ഒരു സഞ്ചിനിറയെ പൂക്കളുമായി ഗൗരി വന്നു. വടക്കിനിയിൽ, കോണിച്ചോട്ടിൽ സഞ്ചി കുടഞ്ഞു; ചെത്തിയും തുളസിയും ഇടകലർന്ന ഒരു ചെറുനിക്ഷേപം!
തെക്കിനിപ്പടിയിൽ തൂണും ചാരിയിരിക്കുന്ന അമ്മയുടെ അടുത്തുചെന്നിരുന്നുകൊണ്ട് പിന്നെ ആരോടെന്നില്ലാതെ പറഞ്ഞുഃ
പൂവ്വും മാലേം കെട്ടീം, അടിച്ചുവാരീം, പാത്രം മോറീം…. എന്റെ തറവാട് പൊളിയ്‌ക്കണ്ടായ്‌ര്‌ന്നു.
-പരാതികൾ അമ്മയ്‌ക്ക് പുത്തരിയല്ല. പറയുന്നവർക്കെങ്കിലും ഇത്ര ആശ്വാസം കിട്ടട്ടെ.
“എന്താ അമ്മ ഒന്നും മിണ്ടാത്തെ?”
“എല്ലാരും പറേണതൊക്കെ കേക്കന്നെ”.
നാലുക്കെട്ടിൽ, അടിച്ചുവാരാൻ കലശല് കൂട്ടുന്ന അനിയത്തിയുടെ കുട്ടികളുടെ കൈയിൽനിന്ന് ചൂല് തട്ടിപ്പറിച്ച് ഗൗരി ഫലിതം പറഞ്ഞു.
“അച്ചോളും ഈ സാധനോം തമ്മിലെന്താ വ്യത്യാസം! ഞാനടിക്കാം.”
അടുക്കളപ്പണിയിലായിരുന്ന സുമ അതു കേട്ടില്ലെന്ന് നടിച്ചു. കുട്ടികൾ വീണ്ടും മുറ്റത്തേക്കോടി.
അടിച്ചു വാരുന്നതിനിടയിൽ ഗൗരി ചോദിച്ചു- “അമ്മയ്‌ക്കെന്താ?”
“വല്ലാത്തൊരു ക്ഷീണം”
“ഡോക്‌ടറടെ വീട്ടിലേക്ക് പോകാം”
“അതോണ്ടൊന്നും കാര്യോല്യകുട്ടീ…”
അമ്മയ്‌ക്കറിയാം എല്ലാം ഒരു ധൈര്യത്തിലാണ്. ഇന്ന് ചത്താ, നാളയ്‌ക്ക് രണ്ട്!
ആരോടെന്നില്ലാതെ ഗൗരി പിന്നെയും പറഞ്ഞു.. വെറ്‌തെ ആരടേം തിന്നണില്യ. ഒരു ജോലിക്കാരിക്ക് കൊടുക്കണത്രേം വേണ്ടാ, ഒരമ്മയ്‌ക്കും മകനും!
അടിച്ചുവാരിത്തളിച്ച്, അറവാതിൽക്കൽ വിളക്കുകൊളുത്തി. അതിന്റെ മുന്നിലിരുന്ന് ഗൗരി പാടി-
“മാലിലാണ്ടു ഞാൻ വല്ലാതലഞ്ഞു-
കാലം തീർന്നിഹ കാലനടുത്തൂ….”
അപ്പോൾ പൊടിഞ്ഞ കണ്ണീൽക്കണങ്ങളിൽ എന്നിട്ടും അവൾ കണ്ടു, വ്യക്തമായി- അമ്പലക്കുളത്തിൽനിന്ന് കരയ്‌ക്കെടുത്തു കിടത്തിയിരിക്കുന്ന പ്രേതം; തന്റെ കൈപിടിച്ച്… ജീവിതത്തിലേക്ക്…
“എന്തിനാ ഇനീപ്പൊ ശാന്തിക്ക്?”
“വേണം. അതെന്റെ ഒരു വാശിയാണ്”
എല്ലാം ഏതോ ഒരു സ്വപ്‌നംപോലെ!
ആലോചനയുമായി വരുന്നവരൊക്കെ അപസ്‌മാരത്തിന്റെ കഥ പറയണമെന്നില്ലല്ലോ! പകലിനെപ്പൊതിയുന്ന ഇരുട്ടുപോലെ ആ ചിന്ത ഗൗരിയെപ്പൊതിഞ്ഞു.
-അമ്മേടെ കാലംകൂടി കഴിഞ്ഞാൽ… ഒരാള് കസേരകൊണ്ടടിക്കാനോങ്ങി… പിന്നൊരാൾ പുറംകാല്‌കൊണ്ട്…
അവരൊക്കെ ശരിയാണ്. ഗൗരിയുടെ വായിലെ നാക്ക് ചീത്തയാണ്. എല്ലാം തെറ്റുകൾ! ഞാനതിലും വലിയ തെറ്റായി…. ഭാരമായി….
ഗൗരിയുടെ നിശ്വാസം ഏറ്റുവാങ്ങി തറവാടും ഒന്ന് കിതച്ചു.
കേശവൻ മാറിത്താമസിച്ചപ്പോൾ ആ മുറി ഗൗരിക്കായി. അവിടെ മേശപ്പുറത്ത് ഇരുന്നൂറുപേജിന്റെ നോട്ടുബുക്കുകളുടെ ഒരു കൂമ്പാരമുണ്ട്. ആരോ ഉപദേശിച്ചതാണ്- കഴിയുന്നത്ര നാരായണ നാമം എഴുതണം. എന്നിട്ട് എല്ലാംകൂടി ഗുരുവായൂരപ്പന്
-ഗുരുവായൂരപ്പനും മതിയാവട്ടെ!
നോട്ടുബുക്കുകൾ അടുക്കി വയ്‌ക്കുന്നതിനിടയിൽ അകത്തേക്ക് കയറിവന്ന കുട്ടൻ, അമ്മയോട് അന്വേഷണമായി – “കാപ്പിക്കെന്താ പലഹാരം?”
“കയ്യില് അഞ്ച് വെരലില്ലേ, എന്നേക്കൊണ്ടൊന്നും…. ഗൗരിക്ക് സഹിച്ചില്ല.
”അമ്മേന്തിനാ എന്നെപ്പെറ്റത്?“
ഗൗരിയുടെ ആത്മാവ് പൊളളി. വേദനയോടെ ഓർത്തുപോയി; സ്ഥാനത്തും അസ്ഥാനത്തും മറ്റൊരമ്മയോട് ചോദിച്ച അതേ ചോദ്യം!
-കാലം ഇരുതലമൂരിയാണ്.
ഗൗരിക്ക് തോന്നി!
കുറേനേരം പിറുപിറുത്തു. പിന്നെ, ചായയും ബിസ്‌ക്കറ്റും കഴിച്ച് കുട്ടൻ പുറത്തേക്കിറങ്ങി.
”എപ്പഴാ മടക്കം?“ ഗൗരി ഒരല്‌പം പരിഹാസത്തിലാണ് ചോദിച്ചത്. അതിന് തക്ക മറുപടിയും കിട്ടി. ”ങും, ന്താ, ഞാനും അമ്മേപ്പോലെ അടച്ച് കുത്തീരിക്കാം. ന്താ?“
അതിനുത്തരം ഗൗരിക്കും തോന്നിയില്ല. അവളോർത്തു- ഒരച്ഛന്റെ മക്കളിൽ മറ്റാർക്കുമില്ലാത്ത ദുർവ്വിധി, അതെനിക്കുമാത്രം….!
ഒരുവശത്ത് കൂടപ്പിറപ്പുകളുടെ അർത്ഥംവച്ച മൗനം; മറുഭാഗത്ത് മകന്റെ പിടിവാശി.
വന്ധ്യകൾ എത്ര ഭാഗ്യശാലികളാണ്!
”എന്താ ഈ ഗൗരിയേടത്തിക്ക്?“ -സുമ ചോദിച്ചു.
”എന്താ, എനിക്ക് വർത്താനം പറയാനും വയ്യാന്നുണ്ടോ?“
”തോറ്റു ഞാമ്പോണു.“
സുമ അമ്പലത്തിലേക്ക് നടന്നു.
ചുവരിലെ ഫോട്ടോയിലേക്ക് നോക്കി ഗൗരി തന്നത്താൻ ചോദിച്ചു – ”അച്ഛന്റെ എത്രാമത്തെ ചാത്താണ് വരണത്?“
കഴിഞ്ഞ കത്തിലെ ഉടപ്പിറന്നവന്റെ വാചകം അവളോർത്തു. ”എനിക്ക് സ്വന്തമായിട്ട് ഒരു കൂര… എന്നട്ടേ ഇനി അച്ഛന്റെ ബലീളളു.“
കുറ്റബോധത്തോടെ അവളോർത്തു, മനഃപൂർവ്വമായിരുന്നില്ല എന്നിട്ടും അവനോട് തട്ടിക്കയറി. വിശ്വാസമില്ലെന്ന് മുഖത്തുനോക്കിപ്പറഞ്ഞു. വേണ്ടായിരുന്നു. ഒന്നും വേണ്ടായിരുന്നു.
അന്നേ അവൻ പറഞ്ഞതാണ് ഒരു രണ്ടാം വിവാഹം തെറ്റല്ല. ജീവിതം ഒരിക്കലേണ്ടാവൂ, ആർക്കും. അന്നും തട്ടിക്കയറി. എന്റെ നാക്ക് ചീത്തതന്നെ!
അകത്ത് ടി.വി. കാണുന്ന അമ്മ മാലകെട്ടും നടത്തുന്നുണ്ട്. ഒരേസമയം രണ്ടിടത്ത് മനസ്സിനെ പിടിച്ചുനിർത്തുന്ന അമ്മ, തനിക്കും ഒരു പാഠമാകേണ്ടതാണ്.
-പക്ഷേ… താങ്ങാനാവാത്ത നിസ്സഹായത, ചെന്നായ്‌ക്കൾ മാനുകളെയെന്നപോലെ വേട്ടയാടിയ നിമിഷം താൻ ചോദിച്ചുപോയി, അമ്മേന്തിനാ എന്നേപ്പോലെ ഒരെണ്ണത്തിനെ….
അന്ന് ഒരമ്മയുടെ കൺതടങ്ങളിൽ പൊടിഞ്ഞത്… അല്ല, ഒരിക്കലുമല്ല… അത് കണ്ണീർക്കണങ്ങളല്ല.
പക്ഷേ അന്ന് ഗൗരി ഒരമ്മയായിരുന്നില്ല. അമ്മേ… മാപ്പ്!
അമ്പലത്തിൽനിന്ന് വേഗംവന്നു പതിവുപോലെ മാലകെട്ടാനിരുന്നു.
മകന്റെ വരവായി.
”അമ്മേ ചായ“
”ഇപ്പെന്തിനാ ചായ?“
”പറേണതങ്ങട് കേട്ടാമതി.“
നിസ്സഹായതയോടെ അവളോർത്തു. എന്നും എല്ലാരും എന്നോട് പറയാറ്‌ളളത് അതാണല്ലോ, ഒന്നും പറയണ്ട, കേൾക്കുക. അത്രമാത്രം.
ചായകൊടുത്ത് വീണ്ടും മാലകെട്ടാൻ ചെന്നിരിക്കുമ്പോൾ ടി.വിയിൽ നാടകം, അവസാനമെത്തി-ഒരച്ഛൻ, മക്കളോട് ചോദിക്കുന്നു.
എന്റെ കാലം കഴിഞ്ഞാ, നിങ്ങളൊക്കെ.”… പച്ചമാംസത്തിൽ താഴ്‌ന്നിറങ്ങുന്ന കൊളുത്തുപോലെ, ഗൗരി ഒന്നുപിടഞ്ഞു. കാലിൽ കടിച്ച കട്ടുറുമ്പിനെ ഒറ്റയടിക്ക് വകവരുത്തി.
എന്തിനോ അവൾ അച്ഛനെയോർത്തു. താൻ പാപിയാണ്. എങ്കിലും അവസാനം ഒരു തുളളി കൊടുക്കാനുളള ഭാഗ്യം! നാക്ക് ചീത്തയാണ്, എങ്കിലും ഗൗരിക്കും ഭാഗ്യമുണ്ട്.
ഭർത്താവിന് കൊടുക്കാൻ ഭാഗ്യമില്ലാതെ പോയി. വിധവയായ വാർത്ത ഗ്രഹിക്കാനുളള സിദ്ധി നഷ്‌ടപ്പെട്ടിരുന്ന അച്ഛൻ ഭാഗ്യവാനാണ്.
വടക്കിനിയുടെ വാതിൽക്കൽ നിന്നുകൊണ്ട് മകൻ പറഞ്ഞു. വലിയ വാർക്ക കെട്ടിടമൊന്നും പറ്റില്ല. ഒരു ചെറിയ പുര അതുമതി.
ഗൗരി അതൊന്നും ശ്രദ്ധിച്ചില്ല.
“എന്താ അമ്മ മിണ്ടാത്തെ?”
“ഗുരുവായ്‌ര് ചെന്ന് ഭജിക്കാൻ ആര്‌ടേം അനുമതി വേണ്ടല്ലൊ!”
“ആദ്യം വായിലെ നാക്ക് നന്നാവണം.”
സഹിക്കവയ്യാതെ ഗൗരി അമ്മയോട് ചോദിച്ചു.
“കേട്ടില്ലേ, അമ്മയ്‌ക്കെങ്കിലും ഒന്ന്….”
വടക്കിനിയുടെ വാതിലടച്ച് നാലുകെട്ടിലേക്ക് വന്ന ഗൗരി തന്നത്താൻ വിധിച്ചു. ഓരോരുത്തരും അവരോരടെ കാര്യം നോക്കി.
കുട്ടൻ ഏറ്റുപിടിച്ചു – ഒന്ന് മിണ്ടാണ്ടിരിക്കാമോ?
“നീ പോയി പഠിക്ക്”
“എന്നിട്ടെന്തിനാ?”
ഗൗരിക്കുത്തരം മുട്ടി. പന്ത്രണ്ടുകാരന്റെ ചോദ്യത്തിനുളള മറുപടി, ആത്മനിന്ദയുടെ വളരുന്ന മുഴക്കങ്ങളായി.
വർഷങ്ങൾക്കുമുമ്പ് അന്തരിച്ച, അച്ഛന്റെ, ചെറിയമ്മയുടെ മകളായ താത്രി അച്ചോളുടെ വാചകം.
“ഗൗരീ, ദുഃഖോളേളടത്ത് ഈശ്വരന്‌ണ്ട്.” കുന്തീടെ കഥ നെനക്കറീല്ലെ, ഞാൻ പറഞ്ഞട്ടില്ലേ….
ഭ്രാന്തമായ ഒരുതരം ഭക്തിയോടെ ഗൗരി തന്നത്താൻ ശാഠ്യം പിടിച്ചു.
എനിക്കിനീം ദുഃഖിക്കണം….
എല്ലാരും സുഖിച്ചോട്ടെ….!
Generated from archived content: orammayude.html Author: msk_namboothiri