പ്രശ്‌നവും പരിഹാരവും

“എനിക്കയ്‌ക്കുവയ്യ”! കുട്ടി പിറുപിറുത്തുകൊണ്ട്‌ ക്ലാസ്‌ മുറിയിൽ നിന്നിറങ്ങി. അവനെ ക്ഷീണം ബാധിച്ചിരുന്നു.

“രോഗം ഭേദമായിട്ട്‌ ക്ലാസിൽ വന്നാൽ മതി.” അദ്ധ്യാപകൻ അറിയിച്ചു. കുട്ടിയുടെ കണ്ണുകളിൽ ഇരുട്ടുനൃത്തം വെച്ചു. കൂരിരുട്ടിൽ അവൻ തപ്പിത്തടഞ്ഞു. എങ്ങനെയോ റോഡിലെത്തി.

ഒരു പഴയ കാറ്‌ ഇരമ്പിയെത്തി. അത്‌ കുട്ടിയെ തൊട്ടുതൊട്ടില്ല എന്ന മട്ടിൽ നിന്നു. അതോ കുട്ടിയെ കാറിടിച്ചോ? എന്തായാലും കുട്ടി വീണു. പിന്നെ മരിച്ചു.

യമന്റെ കിങ്കരൻമാർ കുട്ടിയുടെ ജീവനെ എടുത്തുകൊണ്ടുപോയി. കാലപുരിയിലെത്തി. ചിത്രഗുപ്‌തൻ, തന്റെ പ്രസിദ്ധമായ ‘കണക്കുപുസ്‌തകം’ തുറന്നു. മരണപ്പെട്ട കുട്ടിക്ക്‌ അവന്റെ അച്‌ഛനമ്മമാർ നൽകിയ പേരും അവന്റെ വയസ്സും പുണ്യപാപങ്ങളും വായിച്ചു.

ഇനി ഒരു കോളം കൂടി പൂർത്തീകരിക്കാനുണ്ട്‌.

“കുട്ടി മരിച്ചതെങ്ങനെ?”

“രോഗം ബാധിച്ച്‌.” ഒരു കിങ്കരൻ വിനയപൂർവ്വം ഉണർത്തിച്ചു.

“അല്ല അങ്ങുന്നേ” മറ്റൊരു കിങ്കരൻ പറഞ്ഞു. “കാറിടിച്ചാണ്‌ കുട്ടി മരിച്ചത്‌”.

കിങ്കരൻമാർ തമ്മിൽ തർക്കമായി. യജമാനന്റെ സവിധത്തിലായതുകൊണ്ടുമാത്രം ഉന്തുംതളളുമൊന്നും നടന്നില്ല.

ചിത്രഗുപ്‌തൻ വിഷമഘട്ടത്തിലായി. അദ്ദേഹം യമദേവന്റെ ഉപദേശം തേടി. തുടർന്ന്‌ അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം ‘മരണകാരണം വ്യക്തമല്ല’ എന്ന ഒരു പുതിയ കോളം ചിത്രഗുപ്‌തൻ സൃഷ്‌ടിച്ചു. അതിൽ ഒന്നാമതായി കുട്ടിയുടെ പേര്‌ എഴുതിച്ചേർത്തു.

Generated from archived content: prasnavum_pari.html Author: moryur_ramadevan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here