ദൈവകൽപ്പിതം

തികച്ചും ശാന്തവും സ്വപ്‌നതുല്യവും ദിവ്യത്വം നിറഞ്ഞുനിൽക്കുന്നതുമായ ഒരു സ്ഥലമായിരുന്നു അത്‌. അത്രയൊന്നും ആരും അറിയാതെയാണ്‌ വിനയത്തിന്റെ ഒരു മണിമാളിക അവിടെ പണിതുയർന്നത്‌. അതിന്റെ മുന്നിൽ സദാ എരിഞ്ഞു നിൽക്കുന്ന ഒരു ഭദ്രദീപമുണ്ടായിരുന്നു. ദേവസാന്നിദ്ധ്യമുളള അവിടുത്തെ മനുഷ്യർ പരസ്‌പരം വിനയത്തോടും ശാന്തതയോടും കൂടിയാണ്‌ ഇടപഴകിയിരുന്നത്‌.

നഗരത്തിൽ നിന്നും അകലെ മാറിയുളള ആ മണിമാളിക തേടിയാണ്‌ ദൂരെ സ്ഥലത്തു നിന്നുപോലും ആളുകൾ എത്തികൊണ്ടിരുന്നത്‌. അവർ പതിനെട്ടു വയസ്സിനും മുപ്പത്തഞ്ചു വയസ്സിനും മദ്ധ്യേയുളളവരായിരുന്നു. അവർ ലോകത്തിന്റെ സുന്ദരികളും സുന്ദരന്മാരുമായിരുന്നു. എങ്കിലും അവർ സന്ദേഹികളായിരുന്നു. പൊതു പരീക്ഷയ്‌ക്ക്‌ പങ്കെടുക്കാൻ പോകുന്ന ഉദ്യോഗാർത്ഥികളെപോലെ തങ്ങൾ തിരസ്‌ക്കരിക്കപ്പെടുമോ എന്നവർ ആശങ്കപ്പെട്ടിരുന്നു. പരസ്യത്തിലെ ഡിമാന്റ്‌ പ്രകാരം അവരുടെ സൗന്ദര്യത്തെക്കുറിച്ച്‌, വിശിഷ്യ നഗ്ന സൗന്ദര്യത്തെക്കുറിച്ച്‌ അവർ ആശങ്കാകുലരായിരുന്നു. ചുറ്റും ആനകളുടെയും വ്യാളീമുഖങ്ങളുടെയും പൂക്കളുടെയും കൊത്തുപണികളുളള ദർപ്പണത്തിനു മുന്നിൽ അതു പലയാവർത്തി അവർ പരീക്ഷിച്ചു. പരീക്ഷയ്‌ക്കു തയ്യാറെടുക്കുന്ന വിദ്യാർത്ഥിയെപോലെ കുറവുകൾ പരിഹരിക്കുവാനും കൂടുതൽ മിഴിവേകുവാനും ആധുനിക ക്രീമുകളും കലാമിനുകളും അവർ ഉപയോഗപ്പെടുത്തി.

കാരണം പരസ്യത്തിൽ ഇപ്രകാരം ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നുഃ-

നിങ്ങൾ ആദിമാതാപിതാക്കളായും ചേലയറ്റ ഗോപികമാരായും പുനരവതരിപ്പിക്കപ്പെടുമ്പോൾ അതു നിങ്ങളേക്കാൾ മികവുറ്റതായ്‌ മാറേണ്ടതുണ്ട്‌, അതു കാഴ്‌ചക്കാരനെ ആസ്വാദനത്തിന്റെ അപാരതലങ്ങളിലേക്കുയർത്തി ആനന്ദത്തിലാറാടിക്കേണ്ടതുണ്ട്‌. വദനങ്ങളുണർത്തുന്ന ഭാവസൗന്ദര്യം പോലെ സ്‌തനങ്ങളിലും ജഘനങ്ങളിലും പുരുഷന്റെ കരുത്തുകളിലും നിന്നുരുത്തിരിയുന്ന കാമസൗന്ദര്യങ്ങളിൽ ആസ്വാദകർ മതിമറന്ന്‌ ഭൂമിക്കും സ്വർഗ്ഗത്തിനുമിടയിൽ ആകാശപേടകംപോലെ ഉയർന്നു നിൽക്കണം. നിങ്ങളുടെ വദനം സംസാരിക്കുന്നതുപോലെ ഉടലും മറ്റുളളവരോടു സംസാരിക്കണം.

താൽപ്പര്യമുളളവർ പരസ്യം വന്ന്‌ രണ്ടാഴ്‌ചക്കകം ബയോഡാറ്റാ സഹിതം പത്രത്തിൽ പറഞ്ഞിരിക്കുന്ന വിലാസത്തിൽ അപേക്ഷിക്കണം. താമസിക്കാനിടം തരും. അർഹമായ പ്രതിഫലവും ലഭിക്കും. കൂടാതെ ചിത്രങ്ങൾ വിൽക്കുന്നതനുസരിച്ചുളള വിഹിതവും. എല്ലാത്തിനേക്കാളും നിങ്ങളുടെ (നഗ്ന) സൗന്ദര്യം ആസ്വദിക്കപ്പെടുന്നതിന്‌ നിങ്ങൾ കാരണക്കാരായിത്തീരുകയും ചെയ്യും.

പ്രമുഖ ദിനപത്രങ്ങളിൽ ക്ലാസിഫൈഡ്‌ അഡ്വർട്ടൈസ്‌മെന്റ്‌ വിഭാഗത്തിൽ വന്ന ആ പരസ്യം വായിച്ച്‌ അവർക്കാർക്കും ഞെട്ടലുണ്ടായില്ല; മറിച്ച്‌ ഒരു ഉദ്യോഗാർത്ഥിയെപോലെ ആ പരസ്യത്തിനനുസരിച്ച്‌ ഒരുങ്ങാൻ അവർ തയ്യാറായി.

ശരീരസൗന്ദര്യത്തിന്റെ ഏറ്റവും പുതിയ പാഠങ്ങൾ തേടി അവർ പുസ്‌തകശാലകൾ കയറിയിറങ്ങി. ഡയറ്റ്‌ കൺട്രോൾ കൊണ്ടും യോഗ കൊണ്ടും വ്യായാമം കൊണ്ടും അവരുടെ ശരീരഭാരം പാതിയും കുറഞ്ഞു. പഴങ്ങളും പച്ചക്കറികളും അവരുടെ നിത്യാഹാരങ്ങളായി. സെക്‌സ്‌ അപ്പീലിൽ ഉയർന്ന മാർക്കു നേടിയ പ്രമുഖ നടീനടന്മാരുടെയും കായികതാരങ്ങളുടെയും ജീവിതരീതികൾ സിനിമാവാരികകൾ തേടിപിടിച്ച്‌ അവർ വായിച്ചറിഞ്ഞു. ദുർമേദസ്സുകൾ ശരീരത്തിൽ നിന്നും അകന്നു. അനാവശ്യമായുണ്ടായിരുന്ന ചെറുമുഴപ്പുകളും പുളളികളും അപ്രത്യക്ഷമായി. ദേഹം സ്‌തൂലമായി. കേവലം രണ്ടാഴ്‌ചകൊണ്ട്‌ അവർ കാമദേവന്മാരും കാമമോഹിനികളുമായി; നഗ്ന സൗന്ദര്യം വിളിച്ചോതുന്ന ദേവീ-ദേവ, ദാരുശിൽപ്പങ്ങൾ പോലെയായി. ദർപ്പണത്തിനു മുന്നിലെ ഓരോ ദിവസത്തെയുമുളള വിലയിരുത്തലുകൾ കൊണ്ട്‌ പരീക്ഷയിൽ വിജയിയാകും എന്നുതന്നെ ആശങ്കകൾക്കിടയിലും അവർ പ്രത്യാശിച്ചു.

അങ്ങനെയാണു പതിനഞ്ചാം ദിവസം അവർ യാത്രയായത്‌.

നാടിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങോട്ടേയ്‌ക്ക്‌ ആളുകൾ ഒഴുകി. ബസും ഓട്ടോയും ട്രെയിനുമല്ലാം നിറഞ്ഞു. നഷ്‌ടങ്ങളുടെ കഥ പറയുന്ന ട്രാൻസ്‌പോർട്ട്‌ സർവ്വീസിന്‌ അത്‌ ഒരു തുണയായി. ഒരു ഗ്രാമത്തിലായിരുന്നതിനാൽ അവിടെ സ്വകാര്യ സർവ്വീസുകളും പണം ഉണ്ടാക്കി. പരീക്ഷാപരിസരത്തുളള ചായക്കടകളിലും മുറുക്കാൻ കടകളിലും നല്ല തിരക്കായിരുന്നു. നാരങ്ങാവെളളവും ചായയും സർബ്ബത്തും വിറ്റ്‌ അവരും കാശുണ്ടാക്കി.

നാലുവട്ടവും തിരക്കുമൂലം ബസ്‌ കിട്ടാതിരുന്ന വൃദ്ധൻ മദ്ധ്യവയസ്‌കനോടു ചോദിച്ചു.

“എന്താ ഇത്ര തിരക്ക്‌…?”

“അവിടെയെന്തോ പരീക്ഷയുണ്ടത്രേ..”

പരീക്ഷയെന്നു കേട്ടപ്പോൾ വൃദ്ധനും തൃപ്‌തനായി. എന്തു പരീക്ഷയെന്നോ ഏതു രീതിയിലുളള പരീക്ഷയെന്നോ ആരും തിരക്കിയില്ല.

മത്സരാർത്ഥികൾ ശരിക്കും വിലാസം കാണാതെ കുഴഞ്ഞു. എന്നിട്ടും പരസ്‌പരം സംസാരിക്കുകയോ അന്യരോടു ചോദിക്കുകയോ ചെയ്‌തില്ല.

വിലാസം കണ്ടുപിടിക്കാനാവാതെ അവർ അങ്ങോട്ടുമിങ്ങോട്ടും തിടുക്കപ്പെട്ടു നടന്നു.

————————————————–

ഒരു മഹാപർവ്വതത്തിനുതാഴെ കളകളനാദമുണ്ടാക്കി ഒഴുകുന്ന അരുവിക്കരികെ, പുൽത്തകിടിയിൽ ഇടതുവശത്ത്‌ മോസസും വലതു വശത്ത്‌ ജീസസുമിരുന്നു. അവർക്കു മദ്ധ്യേ യഹോവയുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. നിശ്ശബ്‌ദത ഒരു വലിയ ശബ്‌ദമായി അവിടെ മുഴങ്ങുന്നുണ്ടായിരുന്നു. അതിലും വലുതായിരുന്നു യഹോവയുടെ മൗനം. രണ്ടു കൈകളും പുറകിൽ പിണച്ചു കെട്ടി തലകുനിച്ച്‌ പിതാവായ ദൈവം തങ്ങൾക്കു മദ്ധ്യേ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നതായി മോസസ്സിനും ജീസസ്സിനും അനുഭവപ്പെട്ടു. മോസസ്സ്‌ വളരെ ആശങ്കാകുലനായിരുന്നു. ജീസസ്സാകട്ടെ പിതാവിന്റെ ഇഷ്‌ടം നിറവേറ്റാനുളള പാനപാത്രമായ്‌, മൗനത്തിനടിമയായിരുന്നു.

“നമ്മുടെ പിതാവായ യഹോവയുടെ ഉദ്ദേശമെന്താണെന്നറിയാതെ ഞാൻ ആകെ ആശങ്കാകുലനാണ്‌. ജീസസ്സ്‌ നീയെന്തു പറയുന്നു…”

മൗനത്തിന്റെ ചിതൽപ്പുറ്റുകളെ തട്ടി തെറിപ്പിച്ചുകൊണ്ട്‌ മോസസിന്റെ വാക്കുകൾ ജീസസ്സിനു മുന്നിൽ തെറിച്ചു വീണു. അതു കേവലം വാക്കുകളല്ലെന്നും ഉളളിൽ അലയടിക്കുന്ന ആശങ്കയുടെ സാഗരതിരകളാണെന്നും ജീസസ്സിനറിയാമായിരുന്നു. ജീസസ്സാകട്ടെ അക്ഷോഭ്യനുമായിരുന്നു.

“എല്ലാം അവിടുത്തെ ഇഷ്‌ടം പോലെ നടക്കട്ടെ..” ജീസസ്സിന്റെ വാക്കുകൾ ഇളംകാറ്റുപോലെ വായുവിൽ തങ്ങി. അതുകേട്ട്‌ മോസസ്സ്‌ പൊട്ടിത്തെറിച്ചു.

“അല്ലെങ്കിലും നീയങ്ങനെയേ പറയൂ, കിഴുക്കാംതൂക്കായ്‌ കെട്ടിതൂക്കിയപ്പോഴും നീയവരോടു ക്ഷമിക്കാനല്ലേ പ്രാർത്ഥിച്ചത്‌. ഞാനായിരുന്നുവെങ്കിൽ കാണാമായിരുന്നു…”

മോസസ്സിന്റെ വാക്കുകൾ കോപജ്വാലയായ്‌ ആളിക്കത്തുമ്പോൾ കാടിനെ വിറപ്പിച്ചുകൊണ്ട്‌ ഒരു ഇടിയും മിന്നലുമുണ്ടായി. ഭൂമിയെ രണ്ടായ്‌ പിളർക്കുമാറുച്ചത്തിൽ ആ വിളി ഉയർന്നു.

“മോസസ്സ്‌…” യഹോവ മൗനം ഭഞ്ഞ്‌ജിച്ചിരുന്നു.

“പ്രഭോ..” മോസസ്സ്‌ കരങ്ങൾ കൂപ്പി താണു വണങ്ങി വിളികേട്ടു.

“നീ അവനെതിരെ തിരിയേണ്ട, അവനെന്റെ പ്രിയ പുത്രനാണ്‌. അവൻ ചെയ്യാനുളളതെല്ലാം ഭൂമിയിൽ എനിക്കു വേണ്ടി ചെയ്‌തതാണ്‌. ഇതിനപ്പുറം ഇനി ആർക്കും ഒന്നും ചെയ്യാനാവില്ല.”

“അതേ പ്രഭോ സ്വന്തം പുത്രനെ ബലിയായ്‌ കൊടുത്തിട്ടും എല്ലാ പാപങ്ങളും അവൻ ഏറ്റെടുത്തിട്ടും വീണ്ടും പാപങ്ങൾ പെരുകുകയാണല്ലോ… സോദോം-ഗൊമോറാ നഗരങ്ങൾ അങ്ങ്‌ നശിപ്പിച്ചതുപോലെ ഈ നാടിനേയും നശിപ്പിക്കണം പ്രഭോ…” മോസസ്സ്‌ പറഞ്ഞു.

“മോസസ്സ്‌…”

വീണ്ടും ഇടിമുഴക്കത്തോടു കൂടിയുളള ദൈവത്തിന്റെ വിളി. മോസസ്സ്‌ ഭയന്നു വിറച്ച്‌ വിനീതനായ്‌ നിന്നു.

“അല്ലെങ്കിലും നീ അങ്ങനെയേ പറയൂ. കണ്ണിനു പകരം കണ്ണും പല്ലിനു പകരം പല്ലും എന്നാണല്ലോ നിന്റെ സിദ്ധാന്തം…നിനക്കറിയില്ലേ മോസസ്സ്‌, സോദോം-ഗൊമോറാ നഗരങ്ങൾ നശിപ്പിക്കാൻ ഞാൻ ഒരുങ്ങിയപ്പോൾ പത്തു നല്ലയാളുകളെയെങ്കിലും ചൂണ്ടി അതു ചെയ്യരുതേ എന്നപേക്ഷിക്കാൻ ഒരാളുണ്ടായിരുന്നു. മഹത്തും ശക്തവുമായ എന്റെ ജനതയെ നയിച്ച നല്ലവനായ അബ്രഹാം. ഇന്ന്‌ അങ്ങനെ ചെയ്യാൻ ഞാനൊരുങ്ങിയാൽ അതിനെ തടയാൻ ഒരു മനുഷ്യനെങ്കിലുമുണ്ടാവുമോ? ഒരു നല്ല മനുഷ്യനെങ്കിലും….? അപ്പോഴാണ്‌ നീയെന്നെ ലോകത്തെ നശിപ്പിക്കാൻ പ്രേരിപ്പിക്കുന്നത്‌. മനുഷ്യർ നശിച്ചു കഴിഞ്ഞാൽ പിന്നെ ദൈവത്തിനെന്തു കാര്യം മോസസ്സ്‌.”

മോസസ്സിനു വീണ്ടും ക്ഷമകെട്ടു.

“പ്രഭോ അങ്ങു പറഞ്ഞതനുസരിച്ചാണല്ലോ ഞങ്ങൾ വന്നത്‌. അവിടെയതാ പരസ്യപ്രകാരം ആളുകൾ തടിച്ചു കൂടിയിരിക്കുകയാണ്‌. വിലാസം കണ്ടുപിടിക്കാനാവാതെ അവർ നെട്ടോട്ടം ഓടുകയാണ്‌. നമ്മൾ എന്തെങ്കിലുമൊന്ന്‌ ചെയ്‌തില്ലെങ്കിൽ അവിടെ വലിയ കുഴപ്പങ്ങൾ ഉണ്ടാവും. അങ്ങെന്താണ്‌ അതിനെക്കുറിച്ച്‌ ഒന്നും പറയാത്തത്‌. അങ്ങൊന്നും കാണുന്നില്ലേ?”

“അതേ മോസസ്സ്‌ ഇവിടെ ഞാനും നിസ്സഹായനാണ്‌. ഉത്തരമില്ലാതെ ഞാനും അലയുകയാണ്‌. സാത്താനെ വെല്ലുവിളിച്ചുകൊണ്ടാണ്‌ ഇത്തരമൊരു പരസ്യം കൊടുക്കാൻ ഞാൻ അവനെ ചുമതലപ്പെടുത്തിയത്‌. പക്ഷേ ഇത്രയും ഞാൻ പ്രതീക്ഷിച്ചില്ല. മനുഷ്യൻ അവന്റെ നഗ്നശരീരം വിറ്റു കാശാക്കാൻ യാതൊരു ഉളുപ്പുമില്ലാതെ വരികയോ? ഇതിനുമപ്പുറം സ്വന്തം ആത്മാവിനെ അകറ്റിക്കൊണ്ട്‌ എന്താണ്‌ അവന്‌ ചെയ്യുവാനുളളത്‌? തന്റെ നഗ്നത മറ്റൊരാൾക്കു മുന്നിൽ പ്രദർശിപ്പിച്ച്‌, ചിത്രങ്ങളാക്കി വിറ്റു കാശാക്കാൻ അവൻ തയ്യാറായെങ്കിൽ ഇനി എനിക്കെന്താണ്‌ അവർക്കുവേണ്ടി ചെയ്യാൻ കഴിയുക…?”

ദൈവത്തിന്റെ സ്വരത്തിലെ നിസ്സഹായതയുടെ ധ്വനികൾ മോസസ്സിന്റെ തീരാവേദനയായ്‌ പടർന്നു കയറി. മോസസ്സിനു അടങ്ങിയിരിക്കുവാൻ കഴിയുമായിരുന്നില്ല. എന്തെങ്കിലും ഉടനെ ചെയ്‌തേ പറ്റൂ. അല്ലെങ്കിൽ ദൈവത്തിന്റെ പദ്ധതികളെപോലും തുരങ്കം വയ്‌ക്കുന്ന സാമൂഹ്യവിരുദ്ധരുടെ പക്കലേക്ക്‌ സാത്താൻ പടർന്നുകയറും. പിന്നെ കാര്യങ്ങൾ അവന്‌ എളുപ്പമാകും. നാട്‌ അരാജകത്വത്തിലേക്ക്‌ നീങ്ങുകയും ചെയ്യും.

മോസസ്സിന്റെ ചിന്തകൾ യഹോവയിൽ പടർന്നുകയറി.

“മോസസ്സ്‌.” യഹോവയുടെ വിളി.

“എന്തെങ്കിലും തീരുമാനമായോ പ്രഭോ…” മോസസ്സ്‌ വിനീതനായി ചോദിച്ചു.

“തീരുമാനമായി. സാത്താനുമായുളള വെല്ലുവിളിയിൽ നിന്നു ഞാൻ പിൻവാങ്ങുകയാണ്‌. ഇതിന്റെ പരിഹാരത്തിന്‌ ഞാൻ നിന്നെ തന്നെ ഏൽപ്പിക്കുന്നു. നീ അവരെയും കൊണ്ട്‌ വാഗ്‌ദത്ത ഭൂമിയിലേക്ക്‌ പോകുക. നിന്റെ പിന്നാലെ കുരിശും വഹിച്ച്‌ ജീസസ്സും ഉണ്ടാവും. അവിടെ അവർക്ക്‌ വൃക്ഷങ്ങളും തണൽ മറകളും പൂക്കളുടെ മനോഹാരിതയും നദികളുടെ കളകളനാദവും പഴങ്ങളുടെ സുലഭതയും അറിഞ്ഞ്‌ ജീവിക്കാം…”

“അത്‌ പ്രഭോ..” പതിവുപോലെ തടസ്സവാദം ഉന്നയിക്കാൻ തുടങ്ങും മുമ്പേ ദൈവം ഇടപെട്ടു.

“വേണ്ട നീ നിന്നെക്കുറിച്ച്‌ എന്നെ ബോദ്ധ്യപ്പെടുത്തേണ്ട, നിന്റെ സൃഷ്‌ടാവ്‌ ഞാനാണ്‌.” മോസസ്സിന്‌ ഉത്തരം മുട്ടി. വിധാദാവിന്റെ കല്‌പനകൾ പൂർത്തിയായി.

(നഗ്ന) സൗന്ദര്യം വിൽക്കാൻ വന്ന യുവതീയുവാക്കളുമായ്‌ മോസസ്സ്‌ യാത്ര തുടർന്നു. മൂന്നുമാസം ഒന്നാം ദിവസം അവർ വാഗ്‌ദത്ത ഭൂവിലെത്തി. അതൊരു പറുദീസതന്നെയായിരുന്നു. നിറയെ വൃക്ഷലതാദികളും പഴങ്ങളും പൂക്കളും കളകളാരവം ഉയർത്തുന്ന കിളികളും കൊണ്ട്‌ ആ ഭൂപ്രദേശം വളരെ സമ്പന്നമായിരുന്നു. ചേലയറ്റ ഗോപികമാരായും ആദിമാതാപിതാക്കളായും സ്‌തനങ്ങളുടേയോ ജഘനങ്ങളുടെയോ നിതംബങ്ങളുടെയോ ഭാരമേതും അറിയാതെ അവിടുത്തെ മനുഷ്യർ സർവ്വതന്ത്രസ്വതന്ത്രരായ്‌ നടന്നു.

ചെറുപ്പക്കാർ തങ്ങൾ എത്തപ്പെട്ട പ്രദേശത്തെക്കുറിച്ച്‌ ഏറ്റവും ഉത്സാഹികളായി. തങ്ങളുടെ വസ്‌ത്രങ്ങൾ ഊരിയെറിഞ്ഞ്‌ അവരും ആ മനുഷ്യരുടെ കൂടെ കൂടി. മോസസ്സിനു മുന്നിൽ അവർ കൃതാർത്ഥരായി.

ദൈവം മനുഷ്യനെ നൂറ്റാണ്ടുകൾക്കു പിന്നിലേക്കു തളളിവിട്ടു കൊണ്ടുളള കൊടും ശിക്ഷയാണ്‌ കൊടുത്തതെന്ന്‌ മോസസ്സിനു മനസ്സിലായി.

തന്റെ ദൗത്യം പൂർത്തിയാക്കി യഹോവയ്‌ക്കു സ്‌തോത്രം ചൊല്ലി പിൻവാങ്ങവേ നൂറ്റാണ്ടുകൾക്കകലെ കുരിശുമെടുത്ത്‌ മെല്ലെ നടന്നു വരുന്ന ജീസസ്സിനെ ഒരു ചെറിയ കറുത്ത പൊട്ടുപോലെ മോസസ്സ്‌ കണ്ടു.

Generated from archived content: story1_mar30_06.html Author: monichan_abraham

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleപുലരിത്തൂമഞ്ഞു തുള്ളിയിൽ
Next articleമോർച്ചറി
1982 മുതൽ ചെറുകഥകൾ എഴുതുന്നു. രഷ്‌ട്രദീപിക ആഴ്‌ചപ്പതിപ്പ്‌, സൺഡേ സപ്ലിമെന്റ്‌ എന്നിവയിലായി ഇരുപതോളം ചെറുകഥകൾ വന്നിട്ടുണ്ട്‌. സർക്കാർ പ്രസിദ്ധീകരണമായ ഗ്രാമഭൂമിയിൽ കഥകൾ എഴുതാറുണ്ട്‌. ആകാശവാണിയിലെ യുവവാണിയിലും സായന്തനത്തിലുമായി 5 ഓളം കഥകൾ അവതരിപ്പിച്ചിട്ടുണ്ട്‌. വിലാസം പുതുപ്പറമ്പിൽ ആശ്രമം വാർഡ്‌ ആലപ്പുഴ - 6. Address: Phone: 9446711835

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here