ദലിതെഴുത്തിന്റെ ഇടം

സാമൂഹികവും സാംസ്‌കാരികവുമായ വരേണ്യപ്പെടാത്ത, മുന തേയാത്ത ഒരു വായനാരീതിയെ ഉറ്റുനോക്കുന്ന കാവ്യ സമാഹാരമാണ്‌ എം.ബി.മനോജിന്റെ ‘കൂട്ടാന്തതയുടെ എഴുപത്‌ വർഷങ്ങൾ’. തീഷ്‌ണവും മൗലികവും വ്യതിരിക്തവുമായ ചിലത്‌ ഇനിയും കണ്ടെത്തപ്പെടാനുണ്ട്‌ എന്നൊരു സൂചന മനോജിന്റെ കവിതകളിൽ ഉളളതായി ഓരോ വായനയിലും നമുക്ക്‌ ബോധ്യപ്പെടുന്നു. ശിഥിലവും സങ്കീർണ്ണവുമായ ‘തലേവര’യുളള വ്യതിരിക്‌ത പ്രതിനിധാനങ്ങളുടെ മുറവിളികളും അമർഷവും പ്രതിരോധവും ഈ സൂചനകളിൽ ആണ്ടുകിടപ്പുണ്ട്‌.

നാളിതുവരെയും തമസ്‌കരിക്കപ്പെടുകയോ പ്രതിലോമ ചിത്രീകരണങ്ങൾക്ക്‌ പാത്രമാവുകയോ ചെയ്‌തുവന്നിരുന്ന ഒരു ജനതതിയുടെ സാമൂഹ്യവും വ്യക്തിപരവുമായ അനുഭവങ്ങളെ വേറിട്ടൊരു കർതൃത്വസ്ഥാനത്തുനിന്ന്‌ എഴുതുന്നതുകൊണ്ടാണ്‌ പുതിയ എഴുത്തുകളിൽ തന്നെ മനോജിന്റെ കവിതകൾ ഭിന്നപ്പെടുന്നത്‌. ഈ ഭിന്നപ്പെടൽ എഴുത്തിൽ മാത്രം സംഭവിക്കുന്ന ഒന്നല്ല, ജീവിതത്തിലും സാമൂഹ്യ ഇടപെടലുകളിലും പാരമ്പര്യത്തെ വെല്ലുവിളിച്ചും തിരുത്തിയും, പുതിയ ജ്ഞാനാവബോധങ്ങളെ സ്വീകരിച്ചും ഈ ഭിന്നപ്പെടൽ നിർണായകമാവുന്നുണ്ട്‌. സമസ്‌ത മേഖലകളിലും കർതൃത്വങ്ങളായി മാറികൊണ്ട്‌ രൂപപ്പെടുന്ന ഈ വേർപെടലിനെ എഴുത്തിന്റെ മേഖലയിൽ ദലിത്‌ സാഹിത്യമെന്ന്‌ വിശേഷിപ്പിക്കാവുന്നതാണ്‌. അതൊരിക്കലും ജാതി സാഹിത്യമോ, കീഴാള സാഹിത്യമോ, വിഭാഗീയ സാഹിത്യമോ അല്ല. അത്‌ മലയാള സാഹിത്യത്തിന്‌ പുറത്തുമല്ല സംഭവിക്കുന്നത്‌. മലയാള സാഹിത്യത്തിലെ സവർണ്ണ&പുരുഷ മേൽക്കോയ്‌മകളെ പ്രതിസ്ഥാനത്ത്‌ നിർത്തി, അതിന്റെ സൗന്ദര്യശാസ്‌ത്രത്തെയും ഭാവുകത്വത്തെയും ഘടനാപരമായി അപനിർമ്മിച്ച്‌ സാഹിത്യത്തിനുളളിൽ നടക്കുന്ന പരിഷ്‌കരണമോ വീണ്ടെടുപ്പോ ആയാണ്‌ ദലിത്‌ സാഹിത്യം തിരിച്ചറിയപ്പെടേണ്ടത്‌. എതിർപ്പിനും വിമർശനത്തിനും കഷ്‌ടാനുഭവ വിവരണങ്ങൾക്കും അപ്പുറത്തേക്ക്‌ വികസിക്കാൻ പ്രാപ്‌തിയുണ്ട്‌ അതിന്‌. ദലിത്‌ ജീവിതത്തിന്റെ സമസ്‌ത സമസ്യകളെയും കുറിച്ചുളള എഴുത്തുകൾ ദലിത്‌ സാഹിത്യമാണ്‌. പ്രണയത്തിലും രതിയിലും, ക്രോധത്തിലും, വാത്സല്യത്തിലും തുടങ്ങി എല്ലാ അടിസ്ഥാന ജീവിത കാമനകളിലും പൊതുസമൂഹത്തിന്റേതിൽനിന്ന്‌ വ്യതിരിക്തമായി ദലിത്‌ സമൂഹം പ്രദർശിപ്പിക്കുന്ന അടയാളങ്ങൾ എഴുത്തായി മാറേണ്ടതുണ്ട്‌.

ദലിത്‌ സാഹിത്യമെന്ന്‌ പൊതുവിൽ വിവക്ഷിക്കുന്ന ഭൂമികയിൽനിന്ന്‌ അന്വേഷണാത്മകമായി പുരോഗമിക്കുമ്പോഴാണ്‌ മനോജിന്റെ കവിതകളുടെ ആഴം നമുക്ക്‌ ബോധ്യപ്പെടുന്നത്‌. മനോജിന്റെ കവിതകളെ നേരിടണമെങ്കിൽ ദലിത്‌ സാഹിത്യത്തെ നിർണയിക്കുന്ന കേവലമായ രീതികൾ കയ്യൊഴിയേണ്ടതുണ്ട്‌. എഴുത്ത്‌ പുതിയ അനുഭവങ്ങളിലേക്കും അറിവുകളിലേക്കും കടന്നുകയറുമ്പോൾ, പൊതുധാരയുടെ വായനാസാമഗ്രികൾ പുതുക്കപ്പെടണം എന്നു പറയുന്നതോടൊപ്പം നിലനിൽക്കുന്ന ദലിത്‌സാഹിത്യ നിർവ്വചനം കൂടി വീണ്ടെഴുതപ്പെടേണ്ടതുണ്ടെന്ന്‌ ചുരുക്കം. ദലിത്‌ സാഹിത്യത്തെ നിയതമായി നിർവ്വചിക്കുന്നവരെയും, ദലിത്‌ സാഹിത്യമെവിടെ എന്നു ചോദിക്കുന്നവരെയും വെട്ടിലാക്കാൻ ഉളളുറപ്പുളള അനന്യത മനോജിന്റെ കവിതകൾക്കുണ്ട്‌. സാഹിത്യമെന്ന നിയത സങ്കല്പത്തിന്‌ പരുക്കേൽപ്പിക്കുന്ന, ദലിത്‌ സാഹിത്യത്തിന്റെ സമഗ്രവിശാലതയിലേക്ക്‌ തുറക്കുന്ന ഏകജാലകമാണ്‌ ഈ കവിതകൾ.

ദലിതരെക്കുറിച്ച്‌ അറിഞ്ഞും അറിയാതെയും പൊതുസമൂഹം കാത്തുസൂക്ഷിക്കുന്ന ഭാവുകത്വം എത്ര വിചിത്രവും മാനുഷികവിരുദ്ധവുമാണ്‌ എന്നറിയാൻ മനോജിന്റെ പല കവിതകളും സന്ദർഭമൊരുക്കുന്നു. തൊലിയുടെ കറുപ്പും കറുത്തവരുടെ ഭാവഹാവാദികളും എത്ര വേണമെങ്കിലും അവമതിക്കും ഇകഴ്‌ത്തലിനും വിധേയമാവുന്നതിൽ നമുക്ക്‌ ഒരസ്വാഭാവികതയും തോന്നാറില്ല. കീഴാള ജാതികളിൽപ്പെട്ടവരെ മോശമായി പരാമർശിച്ചുകൊണ്ട്‌ എത്ര ചൊല്ലുകളാണ്‌ മലയാളഭാഷയിലുളളതെന്ന്‌ ഓർത്താൽ ഈ പരമാർത്ഥത്തിന്റെ ആഴം ബോധ്യപ്പെടും. ഇത്തരമൊരു യാഥാർത്ഥ്യത്തെ പച്ചയായി അവതരിപ്പിക്കാതെ, സ്ഥൂലവൽക്കരിക്കാതെ പ്രശ്‌നത്തിന്റെ സൂക്ഷ്‌മതയിലേക്ക്‌ കവി ഇടപെടുന്ന രീതി നോക്കുക.

വഴിപോക്കനെന്ന്‌ കരുതി

വാച്ചുമാനെന്നെ

ഇരുത്തിയളക്കുന്നു.

കറുത്ത ഉയരം കുറഞ്ഞ ഒരാളാണ്‌

ഒച്ചവെച്ചതെന്ന്‌ എസ്സോയും

പണിക്കാരനെപ്പോലെയാണ്‌

ഒരാൾ വരുന്നതെന്ന്‌

സഹപാഠിയും (യൂണിവേഴ്‌സിറ്റി ഒരു പാഠം)

അഭ്യസ്‌തവിദ്യനായ ദലിതനെ അധികാരത്തിന്റെ പുതിയ രൂപങ്ങളായ വിജ്ഞാന കേന്ദ്രങ്ങളിൽ എങ്ങനെ കാണുന്നു, സമീപിക്കുന്നു എന്ന്‌ വെളിപ്പെടുത്തുന്നു ഈ വരികൾ. ജ്ഞാനകേന്ദ്രങ്ങളിൽ നീതി തേടിയെത്തുന്ന ദലിതൻ വഴിപോക്കനായും കറുത്ത്‌ ഉയരം കുറഞ്ഞവനായും പണിക്കാരനായും തിരിച്ചറിയപ്പെടുന്നതിന്റെ സാമൂഹ്യശാസ്‌ത്രം മനസ്സിലാക്കാൻ സാമാന്യബുദ്ധി മതി. ഇതിന്‌ പിന്നിലെ അധീശബോധത്തിന്റെ അഗാധ സൂചനകൾ കാണാതെ പോകരുത്‌. മനോജിന്റെ ‘അനോണിമസ്‌’ എന്ന കവിതയിലും മേൽപ്പറഞ്ഞ ദലിത്‌ ശരീരം ‘നീളം വയ്‌ക്കാത്ത കഴുത്താ’യും മിനുസമില്ലാത്ത കൈകളായും വിനയപ്പെട്ടുകൊണ്ട്‌ പ്രത്യക്ഷമാകുന്നുണ്ട്‌. ദലിതിടപെടലിനോടും ശരീരത്തോടും ശരീരഭാഷയോടും പൊതുസമൂഹം വച്ചുപുലർത്തുന്ന നിസ്സാരതയും തിരസ്‌കാരവും, ദലിതർ സ്വയം കല്‌പിച്ചണിയുന്ന ആത്മനിന്ദയുടെ ചുരുളുകളുമാണ്‌ ഈ കവിതയിലൂടെ അഴിയുന്നത്‌.

കഠിനവും സങ്കീർണ്ണവും നിശ്ചലവുമായ ദലിത്‌ ജീവിതത്തിന്റെ കാവ്യപ്പകർപ്പുകൾ സൃഷ്‌ടിക്കാൻ ഭൂമിയോട്‌ തന്റെ ശരീരം എത്ര വേണമെങ്കിലും ചേർത്തുപിടിക്കാൻ മനോജ്‌ ഒരുക്കമാണ്‌. ദലിത്‌ ജീവിതത്തിന്‌ പ്രകൃതിയോടുളള വായ്പ്‌ ഈ കവിതകൾ പ്രത്യക്ഷമാക്കുന്നു. ‘പാറകളി’ലെ ചില വരികൾ ശ്രദ്ധിക്കുക.

ഉറവകൾ കണ്ണീരാണ്‌

ഉറച്ച പാറകളോരോന്നും

വളരുന്ന കറുത്ത മനുഷ്യരാണ്‌

ഉറവകളെ കണ്ണീരായും പാറകളെ വളരുന്ന മനുഷ്യരായും (പൊതുസമൂഹത്തിനത്‌ ജലസ്രോതസ്സും പരസ്യ പലകയുമാണ്‌) കാണുവാനുളള കാവ്യനിഷ്‌കളങ്കത ഭൂമിയോടുളള ഈ ചേർപ്പിന്റെ ഫലമാണ്‌.

കപ്പിയറിയാതെ തൊട്ടിയറിയാതെ

ഉച്ചസൂര്യന്റെ മഞ്ഞളിപ്പും

പൂർണ്ണചന്ദ്രന്റെ പുഴുക്കുത്തും

കിളിയെ വിഴുങ്ങുന്ന മേഘത്തെയും

ഓളം വെട്ടുന്ന തണുപ്പിൽ

നാം പഠിച്ചുവെക്കുന്നു (കിണർ)

എന്നെഴുതുന്നതിൽ തിരസ്‌കൃതമായ ഒരു പ്രകൃതി ദൃശ്യത്തിന്റെ വീണ്ടെടുപ്പ്‌ കൂടിയുണ്ട്‌. കിണർ തനിക്ക്‌ എങ്ങനെയാണെന്ന്‌ കവി പ്രഖ്യാപിക്കുന്നു. കിണറ്റിൽ കവി കാണുന്നത്‌ പുഴുക്കുത്ത്‌ വീണ ചന്ദ്രനെയാണ്‌. കിണറ്റിലെ സൂര്യൻ മഞ്ഞളിച്ചിട്ടാണ്‌. കിണർ ഇനിയും കാണേണ്ട ഒരു കണ്ണാടിയാണെന്ന്‌ നാമറിയുന്നു. പ്രകൃതിയുമായുളള വ്യതിരിക്ത സംവേദനത്തിലൂടെയാണ്‌ കവി പൂവിനെ വെടിഞ്ഞ്‌ മറ്റൊരു കവിതയിൽ (കിന്നാരം) ഇലകളെ കൈപിടിച്ചുയർത്തി അവയ്‌ക്ക്‌ അർത്ഥം കൊടുക്കുന്നത്‌.

ഇലകൾ പ്രണയത്തിന്റെ അടയാളങ്ങളാണ്‌

പച്ചക്കൊടി വീശാൻ മാത്രം പഠിച്ചവർ

നീർച്ചാട്ടം നോക്കിനിന്നവർ

പ്രണയത്തിന്റെ സ്വാഭാവിക ചിഹ്നങ്ങളായി പൂവുകൾ (പ്രത്യേകിച്ചും ചുവന്ന) വിരിയുന്ന കാവ്യലോകത്ത്‌ പ്രണയമായി ഇലകളെ (പച്ച=പ്രകൃതി) അടയാളപ്പെടുത്താൻ കഴിയുന്നത്‌ തനതായ ഒരു സ്വത്വനിർമ്മിതിയുടെ ഇടപെടൽ മൂലമാണ്‌. പുറമെ നിസ്സാരമെന്ന്‌ തോന്നിപ്പിക്കുമെങ്കിലും പാരമ്പര്യനീരാസത്തിന്റെ ശക്തമായ അടിയൊഴുക്കുകൾ ഈ പ്രണയചിഹ്നവ്യതിയാനത്തിൽ അന്തർലീനമായിട്ടുണ്ട്‌.

ഇനിയും രൂപപ്പെട്ടിട്ടില്ലാത്ത ഒരു ദലിത്‌ രാഷ്‌ട്രീയത്തിന്റെ ഉരുവം കൊളളലിനായുളള പ്രാർത്ഥനകൾ കവിതകളിൽ മനോജ്‌ നിറച്ചുവെക്കുന്നു. സവർണ്ണ സൗന്ദര്യമൂലത്തെ ദ്യോതിപ്പിക്കുന്നതോ പിന്താങ്ങുന്നതോ ആയ ഒറ്റപ്പദം പോലും നമുക്ക്‌ ഇവിടെ കാണാൻ കഴിയുകയില്ല. ദലിത്‌ ജീവിതത്തിന്റെ സമകാല നിശ്ചലതയ്‌ക്ക്‌ കാരണമായിട്ടുളള ഇടതുപക്ഷ രാഷ്‌ട്രീയത്തോടും പലവിധേന ഈ കവിതകൾ ഇടയുന്നുണ്ട്‌.

ആധുനികവും ഉത്തരാധുനികവുമായ വൈവിധ്യപൂർണ്ണമായ ദലിതാനുഭവത്തിന്റെ കാവ്യപ്പകർപ്പുകൾ കൊണ്ട്‌ സമ്പന്നമായ ഈ സമാഹാരത്തിൽനിന്ന്‌ മേൽപറഞ്ഞ സവിശേഷതകൾ പേറുന്ന എത്ര വേണമെങ്കിലും ഉദ്ധരണികൾ കണ്ടെടുക്കാവുന്നതാണ്‌. മലയാള കാവ്യലോകത്ത്‌ ഇന്നേവരെ കടന്നുവരാത്ത എത്ര പദങ്ങളാണ്‌ മനോജ്‌ തന്റെ കവിതകളിൽ ചേർത്തിരിക്കുന്നത്‌. ഇതാ കുറെ പദങ്ങൾഃ മുഞ്ഞി, ചെരുക്ക്‌, നൂറാൻ കിഴങ്ങ്‌, തിരിനൂറ്‌, മഴക്കി, മരോട്ടി, പൊട്ടമരത്തോൽ, മലതൊഴുതി, ചൂളാൻ. പദങ്ങളുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ മനോജിന്റെ കവിതകളെ ‘പ്രാദേശികശൈലിയുടെ ചൂരും ചൊടിയുമുളള കവിത’ എന്നാണ്‌ സച്ചിദാനന്ദൻ വിശേഷിപ്പിച്ചിട്ടുളളത്‌. പെരിങ്ങലവും പേഴിഞ്ചയും കൈക്കലയും അരഞ്ഞാണിയും ഉളുമ്പും ഈത്തായും സാധാരണ കവിതകളിൽ കാണുന്ന പദങ്ങളല്ല എന്നും അദ്ദേഹം മനോജിന്റെ ‘കിണർ’ എന്ന കവിതയെ ഉദ്ധരിച്ചുകൊണ്ട്‌ പറഞ്ഞിട്ടുണ്ട്‌. ‘ആരും പ്രയോഗിക്കാത്ത വാക്കുകൾ വെട്ടിയ കുറ്റിയിൽ തളിർത്തിരിക്കുന്ന രക്തനാമ്പുകൾ പോലെ അഗ്‌നിപ്രഭ പടർത്തുന്നുണ്ട്‌’ എന്ന്‌ മനോജിന്റെ കവിതകളിലെ പദങ്ങളെ മുൻനിർത്തി ഡി.വിനയചന്ദ്രനും അഭിപ്രായപ്പെട്ടിട്ടുണ്ട്‌.

കൂട്ടാന്തതയുടെ എഴുപത്‌ വർഷങ്ങൾ(കവിത), എം.ബി.മനോജ്‌, ഡി.സി ബുക്‌സ്‌, പേജ്‌ ഃ 51, വിലഃ 30.00

Generated from archived content: book3_nov30_05.html Author: mr_renukumar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleചെസ്സ്‌ കളിക്കാൻ പഠിക്കാം
Next articleഒരു ആഫ്രിക്കൻ യാത്ര
കോട്ടയം ജില്ലയിലെ കാരാപ്പുഴയിൽ 1969ൽ ജനിച്ചു. സാമ്പത്തിക ശാസ്‌ത്രത്തിൽ എം.എ ബിരുദവും, സെന്റർ ഫോർ ഡെവലപ്‌മെന്റ്‌ സ്‌റ്റഡീസിൽ നിന്ന്‌ എം.ഫിൽ ബിരുദവും നേടി. 1994ലെ മഹാത്‌മാഗാന്ധി യൂണിവേഴ്‌സിറ്റി കലാപ്രതിഭ ആയിരുന്നു. യൂണിവേഴ്‌സിറ്റിയെ പ്രതിനിധീകരിച്ച്‌ പോസ്‌റ്റർ ഡിസൈനിംഗിൽ ദേശീയതലത്തിൽ സമ്മാനം നേടിയിട്ടുണ്ട്‌. കവിതയും കഥയും ലേഖനങ്ങളും എഴുതുന്നു. ആദ്യകവിത ‘മുഴുമിപ്പിക്കാത്ത മുപ്പതുകളിൽ’ കലാകൗമുദിയിൽ. ആദ്യകഥ ‘ഒറ്റമരം’ കഥ ദ്വൈവാരികയിൽ. മാധ്യമം, ചന്ദ്രിക, കലാവീക്ഷണം, സർഗധാര, ആശയസമന്വയം, ഓറ, തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ കവിത വന്നിട്ടുണ്ട്‌. ഇപ്പോൾ മഹാത്‌മാഗാന്ധി യൂണിവേഴ്‌സിറ്റിയിൽ സാമ്പത്തിക ശാസ്‌ത്ര ഗവേഷക വിദ്യാർത്ഥി. വിവാഹിതൻ. ഭാര്യഃ രേഖാരാജ്‌. വിലാസംഃ ചെമ്പരത്തി, മാന്നാനം പി.ഒ. കോട്ടയം - 686 561 Address: Post Code: 686 561

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English