ചിങ്ങസ്‌മരണകൾ

വാതിൽ തിരശീലയ്‌ക്കപ്പുറമൊരു തെന്നൽ

മിണ്ടാതെ നിന്നു തിരിച്ചുപോയോ,

ഇടറിയ കാല്‌ വച്ചു താളം പിടിച്ചുവൊ,

ദീർഘനിശ്വാസം തിരശ്ശീല ചീന്തിയോ?

മുട്ടിക്കുറുകാനും, കിന്നാരം ചൊല്ലാനും

മുറ്റത്തു വാടി നില്‌ക്കുന്നൊരു മന്ദാര-

മൊട്ടിന്റെ കാതിൽ രഹസ്യം പറയാനും

നില്‌ക്കാതെ വന്ന വഴിയേ മടങ്ങിയോ?

ചിങ്ങം പിറന്നിട്ടു, മത്തമുണർന്നിട്ടു,

മെന്റെ മുറ്റത്തൊരു പൂക്കളമില്ലാത്ത,

ദൂരത്ത്‌ നിന്നൊരു പൂവിളിയില്ലാത്ത

മട്ടു കണ്ടിട്ട്‌ പിണങ്ങിപ്പോയോ?

എന്നും നിറകുടം പെയ്യുന്ന തേന്മാവും-

മിന്നു നിശ്ശബ്‌ദം മൊരണ്ണാനുമില്ല

ചിലമ്പിച്ച താളത്തിൽ ചില്ല കുലുക്കുവാൻ,

പൊഴിയാത്ത മാംപൂവുമില്ല വിരിയുവാൻ,

‘വന്നുപോയ്‌ പൂക്കാല’ മേന്നോർത്തു തുള്ളി-

ത്തിമിർക്കുന്ന ശൈശവ കൗതുകമെവിടെ?

വേലിപ്പടർപ്പിൽ ചികയുന്ന വണ്ണാത്തി-

പ്പുള്ളിന്‌ ചിലമ്പിച്ച രാഗമിന്നെവിടെ?

പൂവിളിയില്ലാതെ, പാട്ടു പാടാതെയു-

മോണം കടന്നുപോമെങ്കിലും ഭൂമികേ,

നിന്നിൽ കിളിർക്കുന്ന രോമാഞ്ച ബിന്ദുക്ക-

ളായിരം വർണ്ണങ്ങളായി ചിരിക്കാതെ

സൗഗന്ധരേണുക്കൾ കാറ്റിൽ പടരാതെ-

യത്തം പുലരുന്നതെങ്ങനെയോർക്കുവാൻ?

മുക്കുറ്റി, തുമ്പ ചിരിക്കാതെ വാസന്ത

സദ്‌ചിത്രമെങ്ങനെ മനസ്സിൽ കുറിക്കുവാൻ?

വാതിൽ തിരശീലക്കപ്പുറമെത്തി

നിശ്ശബ്‌ദമായ്‌ തെന്നൽ തിരിച്ചു പോയി.

Generated from archived content: poem2_aug21_10.html Author: muhammad_arakkal

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here