പ്രേമം ഫൂ! അങ്ങനെയൊന്നില്ല
കാമവും മരണവുമാണ് സത്യം!!
1
മരിക്കാൻ വേണ്ടി ജനിക്കുന്നു
ജനിക്കാൻ വേണ്ടി മരിക്കുന്നില്ല
മരണം വെളുപ്പ്-ഒരു മണമുളള വെളുപ്പ്
ജനനം ചോപ്പ്-ഒരു മണമില്ലാച്ചോപ്പ്
വൈരം വിളിച്ചു ജനനം അറിയിക്കുന്നത്
വെളിച്ചത്തിലേക്കുളള പ്രയാണവേദന
ജനനത്തിനു എമ്പാടും ഊരാക്കുടുക്കുകൾ
മരണം-ശാന്തം, സൗമ്യം, സുന്ദരം!
2
കാമത്തെ കുറിച്ചു പറയാംഃ
കണ്ണില്ല, മൂക്കില്ല, ചെവിയില്ല
(ഒരു അറുപഴഞ്ചൻ ആശയം)
രൂപവും, മണവും ശബ്‌ദവുമുണ്ട്
(ഒരു പുതുപുത്തൻ ആശയം)
എച്ചിലിനെ അത്തറാക്കുന്ന കാമത്തിനു
മതവും ജാതിയും വർഗ്ഗവുമന്യം;
പൂവും മുളളുമെന്ന അന്തരമേയില്ല.
പണ്ഡിതനും പാമരനും ഒരേ തട്ടിൽ
നിറവും രൂപവും ആകൃതിയുമപ്രസക്തം.
മിഥ്യയായ മാന്യതയും പദവിയും
ബലി കൊടുക്കുന്ന സ്വർഗ്ഗം!
3
കാമത്തിന്റെ പൊയ്‌മുഖമാണ് പ്രേമം!
കാമുകി, കാമുകൻ, കമിതാക്കൾ-ജീവപദം
പ്രേമുകി പ്രേമുകൻ പ്രേമിതാക്കൾ-ജഡപദം
നിത്യയായ ഒന്നിനെ മിഥ്യയായ ഒന്നുകൊണ്ട്
തടയിടുമ്പോൾ കിട്ടുക മൃത സ്വത്വം!
കാമത്തിന്റെ പ്രകടനമായ ശൃംഗാരം
പ്രേമത്തിന്റെതാണെന്ന് നടിക്കുന്നു.
പ്രകടനത്തിനു ഇണക്കമാണ് പ്രധാനം
ഇണക്കം ലിംഗഭേദമാകണമെന്നില്ല
പ്രകൃതിവിരുദ്ധമെന്ന് പേരിടുന്നതും
പുച്ഛിക്കുന്നതും ആശാസ്യമേയല്ല.
ആദികാലം തൊട്ട് ദൈവവും മനുഷ്യനും
കാമത്തെ കുറിച്ചാണ് കലഹിച്ചത്
കാമവികാരം നിയമചട്ടങ്ങൾക്ക്
അതീതമെന്ന് ആദ്യം തെളിയിച്ചത്
സൊഡോംനഗരവും പറുദീസാനഷ്‌ടവും.
പ്രേമം ഫൂ! അങ്ങനെയൊന്നില്ല
കാമവും മരണവുമാണ് സത്യം!!
Generated from archived content: poem1_may26.html Author: mpa_kasim