കഞ്ഞിക്കുഴി ടു കാലപുരി (വഴി) കൊൽക്കത്ത

കഞ്ഞിക്കുഴി കുഞ്ഞുരാമൻ 52-​‍ാമത്തെ വയസ്സിൽ “അകാലചരമം” അടഞ്ഞു(!). പരേതന്റെ പരിശുദ്ധാത്മാവ്‌ പരലോകത്ത്‌ പറന്നെത്തി. ദൈവത്തിന്റെ മുമ്പാകെ വിചാരണയ്‌ക്ക്‌ ഹാജരാക്കപ്പെടുന്നു.

നന്മതിന്മകളുടെ വലിയ നാൾവഴിക്കിത്താബുമായി ദൈവത്തിന്റെ സെക്രട്ടറിയായ ചിത്രഗുപ്തനും ഉപവിഷ്‌ടൻ.

“കഞ്ഞിക്കുഴി സ്വദേശി കോഞ്ഞാണ്ടയിൽ കിട്ടുപിളളയുടെയും കഞ്ഞിപ്പെണ്ണിന്റെയും അല്ല കുഞ്ഞിപ്പെണ്ണിന്റെയും സീമന്തപുത്രനായ കുഞ്ഞുരാമൻ 52 ഹാജരുണ്ടോ, ക്ഷമിക്കണം, കുഞ്ഞുരാമന്റെ പരേതാത്മാവ്‌ ഹാജരുണ്ടോ?”

നവസാക്ഷരനായ ആമീൻ ഉച്ചാരണ വൈകല്യത്തിന്റെയും അക്ഷരത്തെറ്റുകളുടെയും അകമ്പടിയോടെ മൂന്നുപ്രാവശ്യം വിളിച്ചു ചോദിച്ചു.

“ഹാജരുണ്ടേ” പാറപ്പുറത്ത്‌ ചിരട്ട ഉരസുന്ന സ്വരത്തിൽ ഉരചെയ്തശേഷം കുഞ്ഞുരാമന്റെ “സേക്രട്ട്‌ സോൾ” പ്രതിക്കൂട്ടിൽ കയറിനിന്നു.

“ചിത്രഗുപ്തൻ”

“എസ്‌ സാർ”

“തുടങ്ങിക്കോളൂ”

“താങ്ക്‌യൂ ഗോഡ്‌.”

“മി.കുഞ്ഞുരാമൻ, നിങ്ങളുടെ അക്കൗണ്ടിൽ നന്മയേക്കാളധികം തിന്മകളാകയാൽ നരകം തന്നെയാണല്ലോ മോനേ ദിനേശാ വിധി. എന്തെങ്കിലും പറയാനുണ്ടോ?”

പുസ്‌തകം മുഴുവൻ ഒന്നോടിച്ച്‌ നോക്കിയിട്ട്‌ ചിത്രഗുപ്‌തൻ ആരാഞ്ഞു.

“ഐ ഒബ്‌ജക്‌ട്‌ യുവർ ഓണർ.”

“എസ്‌, യു മേ പ്രൊസീഡ്‌”

“മറുനാട്ടിൽ ഓഫീസ്‌ ജോലി ചെയ്ത്‌ ജീവിക്കുന്ന ഒരു സാധാരണ മലയാളി ചെയ്യുന്നതോർത്താൽ ഞാൻ ഒന്നും ചെയ്തിട്ടില്ല.

കൊൽക്കത്തയിൽ ജീവിച്ചു എന്ന ഒറ്റക്കാരണത്താൽ യാതൊരു വിചാരണയും കൂടാതെ എനിക്ക്‌ സ്വർഗ്ഗം ലഭിക്കേണ്ടതാണ്‌.”

“വിശദീകരണം വേണം.”

“കൊൽക്കത്തയിൽ താമസിക്കുന്ന സാധാരണക്കാരന്റെ ഒരു ദിവസം തുടങ്ങുന്നത്‌ ക്യൂവിലാണ്‌. അവസാനിക്കുന്നതും ക്യൂവിൽത്തന്നെ.

രാവിലെ പാലുവാങ്ങാൻ തുടങ്ങുന്ന ക്യൂ, കുട്ടിയെ സ്‌കൂളിൽ വിടാൻ, റേഷൻ വാങ്ങാൻ, ഗ്യാസ്‌ ബുക്കുചെയ്യാൻ, ബസിൽ കയറാൻ, സിനിമയ്‌ക്ക്‌ ടിക്കറ്റെടുക്കാൻ, ലിഫ്‌റ്റിൽ കയറാൻ, എന്നുവേണ്ട മരിച്ചു കഴിഞ്ഞ ശവത്തിന്‌ പോലും ക്യൂവിൽനിന്ന്‌ മോചനമില്ല. അവിടെ വൈദ്യുത ശ്മശാനത്തിലും ക്യൂവാണ്‌.

ഇവിടെ ഒരു സാദാ പൗരൻ ക്യൂവിൽ ജനിക്കുന്നു. (ആശുപത്രിയിൽ) ക്യൂവിൽ ജീവിക്കുന്നു, ക്യൂവിലൂടെ ജീവിതം പാഴാക്കി ക്യൂവിൽത്തന്നെ അവസാനിക്കുന്നു.

”ക്യൂവിൽ നിന്നുദിക്കുന്നു ലോകം

ക്യൂവിനാൽ വൃദ്ധി തേടുന്നു

ക്യൂവിനാലസ്തമിക്കുന്നു“ എന്ന്‌ കവിവാക്യം തിരുത്തിപ്പാടണം.”

ഈ സമയം ദൈവത്തിനൊരു ഫോൺ.

“ഹലോ, ങാ യെസ്‌, ഗോഡ്‌ സ്പീക്കിംങ്ങ്‌” നരകത്തിൽ നിന്നോ? കേരളത്തിൽ നിന്ന്‌ ഈയിടെ വന്ന നേതാവ്‌ ബഹളം വയ്‌ക്കുന്നെന്നോ? ഇ.സി.വേണമെന്നോ? ങാ കൊടുക്കാം.

ഏഷ്യാനെറ്റിന്റെ സിനിമാ പുനഃപ്രക്ഷേപണവും ഇടവേളപ്പരസ്യങ്ങളും ഒരു ദിവസം മുഴുവൻ കാണിക്കുമെന്ന്‌ പറയൂ, തനിയെ അടങ്ങിക്കോളും.“

ഫോൺ വച്ചിട്ട്‌ നോക്കുമ്പോൾ മേശപ്പുറത്തിരുന്ന സ്വർണ്ണനിറമുളള പേന കാണുന്നില്ല. ഒന്നുമറിയാത്ത ഭാവത്തിൽ ഇരിക്കുന്നു, ശ്രീമാൻ കെ.രാമൻ.

”മി.കുഞ്ഞുരാമൻ, ആ പേനയിങ്ങ്‌ തന്നേക്കൂ, കുറെനേരമായി അതിന്മേലുളള നിങ്ങളുടെ നോട്ടം നാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു, അത്‌ നമുക്ക്‌ വ്യവസായ പ്രമുഖൻ ധീരുഭായ്‌ അംബാനി വന്നപ്പോൾ തന്നതാണ്‌. നമ്മുടെ അടുത്തുതന്നെ വേണോ കളി?“

”സോറി ഗോഡ്‌, ഈ വക കൗതുകമുണർത്തുന്നതും പോക്കറ്റിൽ ഒതുങ്ങുന്നതുമായ എന്തു വസ്‌തുക്കൾ കണ്ടാലും വല്ല നിവൃത്തിയുമുണ്ടെങ്കിൽ ഈയുളളവൻ അത്‌ ‘പൊക്കി’യിരിക്കും. മാർവാഡിയുടെ ഓഫീസിൽ ജോലി ചെയ്തപ്പോൾ കിട്ടിയ ഈ ശീലം പലപ്പോഴും വിനയായിട്ടുണ്ട്‌. ചിലപ്പോൾ സുഹൃത്തുക്കളുടെ വീട്ടിൽ നിന്നാണെങ്കിൽപോലും തിരിച്ചുപോരുമ്പോൾ പല ചെറിയ സാധനങ്ങളും ഒന്നുമില്ലെങ്കിൽ ചായ തന്ന കപ്പെങ്കിലും കീശയിൽ കാണും.“ വ്യസനത്തോടെ പേന തിരിച്ചു നൽകി.

”ശരി തുടരുക“ ദൈവം ആജ്ഞാപിച്ചു.

”മോഷണം ഉണ്ടോ?“ ചിത്രഗുപ്‌തൻ അന്വേഷിച്ചു.

”ഹേയ്‌, ഇല്ല, പിന്നെ ചിലപ്പോഴൊക്കെ കാണാതെ ചോദിച്ചു വാങ്ങും. നല്ല ചോദ്യം. മൂന്നു കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം വരെ ആവശ്യമുളള പേന, പെൻസിൽ, പേപ്പർ, സ്‌റ്റേപ്ലർ പോലുളള ഒരു സ്‌റ്റേഷനറി സാധനങ്ങളും വിലകൊടുത്ത്‌ വാങ്ങിയിട്ടില്ല. ആർക്കും വേണ്ടെങ്കിൽ നാട്ടുകാർക്ക്‌ കൊടുക്കും. പവർകട്ട്‌ സമയത്തേക്ക്‌ വാങ്ങുന്ന മെഴുകുതിരിയും തീപ്പെട്ടിയും പോലും വാങ്ങുന്ന ദിവസം മാത്രം ഓഫീസിലും തൊട്ടടുത്ത ദിവസം മുതൽ വീട്ടിലും ഇരിക്കും.“

”കളളത്തരങ്ങൾ…“

നാട്ടിൽ ഹരിശ്ചന്ദ്രന്റെ അവതാരമായിരുന്നു. കൊൽക്കത്തയിൽ വന്നശേഷം വക്കീലന്മാരുടെ കാര്യം പറഞ്ഞപോലെ വായ തുറക്കുന്നത്‌ ആഹാരം കഴിക്കാനും കളളം പറയാനും മാത്രമാണ്‌.

ഇല്ലാത്ത ബന്ധുക്കളുടെ കല്യാണമെന്നൊക്കെ പറഞ്ഞ്‌ എത്ര പ്രാവശ്യം വെറുതെ അവധി എടുത്തിരിക്കുന്നു. എന്നിട്ട്‌ വേറെ ഓഫീസിൽ പോയി ലീവ്‌ വേക്കൻസി ചെയ്‌ത്‌ കാശുണ്ടാക്കും.

ഒരു കാരണവും ഇല്ലെങ്കിൽ ”പട്ടിക്കുട്ടി എക്‌സ്പയേഡ്‌; സ്‌റ്റാർട്ട്‌ ഇമ്മീഡിയറ്റ്‌ലീ“ അല്ലെങ്കിൽ ”മൂരിക്കുട്ടൻ സീരിയസ്‌“ എന്നോ പറഞ്ഞ്‌ നാട്ടിൽ നിന്ന്‌ ടെലഗ്രാം അടിപ്പിക്കും. നാട്ടിൽ പോകാനുളള ടിക്കറ്റെടുത്ത്‌ കാണിച്ചിട്ട്‌ അവധി സംഘടിപ്പിക്കുന്നു. പിറ്റേദിവസം ക്യാൻസെൽ ചെയ്യുന്നു, വേറെ പണി നോക്കുന്നു. ശുഭം.

ആരാണ്‌ പട്ടിക്കുട്ടി എന്ന്‌ മാർവാഡി ചോദിച്ചാൽ വേണ്ടപ്പെട്ട ആളാണെന്ന്‌ പറയും.

”ഇതൊക്കെ തെറ്റാണെന്ന്‌ അറിയില്ലേ?“ ദൈവം അന്വേഷിച്ചു.

”എന്തു തെറ്റ്‌? ഗുരുക്കൻമാർ മാർവാഡികൾ തന്നെ. അല്ലെങ്കിൽ പിന്നെ കസ്‌റ്റംസിൽ നിന്ന്‌ അന്വേഷണത്തിന്‌ ആളുവരുമെന്നറിഞ്ഞപ്പോൾ കാരണമൊന്നും കാണാഞ്ഞ്‌ വർഷങ്ങൾക്ക്‌ മുമ്പ്‌ “കാഞ്ഞ” മൂപ്പിൽസിന്റെ ശ്രാദ്ധമെന്ന്‌ നോട്ടീസെഴുതി കതകിൽ പതിച്ചിട്ട്‌ നാലുദിവസം വെറുതെ ഓഫീസ്‌ അടിച്ചിടുമോ! കിളവന്റെ കാറ്റുപോയപ്പോൾ പോലും അവധി തരാത്ത ആശാന്റെ തലയിൽ തന്നെ വേണ്ടേ ശിഷ്യന്റെ കശുവണ്ടി പ്രയോഗം.

തട്ടിപ്പ്‌&വെട്ടിപ്പ്‌

സർക്കാർ വക സ്പെഷ്യൽ ബസിൽ ടിക്കറ്റെടുക്കാൻ കണ്ടക്‌ടർ അടുത്തെത്തുമ്പോൾ കണ്ണുകാണിക്കും; ഇറങ്ങുമ്പോൾ കണ്ടുകൊളളാമെന്ന്‌. ഇറങ്ങാൻ നേരം രണ്ടു രൂപ കൊടുക്കേണ്ടിടത്ത്‌ ഒന്നേൽ നിർത്തും. ടിക്കറ്റ്‌ വേണ്ട. അയാൾക്ക്‌ മുഴുവൻ ലാഭം നമുക്ക്‌​‍്‌ പകുതിയും. ടിക്കറ്റെടുക്കണമെന്ന്‌ സർക്കാരിന്റെ കർശന നിയമം വന്നപ്പോൾ ഒരു ദിവസം കണ്ടക്‌ടർ ഫിഫ്‌റ്റി വാങ്ങാതെ വെളിയിൽ നിന്ന ചെക്കറെ കണ്ണുകാണിച്ചു. കണ്ടോളാൻ, കണ്ടു. ‘പൊക്കി’. ഒരു രാത്രി മുഴുവൻ പോലീസ്‌ സ്‌റ്റേഷനിൽ ‘നിന്ന്‌’ ഉറങ്ങുകയും 250 രൂപ പിഴ അടയ്‌ക്കേണ്ടിയും വന്നു.

പൊതുസ്ഥലത്ത്‌ മൂത്രം ഒഴിച്ചതിന്‌ പിഴ അടയ്‌ക്കാൻ പോക്കറ്റിൽ കാശില്ലാത്തതുകൊണ്ട്‌ വേറൊരു ദിവസം കൂടി സ്‌റ്റേഷനിൽ കഴിയേണ്ടിവന്നു.

കറണ്ട്‌ കട്ട്‌ കാരണം ഉറക്കം ടെറസ്സിലൊക്കെയാകും. കറണ്ടില്ലെങ്കിൽ പലപ്പോഴും വെളളവും വരാറില്ല.

ജീവിതം വഴിമുട്ടിയപ്പോൾ ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചു. അതും പരാജയം. ട്രെയിനിനുമുമ്പിൽ തലവെക്കാൻ ഒരു ദിവസം മുഴുവൻ പാളത്തിൽ കിടന്നു. അന്ന്‌ മിന്നൽ പണിമുടക്കുകാരണം ട്രെയിൻ ഒന്നുമോടിയില്ല. വെറുതെ വെയിൽ കൊണ്ടത്‌ മിച്ചം. ഫാനിൽ തൂങ്ങി. ഭാര്യ 25% കിഴിവിൽ വാങ്ങിയ സാരി കിഴിവിനുപകരം 50% കീറി വീണ്‌ നടുവ്‌ ഉളുക്കിയത്‌ ബാക്കി. കീടനാശിനി മോന്തി. മായം ചേർന്നതുകാരണം ഒരാഴ്‌ചത്തേക്ക്‌ തുടർച്ചയായ വയറിളക്കം. എപ്പടി?

“ആത്മഹത്യ ചെയ്യാൻ നിങ്ങളെന്തിന്‌ ഇത്രയും ബുദ്ധിമുട്ടുന്നു? മലയാളമാസം ഒന്നാം തീയതി ഗുരുവായൂർ റൂട്ടിൽ കാൽനടയായി യാത്ര ചെയ്‌താൽപ്പോരേ, സുഖമായി മരിച്ചു കിട്ടില്ലേ?

അല്ലെങ്കിൽ കേരളത്തിലെ ഏത്‌ പോലീസ്‌ സ്‌റ്റേഷനിൽ ചെന്നാലാണ്‌ ഒന്നു തൂങ്ങാനുളള ഇലാസ്‌റ്റിക്‌ കിട്ടാത്തത്‌?” ദൈവം ആരാഞ്ഞു.

“അവസാനം ഡോക്‌ടർമാർ പണിമുടക്കിയതു കാരണം വേണ്ട ശുശ്രൂഷ ലഭിക്കാതെയാണ്‌ ഈയുളളവൻ ‘വടി’യായത്‌.

ഈ വക കാരണങ്ങൾ കണക്കിലെടുത്ത്‌ കുറഞ്ഞത്‌ അഞ്ചു വർഷമെങ്കിലും കൊൽക്കത്ത പോലുളള മഹാനഗരത്തിൽ ജീവിച്ച ഒരു സാദാ മലയാളിക്ക്‌ നിസ്സംശയം സ്വർഗ്ഗം കിട്ടേണ്ടതാണ്‌.

അല്ലാത്തപക്ഷം നരകത്തിൽ നിന്ന്‌ ഇടയ്‌ക്കിടെ സ്വർഗ്ഗത്തിലേക്ക്‌ പരോൾ എങ്കിലും അനുവദിക്കണം. ദാറ്റ്‌സോൾ യുവർ ഓണർ.”

“ചിത്രഗുപ്‌തൻ”

“എസ്‌ ബോസ്‌”

“കുഞ്ഞുരാമന്‌ സ്വർഗ്ഗത്തിൽ ഒരു സീറ്റ്‌ കൊടുക്കുക. പത്തുവർഷമെങ്കിലും കൊൽക്കത്ത പോലുളള മഹാനഗരത്തിൽ ജീവിച്ചു മരിച്ചുവരുന്ന മലയാളികളെ യാതൊരു വിചാരണയും കൂടാതെ നേരെ സ്വർഗ്ഗത്തിലേക്ക്‌ അയയ്‌ക്കാൻ നാം ആജ്ഞാപിക്കുന്നു. അങ്ങനെയുളളവർക്കായി കുറെ സീറ്റുകൾ സ്പെഷ്യൽ ക്വോട്ടായിൽ നീക്കി വയ്‌ക്കുക. ഇപ്രകാരം ഈ ആനുകൂല്യം ലഭിക്കാതെ പോയ അർഹരായവർക്ക്‌ മുൻകാല പ്രാബല്യത്തോടെ സ്വർഗ്ഗത്തിലേക്ക്‌ പ്രവേശനം ലഭിക്കുന്നതാണ്‌. ഇതുസംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം ഉടൻ തന്നെ പുറപ്പെടുവിക്കുന്നതായിരിക്കും. പത്തുവർഷത്തിൽ താഴെ ജീവിച്ചവർക്ക്‌ വർഷത്തിൽ ഒരിക്കൽ സ്വർഗ്ഗത്തിലേക്ക്‌ പരോൾ അനുവദിക്കുന്നതുമായിരിക്കും.”

ജനഗണമന!

Generated from archived content: humour-june30.html Author: ms_anandhan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here