അവർ ഇന്നലെ മെഡിക്കൽ ക്യാമ്പ് നടത്തിയത്രേ! സമൂഹത്തിന്റെ ആരോഗ്യം നാടിന്റെ വികസനത്തിനു അത്യന്താപേക്ഷികമെന്നു മന്ത്രി മൊഴിഞ്ഞത്രെ! അവർ കഴിഞ്ഞ ആഴ്‌ച റോഡുകൾ വൃത്തിയാക്കിയത്രേ! ശുചിത്വം സമൂഹത്തിന്റെ ആരോഗ്യത്തിന് അനിവാര്യമെന്ന് കലക്‌ടർ ഊന്നി പറഞ്ഞത്രെ! അവർ സാക്ഷരതാ നിലവാരം അളന്നത്രേ! വിദ്യാഭ്യാസം വളർച്ചയുടെ അടിത്തറയെന്ന് പത്താംതരം തോറ്റു മന്ത്രിയായവൻ കരഞ്ഞത്രേ! ഒരു ലക്ഷം പട്ടയം വിതരണം ചെയ്‌തത്രേ! ചേരിയിൽ പോയി പ്രത്യേക സാമ്പത്തിക മേഖലയുടെ ആവശ്യവും നേട്ടങ്ങളും കൊട്ടി ഘോഷിച്ചത്രേ! എല്ലാം കേട്ട് ജനം തലയാട്ടിയത്രേ! സർക്കാരിന്റെ നിലപാടുകൾക്ക് ജനപിന്തുണയുണ്ടെന്നു മുഖ്യൻ പത്ര സമ്മേളനം നടത്തിയത്രേ! ഭരണം ജനങ്ങൾക്ക് വേണ്ടിയെന്നു പറഞ്ഞത്രേ!………. പിന്നാമ്പുറംഃ നേരെ പറഞ്ഞാ, പണീം കുലീല്ലാത്ത ഈ ഹമുക്കുകൾക്കും ജീവിക്കണ്ടേ? എന്താച്ചാ ചെയ്‌തോട്ടെ, ആരോഗ്യകണക്കും വൃത്തിയും വികസനവും കാണിച്ചു സർക്കാർ ആ നാടിനെ ഒരാൾക്ക് വിറ്റു, മൂന്നു ലക്ഷം കുടുംബങ്ങൾ വഴിയാധാരം ആയാലെന്താ?! നാട്ടിലൊരു കമ്പ്യൂട്ടർ പാർക്കും മുവായിരം തൊഴിലവസരങ്ങളും കിട്ടിയില്ലേ. പട്ടയം ലഭിച്ചവരിൽ പലരും അവതാരങ്ങൾ ആണ് പോലും. ആ നാട്ടിൽ ആരും തന്നെ അവരെ കണ്ടിട്ട് പോലും ഇല്ല. പക്ഷെ വില്ലേജിലും ഇലക്‌ഷൻ പട്ടികയിലും ഉണ്ട്‌താനും. റേഷൻ കാർഡും ഉണ്ട്. “ഉള്ളവനു ഒന്നുമില്ല, ഇല്ലാത്തവനു എല്ലാമുണ്ട്. ഉണ്ടവനു പായ കിട്ടാഞ്ഞിട്ട്, ഉണ്ണാത്തവന് ഇല കിട്ടാഞ്ഞിട്ട്”
Generated from archived content: story1_dec4_10.html Author: mubarak_kambrath