ഒറ്റ ദിവസം കൊണ്ട് അന്ന ആളാകെ മാറിയത്. ഹോസ്‌പിറ്റലിലെ തീവ്രപരിചരണ വിഭാഗത്തിലേക്കും മുറിയിലേക്കും അവൾ ഭ്രാന്തിയെപ്പോലെ മാറിമാറി പൊയ്‌ക്കൊണ്ടിരുന്നു. ഐ.സി.യുവിന്റെ വാതിൽക്കൽ പൊയി ഫെലിക്സിനെ ഒരുനോക്കു കണ്ടിട്ട് നേരെ റൂമിൽ അലച്ചു തല്ലിവരും. വാതിൽ അടച്ചിട്ട മുറിക്കുള്ളിൽ സദാ എരിഞ്ഞു നിൽക്കുന്ന മെഴുകുതിരിക്കാലിന്റെ പിന്നിലുള്ള ജീസ്സസിന്റെ ചിത്രത്തിനു മുന്നിൽ തലയടിച്ച് അവൾ കരഞ്ഞ് പ്രാർത്ഥിക്കും. ജീസസ് എന്നോടു പൊറുക്കണമേ… എന്റെ പാപം മായ്‌ക്കണമേ… ഫെലിക്സിന് ഒന്നും വരുത്തരുതേ…
ഇടയ്‌ക്കിടക്ക് ഡെയ്‌സിയെ കെട്ടിപ്പിടിച്ചും അവൾ കരയും… ഫെലിക്സിന്റെ ആദ്യഭാര്യയിലെ മകളാണ് ഡെയ്‌സി. അവൾ ഇന്ന് എം.ബി.ബി.എസ് വിദ്യാർത്ഥിനിയാണ്. അവളുടെ മമ്മ രോഗം വന്നു മരിച്ചപ്പോഴാണ് ഫെലിക്സ് രണ്ടാം കെട്ടുകാരിയായ അന്നയെ കെട്ടിയത്. അന്ന ഒരു മുൻകോപക്കാരിയാണെന്നും ആദ്യഭർത്താവ് സഹികെട്ടാണ് അവളെ ഉപേക്ഷിച്ചു പോയതെന്നുമൊക്കെ ഫെലിക്സിന് അറിയാമായിരുന്നു. പക്ഷേ ക്ഷമയുടെയും സഹനത്തിന്റെയും കാര്യത്തിൽ ഫെലിക്സ് ആകാശ മാതൃകയായിരുന്നു. ക്ഷമയോടും സഹനത്തോടും ഫെലിക്സ് ഒരിക്കലും തോറ്റുകൊടുക്കില്ലായിരുന്നു. അന്നയുടെ മുൻകോപങ്ങൾ അതുകൊണ്ട് ഫെലിക്സിനു നിസ്സാരങ്ങളായിരുന്നു. ഓഫീസിൽ നിന്നു വൈകിയെത്തുമ്പോഴും സുഹൃത്തുക്കളോടൊത്തുള്ള സല്ലാപത്തിനും പള്ളിയിലെ ക്വയറിന് കൂടുന്നതും ഗോൾഫ് കളിക്കുന്നതിനുമൊക്കെ അന്ന എതിരായിരുന്നു. പക്ഷേ അന്ന പൊട്ടിത്തെറിക്കുകയേയുള്ളൂ എന്നും അവളുടെ ഉള്ളിൽ സ്നേഹം കൊതിക്കുന്ന ഒരു കുഞ്ഞുഹൃദയമുണ്ടെന്നും ഫെലിക്സ് മനസ്സിലാക്കിയിരുന്നു. കുഞ്ഞുഹൃദയത്തെ മുറിപ്പെടാനിടയാകാതെ ഫെലിക്സ് സ്വന്തം ജീവിതത്തിലായിരിക്കുകയും അവളെ ജീവനുതുല്യം സ്നേഹിക്കുകയും ചെയ്തു. ബ്രിട്ടീഷുകാരുടെ തിരിച്ചുപോക്കിൽ പിതാവിനെ പറ്റിച്ച് കപ്പലിൽ നിന്നു തിരിച്ചിറങ്ങി ഇവിടെ താമസം തുടങ്ങിയതാണെന്ന് ഫെലിക്സ് കേട്ടിട്ടുണ്ട്. അതെന്താണ് അവൾ പിതാവിനോടുകൂടി ഇംഗ്ലണ്ടിലേയ്‌ക്ക് പോകാഞ്ഞതെന്നും പിതാവിനെ കബളിപ്പിച്ച് അയച്ചതെന്തിനാണെന്നും ഫെലിക്സ് ആലോചിച്ചിട്ടുണ്ട്. പക്ഷേ അന്നയോടു ചോദിക്കുവാൻ കഴിയുമോ… പിതാവിനെക്കുറിച്ച് പറയുമ്പോഴെ അവൾ പൊട്ടിത്തെറിക്കാൻ തുടങ്ങും… ഓർമയ്‌ക്കായി ഒരു ഫോട്ടോ പോലും അവൾ വച്ചിട്ടില്ലെന്നതാണ് വിചിത്രം. രണ്ടുപേരുടെയും രണ്ടാമത്തെ ആദ്യരാത്രിയിൽ ഫെലിക്സ് കൂട്ടുകാരോടൊത്ത് സമയം ചെലവഴിച്ചതും വൈകിയപ്പോൾ ദേഷ്യപ്പെട്ടു അന്ന കിടന്നുകളഞ്ഞതും മുറിയിൽ വന്ന ഫെലിക്സ് ഭിത്തിയിലെ ഗിറ്റാറുമെടുത്ത് നിലാവലകളെ നോക്കി തന്ത്രികൾ മീട്ടിയതും അന്ന അക്ഷമയായി പൊട്ടിത്തെറിച്ചതും മുന്നിലിരുന്ന വൈനും ഗ്ലാസും എടുത്തെറിഞ്ഞതുമൊക്കെ ഫെലിക്സ് ഓർമിക്കാറുണ്ട്.
ഇപ്പോൾ ഡെയ്‌സിക്ക് അത്ഭുതം അവർ തന്നോടുപോലും തോറ്റു പോയതിലാണ്. പലവട്ടം അവർ വാവിട്ടു നിലവിളിച്ചുകൊണ്ട് “മകളെ മമ്മയോടു പൊറുക്കൂ… മമ്മയോടു പൊറുക്കൂ…” എന്നിങ്ങനെ കേണപേക്ഷിച്ചു. ഓരോ തവണയും ഡെയ്‌സി ആശ്വസിപ്പിച്ചു.
“മമ്മ, രണ്ടാമത്തെ ബുള്ളറ്റും പുറത്തെടുത്തു കഴിഞ്ഞു. പേടിക്കാനില്ലെന്നാണ് ഡോക്ടർ പറഞ്ഞത്. മമ്മ കരയാതിരിക്കൂ… നാളെ നേരം വെളുക്കുമ്പം പപ്പയ്‌ക്ക് ബോധം വീഴും”.
അപ്പോൾ അന്നയുടെ കരച്ചിൽ ഒന്നുകൂടി നീണ്ടു. കരുത്തും ശക്തിയുമുള്ള ആ സ്‌ത്രീ കരച്ചിലിന്റെ നടുവിൽ ഭ്രാന്തിയെപോലെ നിൽക്കുന്നതു കണ്ടപ്പോൾ ഡെയ്‌സിക്കു സങ്കടം തോന്നിപ്പോയി.
പപ്പയുടെ ബോധം വീഴാൻ കാത്തിരിക്കുകയാണ്, പോലീസുകാർ മൊഴിയെടുക്കാൻ. പപ്പ ഒരിക്കലും മമ്മയ്‌ക്കെതിരെ പറയില്ലെന്ന് ഡെയ്‌സിക്കറിയാം. പക്ഷെ മമ്മ പലവട്ടം പോലീസിന്റെ മുന്നിലേക്കു ചാടി വീഴാൻ കാത്തിരിക്കുകയാണ്, “ഞാൻ തെറ്റ് ചെയ്തതാണ്. എനിക്ക് എല്ലാം ഏറ്റു പറയണം….” മമ്മ പലവട്ടം പറഞ്ഞുകഴിഞ്ഞു.
കൊച്ചിയിലുള്ള പപ്പയുടെ എസ്.ഐ.അനുജൻ വിളിച്ചു പറഞ്ഞതുകൊണ്ടാണ് പപ്പയുടെ മൊഴിയറിഞ്ഞിട്ട് ബാക്കി അന്വേഷണം മതിയെന്ന് പോലീസ് തീരുമാനിച്ചത്.
കുറേ കാര്യങ്ങൾ ഡെയ്‌സി അനുജനോടു ചോദിച്ചു മനസിലാക്കി. അന്നയുടെയും ഫെലിക്സിന്റെയും മകൻ നോബിൾ പ്ലസ്‌ടുവിന് പഠിക്കുകയാണ്. സംഭവസമയം അവൻ അവരോടൊപ്പമുണ്ടായിരുന്നു. കത്തീഡ്രലിൽ പോയി മൂവരും കൂടി തിരിച്ചുവരും വഴി മിറക്കിൾ റെസ്‌റ്റോറന്റിൽ കയറി. അവിടെ വച്ച് പത്രവാർത്ത കണ്ട മമ്മ പൊട്ടിത്തെറിച്ചു. ആരോടും ഒന്നും പറയാതെ പുറത്തേക്കു കുതിച്ചു. ആർക്കും ഒന്നും ചെയ്യുവാൻ കഴിയുമായിരുന്നില്ല. ആ നേരത്തെ അന്നയുടെ മുഖഭാവം ഒന്നു കാണേണ്ടതു തന്നെയായിരുന്നു. മമ്മ തന്നെയാണ് കാർഡ്രൈവ് ചെയ്തിരുന്നത്. ഇടുങ്ങിയ വഴികളിൽ പോലും മമ്മ സ്പീഡു കുറച്ചില്ല. സ്പീഡോ മീറ്ററിലെ സൂചി അപകടരേഖയും കടന്നുപൊയ്‌ക്കൊണ്ടിരുന്നു. പോർച്ചിൽ കാർ നിർത്തി റൈഫിളുമെടുത്ത് വീണ്ടും കാറെടുക്കാൻ വന്നപ്പോൾ പപ്പ തടഞ്ഞു.
“എനിക്കവനെ കൊല്ലണം…” മമ്മ അലറിക്കൊണ്ടിരുന്നു.
പപ്പയുടെ കൈയിൽ നിന്നും രക്ഷപ്പെടുകയില്ലെന്ന് ബോദ്ധ്യമായ മമ്മ പപ്പയുടെ നേരെ നിറയൊഴിച്ചു… കലിയടങ്ങിക്കഴിഞ്ഞപ്പോൾ താൻ ചെയ്ത തെറ്റിനെയോർത്ത് ഭ്രാന്തിയെപ്പോലെ അലറി. മമ്മ അകത്തു പോയപ്പോൾ മമ്മയെ പ്രകോപിപ്പിച്ച പത്രവാർത്തയെന്താണെന്ന് പപ്പ നോക്കി. മകളെ പീഡിപ്പിച്ചതിന് പിതാവ് അറസ്‌റ്റിൽ എന്നൊരു വാർത്ത അതിലുണ്ടായിരുന്നു… മുൻപൊരിക്കലും ഇതേപോലെ ഒരു വാർത്തയുടെ പേരിൽ പ്രതിയെ കൊല്ലാൻ അന്ന ശ്രമിച്ചിരുന്നതായും ഇപ്പോഴും അതിനു തന്നെയാണ് മമ്മയുടെ ശ്രമമെന്നും അവളെ തടയണമെന്നും അതിന്റെ കാരണം കണ്ടുപിടിക്കണമെന്നും സംഭവത്തിന് മുമ്പ് പപ്പ പറഞ്ഞതാണ്. ഈ സംഭവത്തിനു പിന്നിലെ പൊരുളറിയാൻ ഡെയ്‌സിക്കു കഴിയുന്നില്ല. എന്തായാലും പപ്പയ്‌ക്ക് ജീവൻ തിരിച്ചു കിട്ടട്ടെ. ജീസസ് കൈവിടില്ല. ഇത്രയും ക്ഷമാശീലനായ മനുഷ്യൻ ഈ സംഭവത്തിന്റെ ചുരുളഴിക്കാതിരിക്കില്ല. ഇടനാഴിയിലെ ബഞ്ചിൽ ഡെയ്‌സി നോബിളിനോടൊപ്പം പപ്പയുടെ ജീവൻ തിരിച്ചുവരുന്നതും കാത്തിരുന്നു. മമ്മയ്‌ക്ക് സെഡേഷനുള്ള മരുന്നുകൊടുത്തു. അവർ മുറിയിൽ മയക്കത്തിലാണ്. ജീവിതത്തിൽ നിന്നും മരണത്തിന്റെ പാലത്തിലേക്കു വലിച്ചുകൊണ്ടുപോയ പപ്പയെ തിരിച്ചിറക്കി കൊണ്ടുവരാൻ ഡോക്ടർമാർക്ക് കഴിയട്ടെ… നോബിൾ ഉറക്കം തൂങ്ങിയപ്പോൾ മുറിയിൽ പോയി കിടന്നുകൊള്ളുവാൻ അവൾ പറഞ്ഞു. അവൻ കൂട്ടാക്കിയില്ല. അവളുടെ അടുത്തുതന്നെ അവൻ ബഞ്ചിൽ ചടഞ്ഞുകിടന്നു.
പുലർച്ചെ നാലുമണിയോടുകൂടി പപ്പ മെല്ലെ കണ്ണുകൾ തുറന്നു. പ്രതീക്ഷയുടെ പൂത്തിരിവിടർത്തിക്കൊണ്ട് പുലരി അവളുടെ കണ്ണുകളിലേക്ക് പടർന്നുകയറി. സാവധാനം അൽപാൽപമായി വെള്ളം കുടിക്കാനും മെല്ലെമെല്ലെ സംസാരിക്കാനും തുടങ്ങി. നേരം പുലർന്നപ്പോൾ സാധാരണനിലയിലേക്ക് വന്നു.
മമ്മയ്‌ക്ക് വീണ്ടും സെഡേഷൻ നൽകി. അവർ വൈകുന്നേരത്തോടുകൂടിയേ സാധാരണ നിലയിലേക്കു വരൂ. നോബിളിനും ഡെയ്‌സിക്കും പപ്പയുടെ അടുത്തു ചെല്ലാൻ അനുവാദം കിട്ടി. പപ്പയുടെ അടുത്തു ചെന്ന് നെറ്റിയിൽ തടവി നിന്നപ്പോൾ ഡെയ്‌സിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
ഫെലിക്സ് നോബിളിന്റെയും ഡെയ്‌സിയുടേയും തോളത്തു കൈയിട്ടു കൊണ്ടു ചോദിച്ചു ഃ “മമ്മ എന്തിയേ….”?
“സെഡേഷനിലാണ്” ഡെയ്‌സി പറഞ്ഞു.
പിന്നെ പ്രത്യേകമായി ഡെയ്‌സിയോടു പറഞ്ഞു “മമ്മയെ വെറുക്കരുത്, അവൾ പാവമാണ്. നമുക്ക് അവളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരണം..”
ഫെലിക്സിന്റെ വാക്കുകൾ നോബിളിന് തീരെ പിടിച്ചില്ല. ആശുപത്രി കിടക്കിയിലായാലും രോഷം മറച്ചുവയ്‌ക്കാതെ അവൻ പറഞ്ഞു “പപ്പയാ മമ്മയെ ചീത്തയാക്കുന്നത്”.
ഡെയ്‌സി നോബിളിനെ ശാസന രൂപത്തിൽ നോക്കി. ഉച്ചയോടുകൂടി ഫെലിക്സിനെ വാർഡിലേക്ക് മാറ്റി. ആന്തരികാവയവങ്ങൾക്കൊന്നും വലിയ തകരാറുണ്ടായിരുന്നില്ല. തോളെല്ലുകളാണ് തകർന്നത്. കുറേ വിശ്രമം വേണ്ടിവരും. ബന്ധുക്കളെയും സുഹൃത്തുക്കളെയും കൊണ്ട് ആശുപത്രി നിറഞ്ഞു. ഫെലിക്സ് അത്ര സൗമ്യനായ ഒരു മനുഷ്യനായിരുന്നു… അയാളെ സ്നേഹിക്കാത്തവരില്ലായിരുന്നു.
ഉച്ചകഴിഞ്ഞ് പോലീസെത്തി.
“എന്താണ്, എങ്ങനെയാണ് സംഭവം…? ആരാണ് ഇത് ചെയ്തത്…?” ഇൻസ്‌പെക്ടറുടെ ചോദ്യം. ഫെലിക്സ് നോബിളിനെയും ഡെയ്‌സിയേയും നോക്കി. അവരുടെ മുഖങ്ങളിൽ ആശങ്കയുണ്ടായിരുന്നു. എന്നാൽ ഫെലിക്സിന് ഒരു ആശങ്കയുമുണ്ടായിരുന്നില്ല. എല്ലാം തീരുമാനിച്ചുറച്ചതുപോലെ അയാൾ പറഞ്ഞു.
“ലൈസൻസ്‌ഡ് തോക്കായിരുന്നു, അടുത്തമാസം പുതുക്കേണ്ടതാണ്. പൊടി തുടച്ചുവയ്‌ക്കാനായി എടുത്തതാണ്. അബദ്ധവശാൽ വെടിപൊട്ടി. ഞാൻ തന്നെയാണ് ഉത്തരവാദി. മറ്റാരുമല്ല…”
മറുപടിയിൽ ഇൻസ്‌പെക്ടർ തൃപ്തനായിരുന്നില്ല. എങ്കിലും കൂടുതൽ ചോദിക്കാൻ നിൽക്കാതെ അവർ പിരിഞ്ഞു.
പോലീസുകാർ പോയിക്കഴിഞ്ഞപ്പോൾ ഡെയ്‌സി ചോദ്യഭാവത്തോടെ ഫെലിക്സിനെ നോക്കി. അയാൾ അക്ഷോഭ്യനായി കാണപ്പെട്ടു.
“എന്താണ് പപ്പ ഇതിന്റെയൊക്കെ അർത്ഥം….” മനസ്സിന് മുറിവുണ്ടാകാത്ത രീതിയിൽ അവൾ ചോദിച്ചു. നോബിളും ആശങ്കാകുലനായിരുന്നു.
“ഒക്കെ അറിയണം…” അവർക്കറിയാവുന്നതൊക്കയെ തനിക്കും അറിയാവൂ. എന്താണ് സംഭവിച്ചതെന്ന് കണ്ടുപിടിക്കാനിരിക്കുന്നതേയുള്ളൂ എന്ന അർത്ഥത്തിലാണ് ഫെലിക്സ് സംസാരിച്ചത്.
“നിങ്ങൾ പപ്പയുടെ ഒപ്പമുണ്ടാവണം” ഫെലിക്സ് മക്കൾക്ക് ആത്മവിശ്വാസം പകർന്നു. അന്നു വൈകുന്നേരം സെഡേഷൻ വിട്ടുണർന്ന അന്ന പൊട്ടിക്കരച്ചിലും പരിഭവം പറച്ചിലുമായി ഫെലിക്സിന്റെ അടുത്തുവന്നു.
“എന്നോടു പിണങ്ങാത്തത് എന്താണ്? ഞാനങ്ങയെ കൊല്ലാൻ ശ്രമിച്ചവളല്ലെ? എന്നെ ഉപേക്ഷിച്ചോളൂ” എന്നൊക്കെ അന്ന പറഞ്ഞു കരഞ്ഞുകൊണ്ടിരുന്നു.
ഒടുവിൽ ഡെയ്‌സിയോടും പറഞ്ഞു ഃ “ഡെയ്‌സീ നീയും എന്നോടു പിണങ്ങാത്തതെന്തേ? നിന്റെ പപ്പയല്ലേ ഇത്. നിന്റെ പപ്പയെ ഞാൻ കൊല്ലാൻ ശ്രമിച്ചതാണ്. നിനക്കും എന്നോടു ഒന്നും പറയാനില്ലേ. അതോ ഒന്നും പറയാനാവാത്തവിധം നികൃഷ്ടയാണോ ഞാൻ?”
ഫെലിക്സിന്റെ കർശന നിയന്ത്രണമുണ്ടായിരുന്നതു കാരണം നോബിൾപോലും ഒന്നും ഉരിയാടിയില്ല. അവർ അന്നയെ ആശ്വസിപ്പിച്ചു. അന്നു വൈകുന്നേരം അന്ന ഫാദർ സ്‌റ്റീഫൻ ഫെർണാണ്ടസിനെ കണ്ടു. തനിക്ക് ഒരു തുറന്ന കുമ്പസാരം വേണമെന്നും തന്റെ ഭർത്താവിനു നേരെ നിറയൊഴിച്ചത് താനാണെന്നും അതിൽ ആരും തന്നെ ശിക്ഷിക്കുന്നില്ലെന്നും കുറ്റബോധം കൊണ്ട് തന്റെ മനസ് പൊട്ടിപ്പോകുന്നുവെന്നും അവൾ ഫാദറിനോട് പറഞ്ഞു.
‘നീ ഫെലിക്സിനെതിരെ നിറയൊഴിച്ചത് ഒരു രഹസ്യമല്ലെന്നും അതെല്ലാവർക്കും അറിയാവുന്നതാണെന്നും അതിലല്ല നിന്റെ പാപം കിടക്കുന്നതെന്നും പറഞ്ഞു, ഫാദർ അവളെ കൂടുതൽ സംസാരിക്കുവാൻ അവസരം കൊടുത്തു. അപ്പോൾ അന്ന താൻ എന്ന വ്യക്തിയിൽ നിന്നും പിന്നെ കുടുംബത്തിലേയ്‌ക്കും ലോകത്തിലേയ്‌ക്കും തന്റെ കഴിഞ്ഞ കാലത്തേയ്‌ക്കും കടന്നുപോകുന്നതായി ഫാദറിനു തോന്നി. അവൾ രണ്ടു കൈകളും കൊണ്ട് മുഖം പൊത്തി പൊട്ടിക്കരഞ്ഞു.
വൈകുന്നേരത്തെ മാസിനുള്ള പള്ളി മണിയടിച്ചു. വിശ്വാസികൾ പള്ളിയിലേക്കു വന്നു തുടങ്ങി. പ്രാർത്ഥന കൊച്ചച്ചനെ ഏൽപ്പിച്ച് ഫാദർ അന്നയുമായി ഫെലിക്സിന്റെ വീട്ടിലേക്കു പോയി. ഫെലിക്സിന്റെ മുറിയിൽ ഡെയ്‌സിയും നോബിളുമുണ്ടായിരുന്നു. ഫാദറിനെ കണ്ടതും ബഹുമാനപുരസ്സരം ഫെലിക്സ് തലയിളക്കി. നോബിളും ഡെയ്‌സിയും ഫാദറിനു സ്തുതി പറഞ്ഞ് പുറത്തിറങ്ങി. ഫാദർ ഫെലിക്സിന്റെ നെറ്റിയിൽ കൈവച്ചു പ്രാർത്ഥിച്ചു. അയാളുടെ കണ്ണുകളിലൂടെ കണ്ണുനീർ കുടുകുടാ ചാടി. അതുകണ്ട് അന്നയും പൊട്ടിക്കരഞ്ഞു. ഫാദർ ഫെലിക്സിന്റെ കണ്ണുകൾ വിരൽകൊണ്ട് തോർത്തി.
“ഇപ്പോൾ എങ്ങനെയുണ്ട്?” ഫാദർ തിരക്കി.
“കുഴപ്പമൊന്നുമില്ല കുറേ വിശ്രമം വേണ്ടിവരും” ഫെലിക്സ് പറഞ്ഞു.
വാതിലിന്റെ കൊളുത്തിടാൻ ഫാദർ അന്നയോടു പറഞ്ഞു. അവൾ അനുസരിച്ചു. ഫാദർ എന്തോ പറയുവാൻ തയ്യാറെടുക്കുകയാണെന്ന് ഫെലിക്സിന് മനസിലായി. കസേരയിൽ ഇരുന്നുകൊണ്ട് ഫാദർ പറഞ്ഞു തുടങ്ങി.
“ഫെലിക്സ്… നിനക്കെതിരെ നിറയൊഴിച്ചതിന്റെ പാപം തീർക്കാനാണ് അന്ന എന്റെയടുത്തു വന്നത്. അവൾ പരസ്യമായി ചെയ്‌ത തെറ്റിന് ശിക്ഷ കൊടുത്തതുകൊണ്ടോ അവളോട് ക്ഷമിച്ചതുകൊണ്ടോ മാറ്റമുണ്ടാകുമെന്ന് ഞാൻ കരുതുന്നില്ല. തെറ്റ് ചെയ്യാൻ പ്രേരിപ്പിച്ച ഘടകമേതെന്ന് കണ്ടെത്താനാണ് ഞാനവളോടു പറഞ്ഞത്. അപ്പോൾ മുതൽ അവളിലുണ്ടായ പ്രതികരണം കണ്ടപ്പോൾ അവൾക്കെന്തോ നമ്മളോടു പറയുവാനുണ്ടെന്നാണ് എനിക്കു തോന്നുന്നത്. ഞാനതു പറഞ്ഞപ്പോൾ മുതൽ അവളുടെ കണ്ണുകളിൽ നിന്നൊഴുകുന്ന കണ്ണീരിൽ നിന്റെ മേൽ നിറയൊഴിച്ചതിന്റെ ദുഃഖമല്ല, മറിച്ച് അവളെ അവളല്ലാതാക്കി മാറ്റുന്ന ഏതോ ഘടകത്തെക്കുറിച്ചാണ്. അതുകൊണ്ടാണ് ഞാൻ അവളെയും കൊണ്ട് നിന്റെ അടുത്തേക്ക് വന്നത്”.
ഫെലിക്സ് വളരെ ശദ്ധാപൂർവ്വം ഫാദറിന്റെ വാക്കുകൾ കേട്ടു. താൻ എത്രയോ നാളായി കണ്ടെത്തണമെന്ന് ആഗ്രഹിച്ച സംഗതിയിലേക്ക് ഫാദർ എത്രയെളുപ്പം കടന്നുവന്നിരിക്കുന്നു. തന്റെ ചിന്ത ഫാദർ ഏറ്റെടുത്തിരിക്കുകയാണ്. ഫാദറിനെപ്പറ്റി ഫെലിക്സ് അത്ഭുതം കൊണ്ടു.
അന്ന കരച്ചിലിൽ നിന്നും മോചിതയായി. അവൾ സ്വയം ധൈര്യം സംഭരിച്ചതുപോലെ തോന്നി. ഫാദറിന്റെയോ ഫെലിക്സിന്റെയോ മുഖത്തു നോക്കാതെ ഭിത്തിയിലെ ജീസസിന്റെ ചിത്രത്തിൽ നോക്കി നിൽക്കുകയാണവൾ. മൗനത്തിന്റെ കാവ്യനർത്തകിയെ ചിലങ്കയണിയിച്ചുകൊണ്ട് മെല്ലെ അന്ന പറഞ്ഞുതുടങ്ങി.
“ഞാനതു പറയണോ അതോ മരിക്കണോ ഫാദർ….?” അന്നയുടെ ഹൃദയത്തിൽ രാക്ഷസതിരകളടിച്ചുയരുന്നത് ഫാദറും ഫെലിക്സും അറിഞ്ഞു.
ഫാദർ ചാടിയെഴുന്നേറ്റു. “അന്നാ നീ എന്നോടു ക്ഷമിക്കുക. ഞാൻ ജീസസിന്റെ നാമത്തിൽ ഇറങ്ങി പുറപ്പെട്ടത് നിന്നെ മരണത്തിന്റെ ഇടനാഴിയിലേക്ക് പറഞ്ഞയയ്‌ക്കാനല്ല. ജീവിതത്തിന്റെ പുതുപുലരിയിലേക്ക് ആനയിക്കാനാണ്. എല്ലാം തുറന്നുപറയുന്നത് നിനക്ക് കൂടുതൽ അപകടമാണുണ്ടാക്കുന്നതെങ്കിൽ അതുവേണ്ട. എന്റെ വാക്കുകളും എന്റെ പ്രവൃത്തിയും നിനക്കു വിപരീതമായാണു സംഭവിച്ചതെങ്കിൽ ഞാനിപ്പോൾ തന്നെ പോയേക്കാം…”
ഫാദർ പോകാൻ തയ്യാറായി. അന്ന ഫാദറിനെ തടഞ്ഞു. “എന്റെ വാക്കുകൾ ഫാദറിന് വേദനയായെങ്കിൽ ക്ഷമിക്കുക. ഒരു നിമിഷം ഫാദറിന്റെ സൽപ്രവൃത്തിയെപോലും മറന്ന് ഞാൻ ചിന്തിച്ചുപോയി. ക്ഷമിക്കണം ഫാദർ, ഞാനെല്ലാം പറയാം. എനിക്കെന്റെ ഫെലിക്സിന്റെ കൂടെ ജീവിതത്തിന്റെ പുലരി കണ്ട് ജീവിക്കണം”.
ഫാദറിന് ആശ്വാസമായി. അദ്ദേഹം കസേരയിലിരുന്നു… പക്ഷേ അന്നയ്‌ക്ക് ഒന്നും പറയുവാൻ കഴിയുമായിരുന്നില്ല. പിന്നെ അവളുടെ സമ്മതപ്രകാരം തന്നെ ഒരു സൈക്കോളജിസ്‌റ്റിന്റെ സഹായം തേടി. ശാന്തമായ ആ മുറിയിൽ അദ്ദേഹത്തിന്റെ അംഗചലനങ്ങൾക്ക് വിധേയമായി അന്ന പാതിമയക്കത്തിലേക്ക് വീണു. അവൾപോലും അറിയാതെ അവൾ അവളുടെ മനസിന്റെ ആഴക്കടലിലേയ്‌ക്കുപോയി. ശരീരത്തിന്റെ ഭാരമറിയാതെ മനസിന്റെ ലോലതയിൽ മാത്രം നിൽക്കുകയാണ് ഇപ്പോൾ അവൾ. ഫാദറും ഫെലിക്സും നോക്കി നിൽക്കേ അന്നയുടെ കുട്ടിത്തം നിറഞ്ഞതും വെറുക്കപ്പെട്ടതും അസ്വാസ്ഥ്യവുമായ സംഭാഷണങ്ങളും പ്രവൃത്തികളും പുറത്തേക്കു വന്നു. അവൾ ഇപ്പോൾ അവളുടെ കുട്ടിക്കാലത്താണ്. ആരുമില്ലാത്ത അവളുടെ വീടിന്റെ അകത്തളത്തിൽ വെച്ച് അവൾക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ ആരോ ചെയ്യുകയാണ്. അവളുടെ സ്തനങ്ങളിലും നിതംബങ്ങളിലും തുടകളിലും ആരോ പിടിച്ചു. മുഖത്ത് കഠോരമായി ചുംബിച്ചു. കുഞ്ഞായ അവൾ എല്ലാം അസ്വസ്ഥതയോടെ ക്ഷമിച്ചു. പിന്നീട് അവൾ അല്പം വലുതായി. അന്നവൾ ആശുപത്രിക്കിടക്കയിലാണ് എന്തിനാണെന്നറിയില്ല ഡോക്ടർ അവളുടെ യോനിയിലേക്ക് കൈവിരലുകൾ കടത്തിയപ്പോൾ അവൾക്ക് അസ്വസ്ഥമായ വേദനയുണ്ടായി. ചോരയുടെ നദി അവൾക്കു മുന്നിലൊഴുകിയപ്പോൾ അവൾ ബോധം കെട്ടു. പിന്നീടുള്ള ദിവസവും വീട്ടിൽ അവൾക്കു നേരെ ആക്രമണമുണ്ടായപ്പോൾ അവൾ തടഞ്ഞു. അവൾ വലുതായിക്കഴിഞ്ഞപ്പോൾ, കാര്യം എല്ലാം മനസ്സിലാക്കിയപ്പോൾ അടുക്കളയിലെ വെട്ടുകത്തിയെടുത്തു അവൾ അലറി.
“പിതാവെന്നു നോക്കില്ല കൊന്നുകളയും ഞാൻ”
അരികെയിരുന്ന ഫാദറും ഫെലിക്സും ഞെട്ടി. ഫാദർ “ജീസ്സസ്സ്” എന്ന് അറിയാതെ വിളിച്ചുപോയി. ഫെലിക്സ് തലിൽ കൈവച്ചു. അന്ന വീണ്ടും പൂർവ്വ വിചാരങ്ങൾ തുടർന്നു കൊണ്ടേയിരുന്നു. അതു ഫെലിക്സിനു കേൾക്കണമെന്നുണ്ടായിരുന്നില്ല. പിന്നീടവൾ പിതാവിനെ വെറുത്തതും ഇംഗ്ലണ്ടിലേക്കു പോകാതിരുന്നതും അയാളെ തനിച്ചയച്ചതും അയാളുടെ ഒരു ഫോട്ടോപോലും സൂക്ഷിക്കാതിരുന്നതും ഒരു പുരുഷവിദ്വേഷിയായിത്തീർന്നതുമായ കഥകൾ ഫെലിക്സിന് അറിയാം..
“ഫെലിക്സ് ഇപ്പോൾ നീ എന്തു പറയുന്നു. നിനക്ക് അവളോടുള്ള സ്നേഹം കൂടുന്നോ കുറയുന്നോ?” ചിന്തയുടെ അപാരതീരങ്ങളിലേക്കു കണ്ണു നട്ടിരിക്കുന്ന ഫെലിക്സിനോടു ഫാദർ ചോദിച്ചു.
“എനിക്കെന്നും അവളോട് സ്നേഹമേ ഉണ്ടായിരുന്നുള്ളൂ ഫാദർ… ഇപ്പോൾ അതിരട്ടിയായിരിക്കുന്നു. ഇനിയും ഞാനെന്തു ചെയ്യണം ഫാദർ അവളെന്റെ വഴിയിലൂടെ നീങ്ങാൻ?”
“അവളെന്നും നിന്റെ വഴിയിലായിരുന്നു ഫെലിക്സ്… നിന്നെ അടുത്തവർക്കാർക്കും നിന്റെ വഴികളിലൂടെ വരാതിരിക്കാനാവില്ല… അതവൾക്കറിയാം… പക്ഷേ അവളുടെ പൂർവ്വകാല അനുഭവം നീ കേട്ടില്ലേ. ഇടയ്‌ക്കിടയ്‌ക്ക് അതല്ലേ… അവളെ അവളല്ലാതാക്കുന്നത്”.
“അതേ ഫാദർ അതിനിനി ഞാനെന്തു ചെയ്യണം…?”
“തെറ്റും ശരിയും രണ്ടു ദിക്കുകളിലായിരിക്കുമ്പോഴാണ് പ്രശ്നങ്ങളുടെ വേലിയേറ്റം. ഒന്നുകിൽ ശരി തെറ്റിനോടും അല്ലെങ്കിൽ തെറ്റ് ശരിയോടും ചേരട്ടെ… മറക്കലുപൊറുക്കലുമില്ലാതെ ജീവിതമില്ല… നീ അവളെ പരിശീലിപ്പിക്കേണ്ടത് അതാണ്”.
“ശരി ഫാദർ അങ്ങനെയാവട്ടെ…”
ഫാദർ പുൽത്തകിടിയിലൂടെ നടന്നു. കുർബാന കഴിഞ്ഞുവരുന്ന വിശ്വാസികൾ ഫാദറിനും സ്തുതി ചൊല്ലി കടന്നുപോയി. അപ്പോൾ അന്ന ഡോക്ടറുടെ മുറിയിൽ കളകൾ പിഴുതെറിഞ്ഞ പാടംപോലെ ഹരിതാഭമായ മനസുമായ് മയങ്ങുകയായിരുന്നു.
Generated from archived content: story1_apr4_07.html Author: monichan_abraham
Click this button or press Ctrl+G to toggle between Malayalam and English