതെ ഒരെയിരിപ്പ്‌. ഉത്സാഹിയും ചുറുചുറുക്കുമുണ്ടായിരുന്ന അവന്റെ കണ്ണുകൾക്കിപ്പോൾ പഴയ തിളക്കമില്ല. ഉറക്കമില്ലാത്ത രാവുകൾ അവനെ പാടെതളർത്തിയിരിക്കുന്നു. അവന്റെ മുഖത്തുനോക്കുമ്പോഴെല്ലാം കാസിമിന്റെ നെഞ്ചിൽ തീപടരുന്ന അനുഭവമാണ്‌.

രക്ഷിതാവെ അവനെ ഇങ്ങനെയെന്തിനു പരീക്ഷിക്കണം!

കാസിം നെടുവീർപ്പിട്ടു.

ആറുമാസം മുമ്പ്‌ എന്തൊരാഘോഷമായിരുന്നു. ജീവിതത്തിൽ താലോലിച്ചുനടന്ന ഒരുപാട്‌ സ്വപ്നങ്ങൾക്ക്‌ നിറംപകർന്ന ആനന്ദമുഹൂർത്തമായിരുന്നു ശാഫിക്ക്‌. വീട്ടിലെ അവസാന വിവാഹ ചടങ്ങ്‌. ആഘോഷങ്ങളുടെ പൊടിപൊടിപ്പ്‌. ഉപ്പയുടെ സുഹൃത്തിന്റെ മകൾ ഷിഫാനയായിരുന്നു മണവാട്ടിയായെത്തിയത്‌. ഒരുമാസം സന്തോഷത്തിന്റെ രസത്തേരിലേറിയുള്ള യാത്ര. പെട്ടെന്നൊരു ദിവസം എല്ലാം കെട്ടടങ്ങുകയായിരുന്നു. ഒരു വൈകുന്നേരസമയം. അവളുടെ കൈകാലുകൾക്ക്‌ അസഹ്യമായ വേദന. സാധാരണ ഉണ്ടാകുന്ന വേദനയാകുമെന്ന്‌ കരുതി ഡോക്ടറെകാണിച്ചു. ഡോക്ടർ ചിലപരിശോധനകൾക്കെല്ലാം കുറിപ്പെഴുതി. പരിശോധനാഫലങ്ങളെല്ലാം പരിശോധിച്ച ഡോക്ടർ വിദക്ത ചികിൽസക്ക്‌ മെഡിക്കൽ കോളേജിലേക്ക്‌ റഫർചെയ്തു. പിന്നീട്‌ ഒരുപാട്‌ ടെസ്റ്റുകൾ. എല്ലാപരിശോധനക്കുമൊടുവിൽ അവൾക്ക്‌ ബ്ലഡ്‌ കാൻസറാണെന്ന്‌ ഡോക്ടർമാർ വിധിയെഴുതി. മെഡിക്കൽ കോളേജിലെ ഓങ്കോളജിവിഭാഗത്തിൽ പ്രതീക്ഷയസ്തമിച്ച കണ്ണുകളുമായി കഴിഞ്ഞുകൂടുന്ന കുറെപേരിൽ ഒരാളായി അവളും ലയിച്ചുചേർന്നു.

‘രോഗം തുടങ്ങിയിട്ട്‌ വർഷങ്ങളായി. എങ്കിലും നമുക്ക്‌ ശ്രമിക്കാം.

ബാക്കിയെല്ലാം ദൈവനിശ്ചയം’ ഡോക്ടർ പറഞ്ഞു.

ശരീരം നിലംവിട്ടു അന്തരീക്ഷത്തിൽ ലയിച്ചുചേരുന്നതുപോലെ തോന്നിയ നിമിഷങ്ങൾ. അങ്ങനെ ഒരുപാട്‌ കുത്തിവെപ്പുകൾ. നാലഞ്ചുതവണ രക്തംമാറ്റി. അവസാനം ഡോക്ടർ കൈമലർത്തുകയായിരുന്നു.

‘നമുക്ക്‌ ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്തു. ഇനി ദൈവത്തോട്‌ പ്രാർത്ഥിക്കാം’

മൂന്നുമാസം നിരന്തരം ടെസ്റ്റുകളും ട്രീറ്റുമെന്റുകളും നടത്തി. പക്ഷെ അവളെമാത്രം രക്ഷിക്കാൻകഴിഞ്ഞില്ല. അവൾ അവശയായി. വീര്യമുള്ള മരുന്നുകളും കഠിനമായ വേദനയും അവളെ കാർന്നുതിന്നു. നീണ്ടുമനോഹരമായിരുന്ന അവളുടെ മുടിയെല്ലാം കൊഴിഞ്ഞു. കണ്ണുകൾ രണ്ടുകുഴികൾക്കിടയിലായി. എല്ലും തൊലിയുമായി അവൾ ആസ്പത്രിക്കിടക്കയിൽ ജീവിതത്തോടുമല്ലിട്ടു. അവൾ കിടക്കുന്ന കട്ടിലിനുതാഴെ ചുവന്നുവീർത്ത മുഖവുമായി ശാഫിയും കുത്തിയിരിന്നു. ആർക്കും ആരെയും ആശ്വസിപ്പിക്കാൻ വാക്കുകളുണ്ടായിരുന്നില്ല.

പിന്നീടൊരു വൈകുന്നേരസമയം. ശാഫി മരുന്ന്‌ വാങ്ങാൻപുറത്തിറങ്ങിയതായിരുന്നു. ഉപ്പ ഓടിക്കിതച്ചുവന്നു പറഞ്ഞു;

ശാഫീ……. അവൾ നിന്നെ കാണണോന്ന്‌ പറേണുണ്ട്‌…. യ്യൊന്ന്‌ ബേഗം വാ…….

മരുന്ന്‌ പിന്നെ വാങ്ങാം.

മരുന്ന്‌ വാങ്ങാതെ അവൻ ആസ്പത്രിമുറിയിലേക്കു തിരിച്ചു. ഓടിച്ചെന്നു അവളുടെ കട്ടിലിലിരുന്നു. അവളുടെ കുഴിഞ്ഞകണ്ണുകളിൽനിന്നും ഒട്ടിയുണങ്ങിയ കവിളിൾതടത്തിലൂടെ കണ്ണുനീർതുള്ളികൾ ഇറ്റിറ്റുവീഴുന്നുണ്ടായിരുന്നു. ശാഫി അവളുടെ മെലിഞ്ഞൊട്ടിയ കൈകൾ തന്റെ വിറക്കുന്ന കൈകൾക്കുള്ളിലാക്കി അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. എന്തൊക്കെയോപറയാൻ അവളുടെ വറ്റിവരണ്ടചുണ്ടുകൾ പാടുപെടുന്നുണ്ടായിരുന്നു. വാക്കുകൾ പുറത്ത്‌ വന്നില്ല. കണ്ടുനിന്നവരുടെയെല്ലാം കണ്ണുകൾ നിറഞ്ഞൊഴുകി. അല്‌പനേരം ഒരെകിടപ്പ്‌. പിന്നെ അസ്വസ്ഥമായപോലെ. ഡോക്ടറെ വിളിപ്പിച്ചു. കൈതണ്ടയിൽ പിടിച്ചുനോക്കി ഡോക്ടർ ഉപ്പയോടു സ്വകാര്യമായി പറഞ്ഞു.

‘എല്ലാം അവസാനിക്കാറായി. രക്ത പ്രവാഹം നിലച്ചിരിക്കുന്നു. ആവശ്യമായതെല്ലാം ചെയ്യുക.’

പിന്നീട്‌ രണ്ടുമൂന്നുമിനിട്ട്‌ കഴിഞ്ഞുകാണും. അടഞ്ഞുകിടന്ന അവളുടെ കണ്ണുകൾ മലർക്കെ തുറന്നു. പയ്യെപയ്യെ അത്‌ അനന്തതയിലേക്ക്‌ പോയി. ഒരുനേരിയ പിടച്ചിലോടെ, ഈലോകത്ത്‌ അവൾക്കവകാശപ്പെട്ട അവസാനശ്വാസവും വലിച്ചു തീർത്തു.

അവളുടെ വിയോഗം ശാഫിയെ ഒരു മുഴുഭ്രാന്തനെ പോലെയാക്കി. രാത്രിയുടെ നിശബ്ദതയിൽ വീട്ടിൽനിന്നും ഇറങ്ങിനടക്കും. പള്ളിക്കാട്ടിലെ അവളുടെ ഖബറിടത്തിലേക്ക്‌. മണിക്കൂറുകളോളം അവിടെ കുത്തിയിരിക്കും. ഒരിക്കൽ ഈ കാഴ്‌ചകണ്ട്‌ പള്ളിയിലെ ഉസ്താദ്‌ അവനെ കൂട്ടിക്കൊണ്ടുപോയി ആശ്വസിപ്പിക്കാൻ ശ്രമിച്ചു.

‘മോനെ നെന്റെ വെഷമം ഞങ്ങൾക്കെല്ലാമറിയാം……. ഞങ്ങൾക്കെല്ലാം വെഷമൊണ്ട്‌…… ഇനീപ്പൊ…. ഇങ്ങന്യൊക്കെ നടന്നാൽ മത്യൊ എന്റെ മോൻ ക്ഷമിക്ക്യ……പടച്ചോൻ സമാധാനം തരും….’

ആശ്വാസവാക്കുകളൊന്നും അവനെമാത്രം ഏശിയില്ല. ജീവിതത്തിന്റെ മധുവസന്തത്തിലേക്ക്‌ വിരിഞ്ഞിറങ്ങും മുമ്പെ നെട്ടറ്റുവീണ ഒരു നൊമ്പരത്തിപ്പൂവായി അവളെപ്പോഴും അവന്റെയുള്ളിൽ തീക്കനലുകൾകോരിയിട്ടു. നീറുന്ന ഓർമകളായി പുകഞ്ഞുകൊണ്ടിരുന്നു. ഊണും ഉറക്കവുമില്ലാതെ രാപ്പകലുകൾ തള്ളിനീക്കി. ഈയൊരവസ്ഥയിൽനിന്നും അവനൊരു മോചനമാഗ്രഹിച്ചാണ്‌ ഉപ്പതന്നെ മുൻകയ്യെടുത്ത്‌ അവനെ ഈ മരുഭൂമിയിലേക്ക്‌ കൊണ്ടുവന്നത്‌. പക്ഷെ ഇവിടെ വന്നപ്പോൾ കാര്യങ്ങളിങ്ങനെ.

ഒരിക്കൽ കാസിമിന്റെ സുഹൃത്ത്‌ ശാഫിയെ ആശ്വസിപ്പിക്കാനൊരു ശ്രമംനടത്തി.

ശാഫീ……. എല്ലാം വിധീന്ന്‌ കരുത്യാമതി…… കഴിഞ്ഞതെല്ലാം കഴിഞ്ഞു…….

ഇനീപ്പൊ…. അതിനെ പറ്റ്യൊന്നും ആലോചിക്കണ്ട……

ഇവിടെ വന്നിട്ട്‌ അധികമൊന്നും സംസാരിക്കാത്ത അവന്റെ പ്രതികരണമിങ്ങനെയായിരുന്നു; ‘ഇല്ല…. എനിക്കൊരു സമാധാനോംല്യ……..

നാട്ടിലാണെങ്കിൽ അവളുടെ ഖബറിടത്തിലെങ്കിലും പോകായിരുന്നു……

ഇവിടെ വരുന്നേനുമുമ്പ്‌ അവളുടെ ഖബറിടത്തിൽ പോകാത്ത രാത്രികളില്ല…..

ഇക്ക കാസിംക്കാനോട്‌ പറഞ്ഞ്‌ എന്നെ നാട്ടില്‌……………

വാക്കുകൾ പുറത്തെടുക്കാൻ അവൻ നന്നെപ്രയാസപ്പെട്ടു, കണ്ണുകൾ നിറഞ്ഞൊഴകി. അയാൾക്ക്‌ ആശ്വസിപ്പിക്കാൻ പിന്നെ വാക്കുകളൊന്നുമുണ്ടായിരുന്നില്ല.

പിന്നീട്‌ എല്ലാവരും കൂടിയാലോചിച്ച്‌ ശാഫിയെ നാട്ടിലേക്കയക്കാൻ തീരുമാനിച്ചുറപ്പിക്കുകയായിരുന്നു. വൈകുന്നേരം അഞ്ചുമണിക്കുള്ള സൗദീ എയർലൈൻസിന്‌ ടിക്കറ്റ്‌ റിസർവ്‌ ചെയ്തു. കാസിമും സുഹൃത്തും അവനെ യാത്രയാക്കാൻ എയർപോർട്ടിലേക്ക്‌ പുറപ്പെട്ടു. ഇരുവശങ്ങളിലുമുള്ള ചെറുമരങ്ങളെ പിന്നിലാക്കി കാർ എയർപ്പോർട്ടിലേക്ക്‌ കുതിച്ചു. റോഡിനിരുവശവുമുള്ള വിശാലമായ മരുപ്പച്ചയിൽ ഒട്ടകക്കൂട്ടങ്ങളും ആട്ടിൻകൂട്ടങ്ങളും മേഞ്ഞുനടക്കുന്നുണ്ട്‌. പാതിതുറന്ന സൈഡ്‌ വിൻഡോയിലൂടെ ഇളംചൂടുള്ള കാറ്റ്‌ കാറിനുള്ളിലേക്ക്‌ ആഞ്ഞുവീശി. ശാഫിയുടെ മനസിലേക്ക്‌ ഈ മണൽകാടും മരുഭൂമിയും ഒരുസ്വപ്നമായിപ്പോലും കടന്നുവന്നില്ല. അവന്റെ മനസുനിറയെ നാട്ടിലെപള്ളിക്കാടും അവളുടെ ഖബറിടവും മാത്രമായിരുന്നു.

Generated from archived content: story1_mar7_11.html Author: muhammed.kunhi_wandoor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English