രാവിലെ പെയ്‌തമഴ-
ശ്വാസം പതുക്കെപ്പതുക്കെ നിലച്ച്
ഒടുവിൽ വെറുങ്ങലിച്ചു.
പുൽത്തുമ്പുകളിലും മൺതരികളിലും,
കരിയിലകൾ, തങ്ങളുടെ നല്ലകാലത്ത്
ഹരിതനിറസ്വപ്നങ്ങൾ മുറിയുമ്പോഴൊക്കെ
‘അമ്മേ…’ എന്നു വിളിച്ചിരുന്ന
മാവിന്റെ ഉടൽവടിവുകളിലും,
മഴയുടെ ശവത്തുളളികൾ തണുത്തു.
പെയ്തടങ്ങുന്ന ഓരോ മഴയും-
ഓരോ മരണമാകുന്നു.
പിറവിക്കരച്ചിൽ മുഴുവനാക്കുംമുമ്പ്-
കാലനെടുത്തുപോകുന്ന കുഞ്ഞിനെപ്പോലെ-
ഓരോ മഴയും ഒരു നീറ്റലും മുഖം വീർപ്പിക്കലുമാകുന്നു.
മരണത്തിന്റെ മഴയനക്കങ്ങളാകട്ടെ
ഒരുപാടൊരുപാട് കൊതിച്ചാലാണ്
സ്വകാര്യയിഷ്ടങ്ങളിലേക്ക് ചാറിനിറയുക…
പൊട്ടാത്ത ഒരൊറ്റത്തുടർച്ച.
Generated from archived content: poem1_jan22.html Author: mp_pavitra
Click this button or press Ctrl+G to toggle between Malayalam and English