അടിമത്തംഃ ഓർമ്മ, അനുഭവം

സമാനതകൾ ഇല്ലാത്തവിധം തിക്തവും മനുഷ്യത്വരഹിതവുമായ ഒരു അനുഭവപരിസരമാണ്‌ അടിമത്തകാലത്തെ മറ്റേത്‌ സാമൂഹികാവസ്ഥയേക്കാളും ഭീകരമാകുന്നത്‌. ഏതുകാലത്തെ അടിമത്താനുഭവം പരിശോധിച്ചാലും അടിമകളായിരുന്നവർക്കും ഉടമകളായിരുന്നവർക്കും സാമൂഹികവും വംശീയവുമായ വ്യതിരിക്ത പൊതുസ്വഭാവങ്ങൾ ഉണ്ടായിരുന്നതായി കാണാൻ കഴിയും. അടിമകൾ കറുത്തവംശജരോ, തദ്ദേശിയരോ, ജാതിയിൽ താണവരോ ആയിരുന്നപ്പോൾ ഉടമകൾ വെളളക്കാരോ, വരത്തരോ ജാതിയിൽ ഉയർന്നവരോ ആയിരുന്നു. ഇത്‌ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിലവിലിരുന്ന&നിലവിലിരിക്കുന്ന അടിമത്ത&ഭാഗീകാടിമത്ത സമ്പ്രദായത്തിൽ വലിയ ഏറ്റക്കുറച്ചിലുകളില്ലാത്ത സാമൂഹ്യ സത്വങ്ങളായി അംഗീകരിക്കപ്പെട്ടിട്ടുളളതാണ്‌. തൊഴിൽ&ലൈംഗിക ചൂഷണത്തിനപ്പുറം മാനസിക&ആത്‌മീയ&സ്വത്വ ഛിദ്രീകരണങ്ങൾ കൂടി ഉറപ്പുവരുത്തുന്ന അടിമത്ത വ്യവസ്ഥ ഇന്ന്‌ വ്യാപകമായി പഴയ രൂപത്തിൽ നിലവിലില്ല എന്ന അറിവ്‌ ആശ്വാസകരമാണ്‌. എങ്കിലും ചിലയിടങ്ങളിൽ അടിമത്തം ഇപ്പോഴും നിലവിലുളളതായും മറ്റു ചിലയിടങ്ങളിൽ വ്യത്യസ്ത രൂപത്തിലും ഭാവത്തിലും ഇത്‌ നിലനിന്നു വരുന്നതായും നമുക്ക്‌ അറിവും അനുഭവവുമുണ്ട്‌. അടിമത്തം ചരിത്രാതീത കാലത്തെന്നോ അപരിഷ്‌കൃതമായ ഏതോ സമൂഹത്തിൽ നിലനിന്നിരുന്ന ഒരു സാമൂഹ്യ അനാചാരമാണ്‌ എന്നാണ്‌ ഒരു പൊതുവിചാരം. ഈ പൊതുവിചാരത്തിന്റെ സൃഷ്‌ടാക്കൾ അടിമത്തകാലത്തെ ഉടമകളും പ്രഭുക്കളും അവരുടെ ശിങ്കിടികളുമാണ്‌. അവർ തന്നെയാണല്ലോ വർത്തമാനകാലത്തിലെ ഉടമകളും.

നിയമം മൂലം നിർത്തലാക്കിയ ഒരനാചാരം എന്നതിനപ്പുറം തലമുറകളായി ചോരയിൽ പകർന്നു പേറുന്ന ഒരു ദളിതാനുഭവമാണ്‌ കേരളത്തിലെ ദളിതരെ സംബന്ധിച്ചിടത്തോളം അടിമത്തം. തിരുവനന്തപുരത്തെ സ്‌റ്റാച്യൂ ജംഗ്‌ഷനിലൂടെ മലക്കറി വാങ്ങിച്ചോണ്ടു പോകുമ്പോൾ മാർത്താണ്ഡവർമ്മ എട്ടുവീട്ടിൽ പിളളമാരെ ഇട്ടോടിച്ച കാലൻ ചരിത്രമാണ്‌ ബി.മുരളിക്ക്‌ (കഥാകൃത്ത്‌) ഓർമ്മവരുന്നതെങ്കിൽ, അവിടം കടക്കുമ്പോൾ ഒരു ദളിതന്‌ ഓർമ്മവരുന്നത്‌ തന്റെ അപ്പനേയും അമ്മയേയും സഹോദരങ്ങളെയും ഭിന്നദിക്കുകളിലേക്ക്‌ ആടിനേയും മാടിനേയും പോലെ വിറ്റ്‌ തുലച്ച ‘മുതുകാലൻ’ ചരിത്രമാവും. ഓർമ്മ ഒരു രൂപകമാവുമ്പോൾ വ്യതിരിക്ത സാമൂഹ്യപ്രതിനിധാനങ്ങൾ എങ്ങനെയാണ്‌ വർത്തമാനകാലത്തെ തിരിച്ചറിയുകയും അനുഭവിക്കുകയും ചെയ്യുന്നതെന്ന്‌ പഠിക്കപ്പെടേണ്ടതുണ്ട്‌. ഇപ്പോൾ ഒരു വ്യവസ്ഥ എന്നനിലയിൽ ഇല്ലെന്ന്‌ സമ്മതിച്ചാൽ തന്നെ ഓർമ്മയിലൂടെ അടിമത്തം അതിന്റെ നൃശംസതകൾ കീഴാള മനസ്സുകളിൽ മുദ്രിതമാക്കിയിട്ടുണ്ട്‌. ഇതേ ഓർമ്മ മേലാളമനസ്സുകളിൽ ഉടമാബോധത്തിലധിഷ്‌ഠിതമായ മേൽക്കോയ്‌മകൾക്കും അനുകൂല സാഹചര്യങ്ങൾക്കുമാണ്‌ കളമൊരുക്കുന്നത്‌. അടിമത്താനന്തരം ഉടമ സാമൂഹികമായും സാമ്പത്തികമായും വ്യക്തിപരമായും മെച്ചപ്പെടുമ്പോൾ അടിമ മേൽപറഞ്ഞ മേഖലകളിലെല്ലാം ചിതറിത്തകർന്ന്‌ പോകുന്നുവെന്നു മാത്രമല്ല, അവന്റെ സ്വത്വവും ആത്മാവും അളക്കുവാനാവാത്ത കടുത്ത അന്യവൽക്കരണത്തിന്‌ ഇരപ്പെടുകയും ചെയ്യുന്നു.

മേൽപ്പറഞ്ഞവിധം അടിമത്താനുഭവ വിചാരങ്ങളും നീറ്റലും ഉണ്ടായത്‌ അടുത്തയിടെ വായിച്ച ഒരു പുസ്‌തകം മൂലമാണ്‌. അടിമ വ്യാപാരനിരോധനം-ചരിത്രവും, പ്രധാന്യവും; അതാണ്‌ പുസ്‌തകത്തിന്റെ പേര്‌. ഇതെഴുതിയിരിക്കുന്നത്‌ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയിലെ ഗവേഷക വിദ്യാർത്ഥിയായ കെ.ടി. റജികുമാറാണ്‌. മുപ്പതോളം മാത്രം പേജുകളുളള ഈ ‘ചെറു’പുസ്‌തകത്തിൽ അടിമവ്യാപാര ചരിത്രത്തെക്കുറിച്ചുളള നിരവധി കാര്യങ്ങൾ ഉൾക്കൊളളിച്ചിട്ടുണ്ട്‌. അടിമത്തവും അതിന്റെ വ്യാപാരവും ലോകചരിത്രത്തിൽ ഏതുവിധേന വെളളക്കാരന്‌ വിഭവവും അധികാരവും ലഭിക്കാൻ കാരണമായെന്നും, തൽഫലമായി കറുത്ത വംശജർക്കുണ്ടായ തകർച്ചകളുടെ ആഴങ്ങളിലേക്കും ഈ കൃതി വെളിച്ചം വീശുന്നുണ്ട്‌. അമേരിക്കൻ നാടുകളിൽ അടിമത്തനിരോധനത്തിന്‌ ചുക്കാൻ പിടിച്ച ഏബ്രഹാം ലിങ്കൺ, മാർട്ടിൻ ലൂഥർ കിംഗ്‌, റാത്തഫ്‌ ബുഞ്ചെ തുടങ്ങിയവരും ഇതിൽ കടന്നുവരുന്നുണ്ട്‌. പ്രാചീന ഭാരതത്തിലും കേരള ചരിത്രത്തിലും അടിമത്തം നിലനിന്നിരുന്ന രീതികളെയും അതുണ്ടാക്കിയ സാമൂഹിക മാറ്റങ്ങളേയും ഈ കൃതി പരിശോധിക്കുന്നു. ഇതാ പുസ്‌തകത്തിൽ നിന്നും ചില ഭാഗങ്ങൾ.

കോട്ടയത്തെ തിരുനക്കര, കൊച്ചി, ആലപ്പുഴ, ചങ്ങനാശ്ശേരി, കോഴിക്കോട്‌, കായംകുളം, ആറ്റിങ്ങൽ, ചിറയിൻകീഴ്‌, തലശ്ശേരി, കണിയാപുരം, പേട്ട, തിരുവനന്തപുരം, കോവളം തുടങ്ങിയ സ്ഥലങ്ങൾ അടിമച്ചന്തകളായിരുന്നു. അടിമകളിൽ ഭൂരിഭാഗവും പുലയർ, പറയർ, ചെറുമർ, കുറവർ തുടങ്ങിയ ജാതികളിൽ പെട്ടവരും. ഇവരുടെ അടിമത്തം സ്വാഭാവികമായും ജന്മനാ നിർണ്ണയിക്കപ്പെട്ടിരുന്നു. പലരും അടിമസ്‌ത്രീകളെ വിലയ്‌ക്കു വാങ്ങിക്കൊണ്ടുപോയിട്ടുളളതായി ഇബ്‌നു ബതൂത്ത രേഖപ്പെടുത്തിയിട്ടുണ്ട്‌. ബർബോസ, ബർത്തലോമ്യ തുടങ്ങിയ സഞ്ചാരികളും ഇത്‌ ശരിവെച്ചിട്ടുണ്ട്‌. കൊച്ചിയിലെ പളളികൾ ഞായറാഴ്‌ച ഒഴികെയുളള ദിവസങ്ങളിൽ അടിമകളെ കെട്ടിയിടാനുളള ഗോഡൗണുകളായാണ്‌ ഉപയോഗിച്ചിരുന്നതെന്ന്‌ ഡോ. ഡേ എഴുതിയിട്ടുണ്ട്‌. 1836-ൽ തിരുവിതാംകൂറിലെ ജനസംഖ്യയുടെ പതിമൂന്ന്‌ ശതമാനം പേർ കാർഷിക അടിമകളായിരുന്നുവെന്ന്‌ ബ്രിട്ടീഷ്‌ മിഷനറിമാർ രേഖപ്പെടുത്തിയിട്ടുണ്ട്‌. ഇവരിൽ 90,598 പേർ പുലയരും, 38,625 പേർ പറയരും, 31,891 പേർ കുറവരും, 3,750 പേർ പളളരും ആയിരുന്നു. 1857 ൽ മലബാർ ജില്ലയിലെ പാലക്കാട്‌ ഡിവിഷനിൽ മാത്രം 89,000 അടിമകളുണ്ടായിരുന്നു. ഈ കാലയളവിൽ കേരളത്തിലാകെ 4,25,000-ത്തോളം അടിമകൾ ഉണ്ടായിരുന്നതായി കണക്കുകൾ പറയുന്നു.

അടിമ വ്യാപാരനിരോധനം കേരളത്തിൽ നിലവിൽ വന്നതിനെക്കുറിച്ചും, അതിന്‌ ആക്കം കൂട്ടിയ മിഷനറി പ്രവർത്തനങ്ങളെക്കുറിച്ചും ഈ പുസ്‌തകം പ്രതിപാദിക്കുന്നു. 1871-നും 1881-നുമിടയിൽ മലബാറിൽ ഏകദേശം 90,000 ചെറുമർ ഇസ്ലാംമതം സ്വീകരിച്ചിരിക്കാമെന്ന്‌ മദിരാശി സെൻസസ്‌ റിപ്പോർട്ട്‌ ചൂണ്ടിക്കാണിക്കുന്നു. 1901-ലെ തിരുവിതാംകൂർ സെൻസസ്‌ റിപ്പോർട്ടിലും അടിമകൾ ‘ഹിന്ദുമതം’ വിട്ടുപോയതിനാൽ ഹിന്ദു ജനസംഖ്യ താണുപോയതായി പ്രസ്താവനയുണ്ട്‌. അവസാന അധ്യായമായി 1948-ലെ ഐക്യരാഷ്‌ട്രസഭയുടെ മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ വിശദാംശങ്ങളും ഈ കൃതിയിൽ ഉൾക്കൊളളിച്ചിട്ടുണ്ട്‌. ഒരു ന്യൂനപക്ഷത്തിന്റെ അധികാരം ഊട്ടിയുറപ്പിച്ച വ്യവസ്ഥ എന്ന നിലയ്‌ക്കും മഹാഭൂരിപക്ഷത്തിന്റെ ജീവിതം താറുമാറാക്കിയ അവസ്ഥ എന്ന നിലയ്‌ക്കും നിർണായകമായ അടിമത്തത്തെക്കുറിച്ച്‌ അലോസരപ്പെടുത്തുന്ന വസ്‌തുതകളാണ്‌ ഈ കൃതി തുറന്നു കാട്ടുന്നത്‌.

Generated from archived content: essay1_aug24_05.html Author: mr_renukumar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleകഥ ചെന്നു കഥയോട്‌ കഥ ചൊല്ലി
Next articleചരിത്രരചനയിലെ കലാപം
കോട്ടയം ജില്ലയിലെ കാരാപ്പുഴയിൽ 1969ൽ ജനിച്ചു. സാമ്പത്തിക ശാസ്‌ത്രത്തിൽ എം.എ ബിരുദവും, സെന്റർ ഫോർ ഡെവലപ്‌മെന്റ്‌ സ്‌റ്റഡീസിൽ നിന്ന്‌ എം.ഫിൽ ബിരുദവും നേടി. 1994ലെ മഹാത്‌മാഗാന്ധി യൂണിവേഴ്‌സിറ്റി കലാപ്രതിഭ ആയിരുന്നു. യൂണിവേഴ്‌സിറ്റിയെ പ്രതിനിധീകരിച്ച്‌ പോസ്‌റ്റർ ഡിസൈനിംഗിൽ ദേശീയതലത്തിൽ സമ്മാനം നേടിയിട്ടുണ്ട്‌. കവിതയും കഥയും ലേഖനങ്ങളും എഴുതുന്നു. ആദ്യകവിത ‘മുഴുമിപ്പിക്കാത്ത മുപ്പതുകളിൽ’ കലാകൗമുദിയിൽ. ആദ്യകഥ ‘ഒറ്റമരം’ കഥ ദ്വൈവാരികയിൽ. മാധ്യമം, ചന്ദ്രിക, കലാവീക്ഷണം, സർഗധാര, ആശയസമന്വയം, ഓറ, തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ കവിത വന്നിട്ടുണ്ട്‌. ഇപ്പോൾ മഹാത്‌മാഗാന്ധി യൂണിവേഴ്‌സിറ്റിയിൽ സാമ്പത്തിക ശാസ്‌ത്ര ഗവേഷക വിദ്യാർത്ഥി. വിവാഹിതൻ. ഭാര്യഃ രേഖാരാജ്‌. വിലാസംഃ ചെമ്പരത്തി, മാന്നാനം പി.ഒ. കോട്ടയം - 686 561 Address: Post Code: 686 561

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English