പുരുഷന്റെ വാരിയെല്ല്‌

ഓണം കഴിഞ്ഞാൽ കാലം വെളുത്തു. വിഷു കഴിഞ്ഞാൽ കാലം കറുത്തു- ഇത്‌ പഴമക്കാരുടെ നാക്കിലുളളത്‌. ഗൾഫിൽ നിന്ന്‌ വേഴാമ്പലിനെ പോലെ വന്ന സത്യവാന്‌ വിഷു ഒരു പുത്തൻ അനുഭൂതിയായി. അച്‌ഛനോടൊത്ത്‌ ഓർമ്മ വെച്ചപ്പോൾ കിട്ടിയ ആഘോഷത്തിൽ മകൾ തിമിർത്താഹ്ലാദിച്ചു.

ഒരു വിഷുക്കാലത്താണ്‌ സത്യവാൻ സാവിത്രിയുടെ കഴുത്തിൽ താലി ചാർത്തിയത്‌. തലേന്നു രാത്രിയുണ്ടായ അവിചാരിത കാറ്റും മഴയും മൂലം കല്ല്യാണപ്പന്തൽ ഇടിഞ്ഞുപൊളിഞ്ഞു. അന്ന്‌ പലരുടെയും നാവിൽ ഒരേ പല്ലവി. പെണ്ണ്‌ ധാരാളം തേങ്ങ തിന്നിരിക്കുന്നു, അതാ ഈ മഴ!

കാലം കറുക്കുവാനുളള സൂചനപോലെ വിഷുവിനു ശേഷം ഒന്നുരണ്ടു മഴ പെയ്‌തു.

ദിവസങ്ങൾ നീങ്ങിക്കൊണ്ടിരിക്കെ സത്യവാന്റെ വേവലാതി വർദ്ധിച്ചു. അയാൾ സാവിത്രിയോടു പറഞ്ഞുഃ “തിരിച്ചു പോവാൻ ഇനി ദിവസങ്ങൾ ഏറെയില്ല. അതിനിടെ, ഒരുല്ലാസയാത്ര തരപ്പെടുത്തിയാലെന്താ…”

ആവേശത്തോടെയുളള സാവിത്രിയുടെ സ്വരം, കുറെ നാളായി ഞാനും സത്യേട്ടനോട്‌ പറയാൻ വിചാരിക്കുന്നു കുന്തിപ്പുഴയിൽ പോവാൻ….

“കുന്തിപ്പുഴയിലോ? വേണ്ട, നമുക്ക്‌ മലമ്പുഴ അണക്കെട്ട്‌ കാണാം… അവിടെ…”

സത്യവാൻ പാലക്കാട്‌ എഞ്ചിനീയറിങ്ങ്‌ കോളേജിൽ പഠിച്ചിരുന്ന കാലത്ത്‌ അവിടെ ഉണ്ടായ അനുഭവങ്ങളും കാഴ്‌ചകളും മനോമുകുരത്തിൽ തെളിഞ്ഞു.

സാവിത്രി കുന്തിപ്പുഴയുടെ സൗന്ദര്യപ്രകീർത്തനം തുടങ്ങി. സാവിത്രിയുടെ ആങ്ങള അവിടെ കോളേജ്‌ ലെക്‌ചറർ ആണ്‌. സാവിത്രി ഒരു മാനസികോല്ലാസത്തിനു ചിലപ്പോഴെല്ലാം അവിടെ പോയി താമസിച്ചിട്ടുണ്ട്‌.

“എന്നാൽ ശരി.” സത്യവാൻ പറഞ്ഞു. “മണ്ണാർക്കാട്‌ ചെന്ന്‌ അളിയനെയും ഭാര്യയെയും കൂട്ടി മലമ്പുഴക്ക്‌ പോകാം…”

അങ്ങനെ അവർ ഒരുദിവസം നിശ്‌ചയിച്ചു. എന്നാൽ ഓരോ ദിവസവും കാർമേഘം ഉരുണ്ടുകൂടിക്കൊണ്ടിരുന്നു. മഴ പെയ്യുവാനുളള തകൃതിയായ ഒരുക്കം.

“ദൈവമേ പരിപാടി കഴിഞ്ഞിട്ട്‌ മഴ പെയ്‌താൽ മതിയേ…” സാവിത്രി പ്രാർത്ഥിച്ചു.

രാവിലെ പുറപ്പെട്ടാൽ ഉച്ചയോടെ മണ്ണാർക്കാടെത്താം. അളിയൻ ശനിയും ഞായറും ഒഴിവായിരിക്കുമല്ലോ ആ ദിവസങ്ങളിൽ ഇങ്ങോട്ട്‌ പുറപ്പെട്ടേക്കുമോ?

ഇല്ല, ഞാൻ വിവരമറിയിച്ചിരുന്നു.

പുലർച്ചെ ഉണരണമെന്ന ഉദ്ദേശത്തോടുകൂടി നേരത്തെ ഉറങ്ങാൻ കിടന്നെങ്കിലും ഏതോ യാമത്തിൽ സാവിത്രി ഞെട്ടിയുണർന്ന്‌, പുറത്ത്‌ ചെവി വട്ടം പിടിച്ച്‌, സഹശയനം കൊളളുന്നവനെ തട്ടിവിളിച്ചറിയിച്ചു. “സത്യേട്ടാ മഴ കോരിച്ചൊരിയുകയാണ്‌.”

ഉറക്കം മുറിഞ്ഞ ആലസ്യത്തിൽ സത്യവാൻ ഉരുണ്ടു പിരണ്ട്‌ ദേഷ്യഭാവത്തിൽ ശബ്‌ദിച്ചു. “പുലരുമ്പോഴേക്ക്‌ മഴ തോരുമായിരിക്കും. ങാ, നീ കിടന്നുറങ്ങാൻ നോക്ക്‌..”

മോളെ കൂട്ടാതിരിക്കാനുളള അടവ്‌ വിജയിച്ചില്ല. അവൾ എല്ലാവരെക്കാളും നേരത്തെയുണർന്നു. കരഞ്ഞു കണ്ണു കലക്കി. അമ്മയുടെ അമർഷം വാഗ്‌രൂപത്തിൽ. “കുഞ്ഞുമോളേം കൂട്ടി താണ്ഡവമാടുന്ന ഈ മഴയത്ത്‌ എങ്ങോട്ട്‌ ഇറങ്ങിപ്പുറപ്പെടാനാ നിങ്ങളുടെ ഭാവം. ശിവ!ശിവ! എല്ലാം നന്മക്കാകേണമേ…”

പകൽ പിറന്നപ്പോൾ മഴ ശമിച്ചു. എങ്കിലും ഇടവഴിയിലും പറമ്പിലും മുട്ടിനു മേലെ വെളളം തളം കെട്ടിനിന്നിരുന്നു.

രാത്രിയിൽ സാവിത്രിയും അളിയനും പഴയ കഥകൾ പറയാൻ തുടങ്ങി.

“ഒരു ദിവസം കളളൻ വന്നത്‌…” സാവിത്രി ഉണർത്തി. അളിയനും സാവിത്രിയും ചിരിച്ചു.

“കളളൻ വന്നതിനെന്തിനാ ഇങ്ങനെ ചരിക്കുന്നേ… അല്ലെങ്കിൽ തന്നെ കളളനെയും പ്രേതത്തെയും സാവിത്രിക്ക്‌ വല്ലാത്ത പേടിയാ…”

“അളിയൻ കേക്ക്‌, ഒരുദിവസം ഉമ്മറ വാതിലിൽ ആരോ മുട്ടി.” അളിയൻ ചിരിയിൽ തുടർന്നു. “ആരാന്ന്‌ വീണ്ടും വീണ്ടും ചോദിച്ചിട്ട്‌ ഒരു മിണ്ടാട്ടവുമില്ല. ആളെ തമാശയാക്കുംപോലെ നിർത്തിയും തുടർന്നും മുട്ട്‌ ആവർത്തിച്ചു. അയലത്തെ ടീച്ചറിനെയും മാഷിനെയും ഉണർത്തി വാതിൽ തുറന്നപ്പോൾ കണ്ടതെന്താ..?”

സാവിത്രിയുടെ കണ്ണിൽ സന്ദേഹത്തിന്റെ അമ്പുകൾ വജ്രമായി നിൽക്കെ സത്യവാൻ പറഞ്ഞു. “ഒരാട്‌, അല്ലെ?”

സാവിത്രിയുടെ വദനത്തിൽ ഇപ്പോൾ അതിശയത്തിന്റെ മാണിക്യം. “ഇതെങ്ങനാ, ഇത്ര പെട്ടെന്ന്‌ മനസ്സിലായത്‌?”

ഇതുപോലൊരു സംഭവം തന്റെ വീട്ടിൽ നടന്നതായി സത്യവാൻ കേട്ടിട്ടുണ്ട്‌. അമ്മ അത്‌ അയവിറക്കുമ്പോൾ അതിന്നൊരു തന്മയത്വം ഉണ്ടാകും, അമ്മയുടെ പാടവം അളിയനും സാവിത്രിക്കും ഇല്ലാതെ പോയി. അതുകൊണ്ട്‌ അതിന്റെ ഗാംഭീര്യം നഷ്‌ടപ്പെട്ടു.

സാവിത്രി പറഞ്ഞു. “ഈ സത്യേട്ടനുണ്ടല്ലോ എല്ലാം വേഗം മനസ്സിലാക്കി കളയും!”

കുന്തിപ്പുഴയെ കുറിച്ച്‌ തുടങ്ങിയത്‌ സാവിത്രി. അവൾക്ക്‌ കുന്തിപ്പുഴ വല്ലാത്ത ഹരം!

ചീവീടിന്റെയും തവളയുടെയും പഞ്ചവാദ്യങ്ങൾക്കനുസരിച്ച്‌ കുന്തിപ്പുഴ കളകള ഗാനം പാടി. മന്ദം മന്ദം ഒഴുകുന്ന കുന്തിപ്പുഴയ്‌ക്ക്‌ നാടൻ പെണ്ണിന്റെ നൃത്തലാസ്യം!

ചിലപ്പോൾ കുന്തിപ്പുഴ ഭദ്രകാളിയാകും. മരണപ്പാച്ചിലിൽ കൈയിൽ കിട്ടുന്നതെന്തും കൊണ്ടുപോകും. ഈയിടെ അവൾ കുലം കുത്തിയൊഴുകിയപ്പോൾ ഒരു പിഞ്ചുബാലനെയും കൊണ്ടുപോയി.

അവർ വളരെ നേരം സംസാരിച്ചിരുന്നിട്ടും അളിയന്റെ ഭാര്യ അതിലൊന്നും പങ്കു ചേരാത്തതിൽ സത്യവാനു വേദന തോന്നി. പിന്നെ അയാൾ സ്വയം ആശ്വസിച്ചു, പരിചയക്കുറവു കൊണ്ടായിരിക്കും. കല്യാണം കഴിഞ്ഞ ഉടനെ ഗൾഫിലേക്ക്‌ കടന്നതല്ലേ. എന്നാലും സാവിത്രി പറഞ്ഞ കാര്യങ്ങൾ സ്‌ത്രീകൾ തമ്മിലുളള കുശുമ്പുകൊണ്ടാണെന്ന്‌ പറയാനും വയ്യ. അവളുടെ അഞ്ച്‌ ആങ്ങളമാരുടെ ഭാര്യമാരിൽ മൂന്നുപേരെ കുറിച്ച്‌ അവൾ നല്ലതേ പറഞ്ഞിരുന്നുളളൂ. ഒരാളെ ഹിസ്‌റ്റീരിയ എന്ന ഇനത്തിൽ മാറ്റി നിർത്താം. പക്ഷെ, ഈ സ്‌ത്രീയുടെ സ്വഭാവദൂഷ്യം അമിതമായ സമ്പത്തും ലാളനയും കൊണ്ടല്ലേ. ദേഷ്യം വന്നാൽ ചിലപ്പോൾ സാവിത്രി പറയും, നിങ്ങൾക്കൊക്കെ കിട്ടേണ്ടത്‌ ലക്ഷ്‌മിയേടത്തിയെ പോലെയുളളവരെയാ.. പാവം ശിവേട്ടനായതുകൊണ്ടാ അവരെ ഒപ്പം പൊറുപ്പിക്കുന്നത്‌.

കൊച്ചേ, അത്‌ മനസ്സിലിരുന്നോട്ടെ. സത്യേട്ടൻ ശിവേട്ടനാകുമെന്ന്‌ കരുതി ഭൂമിയിൽ കാലുറപ്പിച്ച്‌ നിക്കാതിരിക്കണ്ട,ട്ടോ..

വായടക്കുന്ന വർത്തമാനമാണ്‌ സത്യേട്ടനിൽ നിന്ന്‌ വരുക. ശിവേട്ടൻ കമാന്നൊരക്ഷരം ലക്ഷ്‌മിയേട്ടത്തിയുടെ മുഖത്തു നോക്കി പറയുന്നുണ്ടോ?

സാവിത്രിയുടെ അച്‌ഛൻ വലിയൊരു ജന്മിയായിരുന്നു. പലതും വിറ്റു. ബാക്കി മൂന്നു പെൺമക്കൾക്കും കൊടുത്തു. അന്ത്യ സന്താനമായ സാവിത്രിക്ക്‌ ഒന്നും ലഭിച്ചില്ല. സത്യവാന്‌ അതിലൊന്നും കണിശമില്ല. എങ്കിലും താമസിക്കുന്ന പുരയും കുറച്ചു സ്ഥലവും കണ്ണടക്കുന്നതിനുമുമ്പ്‌ സാവിത്രിയുടെ പേരിൽ എഴുതിവെക്കാൻ അച്‌ഛൻ ആലോചിക്കുന്നതായി സത്യവാനറിയാം.

ലക്ഷ്‌മിയുടെ അച്‌ഛനുമായുളള സാവിത്രിയുടെ അച്‌ഛന്റെ ബന്ധം ഒരു പറമ്പ്‌ കച്ചവടം മുതൽ തുടങ്ങിയതാണ്‌. ലക്ഷ്‌മിയുടെ അച്‌ഛനു സാവിത്രിയുടെ അച്‌ഛന്റെ പകുതി പ്രായമേ കാണു. ഇരുവരും നല്ല മനുഷ്യരാണ്‌. ലക്ഷ്‌മിയുടെ അച്‌ഛൻ കച്ചവടത്തോടൊപ്പം ഒരു ബന്ധവും കൂടി ഉറപ്പിച്ചു. അന്ന്‌ അളിയൻ പഠിക്കുകയായിരുന്നു. പഠിത്തം കഴിഞ്ഞ്‌ ട്രസ്‌റ്റ്‌ കോളജിൽ ജോലി വാങ്ങിക്കൊടുത്തതും ലക്ഷ്‌മിയുടെ അച്‌ഛൻ തന്നെ. വ്യവസായ പ്രമുഖനായ അയാൾ നാട്ടിൽ നല്ല സ്ഥാനമാനങ്ങൾ അലങ്കരിച്ചിരുന്നു. പക്ഷേ, കരിമ്പിനു കമ്പ്‌ കേട്‌ പോലെയാണ്‌ ലക്ഷ്‌മി. അളിയന്റെ എണ്ണിച്ചുട്ട അപ്പം ഒന്നിനും തികയാത്ത അവസ്ഥ. പക്ഷേ, ശ്വശുരനു മരുമകനെ തേൻ പോലെ ഇഷ്‌ടം. എന്തു വേണമെങ്കിലും ചെയ്‌തുകൊടുക്കുവാനുളള സന്മനസ്സ്‌. അളിയന്റെ വരുമാനം പ്രശ്‌നമേയല്ല. എന്നിട്ടും പ്രശ്‌നമുണ്ടാക്കുന്നത്‌ ലക്ഷ്‌മിയാണ്‌. സാധാരണ ഒരു കോളേജ്‌ ലെക്‌ച്ചററുടെ ശമ്പളം കൊണ്ട്‌ അല്ലലും അലട്ടും ഇല്ലാതെ ജീവിക്കാവുന്നതാണ്‌. പക്ഷേ, അളിയന്റെ ഗതി മറിച്ച്‌. എന്നും ആവലാതിയും വേവലാതിയും ലക്ഷ്‌മിയുടെ നാക്ക്‌ കൊണ്ടുളള കസർത്ത്‌ അയാളെ എന്നും വേദനിപ്പിച്ചു.

“എന്നും അച്‌ഛനെ ആശ്രയിക്കാന്നാ നിങ്ങളുടെ വിചാരം. മകൾ വലുതാവുന്നത്‌ കണ്ടില്ലാന്ന്‌ നടിക്കാൻ പറ്റ്വോ? നിങ്ങളുടെ എണ്ണിച്ചുട്ട അപ്പം എന്തിനാ തികയാ…എല്ലാരും ഇപ്പോ ഗൾഫിലേക്കല്ലേ പോവുന്നത്‌. അവിടുന്ന്‌ വാരിക്കൊണ്ട്‌ വന്നാലെ എല്ലാറ്റിനും തികയൂ..” ലക്ഷ്‌മിയുടെ വാക്കുകൾ അതേ രൂപത്തിൽ സാവിത്രി അവതരിപ്പിച്ചപ്പോൾ സത്യവാനു ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല.

അളിയൻ ഒന്നും പറയ്യുല്ല. ഒരു പഞ്ചപാവം. പക്ഷെ, ഈ പഞ്ചപാവം ക്ലാസ്സ്‌ എങ്ങനെയാണ്‌ നിയന്ത്രിക്കുന്നതെന്ന്‌ സത്യവാൻ ഒരു ദിവസം സാവിത്രിയോടു ചോദിച്ചു.

“ശിവേട്ടൻ നിങ്ങള്‌ വിചാരിക്കുന്നതു പോലെയല്ല. മൂപ്പരുടെ ക്ലാസ്സിൽ സൂചി വീണാൽ കേൾക്കും.”

“പക്ഷേ, ആ ശിവേട്ടൻ എങ്ങനെയാ ലക്ഷ്‌മിയുടെ ഒരു വാലാട്ടിയാവുന്നത്‌?”

“ലക്ഷ്‌മിയേടത്തിക്ക്‌ ഒരു സാരി വാങ്ങാൻ മൂന്നും നാലും പ്രാവശ്യം ബസാറിൽ പോവേണ്ടിവരും.”-സാവിത്രി നീരസം തളം കെട്ടിയ മുഖവുമായി തുടർന്നു. “കടയിൽ നിന്ന്‌ തിരഞ്ഞെടുത്ത ബ്ലൗസ്‌ പീസ്‌ വീട്ടിൽ എത്തിയാൽ ചിലപ്പോൾ യോജിച്ചില്ലെന്ന്‌ പറയും, സാരി പോലും മാറ്റി വാങ്ങേണ്ട ഗതികേട്‌ എത്രയോ ഉണ്ടായിട്ടുണ്ട്‌. കാറുളളതുകൊണ്ട്‌ അപ്പപ്പോൾ പറക്കാം.”

“എന്താ, നിനക്ക്‌ ഒരു ലക്ഷ്‌മിയാവാൻ തോന്നുന്നുണ്ടോ?”

“അയ്യെടാ, എന്നാപ്പിന്നെ നല്ല ചേലായ്‌.”

കുന്തിപ്പുഴയുടെ തീരമാണെങ്കിലും അവിടെ ഒരു വാടക വീട്ടിൽ താമസിക്കാൻ ലക്ഷ്‌മിയേടത്തിക്ക്‌ തീരെ ഇഷ്‌ടമില്ല. ബസ്സിലിരുന്ന്‌ സാവിത്രി അടക്കിപ്പിടിച്ച സ്വരത്തിൽ പറഞ്ഞു. “ചെറിയ വീട്ടിലെ അസൗകര്യത്തെപറ്റി ശിവേട്ടന്റെ നെഞ്ചത്ത്‌ കുത്തുംപോലെ അവർ എപ്പോഴും പെരുപ്പിച്ച്‌ പറഞ്ഞുകൊണ്ടിരുന്നു.”

കുന്തിപ്പുഴയുടെ കളകള നാദത്തെ ഭേദിച്ച്‌ പുറത്ത്‌ മഴയുടെ ആരവം. മിന്നിന്റെ ശലകങ്ങൾ തുറന്നിട്ട ജനലിൽ കൂടി അകത്തു പ്രകാശം മിന്നിച്ചുകൊണ്ടിരുന്നു. ആകാശത്തിൽ വലുതും ചെറിയതുമായ ഇടികൾ മുഴങ്ങി. സാവിത്രി മോളുടെ അടുത്തേക്ക്‌ പാഞ്ഞു. അളിയൻ ഒരു സിഗരറ്റിനു തീ കൊളുത്തി മനസ്സിലെ വിചാരങ്ങൾ വലിച്ച്‌ പുറത്തിട്ടു. “താമസിയാതെ ഒരു സൗകര്യമുളള വീട്‌ വെക്കണം. എന്നിട്ട്‌ കുട്ടികളെ ഇങ്ങോട്ട്‌ കൂട്ടണം. ഈ വീട്‌ ഒന്നിനും പോരാ.. അതോണ്ടുളള വെഷമം ഉണ്ട്‌. സാരല്ല, എല്ലാം ശ്വശുരൻ ഏറ്റിട്ടുണ്ട്‌.”

അളിയന്റെ ഊഷ്‌മളസ്വീകരണത്തിന്റെ ആതിഥേയ സ്വരം വാതിലിന്റെ മറവിൽ നിന്ന്‌ ഇഴഞ്ഞെത്തിയ അപസ്വരം അപഹരിച്ചു. “ഈ ചെറ്റക്കുടിൽ കാണാനാ എല്ലാരെം ഇങ്ങോട്ട്‌ ക്ഷണിച്ചിരിക്കുന്നേ.. പിന്നെ ഒരു കാര്യം, എന്റെ മുറി ഒഴിഞ്ഞ്‌ കൊടുത്ത്‌ ഞാൻ മറ്റെങ്ങും കെടക്കൂല്ല ഞാനാദ്യേ പറഞ്ഞേക്കാം.”

ഉറക്കം കണ്ണുകളിൽ നിറയാൻ തുടങ്ങി. ലക്ഷ്‌മി ഉറങ്ങിയോ, ആവോ?

കിടപ്പറ ഒഴിഞ്ഞു തരാനുളള അളിയന്റെ ശ്രമം പ്രാവർത്തികമാക്കാൻ പ്രയാസമുളള ഒന്നായി മാത്രം കണ്ട്‌ അളിയന്റെ ആത്മാർത്ഥതക്കു മുന്നിൽ നമിച്ച്‌, ആ മുഖത്തു നിറഞ്ഞുനിന്ന നിസ്സഹായത വായിച്ചെടുത്തു മൃദുസ്വരത്തിൽ സത്യവാൻ അറിയിച്ചു, “അളിയൻ പോയ്‌ക്കോളൂ, ഞങ്ങൾ ഇവിടെ സിറ്റൗട്ടിൽ കിടന്നോളാം.”

അളിയൻ സോഫാ കം ബെഡ്‌ നിവർത്തി അകത്തുനിന്ന്‌ ഒരു മേറ്റ്രസ്‌ കൊണ്ടുവന്ന്‌ അതിന്മേലിട്ടു. അകത്തു ഉറങ്ങിക്കിടന്ന മകളെ വാരിയെടുത്തുവന്ന്‌ സാവിത്രി നിലത്തുവിരിച്ചതിൽ കിടത്തി.

ഉറങ്ങാൻ കിടന്നപ്പോഴും സാവിത്രി കുന്തിപ്പുഴയുടെ സ്വപ്‌ന സാമ്രാജ്യത്തിൽ.

മന്ദം മന്ദം ഒഴുകുന്ന പുഴയുടെ കളകള നാദം ശൃംഗാര രസം പകർന്നെങ്കിലും സത്യവാന്റെ മനസ്സ്‌ ലക്ഷ്‌മിയെ അപഗ്രഥനം ചെയ്യുകയായിരുന്നു. അയാൾ സാവിത്രിയോട്‌ ഒച്ചയടക്കി പറഞ്ഞു, “നോക്കണേ അളിയന്റെ ഒരു പങ്കപ്പാട്‌ എന്നാലും ഇങ്ങനെ ഒരു സ്‌ത്രീയുണ്ടോ? ഒന്നു മിണ്ടിയാൽ നാക്കിറങ്ങിപ്പോവുമോ?”

“ഇഷ്‌ടത്തി അങ്ങനയാ…ഏട്ടന്റെ മേത്ത്‌ പാഞ്ഞ്‌ കേറാൻ ആയിരം നാക്കാ..”

എത്രയും നേരത്തെ പാലക്കാട്ടേക്ക്‌ പുറപ്പെടാൻ സത്യവാൻ കൊതിച്ചു. പക്ഷേ, അളിയൻ വെറുതെ വൈകിക്കുന്നു. ക്ഷമയുടെ നെല്ലിപ്പടി കണ്ടപ്പോൾ അയാൾ സാവിത്രിയോട്‌ ചോദിച്ചു. “പോവാനെന്താ തടസ്സം?”

“ഏട്ടൻ കൊണ്ടുവന്ന സാരി ഒന്നും തന്നെ ഏട്ടത്തിക്കു പിടിക്കുന്നില്ല.” സാവിത്രി മന്ത്രിക്കുന്നതുപോലെ പറഞ്ഞു. “എന്റെ സാരി കണ്ടിട്ട്‌ ഏട്ടനെ ഇട്ട്‌ വട്ടം കറക്കുകയാ മൂപ്പത്തി. സാരി ചേരുമ്പോൾ ബ്ലൗസ്‌ യോജിച്ചതാവില്ല. ഇപ്പോൾ, പുതിയൊരെണ്ണം തൈക്കാൻ കൊടുത്തിരിക്ക്യാ. ദൈവത്തിനറിയാം, അതെപ്പോ തുന്നിക്കിട്ടൂന്ന്‌. കിട്ട്യാൽ തന്നെ ചേരുവോന്ന്‌ ഉടയതമ്പുരാനു മാത്രെ അറിയൂ!” സാവിത്രിയുടെ നിശ്വാസം മുറിയിലാകെ പരന്നു.

“അതു ശരി, അതിനാ അളിയൻ അങ്ങോട്ടുമിങ്ങോട്ടും നെട്ടോട്ടം ഓടിക്കൊണ്ടിരിക്കുന്നത്‌?”

“അല്ലാതെയോ?”

“നിന്റെ വശം ഫോറിൻ സാരി ഒന്നില്ലേ അവർക്ക്‌ ഉടുക്കാൻ കൊടുക്കാൻ?”

“ഉടുത്തതുടുക്ക്വോ അവർ? സാവിത്രി പരിഭവിച്ചു. സത്യം പറഞ്ഞാൽ നാത്തൂന്മാർക്കൊക്കെ വീതിച്ച്‌ കൊടുത്ത്‌ എനിക്ക്‌ കിട്ടിയത്‌ രണ്ടെണ്ണമാ…സത്യേട്ടനറിയോ?”

“അപ്പോ, ലക്ഷ്‌മിയേട്ടത്തിക്കും കൊടുത്തു കാണ്വല്ലോ, എന്തേ അതില്ല്യേ?”

“അതണിയില്ലത്രെ, പുത്തൻ വേണം…” സാവിത്രി പല്ലു ഞെരിച്ചു. മുഖം വെട്ടിച്ചു.

ഒടുവിൽ ഒരു നിർണ്ണായക നിമിഷത്തിൽ എല്ലാവരും കൂടി മലമ്പുഴയിലേക്ക്‌ പുറപ്പെട്ടു. സത്യവാൻ ലക്ഷ്‌മിയുടെ ഉടയാടകളിൽ ശ്രദ്ധിച്ചു. മുന്നിൽ നടക്കുന്നത്‌ ഒരു നോക്കുകുത്തിയാണോ എന്നയാൾ സംശയിച്ചു. ഇതിനാണോ ഈ സ്‌ത്രീ അളിയനെ ഇത്രയേറെ പ്രയാസപ്പെടുത്തിയത്‌?

അളിയൻ ഒന്നും സംഭവിക്കാത്ത മട്ടിൽ മുഖത്ത്‌ പ്രസരിപ്പ്‌ പടർത്തി കളിതമാശകളിൽ മുഴുകി അനന്തിരവളുടെ കൈപിടിച്ച്‌ കൊഞ്ചിക്കുന്നു. അപ്പോൾ അയാളും ഒരു കൊച്ചുകുട്ടിയായി മാറി. അളിയന്റെ മുന്നിൽ എല്ലാം എപ്പോഴും പ്രഭാമയം. യഥാർത്ഥത്തിൽ ഈ മനുഷ്യൻ ആരാണ്‌?

ജീവിതം എവിടെ ചെന്നെത്തി, എങ്ങനെ ചെന്നെത്തി എന്നതൊന്നും ഓർക്കാതിരിക്കുകയായിരിക്കും നല്ലത്‌. എങ്കിലും, എവിടെയോ വായിച്ച ഒരു വചനം മനസ്സിൽ കടന്നുവരുന്നു. വാരിയെല്ലുകൾ കൊണ്ട്‌ തീർത്തതാണ്‌ സ്‌ത്രീ. വളച്ചാൽ പൊട്ടും.

സത്യവാൻ പലപ്പോഴും സാവിത്രിയെ ഉണർത്തി. “ലക്ഷ്‌മിയാവാൻ നോക്കേണ്ട. ഈ സത്യവാനു ശിവനാകാൻ പറ്റില്ല.”

സാവിത്രിയുടെയും ലക്ഷ്‌മിയുടെയും സ്വഭാവത്തിനു വളരെ അന്തരമുണ്ട്‌. സത്യം പറഞ്ഞാൽ സാവിത്രി ഉടയാടകൾക്കോ മറ്റെന്തെങ്കിലും കാര്യങ്ങൾക്കോ സത്യവാനെ ബുദ്ധിമുട്ടിക്കുമായിരുന്നില്ല. ഒന്നിനും പരിഭവമില്ല. പരിഭവം സ്‌നേഹത്തിന്റെ മറ്റൊരു വശമായിരിക്കുമോ? പകലന്തിയോളം തമ്മിൽ തമ്മിൽ തർക്കിച്ചും ശണ്‌ഠകൂടിയും ജീവിക്കുന്ന ദമ്പതികൾ ഉറക്കറയിൽ ഇണപിരിയാത്തവരായിരിക്കും. പക്ഷെ, സാവിത്രിക്കും സത്യവാനും എന്താണ്‌ സംഭവിച്ചത്‌? ഒരാൾ അനുസരിപ്പിക്കാൻ ശ്രമിക്കുന്നു. മറ്റെ ആൾ അനുസരിക്കാതിരിക്കുന്നു. ഒരു മൽപ്പിടുത്തം. ഒരു കമ്പവലി. ഏതെങ്കിലും ഒരു ഭാഗത്ത്‌ ചായാൻ കൂട്ടാക്കാത്ത മുറുകിയ ബലാബലം. ഒടുവിൽ….

ലോകത്തിൽ പല ദമ്പതിമാരും വിവാഹ മോചിതരായിട്ടുണ്ട്‌. ചാൾസ്‌ രാജകുമാരനും ഡയാനയും ബന്ധം വേർപെടുത്തി. പ്രേമിച്ചു വിവാഹം കഴിച്ച ഇമ്രാൻ ഖാനും ജെമീമയും ദാമ്പത്യബന്ധം സലാം പറഞ്ഞു.

ഒരായിരം പീത ബൾബുകൾ കത്തിച്ച്‌ കൊന്ന പൂത്തു നിന്നു. പക്ഷെ, സത്യവാന്റെ മനസ്സിലിപ്പോൾ ഒരു വെളിച്ചവുമില്ല. അതെന്നോ കെട്ടു പോയിരിക്കുന്നു. ജീവിതം ഏകാന്തതയിൽ തളച്ചിട്ടിരിക്കുന്നു. താളാത്മകത നഷ്‌ടപ്പെട്ട ജീവിതത്തിൽ മകൾ മാത്രമായിരുന്നു ഏക ലക്ഷ്യം. പക്ഷെ, അവൾ നിഷ്‌ക്കാസിതയായപ്പോൾ ജീവിതം ലക്ഷ്യമില്ലാത്ത പൊങ്ങുതടി പോലെയായി. എല്ലാ ദുഃഖങ്ങളും അയാൾ മദ്യത്തിൽ മുക്കി.

വൈകിയുണർന്ന സത്യവാന്റെ തല വല്ലാതെ കനം വെച്ചിരുന്നു. ഹാങ്ങ്‌ ഓവർ മാറാൻ വീണ്ടും കുടിക്കണം. പക്ഷേ, കുപ്പിയിൽ ഒരു തുളളി പോലുമില്ല. നിരാശയാൽ അയാൾ അത്‌ വലിച്ചെറിഞ്ഞു.

സത്യവാൻ കൊന്നപ്പൂവിന്റെ മനോഹാരിതയിലേക്ക്‌ കണ്ണുകളെറിഞ്ഞു. വർഷാനുവർഷം വിഷു അവസരത്തിൽ മാത്രം കാണാൻ കഴിയുന്ന കാഴ്‌ച. ഈ പൂവ്‌ ഇപ്പോൾ, തന്നെ ഏതോ സ്‌മരണയിലേക്ക്‌ വിളിച്ച്‌ കൊണ്ടുപോവാൻ വേണ്ടി മാത്രം പൂക്കുന്നതാണ്‌. മനസ്സിന്റെ മന്ത്രണം ഏതോ കാലടിവെപ്പുകളായി അയാളെ ആഹ്ലാദത്തിലേക്ക്‌ വലിച്ചിഴയ്‌ക്കാൻ ശ്രമിച്ചപ്പോൾ വീടിന്റെ മുന്നിൽ വന്നുനിന്ന ഒരു കാർ അയാളുടെ കണ്ണുകളിലേക്ക്‌ ഇഴഞ്ഞുകയറി. ആരൊക്കെയാണ്‌ അതിൽ നിന്നിറങ്ങുന്നത്‌? തന്നെ കാണാൻ ആരും വരില്ലെന്നറിയാം. എങ്കിലും ആരായിരിക്കും?

നോട്ടത്തിന്റെ മിഴികളിൽ അളിയന്റെ രൂപം നിറഞ്ഞു.

കണ്ണുകളെ വിശ്വസിക്കാനാവാത്തവിധം അയാൾ ഒന്നുകൂടി നോക്കി. അളിയൻ മാത്രമല്ല ലക്ഷ്‌മിയും കുട്ടികളുമെല്ലാമുണ്ട്‌. അവരുടെ കൂടെ മകൾ സരിതയുണ്ടോ? കണ്ണുകൾ പരതി. എന്താണാവോ? ഇവരുടെ കൂട്ടത്തോടെയുളള വരവിന്റെ ഉദ്ദേശ്യം? കണ്ണിവിട്ടുപോയ ബന്ധത്തെ കൂട്ടിയിണക്കാൻ വളരെ യത്നിച്ച ഒരു വ്യക്തിയായിരുന്നു അളിയൻ. സാവിത്രിയുമായുളള ബന്ധത്തെ തുടർന്നു അളിയനുമായി വളരെ വലിയ ബന്ധം സ്ഥാപിച്ചെടുത്തിരുന്നു. പക്ഷേ, ആ സൗഹൃദത്തിനു ഇപ്പോഴും കോട്ടം തട്ടിയിട്ടില്ല എന്നതിന്റെ തെളിവാണല്ലോ കുടുംബത്തോടെയുളള ഈ തിരക്കിവരൽ. അളിയനെ അവസാനമായി കണ്ടത്‌ മകൾ പരിത്യക്തമായ അവസരത്തിൽ. മകളെ കണ്ടുപിടിക്കാൻ അളിയൻ കൊണ്ടുപിടിച്ച ശ്രമങ്ങളൊക്കെ നടത്തിയെങ്കിലും ഫലമുണ്ടായില്ല. അവളുടെ എഴുത്ത്‌ സത്യവാന്റെ മനസ്സിൽ മുഴച്ചുനിന്നു. അച്‌ഛൻ എനിക്ക്‌ വിവാഹക്കാര്യം അന്വേഷിക്കേണ്ട. ദാമ്പത്യത്തിന്റെ മഹിമ ഞാൻ കണ്ടറിഞ്ഞതാണ്‌.

അളിയന്റെ അഭിവാദ്യത്തിനു സത്യവാൻ പ്രത്യാഭിവാദ്യം ചെയ്‌തതിനുശേഷം കൂട്ടിച്ചേർത്തു. “അളിയൻ ഇപ്പോൾ മനസ്സിൽ കടന്നതെയുളളൂ അപ്പോളാ ഈ വരവ്‌!”

“ഇരിക്കാനൊന്നും നേരമില്ല. വളരെ ധൃതിയിലാ. വന്ന കാര്യം പറയാം. മോൾക്ക്‌ കല്യാണം ആയിരിക്കുന്നു.” അളിയൻ നീട്ടിയ കവർ സത്യവാൻ വിറക്കുന്ന കൈയിൽ വാങ്ങി.

“ലക്ഷ്‌മിയും ഞാനും അളിയന്റെ അടുത്തേക്ക്‌ പുറപ്പെടുമ്പോൾ മിനിക്ക്‌ സരിയുടെ ഡാഡിയെ കാണണമെന്ന ആശ. അവളും കൂടെ വരാൻ തുടങ്ങിയപ്പോൾ രണ്ടാൺകുട്ടികളും ചാടിയിറങ്ങി.”

സത്യവാൻ മിനിയെ അടുത്തു ചേർത്തുനിർത്തി ശിരസ്സിൽ തലോടി. മിനിയും സരിയും സമപ്രായക്കാരാണ്‌. സത്യവാന്റെ കണ്ണിൽ നീരു നിറഞ്ഞു. അയാൾ അത്‌ ആരും കാണാതെ കൈകൊണ്ടു തുടച്ചു. എന്നിട്ട്‌ ഉപചാര വാക്കുകളിലേക്ക്‌ കടന്നു. “നിങ്ങളെ വേണ്ടപോലെ സൽക്കരിക്കാൻ ഇവിടെ ആരുമില്ല.”

“അതുപോകട്ടെ, അളിയൻ കല്യാണത്തിനു നിർബന്ധമായും വരണം.”

അളിയൻ കൽപ്പനയെ മറി കടക്കാനെന്നപോലെ ചോദിച്ചു.“അളിയന്റെ അസുഖം എങ്ങനെയുണ്ട്‌?”

“ഇപ്പോൾ അൾസർ മാത്രമല്ല, ഒരു മാതിരി എല്ലാം ഉണ്ട്‌. പാചകത്തിനു വേണ്ട ഉപ്പ്‌, പഞ്ചസാര, ഗ്യാസ്‌ മുതലായ സാധനങ്ങളൊക്കെയും..”

സത്യവാൻ ചിരിയിൽ ചോദിച്ചു. “അതിനു മരുന്നും പഥ്യവും മുറക്കെടുക്കുന്നുണ്ടോ?”

“കൊളളാം!” മിനി പറഞ്ഞു. “ഡോക്‌ടർ ഉപദേശിച്ചത്‌ സിഗരറ്റ്‌ തൊടരുതെന്നാണ്‌. എന്നാൽ, ഡാഡി ഒരു ദിവസം രണ്ട്‌ പാക്കറ്റ്‌ വലിക്കും. നേരം കിട്ടുമ്പോളൊക്കെ ശീട്ടിന്റെ മുന്നിലും.”

മമ്മി കേൾക്കാതിരിക്കാൻ വായ അടക്കിപ്പിടിച്ചാണ്‌ മിനി അവസാന വാചകം മൊഴിഞ്ഞത്‌.

നിസ്സഹായത വാക്കുകളായി അളിയന്റെ നാക്കിൽ രൂപം പ്രാപിച്ചു. “എന്താ അളിയാ ചെയ്യാ…” അളിയൻ ലക്ഷ്‌മിയുടെ നേർക്ക്‌ കണ്ണയച്ച്‌ തുടർന്നു. “ഈ ടെൻഷൻ ഒഴിവാക്കാൻ മറ്റെന്തു മാർഗ്ഗം?” ലക്ഷ്‌മി കണ്ണുരുട്ടി അളിയനെ ഉഴിഞ്ഞു.

മമ്മിയേക്കാൾ അടുപ്പം ഡാഡിയോടാണെന്ന്‌ തോന്നിക്കും വിധത്തിലാണ്‌ കുട്ടികൾ അളിയനെ പൊതിഞ്ഞുകൊണ്ട്‌ നിന്നിരുന്നത്‌. മമ്മി ഡാഡിയെ പഴി ചാരുന്നത്‌ കുട്ടികൾ ഇഷ്‌ടപ്പെട്ടിരുന്നില്ല. അവർ എപ്പോഴും ഡാഡിയുടെ ഭാഗത്താണ്‌. ഡാഡിയുടെ ചുറ്റും ഒരു മൂവർ സംഘം സംരക്ഷണത്തിനു നിലയുറപ്പിച്ചിട്ടുണ്ടെങ്കിലും ലക്ഷ്‌മിയുടെ ആയിരം നാക്കിനു ഒരു കുറവും ഇല്ല. അതുകൊണ്ട്‌ അളിയന്റെ ടെൻഷനും ഭേദമില്ല. സിഗരറ്റും ശീട്ടുമുണ്ടെങ്കിൽ അളിയൻ എല്ലാം മറക്കും.

അതിഥികൾ പോയപ്പോൾ സത്യവാന്റെ മനസ്സിൽ വീണ്ടും ആ വാക്കുകൾ തികട്ടിവന്നു. പുരുഷന്റെ വാരിയെല്ലുകൊണ്ടാണ്‌ സ്‌ത്രീയെ സൃഷ്‌ടിച്ചത്‌. വളച്ചാൽ പൊട്ടും.

Generated from archived content: story1_apr21.html Author: mpa_kasim

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English