രണ്ടുഗാനങ്ങൾ
നീ എൻമനസ്സിന്റെ ചാരത്തിരുന്നെന്റെ
സ്വപ്നങ്ങളൊക്കെയും നെയ്തുതന്നു
ഒരുരാവിൽ ഒരുവേള അരുവിതൻതീരത്ത്
നീയെന്ന ശിൽപ്പം നിറഞ്ഞുനിന്നു
ദിനരാത്രമൊഴിയാതെ നിൻമുന്നിൽ സൂര്യൻ
ശോണിത ശിരസ്സുമായി നമിച്ചുനിന്നു
നിഴലുകൾ മറയുന്ന രജനിതൻ മാറത്ത്
പലനാളിൽ ഉരുവിട്ട മന്ത്രമായി നീ,
ശ്രീ കോവിലിങ്കലെ കൽവിളക്കിങ്കലോ-
രായിരം ശോഭയിൽ തിരിതെളിച്ചു
സുഗന്ധം വമിക്കുന്ന പാതിരാപ്പൂവുകൾ (നിന്നെ)
യൊരുനോക്ക് കാണുവാൻ കൊതിച്ചിരുന്നു
വിജനമാം വീഥികളിൽ എന്നോയെനിക്കു നീ
മന്ദഹാസത്താൽ തണൽ ചൊരിഞ്ഞു.
അതിനുള്ളിൽ ഒരു വേള വിശ്രമിച്ചീടുവാൻ
അകതാരിലേതോ തുടിലുണർന്നു
ഈമാത്ര നീയെന്നെ അരികിലേക്കണയുകിൽ
എന്റെ സ്വപ്നങ്ങളെന്നും സുഗന്ധപൂർണ്ണം.
യൗവ്വന ശ്രീയായ് എൻമനസ്സിൽ നീ
ഗ്രാമീണ പുഷ്പമായി വിടരുന്നുവോ?
സ്വപ്നങ്ങൾ നെയ്യുന്ന രാത്രികളിലൊന്നുനീ
പുഞ്ചിരിയാലെന്നെ വഞ്ചിച്ചുവോ?
കണിക്കൊന്നപൂത്ത നാളുകളിലൊന്നു നാം
കളിക്കൂട്ടുകാരായി തീർന്നതല്ലേ?
ബാല്യത്തിലന്നു നാം കൈകൊട്ടിപാടിയ
പാട്ടുകൾ ഇന്നും നീ ഓർക്കുന്നുവോ?
ജീവിത സന്ധ്യകളിൽ നിറക്കൂട്ടു ചാർത്തുവാൻ
നീയെന്നെ എന്നും ക്ഷണിക്കുകില്ലേ?
ഇന്ന് നിൻ വദനത്തിൽ ഒളിമിന്നും ഗദ്ഗദം
ഒരു വാക്കുതിർക്കുവാൻ എതിർക്കുന്നുവോ?
വിരഹം തീർത്തൊരാ വിരസതക്കൊടുവിൽ നീ
എന്നെ പിരിഞ്ഞെങ്ങു പോയെൻസഖീ.
നീ തീർത്തൊരോർമ്മതൻ ചാരവുമേന്തി ഞാൻ
നിന്നെയും ഓർത്ത് തപസ്സിരിപ്പു.
നിന്റെ രാഗങ്ങൾ ഭാവ താളങ്ങളൊക്കെയും
എന്നെന്നും എന്നിൽ ഉണർന്നിരിപ്പു
ഈ ജഗം വിട്ടെൻ ഉയിരെങ്ങോ പോകിലും
നീയെനിക്കെന്നും ഒരു മധുര സ്വപ്നം.
ചിത
സമൂഹമേ നീ
ചിറകറ്റൊരു അമ്മക്കിളിയായി
നിരത്തിലിഴയും,
നിന്റെ അരുമക്കിടാങ്ങൾ
നിന്നെ അപമാനത്തിൻ
തീചൂളയിൽ എറിയും-നീയൊരു
നിത്യദുഃഖത്തിൻ പ്രവാസി.
സമൂഹമേ നിൻ
പുഞ്ചിരിയുടെ മുഖം,
സ്നേഹ ലോലമാം സ്ത്രൈണത,
പിച്ചിചീന്തിടും-നിൻ
നഗ്നമാം മാതൃശരീരം
അക്ഷരജ്ഞാനികളെങ്കിലും
അജ്ഞരാം നിൻ മക്കൾ.
സമൂഹമേ നിന്റെ
നിതാന്ത സുന്ദരമാം മുഖം
സ്നേഹ നിർലോപമാം
സദുദ്ദേശ കൃത്യങ്ങൾ
ജൽപ്പനപ്രിയരാം നിൻ ജനം
അവഹേളനത്തിൽ
ചിരിയിലൊതുക്കുന്നു.
സമൂഹമേ-ക്ഷമ
ചോദിച്ചീടാൻ അവകാശമില്ല
അധികാര-പ്രലംഭനത്തിൻ
ആലംഭാവം നിത്യം
മുഷിപ്പിച്ചീടുന്നു നിന്നെയും
അതിശയമില്ലതിൽ
അൽപ്പനാമെനിക്ക് ഇന്ന്.
സമൂഹമേ-വിട
മാനവികതയുടെ പ്രതിച്ഛായ
മരവിക്കുന്നൊരിദിനങ്ങളിൽ
അപലയെന്ന അവലോകനം
നിനക്കു നൽകുവാൻ വയ്യ
മാതാവിൻ ദണ്ണം
ദഹിക്കില്ല മനസ്സിതിൽ
Generated from archived content: poem1_feb11_11.html Author: mubarak_kambrath