നഗരവികസനം – കുറേ സ്വപ്നമാതൃകകൾ

മലിനമാക്കപ്പെട്ട സ്‌ത്രീയുടെ കെട്ടനാറ്റവുമായ്‌ നഗരം വിവസ്‌ത്രയായ്‌ കിടന്നു. അവളുടെ വിളറിയ ശരീരത്തിൽ, പൊട്ടിയൊലിച്ച ഓടകൾക്കും കറുത്തു നാറിയ തോടുകൾക്കുമരികെ വഴിവാണിഭക്കാർ മത്സരരംഗം തീർത്തുകൊണ്ട്‌ കച്ചവടം തുടങ്ങി. സൂര്യകിരണങ്ങൾ വാർദ്ധക്യം ബാധിച്ചവരായി. ഫാക്‌ടറിയിലെ പുകക്കുഴലുകളിൽ നിന്നുയരുന്ന കറുത്ത പുകയോടൊപ്പം അഞ്ചാംമണി നേരത്തെ സൈറൺ ചെകുത്താന്റെ വരവറിഞ്ഞ നായയുടെ മോങ്ങൽ പോലെ അന്തരീക്ഷത്തിലുയർന്നു. തേനീച്ചക്കൂടുപൊട്ടിയതുപോലെ ഉദ്യോഗസ്ഥരും വിദ്യാർത്ഥികളും ഫാക്‌ടറി ജീവനക്കാരും പലസ്ഥലങ്ങളിൽ നിന്നും ശാഖോപശാഖകളായി വന്ന്‌ നഗരഗർഭത്തിലൂടെ വൻനദിയായൊഴുകി.

വഴിവാണിഭക്കാരന്റെ അന്നത്തെ സ്പെഷ്യൽ പാവയ്‌ക്കയായിരുന്നു.

ഇടത്തരം ലോറിയുടെ പിൻഭാഗം മലർക്കെ തുറന്നിട്ട്‌ പച്ചക്കുന്നുപോലെ കൂട്ടിയിട്ട പച്ചപാവയ്‌ക്കകൾ തേനീച്ചക്കൂട്ടങ്ങൾക്ക്‌ മുന്നിലേയ്‌ക്ക്‌ പ്രദർശിപ്പിച്ചുകൊണ്ട്‌ ഒരാൾ മുകളിലും മറ്റൊരാൾ താഴെയും നിന്ന്‌ ഉച്ചത്തിൽ വിളിക്കാൻ തുടങ്ങി. ഏതാനും മാത്രനേരമേ അവർക്കു ഉച്ചത്തിൽ കൂവേണ്ടതായി വന്നുളളൂ. അപ്പോഴേക്കും തേനീച്ചക്കൂട്ടങ്ങൾ പാവയ്‌ക്കാവാഹനത്തിനു മുന്നിലേയ്‌ക്ക്‌ പറന്നടുത്തൂ. കളളത്രാസുകൾ ഇടതടവില്ലാതെ ജോലി ചെയ്‌തു. പത്തുരൂപയുടെയും അഞ്ചുരൂപയുടെയും മുഷിഞ്ഞ നോട്ടുകൾ പെട്ടിയിലേയ്‌ക്കു കുന്നുകൂടി. മൈക്രോൺ കുറഞ്ഞ പ്ലാസ്‌റ്റിക്‌ ബാഗുകൾ നടന്നുപോകുന്നവരുടെ കൈയ്യിൽ മുയൽക്കുഞ്ഞുങ്ങളെപ്പോലെ തൂങ്ങി. തേനീച്ചക്കൂട്ടങ്ങൾ ഒരു ഒബ്‌സഷൻ പോലെ കൈയ്‌പ്‌ വാങ്ങിക്കൂട്ടി.

തൊട്ടടുത്ത വാഹനത്തിൽ സാഹിത്യവാചകങ്ങളുടെ അകമ്പടിയോടെ മാധുര്യമേറിയതും വർണ്ണസൗഭാഗ്യത്തിലുളളതുമായ മാതളനാരങ്ങകൾ ഞെട്ടോടെ കൂട്ടിയിട്ട്‌ വാണിഭക്കാർ ഉച്ചത്തിൽ ആർത്തുവിളിച്ചെങ്കിലും ആ വിളികളെല്ലാം മഴകാത്തു കേഴുന്ന തവളകളുടെ അലർച്ചപോലെ അന്തരീക്ഷത്തെ കാർന്നുതിന്നതല്ലാതെ അങ്ങോട്ടാരും വന്നില്ല. പുന്നയൂർക്കുളവുമായ്‌ അഭേദ്യമായ ബന്ധമുണ്ടെന്നു വാരിക്കോരി പറഞ്ഞിട്ടും മലയാളസാഹിത്യ തറവാട്ടു മുറ്റത്ത്‌ ഉദിച്ചുയർന്ന എഴുത്തുകാരിയുടെ പർദയണിഞ്ഞ ചിത്രം നീർമാതളവാഹനത്തിൽ പ്രദർശിപ്പിച്ചിട്ടും ആ വഴിയാരും വന്നില്ല. തൊട്ടടുത്തുളള വാഹനങ്ങളിലെ ആപ്പിളിനും മുന്തിരിക്കും ഏത്തപ്പഴത്തിനുമെല്ലാം ഇതേ അവസ്ഥ തന്നെയായിരുന്നു.

പഴക്കച്ചവടവാഹനത്തിനുമപ്പുറം വിവിധ വർണ്ണങ്ങളിലും രൂപത്തിലുമുളള വിവിധ വസ്‌ത്രങ്ങളുടെ വാണിഭമായിരുന്നു. ചുരിദാറും ലാച്ചയും ഏറ്റവും ആധുനികമായ ബബ്ലി ബബ്ലി സ്‌കർട്ടുകളും ജീൻസും ഷർട്ടുമെല്ലാം അവിടെ വിൽപ്പനയ്‌ക്കുണ്ടായിരുന്നു. രക്തഓട്ടം നിലച്ച സിരാപടലങ്ങളും കറുത്തു നാറിയ അരഞ്ഞാണവും അഴുക്കു പുരണ്ട ഗുഹ്യഭാഗവുമായ്‌ കിടക്കുന്ന നഗരം നാണം മറയ്‌ക്കാനൊരു തുണിയ്‌ക്കായ്‌ കേഴുന്നതായ്‌ തലപ്പാവു ധരിച്ച സപ്ലയർമാരുളള ഇന്ത്യൻകോഫി ഹൗസിൽ നിന്നും കാപ്പികുടിച്ചിറങ്ങിയ പുരാതന മനുഷ്യനു തോന്നി. ഉളളതെല്ലാം വിറ്റുതുലച്ച്‌ കടംകൊണ്ട മനസ്സുമായ്‌ തലകുമ്പിട്ട്‌ മന്ത്രിപ്പരിഷകളുടെ പ്രതിനിധികളെ ചുമക്കുന്ന ജില്ലാഭരണകൂടത്തിനു മുകളിൽ തളർന്നു കിടക്കുന്ന ദേശീയപതാകയും കഴുകി വെടിപ്പായ ഒരു തുണിക്കായി കൊതിക്കുന്നതായ്‌ ദേവനാട്‌ കാണാനെത്തിയ തൊലിവെളുത്ത വിദേശിയ്‌ക്കു തോന്നി. മരണം പരത്തുന്ന വൈറസുമായ്‌ ചീറിയടുക്കുന്ന കാറ്റിൽ മുട്ടടിക്കുന്ന സൈന്യാധിപനെ പോലെ ദേശീയഗാനത്തിന്റെ താളം തെറ്റുന്നതായ്‌ ഒരു ആധുനിക ഭിഷഗ്വരന്‌ തോന്നി.

വർണ്ണവസ്‌ത്രങ്ങളേറെയുണ്ടായിട്ടും വസ്‌ത്രവിൽപ്പന വാഹനത്തിനടുത്തേയ്‌ക്കും ആരും വരികയുണ്ടായില്ല.

അതിനടുത്ത്‌ അനേകം ഇസബെല്ലമാരുടെ തലയോട്ടികൾ പൂത്തുനിൽക്കുന്ന പൂച്ചെട്ടി വിൽപനക്കാരന്റെ വാഹനമാണ്‌ കാണപ്പെട്ടത്‌. സുഗന്ധവാഹിനികളും അല്ലാത്തതും വർണ്ണമേറിയതും അല്ലാത്തതുമായ പൂക്കൾ വിടർന്നു നിന്നു.. ആളുകൾക്കുവേണ്ടത്‌ കറുത്തപൂക്കളുകൾ വിടരുന്ന ചെടികളായിരുന്നു. അവരുടെ ആവശ്യം കേട്ട്‌ കച്ചവടക്കാർ അന്ധാളിച്ച്‌ അവശരായ്‌പോയി………ഒരുപക്ഷേ ഇനിയും നമ്മൾ താമസം മാറ്റേണ്ട ചൊവ്വയിലോ ചന്ദ്രനിലോ അത്തരം പൂക്കൾ കണ്ടേക്കുമായിരിക്കും എന്നോർത്ത്‌ അവർ നിലവിളിയുടെ വക്കിൽ നിന്നും പുറത്തുവന്നു.

കറുത്തപൂക്കൾ തേടിവന്നവർ പോയത്‌ തൊട്ടടുത്തുളള ശവപ്പെട്ടി വിൽപ്പനക്കാരന്റെ കടയിലേയ്‌ക്കായിരുന്നു. അവിടെ ബിവറേജസ്‌ കോർപ്പറേഷന്റെ സ്‌റ്റാളുകൾക്ക്‌ മുന്നിലുളളതിനേക്കാൾ തിരക്കുണ്ടായിരുന്നു. ശവപ്പെട്ടികൾ എടുത്തുകൊണ്ട്‌ കച്ചവടക്കാരന്റെ കൈകാലുകൾ വിശ്രമമില്ലാതെ തളർന്നു……..

കടയിലെതിരക്കുമൂലം കടയുടമ അഡീഷണലായി ഒരു സെയിൽസ്‌ഗേളിനെ നിയമിച്ചു. കടക്കുപിന്നിലൊരു ചാർത്തുണ്ടാക്കി ചെറുതും വലുതുമായ ശവപ്പെട്ടികൾ നിർമ്മിച്ചുകൊണ്ടേയിരുന്നു………അന്ന്‌ അവസാനമായ്‌ നിന്നയാൾ ശവപ്പെട്ടി വിൽപനക്കാരനോട്‌ ചോദിച്ചു.

“എങ്ങനുണ്ട്‌ കച്ചവടം………..?”

ചോദ്യകർത്താവിന്റെ കണ്ണിലെ ക്രൂരത അയാളിൽ അമർഷമുണ്ടാക്കി.

“ഇതങ്ങനെ അഭിപ്രായം പറയാവുന്ന ഒരു കച്ചവടമല്ലല്ലോ……” ക്ഷീണിതനായ്‌ കസേരയിലിരുന്നുകൊണ്ട്‌ കച്ചവടക്കാരൻ പറഞ്ഞു.

“ഓ ശരിയാ ഞാനതങ്ങുമറന്നു…….”

അയാൾ ക്ഷമാപണം പോലെ പറഞ്ഞെങ്കിലും അതിനെ തുടർന്നുളള അയാളുടെ അട്ടഹാസവും സകലതിന്റെയും അധിപനെന്ന ഹുങ്കും കച്ചവടക്കാരനെ ഞെട്ടിച്ചുകളഞ്ഞു. അയാൾ ഇറങ്ങിപ്പോയപ്പോൾ മുതൽ കച്ചവടക്കാരനു സന്ധിവേദന അനുഭവപ്പെടുകയും കാൽപ്പത്തിപ്പുറം നീരുവന്നു വീർക്കുകയും ശരീരഭാഗങ്ങളിൽ ചുവന്ന പാടുകൾ പ്രത്യക്ഷപ്പെടുകയും ചെയ്‌തു…….

ശരീരമാസകലം വേദനകൊണ്ട്‌ പുളഞ്ഞ്‌ അയാൾ സെയിൽസ്‌ ഗേളിന്റെ കൈകളിലേയ്‌ക്ക്‌ വീഴുമ്പോൾ ഒരു ശവപ്പെട്ടി അയാളെയും അയാൾ ശവപ്പെട്ടിയേയും സൂക്ഷിച്ചു നോക്കുന്നുണ്ടായിരുന്നു.

കഥയുടെ ഒന്നാം ശവമഞ്ചം ഇവിടെ ഇറക്കുകയാണ്‌.

പിറ്റേന്ന്‌ സായാഹ്‌നം. ഇന്നലെ പറഞ്ഞ മലിനമാക്കപ്പെട്ട……..നഗരം…….തെരുവ്‌…………സൈറൺ……….തേനിച്ചക്കൂട്ടങ്ങളുടെ ഒഴുക്ക്‌……..ഇവയ്‌ക്കൊന്നും മാറ്റമില്ല……….

മാറ്റമുളളത്‌ വഴിവാണിഭക്കാരന്റെ വിശേഷ ഇനത്തിനായിരുന്നു. ഇന്നലെ പച്ചപാവയ്‌ക്ക വിറ്റ അവരുടെ ഇന്നത്തെ സ്‌പെഷ്യൽ കറുത്തതും ശരീരഭാഗങ്ങൾ മുഴുവനായും മറയ്‌ക്കുന്നതുമായ പർദ്ദയായിരുന്നു ‘ഗുനിയാ മാലയിൽ’ നിന്നും അത്ഭുതപൂർവ്വം രക്ഷപ്പെട്ടവർ സ്‌ത്രീപുരുഷ ഭേദമന്യേ പർദ്ദ വാങ്ങിക്കാനായ്‌ ഓടിവന്നു. നിമിഷനേരം കൊണ്ട്‌ പർദ്ദകൾ വിറ്റുതീർന്നു. പുതിയവ ഉടനടി കൊണ്ടുവന്നു. വാങ്ങിയവർ ഇരിക്കുമ്പോഴും കിടക്കുമ്പോഴും കൈകാലുകളുടെ ഒരു തരിപോലും പുറത്തുവരാതെ അവർ ഉടുപ്പിലേയ്‌ക്ക്‌ നുഴഞ്ഞു കയറിക്കൊണ്ടിരുന്നു. മനുഷ്യരക്തം കുടിക്കാൻ കൊതുകിന്റെ വേഷമണിഞ്ഞു നടന്ന രക്തരക്ഷസുകൾ പർദ്ദകൾക്കു മുന്നിലൂടെ മൂളിപ്പാഞ്ഞു നടന്നു.. അതുകണ്ട്‌ ഒരു ജനത മുഴുവൻ ചാക്കിലൊളിച്ച സംഗതി ഒരു ആദ്ധ്യാത്മികാചാര്യൻ മനസ്സിന്റെ വായനാമുറിയിൽ നിന്നും തപ്പിയെടുത്തു.

കഥയുടെ രണ്ടാം വിലാപയാത്രയും ഇവിടെ അവസാനിക്കുകയാണ്‌.

മൂന്നാം യാത്ര ആരംഭിക്കുന്നത്‌ പിറ്റേന്ന്‌ പുലർച്ചെയാണ്‌. നാടു മുഴുവൻ പുകകൊണ്ട്‌ മൂടിയിരിക്കുന്നു.

“ഇതെന്താ റോമാസാമ്രാജ്യമോ കത്തിയെരിയാൻ……..?” ഒരു ബുദ്ധിജീവി ചോദിച്ചു.

“ഹേയ്‌ അങ്ങനെയല്ല നാടിന്റെ ശുചീകരണപ്രവർത്തനമാണ്‌. താങ്കളും ദവയായി ഇതിൽ പങ്കുചേരുക……..” പച്ചപാവത്തനായ ഒരു സാധാരണക്കാരൻ പറഞ്ഞു.

“പുക കൊണ്ടാണോ നാടു ശുചീകരിക്കുന്നത്‌” ബുദ്ധിജീവി വീണ്ടും ചോദിച്ചു.

“ഹേയ്‌ അങ്ങനെയല്ല ശുചീകരിച്ചപ്പോൾ പുക വന്നുവെന്നേയുളളൂ…….” അയാൾ പറഞ്ഞു.

നാടെങ്ങും ശുചീകരണപ്രവർത്തനങ്ങൾ തകൃതിയായി നടന്നു. മമ്മട്ടിയും തൂമ്പയും ചവറുകോരിയുമായ്‌ പ്രജകൾ കാത്തുനിന്നു. ഉദ്‌ഘാടന കർമ്മങ്ങൾക്കായ്‌ മേലധികാരികൾ ഓടി നടന്നു. വിദ്യാർത്ഥികളും സ്‌ത്രീകളും ഒരു പുത്തനുണർവ്വുമായിറങ്ങി………മന്ത്രിമാർ കെട്ടിടമുകൾ വരെ പാഞ്ഞുകയറി. (ഏണികേറി കെട്ടിടമുകളിലേയ്‌ക്കു പോകുന്ന ഒരു മന്ത്രിയെ കണ്ട്‌ അദ്ദേഹത്തെ മന്ത്രിയെന്നു വിളിച്ചാക്ഷേപിക്കരുതെന്ന്‌ ഒരു ബുദ്ധിജീവി പറഞ്ഞു)

കഥയുടെ നാലാം ഭാഗത്തേയ്‌ക്കു പോകാതെ മൂന്നാം ഭാഗത്തിലവസാനിക്കും മുമ്പായി ഞാൻ കണ്ട സ്വപ്നങ്ങൾ ചുവടെ ചേർക്കുകയാണ്‌.

1. മലിനമാക്കപ്പെട്ട എന്റെ നഗരവനിതയെ ആരോ കൈപിടിച്ചുയർത്തി അവൾക്ക്‌ ഉടുക്കാൻ വസ്‌ത്രവും കുടിക്കാൻ വെളളവും കൊടുത്ത്‌ അവളുടെ കറുത്ത അരഞ്ഞാണം മാറ്റി അവളെ സുന്ദരിയാക്കി.

2. ജില്ലാഭരണകൂടത്തിനു മുകളിൽ അഴുക്കും പൊടിയും കടബാദ്ധ്യതയുമേറ്റ്‌ തലകുമ്പിട്ടു കുനിഞ്ഞു കിടന്ന ദേശീയ പതാക ആരോ എടുത്ത്‌ പുതുപുത്തനാക്കി. കത്രീനയോ റീത്തയോ പോലുളള ഉരുക്കുവനിതകൾ വന്നാലും നിലം പതിക്കാത്ത കരുത്തുളളവനാക്കി.

3. മുട്ടടിക്കുന്ന സൈന്യാധിപനെപ്പോലെ താളം തെറ്റിയ ദേശീയഗാനം വൈറസുകളകന്നപ്പോൾ കരുത്തുറ്റതായി.

ഞാൻ കാണുന്നതും നിങ്ങൾക്കു കാണാനാവാത്തതും നിങ്ങൾ കണ്ടതും ഞാൻ കാണാത്തതുമായ നിരവധി സ്വപ്നങ്ങൾ വിടരാൻ പോകുന്ന പൂമൊട്ടുകൾക്കും ജനിക്കാൻ പോകുന്ന കുഞ്ഞുങ്ങൾക്കും പിറക്കാൻ പോകുന്ന പുലരികൾക്കും തളിരിടാൻ പോകുന്ന വസന്തങ്ങൾക്കുമായ്‌ നീക്കിവച്ചുകൊണ്ട്‌ മൂന്നാം ഭാഗത്തിൽ തന്നെ ഞാനീ കഥ നിർത്തുന്നു.

നിങ്ങൾക്ക്‌ നന്ദി ……..നമസ്‌ക്കാരം.

Generated from archived content: story1_dec22_06.html Author: monichan_abraham

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English