മയക്കും മണങ്ങൾ

സത്യമായിട്ടും സേതുലക്ഷ്മിക്ക്‌ കരച്ചിൽ വരുന്നുണ്ടായിരുന്നു. പ്രാചീനമായ പ്രകാശവൃത്തങ്ങളെറിഞ്ഞുതന്നുകൊണ്ട്‌ അസംഖ്യം നക്ഷത്രങ്ങൾ-രാത്രിയാകാശത്തിന്റെ കണ്ണുനീർത്തുളളികൾ-പൊടിഞ്ഞു തിളങ്ങിക്കൊണ്ടിരുന്നു.

മുപ്പത്തിനാലാം വയസ്സിലെ പ്രണയം കുറേ കലക്കങ്ങൾ ഉളളിലൊളിപ്പിക്കുന്ന ഒരു നദിയാണ്‌. പൊങ്ങിയുയരലും, തീരം തൊടലും, തണുത്തുകിലുങ്ങിയുളള ഓട്ടവും. അത്രമേൽ തീവ്രം. ഓർക്കുന്തോറും സേതുലക്ഷ്‌മിയിൽ ഇഷ്‌ടപ്പെടാത്ത പലതും ശബ്‌ദത്തോടെ വീണുപൊട്ടി. ഇളം പച്ചവിരിപ്പിനുമേൽ ഇടംകൈകൊണ്ട്‌ മകളെ ചേർത്തുപിടിച്ച്‌ മഹേഷിന്റെ സുഖംനിറഞ്ഞ ഉറക്കം. മേലധികാരിയോടു പിണങ്ങി ജോലി വലിച്ചെറിഞ്ഞ്‌ തിരിച്ചുവന്നപ്പോൾ മഹേഷിന്റെ അമ്മ മുഖംവീർപ്പിച്ചുഃ “വന്നു കയറിയ പെണ്ണ്‌ ഭാഗ്യദോഷിയായതുകൊണ്ട്‌ എന്റെ മകനിപ്പോ കഷ്‌ടത്തിലായി…”

കുറഞ്ഞശമ്പളമാണെങ്കിലും കമ്പ്യൂട്ടർ സെന്ററിലെ ജോലി ഒരാശ്വാസമായി തോന്നി അപ്പോൾ. കിട്ടുന്ന ശമ്പളം മുഴുവൻ കണക്കു പറഞ്ഞുവാങ്ങാൻ മാത്രം ഒരാൾ. പറയുന്നതൊന്ന്‌ കേൾക്കാനുളള ക്ഷമകൂടിയില്ല. “ഉപദേശം എനിക്കിഷ്‌ടമല്ല… എന്നെ ഭരിക്കാനാ ഭാവമെങ്കില്‌ അത്‌ മനസ്സില്‌ വെച്ചാമതി…”

“കല്ല്യാണം കഴിഞ്ഞതോടെ ഓന്റെ തല തിരിഞ്ഞു.. നിങ്ങക്കറിയില്ലേ എന്തു നല്ല സ്വഭാവഗുണളള കുട്ടിയായിരുന്നു…” എന്ന്‌ മഹേഷിന്റെ അമ്മ അയൽക്കാരോട്‌ വിസ്‌തരിച്ചുകൊണ്ടിരുന്നു. എന്തെങ്കിലും ഒരു ജോലിക്ക്‌ ശ്രമിച്ചുകൂടെ എന്ന്‌ ചോദിക്കുമ്പോൾ “ഓ..! നീയെന്നെ നന്നാക്കാനുളള പൊറപ്പാടാണല്ലേ…” എന്ന്‌ പുച്ഛം കലർന്ന ഇഴഞ്ഞവാക്കുകളിൽ മദ്യത്തിന്റെ ലഹരി. മനസ്സിലായില്ല… ഇയാൾ ഇതെന്തു ഭാവിച്ചാണിങ്ങനെ..?

“ഓ.. എന്റെ സേതൂ… മടുത്തു എനിക്ക്‌..” ഓഫീസിൽ ഇളംനീലക്കസേരക്കുചുറ്റും ഗീതയുടെ നിശ്വാസങ്ങൾ വട്ടം കറങ്ങി. രാവിലത്തെ കഷ്‌ടപ്പാട്‌. ദേവൂട്ടിക്കുട്യൂഷൻ… അഞ്ചരയുടെ പരശുരാം എക്സ്‌പ്രസ്സിനുപോകേണ്ട ദേവേട്ടന്റെ കാര്യങ്ങൾ നോക്കണം… അമ്മായിഅച്ഛനെക്കൊണ്ടാണ്‌ ശല്യം… രാവിലെ കഷ്‌ടപ്പെട്ടുണ്ടാക്കുന്ന പലഹാരം മുഴുവൻ കാക്കകൾക്ക്‌ സപ്ലൈ ചെയ്താലേ മൂപ്പർക്ക്‌ സമാധാനാവൂ!“

”കാക്കകൾ..?“ സേതുലക്ഷ്‌മിയുടെ അതിശയത്തിനുമേൽ ഗീതയുടെ ചിരി വീണുതകർന്നു. ”മൂപ്പര്‌ കഴിച്ചുതീരുമ്പോഴേക്കും മുറ്റത്ത്‌ കാക്കകൾടെ ഒരു പട കാത്ത്‌ നില്‌ക്കുന്നുണ്ടാവും… പുലരും മുമ്പെണീറ്റ്‌ പാതിയുറക്കത്തെ ശപിച്ച്‌ ഉണ്ടാക്കിയെടുക്കുന്ന പലഹാരങ്ങൾ മുഴുവൻ കാക്കകൾടെ വയറ്റിലെത്തും…“

”മോളേ കാക്കകള്‌ നമ്മടെ മരിച്ചുപോയ കാരണവന്മാരുടെ ആത്മാക്കളാ… അതുകൊണ്ട്‌ നമ്മൾക്കില്ലെങ്കിലും വേണ്ടില്ല.. കാക്കകൾക്ക്‌ വയറുനെറയെ ഭക്ഷണം കൊടുക്കണം. ഇല്ലെങ്കില്‌ ശാപം കിട്ടും…“എന്നൊരു വിശദീകരണവും. ഉണ്ണേണ്ടനേരം നോക്കി മാത്രമെത്തുന്ന നാലഞ്ചുനായ്‌ക്കളുണ്ട്‌ പരിസരത്ത്‌. ”നായ്‌ക്കളുണ്ടല്ലോ… നന്ദിയുളള കൂട്ടരാണേയ്‌… മനുഷ്യരെക്കാളും നല്ല സ്വഭാവാണവറ്റിന്റെ…“ എന്നും പറഞ്ഞ്‌ ചോറുരുളകൾ നായ്‌ക്കൾക്ക്‌. ”സഹജീവ്യോളോട്‌ സ്‌നേഹം വേണം.“ എന്ന പ്രഖ്യാപനം സഹിക്കാം. പക്ഷെ ചുമച്ചുചുമച്ച്‌ കാർക്കിച്ചുതുപ്പുന്നതധികവും നിലത്തേക്ക്‌. ”തുപ്പാൻവേണ്ടി ഒരു പാത്രം വച്ചിട്ടില്ലേ… അതില്‌ തുപ്പിയാപ്പോരേ അച്ഛന്‌…“ എന്നൊന്ന്‌ ചോദിച്ചുപോയി. വൈകുന്നേരം ദേവേട്ടൻ വന്നപ്പോ മൂപ്പര്‌ ഒറ്റ അലർച്ചഃ ”എടാ നെന്റെ ഭാര്യേ പേടിച്ചിട്ട്‌ ജീവിക്കാൻ വയ്യല്ലോ. അത്ര ഭാരാണെങ്കില്‌ ഇത്തിരി വെഷം കുത്തിവെച്ച്‌ എന്നെക്കൊണ്ടുളള ശല്യം അങ്ങട്ടവസാനിപ്പിച്ചോ…“ ”ക്ഷീണിച്ചുവരുമ്പോ വീട്ടിലിത്തിരി സമാധാനം വേണം.. അച്ഛന്‌ വയസ്സായതല്ലേന്നു കരുതി കുറച്ചു ക്ഷമിച്ചാലെന്താ ഗീതേ നിനക്ക്‌…“ എന്ന്‌ ദേവേട്ടന്റെ വക. മോൾക്ക്‌ വാങ്ങിക്കുന്ന ബിസ്‌ക്കറ്റ്‌ പായ്‌ക്കറ്റുമുഴുവൻ പക്ഷികളെ ഊട്ടാനേ തെകയൂ…‘ കുട്ട്യോടുപോലും ഒരു സ്‌നേഹല്ല്യാന്നേ.. ഏതുനേരോം അവളെ ചീത്ത പറഞ്ഞോണ്ടിരിക്കും. ചിരിയോടെ ഗീത പറഞ്ഞുകൊണ്ടിരുന്നു. തൊട്ടപ്പുറത്ത്‌ ഇതൊന്നും തന്നെ ബാധിക്കുന്ന കാര്യങ്ങളല്ലെന്നമട്ടിൽ അക്‌ബർ ഗൗരവത്തിലെന്തോ എഴുതുകയാണ്‌. അക്‌ബറിനെ ഇടംകണ്ണുകൊണ്ടൊന്നുനോക്കി സേതുലക്ഷ്‌മി മനസ്സിൽ അടിവരയിട്ടുഃ മുപ്പതുകൾക്കുശേഷം പ്രണയം ഒരു നാഗമാണിക്യമാണ്‌… നഷ്‌ടപ്പെട്ടുപോകുമോ എന്ന സന്ദേഹത്തിൽ, എപ്പോഴും ഫണം വിടർത്തി ചകിതമായ നിശ്വാസങ്ങളാൽ പൊതിഞ്ഞു സൂക്ഷിക്കേണ്ട ഒന്ന്‌…”

ഡേകെയർ സെന്റിൽ നിന്ന്‌ മകളെയും കൂട്ടി വീട്ടിലെത്തുമ്പോൾ, അവൾക്ക്‌ കുറേശ്ശെ പനിയുണ്ടെന്നു തോന്നി. ’സ്വന്തമായി ഒരു ബിസിനസ്സ്‌.. ആരുടെയും കാൽക്കീഴിൽ ഓച്ഛാനിച്ചുനിന്ന്‌ പണിയെടുക്കാൻ വയ്യ…“ എന്ന്‌ വീട്ടുകാരോടു വഴക്കിട്ടു വാങ്ങിയ ഓഹരിവിറ്റ്‌ നഗരഹൃദയത്തിൽ ഒരു കെട്ടിടം വാടകക്കെടുത്ത്‌ മഹേഷ്‌ ഗിഫ്‌റ്റ്‌ ഷോപ്പ്‌ തുടങ്ങിയിരുന്നു. ഇപ്പോഴും മറക്കാനാവില്ല, കുട്ടിയെ ആദ്യമായി കണ്ടപ്പോൾ കലങ്ങിയ കണ്ണുകളിൽ പേരിടാനാവാത്ത ഒരു ഭാവത്തോടെ മഹേഷ്‌ പറഞ്ഞത്‌. ”ഇവൾക്ക്‌ നിന്റെ അതേ ഛായയാണ്‌…“ ഇല്ലായ്‌മകൾക്കിടയിലും അതറിയിക്കാതെ അച്ഛൻ ആശുപത്രിബില്ല്‌ അടച്ചുതീർത്തുവെന്നറിഞ്ഞപ്പോഴാണ്‌ മഹേഷ്‌ കുട്ടിയെക്കാണാൻ വന്നത്‌. ”അച്ഛന്‌ നിന്റെ കാര്യം മാത്രം നോക്കിയാപ്പോരാ… നിന്റെ താഴേം രണ്ടാള്‌ല്ല്യേ…“ എന്ന്‌ അച്ഛൻ. സ്‌നേഹത്തിന്റെ അളന്നുതൂക്കിയുളള കണക്കുപറച്ചിൽ വല്ലാതെ പൊളളിച്ചു. ഓർമ്മയിൽ പൗരാണികഗന്ധം കുടഞ്ഞിടുന്ന ടിപ്പുവിന്റെ പാലക്കാട്ടെ പടയോട്ടസ്‌മാരകമായ കോട്ട. അതിനുളളിലെ അമ്പലം. വലംവച്ചിറങ്ങി കൈപിടിച്ചു നടക്കുമ്പോൾ ‘ന്റെ കുട്ടീനെ കാക്കണേ’ എന്നു പ്രാർത്ഥിച്ച്‌ തെറ്റിയിൽ തൊട്ടുതരുന്ന രക്തനിറപ്രസാദം- അമ്മ. ഇപ്പോൾ കൈതപ്പൂമണം കൊളളുന്ന ഉടയാടകളുടെ പെട്ടകങ്ങളില്ല. മരിച്ചുപോയ അമ്മയുടെ ഓർമ്മകൾ തൂങ്ങിനില്‌ക്കുന്ന പഴയവീടുമാത്രമുണ്ട്‌, പക്ഷെ. അന്ന്‌ പതിനാലുവയസ്സിന്റെ അശോകങ്ങൾ പുഷ്‌പിച്ച സമയം. പതിവില്ലാത്തവിധം ഉച്ചയ്‌ക്ക്‌ സ്‌കൂളിൽനിന്നും വിളിച്ചുകൊണ്ടുപോകാൻ അച്ഛനെത്തി. വീട്ടിലേക്കുളള വഴിയവസാനിക്കുന്നതുവരെ അച്ഛൻ ചോദ്യങ്ങൾക്കൊന്നും മറുപടി പറഞ്ഞില്ല. കഠിനമായ പനി പിടിച്ചെന്നപോലെ അച്ഛന്റെ മുഖം വിറക്കുന്നുണ്ടായിരുന്നു. വഴിയരികിൽ ഞണ്ടിൻ പൊത്തുനോക്കി കുനിഞ്ഞിരുന്ന ജാനുവിന്‌ പടക്കംപൊട്ടുന്ന പോലൊരടികൊടുത്ത്‌ അച്ഛൻ മുരണ്ടു. ”അസത്തേ… വേഗം നടക്ക്‌…“ കരഞ്ഞുപിഴിഞ്ഞ്‌ ജാനു മുമ്പിലും മറ്റുളളവർ വല്ലായ്‌മയോടെ പുറകിലുമായി വീട്ടിലെത്തിയപ്പോൾ ഒരോർമ്മയും, തേങ്ങലും അവശേഷിപ്പിച്ച്‌ അമ്മ തണുത്തുപോയിരുന്നു. കുഞ്ഞുശബ്‌ദത്തിൽ മകളുടെ ശാഠ്യക്കരച്ചിൽ. ഒരമ്മയാവുക എന്നത്‌ ഒരേസമയം വാത്‌സല്യത്തിന്റെ പാൽമധുരമായി അവളെ സാന്ത്വനിപ്പിക്കുകയും ഏറിവരുന്ന ഉത്തരവാദിത്തത്തിന്റെ ഭാരങ്ങളായി ശ്വാസം മുട്ടിക്കുകയും ചെയ്‌തു. അന്ന്‌, യാത്ര പറഞ്ഞിറങ്ങും മുമ്പ്‌ അച്‌ഛൻ മേശപ്പുറത്തുവച്ച നോട്ടുകൾ തിരിച്ചുകൊടുത്തു, ‘ആവശ്യമുളളപ്പോൾ ചോദിച്ചോളാം’ എന്നു പറഞ്ഞുകൊണ്ട്‌. ബുദ്ധിമുട്ടുണ്ടെങ്കിലും കംപ്യൂട്ടർസെന്ററിലെ ജോലി നല്‌കുന്ന നാണയങ്ങൾ അരിയായി അടുക്കളയിൽ തിളക്കുമ്പോൾ എനിക്കീ പ്രാരാബ്ധത്തിന്റെ മുഷിവുനോട്ടുകളിൽ ഉടച്ചിൽതട്ടിയ സ്‌നേഹം തീരെ ആവശ്യമില്ല എന്നു മനസ്സിൽ കലമ്പിക്കൊണ്ട്‌.

വിലകൂടിയ സമ്മാനയിനങ്ങൾ കടംവാങ്ങി ഷോപ്പിൽ നിറക്കുന്നതിനെപ്പറ്റി പരിഭവിച്ചപ്പോൾ മഹേഷിന്റെ മുഖം വല്ലാതെ ചുവന്നുഃ ”നീ എന്റെ കാര്യത്തിലിടപെടരുത്‌..“ പറഞ്ഞപ്പോൾ ഗീത പറഞ്ഞുഃ ”സേതൂ… നമ്മൾടെ ഒരുകണ്ണ്‌ എപ്പോഴും ഭർത്താവിന്റെ മുകളിൽ വേണം. ഞാനായിരുന്നു നിന്റെ സ്ഥാനത്തെങ്കിൽ ഈ തരികിടക്കളി സമ്മതിക്കില്ല. “ഭൂമ്യോളം ക്ഷമവേണം പെൺകിടാങ്ങൾക്ക്‌ എന്ന്‌ ദേവേട്ടന്റെ അച്ഛൻ പറയുമ്പോ ഞാൻ മറുപടി പറയും. ഭൂമിയോളം താഴാൻ തയ്യാറാണ്‌… പക്ഷെ ഭൂമിയും പിളർന്ന്‌ താഴേക്ക്‌ വരുമ്പോൾ… അതെനിക്കു സഹിക്കാനായെന്നു വരില്ല തീരെ…” എന്ന്‌ ഗീത പറയുമ്പോൾ അക്‌ബർ പരിഹാസമൊളിപ്പിച്ച ഒരു ചിരി കുടഞ്ഞിട്ടു. മേഘങ്ങളിലേക്ക്‌ ചോരതുപ്പിക്കൊണ്ട്‌ സന്ധ്യ കടന്നുവന്ന ഒരു ജൂലൈ നാല്‌. മഴയിതളുകളുടെ തണുപ്പ്‌ ഭൂമിയിലേക്കടർന്നുവീഴുന്നത്‌ പറ്റെ നിലച്ചിരുന്നു; അപ്പോഴാണ്‌ അക്‌ബർ ആദ്യമായി പരിചയപ്പെടാനെത്തിയത്‌. സ്ഥലംമാറ്റത്തിന്റെ അപരിചിതത്വത്തിനിടയിലും അക്‌ബർ വീശിയെറിഞ്ഞ ഊഷ്മളമായ ചിരി. സൗഹൃദത്തിന്റെ കുട്ടിപ്പുൽമൈതാനിയിൽ പിന്നെ സ്വന്തമായൊരിടം അക്‌ബർ പിടിച്ചു വാങ്ങുകയും ചെയ്‌തു. പതിവുജോലിയുടെ വിരസതക്കിടയിൽ, പിന്നെ അക്‌ബറും, അഞ്ചു വയസ്സുക്കാരൻ മോനുവും, നെയ്‌മണമുളള പലഹാരങ്ങളുണ്ടാക്കുന്ന പാചകവിദഗ്‌ദ്ധയായ അവന്റെ ഉമ്മയും നിറഞ്ഞു.

“എന്റെ മോനു ആളൊരു ‘പെശക’നാ. ഡി.പി.ഇ.പി.യാ അവന്റെ സ്‌കൂളില്‌. ടീച്ചറൊരു പാട്ടുപാടിഃ

‘കറുത്തതെന്തുണ്ടേ

വെളുത്തതെന്തുണ്ടേ

കറുത്ത പശുവുണ്ടേ

വെളുത്ത പാലുണ്ടേ..’

ബാക്കി സ്വന്തമായി എഴുതിക്കൊണ്ടുവരാൻ കുട്ടികളോട്‌ പറഞ്ഞു. എന്റെ മകൻ

”കറുത്ത വാപ്പയുണ്ടേ

വെളുത്ത ഉമ്മയുണ്ടേ..“

എന്നാണ്‌ പൂരിപ്പിച്ചത്‌. സ്‌കൂളിൽനിന്ന്‌ വിളിച്ചുകൊണ്ടുവരാൻ വാപ്പ വരേണ്ടെന്നാണ്‌ അവന്റെ ഓർഡർ. കൂട്ടുകാർക്കിടയിൽ കറുമ്പൻവാപ്പയെ പരിചയപ്പെടുത്താൻ നാണമാണത്രേ. കഴിഞ്ഞയാഴ്‌ച പനിപിടിച്ച്‌ കട്ടിലിൽ കിടക്കുമ്പോൾ ജനലഴികളിലൂടെ നോക്കി. ‘വാ..’ എന്ന്‌ തളർച്ചക്കിടയിലും വാത്സല്യത്തോടെ വിളിച്ചു. ഛീ! മുഖംവെട്ടിത്തിരിച്ച്‌ അവൻ പറയുകയാണ്‌. ഞാൻ വാപ്പാടെ അടുത്തുവന്നാല്‌ എനിക്കും പനി പകരൂല്ലേ. വാപ്പായ്‌ക്ക്‌ ഇൻഫ്ലുവൻസയാ… ഉമ്മാ അടുത്തേക്കു പോണ്ടാ, ഉമ്മായ്‌ക്കും പകരും…‘ പറയുമ്പോൾ അക്‌ബറുടെ കണ്ണിലെ സങ്കടം കണ്ടു. ’അക്‌ബർ.. ഇപ്പോഴത്തെ കുട്ടികൾ വളരെ പ്രാക്‌ടിക്കലാണ്‌..‘ എന്നു പറഞ്ഞ്‌ വിഷയംമാറ്റുമ്പോൾ, ’മാമ്പൂ കണ്ടും മക്കളെക്കണ്ടും മദിക്കരുത്‌..‘ എന്ന പഴയൊരു ചൊല്ല്‌ ഓർമ്മയിൽത്തടഞ്ഞെങ്കിലും പറയുകയുണ്ടായില്ല, അന്നേരം. ചുരുട്ടിപ്പിടിച്ച പുതുമണമുളള മാസികത്താളിലെ കവിത കണ്ട ഒരു ഉച്ചയ്‌ക്കാണ്‌ അക്‌ബർ എഴുതുമെന്നറിഞ്ഞത്‌; ’കൃഷ്ണേന്ദു‘ എന്ന കളളപ്പേരിൽ. ’കല്പാന്തകാലത്തോളം‘ എന്ന ആ കവിത വായിച്ചിട്ട്‌ ”എനിക്ക്‌ ഒരു വസ്‌തൂം മനസ്സിലായില്ല…“ എന്ന്‌ ഗീത തുറന്നു പറഞ്ഞു. സേതുവാണ്‌ ഇതെഴുതാൻ കാരണം… വായിച്ചുനോക്കൂ… സേതുലക്ഷ്‌മിക്കുമാത്രം കേൾക്കാവുന്നത്ര പതുക്കെപ്പറഞ്ഞ്‌ അക്‌ബർ ചിരിച്ചു.

’എന്റെ സൗഹൃദം-

വെളളിത്തുണ്ടുകൊണ്ടുളള ഒരു കണ്ണാടി.

ചിലപ്പോഴതെനിക്കച്ഛനെപ്പോലെ.

ഒരുശകാരം, തലോടൽ, പിന്നെപ്പിന്നെ

സ്‌നേഹം കരുതിവച്ച തിരുത്തലുകൾ

ചിലനേരത്തത്‌ ഒരമ്മയെപ്പോലെ

വാത്‌സല്യത്തിന്റെ ചേലത്തുമ്പാൽ പൊതിയും

ഉത്‌സവപ്പറമ്പിൽനിന്ന്‌ വാശിപിടിച്ചുകിട്ടിയ

നാവിലൊട്ടും മിഠായിയായി സൗഹൃദം മധുരിക്കുന്നു..‘

ഉവ്വ്‌ നന്നായിരിക്കുന്നു. തിരിച്ചേല്പിക്കുമ്പോൾ അക്‌ബർ വിറക്കുന്ന ശബ്‌ദത്തിൽ സേതുലക്ഷ്‌മിക്കുവേണ്ടി പറഞ്ഞുഃ എഴുതാതെവിട്ട നാലുവരികൾ കൂടെയുണ്ട്‌. സേതുവിനെയോർക്കുമ്പോൾ ഹൃദയമിടിപ്പുകളിൽ സംഗീതമായി നിറയുന്നവഃ

”പ്രണയത്തിന്റെ കാർമേഘങ്ങളുരുട്ടിവിടുമ്പോൾ

മിന്നൽച്ചിരികളായി സൗഹൃദം ഭയപ്പെടുത്തുന്നു

പുറത്തുപറയാൻ കൊളളാത്ത വാക്കുകളായി

ചിലപ്പോഴത്‌ ലജ്ജയുടെ ഓടാമ്പലുകളിടുന്നു…’

അപ്പോൾ മുപ്പതുകൾക്കുശേഷം പെട്ടെന്നൊരു ഇഷ്‌ടകാലത്തിന്റെ ഭംഗിനിറങ്ങൾ സേതുലക്ഷ്‌മിയിലേക്ക്‌ കുലകുലയായി പൊടിഞ്ഞുവീഴുകയാണുണ്ടായത്‌. തോന്നിയിരുന്നു, പലതവണ, അക്‌ബർ തന്നെ മനസ്സിലാക്കുംവിധം മറ്റാർക്കും തന്നെ മനസ്സിലാക്കാനാവുകയേയില്ലെന്ന്‌. സൗന്ദര്യത്തെപ്പറ്റി പ്രശംസയുടെ പൂവിതളുകളാലുഴിയുമ്പോഴേക്കും പീലിനിവർത്തി മാനത്തോളം പറക്കുന്ന ഒരു പെൺമനസ്സല്ലാതിരുന്നിട്ടും “നിന്റെ ഈ അകാലനരവീണ മുടിയിഴകളും ഇരുണ്ടനിറത്തിന്റെ ചന്തമില്ലായ്‌മയുമാണെനിക്കിഷ്‌ടമെന്ന്‌” അക്‌ബർ പറഞ്ഞത്‌ ചിരിച്ചിഷ്‌ടപ്പെടാതിരിക്കാൻ കഴിഞ്ഞതേയില്ല..

അറിവുകൾ വഴിതെറ്റിയ നിലാവിനെപ്പോലെ വൈകിയുദിച്ചു. ജീവിതത്തിലേക്കു ക്ഷണിച്ച അക്‌ബറിനുവേണ്ടി എന്തും കളഞ്ഞ്‌ കൂടെച്ചെല്ലാൻ തയ്യാറായ സാഹസം. ‘ഓരോ പ്രണയവും കൈപ്പിടിയിലൊതുങ്ങുംവരെ മാത്രമേ എനിക്ക്‌ വേവലാതികളുളളൂ. കയ്യിൽ കിട്ടിക്കഴിഞ്ഞാൽപ്പിന്നെ എനിക്കത്‌ എത്രയും പെട്ടെന്ന്‌ വലിച്ചെറിഞ്ഞ്‌ ഒഴിവാക്കണം…’ അക്‌ബറിന്റെ കത്തിലെ ഇളംനീല വിറയൽ. രഹസ്യനീക്കങ്ങളിലൂടെ വീണ്ടുമൊരു ട്രാൻസ്‌ഫർ തരപ്പെടുത്തിയെടുത്ത്‌ വിജയിക്കപ്പെട്ടവന്റെ അഹങ്കാരത്തോടെ, ഒരടയാളവും ശേഷിപ്പിക്കാതെ ഒരു ദിനം അക്‌ബർ ഇല്ലാതായി. വിവരങ്ങൾ പിന്നെയും, പിന്നെയുമറിഞ്ഞു കൊണ്ടിരുന്നു. അക്‌ബർ അവിവാഹിതനാണ്‌. അയാൾക്ക്‌ നാട്ടിൽ മോനു എന്ന മകനോ, സുലൈഖ എന്ന ഭാര്യയോ ഇല്ല.. സങ്കല്പസൃഷ്‌ടികളെവച്ച്‌ നുണകൾ നിരത്തി.. എന്തിന്‌..? എന്തിനായിരുന്നു ഈ വേഷം കെട്ടലുകൾ…?

“വീട്ടിലിപ്പോ നല്ല മേളാണ്‌ സേതൂ!? കാലങ്ങൾക്കുശേഷം പുതുക്കപ്പെട്ട ചങ്ങാത്തത്തിന്റെ ഇഴയടുപ്പത്തോടെ ഗീത തുടങ്ങി. ദേവേട്ടന്റെ അച്ഛന്‌ താനിപ്പോ ഭാനുമതിയമ്മയാണെന്നാണ്‌ വിചാരം. കുട്ട്യോൾടച്ഛൻ വര്‌മ്പോഴേക്കും കാപ്പീണ്ടാക്കണം എനിക്ക്‌… നല്ല ചൂടുവേണം.. അറിയാലോ, മൂക്കത്താ ശുണ്‌ഠി!..” എന്നും പറഞ്ഞ്‌ വടിയുംകുത്തി അടുക്കളയിലേക്ക്‌. ‘ഉമ്മറത്തേക്കുപോകൂ അച്ഛാ..’ എന്നു പറഞ്ഞാൽ മിഴിച്ചുനോക്കിക്കൊണ്ട്‌ പറയുംഃ കുട്ട്യോൾടച്ഛന്റെ ഷർട്ട്‌ ഒണങ്ങ്യോ… ഈ മഴ ഇങ്ങനെ തോരാതെ പെയ്താല്‌ തുണികളൊക്കെ കരിമ്പനടിച്ച്‌ നാശാവൂലോ…“

”അതിനെവടെ ഇപ്പോ മഴ…?“

”ജന്തൂ… നിന്റെ കാതുരണ്ടും പൊട്ട്യോ… എടവപ്പാതീല്‌ ഇടിവെട്ടണതു കണ്ടില്ലേ.. അതാ ആ ‘ശേശേ’ന്ന്‌ പെയ്യണത്‌ മഴ്യല്ലാതെ പിന്നെന്താടീ…“ കഷ്‌ടിച്ചൊരാഴ്‌ച എന്നു ഡോക്‌ടർ. പക്ഷെ കെടപ്പു തൊടങ്ങീട്ട്‌ രണ്ടാഴ്‌ച കഴിഞ്ഞു. ഇന്നുരാവിലെ ഞാൻ ഓഫീസിലേക്കൊരുങ്ങണ നേരം…‘പണ്ട്‌ എനിക്ക്‌ ദേവനെ വയറ്റിലിണ്ടായിരിക്കണകാലത്ത്‌ ഇദാ… ഇതുപോലെ മഴപെയ്യണ ഒരു വൈകുന്നേരത്താ എനിക്കു വേദന തൊടങ്ങീത്‌…വേദനച്ചിട്ട്‌ നില്‌ക്കപ്പൊറുതീല്ല്യാ.. കുട്ട്യോൾടച്ഛനാണെങ്കില്‌ അന്ന്‌ സ്ഥലത്തൂല്ല്യാ…” “മുത്തച്ഛന്‌ പറ്റെ ’വട്ടാ‘യീന്നാ തോന്ന്‌ണ്‌” എന്നും പറഞ്ഞ്‌ ദേവൂട്ടിക്കു ചിരി. അപ്പോഴാണ്‌… പറഞ്ഞുവരുന്നതൊന്നും സേതുലക്ഷ്‌മി കേൾക്കുന്നില്ലെന്നുകണ്ട്‌ ഗീത അവളെ പിടിച്ചുകുലുക്കി. “എന്തുപറ്റി സേതൂ നിനക്ക്‌..? അക്‌ബർ സ്ഥലംമാറ്റം വാങ്ങിപ്പോയതു മുതൽ….”

പൂർത്തിയാക്കാനനുവദിക്കാതെ സേതുലക്ഷ്‌മി പറഞ്ഞുഃ ഗീതക്കറിയ്വോ. പണ്ട്‌ മുത്തശ്ശി പറയും. ഒരു നുണ മറക്കാൻ വേറൊരു നുണ.. അതും മറക്കാൻ അതിലും വലിയ മറ്റൊരുനുണ..അങ്ങനെ കളളങ്ങൾക്കൊണ്ട്‌ ഒരു കൊട്ടാരം പണിത്‌ ഒടുവിലതിടിഞ്ഞുതകർന്ന്‌ ഒരുമിച്ചു നിലംപൊത്തുമ്പോൾ അതിനടിയിൽക്കിടന്ന്‌ പിടയേണ്ടി വരുന്ന ഒരു മരം വെട്ടുകാരന്റെ കഥ… ഇപ്പോൾ അക്‌ബറിനേക്കുറിച്ചോർക്കുമ്പോഴും അതേ കഥയുടെ രസം…“

’ഹലോ!‘ ഒരു മുഴക്കമുളള ചിരി. പുതിയതായി, അക്‌ബറിനുപകരം വന്ന ചെറുപ്പക്കാരനെ നോക്കി സേതുലക്ഷ്‌മി ഒരിളംചിരി ചിരിച്ചു.

”പേരെന്താ..?“

”നന്ദകിഷോർ“

”നന്ദകിഷോറിന്‌ അഞ്ചുവയസ്സായ ഒരു മോനുണ്ട്‌ അല്ലേ?“

ഒരതിശയത്തോടെ അയാൾ പറഞ്ഞുഃ ”ഉണ്ട്‌..“

”ഭാര്യ ഒന്നാന്തരം പാചകക്കാരിയാണല്ലേ..?“

”അതെ!.. പക്ഷെ മുൻപരിചയമില്ലാത്ത നിങ്ങളെങ്ങനെയിതെല്ലാം…“

”പറയ്‌.. ഇനിയുമിതുപോലുളള ഒരായിരം നുണകൾകൂടി ചിരികലർത്താതെ എന്നോടു പറയ്‌..“ സേതുലക്ഷ്‌മി കിതച്ചുകൊണ്ട്‌ പറഞ്ഞു. അമ്പരന്ന നന്ദകിഷോറിനുമുന്നിൽ സേതുലക്ഷ്‌മി വലിച്ചെറിഞ്ഞ ഇളംചുവപ്പ്‌ പേപ്പർവെയ്‌റ്റ്‌ ശക്തിയിൽ വീണുതകർന്നു.

’സേതൂ..!‘ പരിഭ്രമിച്ച്‌ ഓടിവന്ന ഗീതയുടെ ചുമലിലേക്ക്‌ ഒരേങ്ങലോടെ സേതുലക്ഷ്‌മി ചാരി. ” എന്റെ മകളെ ഞാൻ സ്‌നേഹിച്ചിട്ടേയില്ല ഗീതാ.. ഞാനിതുവരെ അവൾക്ക്‌ ഇഷ്‌ടംകലർന്ന ഒരുമ്മ കൊടുത്തിട്ടില്ല. ചെറക്‌ളള മീനിന്റേം, ഭൂതത്താന്റേം നിധിവേട്ടയുടെ കഥ പറഞ്ഞുകൊടുത്തതേയില്ല ഞാൻ..“ സാരിത്തുമ്പാലൊപ്പിയിട്ടും പ്രളയജലംപോലെ കണ്ണീർത്തുളളികൾ പെരുകിപ്പെരുകി വന്നപ്പോൾ അവധിക്കുളള അപേക്ഷ മേശപ്പുറത്തിട്ട്‌ അവൾ ധൃതിപിടിച്ച്‌ പുറത്തേക്ക്‌ നടന്നു. ഡേകെയർ സെന്ററിൽ നിന്ന്‌ മഹേഷ്‌ മകളെ കൂട്ടിക്കൊണ്ടുവന്നിരുന്നു, വീട്ടിലെത്തിയപ്പോൾ. ”അയ്യോ..ന്നെ കൊമ്പില്ലാത്ത പശുക്കള്‌ കൊല്ലാൻ വര്‌ണൂ..“ പാതിബോധത്തിൽ അവൾ ഞരങ്ങി. അടുക്കളയിൽ തീർന്നുപോയ സാധനങ്ങളുടെയും, ഡോക്‌ടർ കുറിച്ചുകൊടുത്ത മരുന്നുകളുടെയും കുറിപ്പുകളുമായി മഹേഷ്‌ ടൗണിലേക്കിറങ്ങിയപ്പോൾ ’വേഗം വരണേ…‘ എന്ന്‌ ഓർമ്മിപ്പിച്ചു. രാജിക്കത്തെഴുതി പിങ്ക്‌ നിറമുളള കവറിലാക്കിയൊട്ടിച്ച്‌ മേശപ്പുറത്തെ ചില്ലുപൂപ്പാത്രത്തിന്റെ അടിയിൽവച്ചു. ”അമ്മേം അച്ഛനും.. ഒക്കെ..ദാ.. കോഴിക്കുട്ടീടത്രെ ചെറുതായി… നിങ്ങളെവടയ്‌ക്കാ ഓടണത്‌.. വേണ്ട.. കരിമ്പൂച്ച പിടിച്ചിട്ട്‌ ’കറുംമുറും‘ ന്ന്‌ ശാപ്പിടും..’ മകൾ ചിരിക്കാൻ തുടങ്ങി. വെളളം നനച്ചതുണി അവളുടെ പൊളളുന്ന നെറ്റിയിലമർത്തി സേതുലക്ഷ്‌മി പ്രാർത്ഥിക്കുംപോലെ പറഞ്ഞുഃ ‘അമ്മടെ കുട്ടിയ്‌ക്ക്‌.. സൂക്കടൊക്കെ വേഗം ഭേദാവും..“ ഒരു പ്രലോഭനത്തിന്റെ മുൾച്ചൂണ്ട. അതിൽ കുടുങ്ങിപ്പോയെങ്കിൽ എന്തൊക്കെ നഷ്‌ടമാകുമായിരുന്നു. ഈ സുരക്ഷിതത്ത്വം.. വാക്കറ്റ എന്റെ കുട്ടി… ദൈവമേ..!” സേതുലക്ഷ്‌മി ഉമ്മകൾകൊണ്ടളന്നപ്പോൾ അവളുടെ നെറ്റിയിലെ പനിച്ചൂട്‌ കുറയുകയാണല്ലോയെന്നു തോന്നി. പുറം കാഴ്‌ചയിലേക്ക്‌ ഒരു ചെമ്പരത്തി ചുവന്നു വിരിഞ്ഞു. “നീയല്ലാതെ മറ്റൊന്നും… മറ്റാരും വേണ്ട അമ്മയ്‌ക്ക്‌…” മകളെ ചേർത്തുപിടിച്ച്‌ സേതുലക്ഷ്‌മി പറയുമ്പോൾ പുറത്ത്‌ നീളൻ മുടിനാരുകൾ പോലൊരു ചെടിയുലഞ്ഞു. ജീവിച്ചിരിക്കുന്നവർക്കുനേരെ വിഷനീലനിറത്തിൽ അസ്‌ത്രങ്ങളെയ്തുവിടുന്ന ആകാശത്തിന്റെ മേഘനിറം സേതുലക്ഷ്‌മിയുടെ കണ്ണിൽതറച്ച്‌ വേദനിപ്പിച്ചു. പിന്നെ ആ വേദനമാറ്റാൻ മേഘങ്ങളിലേക്കു കിനിഞ്ഞിറങ്ങിയ സന്ധ്യയുടെ കണ്ണുകളിൽ നിന്ന്‌ അതിമൃദുവായ ചില കാറ്റുകൾ ഒലിച്ചുവന്നുകൊണ്ടിരുന്നു.

Generated from archived content: story_april2.html Author: mp_pavithra

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleമരിച്ചവരുടെ ചാനൽ
Next articleകുചേലവൃത്തം
പാലക്കാട്‌ ജില്ലയിലെ പൊറ്റശ്ശേരിയിൽ ജനിച്ചു. പാലക്കാട്‌ ഗവ. വിക്‌ടോറിയ കോളേജിൽനിന്നും മലയാളസാഹിത്യത്തിൽ രണ്ടാം റാങ്കോടെ ബിരുദം. കാലിക്കറ്റ്‌ സർവകലാശാല മലയാളവിഭാഗത്തിൽ എം.എ. പൂർത്തിയാക്കിയതിനുശേഷം, ഇപ്പോൾ ഒറ്റപ്പാലം എൻ.എസ്‌.എസ്‌. ട്രെയിനിങ്ങ്‌ കോളജിൽ ബി.എഡ്‌. വിദ്യാർത്ഥിനി. വനിത കഥാമത്സരം (1996, 2000) പൂന്താനം ട്രസ്‌റ്റിന്റെ സംസ്‌ഥാന സാഹിത്യോത്സവത്തോടനുബന്ധിച്ചുളള ചെറുകഥാമത്സരം, മാതൃഭൂമി വിഷുപ്പതിപ്പ്‌ കഥാമത്സരം, തിരുവനന്തപുരം യൂനിവേഴ്‌സിറ്റികോളജ്‌ വി.പി. ശിവകുമാർ സ്‌മരണയ്‌ക്കായി നടത്തിയ സംസ്‌ഥാന ചെറുകഥാമത്സരം തുടങ്ങിയവയിൽ സമ്മാനങ്ങൾ. മലയാള മനോരമയുടെ സർഗം-2000 ചെറുകഥാമത്സരത്തിൽ ഒന്നാം സ്‌ഥാനവും കവിതാമത്സരത്തിൽ രണ്ടാം സ്‌ഥാനവും. ഭാഷാപോഷിണിയുടെ സാഹിത്യാഭിരുചി പരീക്ഷയിൽ വിജയി (1997), കലിക്കറ്റ്‌ യൂനിവേഴ്‌സിറ്റിയുടെ ഇ-സോൺ-ഇന്റർസോൺ കഥാമത്സരങ്ങളിലും സമ്മാനിത. മികച്ച കാംപസ്‌ കവിതയ്‌ക്കുളള നൂപുരം അവാർഡ്‌, തൃശൂർ മലയാള പഠനഗവേഷണകേന്ദ്രത്തിന്റെ കഥാപുരസ്‌കാരം, ഗൃഹലക്ഷ്‌മി ചെറുകഥാ അവാർഡ്‌-2000 എന്നിവ ലഭിച്ചു. വിഷ്‌ണുപ്രിയയ്‌ക്കും ഒരു ദിവസം എന്ന ചെറുകഥ ദൂരദർശനുവേണ്ടി ടെലിഫിലിം ആക്കിയിട്ടുണ്ട്‌. വിലാസംഃ മാർഗശ്ശേരി വീട്‌, പൊറ്റശ്ശേരി പി.ഒ. പാലക്കാട്‌ Address: Post Code: 678598

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here