(ശ്രീ കടാതി ഷാജിയുടെ ‘’ അമ്മ മഴ നനഞ്ഞു നില്‍ക്കുകയാണ്’‘ എന്ന കഥാ സമാഹാരത്തിലെ ഓരോ കഥയേയും മുള്ളുകൊണ്ട് കുത്തുകയും തൂവല്‍ കൊണ്ട് തഴുകുകയും ചെയ്യുന്നു )
അമ്മ മഴ നനയുന്നത് കുട്ടി നനയുന്നതുപോലെയല്ല. കുട്ടിക്ക് കൂത്താട്ടമാണത്; അമ്മക്ക് അതിജീവനത്തിന്റെ നനഞ്ഞൊട്ടലും. ഇടിവെട്ടിപ്പെയ്യുന്ന സങ്കടങ്ങളുടെ തുലാമഴ ചോര്‍ന്നു വീഴുന്നിടത്തൊക്കെ ചിരട്ട നിരത്തി വച്ച് തെളിനീര്‍ പിടിക്കുന്നുണ്ട് കഥാകൃത്ത്. അനുവാചകര്‍ക്കായി തൃപ്തിയോടെ വായിച്ചു വയ്ക്കാവുന്ന കുറെ കഥകള്‍. കഥകളെ ഓരോന്നായെടുത്ത് ചില നിരീക്ഷണങ്ങള്‍ നടത്താനാണ് ശ്രമിക്കുന്നത്. അവ നിര്‍ദ്ദേശങ്ങളായി സ്വീകരിക്കണമെന്നില്ല വായനക്കാരും കഥാകൃത്തും. തൊഴിലുറപ്പിന്റെ സുരക്ഷിതത്വമോ സുരക്ഷിതത്വം തേടി മനസ്സുകൊണ്ടൊരു പ്രയാണമോ ആകുന്നുണ്ട് പല കഥകളും. ജീവിതങ്ങള്‍ ചീഞ്ഞളിയുന്ന ഉറപ്പില്ലാത്ത ലോകത്ത്, ചത്തതിന്റെ ചീയല്‍ ഊറ്റി തിടം അവയ്ക്കുന്ന പുതുമുറകളുടെ ചെറു തൈകള്‍ പ്രവാചകരുടെ കാഹളം തീക്കാറ്റൂതൂന്ന അനിശ്ചിതത്വങ്ങളുടെ വെളിമ്പറമ്പുകളില്‍ നട്ടു നോക്കാന്‍ കഥാകൃത്ത് ഇനിയും ശ്രദ്ധിക്കുമല്ലോ.
ഇതിലെ പല കഥകളിലും അമ്മയും മഴയും നിറഞ്ഞു തുളുമ്പുന്നു മണ്ണിന്റെ വെറുങ്ങലിപ്പ്, വെയിലിന്റെ ഉച്ചപ്പൊള്ളല്‍, രാവിന്റെ വിഷാദം അങ്ങനെ എന്തെല്ലാം ബാക്കിയാണ് ആവിഷ്ക്കരിക്കാന്‍. രാഗദ്വേഷങ്ങളുടെ പേമാരികളില്‍ മലവെള്ളപ്പാച്ചിലും ഉരുള്‍പൊട്ടലും സംഭവിക്കുന്നുണ്ട്. വൈവിധ്യങ്ങളെ തൊടാനും വൈജാത്യങ്ങള്‍ രുചിക്കാനും കൂടുതല്‍ ക്ഷമതയുള്ള ഒരു തരംഗഗ്രാഹി വളര്‍ത്തിയെടുക്കാനായാല്‍ തീര്‍ച്ചയായും ഉരുവാക്കുന്നതില്‍ കൂടി പ്രയോഗിച്ചിരുന്നെങ്കില്‍ കൂടുതല്‍ ലക്ഷണയുക്തമാകുമായിരുന്നു കഥകളേറെയും.
അമ്മയും കൗമാരക്കാരനായ മകനും പല കഥകളിലും സമാന ജീവിത സാഹചര്യങ്ങളില്‍ നമ്മെ അഭിമുഖീകരിക്കുന്നു. മോന്‍ പഠിച്ച് വലിയ ആളാകണം എന്ന പ്രാര്‍ത്ഥന ഒരേ തരംഗദൈര്‍ഘ്യത്തില്‍ ഉയരുന്നുണ്ട് പല കഥകളിലും. ആവര്‍ത്തനങ്ങള്‍ ആസ്വാദഭംഗം ഉണ്ടാക്കുമല്ലോ. അതുപോലെ പല പദങ്ങളും ആവശ്യത്തിനല്ലാതെ ആവര്‍ത്തിക്കുന്നുണ്ട്. ‘ പൊടുന്നനെ’ എന്നത് ഒരു കഥയില്‍ തന്നെ പലയിടത്തും വരുന്നു; അങ്ങനെ പല കഥകളിലും. സന്ദര്‍ഭങ്ങള്‍ ആ വാക്കിനെ അനിവാര്യമാക്കുന്നുമില്ല. കഥാബീജങ്ങളും പദങ്ങളും അര്‍ത്ഥരഹിതമായി പുനരവതരിക്കുന്നത് നിയന്ത്രിക്കണം. ചക്കക്കുരു തോരന്‍ രുചികരം തന്നെ. അവിയലിലും സാമ്പാറിലും പുളിശേരിയിലും ചക്കക്കുരു തന്നെ ചേര്‍ത്താലോ? അത്തരം ഒരു നേര്‍ത്ത അരുചി ചില കഥകള്‍ വായനക്കാരന് നല്‍കുന്നുണ്ട്. വേറിട്ടൊരു ആസ്വാദന വിമര്‍ശന തലത്തില്‍ നിന്നുകൊണ്ട് കഥകള്‍ ഒന്നൊന്നായ് എടുത്ത് മുള്ളും തൂവലും ചാര്‍ത്തി വായനാ സമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കുന്നു.
കഥ 1: ഒരു ലാസ്റ്റ് ഗ്രേഡ് ദുരന്തം
കോളറാ നിയന്ത്രണത്തിനു നിയോഗിക്കപ്പെടുന്ന സത്യപാലന്‍ ചുമയും ദേഹ നൊമ്പരവും ബാധിച്ച് ഇരുപത്തി നാല് മണിക്കൂറിനകം മരിക്കുന്നു? സഹപ്രവര്‍ത്തകരുടെ നിസംഗമായ ഉദീരണത്തില്‍ ഒതുങ്ങുന്ന ഒരു മരണം അച്ഛനിലൂടെ അമ്മയിലൂടെ സജീവമായ ഒരു മരണം വിധിക്കാമായിരുന്നു അയാള്‍ക്ക്. ആവിഷ്ക്കാരത്തിന്റെ തലത്തില്‍ ‘ഒരു ഫസ്റ്റ് ഗ്രേഡ് ദുരന്തം’ എന്ന് ഈ കഥയെ വിശേഷിപ്പിക്കേണ്ടി വരുന്നു.
കഥ 2 : അമ്മ സംതൃപ്തയാണ്
തൂവല്‍:-
1. ബോധത്തിന്റെ നിലാക്കൊമ്പത്ത് കോഴി കൂവുന്നു ‘ ഹൃദ്യമായി ആ കൂവല്‍
2. ‘ സ്വപ്നത്തില്‍ നിന്നും രാത്രി ഉണരുകയാണ്’ ഉണരട്ടെ , നല്ല കല്‍പ്പന.
3. ‘ തോന്നലുകളുടെ നിഴലനക്കമായിരുന്നല്ലോ തനിക്കെന്നും ജീവിതം’ ഭാവനയുടെ നിഴലനക്കം കാണുന്നില്ലേ?
മുള്ള് :-
അച്ഛന്റെ മരണം രഹസ്യമാക്കി വയ്ക്കുന്നതിലൂടെ കഥയ്ക്ക് എന്തെങ്കിലും പുഷ്ടി വരുന്നില്ല. വെറുതെ ഒരു രഹസ്യം.
കഥ 3 : കനല്‍മുനയിലെ ജീവിതങ്ങള്‍
മുള്ള് :-
1. സംഭവവിവരണം പോലൊരു കഥ , ആദിവാസി കുടിലിന്റെ പശ്ചാത്തലത്തില്‍
2. ‘ ഇരുള്‍ പരന്നിറങ്ങുന്ന താഴ്വാരത്തിലേക്ക് ഞങ്ങള്‍ നടന്നിറങ്ങി’ പിന്നിലെ ഗിരിനിരകളിലല്ലേ ഇരുള്‍ പരന്നിറങ്ങുന്നത് , പാര്‍ശ്വവല്‍കൃത ജീവിതങ്ങള്‍ക്കു മേല്‍…?
കഥ 4: വിരുന്നുകാരുടെ ഇല
കഥയില്‍ മൃദു ഭാവുകത്വം ഒരു പ്രാവിനേപ്പോലെ കുറുകുന്നുണ്ട്
തൂവല്‍ :-
1. കാലം എച്ചില്‍പാട്ടേക്ക് എറിഞ്ഞുകളഞ്ഞ ജാത്യാചാരങ്ങളീല്‍ ചിലത് ഉള്ളില്‍ തട്ടും വിധം അവതരിപ്പിച്ചിട്ടുണ്ട്.
2. ‘ തമ്പ്രാനും തമ്പ്രാട്ടിമാരും വിശന്നു പൊരിഞ്ഞ് കിടപ്പുണ്ടാകും’ ആക്ഷേപ സത്യം കൊണ്ടൊരു സാന്ത്വനവും വിശപ്പാറ്റലും ; ഹൃദ്യം!
മുള്ള് :-
1. ജോസഫ് മുതലാളി- സണ്ണി ജോസഫ് ബന്ധത്തിന്റെ ഇഴയടുപ്പം വ്യക്തമല്ല. 2. ഒരിക്കല്‍ എച്ചിലെടുക്കാന്‍ പോയ കൗമാരക്കാരന്‍ അതേ വീട്ടില്‍ ക്ഷണിതാവായി എത്തുന്നുണ്ടെങ്കിലും വളര്‍ച്ചയുടെ തായ്ത്തടി ദൃഷ്ടി ഗോചരമല്ല.
3. കഥാഗതിയില്‍ പൂര്‍വാപരബന്ധത്തിന്റെ ചേര്‍ച്ചക്കുറവ് കാണാം.
4. ‘ തീരാത്ത ദുരന്തത്തിന്റെ സൂചിമുനയിലിരുന്ന് അമ്മ തേങ്ങുകയാണ്. ‘ അതാണീ മഴ എന്ന് കഥ അവസാനിക്കുന്നു. അങ്ങനെ പറയാനാവുന്നതെങ്ങനെ? ജോസഫ് മുതലാളിയുടെ കല്യാണത്തിനു കുടുംബസമേതമാണ് ക്ഷണിക്കപ്പെടുന്നത്. നിറ സാന്നിധ്യമായി പങ്കെടുക്കാനും നാലാളുടെ ഒപ്പമിരുന്ന് ഭക്ഷണം കഴിക്കാനും. പിന്നെ സൂചിമുനയിലിരുന്ന് അമ്മ തേങ്ങുന്നതെന്തിന്? അമ്മയുടെ ആനന്ദക്കണ്ണീര്‍ തന്നെയാവണം ആ മഴ.
കഥ 5 :- കമ്പിളി
സമാഹാരത്തിലെ മനോഹരമായ കഥ
തൂവല്‍ :-
1. ‘ രാവിലെ കുളി കഴിഞ്ഞ് വര്‍ത്തമാനം പറഞ്ഞിരുന്ന നേരത്ത് ഒരാന്തല്‍ ‘ അമ്മയുടെ മരണത്തിന്റെ ചട്ടം പിടിപ്പിച്ച വര്‍ണ്ണന – മരിക്കാനിത്ര മതി. കൃത്യമായ സമയവും ലളിതമായ വഴിയും. വാക്കുകള്‍ വൃഥാ ഒഴുകി പരക്കുന്നില്ല.
2. ‘ അമ്മക്കാരുമില്ലേ ? ഒരു മകനുണ്ടായിരുന്നു . വൃദ്ധ കണ്ണു തുടച്ചു ‘ മകനെന്തു സംഭവിച്ചു എന്നയാള്‍ ചോദിക്കുന്നില്ല. ഉണ്ടായിരുന്ന മകന്റെ ഇല്ലാതാകല്‍ സങ്കല്‍പ്പിക്കാന്‍ ഒരായിരം വാതായനങ്ങള്‍ തുറന്നു കിടപ്പുള്ള കഥാ സന്ധിയാണ് ഋജുരേഖയില്‍ തിളങ്ങുന്നത്. കാവ്യാത്മകമൗനം വിരിച്ചു വിരുന്നൂട്ടുമ്പോള്‍ പൊരിച്ചു വിളമ്പാത്ത വാക്കുകളുടെ രുചി രസനയില്‍ വന്നെരിയും.
മുള്ള്:-
1. ‘ പോക്കറ്റില്‍ നിന്നും നൂറിന്റെ രണ്ട് പുത്തന്‍ ഗന്ധമുള്ള നോട്ടെടുത്ത് രാമന്‍നായരുടെ നേരെ നീട്ടി’ നൂറിന്റെ രണ്ട് പുത്തന്‍ ഗന്ധം നീട്ടി എന്നൊക്കെ പുത്തന്‍ പ്രയോഗം ആവാമായിരുന്നു, ഇല്ലേ?
2. കമ്പിളിപ്പുതപ്പ് പാല്‍ക്കാരന്റെ കയ്യില്‍ കൊടുത്തു വിടേണ്ടിയിരുന്നോ? തെണ്ടാന്‍ വന്ന ഒരു തള്ളയെ ഉള്ളില്‍ വിളിച്ചിരുത്തി ചായയും ബിസ്ക്കറ്റും വിളമ്പുന്ന ഒരാള്‍ക്ക് കമ്പിളിപ്പൊതിയുമായി അവരെ അന്വേഷിച്ചിറങ്ങാന്‍ മടിയുണ്ടാകേണ്ട കാര്യമില്ല.
കഥ 6 : കോളറ
തൂവല്‍:-
‘ രോഗികളും രോഗികളെ കാത്തു നില്‍ക്കുന്നവരും ഓട്ടോ റിക്ഷകളും ശവവാഹനവും… ചേര്‍ച്ചയില്ലാത്ത ചേതനാചേതങ്ങളുടെ സംഘാതത്തെ ഭംഗിയായി നിരീക്ഷിക്കുന്ന ഒരു പ്രയോഗം. കഥാന്ത്യത്തില്‍ ഒരു ഫോണ്‍കോളായി അരുന്ധതിയെ തിരഞ്ഞെത്തുന്ന നടുക്കം അവതരിപ്പിച്ചതില്‍ നല്ല കയ്യടക്കവും.
മുള്ള്:-
മെഡിക്കല്‍ കോളേജിലേക്കു പായുന്ന ഒരു വാഹനത്തിലിരുന്ന് രാവിലെ കണ്ട ടെലിവിഷ്വത്സ് ഓര്‍ത്ത് ഞെട്ടുന്ന ഒരമ്മച്ചിത്രം വരച്ചിരുന്നെങ്കില്‍ കഥ കൂടുതല്‍ ഹൃദ്യമാകുമായിരുന്നു . ആവശ്യത്തിലേറെ വിവരങ്ങളും വിവരണങ്ങളും കഥയില്‍ തുന്നിക്കെട്ടി വച്ചിട്ടുണ്ട്. കഥാഗതിക്ക് സംഭാവനയൊന്നും തരാത്തവ. അറം പറ്റിയ നേരത്താണ് അരുന്ധതി റെയില്‍വേ സ്റ്റേഷനിലെത്തിയത് എന്നു കണ്ടു. സാംഗത്യമില്ലാത്ത പ്രയോഗമായി പോകുന്നു ഇവിടെ അറം. ടെലിവിഷ്വലുകളിലൂടെയുള്ള തുടക്കം നന്നായി. പരിണാമ, വിരാമങ്ങളില്‍ കൂടുതല്‍ ധ്യാനവും ജാഗ്രതയും ആവശ്യപെടുന്നുണ്ട് കോളറ എന്ന കഥ.
കഥ 7 :- ചത്തവന്റെ വസ്ത്രങ്ങള്‍
ഞാന്‍ ഈ കഥയുടെ പേരൊന്നു മാറ്റിക്കോട്ടെ ‘ ചത്തവന്റെ വെള്ളയുടുപ്പ്’ ( കഥാകൃത്തിനും വായനക്കാരനും വേണ്ടിയല്ല കേട്ടോ ) സമാഹാരത്തിലെ കാവ്യഗുണമുള്ള ഒരു കൃതിയാണിത്. കുട്ടിപ്പെണ്ണൂം മോനും കൂടിയെഴുതിയ ഒന്നാന്തരമൊരു കവിത. കൊച്ചു കൊച്ചു കുറവുകള്‍ പറയുന്നില്ല . മാഞ്ഞ് അലിഞ്ഞു പോയ ഒരു കാലഘട്ടം ചത്തു പോയവന്റെ ഉടുപുടവകളിഞ്ഞ് പുനര്‍ജനിച്ച പോലെ.
കഥ 8 :- ഒരു പിടി ചോറും അമ്മയുടെ നിറഞ്ഞ കണ്ണുകളും
നല്ല ഒരു കഥ കഥാന്ത്യം നന്നായി .
കഥ 9 :- പുതിയ പുസ്തകത്തിന്റെ ഗന്ധം
ബാംസുരിയില്‍ നിന്നൊരീണം ഒഴുകിപ്പരന്ന് ആത്മാവിനെ തൊട്ട അനുഭൂതി ചത്തവന്റെ വസ്ത്രങ്ങള്‍ എന്ന കഥ പോലെ ഗരിമയുള്ളത്.
‘ നടന്ന് നടന്ന് കല്യാണി ടീച്ചര്‍ കാലത്തിനുമപ്പുറത്തേക്ക് പറന്നുയര്‍ന്നിട്ടുണ്ടാകും’ നടന്നു നടന്നു പറക്കുകയോ? കഴിയുമെന്ന് എനിക്കു തോന്നുന്നു. പറക്കാനാവും വിധം ഭാരരഹിതമായ ഒരു ഹൃദയത്തില്‍ നിന്നല്ലേ ആ കണക്ക് പുസ്തകപ്പൊതി നീണ്ടു വരു. ടീച്ചര്‍ പറക്കുക തന്നെ ചെയ്യും നടന്നു നടന്ന്!
കഥ 10 :- അമ്മ മഴ നനഞ്ഞു നില്‍ക്കുകയാണ്.
നല്ല രചന കഥയില്‍ നിന്നും ഒരു ഉദാത്ത കല്പന ഓര്‍മ്മകള്‍ നിറമുള്ള മഴയാണ്. പെയ്തു തീരാത്ത മഴയും ഓര്‍ത്തു തീരാത്ത…
കടാതി ഷാജിയുടെ പ്രഥമ സമാഹാരത്തിലെ ‘’ കഥകള്‍ കവിത നനഞ്ഞു കിടക്കുകയാണ്..’‘ നനയുമ്പോഴും പൊള്ളിക്കുന്ന അനുഭവമായി . കരള്‍ പിളര്‍ത്തുന്ന തീക്ഷണതകള്‍ മുള്ളായും തൂവലായും ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്നു .
വായിക്കാവുന്ന ഒരു നല്ല കഥാസമാഹാരം.
Generated from archived content: book1_nov13_13.html Author: mooson_thupran