മർത്ത്യന്റെ മിഴികൾ പതിയാത്തിടത്ത്
ദൈവം വരയ്‌ക്കും ചിത്രം ശൂന്യതയുടെ
തിരുവെഴുത്ത്! വസന്തത്തിന്റെ നനവൂറും-
ഭാഷയിൽ പുകഴ്‌ത്തുന്നില്ല; അതിനെയാരും!
കണ്ണാടിച്ചില്ലുകൾ മഴതീർക്കുന്നിടം.
പനിപിടിച്ച കാറ്റിൽ ഇലച്ചാർത്തുകൾ
നിശ്ശബ്‌ദമാകുന്നിടം. ദൈവം തനിയെ.
അരികെ വ്യർത്ഥതയുടെ ചായക്കൂട്ട്.
വ്യാകുലതയുടെ നെരിപ്പോട് പിന്നെ
സൗന്ദര്യം വൈരൂപ്യം എല്ലാം മറഞ്ഞുകിടക്കും
ചിത്രവും എല്ലായ്‌പ്പോഴുമതിനെ
ശൂന്യത നിറം ചാർത്തുന്നു ഒരു വിധവയുടെ
മേലോട്ടുയർത്തും ദൃഷ്‌ടികൾ കണക്കെ.
മർത്ത്യന്റെ കണ്ണുപതിയാത്തിടം
തിരയവേ, കണ്ണുപൊത്തിക്കളിക്കുന്നു ചിലർ,
ഭ്രാന്തൻ ജല്പനങ്ങളാൽ തോണിതുഴഞ്ഞ്,
ചിലർ ഭയന്നരണ്ട്…
ദൈവമേ..
ഈ കളിതമാശകൾക്കിടയിൽ, നിന്റെ
ചിത്രത്തിൽ ഞാൻ ദിനരാത്രങ്ങളുടെ
പൂമാല ചാർത്തട്ടെ! ഒരു ശിശുവെ പോലെ.
കണ്ണുകളടച്ചു പിടിച്ച്; ചിത്രം എങ്ങനെയെന്നറിയാതെ.
ചിത്രം എങ്ങനെയെന്നറിയാതെ.
Generated from archived content: bhavi_oru.html Author: moryur_ramadevan
Click this button or press Ctrl+G to toggle between Malayalam and English