ഇരുപത്തിരണ്ട് കാരറ്റ് സ്വർണ്ണം പോലെ ശുദ്ധവും യവനകഥയിലെ ഹെലനെപോലെ സുന്ദരിയുമായിരുന്നു സ്വർണ്ണാഭരണശാലയിലെ അതിഥേയയായ അവൾ. ആഡംബര പൂർണ്ണമായ വിൽപ്പനശാലയിൽ വന്ദകയായ് നിന്ന് അവൾ ഉപഭോക്താക്കളെ ആദരവോടെ സ്വീകരിക്കും. നയന എന്നു പേരുള്ള അവളുടെ നയനങ്ങൾ വജ്രതിളക്കമുള്ള സ്വീകരണ കവാടങ്ങളായിരുന്നു. വാചാലമായ മൗനം പേറിയ ചുണ്ടുകൾ ചെമന്ന റോസാമുട്ടുകൾ പോലെ തുടിച്ചുനിന്നു. സൈഡ് ബോബ് ചെയ്‌ത കുറുനിരകൾ ഇടത്തേ നെറ്റിയിലേക്കു വീണു കിടന്നു. വാക്കുകൾ അളന്നു കുറിച്ചതും ഭാവം സൗമ്യമാർന്നതുമായിരുന്നു.
തനിയെ തുറക്കുന്ന ചില്ലുവാതിലിലൂടെ ഒഴുകിയെത്തുന്ന ഉപഭോക്താക്കളെ സ്വീകരിച്ച് അവൾ പറയും.
വന്നാലും ഏത് ആഭരണമാണ് നിങ്ങൾക്കു വേണ്ടത്……..?
അവളുടെ വാക്കുകൾ കേട്ട്, സൗന്ദര്യത്തിലലിഞ്ഞ് പുരുഷഹൃദയങ്ങൾ തരളിതമാകും……. സ്‌ത്രീകൾ അസൂയയുടെ കരിക്കട്ടകളും. അവൾ ആഗതരെ ആനയിച്ച് ആഭരണങ്ങളുടെ കമനീയ കലവറയിലെത്തിക്കും ആഗതരും ആഭരണവുമായ് വിളക്കി ചേർക്കുന്ന കണ്ണിയാണവൾ. കൺപീലികൾ മസ്‌കാരചെയ്‌തും കപോലങ്ങൾ ഫൗണ്ടേഷൻ ചെയ്‌തും നീളമുള്ള കുപ്പായം ധരിച്ച്, തോളുകൾ ഷോൾ കൊണ്ടു പുതച്ചും നിൽക്കുന്ന അവളുടെ മേനിയിൽ ആഭരണങ്ങൾ ഇല്ലായിരുന്നു. കാരണം അവൾ ഒറിജിനൽ 916 ഗോൾഡ് തന്നെയായിരുന്നു.
അവളുടെ മൊഴിയൊന്നു കേൾക്കാൻ സൗന്ദര്യപൂർണ്ണിമകണ്ട് മതിമറക്കാൻ പുരുഷാരം കൊതിച്ചിരുന്നു. സ്വർണ്ണവിലകുതിച്ചുയർന്നപ്പോഴും ഒരു ഗ്രാം തൂക്കത്തിനായ് പോലും ആളുകൾ അവിടെ ഇടിച്ചു കയറി. അക്ഷയ ത്രിദീയദിനത്തിൽ അവിടെ സൂചികുത്താൻ പോലും ഇടമുണ്ടായിരുന്നില്ല. അങ്ങനെ കടയിലെ വിൽപ്പന പതിന്മടങ്ങു വർദ്ധിച്ചു. കാളക്കൂറ്റന്മാർ തളർന്നു കിടന്ന ദേശീയ ഓഹരി വിപണിയുടെ തകർച്ചയുടെ സമയത്തും ആ സ്‌ഥാപനം ഉയർന്ന പോയിൻുകളോടെ നിന്നു.
കാഞ്ചനത്തെ തോൽപ്പിക്കുന്ന മേനിയഴകും മുഖലാവണ്യവുമായ് അവളുടെ പരസ്യചിത്രം നാടെങ്ങും നിറഞ്ഞപ്പോൾ മോഹവലയത്തിലകപ്പെട്ടുപോയ പുരുഷാരം അസൂയയോടെ പറഞ്ഞു. അവൾ മുതലാളിയുടെ വെപ്പാട്ടിയായിരിക്കും. ഇത് പുതിയലോകക്രമത്തിന്റെ ഭാഗമാണെന്ന് വേറെ ചിലരും നിരീക്ഷിച്ചു. എന്നാൽ ഇതൊക്കെവാസ്‌തവവിരുദ്ധമായ ചിന്തകളായിരുന്നു. നയനയെ സ്‌ഥാപനത്തിന്റെ നിറുകയിലെ സിന്ദൂരതിലകമായാണ് ഡയറക്‌ടർ ബോർഡ് കരുതിയിരുന്നത്. അവളെ പരിപാലിക്കാൻ ബോർഡിൽ ഒരു അഞ്ചംഗസമിതിയുണ്ടായിരുന്നു. അതിനു താഴെ മൂന്നംഗങ്ങളുള്ള ഒരു ഉപസമിതിയും അവർക്കു താഴെ അഞ്ചു സ്‌ത്രീകൾ അവളുടെ തോഴിമാരായും ഉണ്ടായിരുന്നു. തോഴിമാരിൽ ഒരാൾ ഡയറ്റീഷ്യനും വേറൊരാൾ ബ്യൂട്ടീഷ്യനും മറ്റൊരാൾ മ്യൂസിഷ്യനും ഇനിയുമൊരാൾ ഫിസിഷ്യനും അഞ്ചാമത്തെയാൾ അവളുടെ കുടുംബകാര്യങ്ങൾ നോക്കുന്നവളുമായിരുന്നു. നയനയുടെ ശമ്പളം കൃത്യമായി വീട്ടിൽ എത്തിച്ചുകൊടുക്കുകയും അവൾക്കു വേണ്ടി വീട്ടുകാരുമായി നിരന്തരം സമ്പർക്കം പുലർത്തുകയും ചെയ്‌തുകൊണ്ടിരുന്നു. അവൾ ഒരു വിധ മാനസികസമ്മർദ്ധങ്ങളിലും ഉൾപ്പെടാതിരിക്കുവാനായിരുന്നു അത്. മൂന്നാംഗസമിതി തോഴിമാരിലൂടെ നയനയുടെ ദൈനംദിനകാര്യങ്ങൾ നിരീക്ഷിച്ച് അഞ്ചംഗസമിതിക്ക് റിപ്പോർട്ടു ചെയ്യുകയും അവർ ആഴ്‌ചയിലൊരിക്കൽ യോഗം കൂടി റിപ്പോർട്ടുകൾ പരിശോധിച്ച് നടപടികൾ കൈക്കൊള്ളുകയും ചെയ്‌തിരുന്നു. അവൾ വിൽപ്പനശാലയുടെ ഹിരണ്യോപഹാരമാണെന്നും അതുനിലനിർത്താൻ നയനയുടെ മുറിയിൽ ഒരു പുരുഷസാന്നിദ്ധ്യവുമാണ്ടാവരുതെന്നും ഡയറക്‌ടർ ബോർഡ് നിഷ്‌കർഷിച്ചിരുന്നു.
തോഴിമാരോടൊത്ത് അരമനയിൽ കഴിഞ്ഞിരുന്ന നൃപപുത്രിയെപോലെയായിരുന്നു അവളെങ്കിലും ദിനാവർത്തനത്തിൽ അവളിൽ വിരസതയുടെ വിത്തുകൾ മുളച്ചുപൊന്തി. പലാശനിറത്തിലുള്ള ഷീറ്റ് പുതച്ച പൂമെത്തയിൽ മലർന്നുകിടക്കവേ യാമിനി അവളെ നോക്കി പരിഹസിച്ചു ചിരിച്ചു കടന്നു പോകുന്നതായ് അവൾക്കു തോന്നി. കിടക്കയുടെ വലതു ഭാഗത്ത് ഒരു പുരുഷ സാന്നിദ്‌ധ്യം ഉണ്ടാകുന്നതായും അവനുമായി ആലിംഗന ബദ്ധരായ് ശയിക്കുന്നതായും കുളിരണിയുന്ന ചുംബനത്തിനായ് തന്റെ ചുണ്ടുകൾ തുറന്നുവെച്ചു കൊടുക്കുന്നതായും അവൾ കിനാവുകണ്ടു. പൂർത്തിയാകാത്ത കിനാവുകളിൽ മാത്രം ശ്രദ്ധയൂന്നവേ ഉപഭോക്താക്കൾ അവളുടെ കണ്ണുകളിൽ നിന്നും അകന്നുപോയി. അവയുടെ വജ്രതിളക്കം മങ്ങിയകന്നു. വിൽപ്പനശാലയിൽ അവൾ കേവലം ഒരു സുന്ദരപ്രതിമ മാത്രമായി മാറി. അതിഥികളെ വന്ദിക്കുവാനോ അവരോടുകുശലം പറയുവാനോ അവരുടെ ഹൃദയങ്ങളെ തരളിതമാക്കുവാനോ അവൾക്കു കഴിഞ്ഞില്ല.
വിവരം തോഴിമാരിലൂടെ ഡയറക്‌ടർ ബോർഡിലെത്തി. വിറ്റുവരവുനോക്കിയ ഡയറക്‌ടർ ബോർഡ് ഞെട്ടി. വിൽപ്പനയിൽ സ്‌ഥാപനം നഷ്‌ടത്തിലേക്കു കൂപ്പുകുത്തി. ഓഹരി ഉടമകളുടെ ഫോൺ വിളികളാൽ ഡയറക്‌ടർ ബോർഡിന് ഇരിക്കപ്പൊറുതിയില്ലാതായി. കയ്യിലുള്ള ഷെയറുകൾ എങ്ങനെയും വിറ്റ് തുലയ്‌ക്കാൻ ഓഹരിയുടമകൾ പരക്കംപാഞ്ഞു. സെൻസെക്‌സിലും നിഫ്‌റ്റിലും കാര്യമായ വിലയടിവുകൾ ഉണ്ടാകാതിരുന്നിട്ടും ആ സ്‌ഥാപനത്തിന്റെ വിലകൾ കുത്തനെ ഇടിഞ്ഞു. ഡയറക്‌ടർ ബോർഡ് അടിയന്തിരമായിയോഗം വിളിച്ചുകൂട്ടി. മോഡലിനെ മാറ്റണമെന്ന് ചില ഡയറക്‌ടർബോർഡംഗങ്ങൾ പറഞ്ഞുവെങ്കിലും തോഴിമാരിൽ നിന്നും കിട്ടിയവിവരമനുസരിച്ച് നയനയെ മാറ്റുകയല്ല വേണ്ടതെന്നും ചില നിബന്ധനകൾക്കു വിധേയമായി നയനയുടെ ആറാമത്തെ സഹായിയായി സുന്ദരനും സുമുഖനും എന്നാൽ സ്‌ഥാപനത്തോട് വിധേയത്വമുണ്ടായിരിക്കുന്നതുമായ ഒരു ചെറുപ്പക്കാരനെ നിയമിക്കുകയുമാണ് വേണ്ടതെന്നുമാണ് ഡയറക്‌ടർ ബോർഡ് തീരുമാനിച്ചത്.
അഭ്യസ്‌ത വിദ്യരായ തൊഴിലില്ലാ പടയുടെ കൂട്ടത്തിൽ നിന്നും സുമുഖനായ ഒരു ചെറുപ്പക്കാരനെ കണ്ടെത്തുക പ്രയാസമുണ്ടായിരുന്നില്ല.
പിറ്റേന്ന് വിൽപ്പനശാലയിൽ നിന്നും മടങ്ങിയെത്തി പുറം കാഴ്‌ച്ചകൾ കണ്ടുനിൽക്കുന്ന നയന ഒരു പുരുഷസ്വരം കേട്ടു ഞെട്ടി.
“ഗുഡ്‌മോർണിംഗ് മാഡം…..”
വെളുത്ത സുമുഖനായ ഒരു ചെറുപ്പക്കാരൻ. നയന മറുപടി പറയാനാവാതെ ഒന്നു പതറി അവൾ അമ്പരപ്പോടെ അയാളെ തന്നെ നോക്കി നിന്നു. അപരിചിതനെങ്കിലും അയാൾ അവളിൽ വികാരത്തിന്റെ വേലിയേറ്റമുണ്ടാക്കി. തിരിച്ചൊന്നും ചോദിക്കാനാവാത്തവിധം വാക്കുകൾ തൊണ്ടയിൽ കുടുങ്ങി..
“ഞാൻ അലൻ ജോസഫ്….. മാഡത്തിന്റെ പുതിയ ഫോട്ടോഗ്രാഫറാണ്.”
അയാൾ വീണ്ടും പറഞ്ഞപ്പോഴും നയന മിഴിയനക്കാതെ അയാളെ തന്നെ നോക്കി നിൽക്കുകയായിരുന്നു.
“അതേ മാഡം…. അലൻ ഇനിമുതൽ നമ്മുടെ കൂടെയുണ്ട്.
ബ്യൂട്ടീഷൻ തുഷാര പറഞ്ഞു കൊണ്ടു വന്നു.
”ഫോട്ടോഗ്രാഫി മാത്രമല്ല മറ്റ് സഹായികൾ ചെയ്യുന്ന വർക്കുകൂടി ഞാൻ ചെയ്യാം…..ഐമീൻ …. മ്യൂസിക്, സോംഗ്‌സ് മുതലായവ…..“
അലന്റെ വാക്കുകൾ നയനയുടെ ഉള്ളിൽ കുളിർ കോരിയിട്ടു. നിഷ്‌കളങ്കമായ ആ വാക്കുകൾ കേട്ടപ്പോൾ നയന അറിയാതെ ചിരിച്ചുപോയി.
ഇരിക്കൂ………”
കസേര ചൂണ്ടിക്കൊണ്ട് നയന പറഞ്ഞു.
“താങ്ക്‌സ് മാഡം….”
അലൻ കസേരയിൽ ഇരുന്നു. അവളുടെ ചില സ്വാഭാവിക ചിത്രങ്ങൾ അയാൾ ക്യാമറയിൽ പകർത്തി.
“വീട്ടിൽ ആരൊക്കെയുണ്ട്.
നയന ചോദിച്ചു.
അല്‌പം അലോചിച്ചതിനുശേഷം പൊട്ടിച്ചിരിയോടെ, എല്ലാം തികഞ്ഞവനെപ്പോലെ അലൻ പറഞ്ഞു.
”അച്ഛൻ, അമ്മ, ഞാൻ, അനുജത്തി. അച്ഛൻ എക്‌സിമിലിട്ടറി. അമ്മ അദ്ധ്യാപിക. അനുജത്തി എം.സി.എക്ക് പഠിക്കുന്നു. ഞാൻ ബി.കോം കഴിഞ്ഞ് ഫോട്ടോഗ്രാഫിയോടുള്ള കമ്പം കൊണ്ട് ഇറങ്ങിയതാണ്. ഞാൻ സഞ്ചരിച്ചിട്ടില്ലാത്ത സ്‌ഥലങ്ങൾ കുറവാണ്. അമൃതസർ, ആഗ്ര, ശ്രീനഗർ, ഇൻഡോർ, മാഡം യാത്ര ചെയ്‌തിട്ടുണ്ടോ……..?“
അലന്റെ മുഖത്തേക്കുതന്നെ നോക്കിയിരുന്ന നയന അവന്റെ ചോദ്യം കേട്ടില്ല അവന്റെ സംസാരം നിന്നപ്പോൾ നോട്ടം പിൻവലിച്ചു തിടുക്കത്തിൽ ചോദിച്ചു.
”എന്താ ചോദിച്ചത്, ഞാൻ യാത്ര ചെയ്‌തിട്ടുണ്ടോ എന്നോ… എന്ന് എന്റെ വീട്ടിൽ നിന്ന് ഇവിടെവരെ….?“
അലൻ പൊട്ടിച്ചിരിച്ചു അവനോടൊപ്പം നയനയും പങ്കുചേർന്നു.
തുഷാര അലനുകൂടി മാമ്പഴച്ചാറുകൊണ്ടുവന്നു. തുഷാരയ്‌ക്കു നന്ദി പറഞ്ഞു ജൂസ് കൂടിച്ചുകൊണ്ടിരിക്കവേ അലൻ ചോദിച്ചു.
”മാഡത്തിന്റെ വീട്ടിൽ ആരെക്കെയുണ്ട്….“
പെട്ടെന്നുണ്ടായ വെയിൽ മാറ്റം പോലെ അലീനയുടെ മുഖം മങ്ങുന്നത് അലൻ കണ്ടു. ആ ഭാവം അവൾക്കു ഒട്ടും ഇണങ്ങുന്നതായിരുന്നില്ല. സ്‌ഫടികവും ഗ്ലസും പോലെ അതു വ്യത്യാസപ്പെട്ടിരിക്കുന്നു.
”കൃഷിചെയ്‌തു കടക്കാരനായ അച്ഛൻ … കാസ രോഗം കൊണ്ട് വിമ്മിട്ടപ്പെടുന്ന അമ്മ…. ബാങ്ക് ലോൺ കൊണ്ട് പഠിക്കുന്ന അനുജത്തിമാർ…. കടം ഒരു വാൾ പോലെ അച്ഛന്റെ തലക്കു മുകളിൽ തൂങ്ങുകയാണ്….. എന്നാണാവോ അതു വീഴുക……. അഥവാ വീണിട്ടുണ്ടോ? സത്യത്തിൽ കുടുംബകാര്യങ്ങളെക്കുറിച്ച് എന്നെക്കാൾ അറിയാവുന്നത് തുഷാരയ്‌ക്കാണ്…. ഞാൻ ഈ വേഷത്തിനുള്ളിൽ….“
വെള്ളമണലാരണ്യത്തിലൂടൊഴുകുന്ന നദി പോലെ അവളുടെ കപോലങ്ങളിലൂടെ കണ്ണു നീർ ചാലിട്ടൊഴുകി.അാലന്
അതൊരു ഷോക്കായി
അവൻ കസേരയിൽ നിന്നും ചാടിയെഴുന്നേറ്റു.
സോറി മാഡം… ഐ ആംവെരിസോറി…. മാഡത്തിനുവിഷമമുണ്ടാക്കുന്ന കാര്യങ്ങൾ ഞാൻ ചോദിക്കരുതായിരുന്നു…. അവൻ അവളുടെ താടിയിൽ മെല്ലെ തൊട്ടു മുഖമുയർത്തി. പെട്ടെന്ന് അബ്‌ദ്ധം പിണഞ്ഞ മാതിരി അവൻ കൈവലിച്ചു. അവൾ അവന്റെ മുഖത്തേക്കുനോക്കി. അവൾ ദേഷ്യപ്പെടുമെന്നാണ് അവൻ വിചാരിച്ചത്. പക്ഷേ അവളുടെ കണ്ണുകൾ വജ്രതിളക്കമുള്ളതാകുന്നതും കപോലങ്ങൾ ലാളിത്യമാർന്നതാകുന്നതും ചുണ്ടുകളിൽ മന്ദഹാസം വിരിയുന്നതും അവൻ കണ്ടു. അവൻ അവളോടൊപ്പം കിടക്കയിൽ ഇരുന്നു. രണ്ടു കൈകളും കൊണ്ട് അവളുടെ കണ്ണീരൊപ്പിക്കൊണ്ട് അവൻ പറഞ്ഞു.
”എത്ര സുന്ദരമാണെന്നോ മാഡത്തിന്റെ മുഖം…. ഇത് ഈശ്വരൻ തന്നനിധിയാണ്. ഈ ലോകത്തിന് അതാണു വേണ്ടതെങ്കിൽ കൊടുക്കുക… ഈ വെൺമേഘതുണ്ടം ഇനി കരിമേഘത്താൽ മറയ്‌ക്കരുത്….“
അവന്റെ കൈവെള്ളകളിൽ നയനയുടെ മുഖം ഭാരരഹിതമായി ഇരുന്നു. ഒന്നുകൂടി കൈനീട്ടി അവൻ അവളുടെ തോളത്തു പിടിച്ചിരുന്നെങ്കിൽ ചുരുണ്ടുകൂടി അവൾ അവന്റെ മാറിലേക്കു വീണേനെ, അത്രയേറെ അവൾ അവനിലേക്കു അടുത്തുപോയിരുന്നു.
”ഞാൻ പോകട്ടെ മാഡം…..“
അവൻ പറഞ്ഞത് അവൾ കേട്ടില്ല അവൻ വീണ്ടും ചോദ്യം ആവർത്തിച്ചപ്പോൾ അവൾ ഞെട്ടിയുണർന്നതായും മെല്ലെ ആമുഖം മന്ദഹാസത്തിൽ വിടരുന്നതായും അവൻ കണ്ടു. അവൻ നടന്നപ്പോൾ അവൾ പറഞ്ഞു.
”അലൻ എന്നെ നയന എന്നു വിളിച്ചോളൂ…..“
”താങ്ക്‌യൂ…..“
അവൻ നടന്നകന്നു.
അവളുടെ വജ്രതിളക്കമുള്ള കണ്ണുകളും തുടുത്തകപോലങ്ങളും അവന്റെയുള്ളിൽ കടന്നു വരാതിരിക്കാൻ അവൻ ആവുന്നത്ര ശ്രമിച്ചു. കാരണം നിബന്ധനകൾ അതായിരുന്നു.
”അവൾക്കു താങ്കളെ എത്രമാത്രം വേണമെങ്കിലും പ്രണയിക്കാം…. താങ്കൾ ഒരിക്കലും അവളെ പ്രണയിച്ചുകൂടാ. സ്വർണ്ണനിറമാർന്ന മാമ്പഴം എത്ര എത്താ കൊമ്പിലായാലും കയ്യെത്തി പിടിക്കാം…. കൊതിയോടെ നോക്കി നിൽക്കാം ആർത്തിയോടെ ചുംബിക്കാം. അനുഭവിക്കാൻ നോക്കരുത്…. മുറിയിൽ രഹസ്യക്യാമറ ഉണ്ടെന്നറിയുക…. സ്‌ഥാപനത്തിന്റെ വിജയത്തിനുവേണ്ടി താങ്കൾ എത്രയും പെട്ടെന്ന് ജോലി തുടങ്ങുക…. മോഡലിനെ ഉടനെ ആഹ്ലാദവതിയാക്കുന്നപക്ഷം തങ്കളുടെ പ്രതിഫലം വർദ്ധിപ്പിക്കുന്നതായിരിക്കും…..“
അലൻ പിറ്റേന്ന് നയനയോടെ കുറേകൂടി അടുത്തു. അവന് ക്യാമറാകമ്പമില്ല. മാതാപിതാക്കൾ ഉദ്യോഗസ്‌ഥരല്ല. ഈ ജോലി ഒരു തമാശയല്ല. തന്റെ ഹൃദ്‌രോഗിയായ കുഞ്ഞനുജത്തിക്ക് ഒരു ഓപ്പറേഷനുവേണ്ടിയുള്ളതാണ്. അതുകൊണ്ട് നയനയെ ഉടനെതന്നെ സന്തോഷവതിയാക്കണം.
നയനയുടെ തുറിച്ചുനോട്ടം അലൻ സ്വന്തമാക്കിയെടുത്തു. അത് തീഷ്‌ണമായ അനുരാഗ പ്രകടനമായി താനറിയുന്നതായ് അലൻ അവളെ മനസ്സിലാക്കി. എത്താ കൊമ്പിലെമാമ്പഴത്തെ അവൻ അടുത്തു കൊണ്ടുവന്നു. കൊതിയോടെ നോക്കി. ആർത്തിയോടെ, ആർത്തിയോടെ ചുംബിച്ചു. അനുഭവിക്കുന്നതിനു മുൻപായി വേദനയോടെയാണെങ്കിലും പിൻതിരിയാൻ അലൻ പരിശീലിച്ചു.
നയന ആഹ്ലാദവതിയായി അവളുടെ ചെറുമന്ദഹാസം അട്ടഹാസമായി പരിണമിച്ചു. ഇപ്പോൾ അവൾ ചിരിക്കാത്ത നേരങ്ങളില്ല. അവൾ സദാ അലന്റെ കൈകളിൽ, അവന്റെ ചുംബനപൂക്കളിൽ, ഇക്കിളിപ്പെടുത്തലുകളിൽ മതിമറന്നു. വല്ലാത്ത മാറ്റമാണ് നയനയിൽ ഡയറക്‌ടർ ബോർഡ് കണ്ടെത്തിയത്. അവൾ ഏറെ ആഹ്ലാദത്തോടെ പ്രസന്നവദനയായും വില്‌പന ശാലയിൽ ചെലവഴിച്ചു. അതിഥികളോട് ഏറെ സൗമ്യത പുലർത്തുകയും അവരിലൊരാളെപോലും വിട്ടുപോകാതെ ഏറെ പേരെ ആകർഷിക്കുകയും തന്റെ അനുപമമായ സൗന്ദര്യം കൊണ്ട് അവരുടെ ഹൃദയം തരളിതമാക്കുകയും ചെയ്‌തു.
ഒരാഴ്‌ചകൊണ്ട് സ്‌ഥാപനത്തിന് കോടിക്കണക്കിനു രൂപയുടെ അധികവരുമാനമുണ്ടാക്കി ഓഹരിവിപണിയിൽ സ്‌ഥാപനത്തിന്റെ ഓഹരിവില കുതിച്ചുയർന്നു. നഷ്‌ടം വന്ന സമയത്ത് വിറ്റുതുലച്ച ഓഹരികൾ തിരിച്ചുപിടിക്കാനായി ഉടമകൾ നെട്ടോട്ടം ഓടി. ഞൊടിയിടകൊണ്ട് ചിലർ വൻ ലാഭം കൊയ്‌തു. നിഫ്‌റ്റിലും സെൻസെക്‌സിലും വിലകുത്തനെ ഇടിഞ്ഞിട്ടും. ആസ്‌ഥാപനം ഉയർന്ന പോയിന്റുകളോടെ നിന്നു.
ലാഭനഷ്‌ടങ്ങൾ മാറിമറിയുന്ന ഓഹരി വിപണിയിൽ വൻ ലാഭ മുയർത്തി ആ സ്‌ഥാപനം നിലകൊള്ളുമ്പോൾ സ്വർണ്ണ വ്യാപാര സ്‌ഥാപത്തിലെ ആ മുറിയിൽ അതൊന്നുമറിയാതെ നയനയുടെ അട്ടഹാസവും അലൻ ജോസഫിന്റെ തേങ്ങലും നിറയുകയായിരുന്നു.
Generated from archived content: story1_dec24_08.html Author: monichan_abraham