ആത്മാവിന്റെ സല്ലാപങ്ങള്‍

സാമൂഹികമായ ഉല്‍ക്കര്‍ഷത്തില്‍ സാഹിത്യത്തിനും അതിന്റെ മുഖ്യരൂ‍പമായ കവിതക്കും സുപ്രധാനമായ പങ്കാണ് വഹിക്കാനുള്ളത്. മാനവചരിത്രത്തിന്റെ വിവിധഘട്ടങ്ങളില്‍ സംജാതമായ പ്രബുദ്ധതയുടേയും നവോത്ഥാനത്തിന്റേയും പ്രക്രിയകള്‍ക്ക് പിറകില്‍ ഈ പങ്ക് പ്രകടമായി കാണാ‍ന്‍ കഴിയും. സമൂഹമനസ്സിനെ സംസ്ക്കരിക്കാനും സമുദ്ധരിക്കാനും സാധിക്കുമ്പോഴാണ് സാഹിത്യത്തിന്റെ പരമമായ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കപ്പെടുന്നത്.

കലയും സാഹിത്യവും ജീവിതത്തോട് അഭേദമാം വിധം ബന്ധപ്പെട്ടിരിക്കുന്നു. നിലവിലുള്ള ജീവിതത്തെ ആവിഷ്ക്കരിക്കുന്നതോടൊപ്പം ആര്‍ജ്ജിക്കേണ്ടതായ ജീവിതമാതൃകകളിലേക്ക് വഴികാണിക്കാനും രണ്ടും സഹായകരമായിത്തീരണം. ഏത് സര്‍ഗക്രിയയുടേയും ഭൂമിക ജീവിതം തന്നെയാകുന്നു. അത്കൊണ്ട് തന്നെ ഉല്‍കൃഷ്ടമായ ജീവിതത്തില്‍ നിന്ന് ഉല്‍കൃഷ്ടമായ സാഹിത്യവും നികൃഷ്ടമായ ജീവിതത്തില്‍ നിന്ന് നികൃഷ്ടമായ സാഹിത്യവും ജന്മം കൊള്ളുന്നു. ഏതൊരു സമൂഹത്തിന്റേയും ജീവിത നിലവാരം ആ സമൂഹത്തിന്റെ സാഹിത്യ സംഭാവനകളെ നിര്‍ണ്ണയിക്കുന്നതില്‍ സ്വാധീനം ചെലുത്തുന്നു.

കവിതയില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ് കവി മനസ്സ് . മനസ്സിന്റെ ആഴവും ഹൃദയത്തിന്റെ ആര്‍ദ്രതയും കവിക്ക് ഒഴിച്ചു കൂടാനാകാത്തതാണ്. ശുദ്ധമായ ജീവിത ചിന്തകളിലൂടെ ആവിഷ്ക്കരിക്കുന്ന സത്യങ്ങളാണ് ഏതു കവിയുടേയും സംഭാവനകളെ മൂല്യവത്താക്കുന്നത്.

വെളിച്ചവും വിശുദ്ധിയുമുള്ള കവിതകളാണ് സത്താല്‍ ആദൂര്‍ എഴുതുന്നത്. കളങ്കരഹിതമായ മനസ്സിന്റെ പവിത്ര പ്രവാഹങ്ങളാണ് അദ്ദേഹത്തിന്റെ രചനകള്‍ . കൊച്ചു കൊച്ചു വാക്കുകളിലൂടെ വലിയ പരമാര്‍ത്ഥങ്ങള്‍ വെളിവാക്കുന്ന തന്റെ കാവ്യകല വളരുന്ന തലമുറയിലെ എഴുത്തുകാര്‍ക്കിടയില്‍ സവിശേഷമായ സ്ഥാനത്തിനാണ് സത്തറിനെ അര്‍ഹനാക്കുന്നത്.

വെറുതെ എഴുതാന്‍ വേണ്ടി കവിത എഴുതുകയല്ല സത്താര്‍ ചെയ്യുന്നത്. അദ്ദേഹത്തിന്റെ കാവ്യരചനക്ക് വ്യക്തമായൊരു ലക്ഷ്യമുണ്ട്. അനുവാചക മനസ്സില്‍ ശക്തമായ സ്പര്‍ശം സൃഷ്ടിച്ച് അതിനെ ഉദാത്തമാക്കുകയാണ് സത്താറിന്റെ വരികള്‍. വാക്കുകളെ നക്ഷത്രങ്ങളാക്കി അതിന്റെ ശോഭയില്‍ ജീവിതത്തിന് തിളക്കം നല്‍കുകയാണ് ഈ യുവകവി ചെയ്യുന്നത്.

വെണ്മയാര്‍ന്ന അദ്ദേഹത്തിന്റെ കവിതകള്‍ ഉന്നതമായ ജീവിതത്തിലേക്ക് വഴി കാണിക്കുന്നു. വിശ്വാസവും ഭക്തിയും അങ്കുരിപ്പിച്ച് ധാര്‍മ്മിക മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ ജീവിതത്തെ പുതുക്കിപ്പണിയുകയാണ് തന്റെ രചനകളിലുടെ അദ്ദേഹം. ഒരര്‍ത്ഥത്തില്‍ ആത്മാവിന്റെ തീര്‍ത്ഥ യാത്രകളാണ് സത്താര്‍ ആദൂരിന്റെ കവിതകള്‍ പ്രാര്‍ത്ഥനയാണ് അതിന്റെ ജീവാത്മാവ്. ആത്മാവിന്റേയും പ്രാര്‍ത്ഥനയുടേയും അലൌകികമായ ഒരു പാരസ്പര്യം ഈ രചനകള്‍ക്ക് കരുത്തേകുന്നു. ഈ സമാഹാരത്തില്‍ തന്നെ വിവിധ സന്ദര്‍ഭങ്ങളില്‍ ഈ പാരസ്പര്യത്തിന്റെ തിരനോട്ടം പ്രകടമാണ്’ ഉദാഹരണമായി,

‘’ആത്മാവിന്റെ

വേദനയും ഹൃദയത്തിന്റെ

നെരിപ്പോടുമായി ഇരുളിന്റെയീ

കൈപിടിച്ചു ഞാന്‍ മേല്‍പ്പോട്ടുനോക്കുകയാണ്

അവിടെ നക്ഷത്രങ്ങളുടെ പുഞ്ചിരിയാണ്

ഇവിടെ എന്റെ പക്കല്‍

കത്തിച്ചുവെക്കാനൊരു മെഴുകുതിരിപോലുമില്ല’‘

ആത്മാവിനോടുള്ള നിരന്തര സല്ലാപമാണ് ഈ കവിതകള്‍ ദിക്റും തസ് ബീറും സ്വാലത്തുമെല്ലാം ആ സല്ലാപത്തിന് അര്‍ത്ഥവും സ്വരവും നല്‍കുന്നു. ആത്മാവിനും കാതും കണ്ണുമുണ്ടെന്ന് സത്താര്‍ പറയുന്നുണ്ട്. എങ്കില്‍ ആ കാതും കണ്ണും കൊണ്ടാണ് ഈ കവിതകളുടെ രചയിതാവ് കേള്‍ക്കുകയും കാണുകയും ചെയ്യുന്നത്.

സത്താറിന്റെ കവിതകളില്‍ രാവും നിലാവും നക്ഷത്രങ്ങളും വേണ്ടുവോളമുണ്ട്. ‘ ഹുദ് ഹുദ്’‘ പോലുള്ള കവിതകളില്‍ മനോഹരമായ കാവ്യശില്‍പ്പങ്ങളുടെ പൊലിമയുണ്ട് . പക്ഷെ അന്തിമ വിശകലനത്തില്‍ ഈ കവിതകളുടെ വായന നമ്മില്‍ സൃഷ്ടിക്കുന്നത് ഉള്ളില്‍ നിന്നൊരു നാദമായിരിക്കും.

സ്രഷ്ടാവും രക്ഷകനുമായ അല്ലാഹുവിങ്കലേക്ക് അണയാന്‍ വെമ്പുന്ന ദൈവദാസന്റെ ആത്മാവിന്റെ നാദം. ആത്മീയതയുടെ അവാച്യമായ നദീ പ്രവാഹമായി സത്താറിന്റെ കാവ്യകല ഇനിയുമിനിയും സമൂഹത്തിന്റെ വരണ്ട ഭൂതലങ്ങളെ ഫലഭൂയിഷ്ഠമാക്കട്ടെ.

ഇലാഹീ കവിതകള്‍ – സത്താര്‍ ആദൂര്‍

പ്രസാധനം: ബുസ്താനി ബുക്സ്

വില: 70 രൂപ

പേജ്: 83

Generated from archived content: vayanayute46.html Author: mp_abdusamadsamadani

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here