കണ്ണാടിക്കൂട്ടിലെ പ്രതിമ

പുരാതനമായ കോട്ടപോലെ തോന്നിക്കുന്ന പോലീസ്‌ സ്‌റ്റേഷനു മുന്നിൽ അയാൾ വാഹനത്തിനു വേണ്ടി കാത്തുനിന്നു. സ്‌റ്റേഷന്റെ മുന്നിലുളള പളളിമിനാർ ഘടികാരത്തിൽ സമയം ഒമ്പതു കഴിഞ്ഞു മുപ്പതുമിനിറ്റ്‌ എന്ന്‌ കാണിച്ചു. വൈകിത്തുറക്കുന്ന കടകളും തുറന്നു കഴിഞ്ഞിരുന്നു.

ഏത്‌ നിമിഷവും ഇരച്ചുവന്ന്‌ മുന്നിൽ മുരളിച്ചയുമായി നിൽക്കുന്ന വണ്ടിയിൽ നിന്നും കാലമാടൻ പറയും ‘കേറ്‌ വേഗം, തന്നെ ഞാൻ എവടെയെല്ലാം തെരഞ്ഞു…’

വണ്ടിയുടെ കാര്യമോർത്തപ്പോൾ അയാളുടെ മുഖത്ത്‌ ജാള്യത പടർന്നു. അയാൾക്ക്‌ പോവേണ്ടത്‌ അങ്ങകലെ മണൽകാട്ടിലാണ്‌. മരം കോച്ചുന്ന തണുപ്പ്‌, തമ്പുശയനം, പഞ്ചേന്ദ്രിയങ്ങളിലും അടിച്ചുകയറുന്ന പൊടിക്കാറ്റ്‌, എല്ലാം അയാളെ അസ്വസ്ഥനാക്കി. ഇപ്പോൾ അയാൾ ഒരു ഊറിച്ചിരിയിൽ മനോവിചാരം ചെയ്യുകയാണ്‌. ഇത്‌ ഒരു ഉത്തരവാണ്‌, ഇതിനുവേണ്ടി തിരഞ്ഞെടുക്കപ്പെട്ടവർ അനുസരിച്ചേ പറ്റൂ…

നഗരം എത്ര സുന്ദരം, ഇവിടെ എന്തെല്ലാം ദൃശ്യങ്ങൾ കാൺമാനുണ്ട്‌. ഇവയിൽ നിന്നെല്ലാം പിന്മാറി പാമ്പുകളും തേളുകളും മറ്റനേകം ഇഴജന്തുക്കളുമുളള ആ മണൽക്കാട്ടിൽ… ഹോ! അയാൾക്ക്‌ കരച്ചിൽ വന്നു.

പെട്ടെന്ന്‌, മുന്നിലൂടെ പതിയെ നീങ്ങിക്കൊണ്ടിരുന്ന ഒരു ബെൻസ്‌ കാറിൽ താൻ എത്രയോ അന്വേഷിച്ച്‌ നടന്നിട്ടും കാണാതിരുന്ന ഒരു സൗന്ദര്യദൃശ്യം കണ്ടപ്പോൾ അയാൾ അതിശയത്തിന്റെ ആകാശക്കോട്ട കയറി. വണ്ടി ഓടിച്ച്‌ കൊണ്ടിരുന്ന തടിച്ചു കറുത്ത അറബിയുടെ അരികെ വലതു സീറ്റിൽ ഇരിക്കുന്ന മദ്ധ്യ പൗരസ്ത​‍്യ ദേശക്കാരിയായ യുവസുന്ദരിയുടെ സ്‌ഥൂലഗാത്രത്തിൽ ബ്യൂട്ടി പാർലർ വേലകൾ മുഴച്ചു നിന്നിരുന്നുവെങ്കിലും അവൾ തന്റെയുളളിലെ സൗന്ദര്യമൂർത്തിക്ക്‌ സമാനമായിരിക്കുമെന്നുതന്നെ അയാൾ കരുതി, എങ്കിലും ആ നാടൻ സൗന്ദര്യം?

പുരോഗമനത്തിന്റെ പാതയിൽ ഗ്രാമ്യമായതെല്ലാം നഷ്‌ടപ്പെടുകയാണ്‌. പക്ഷേ, അയാളുടെ ഉളളിന്റെയുളളിൽ നഷ്‌ടപ്പെടാത്ത ഗ്രാമ്യ സൗന്ദര്യം കിലുങ്ങിഃ ‘ആലീ കോലീ മീങ്കോലീ, കണ്ടത്തിലാലീ സൈദാലീ…’ ഉയർന്ന കൊളളിന്മേൽ നിന്ന്‌ ഒരു സുന്ദരിക്കുട്ടി ഇമ്പമാർന്ന ഈണത്തിൽ പാടി. ഇടവഴിയിൽ നിന്ന്‌ ആൺകുട്ടികൾ അവൾക്കുവേണ്ടി പലതരം കളികൾ കളിച്ച്‌ തിമിർത്തു. പക്ഷേ, ഒരാൺകുട്ടിമാത്രം അവളുടെ സൗന്ദര്യത്തിൽ ഭ്രമിച്ച്‌ അരിപ്പൂക്കാടിന്റെ കുന്നിക്കുരു പോലുളള കറുത്ത പഴങ്ങൾ ചവച്ച്‌ തിണ്ടു ചാരിനിന്നു. അവന്റെ ഉളളിൽ അവളുടെ ഗന്ധംപോലെ അരിപ്പൂ മണം പടർന്നു….

മണൽക്കാട്ടിലെ ആവലാതികളും വേവലാതികളും മറന്ന്‌ അയാൾ ഒരു സ്വപ്‌ന സാമ്രാജ്യത്തിലേക്ക്‌ കടന്നു കൊണ്ടിരിക്കെ അതിനു വിഘ്‌നം വരുത്തുംവിധം ഒരു കൈകൊട്ട്‌ ശബ്‌ദം കേട്ടു. അവസാനമായി തുറന്ന കടയിൽ നിന്ന്‌ പയ്യൻ ആംഗ്യത്തോടെ എന്തോ വിളിച്ച്‌ പറയുന്നു. മുമ്പ്‌ തന്റെ ഫ്ലാറ്റിൽ താമസിച്ചിരുന്ന പയ്യനാണല്ലോ എന്ന്‌ തിരിച്ചറിഞ്ഞ്‌ അവൻ എന്താണ്‌ വിളിച്ച്‌ പറയുന്നതെന്ന്‌ മനസ്സിലാകാതെ അയാൾ മെല്ലെ അവന്റെ അടുത്തേക്ക്‌ നീങ്ങി. പയ്യൻ കട സജ്ജീകരിക്കുന്നതിനിടയിൽ കുശലാന്വേഷണങ്ങളിൽ ഏർപ്പെട്ടു.

അലമാരയിൽ അടുക്കി വെച്ചിട്ടുളള പുത്തൻ തുണിത്തരങ്ങൾ കൗതുകപൂർവ്വം അയാൾ നോക്കിക്കൊണ്ടിരിക്കുമ്പോൾ പയ്യൻ ചോദിച്ചു. വല്ലതും വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ടോ? ഇല്ല എന്ന്‌ അയാൾ മെയ്യ്‌ കുലുക്കി പറഞ്ഞു.

പെട്ടെന്നൊരു കാഴ്‌ച അയാളെ ഉടക്കി നിർത്തി. മൂന്നു പ്രതിമകളുളള കണ്ണാടിക്കൂട്ടിൽ അതിലൊന്നിന്റെ അടുത്തു നിന്ന്‌ പയ്യൻ എന്തോ ചെയ്യാൻ ഭാവിക്കുന്നു. അയാൾ ആശ്‌ചര്യപൂർവ്വം പയ്യനെയും പ്രതിമയെയും മാറി മാറി നോക്കി. വൈകാതെ പയ്യൻ രണ്ടു കൈകളും പ്രതിമയുടെ അരക്കെട്ടിൽ ചുറ്റി പ്രതിമയെ പൊക്കിയെടുത്തു. അപ്പോൾ അവന്റെ തുടുത്ത കവിൾത്തടം അവളുടെ മാറിന്റെ നിമ്‌നോന്നതങ്ങളിൽ തട്ടിയിരുന്നു. അവൾ കോരിത്തരിച്ചുവോ… എന്തോ ഉടലിൽ ലജ്ജകോരിയിട്ടതുപോലെ അവളൊന്നിളകി. വൈകാരികമായ ഒരുതരം നീറ്റലിന്റെ പൊറുതിമുട്ടലിൽ അയാൾ പയ്യനെ നോക്കി ഒരു ഫലിതം പൊട്ടിച്ചു. ന്താ കുട്ടി താൻ ചെയ്യുന്നത്‌, ഒരു പെണ്ണിനെ പൊക്കിയെടുക്കുകയോ? പോലീസുകാർ കണ്ടാൽ തന്നെയും പൊക്കും….

പ്രായത്തിന്റെ അതിരു വിട്ടുളള സംസാരം അയാളിൽ തെല്ലുനേരം അസ്വസ്ഥത പടർത്തി. പയ്യൻ വിളറിയ ചിരിയുമായി, ജാഗ്രതയുളള കാൽവെപ്പോടെ വലിയൊരു ഭാരം വഹിച്ച കിതപ്പുമായി പ്രതിമയെ അയാൾക്കഭിമുഖം നിർത്തി. ഒരു നിമിഷം അയാൾ വല്ലാതെ കോരിത്തരിച്ചു. പിന്നെ അവളുടെ ഓരോ അംഗലാവണ്യത്തിലും അതിശീഘ്രം കണ്ണുകൾ പായിച്ചു. എത്രയോ കാലം താൻ അന്വേഷിച്ചു നടന്നിട്ടും വീണ്ടുമൊരിക്കൽ കാണാൻ പറ്റാതിരുന്ന ആ സൗന്ദര്യം തന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടുനിന്ന കാഴ്‌ച അയാളെ വികാരഭരിതനാക്കി. നെറ്റിയിൽ വിയർപ്പു കണങ്ങൾ പൊടിഞ്ഞു. അയാൾ കൈലേസ്സെടുത്ത്‌ മുഖം തുടച്ചു.

കണ്ണാടിക്കൂട്ടിൽ പുതിയൊരു സംവിധാനത്തിലേർപ്പെട്ട പയ്യൻ ചുവപ്പുചുണ്ടിനുമേലെ പടർന്ന ഇളം കരിമീശയിളക്കി മുതിർന്ന ഒരാളുടെ ഭാവത്തിൽ പറഞ്ഞു, ‘ശൈത്യത്തിലും നിങ്ങൾ നന്നായി വിയർക്കുന്നു. അതൊരു രോഗലക്ഷണമാണ്‌!’

ആയിരിക്കാം എന്ന്‌ മനസ്സുരുവിടുമ്പോൾ അരിപ്പൂക്കാടിന്റെ മണം ചുഴറ്റിയടിച്ചു. ഉയർന്ന കൊളളിന്മേൽനിന്ന്‌ ഒരു സുന്ദരിക്കുട്ടി തടിച്ച്‌ വെളുത്തൊരാൺകുട്ടിയെ നോക്കി കൊഞ്ഞനം കുത്തി. ഒരു മധുര സ്വരം ചാമ്പയ്‌ക്ക ചുണ്ടിനും മുത്തണിദന്തനിരകൾക്കിടയിൽ നിന്നും ഒഴുകി വന്നു. ‘ആലീ കോലീ മീങ്കോലീ, കണ്ടത്തിലാലീ സൈദാലി…!’ആൺകുട്ടിക്കരിശം കേറി. അവൻ അവൾക്കു നേരെ കൊച്ചു കല്ലെടുത്തെറിഞ്ഞ്‌ മുഖം വക്രിച്ച്‌ പറഞ്ഞുഃ ‘ജമീല കൊമീല!’ അതിരിൽ കൂടി മാൻപേടപോലെ ഓടിക്കൊണ്ടിരുന്ന അവളുടെ വെളളി നക്ഷത്രകുത്തുളള കറുത്ത പാവാട തിളങ്ങി വിളങ്ങി.

‘ഈ പ്രതിമ ആരാണ്‌ തീർത്തതെന്നറിയുമോ?’ അയാൾ സൗമ്യനായ്‌ പയ്യനോട്‌ ചോദിച്ചു.

‘പാരീസ്സിൽ നിന്നാണ്‌ ഇത്‌ കൊണ്ടുവന്നതെന്നറിയാം’, പയ്യൻ മാർദ്ദവമുളള തുണികൊണ്ട്‌ പ്രതിമയുടെ മുഖം തുടച്ചുകൊണ്ടിരിക്കെ പറഞ്ഞു, ‘നമ്മുടെ നാട്ടുകാരനായ ഒരു ശിൽപിയാണ്‌ ഇത്‌ തീർത്തത്‌.’

‘ഈ സൗന്ദര്യത്തെ ഉൾക്കൊളളാൻ മൂന്നു പേർക്കേ കഴിയൂ കുട്ടീ!’ അയാൾ ഒരുൾപ്രേരണപോലെ പറഞ്ഞു.

പയ്യൻ അയാളുടെ മുഖത്ത്‌ മിഴിച്ചു നോക്കി. അയാൾ തുടർന്നു, ‘ഒരാൾ അത്‌ കവിതയിൽ കൂടി ആർജ്ജിക്കുന്നു. മറ്റൊരാൾ ആ സൗന്ദര്യത്തിൽ അന്തർലീനമായ നിത്യ ചൈതന്യത്തിലേക്ക്‌ കൈകൂപ്പി നിൽക്കുന്ന യതി!’

പയ്യൻ ഒന്നും മനസ്സിലാകാത്തതുപോലെ പ്രതിമയുടെ മേനിയിൽ തൊട്ടുകളിച്ചു.

‘മൂന്നാമത്തെ ആൾ ഈ പ്രതിമ നിർമ്മിച്ച ശിൽപി തന്നെയാണ്‌. പക്ഷേ, ഒരു നാലാമൻ?’ ചില നേരത്തിനുശേഷം ചുണ്ട്‌ കടിച്ചിറക്കി അയാൾ പറഞ്ഞു, ‘ശരിയാണ്‌, അങ്ങനെയും ഒരാളുണ്ട്‌. പക്ഷേ, അയാൾ ഈ സൗന്ദര്യത്തെ വേണ്ടുംവിധം മനസ്സിലാക്കിയിട്ടുണ്ടോ?’

മങ്ങിയ കണ്ണുകൾ തുടച്ച്‌ വളരെ വലിയ ആലോചനയിൽ മുഴുകിയതിനുശേഷം സംശയനിവൃത്തി വരുത്തുംപോലെ ചോദിച്ചു, ‘ഈ കടയുടെ ഉടമ ആരെന്നാ പറഞ്ഞത്‌?’

പറഞ്ഞില്ല എന്ന്‌ പറഞ്ഞ്‌ പയ്യൻ പേരറിയിച്ചപ്പോൾ അയാൾക്കുമുന്നിൽ തടിച്ചുവെളുത്ത ഒരാൺകുട്ടി മദ്ധ്യവയസ്‌ക്കനായി. പയ്യൻ പറഞ്ഞ അറിവിൽ ആ അധോലോക ചക്രവർത്തി ശിൽപിയുടെ കലാസാമ്രാജ്യത്തിന്‌ കോടികൾ നൽകിയാണ്‌ ഈ പ്രതിമകളെ കരസ്‌ഥമാക്കിയത്‌.

പയ്യൻ മുഖം ചുളിച്ചു പറഞ്ഞു, ‘ചിലർക്കൊരു ഭ്രാന്ത്‌, അല്ലാതെന്ത്‌?’

‘ഭ്രാന്തെന്ന്‌ പറഞ്ഞ്‌ എല്ലാം എളുപ്പം തിരസ്‌ക്കരിക്കാൻ കഴിയും കുട്ടീ. പക്ഷേ, അതിന്റെ പിന്നിലെ വൈകാരികത മനസ്സിലാക്കാനാണ്‌ പ്രയാസം! ഒരുദാഹരണം, നിനക്ക്‌ ക്രിക്കറ്റിനോടുളള അഭിനിവേശം നോക്കൂ…’

പയ്യൻ ഹാറ്റ്‌ ശരിയാക്കി, ഡസ്‌റ്റർ മേൽപ്പോട്ട്‌ എറിഞ്ഞ്‌ പിടിച്ച്‌ ക്രിക്കറ്റ്‌ താരത്തിന്റെ ഭാവത്തിൽ കണ്ണാടിക്കൂട്‌ അലങ്കരിക്കുന്നതിനിടയിൽ പറഞ്ഞു, ‘ഈ പ്രതിമകൾ അയച്ചുതരുമ്പോൾ ശിൽപിയുടെ വക ഒരു നിർദ്ദേശം ഉണ്ടായിരുന്നു.’

കുറച്ചു ദിവസം ഏറ്റവും ചെറിയ പ്രതിമയ്‌ക്ക്‌ ചുവന്ന ബ്ലൗസും വെളളിനക്ഷത്ര കുത്തുളള കറുത്ത പാവാടയും അണിയിച്ചെന്ന്‌ പയ്യൻ പറഞ്ഞു. മദ്ധ്യ വലിപ്പമുളളതിന്ന്‌ കാച്ചിയും നാടൻ കുപ്പായവും. ഏറ്റവും വലിയതിന്ന്‌ ബുർഖയും… പക്ഷേ, കമ്പോളത്തിന്‌ അങ്ങനെ ഒരു നിശ്ചിത വ്യവസ്ഥ അനുസരിക്കാൻ പറ്റില്ലല്ലോ. മാറി വരുന്ന സൗന്ദര്യ സങ്കൽപ്പങ്ങൾക്കനുസരിച്ചുളള കോലം കെട്ടലാണല്ലോ ഫാഷൻ!

അയാൾ ഓടിച്ചെന്ന്‌ കണ്ണാടിക്കൂട്ടിലെ മറ്റു രണ്ട്‌ പ്രതിമകളെയും മാറി മാറിനോക്കി. മൂന്നു പ്രതിമകൾക്കും ഒരേ സൗന്ദര്യം. രൂപഭാവാദികളിൽ മാത്രം ചെറിയ വ്യത്യാസം. ഏറ്റവും ചെറിയ പ്രതിമ ഇപ്പോൾ അണിഞ്ഞിരിക്കുന്നത്‌ മിനിസ്‌കർട്ടും ടീഷർട്ടുമാണ്‌. മദ്ധ്യ വലിപ്പമുളളത്‌ സാൽവാർ കമ്മീസും ദുപ്പട്ടയും.

‘മോൾക്ക്‌, ഈ സാരി മാറ്റി മറ്റൊരു സാരി ഉടുപ്പിച്ചുതരാം ന്താ സമ്മതല്ലേ?’ പയ്യൻ ഇരുകരങ്ങളും വലിയ പ്രതിമയുടെ ചുമലിൽ പടർത്തി ശൃംഗാര ചോദ്യമെറിഞ്ഞു. എന്നിട്ട്‌ അവളെ നോക്കി കണ്ണിറുക്കി സ്വകാര്യമട്ടിൽ പറഞ്ഞു, ‘ഇപ്പോൾ വന്ന കാഞ്ചീപുരം ഇനത്തിൽ നല്ലൊരു ഡിസൈനുണ്ട്‌, അതാവാം മോൾക്കിന്ന്‌..’

അയാൾ മോഹന സ്വപ്‌നങ്ങളിലേക്ക്‌ കടന്നു. വെളിവാകാൻ പോകുന്ന അവളുടെ ശരീര ഭാഗങ്ങളിൽ എവിടെയെങ്കിലും ഒരു പുളളി, ഒരു പോറൽ, ഒരു വൈകൃതം അതെങ്ങനെ സൗന്ദര്യത്തെ ബാധിച്ചിരിക്കും? ശിൽപി ഒന്നും തന്നെ വിട്ട്‌ കളഞ്ഞിട്ടുണ്ടാവില്ല. അവനാണല്ലോ അവളെ ശരിക്കും അനുഭവിച്ചത്‌. നോക്കൂ, മാമ്പുളളി ചുണങ്ങുപോലും എത്ര ചാരുതയോടെയാണ്‌ അവൻ പകർത്തിയിരിക്കുന്നത്‌. മനസ്സ്‌ മന്ത്രിച്ചു. ഒഥല്ലോയെപ്പോലെ കറുത്ത്‌ വികൃതനാണെങ്കിൽ തന്നെയെന്താ ഈ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാൻ ആ വിരൂപൻ തന്നെ. ഉടനെ അയാൾ തിരുത്തി. ഉച്ഛിഷ്‌ടം ഭക്ഷിപ്പവൻ ഭാഗ്യവാനോ? മനസ്സിന്റെ ഇണ ചേരലില്ലാതെ സൗന്ദര്യം പൂർണ്ണമായും ആസ്വദിക്കുവാൻ കഴിയുമോ? അങ്ങനെ നോക്കുമ്പോൾ ശിൽപി തന്നെയാണ്‌ മഹാഭാഗ്യവാൻ!

ഓർമ്മകൾ മന്ത്രവിളക്കുഴിഞ്ഞുകൊണ്ട്‌ മനസ്സിന്റെ ജാലകം തുറക്കുന്നുഃ

‘സൗന്ദര്യം ശരിക്കും ആസ്വദിച്ചത്‌ താനാണല്ലോ, അതെങ്ങനെ സാധിച്ചെടുത്തു?’

ശിൽപ നിർമ്മാണത്തിൽ നിന്ന്‌ ശ്രദ്ധ പിൻവലിക്കാതെ ശിൽപി പറഞ്ഞു, ‘അതിനൊക്കെ ചില തന്ത്രേം മന്ത്രോണ്ട്‌ മോനേ…

ഭൂലോകം ചുറ്റി, സൗന്ദര്യത്തിന്റെ നെന്മണികൾ കൊത്തിയെങ്കിലും അവയൊന്നും തന്റെ ഉളളിൽ വന്ന സൗന്ദര്യത്തിനു പകരം വെക്കാൻ ആവില്ല എന്ന്‌ കണ്ട്‌ ആ സൗന്ദര്യമൂർത്തിയെ കൊത്തിയെടുക്കാൻ ശിൽപി പരിശ്രമിച്ചു കൊണ്ടിരുന്ന കാലമായിരുന്നു അത്‌.

ഉളളിലെ സൗന്ദര്യം പൂർണ്ണമായും പകർത്താൻ കഴിയാതെ ശിൽപത്തെ തച്ചുടച്ചുകൊണ്ട്‌ ശിൽപി പറഞ്ഞു, ’ആ സൗന്ദര്യം അപാരം! അതിന്റെ പൂർണ്ണതയിലേക്കാണ്‌ എന്റെ പ്രയാണം. എത്ര പ്രാവശ്യം തച്ചുടച്ചാലും ഒരു നാൾ പൂർണ്ണതയിൽ എത്തുകതന്നെ ചെയ്യും…‘

പല സ്‌ത്രീകളെയും അനുഭവിച്ചറിഞ്ഞ ശിൽപിയുടെ വാഴ്‌ത്തൽ അയാളിൽ അസൂയ നെയ്‌തു. രണ്ടുവരി കവിത പുറത്തു ചാടി. ’എന്നുളളിൽ നിറഞ്ഞ സൗന്ദര്യത്തെ തട്ടിയെടുത്തവനല്ലോയീ ശിൽപി!‘

’തന്റെ കവിത എനിക്ക്‌ മനസ്സിലാകുന്നില്ല!‘ ശിൽപി വിസ്‌മയം കൂറി.

’തനിക്ക്‌ മനസ്സിലാകാത്ത ഒരദ്ധ്യായമുണ്ട്‌ അതിന്‌.‘ അയാൾ കൃഷ്‌ണമണികൾ മേൽപ്പോട്ടുയർത്തി പറഞ്ഞു, ’അതൊഴിച്ചു നിർത്തിയാൽ കവിയും യതിയും ആ സൗന്ദര്യം ഉൾക്കൊളളാത്തവരായി വരും.‘

ശിൽപിയുടെ കാതുകളിൽ കടന്ന കഥ ഒരരങ്ങു തീർക്കുകയായിരുന്നു.

രംഗം ഒന്ന്‌ഃ

ഒരു സാധാരണ പളളിക്കൂടത്തിന്റെ ഒന്നാം ക്ലാസ്സ്‌. വലിയൊരു കൊട്ട ചുമന്ന്‌ ഭൃത്യനും ബാപ്പ കാരണവരുടെ കൈയിൽ തൂങ്ങി ഒരു പെൺകുട്ടിയും കുട്ടികളുടെ കോലാഹലത്തിലേക്ക്‌ മന്ദം കടന്നുവരുന്നു. പെട്ടെന്ന്‌ നിശ്ശബ്‌ദരായ കുട്ടികളുടെ മുഖത്ത്‌ അമ്പരപ്പ്‌.

ഓരോരുത്തരുടെ കഴിവനുസരിച്ചാണ്‌ സ്‌കൂൾ പ്രവേശനത്തിന്‌ കാണിക്കയായ്‌ പലഹാരങ്ങൾ കൊണ്ടുവരുക. സീതി അവ ഓഹരിവെച്ച്‌ ക്രമപ്രകാരം കുട്ടികൾക്ക്‌ വിതരണം ചെയ്യും. അവശേഷിക്കുന്നവ സീതിയും മാഷും എഴുത്തമ്മയും പങ്കിട്ടെടുക്കും അതാണ്‌ മുറ. പുതുതായി വന്ന കുട്ടിയുടെ മൊഞ്ച്‌ നോക്കി കുട്ടികളെല്ലാം പലഹാരം തിന്നാൻ മറന്നു. അവരുടെ ഹൃദയം സ്‌പന്ദിച്ചുകൊണ്ടിരുന്നു. ’എന്തൊരു മൊഞ്ച്‌!‘

രംഗം രണ്ട്‌

വൈകുന്നേരങ്ങളിൽ കാപ്പി കുടിച്ചു കുടിച്ചില്ല എന്ന മട്ടിൽ ജമീലയുടെ വീടിനു മുന്നിലെ ഇടവഴിയിലേക്ക്‌ ആൺകുട്ടികൾ മണ്ടുകയായി. അവൾ കാണെക്കാണെ അവർ അവിടെ പലതരം കളികൾ കളിച്ചു തിമിർത്തു. മത്സരബുദ്ധിയും വാശിയും ചിലപ്പോൾ അടിപിടിയിൽ കലാശിച്ചു. അപ്പോഴെല്ലാം മെല്ലിച്ച്‌ എളള്‌ നിറമുളള ഒരാൺകുട്ടി കരളിൽ കവിതയുമായി കൊളളിന്മേൽ ഉല്ലസിച്ചാടി നടക്കുന്ന സുന്ദരിപ്പെണ്ണിനെ നോക്കി മിണ്ടാതെ ഒരിടത്തു തിണ്ട്‌ ചാരി നിന്നു. അവന്റെ തലയ്‌ക്കുമുകളിൽ അരിപ്പൂകാടിന്റെ വർണ്ണപ്രപഞ്ചം. അവയ്‌ക്കിടയിൽ കുരുമുളകുവലിപ്പത്തിലുളള പച്ചയും ചുവപ്പും കറുപ്പും നിറത്തിലുളള കായകൾ. അവൻ ഒന്നു രണ്ട്‌ കറുത്ത പഴം വായിലിട്ട്‌ തൊലി തിന്ന്‌ കുരു തുപ്പി. അവയുടെ മധുരം അവനെ വീണ്ടും തിന്നാൻ പ്രേരിപ്പിച്ചു. അരിപ്പൂഗന്ധം ആ വഴിയിലെങ്ങും മുറ്റി നിന്നിരുന്നു. അവൾക്കും ആ ഗന്ധമാണെന്ന്‌ അവനു തോന്നി. അതവന്റെ സിരകളിൽ പടർന്നു.

രംഗം മൂന്ന്‌ഃ

വീടിന്റെ ഉമ്മറം. എട്ടു വയസ്സുളള രണ്ട്‌ ആൺകുട്ടികൾ തമ്മിൽ സംസാരിക്കുന്നു.

എളള്‌ നിറമുളള മെലിഞ്ഞ കുട്ടിഃ ’എന്താ ഓളെ മൊഞ്ച്‌!‘

വെളുത്ത്‌ ചിന്തകന്റെ മുഖമുളള രണ്ടാമത്തെ കുട്ടിഃ ’ഓളൊരു ഹൂറി തന്ന്യാ…!‘

ആദ്യത്തെ കുട്ടി രണ്ടാമത്തെ കുട്ടിയോട്‌ നാണിച്ച്‌ നാണിച്ച്‌ഃ ’അനക്ക്‌ ഓളോട്‌ എന്തോ തോന്നുന്നു, നൈനീ…‘ (പേർ അതല്ലെങ്കിലും സംസാരിക്കാൻ പഠിച്ചത്‌ മുതൽ ആദ്യത്തെ കുട്ടി രണ്ടാമത്തെ കുട്ടിയെ അങ്ങനെയാണ്‌ വിളിച്ച്‌ കൊണ്ടിരുന്നത്‌.)

നൈനിഃ ’അനക്കും ഓളോട്‌ ബല്ലാത്ത പിരിശം…!‘

(പെട്ടെന്ന്‌ എളള്‌ നിറമുളള കുട്ടിയുടെ മുഖം വിളറി. ആ സുന്ദരിക്കുട്ടിയെ മറ്റൊരു കുട്ടി കൂടി ഇഷ്‌ടപ്പെടുന്നെന്നോ? കരച്ചിൽ വന്നു. മനസ്സിൽ ഒരായിരം തീപ്പൊരികൾ പാറി. അവൻ മടിച്ച്‌ മടിച്ച്‌ നൈനിയോട്‌ ചോദിക്കുന്നു.)

’ല്ലാരും ഓളെ ഇഷ്‌ടപ്പെട്ടാൽ ഓൾ ഇഷ്‌ടപ്പെടുന്നോൻ ആരെന്നറിയാൻ ന്താ വയി…?‘

താടിക്ക്‌ കൈവെച്ച്‌ കുറച്ചുനേരം ആലോചിച്ചതിനുശേഷം നൈനിയുടെ മറുപടിഃ ’ന്ദ്‌അ, ഞമ്മക്കൊരു കത്തെയ്താം…‘

’ഒന്നിച്ചോ?‘

പെൺകുട്ടിയുടെ പേരിന്റെ ആദ്യാക്ഷരം അറിയാതെ ആൺകുട്ടികൾ കുഴങ്ങി. അപ്പോൾ ഉമ്മറത്തിറങ്ങിയ വേലക്കാരിയോട്‌ അവർ ആരാഞ്ഞുഃ ’ജ എന്ന്‌ എങ്ങന്യാ എയ്താ…?‘

വേലക്കാരി കളളച്ചിരിയോടെഃ ’ന്തിനാ?‘

’ഒന്നൂല്ല്യ, വെറുതെ…‘

’കളളം പറേണ്ട, നേര്‌ പറഞ്ഞാ പറഞ്ഞേരാം…‘

’ഒരു പേരെയ്താനാ…‘

’ന്ത്‌ പേര്‌?‘

കുട്ടികൾ പരുങ്ങി.

’അങ്ങന പരുങ്ങ്വോന്നും വേണ്ട നേര്‌ പറഞ്ഞോ, പേരിന്റെ ഒടുലത്തെ അക്ഷരന്താ..?‘

’ല‘

’ന്ദ്‌ അ, തിരിഞ്ഞ്‌ മക്കളേ. ഇങ്ങക്ക്‌ ഒതയോത്ത്‌ പറമ്പത്ത്‌ ജമീലാന്റെ പേരെയ്താനല്ലേ, ഓക്ക്‌ കത്തെയ്താനല്ലേ?‘

കുട്ടികൾ നിരസിച്ചുവെങ്കിലും ഫലമുണ്ടായില്ല. വേലക്കാലി എളള്‌ നിറമുളള കുട്ടിയുടെ നേർക്ക്‌ തിരിഞ്ഞ്‌ മുഖം കറുപ്പിച്ചുഃ ’ഞാ ഇന്റെ ഉമ്മാനോട്‌ പറയും മോനെ…‘

എളള്‌ നിറമുളള കുട്ടിയുടെ മുഖം ഇരുണ്ട്‌ കറുത്തു. അവന്റെ മനസ്സ്‌ ഭയത്താൽ മിടിച്ചു. എങ്കിലും വേലക്കാരി സംഭവം ആരോടും പറഞ്ഞില്ല. എന്നാലും അവർ ആ പെൺകുട്ടിയെ എത്ര ക്ഷണമാണ്‌ കണ്ടുപിടിച്ചതെന്ന്‌ ആലോചിക്കുന്തോറും ഇരുവരും ചിരിച്ച്‌ കുഴഞ്ഞു. തീർച്ചയായും അവൾ എല്ലാവരാലും ശ്രദ്ധിക്കപ്പെടുന്ന ഒരു സുന്ദരി തന്നെ. വിരൂപിയായ ഭൃത്യ അവളുടെ സൗന്ദര്യത്തെ എത്രമാത്രം ശ്രദ്ധിച്ചിരിക്കുന്നു. മാത്രമല്ല, അവർ അവളുടെ സൗന്ദര്യത്തിൽ അസൂയ ഉളളവരുമാണ്‌….

(യവനിക പൊങ്ങിയില്ല. നാടകാന്ത്യം വെറും സംഭാഷണ ശകലങ്ങളായി)

കലണ്ടറിൽ നിന്ന്‌ ജനുവരിയിലെ ആദ്യാക്ഷരം കണ്ടുപിടിച്ചാണ്‌ അവൾക്ക്‌ കത്തെഴുതിയത്‌. കൂട്ടുചേർന്ന്‌ എന്തെഴുതിയെന്ന്‌ ഓർമ്മയില്ലെങ്കിലും അഞ്ചാറ്‌ വീടുകൾക്കപ്പുറത്തുളള അവളുടെ വീടിന്റെ കോവണിയിൽ ഒട്ടിച്ച തുണ്ടുകടലാസ്‌ ചിന്നിച്ചിതറി വഴിയിൽ കിടന്നത്‌ ഓർക്കുന്നു. അതിനുശേഷം രണ്ടാം ക്ലാസിലെ നാണിയെഴുത്തമ്മയുടെ ഹാജർ വിളിക്ക്‌ ഒതയോത്ത്‌ പറമ്പിലെ ജമീലയുടെ മധുരോത്തരം കേട്ടില്ല. മാസങ്ങളോളം ചുവന്ന മഷികൊണ്ട്‌ ആബ്‌സെന്റ്‌ ചേർത്ത വിളി ഒടുവിൽ എഴുത്തമ്മയും ഉപേക്ഷിച്ചു. പക്ഷേ, ചമ്മട്ടി പ്രഹരം പോലെ മനസ്സിൽ ആവർത്തുകൊണ്ടിരുന്നു ഒരു ചോദ്യം, ഇത്ര ചെറുപ്പത്തിൽ എന്തിനവൾ വീടടങ്ങി? അതിന്‌ ഉത്തരവാദി താനാണെന്ന പാപബോധം പേറി മനസ്സ്‌ ആധിവ്യാധികളുടെ സംഗമഭൂമിയായി. അവിടെ മാപ്പിളപാട്ടിലെ ഒരു മിത്ത്‌ കഥാപാത്രം പുനർജ്ജനിച്ചു. ’കല്ലായിക്കടവത്ത്‌ കപ്പക്കാരൻ കുഞ്ഞിപ്പോക്കർ എല്ലായിപ്പോയതറിഞ്ഞില്ലേ അത്‌ കാമിനിയൊരുത്തിയോടുളള പ്രേമം മൂലമാണെന്നറിഞ്ഞില്ലേ…‘

പിന്നെയെന്നോ കവിയരങ്ങിൽ പങ്കെടുത്ത്‌ തിരിച്ചുവരവെ ഒരു മരച്ചുവട്ടിൽ നൈനിയെ കണ്ടു. സൗന്ദര്യത്തിന്റെ ഉറവിടമായ പ്രഭാപൂരത്തിലേക്ക്‌ പ്രണമിച്ചുനിൽക്കുന്ന ഒരെല്ലിൻ രൂപം. കൂമ്പിയ കണ്ണുകളിൽ ധ്യാനത്തിന്റെ ലയം. കുറച്ചു നേരത്തെ കാത്തിരിപ്പിനുശേഷം കൂമ്പിയ കൺപോളകൾ വിടർത്തി ഒരു പതുങ്ങിയ ശബ്‌ദം തൊണ്ടക്കുഴിയിൽനിന്ന്‌ മെല്ലെ പുറത്തു ചാടി. ’അറിഞ്ഞു, വരുമെന്നറിഞ്ഞു.‘

സിദ്ധികൊണ്ട്‌ അറിഞ്ഞതായിരിക്കും. വിസ്‌മയത്തിന്റെ മുനകൾ കൊണ്ട്‌ ആ ചോദ്യം തൊടുത്തു, ’എനിക്കൊന്നും മറക്കാൻ കഴിയുന്നില്ല! ഇപ്പോഴും ആ സുന്ദരിയെ ഓർക്കാറുണ്ടോ, ആ കൂട്ടു പ്രേമവും?‘

കൂമ്പിയ കണ്ണുകൾ അൽപ്പം വിടർത്തി നൈനി പറഞ്ഞു. ’ആ സൗന്ദര്യം മറ്റൊരു സൗന്ദര്യത്തിന്റെ ഒരംശം മാത്രമാണ്‌ കൂട്ടുകാരാ… അപ്പോൾ എത്ര ഉദാത്തമായിരിക്കും ആ സനാതന സൗന്ദര്യം?‘ അനന്തതയിൽ നിന്ന്‌ മിഴികൾ പിൻവലിച്ച്‌ നിർവികാരനായി നൈനി ചോദിച്ചു. ’ആ സൗന്ദര്യദർശനം ചങ്ങാതിയുടെ ജീവിതത്തെ എങ്ങനെ സ്വാധീനിച്ചു?‘

കാച്ചിയും തട്ടവുമണിഞ്ഞ്‌ ആ സുന്ദരി ചിലപ്പോൾ മതിലരികിൽ നിൽക്കുന്നത്‌ താൻ കണ്ടിരുന്നു. പിന്നെ ബുർക്കയണിഞ്ഞ്‌ ഒഥല്ലോവിനെ പോലെയുളള ഒരാളുടെ കൂടെ പോവുന്നതും…

ഓർമ്മകൾ തരംഗങ്ങളായി വന്ന്‌ മനസ്സിന്റെ അഭ്രപാളി തുറന്നു.

സീൻ ഒന്ന്‌ഃ

എ) കടയിൽ നിന്ന്‌ പത്ര പാരായണം ചെയ്യുന്ന ശിൽപിക്ക്‌ ദൂരെ ഒരു പെൺകുട്ടി വസ്‌ത്രം അടിച്ചു വെളുപ്പിക്കുന്നത്‌ കാണാം. (പശ്ചാത്തലംഃ വേലികളും തോപ്പുകളും നിറഞ്ഞ ഒരു ഗ്രാമപ്രദേശം. ഓലകൾ കൊണ്ടും ഓടുകൾകൊണ്ടും മേഞ്ഞ ചെറുതും വലുതുമായ വീടുകൾ) സമയം മധ്യാഹ്‌നത്തിലേക്ക്‌ പ്രവേശിക്കുന്ന നേരം. കടയിൽ ചെട്ട്യാരുടെ മകൻ മാത്രം. ശിൽപിക്കും അയാൾക്കും ഏതാണ്ട്‌ തുല്യ പ്രായം.

ബി) താളാത്മകമായ പെൺകുട്ടിയുടെ ചലനവും വസ്‌ത്രം അടിക്കുന്ന ശബ്‌ദവും നിലച്ച്‌ മറ്റൊരു ശബ്‌ദം വേലിക്കൽ നിന്ന്‌ ഭൂമിയെ തരിപ്പിച്ചു. ’ഉണ്ണീ സോപ്പ്‌ കൊടുത്തയ്‌ക്ക്‌…‘

സി) കടയിൽ വന്നു നിൽക്കുന്ന ഒരു കൊച്ചു പയ്യന്റെ കൈയിൽ ഉണ്ണിക്കൃഷ്‌ണൻ ബാർ സോപ്പ്‌ വെച്ചു കൊടുക്കുന്നു. അപ്പോൾ ശിൽപി പത്രം ഒരിടത്തിട്ട്‌ എഴുന്നേറ്റ്‌, നിരത്തിവെച്ച ഭരണിയിൽ നിന്ന്‌ കുറച്ച്‌ മിഠായികൾ എണ്ണിയെടുത്ത്‌ ഒരു കടലാസ്സിൽ പൊതിഞ്ഞ്‌ കുട്ടിയുടെ കൈയിൽ വെച്ചു കൊണ്ട്‌ പറയുന്നു. ഇത്‌ നിനക്കും നിന്റെ ഇത്താത്താക്കും…

ഡി) കുട്ടി പോയിരുന്ന സ്‌പീഡിൽ തന്നെ തിരിച്ചു വരുന്നു. (മുഖത്ത്‌ ഭാവവിത്യാസമുണ്ട്‌) മിഠായി തിരിച്ചേൽപ്പിച്ച്‌ കൊണ്ട്‌ അവൻ പറയുന്നു. ’ഇത്താത്ത പറഞ്ഞിക്ക്‌ മാങ്ങണ്ടാന്ന്‌…!‘

സീൻ രണ്ട്‌ഃ

എ) ശിൽപി (നിരാശയോടെ) മിഠായിപ്പൊതി കൈവെളളയിൽ ഞെരിച്ചൊതുക്കി വീട്ടിലേക്ക്‌ നടക്കുന്നു. (സൂര്യൻ തലയ്‌ക്കുമുകളിൽ)

ബി) പറമ്പിലെ മറ്റെ അറ്റത്തുളള മൂലയിൽ പ്ലാവിന്റെ ചുവട്ടിൽ പതിനാലാം നിലാവുദിച്ചതുപോലെ പെൺകുട്ടി നിൽക്കുന്നു. (ശിൽപിക്ക്‌ അത്ഭുതം!)

സി) ആളേൾവളുടെ മുന്നിൽ വെച്ച്‌ ഓരോന്ന്‌ കൊടുത്തയച്ചാൽ ഓലൊക്കെ ന്താ വിചാരിക്ക്വാ… (ശിൽപിയുടെ മുഖത്ത്‌ ചമ്മൽ)

ഹൃദയമിടിപ്പ്‌ സാധാരണ ഗതിയിലാക്കി ശിൽപി പ്രതിവചിച്ചു, ’സ്‌നേഹോന്ന്‌!‘

ഡി) നാണിച്ചു നിൽക്കുന്ന നിലാവുപോൽ പെൺകുട്ടി നിന്നു. ശിൽപി തുറക്കാൻ കഴിയാത്ത വാതിൽ പഴുതിട്ട്‌ തുറക്കുംപോലെ പറഞ്ഞു, ’ന്നാൽ ഇപ്പ തന്നാ വാങ്ങ്വോ?‘

മെല്ലെ നീട്ടിയ പെൺകുട്ടിയുടെ കൈ മൃദുവായി പിടിച്ച്‌ ശിൽപി ചോദിച്ചു, ’ഒരുമ്മ തരട്ടെ…‘

’അതു കുഞ്ഞുങ്ങക്ക്‌ കൊടുക്കുന്നേല്ലേ..‘

കൊത്തിട്ട ഇരയെ ശിൽപി മുറുക്കി വലിച്ചു. ’എന്നാലൊരു ചുംബനമായാലോ?‘

’അയ്യെ! ഉളുപ്പില്ലാണ്ട്‌…‘ പെൺകുട്ടി നിലാവുപോലെ മാഞ്ഞു.

വീണ്ടും കണ്ടുമുട്ടാനുളള ത്വരയോടെ ശിൽപി ’ചൗദുവിൻക്ക ചാന്ദ്‌ ഹൊ യാ ആഫ്‌ താബ്‌ ഹൊ‘ എന്ന ഗാനം പാടി മന്ദം നടന്നു.

(അഭ്രപാളികളിൽ മേലോട്ട്‌ മേലോട്ട്‌ കയറിപ്പോവുന്ന എഴുത്തുകൾ പോലെ മനസ്സ്‌ പിന്നെയും ചിലത്‌ വായിച്ചെടുത്തു.)

ഓഫർ കൊണ്ടുവന്നവരോട്‌ ശിൽപി പറഞ്ഞു, ’എനിക്ക്‌ എന്തൊക്കെയോ ചെയ്യുവാനുണ്ട്‌, കാത്തിരിക്കാൻ തയ്യാറാണോ?‘

വർഷങ്ങളല്ല, യുഗങ്ങൾ തന്നെ കാത്തിരിപ്പാൻ പെൺകുട്ടി തയ്യാറായിരുന്നു. പക്ഷേ, സമയം കഴിഞ്ഞാൽ സ്‌ത്രീ നിരാലംബയാവുമെന്ന സത്യം മനസ്സിലാക്കി രക്ഷിതാക്കൾ അവളെ മറ്റൊരാൾക്ക്‌ വിവാഹം ചെയ്‌തുകൊടുത്തു. എങ്കിലും ഒഥല്ലോവിനെപോലെ ഒരു വിരൂപൻ തന്നെ വേണമായിരുന്നോ അവൾക്ക്‌ ജീവിത പങ്കാളിയായി? യുക്തിക്കും ബുദ്ധിക്കും അജ്‌ഞ്ഞാതമായ എന്തെല്ലാം കാര്യങ്ങൾ ലോകത്ത്‌ നടക്കുന്നു.

സൗന്ദര്യത്തിന്റെ ബിംബം മനസ്സിലിട്ട്‌ രോഗഗ്രസ്തനായി തീർന്ന താൻ പിന്നെ ഔലിയയെ പോലൊരു ഭിഷഗ്വരനാൽ രോഗവിമുക്തനായി. അങ്ങനെ അനുരാഗ നൊമ്പരം പാൽ കുഴമ്പായി നുണയാൻ പഠിപ്പിച്ച അവളുടെ കല്ല്യാണത്തിന്‌ ഒരു ദൃക്‌സാക്ഷിയായി ഒപ്പു വെച്ചു. അപ്പോൾ, ശിൽപി അതിരുകൾ കടന്ന്‌ ശിൽപകലയുടെ പൊരുൾ തേടി ഒരു ഭിക്ഷുകിയെപോലെ അലയുകയായിരുന്നു.

അയാൾ ഞെട്ടിയുണർന്നവന്റെ ഭാവത്തിൽ നൈനിയോട്‌ പറഞ്ഞു, ’ആ സൗന്ദര്യം എന്റെ സ്വപ്‌ന സൗരഭമാണ്‌. കവിതയിലെ സൗന്ദര്യവും!‘

നീണ്ട താടിയുഴിഞ്ഞ്‌ പുഞ്ചിരി കുഴച്ച ചോദ്യം, ’എഴുതാത്ത കവിതയോ എഴുതിയ കവിതയോ ഏതാണ്‌ സൗന്ദര്യാത്മകം?‘

’പ്രേമ സാഫല്യം പ്രേമത്തിന്റെ മരണമാകുന്നതുപോലെ കവിതയ്‌ക്കും ബാധകമാണ്‌.‘

പ്രതിമയിൽ ലയിച്ചിരുന്ന അയാൾ കണ്ടു അവൾക്കൊരു ചലനം. സംഗീതത്തിന്റെ ഒരീണം ആ ചുണ്ടിൽ. ’ആലീകോലി മീങ്കോലീ…‘

മരം കൊണ്ട്‌ നിർമ്മിച്ച ഏണിപ്പടികളിൽ പയ്യന്റെ കാലൊച്ച. അവൻ സാരിയുമായി ഇറങ്ങിവരുകയാണ്‌. സാരിയിൽ ഉമ്മവെച്ച്‌ അതിന്റെ പുത്തൻ മണം മൂക്കിൽ വലിച്ചുകയറ്റി. പിന്നെ അവൻ കേസറ്റിനൊപ്പം പാടി, ’സ്വർഗ്ഗത്തിൽ നിന്നു വന്ന ഹൂറിയോ, ആരിവൾ..?‘

പ്രതിമ മൃദുകാൽ വെച്ച്‌ ചാരെ വന്നണഞ്ഞോ, മാറിടം സ്‌പന്ദിച്ചോ? പെട്ടെന്നാണ്‌ പാടിക്കൊണ്ടിരുന്ന കേസറ്റ്‌ ഒരു അനുബന്ധഗാനത്തിലേക്ക്‌ വഴുതി വീണത്‌. ’കല്ലിൽ കൊത്തിവെച്ച കവിതേ നിന്റെ കനകച്ചിലങ്ക കിലുങ്ങിയതെങ്ങനെ, മാറിടം തുടിക്കും പ്രതിമേ നിന്റെ മേലാസകലം പൂവിട്ടതെങ്ങനെ..?‘ പശ്ചാത്തലത്തിനിണങ്ങിയ ഗാനം ആസ്വദിച്ചുകൊണ്ടിരുന്ന അയാൾ പുളകിത ഗാത്രനായി.

ഒരു വികാരച്ചുഴിയിലേക്ക്‌ ഒലിച്ചിറങ്ങിയ അയാൾ, പ്രതിമയ്‌ക്ക്‌ ചുറ്റും പമ്പരമായ്‌ കറങ്ങുകയായിരുന്നു. സ്നിഗ്‌ദ്ധവും വടിവുളളതുമായ അരക്കെട്ടിലേക്ക്‌ അയാളുടെ വിരലുകൾ നീണ്ടു. ഇരുകൈകൾ കൊണ്ട്‌ പ്രതിമയെ വളഞ്ഞു പിടിച്ച്‌, തുടിച്ചുനിന്ന സൗന്ദര്യം പൂർണ്ണമായും ആസ്വദിപ്പാൻ ആവേശം കൊളളവെ അയാളുടെ കാതിൽ ഘോരഗർജ്ജനമായി ഹോൺ മുഴങ്ങിക്കേട്ടു. ലാന്റ്‌ റോവറിൽ നിന്ന്‌ കാലമാടൻ അലറി. കേറ്‌ വേഗം, സമയം അതിക്രമിച്ചു! തന്നെ ഞാൻ എവിടെയെല്ലാം നോക്കി’.

ഇത്രയും ബീഭത്സമായ മുഖം അയാൾ മുമ്പെങ്ങും കണ്ടിരുന്നില്ല. ആജ്‌ഞ്ഞ അനുസരിപ്പിക്കും വിധമായിരുന്നു കാലമാടന്റെ സ്വരം. അയാൾ വിയർത്തു കുളിച്ചു. ഉടലാകെ വിറച്ചുകൊണ്ടിരുന്നു. തല വട്ടം ചുറ്റി.

പിന്നെ ഏതോ തമസ്സിലേക്ക്‌ ആണ്ടിറങ്ങുകയായിരുന്നു അയാൾ….

Generated from archived content: oct8_story.html Author: mpa_kasim

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English