രണ്ട്‌ കവിതകൾ

അലച്ചിൽ

ശേഷം പുഴകൾ കരയില്ല
മഴക്കും മുൻപേ മേഘങ്ങൾ വിടപറയുമ്പോൾ
നീ തേടി അലയുന്നത്‌ എന്തിനെയാണ്‌

പൂക്കൾ പറക്കുകയും
നിലാവ്‌ കറുക്കുകയും ചെയ്യുമ്പോൾ
വിശപ്പ്‌ ശവം ഭക്ഷിക്കുകയും ചെയ്യുമ്പോൾ
നീ തേടി അലയുന്നത്‌ എന്തിനെയാണ്‌.

ആയുധങ്ങൾ മന്ദിരങ്ങളിൽ ഉറങ്ങുമ്പോൾ
ദൈവം ഭയന്നോടിയത്‌ നീ കണ്ടില്ലേ?
വീണ്ടും നീ ആരെയാണ്‌ കൊല്ലാൻ
ശ്രമിക്കുന്നത്‌.

ഇന്നലെ നിനക്ക്‌ ഊണ്‌ നൽകിയ
വൃദ്ധനെയോ?
ശവങ്ങൾ തിന്നു തിന്നു കഴുകന്‌
മടുത്തിരിക്കുമ്പോൾ

നീ തേടി അലയുന്നത്‌ എന്തിനെയാണ്‌
ഒന്ന്‌ ചോദിച്ചോട്ടെ?
നിനക്കും ഒരു ഹൃദയമില്ലേ സോദരാ?

എന്റെ സ്വപ്‌നങ്ങളുടെ കളികൂട്ടുകാരിക്ക്‌

നിനക്കായി നിക്ഷേപിക്കുവാൻ എന്തുണ്ട്‌ പാരിൽ
ഒരു നേർത്ത നിലാവിന്റെ സ്‌പന്ദനമൊഴികെ,
അതോ, ചീവീടിന്റെ കരച്ചിലോ?
യാത്രയിൽ ഞാൻ പിന്നിലോട്ടാണ്‌
ജീവിതത്തിന്റെ സത്ത തേടി അലഞ്ഞ യാത്ര
മരണത്തെ ഭയന്നോടിയ യാത്ര
സത്യത്തെ കബളിപ്പിച്ച യാത്ര
വൃഥ്യഃ അലക്ഷ്യമായി അലഞ്ഞ യാത്ര.

കടപ്പുറത്ത്‌ മുങ്ങിച്ചത്ത
മുക്കുവന്റെ ശവത്തിനരികിൽ
ഞാൻ ഏകനായിരുന്നു കണ്ട
സ്വപ്‌നങ്ങൾ നിനക്കേകുന്നു
നീലക്കുറിഞ്ഞിയുടെ താഴ്‌വരയിൽ
എന്റെ ജനിതക ധ്വനിയിൽ
നിന്നുയർക്കൊണ്ട സ്‌നേഹത്തിന്റെ
നേർത്ത കുമിളകളാക്കിയ
ജീവനെത്തന്നെ നൽകുന്നു.

നിനക്കായി നിക്ഷേപിക്കുവാൻ എന്തുണ്ട്‌ പാരിൽ
ഒരു ശാപമൊഴിഞ്ഞ മൺകുടത്തിന്റെ കവിതയൊഴികെ
അതോ! വിരഹത്തിന്റെ തീക്കനലുകളൊ?
യാത്രയിൽ നീ എന്റെ അരികിലുണ്ട്‌
ഉൾക്കാഴ്‌ചകളിൽ വ്യാഖ്യാനം ഏകിയും
ഇടർച്ചകളിൽ തോളോട്‌ തോൾ താങ്ങിയും
സ്വപ്‌നങ്ങൾക്ക്‌ ചായക്കൂട്ടു പകർന്നും
നമ്മൾ എത്രയോ പഴകി അടുത്തിരിക്കുന്നു.

Generated from archived content: poem1_sep13_10.html Author: mubarak_kambrath

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here