ശശി തരൂർ അടുത്ത കാലത്തായി ഏറെ ചർച്ച ചെയ്യപ്പെട്ട ഒരാളാണ്. യു.എൻ. ജനറൽ സെക്രട്ടറി സ്ഥാനത്തേയ്‌ക്ക് ഇന്ത്യയുടെ സ്ഥാനാർത്ഥിയായി അവതരിക്കുകയും അനൗദ്യോഗിക വോട്ടെടുപ്പിൽ തോൽവി ഉറപ്പാണെന്ന് വെളിവായപ്പോൾ സ്വയം പിൻമാറുകയും ചെയ്‌ത വ്യക്തി.
ഐക്യരാഷ്‌ട്രസഭയിലെ മുതിർന്ന ഉദ്യോഗസ്ഥൻ എന്ന നിലയ്‌ക്ക് പണ്ടുമുതലേ വാർത്തകളിൽ തിളങ്ങി നിൽക്കുന്ന വ്യക്തിയായിരുന്നു ശശി തരൂർ. മികച്ച എഴുത്തുകാരനായിട്ടും അദ്ദേഹത്തിന്റെ രചനാലോകം ഏറെയൊന്നും ചർച്ച ചെയ്യപ്പെടാത്ത ഒന്നാണ്.
‘ഇന്ത്യഃ അർദ്ധരാത്രി മുതൽ അര നൂറ്റാണ്ട്’ (India : From midnight to Half century) എന്ന പഠന ഗ്രന്ഥവും ‘മഹാഭാരത കഥ’ (The Great Indian Novel) എന്ന നോവലും വായനക്കാരുടെ ശ്രദ്ധ പിടിച്ചു പറ്റിയെങ്കിലും ‘കലാപം’ (Riot) അത്രയൊന്നും ചർച്ച ചെയ്യപ്പെടാതെ പോയി. 2003ൽ വൈക്കിംഗ് പെൻഗ്വിൻ പ്രസാധനം ചെയ്‌ത ഈ നോവലിൽ ഇന്ത്യയുടെ സാമൂഹിക രാഷ്‌ട്രീയ സാഹചര്യങ്ങളെക്കുറിച്ച് വ്യത്യസ്ത വീക്ഷണകോണുകളിൽ നിന്നുള്ള നിരീക്ഷണങ്ങൾ അവതരിപ്പിച്ചിരിക്കുന്നു.
കഥഃ- അമേരിക്കയിൽ നിന്നും തന്റെ ഗവേഷണ പ്രവർത്തനങ്ങൾക്കായി ഇന്ത്യയിൽ വരുന്ന 24കാരിയായ പ്രിസില ഹാർട്ട് സാമൂഹിക പ്രവർത്തനങ്ങളും നടത്തുന്നുണ്ട്. HELP-US(Health, Education, Literacy, Population – United States എന്നതിന്റെ ചുരുക്കപ്പേര്) എന്ന സംഘടന നടത്തുന്ന പദ്ധതികളിൽ – ഇന്ത്യൻ സ്‌ത്രീകളുടെ കുടുംബാസൂത്രണ ബോധവൽക്കരണ പ്രവർത്തനവും അതുവഴി അവരുടെ ശാക്തീകരണവും – തികച്ചും ആകൃഷ്ടയാണ് പ്രിസില.
തന്റെ ജോലിയുടെ ഭാഗമായി പരിചയപ്പെടുന്ന ഡിസ്‌ട്രിക്ട് മജിസ്‌ട്രേറ്റ് ലക്ഷ്‌മൺ എന്ന 33കാരനുമായി പ്രിസില അടുപ്പത്തിലാവുന്നു. ഒരു കുട്ടിയുടെ പിതാവായ അയാൾ തന്റെ ദാമ്പത്യജീവിതത്തിൽ അസംതൃപ്തനുമായിരുന്നു. ഒരു പ്രത്യേക അവസരത്തിൽ ലൈംഗീക ബന്ധത്തിലേക്ക് നീളുന്ന അവരുടെ കൂടിക്കാഴ്‌ചകൾ ഇരുവരെയും പല കുഴപ്പത്തിലും ചാടിക്കുന്നു. തന്റെ പിതാവിന്റെ രഹസ്യ ലൈംഗീക വേഴ്‌ച കണ്ട ആഘാതത്തിൽ നിന്നും പുറത്തു കടക്കാൻ തീവ്രമായി ആഗ്രഹിക്കുന്ന പ്രിസിലയുടേയും മകളോടുള്ള സ്നേഹത്തിലേയ്‌ക്ക് വലിച്ചടുപ്പിക്കപ്പെടുന്ന ലക്ഷ്‌മണിന്റെയും മനസ്സിലെ കലാപങ്ങളാണ് ഈ നോവലിൽ നിറഞ്ഞു നിൽക്കുന്നത്. പ്രിസിലയോടൊത്ത് തനിക്ക് കഴിയാനാകില്ലെന്ന തീരുമാനത്തിലാണ് ലക്ഷ്‌മൺ അവസാനം എത്തുന്നത്. അപ്പോഴേക്കും അവൾ ഗർഭിണിയായിരുന്നു.
അയോധ്യയിലെ ബാബറി മസ്‌ജിദ് തകർക്കാനായി കർസേവകർ കച്ചകെട്ടി നടക്കുന്ന സമയത്ത് ഉത്തർപ്രദേശിലെ സലിൽഗഢ് എന്ന ഗ്രാമത്തിലാണ് കഥ നടക്കുന്നത്. പ്രിസിലയുടേയും ലക്ഷ്‌മണിന്റെയും വേഴ്‌ചകൾ പതിവായി നടക്കുന്ന ‘കോട്‌ലി’യിൽ വച്ച് പ്രിസില കൊല്ലപ്പെടുകയാണുണ്ടാകുന്നത്. പ്രിസിലയുടെ ഘാതകനാരാണെന്ന ചോദ്യം അവശേഷിപ്പിച്ചുകൊണ്ടാണ് കഥ അവസാനിക്കുന്നത്. ഹിന്ദു-മുസ്ലീം ലഹളക്കിടെ കോട്‌ലി താവളമാക്കിയ വർഗീയ വാദികളാകാം അവളെ കൊന്നത്. പ്രിസില ജനന നിയന്ത്രണത്തെക്കുറിച്ച് ബോധവത്‌ക്കരിക്കാൻ ശ്രമിച്ച സ്‌ത്രീയുടെ ഭർത്താവ് അതിഷ്ടപ്പെടാതെ ചെയ്തതാകാം. ലഹളയിൽ പരിക്കേറ്റ അരൂപ്‌സിംഗിന്റെ പിതാവ് മഖൻ സിംഗ്, ലക്ഷ്‌മൺ ശരിയായി നടപടിയെടുത്തില്ലെന്ന അയാളുടേതായ കാരണം കൊണ്ട്, അയാളുടെ കാമുകി പ്രിസിലയോട് പകതീർത്തതാകാം. സംശയത്തിന്റെ മുന ലക്ഷ്‌മണിൽ വരെ എത്താവുന്ന വിധത്തിലാണ് കഥാന്ത്യം ശശി തരൂർ ക്രമീകരിച്ചിരിക്കുന്നത്. കഥ പറയുന്നതിനേക്കാൾ മികച്ചതാകും അത് പറയാതിരിക്കുമ്പോഴെന്ന് ‘കലാപ’ത്തിലൂടെ ശശി തരൂർ തെളിയിക്കുന്നു.
കലാപത്തെ ശ്രദ്ധേയമാക്കുന്നത് അതിന്റെ അവതരണരീതിയാണ്. ഒരു കുറ്റാന്വേഷണ കഥയുടെ അവസ്ഥ സൃഷ്ടിച്ചുകൊണ്ട് കഥയുടെ തുടക്കം മുതൽ ഒടുക്കം വരെ വായനക്കാരനെ കൊണ്ടുപോകാൻ ശശി തരൂരിന് സാധിച്ചിട്ടുണ്ട്. പ്രിസിലയുടെയും ലക്ഷ്‌മണിന്റെയും ദിനസരിക്കുറിപ്പുകൾ, കവിതകൾ, പ്രിസില സുഹൃത്ത് സിൻഡി വലേര്യാനിക്കെഴുതിയ കത്തുകൾ, മരണത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്യാൻ വന്ന ‘ന്യൂയോർക്ക് ജേർണൽ’ ലേഖകൻ റാൻഡി ഡിഗ്‌സ് നടത്തുന്ന വിവിധ അഭിമുഖസംഭാഷണങ്ങൾ തുടങ്ങി വ്യത്യസ്‌ത രചനാ സങ്കേതങ്ങളിലൂടെയാണ് കഥ മുന്നേറുന്നത്. 1989 ഒക്‌ടോബർ 2ന് ‘ദി ന്യൂയോർക്ക് ജേർണൽ’ ലെയ്‌റ്റ് എഡിഷനിലെ ‘അമേരിക്കൻ വനിത കൊല്ലപ്പെട്ടു’ എന്ന വാർത്തയോടെയാണ് കഥ തുടങ്ങുന്നതു തന്നെ. ഇവയൊന്നും അവതരിപ്പിച്ചത് കാലാനുസൃതമായിട്ടല്ല എന്നതും ശ്രദ്ധേയമാണ്. കാലത്തിന്റെ ഗതിയും ദിശയും വ്യതിയാനപ്പെടുത്തുമ്പോൾപ്പോലും കഥാഗതിയും ദിശയും വ്യതിയാനപ്പെടുന്നില്ല എന്നതിലാണ് ശശി തരൂരിന്റെ സാഹിത്യമേൻമയും പ്രാഗത്ഭ്യവും തെളിയിക്കപ്പെട്ടിരിക്കുന്നത്.
ചരിത്രത്തോട്, പ്രത്യേകിച്ചും സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ രാഷ്‌ട്രീയ ചരിത്രത്തോട് വലിയ ആഭിമുഖ്യം പുലർത്തുന്ന വ്യക്തിയാണ് ശശി തരൂർ. അദ്ദേഹത്തിന്റെ ‘ഇന്ത്യ ഃ സ്വാതന്ത്ര്യത്തിന്റെ അർദ്ധരാത്രി മുതൽ അരനൂറ്റാണ്ട്’ എന്ന പഠന ഗ്രന്ഥം അതിന് പ്രത്യക്ഷവും ‘മഹാഭാരതകഥ’ എന്ന നോവൽ പരോക്ഷവുമായ തെളിവ് നൽകുന്നു. ഇക്കാര്യത്തിൽ ‘കലാപ’വും വ്യത്യസ്‌തമൊന്നുമല്ല. പ്രിസിലയുടെയും ലക്ഷ്‌മണിന്റെയും മനസിലെ കലാപങ്ങൾക്ക് പശ്ചാത്തലമാകുന്നത് ‘80കളുടെ അവസാനത്തിലെ ഇന്ത്യയുടെ രാഷ്‌ട്രീയ സാമൂഹിക അവസ്ഥകളാണ്. ഇന്ത്യൻ ജനാധിപത്യത്തിലെ കറുത്ത അധ്യായങ്ങളിലൊന്നായ ബാബറി മസ്‌ജിദിന്റെ തകർക്കലും അതിനെത്തുടർന്നുണ്ടാകുന്ന കലാപങ്ങളും ഇന്ദിരാഗാന്ധിയുടെ വധവുമൊക്കെ നോവലിൽ പരാമർശിക്കപ്പെടുന്നു. കൊക്കക്കോളാ കമ്പനിയുടെ ചരിത്രവും കഥയിൽ കടന്നുവരുന്നുണ്ട്. പ്രിസിലയുടെ പിതാവ് കോളാ കമ്പനിയിലെ ഉദ്യോഗസ്ഥനായിരുന്നു എന്നതാണ് ഇതിന് കാരണം. സെർവാന്റസിന്റെ ’ഡോൺ ക്വിക്ക് സോട്ടി‘ലെയും കാൾ മാർക്‌സിന്റെ ’വിശുദ്ധ കുടുംബ‘ത്തിലെയും ചരിത്രത്തെക്കുറിച്ചുമുള്ള ഉദ്ധരണികൾ പുസ്‌തകത്തിന്റെ മുൻപിൽ കൊടുത്തത് തന്നെ, ശശി തരൂർ തന്റെ എഴുത്തിലേക്ക് ചരിത്രത്തെ ബോധപൂർവം കടത്തിവിടുന്നതാണെന്ന് തെളിയിക്കുന്നു.
ശശി തരൂരിന്റെ സാഹിത്യത്തിൽ യാഥാർത്ഥ്യത്തിനും ഭാവനയ്‌ക്കും തുല്യ പങ്കാണുള്ളത്. യഥാർത്ഥ സംഭവങ്ങളിൽ തന്റേതായ കഥാപാത്രങ്ങളും ചിന്തകളും സമന്വയിപ്പിച്ചാണ് ശശി തരൂർ കഥകൾ രചിക്കാറുള്ളത്. സലിൽഗഢ് എന്ന ഉത്തർപ്രദേശ് ഗ്രാമത്തിൽ നടന്നതായി പറയപ്പെടുന്ന കലാപത്തിന്റെ വിശദാംശങ്ങൾ മധ്യപ്രദേശിലെ ഖാർഗോവിൽ നടന്നതാണ്. ശശി തരൂരിന്റെ സുഹൃത്ത് ഹർഷ്‌മന്ദർ ഐ.എ.എസിൽ നിന്നും ലഭിച്ചതാണീ വിവരങ്ങൾ എന്ന് അദ്ദേഹം തന്നെ പറയുന്നുണ്ട്. അതുപോലെ ’കലാപ‘ത്തിലെ ഒരു കഥാപാത്രമായ പ്രൊഫ. മുഹമ്മദ് സാർവറിന്റെ ഗവേഷണ വിഷയവും അതിന്റെ വിശദാംശങ്ങളും ഡൽഹി യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ. ഷാഹിദ് അമിന്റേതാണ്. അദ്ദേഹത്തെ തന്റെ സുഹൃത്തായി മുഹമ്മദ് സാർവർ കഥയിൽ പറയുന്നുണ്ട്. റഡ്യാർഡ് ഹാർട്ടിന്റെ കോളക്കമ്പനിയുടെ പ്രവർത്തനങ്ങളാകട്ടെ, അവർക്ക് വേണ്ടി കിസാൻ മേത്ത യഥാർത്ഥത്തിൽ നടത്തിയതാണ്.
വിദേശത്ത് വളരെയേറെക്കാലം ജീവിച്ച വ്യക്തി എന്ന നിലയിൽ ഇന്ത്യൻ സംസ്‌ക്കാരവും വിദേശ സംസ്‌കാരവും ശശി തരൂർ ഒരുപോലെ ചെലുത്തുന്ന സ്വാധീനം വിവിധ കഥാപാത്രങ്ങളിലൂടെ വെളിവാകുന്നുണ്ട്. ഇൻഡ്യൻ സംസ്‌കാരത്തോട് തികഞ്ഞ ബഹുമാനം പുലർത്തുമ്പോൾ തന്നെ വിദേശ സംസ്‌കാരത്തിലെ നല്ലവശങ്ങൾ കാണാതിരിക്കാനും കഥാകാരന് സാധിക്കുന്നില്ല. ഏതേത് ഉൾക്കൊള്ളണമെന്ന് അദ്ദേഹത്തിന്റെ മനസിൽ നിരന്തരമായി കലാപങ്ങൾ നടന്നുകൊണ്ടിരിക്കുന്നുവെന്ന് വ്യക്തം. പ്രിസിലയോട് ലക്ഷ്‌മണും റാൻഡി ഡിഗ്‌സിനോട് രാം ചരൺ ഗുപ്‌തയും നടത്തുന്ന പല സംഭാഷണങ്ങളും ഇതിന് തെളിവാണ്. ലക്ഷ്‌മണിന്റെ കവിതയിൽ, തന്റെ ’വൈറ്റ് കോളർ‘ പ്രൊഫഷനോടുള്ള പുച്ഛരസവും തെളിഞ്ഞു കാണാം.
പൊതുവേ നമ്മുടെ സമൂഹത്തിൽ വിദേശികളെക്കുറിച്ചും എൻ.ആർ.ഐ.കളെക്കുറിച്ചുമുള്ള മനോഭാവത്തിൽ നിരാശനാണ് ശശി തരൂർ. സാമ്രാജ്യത്വത്തിന്റെ പേരിൽ അമേരിക്കൻ നിവാസികളെപ്പോലും എതിർക്കുന്ന സ്വഭാവക്കാരാണല്ലോ നാം. വിദേശികൾ നാടു കട്ടുമുടിക്കാൻ വരുന്നവരാണെന്ന ധാരണ പുലർത്തുന്ന ഒട്ടനവധിപേർ നമുക്ക് ചുറ്റുമുണ്ട്. നോവലിലെ ഹിന്ദു മൗലീകവാദിയായ രാം ചരൺ ഗുപ്‌തയും പോലീസ് ഉദ്യോഗസ്ഥനായ ഗുരീന്ദർ സിംഗുമടക്കമുള്ളവർ ഇതിന് ഉദാഹരണങ്ങളാണ്. എന്നാൽ ഇന്ത്യയുടെ യഥാർത്ഥമായ അവസ്ഥ മനസിലാക്കുകയും ഇന്ത്യക്കാരോട് സഹതാപപൂർവം പെരുമാറുകയും ചെയ്യുന്ന പ്രിസിലയെപോലുള്ളവരുമുണ്ടെന്ന് ശശി തരൂർ കാണിച്ചു തരുന്നു. ഭർത്താക്കൻമാരുടെ ലൈംഗീകതൃപ്തിയ്‌ക്കും മേൽക്കോയ്‌മയ്‌ക്കും നിശബ്ദം കീഴടങ്ങേണ്ടിവരുന്ന ഒരു സാധാരണ ഇന്ത്യൻ സ്‌ത്രീയുടെ അവസ്ഥയെക്കുറിച്ച് ബോധവാനാണ് ശശി തരൂർ. പ്രിസിലയെഴുതിയ ’സലിൽഗഢിലെ ക്രിസ്‌മസ്‘ എന്ന കവിത ഇൻഡ്യൻ സ്‌ത്രീകളെക്കുറിച്ച് നമ്മിൽ സഹതാപം ജനിപ്പിക്കുന്നു.
വിദേശികളുടെ പ്രവർത്തനങ്ങളെ എന്നും സംശയദൃഷ്ടിയോടെ നോക്കുന്ന സ്വഭാവമാണ് നമ്മുടേത്. നമ്മുടെ ഭൗതീകവും ബൗദ്ധികവുമായ സമ്പത്ത്, സംസ്‌കാരം, വിപണി തുടങ്ങിയവയെല്ലാം കവർന്നെടുത്തേക്കുമോ എന്ന ആശങ്ക എന്നും നമ്മോടു കൂടെയുണ്ട്. ഈ ആശങ്ക സത്യമായിത്തിരുന്നതും അല്ലാത്തതുമായ രണ്ട് സംഭവങ്ങൾ കഥാകാരൻ നമുക്ക് തരുന്നുണ്ട്. റഡ്യാർഡ് ഹാർട്ട് ഇന്ത്യയിലേക്ക് വന്നത് ഇൻഡ്യൻ വിപണിയിൽ കോളയുടെ സ്ഥാനം ഉറപ്പിക്കാനാണ്. ഇന്ന് ആഗോളീകരണത്തിന്റെ ഏറ്റവും വലിയ ബ്രാൻഡായി മാറിയിരിക്കുന്ന കോളയുടെ സീനിയർ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് എന്ന റഡ്യാർഡിന്റെ സ്ഥാനം ഒരു രൂപകമായി പരിവർത്തനം ചെയ്യപ്പെട്ടിരിക്കുന്നു. പ്രിസിലയെയും ആളുകൾ അതേ സംശയത്തോടെയാണ് നോക്കിയിരിക്കുന്നത്. വിദ്യാസമ്പന്നയും പാശ്‌ചാത്യസംസ്‌കാരത്തെ ഇഷ്ടപ്പെടുകയും ചെയ്യുന്ന ലക്ഷ്‌മൺപോലും അവൾ വന്നത് വല്ല മിഷണറി പ്രവർത്തനത്തിന്റെ ഭാഗമായാണോ എന്ന് ആദ്യം സംശയിക്കുന്നുണ്ട്. നമ്മെ കൊള്ളയടിക്കുമെന്ന് നാം സംശയിക്കുന്ന അതേ വിദേശിയായ പ്രിസിലയെ ഇൻഡ്യൻ വിപണി കൊള്ളയടിക്കുന്നുവെന്നും ശശി തരൂർ കാണിച്ചുതരുന്നു. ഇൻഡ്യൻ വിപണിയിലെ വിലപേശൽ സമ്പ്രദായത്തെക്കുറിച്ച് ഉത്തമ ബോധ്യമുള്ള പ്രിസിലയ്‌ക്ക് 60 രൂപയ്‌ക്കുള്ള സാധനത്തിന് 200രൂപ നൽകേണ്ടിവരുന്നുവെങ്കിൽ മറ്റു വിദേശികളെ നാം എങ്ങനെയൊക്കെയായിരിക്കും കൊള്ളയടിക്കുന്നത്?
ശശി തരൂരിന്റെ എഴുത്തിൽ പലപ്പോഴും താൻ എവിടെയാണ് നിൽക്കേണ്ടത് അല്ലെങ്കിൽ താൻ ഏത് പക്ഷം ചേരണമെന്ന ചിന്താക്കുഴപ്പം നിറഞ്ഞു നിൽക്കാറുണ്ട്. ’കാലാപ‘ത്തിൽ രാം ചരൺ ഗുപ്‌തയും പ്രൊഫ. മുഹമ്മദ് സാർവറും ഒരേ സമയം പ്രത്യക്ഷപ്പെടുന്നത് ഈ ചിന്താകുഴപ്പത്തിൽ നിന്നാണ്. രാം ചരൺ ഗുപ്‌ത എന്ന ഹിന്ദു മൗലികവാദി പറയുന്ന ആശയങ്ങൾ ഖണ്ഡിക്കാനോ കുറഞ്ഞ അളവിൽ പ്രതിരോധിക്കാൻ പോലും ഉതകുന്ന കഥാപാത്രമല്ല പ്രൊഫ. മുഹമ്മദ് സാർവർ. ഗുപ്‌ത വർഗീയ വാദിയാകുമ്പോൾ സാർവർ ഒരു മതേതരവാദിയാണ്. അയാളുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ ഒരു ’ജനാധിപത്യ ഇസ്ലാം‘ ഗുപ്‌തയുടെ ആശയങ്ങൾ കേൾക്കുമ്പോൾ ഇതു താനല്ലയോ ശരി എന്ന സന്ദേഹം ഒരു സാധാരണക്കാരനിൽ ജനിക്കാൻ സാധ്യതയുണ്ടാകുകയും സാർവറുടെ വാദങ്ങൾക്ക് അത് പ്രതിരോധിക്കാൻ കഴിയാതെ വരികയും ചെയ്യുമ്പോൾ സൃഷ്ടിക്കപ്പെടുക ഹിന്ദു വർഗീയതയെ പരോക്ഷമായെങ്കിലും അനുകൂലിക്കുന്ന മനസായിരിക്കും.
ഷേക്‌സ്‌പിയർ ’ജൂലിയസ് സീസറി‘ൽ, റോമൻ ജനക്കൂട്ടത്തിന്റെ സ്വഭാവമായി പറഞ്ഞ അതേ ’fickled character‘ തന്നെയാണ് ശശി തരൂരിനുമുള്ളത്. ഇൻഡ്യൻ രാഷ്‌ട്രീയത്തെക്കുറിച്ച് ഒരുപാടൊരുപാട് മനസ്സിലാക്കുകയും അതിലേത് താൻ തിരഞ്ഞെടുക്കണമെന്ന തീരുമാനം എടുക്കാൻ കഴിയാതിരിക്കുകയും ചെയ്യുന്ന അവസ്ഥ. നെഹ്‌റുവിന്റെ മിശ്രസമ്പദ്‌വ്യവസ്ഥയേയും വിദേശനയങ്ങളെയും തരൂർ പ്രശംസിക്കുന്നുണ്ട്. എന്നാൽ അദ്ദേഹം കോൺഗ്രസുകാരനല്ല. അദ്ദേഹം ഇന്ദിരയുടെ ഭരണകാലത്തെ നേട്ടങ്ങളെ പ്രശംസിക്കുകയും അടിയന്തിരാവസ്ഥയെ എതിർക്കുകയും ചെയ്യുന്നു. രാജീവ് ഗാന്ധിയെപ്പോലുള്ള ചെറുപ്പക്കാർ രാഷ്‌ട്രീയത്തിലേയ്‌ക്ക് കടന്നുവരുന്നതിനെ സ്വാഗതം ചെയ്യുകയും കുടുംബ രാഷ്‌ട്രീയത്തെ വിലമതിക്കാതിരിക്കുകയും ചെയ്യുക. ഇത്രയൊക്കെപറയുമ്പോൾ ഒരു ഇടതുപക്ഷ മനസ് ആണ് അദ്ദേഹത്തിനുള്ളതെന്ന് നമുക്ക് തോന്നാം. എന്നാൽ ഇടതുപക്ഷത്തിന്, വിശിഷ്യാ കമ്മ്യൂണിസ്‌റ്റ് പാർട്ടിയിൽ നടക്കുന്ന മാറ്റങ്ങളെക്കുറിച്ചും അദ്ദേഹം ബോധവാനാണ്.
റാൻഡി ഡിഗ്‌സിന്റെ നോട്ടുപുസ്‌തകത്തിൽ എഴുതിയ റഡ്യാർഡ് ഹാർട്ടിന്റെയും മുഹമ്മദ് സാർവറുടെയും സംഭാഷണം ശ്രദ്ധിക്കുക. കൊക്കക്കോള കമ്പനി ഓഫീസിനു മുന്നിൽ സാർവറടക്കമുള്ള കമ്മ്യൂണിസ്‌റ്റ് വിദ്യാർത്ഥി സംഘടനാംഗങ്ങൾ (എസ്.എഫ്.ഐ.യും എ.ഐ.എസ്.എഫും) പ്രകടനം നടത്തിയ കാര്യം ഹാർട്ട് ഓർമിക്കുന്നു. ചർച്ചയ്‌ക്കിടെ ഹാർട്ട് നൽകിയ കോക്ക് സ്വീകരിച്ചത് താനല്ല എ.ഐ.എസ്.എഫുകാരിയായ പെൺകുട്ടിയാണെന്നും സാർവർ പറയുന്നു. അവളെപ്പറ്റിയുള്ള സാർവറുടെ അഭിപ്രായം ഇങ്ങനെയാണ് ഃ അച്ഛൻ ബംഗാളിലെ എം.പി.യും ജൻമിയുമാണ്. കോക്ക് കുടിച്ചാണ് അവൾ വളർന്നത്. ചൂഷകനെ ചൂഷണം ചെയ്യുക എന്ന ആശയം മൂലമാണ് താൻ കോക്ക് കുടിച്ചത് എന്നായിരുന്നു അവളുടെ യുക്തി. നീതീകരിക്കാനാവാത്തതിനെ യുക്‌തിയിൽ പൊതിയാൻ അവൾ മിടുക്കിയായിരുന്നു. അവൾ ഇപ്പോൾ ഒരമേരിക്കൻ സർവകലാശാലയിൽ പഠിപ്പിക്കുന്നു. യു.എസ്.ലെ ഗ്രീൻകാർഡും ക്യാമ്പസിലെ മികച്ച മ്യൂസിക് സിസ്‌റ്റവും ദീർഘകാല ജോലിയും അവൾക്കുണ്ട്. ആഗോള മുതലാളിത്തത്തെക്കുറിച്ചും മറ്റും ഇപ്പോഴും ലേഖനമെഴുതാറുണ്ട്. പിന്നീട് സാർവർ തന്നെപ്പറ്റി വിശദീകരിക്കുന്നു ; ഡൽഹി സർവകലാശാല ചരിത്രവകുപ്പിൽ ഒരു റീഡറാണ്. മുഗൾവംശം വരെ നിന്ന ഇന്ത്യയിലെ വിവിധ മുസ്ലീം രാജവംശ കാലത്തെക്കുറിച്ച് പഠനം നടത്തുന്നു. കമ്മ്യൂണിസം ഉപേക്ഷിച്ചു. ഇപ്പോൾ അതിനേക്കാൾ മുഖ്യമായ രണ്ട് വിശ്വാസങ്ങൾ കൊണ്ടുനടക്കുന്നു. ജനാധിപത്യവും ഇസ്ലാമും. കമ്മ്യൂണിസ്‌റ്റ് പാർട്ടിയിൽ ഉണ്ടായ പിളർപ്പും കമ്മ്യൂണിസത്തിന് രണ്ടുവിധത്തിൽ സംഭവിച്ച മാറ്റവും ചെറിയ ചില വാക്കുകൾ കൊണ്ട് സൂചിപ്പിക്കാൻ ശശി തരൂരിന് കഴിഞ്ഞു. കമ്മ്യൂണിസത്തിന്റെ അപചയത്തിൽ ദുഃഖം രേഖപ്പെടുത്തുമ്പോൾ തന്നെ ഇന്ത്യയുടെ ’തുറന്ന വാതിൽ‘ സാമ്പത്തിക നയത്തെ ഇദ്ദേഹം പ്രോത്സാഹിപ്പിക്കുന്നുമുണ്ട്.
രാംചരൺ ഗുപ്‌തയുടെ വാദഗതികൾ വ്യക്തമായി അവതരിപ്പിക്കുമ്പോൾ അതിനെ പ്രതിരോധിക്കാൻ ഒരു മുസ്ലീം വർഗീയ വാദിയെ അവതരിപ്പിച്ചിരുന്നെങ്കിൽ കുറച്ചുകൂടി ആശയസംഘട്ടനം നടക്കുമായിരുന്നു. രാം ചരൺ ഗുപ്‌തയ്‌ക്ക് കഥയിൽ നൽകിയ ’പിന്തുണ‘യെക്കുറിച്ച് ഭയപ്പാടുമുണ്ട് കഥാകൃത്തിന്. താനും ഒരു വർഗീയവാദിയായി ചിത്രീകരിക്കപ്പെട്ടേക്കുമോ എന്ന ആശങ്കയായിരിക്കുമുണ്ടായിട്ടുണ്ടാകുക. ഇന്ത്യയിലെ ചില വിശ്വാസങ്ങളോട് – അന്ധവിശ്വാസം എന്ന് തോന്നിക്കുന്ന തരത്തിലുള്ളവയോടുപോലും – ഒരു പ്രത്യേക ആരാധന ശശി തരൂരിനുണ്ട്. ’ഇന്ത്യ ഃ അർദ്ധരാത്രി മുതൽ അര നൂറ്റാണ്ടി‘ൽ ഒരു ഹൈന്ദവ വിഗ്രഹത്തിന് സംഭവിക്കുന്നു എന്ന് പറയുന്ന സവിശേഷതയ്‌ക്ക് വൃഥാ ഒരുപാട് പേജുകൾ ചെലവഴിച്ച വ്യക്തിയാണ് ശശി തരൂർ (യു.എൻ.സെക്രട്ടറി ജനറൽ പദവിയിലേയ്‌ക്ക് മത്സരാർത്ഥിയായപ്പോൾ യുക്‌തിവാദികൾ അദ്ദേഹത്തിനെതിരെ പ്രസ്‌താവനയിറക്കിയതോർക്കുക) ഇന്നത്തെ മനുഷ്യൻ പ്രശ്‌നങ്ങളിൽ പെടുമ്പോൾ ദൈവത്തിലേക്കും പിന്നീട് ആൾ ദൈവങ്ങളിലേയ്‌ക്കും ആശ്വാസത്തിനായി പോകുന്നു എന്ന് ലക്ഷ്‌മണിന്റെ ഭാര്യ ഗീതയിലൂടെ അവതരിപ്പിച്ചിട്ടും താൻ ഹിന്ദു-വർഗീയവാദിയല്ലെന്ന് തെളിയിക്കാൻ വെപ്രാളപ്പെട്ട്, താൻ മതേതരനാണെന്ന് വിളിച്ചുപറയാൻ, ’കലാപ‘ത്തിൽ ഭാരതീയ സംസ്‌ക്കാരത്തെക്കുറിച്ച് ഒരു അധ്യായം തന്നെ മാറ്റിവച്ചിരിക്കുന്നു. കഥാഘടനയിൽ യാതൊരു സ്വാധീനവും ഇത് വരുത്തുന്നുമില്ല.
പ്രണയത്തിന്റെയും ലൈംഗീകതയുടേയും വിവിധ കാഴ്‌ചപ്പാടുകൾ അവതരിപ്പിക്കാൻ ’കലാപ‘ത്തിലൂടെ ശശിതരൂരിന് കഴിഞ്ഞിട്ടുണ്ട്. അമേരിക്കൻ സംസ്‌കാരത്തിലും ഇന്ത്യൻ സംസ്‌കാരത്തിലും പ്രണയത്തിനും സ്‌നേഹത്തിനുമുണ്ടാകുന്ന അർത്ഥവ്യത്യാസങ്ങൾ കഥാകൃത്ത് അവതരിപ്പിച്ചിരിക്കുന്നു. വിദേശങ്ങളിൽ സ്‌നേഹം വിവാഹത്തിലേയ്‌ക്ക് നയിക്കുമ്പോൾ ഇന്ത്യിൽ വിവാഹം ആദ്യവും പിന്നീട് സ്‌നേഹവുമാണുണ്ടാവുക എന്ന് കഥയിൽ സൂചിപ്പിക്കുന്നുണ്ട്. ഇന്ത്യയിൽ വിവാഹം രണ്ട് വ്യക്തികൾ തമ്മിൽ മാത്രമുള്ള ഒരു ബന്ധമല്ല, മറിച്ച് രണ്ട് കുടുംബങ്ങൾ അവസാനം വരെ ഏർപ്പെടുന്ന ഒരു പൊട്ടാത്ത ബന്ധമാണ്.
വിവാഹബന്ധത്തിലുണ്ടാകുന്ന ഉലച്ചിലുകൾ രണ്ട് സംസ്‌കാരത്തിൽ പെട്ടവരെയും – റഡ്യാർഡ് ഹാർട്ടിനെയും ലക്ഷ്‌മണെയും – കൊണ്ടു ചെന്നെത്തിക്കുന്നത് വിവാഹേതര ലൈംഗീക ബന്ധങ്ങളിലാണ്. ഒരു വിവാഹബന്ധത്തിന് സ്വന്തം സംസ്‌കാരത്തിൽപ്പെട്ടവരെ തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നവർ പോലും വിവാഹേതര ബന്ധത്തിന് ഇത്തരം തിരഞ്ഞെടുപ്പുകളൊന്നും ബാധകമല്ല എന്ന പക്ഷക്കാരാണ്. മി. ഹാർട്ടിനേയും ലക്ഷ്‌മണെയും ഈ ബന്ധത്തിൽ നിന്ന് ഒരളവ് വരെ ചിന്തിപ്പിച്ചത് സ്വന്തം പെൺമക്കളാണെന്നതും കഥാകൃത്ത് മനഃപൂർവ്വമായി വരുത്തിയ ഒരു സാമ്യതയാകാനേ തരമുള്ളൂ.
’കലാപ‘ത്തെ ഒരു സ്‌ത്രീപക്ഷ രചനയായി വ്യാഖ്യാനിക്കാനും ആസ്വാദകർക്ക് സാധിക്കും. കാതറിൻ ഹാർട്ട് തന്റെ ഡയറിക്കുറിപ്പിൽ ഭർത്താവിനെക്കുറിച്ച് രേഖപ്പെടുത്തിയ കാര്യങ്ങൾ ഏതൊരു നാട്ടിലെ സ്‌ത്രീയെ സംബന്ധിച്ചും സത്യമായവയായിരിക്കും. “എന്റെ പാസ്‌പോർട്ടും ടിക്കറ്റും എപ്പോഴും അയാളുടെ പക്കൽ. എന്റെ ബോർഡിംഗ് കാർഡ് പോലും”. “അയാളുടെ വായനക്കുശേഷം എന്റെ കൈയിലേക്ക് ദിനപത്രം എത്തിച്ചേരുന്നതിന് കാത്തു നിൽക്കാതെ, വാഷ്‌റൂമിലേക്ക് പോകാൻവേണ്ടി എഴുന്നേൽക്കുമ്പോഴോ അല്ലെങ്കിൽ കുട്ടികൾക്കെന്തെങ്കിലും കിട്ടാൻ വേണ്ടി ഹോസ്‌റ്റസിന്റെ ശ്രദ്ധ ക്ഷണിക്കാൻ അയാളോടാവശ്യപ്പെടുമ്പോഴോ, അയാളെ ബുദ്ധിമുട്ടിക്കാനിടയാകുന്ന വേളകളിൽ ആ മുഖത്ത് പ്രകടമാകുന്ന നെടുനാളത്തെ യാതന ധ്വനിപ്പിക്കുന്ന അലോസരഭാവം” എന്ന് വിവാഹമോചനാനന്തരം കാതറിൻ തന്റെ ഭർത്താവിനെ വിലയിരുത്തുന്നുണ്ട്. ഇത്രയൊക്കെ പ്രയാസം മനസ്സിൽ അനുഭവിച്ചിരുന്നെങ്കിലും ഒരു സ്‌ത്രീ തന്റെ ഭർത്താവിൽ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത പരസ്‌ത്രീബന്ധം കണ്ടുപിടിക്കപ്പെട്ടതിനുശേഷം മാത്രമേ കാതറിൻ വിവാഹമോചനത്തിന് തയ്യാറുള്ളൂ എന്നത് ഒരു പരിഗണിക്കപ്പെടേണ്ട വസ്‌തുതയാണ്.
തങ്ങൾ സ്‌നേഹിക്കുകയും ഒരുമിച്ച് കിടക്ക പങ്കിടുകയും ചെയ്‌ത പുരുഷൻമാരിൽ നിന്ന് നന്ദിനിയും പ്രിസിലയും ഒരു ജീവിതമാഗ്രഹിക്കുന്നുണ്ട്. റഡ്യാർഡിനെയും ലക്ഷ്‌മണിനെയും തങ്ങളുമായുള്ള ബന്ധം തുടരാൻ പ്രേരിപ്പിച്ചത് യഥാക്രമം നന്ദിനിയും പ്രസിലയുമായിരുന്നു. തങ്ങൾ ഏറ്റവും കുറഞ്ഞത് വഞ്ചിക്കപ്പെടരുതെന്നെങ്കിലും സ്‌ത്രീകൾ ആഗ്രഹിക്കുന്നു. തന്റെ പഴയ കാമുകനായ ഡാറിൽ, താനുമായി ലൈംഗികബന്ധത്തിലേർപ്പെട്ടിട്ടുണ്ടെങ്കിലും ഒരിക്കലും സ്‌നേഹിക്കുന്നു എന്നുപറഞ്ഞ് ചതിച്ചിട്ടില്ല എന്ന് പ്രിസില പറയുന്നുണ്ട്. പക്ഷെ ലക്ഷ്‌മൺ തന്നെ സ്നേഹിക്കുന്നു എന്നു പറഞ്ഞുകൊണ്ട് തന്നെ ചതിച്ചു എന്നവൾ ദുഃഖിക്കുന്നു.
പ്രിസിലയുടെ ഗവേഷണങ്ങളുടേയും പ്രവർത്തനങ്ങളുടേയും വിവരം, കാദംബരിയുടെ സഹോദരിയ്‌ക്ക് ഭർതൃഗൃഹത്തിൽ നിന്ന് ലഭിക്കുന്ന ക്രൂരതകൾ എന്നിവ ഒരു ശരാശരി ഇന്ത്യൻ സ്‌ത്രീയുടെ അനുഭവങ്ങളിലേയ്‌ക്ക് വെളിച്ചം വിതറുന്നു.
വ്യത്യസ്ത രീതി, വ്യത്യസ്ത വീക്ഷണങ്ങൾ, വ്യത്യസ്ത രചനാ സങ്കേതങ്ങൾ തുടങ്ങിയവ അടങ്ങിയ വ്യത്യസ്തമായ ഒരു രചനയാണ് കലാപം. വ്യത്യസ്ത വീക്ഷണകോണുകളിൽ നിന്നുള്ള അഭിപ്രായങ്ങളുള്ളതുകൊണ്ട് ഓരോ വായനയിലും ഓരോ ചിന്തകൾ അനാവൃതമാകുന്ന രചന. ’കലാപം‘ ശ്രദ്ധിക്കേണ്ടിയിരുന്നിട്ടും ശ്രദ്ധിക്കപ്പെടാതെപോയ ഒന്നാണ്.
Generated from archived content: essay1_feb22_07.html Author: ms_rakhesh_krishnan