പഴുത്
ചേക്കേറിയിരുന്നു
പക്ഷികൾ മുമ്പെൻ
ഹൃദയശാഖികളിൽ
കേട്ടിരുന്നവരുടെ
കുറുകൽ ഞാനുറങ്ങുവോളം
ഇപ്പോഴുച്ചിയിൽ
വീഴാറില്ല
പേരിന് പോലുമൊരു
കാക്കകാലിൻ തണൽ
ആകാശം ചുരത്തും
വെളളിടി ഭൂമിതൊടുന്നതിപ്പോൾ
ഞാനെന്ന പഴുതിലൂടെ.
****************
ഫോട്ടോഗ്രാഫ്
കണ്ണുകൾ തുറിച്ച്
പൊടികളടർന്ന്
കൈകാലുകളറ്റ്
മുലകളഴുകി
അടിവയർ പൊളിഞ്ഞ്
എന്തോ ഒന്ന്;
മിച്ചമെന്നാരുടേയോ
അടിക്കുറിപ്പോടെ.
****************
രസകരമെങ്കിലും
ഇടികേട്ട്
നടുങ്ങിയും
മിന്നൽ കണ്ട്
ചൂളിയും
ഇമവെട്ടിയും
ചോരാത്തൊരു
വീടിൻ മട്ടുപ്പാവിൽ
മഴ കണ്ടിരിപ്പത്
രസകരം;
എങ്കിലും
കണ്ടിരിക്കുംപോൽ
കാൽപനികമല്ല
മഴകൊണ്ടിരി-
പ്പെന്നാരാനും
പറഞ്ഞാലത്
കവിതയല്ലാതാകുമോ.
Generated from archived content: poem1_oct13.html Author: mr_renukumar