എന്റെ ഹൃദയം

തന്റെ ഹൃദയം നഷ്‌ടപ്പെട്ടതുപോലെ ജമീല മൂകയായി. കൂകിവിളിച്ചുകൊണ്ട്‌ വണ്ടി കടന്നുപോയിരുന്നു. ബഹിർഗമിച്ച യാത്രക്കാരും ലക്ഷ്യസ്ഥാനത്തേക്കു നടന്നു. തീവണ്ടിശാല ശൂന്യമാവുകയാണ്‌. ഫസ്സലും മൈമൂനയും ഉമ്മയുടെ അനുവാദത്തിനു കാത്തുനിന്നു. ജമീല തുകൽസഞ്ചിയും സ്യൂട്ട്‌കെയ്‌സും തുറന്ന്‌ ആവർത്തിച്ചു നോക്കി. ഒരാഴ്‌ച വീട്ടിൽ തങ്ങാനുളള വസ്‌ത്രങ്ങളും വായിക്കാനുളള മാസികകളും ഒരു കഥാപുസ്‌തകവും മാത്രമെ കാണുന്നുളളൂ. റബ്ബേ, തന്റെ ഡയറി, കൂകിപാഞ്ഞ വണ്ടിക്കു പിന്നാലെ ഓടിയാൽ കൊളളാമെന്ന്‌ അവർക്കു തോന്നി. മുന്നിൽ തീവണ്ടിപാതകൾ അനന്തതയെ പുണർന്നുകൊണ്ട്‌ കടന്നുപോകുന്നു. യുക്തിക്കു നിരക്കാത്ത ആ ചിന്തയെ തലഞ്ഞെരിച്ചുകൊണ്ട്‌ മുന്നോട്ടോ പിന്നോട്ടോ ഇല്ലാതെ വീണ്ടും അവൾ അൽപ്പനേരം അവിടെതന്നെ നിന്നു. പിന്നെ ഹൃദയം നഷ്‌ടപ്പെട്ടവളെപ്പോലെ വീട്ടിലേക്കു നടന്നു.

ഒരു സ്‌ത്രീയുടെ ഹൃദയത്തിൽ പ്രണയമുണ്ട്‌, കാമമുണ്ട്‌, ജീവിതമുണ്ട്‌, പ്രാർത്ഥനയുണ്ട്‌. ഇതെല്ലാം തന്റെ ഡയറിയിലുണ്ടായിരുന്നു. ബഹുദൂരം ചുമടുതാങ്ങി തളർന്നുവരുന്നവർക്ക്‌ തെരുവോരത്തുളള അത്താണിപോലെയായിരുന്നു തനിക്ക്‌ ഡയറി. ആശങ്കകളും ആകുലതകളും മനസ്സിൽ തിങ്ങിനിറയുമ്പോൾ അതൊഴിച്ചുവെക്കാൻ അവൾ ഡയറിയെ ശരണപ്പെട്ടു. മധുരം തുളുമ്പിനിന്ന ഒരു പ്രണയകാലത്തിന്റെ സ്‌മരണകളും ശരീരത്തെ അലോസരപ്പെടുത്തിയ കാമത്തിന്റെ മുളളുകളും മധുവിധുവിന്റെ അലകളൊഴിഞ്ഞപ്പോൾ രണ്ടാംകെട്ടിന്‌ തക്കംപാർത്ത കെട്ടിയോന്റെ പാപ്പരത്തങ്ങളും നിറങ്ങൾ നഷ്‌ടപ്പെടുന്നെന്നു തോന്നിയപ്പോൾ ജീവിതത്തിന്റെ പച്ചപ്പിനായി പ്രാർത്ഥനകളും ആ ഡയറിയിൽ കുറിച്ചുവെച്ചിരുന്നു. തന്നെ ഡയറിയെഴുതാൻ പരിശീലിപ്പിച്ചത്‌ മുനീറാണ്‌. വാപ്പയുടെ കടയിലെ കണക്കെഴുത്തുകാരനായ മുനീർ ഒരു റമസാൻ മാസത്തിലെ സമ്മാനമായാണ്‌ ഡയറി തന്നത്‌. അതിൽ ആദംനബിയും ഹൗവ്വയും പറുദീസയിൽ സുഖവാസം ചെയ്യുന്ന ചിത്രം അൽപ്പം പരിഷ്‌കാരത്തോടെ വരച്ചു ചേർത്തിരുന്നു.

ഈയടുത്തകാലത്ത്‌ ഡയറിയെഴുത്തും പ്രാർത്ഥനയും തനിക്ക്‌ വായുവും ജലവും പോലെയാണ്‌. അതിൽ കവിതകളും കൊച്ചു കഥകളുമുണ്ടായിരുന്നു. എന്റെ റബ്ബേ, അതാർക്കാണാവോ കിട്ടിയിട്ടുണ്ടാവുക. അഥവാ ഏതു ചവറ്റുകൊട്ടയിലേക്കാണ്‌ അതെറിയപ്പെട്ടിരിക്കുക? തീവണ്ടിശാലയ്‌ ക്കു പുറത്തെ ഹൃദയരോഗിയായ യാചകന്‌ തന്റെ ഖൽബിൽ നിന്നെടുത്ത സക്കാത്ത്‌ കൊടുത്തിട്ട്‌ അവൾ നടന്നു.

സ്വകാര്യതകളുടെ അത്താണി നഷ്‌ടപ്പെട്ടിട്ട്‌ ഒരു വർഷം തികയുന്നു. അപ്പോഴാണ്‌ ആകാശവാണിയുടെ ഒഴുകിവന്ന ആ ലളിതഗാനം കേട്ട്‌ ജമീല ഞെട്ടിയത്‌. അത്‌ തന്റെ കവിതയുടെ ഗാനരൂപമാണ്‌. ഗാനരചയിതാവ്‌ ജമീല. ഇതെങ്ങനെ സംഭവിച്ചു. ആദ്യമായൊരു ഗാനം പുറംലോകമറിയുന്നതിലാഹ്ലാദമുണ്ട്‌. തന്റെ ഹൃദയം ചവറ്റുകൊട്ടയിൽ പോയിട്ടില്ലെന്ന സമാധാനവുമുണ്ട്‌. പക്ഷേ ആകാശവാണിവരെ എത്താനും മാത്രം അതാരുടെ കൈവശമാണ്‌ ചെന്നുപെട്ടത്‌? റേഡിയോയിൽ തുടർച്ചയായി വന്ന ഗാനം കേട്ടു പഠിച്ച്‌ രോഹിണി തന്റെ മുന്നിൽ പാടി നടന്നപ്പോൾ മനസ്സിൽ എന്തെന്നില്ലാത്ത ആനന്ദമുണ്ടായി. അതു തന്റെ കവിതയാണെന്നു പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? ജമീല എന്ന പേര്‌ എത്രപേർക്കുണ്ട്‌. രോഹിണിയോടെങ്ങാനും പറഞ്ഞാൽ അവൾ ഉടനെ പറയും ഒരു പാട്ടുപോലും പാടാത്ത ഇത്താത്തയാണോ പാട്ടെഴുതാൻ പോണത്‌. തന്നെ സഹായിക്കാൻ നിൽക്കുന്ന വേലക്കാരി പെണ്ണാണ്‌ രോഹിണി. അവൾക്ക്‌ തന്നെ വലിയ ഇഷ്‌ടമാണ്‌. എന്നാലും ഗാനത്തിന്റെ ഉടമസ്ഥതയൊന്നും അവൾ അംഗീകരിച്ചുതരില്ല.

ഫസലിനേയും മൈമൂനയേയും സ്‌ക്കൂളിൽ വിട്ട്‌ തിരിച്ചുവരുമ്പോഴാണ്‌ പന്ത്രണ്ടു വർഷങ്ങൾക്കുശേഷമുളള ആ കൂടിക്കാഴ്‌ച. പിന്നിട്ട വഴികളിലെ മൺമറഞ്ഞ കാൽപ്പാടുകൾ തെളിഞ്ഞുവരുന്നു. മഴവില്ല്‌ കണ്ട മയൂരത്തെപ്പോലെ മനസ്സ്‌ പീലിവിടർത്തുന്നു. കുറേക്കാലം നാടുവിട്ട്‌ പോയിരിക്കുകയായിരുന്നു. ഇപ്പോഴും നിക്കാഹ്‌ ചെയ്യാതെ നടപ്പാണെന്നാണ്‌ അറിവ്‌. സാമൂഹ്യപ്രവർത്തനവും രാഷ്‌ട്രീയവുമൊന്നും വിട്ടിട്ടില്ലത്രേ, വാപ്പയുടെ കടയിലെ കണക്കെഴുത്തുകാരനായ്‌ വന്ന്‌ തന്റെ ഖൽബിൽ പ്രണയത്തിന്റെ സംസം കിണറായ്‌ തീർന്ന മുനീർ….ഒരു വ്യാജവട്ടത്തിനുശേഷമെങ്കിലും ഒന്നു കാണാൻ കഴിഞ്ഞല്ലോ! മനസ്സിന്റെ താഴ്‌വരകളിൽ നീലക്കുറിഞ്ഞികൾ പൂക്കുന്നു. പഴയ സ്വാതന്ത്ര്യവും സ്‌നേഹവുമൊക്കെ ഓടിയടുക്കുകയാണ്‌. ആളാകെ മാറിയിരിക്കുന്നു. നീളൻ ജുബ്ബയും കോടിമുണ്ടുമാണ്‌ വേഷം. താടിവെട്ടിയൊതുക്കിയ മുഖത്ത്‌ മന്ദഹാസം വിരിയാൻ പ്രയാസം. വാഹനങ്ങൾ കടന്നുപോകാൻ അവസരം കൊടുത്ത്‌ ഇരുവരും റോഡിന്റെ രണ്ടുവശങ്ങളിലായി നിന്നു. തിരക്കൊഴിഞ്ഞപ്പോൾ തന്റെ മുഖത്ത്‌ മന്ദഹാസം വിരിഞ്ഞപ്പോൾ ചിരി എന്നോ മറന്നയാളിനെപ്പോലെ അയാൾ ചോദിച്ചു. ജമീലയ്‌ക്കു സുഖംതന്നെയല്ലേ…? വാക്കുകൾ സംഭരണികളിലെ ജലം എന്നപോലെ ഉളളിൽ കിടന്ന്‌ വീർപ്പുമുട്ടി. സുഖത്തിന്റെ അർത്ഥമെന്തെന്നറിയാൻ തനിക്ക്‌ ജീവിത നിഘണ്ടു പരിശോധിക്കേണ്ടിയിരിക്കുന്നു. പ്രണയത്തിനൊരു സുഖം….വിവാഹജീവിതത്തിന്‌ മറ്റൊരു സുഖം…ആദ്ധ്യാത്മികതയുടെ സുഖം അതിനപ്പുറം. കോളേജിൽ പോകുന്ന വഴിക്കും വാപ്പയുടെ കടയുടെ പിന്നാമ്പുറങ്ങളിലും വെച്ച്‌ വാക്കുകളിലൂടെയും നോട്ടങ്ങളിലൂടെയും ഞാൻ നിന്റേതെന്നും നീ എന്റേതെന്നും മാത്രമറിഞ്ഞ്‌ ഒത്തുകൂടിയപ്പോഴുണ്ടായ പ്രണയത്തിന്റെ മാന്ത്രികസൗഖ്യങ്ങൾ പിന്നീടുണ്ടാകുമോ? വിവാഹജീവിതത്തിൽ എത്തുമ്പോൾ പക്ഷേ ഞാൻ നിനക്ക്‌ അന്യനാവുന്നു; നീയെനിക്കും. ഒന്നിച്ചെത്തിയ വെയിലും മഴയുംപോലെ ജമീലയുടെ മുഖത്ത്‌ സന്തോഷവും കണ്ണീരും നിറഞ്ഞു. ങും…സുഖാണ്‌…മുനീറിനോ? അവൾ ചോദിച്ചു. ങും…എനിക്കും സുഖാണ്‌, അല്ലാണ്ട്‌ വരീല്ലല്ലോ, ഒറ്റയ്‌ക്കല്ലേ…നാടുവിട്ടുപോകുകയോ രാഷ്‌ട്രീയ പ്രവർത്തകനാവുകയോ സഞ്ചാരിയാവുകയോ എന്തുവേണേലാകാം. ആരും ചോദിക്കാനില്ല. കാത്തിരിക്കാനാരെങ്കിലുമുണ്ടെന്ന വിചാരവും വേണ്ടേ. എന്നാലും ഇത്ര വിദഗ്‌ദ്ധമായി കളളം പറയാൻ എന്നെക്കൊണ്ടാവില്ല.

മുളളുകൾ വാരിയെറിഞ്ഞതുപോലെ അവളുടെ മനംനൊന്തു. എല്ലാം അവസാനിപ്പിച്ചേടത്തുതന്നെ മുനീർ മടങ്ങിപ്പോകുകയാണോ? അയാളുടെ വാക്കുകൾക്ക്‌ കാതോർത്ത്‌ അവൾ നിന്നു.

കാലിൽ തറഞ്ഞുകയറിയ ഒരു മുളളായിരുന്നില്ല ജമീല എനിക്ക്‌ അത്‌ ഖൽബിൽ വിടർന്ന പൊൻതാമരയായിരുന്നു. ആ താമരയാണ്‌ പറിച്ചുകൊടുത്ത്‌ ഞാൻ പ്രണയബലി നടത്തിയത്‌. ആദർശത്തിന്റെ പേരിൽ പ്രണയം ബലികൊടുത്തപ്പോൾ ഒന്നേ ആഗ്രഹിച്ചിരുന്നുളളു. എവിടെയായിരുന്നാലും ജമീല നന്നായ്‌ ജീവിക്കണമെന്ന്‌….

അതേ, മുനീർ പഴയ കാലത്തേക്കുതന്നെ മടങ്ങിപോവുകയാണ്‌. ആ വഴികളിലൂടെ കടന്നുപോകാൻ തന്നെയും ക്ഷണിക്കുകയാണ്‌. തന്നെ സ്ഥാപിച്ചെടുക്കാൻ ശ്രമിച്ചുകൊണ്ട്‌ അവൾ പറഞ്ഞു.

അതിനിപ്പോൾ എന്താണുണ്ടായത്‌? ഞാൻ സുഖമായിട്ടുതന്നെയല്ലേ ജീവിക്കുന്നത്‌. പഴയ കാര്യങ്ങളൊക്കെ എന്തിനാണിനിയും ചികഞ്ഞെടുക്കുന്നത്‌. നമ്മൾ എല്ലാം അറിയുന്നവരല്ലേ? അറിഞ്ഞുകൊണ്ടുതന്നെയല്ലേ പിരിഞ്ഞത്‌? പരസ്‌പരം വെറുത്താണു പിരിഞ്ഞതെങ്കിൽ കണ്ട മാത്രയിൽ ഇത്രയും അടുപ്പമുണ്ടാവുമായിരുന്നോ?

അയാളുടെ മുഖം കൂടുതൽ ഗൗരവമുളളതായി.

സുഖമാണെങ്കിൽ പിന്നെന്തിനു ജീവിതം അവസാനിപ്പിക്കാൻ ശ്രമിക്കണം. ജീവിതത്തിന്റെ പച്ചപ്പിനായി പ്രാർത്ഥിക്കണം. ഭർത്താവ്‌ രണ്ടാംകെട്ടിനു ശ്രമിക്കുന്നു എന്ന ദുഃഖം ഉളളിൽ പേറണം.

പൊടുന്നനവേ ഉയർന്ന അയാളുടെ ചോദ്യങ്ങൾ കേട്ട്‌ അവൾ ഞെട്ടി. തനിക്കും തമ്പുരാനും മാത്രമറിയാവുന്ന രഹസ്യങ്ങൾ മുനീർ അറിഞ്ഞിരിക്കുന്നു. രഹസ്യങ്ങൾ പരസ്പരം കൈമാറിയിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. അന്നു മുനീറിന്റെ ഹൃദയം തന്നിലും തന്റെ ഹൃദയം മുനീറിലുമായിരുന്നു. മാനസിക രോഗിയായ തന്റെ ബീവിയെ ഒരുപാടുപേർ ഉപദേശിച്ചിട്ടും മൊഴിചൊല്ലാൻ തയ്യാറാകാത്ത സ്‌നേഹനിധിയായിരുന്നു മുനീറിന്റെ വാപ്പ. ഉമ്മയെ പൂട്ടിയിട്ടിരിക്കുന്ന മുറിയുടെ വാതിൽക്കൽ വന്ന്‌ വാപ്പ ഏങ്ങലടിച്ചു കരയുന്നത്‌ മുനീർ കണ്ടിട്ടുണ്ട്‌. അപ്പോഴൊക്കെ മകനേയും ചേർത്തുപിടിച്ച്‌ അയാൾ കരയും. അത്‌ സ്‌നേഹത്തിന്റെ ധാരാളിത്തമായിരുന്നു. ആ ധാരാളിത്തം മുനീർ തന്നിലും ചൊരിഞ്ഞു. ഒടുവിൽ ഭ്രാന്തി ഉമ്മയുടെ മകനെന്ന്‌ മുദ്രകുത്തിയപ്പോൾ പിരിയണമെന്ന്‌ ഉപദേശിച്ചതും മറവിയുടെ കരിമ്പടം പുതപ്പിച്ചതും മുനീർ തന്നെയാണ്‌. ഇന്നും ഒറ്റ ചക്രത്തിൽ അയാൾ ജീവിതപ്രയാണം നടത്തുമ്പോൾ താൻ സഹയാത്രികയാണ്‌. കുടുംബവാഹനത്തിലെ നാഥയാണ്‌. ഇടയ്‌ക്ക്‌ കുണ്ടും കുഴികളുമുണ്ട്‌. ചിലപ്പോൾ വാതിൽപാളിയിലൂടെ പുറത്തേക്കെടുത്തെറിയപ്പെടാറുമുണ്ട്‌. അപ്പോഴൊക്കെ ഉമ്മാ എന്നുവിളിക്കാനും ചേലത്തുമ്പിൽ പിടിച്ചു നിർത്താനും ആളുണ്ട്‌. അതുകൊണ്ട്‌ തന്റെ രഹസ്യങ്ങൾ ഇനി തന്റേതും പൊന്നുതമ്പുരാന്റേതും മാത്രമായിരിക്കും. പക്ഷേ ഈ രഹസ്യങ്ങൾ മുനീർ എങ്ങനെ അറിഞ്ഞു? മുഖം നിറയെ ആകാംഷയുടെ പൂമൊട്ടുകളുമായി അവൾ നിൽക്കവേ അയാൾ പറഞ്ഞു.

അന്ന്‌ നീ വന്നിറങ്ങിയ വണ്ടിയിൽ ഞാനൊരു യാത്ര പോവുകയായിരുന്നു. ആദ്യപേജിൽ തന്നെ ഇതെന്റെ ഹൃദയമാണ്‌ എന്നെഴുതിയിരിക്കുന്ന നിന്റെ ഡയറി എന്റെ കൈവശം കിട്ടി. ആ ഹൃദയത്തിലൂടെ ഞാൻ കുറേ ദിവസം കടന്നുപോയി….നിന്റെ നൊമ്പരപ്പൂക്കൾ….ശരീരത്തിന്റെ ഉൾവിളികൾ…. ജീവിത പച്ചപ്പിനായുളള പ്രാർത്ഥനകൾ…എല്ലാം ഞാൻ വായിച്ചറിഞ്ഞു. അതിലെ ഏതാനും കവിതകൾ ഗാനരൂപങ്ങളായി….എല്ലാം ഞാനറിയുന്നു….ഇനിയും നിനക്കെന്നോട്‌ കളളം പറയണോ?

ജമീല ഒന്നും മിണ്ടിയില്ല. മുഖത്തെ ആകാംഷയുടെ പൂമൊട്ടുകൾ പൂക്കളായ്‌. കണ്ണുകൾ നിറഞ്ഞുകവിഞ്ഞു. ആത്മഗതമെന്നോണം പറഞ്ഞു. ഇങ്ങനെയൊക്കെ സംസാരിക്കാനും സ്‌നേഹിക്കാനും മുനീറേ നിങ്ങൾക്കേ കഴിയൂ. ഞാൻ കളളം പറഞ്ഞു എന്നത്‌ നേരാണ്‌. പക്ഷേ അത്‌ നിങ്ങളോടാണ്‌. പടച്ചോനോട്‌ ഞാൻ കളളം പറഞ്ഞിട്ടില്ല.

അവർ സംസാരിച്ചുകൊണ്ടുനിന്ന സ്ഥലത്തുളള കെട്ടിട മച്ചകത്തിൽ നിന്നും പ്രാക്കളുടെ ചിറകടികൾ ഉയർന്നു. വെയിൽ ഓളംവെട്ടുന്ന അമ്പലമൈതാനത്തിനക്കരെ മരീചികകൾ തെളിഞ്ഞു.

അയാൾ കയ്യിൽ പൊതിഞ്ഞു സൂക്ഷിച്ചിരുന്ന ഡയറി അവൾക്കു കൊടുത്തു. അതുവാങ്ങി അവർ മാറോടു ചേർത്തു.

അവർ നടന്ന്‌ റോഡ്‌ രണ്ടായ്‌ പിരിയുന്ന സ്ഥലത്തെത്തി.

എന്നാലും ഇങ്ങനെ നടക്കാനാണോ ഭാവം…?

മൗനത്തെ ഭജ്ഞിച്ച്‌ അവൾ ചോദിച്ചു.

പരിഭവം കലർന്ന ആ ചോദ്യം കേട്ടപ്പോൾ അവൾ വളരെ ചെറിയ കുട്ടിയാണെന്ന്‌ അയാൾക്കു തോന്നി. അയാൾ വെറുതെ ചിരിച്ചു. പിന്നെ പറഞ്ഞു.

തലേലെഴുത്ത്‌ മാറ്റാൻ പിടലി ചൊറിഞ്ഞിട്ടു കാര്യമുണ്ടോ? ഭ്രാന്തി ഉമ്മയുടെ മകൻ അങ്ങനെ തന്നെ അവശേഷിക്കുകയേ ഉളളൂ.

കണ്ണിൽ ഇരുണ്ടുകൂടിയ വെളളത്തുളളികൾ താഴെവീണു സാഷ്‌ടാംഗം പ്രണമിക്കുന്നത്‌ ജമീല അറിഞ്ഞു.

അയാൾ ഇടത്തോട്ടും അവൾ വലത്തോട്ടും നടന്നു.

ഒരു മാരുതി കാർ അവളെ കടന്നുപോയി. അതവളുടെ ഭർത്താവായിരുന്നു. അവൾ വിളിക്കാനൊരുങ്ങി. അയാൾ അവളെ തിരിച്ചറിഞ്ഞില്ല. അതിലവൾ വേദനിച്ചില്ല. അല്ലെങ്കിലും അദ്ദേഹം ഒരിക്കലും തന്നെ തിരിച്ചറിഞ്ഞിട്ടില്ലല്ലോ?

Generated from archived content: story1_oct13.html Author: monichan_abraham

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleപൂമ്പാറ്റകളുടെ വീട്‌
Next articleമേഘങ്ങളുടെ സ്വപ്‌നം
1982 മുതൽ ചെറുകഥകൾ എഴുതുന്നു. രഷ്‌ട്രദീപിക ആഴ്‌ചപ്പതിപ്പ്‌, സൺഡേ സപ്ലിമെന്റ്‌ എന്നിവയിലായി ഇരുപതോളം ചെറുകഥകൾ വന്നിട്ടുണ്ട്‌. സർക്കാർ പ്രസിദ്ധീകരണമായ ഗ്രാമഭൂമിയിൽ കഥകൾ എഴുതാറുണ്ട്‌. ആകാശവാണിയിലെ യുവവാണിയിലും സായന്തനത്തിലുമായി 5 ഓളം കഥകൾ അവതരിപ്പിച്ചിട്ടുണ്ട്‌. വിലാസം പുതുപ്പറമ്പിൽ ആശ്രമം വാർഡ്‌ ആലപ്പുഴ - 6. Address: Phone: 9446711835

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English