മക്കൾ തിരിച്ചുനൽകുന്നതെന്താണ്‌?

കഴിഞ്ഞ 18 ദിവസങ്ങളായി ഞാൻ ഒരു ആയുർവേദ ചികിത്സയിലായിരുന്നു. അമേരിക്കൻ യാത്രയ്‌ക്കിടയിൽ സംഭവിച്ച പേശിസംബന്ധിയായ ഒരു ക്ഷതം.

പാലക്കാട്‌ ജില്ലയിലെ പെരിങ്ങോടുള്ള ‘ഗുരുകൃപ’ ആയുർവേദ ആശുപത്രിയിൽ ഡോക്‌ടർ ഉണ്ണികൃഷ്‌ണന്റെ കീഴിലായിരുന്നു ചികിത്സ. മനോ… വാക്‌… കർമങ്ങൾ അടക്കി പഥ്യവും പ്രമാണങ്ങളുമനുസരിച്ച്‌ പ്രാർത്ഥനാപൂർവം 18 നാളുകൾ.

ആയുർവേദം ശരീരത്തെ മാത്രമല്ല ചികിത്സിക്കുന്നത്‌. അത്‌ മനസ്സിനെയും അതിനപ്പുറം ആത്‌മാവിനെയും വരെ സ്‌പർശിക്കുന്നു. അതുകൊണ്ടുതന്നെ ആയുർവേദ ചികിത്സ എന്നാൽ ഒരു ഒറ്റപ്പെടൽ കൂടിയാണ്‌. ശരീരത്തെ ചികിത്സയ്‌ക്കു വിട്ടുകൊടുത്ത്‌ നാം നമ്മിലേക്കുതന്നെ നോക്കിയിരിക്കുന്ന ഒരവസ്‌ഥ. സമതല ലോകത്തിന്റെ ബഹളങ്ങളിൽനിന്നെല്ലാമകന്ന്‌ ഒരു കുന്നിൻമുകളിൽ സ്‌ഥിതിചെയ്യുന്ന ഈ ചികിത്സാലായം അതിനു പറ്റിയ സ്‌ഥലമാണ്‌. അവിടെയിരുന്നാൽ ഉണങ്ങിയ പുല്ലുകൾക്കും മേടുകൾക്കുമപ്പുറം ഒരുപാട്‌ ദൂരങ്ങൾ കാണാം. വല്ലപ്പോഴും കാറ്റിൽ ചില ശബ്‌ദങ്ങൾ പറന്നുവരും. മറ്റെല്ലാ സമയവും മൗനമാണ്‌. സംഗിതംപോലെ….. അമ്മയും ഭാര്യയും ഒപ്പമുണ്ടായിരുന്നിട്ടും ഞാൻ തനിച്ചായിരുന്നു. അവരും അങ്ങനെതന്നെയായിരുന്നിരിക്കണം. ഒന്നിച്ചിരിക്കുമ്പോഴും ഒറ്റയ്‌ക്കിരിക്കുന്ന അവസ്‌ഥ. അവനവനിലേക്ക്‌ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന സമയങ്ങൾ, അതിനൊരു സൗന്ദര്യമുണ്ട്‌. അതുകൂടി ചേർന്നതാണ്‌ ആയുർവേദത്തിന്റെ ലാവണ്യം.

ഈ ഒറ്റപ്പെടലിന്റെ നാളുകളിൽ ഞാൻ ഏറ്റവുമധികം ഓർത്തത്‌ ഭൂമിയിൽ ഒറ്റപ്പെട്ടുപോകുന്ന ചില ജിവിതങ്ങളെക്കുറിച്ചായിരുന്നു. ഒറ്റപ്പെടൽ രണ്ടുവിധമുണ്ട്‌. സ്വയം തെരഞ്ഞെടുക്കുന്നതും ഉപേക്ഷിക്കപ്പെടലിലൂടെ ഒരു ശാപം പോലെ വന്നു പതിക്കുന്നതും. ചികിത്സാസമയത്തെ ഒറ്റപ്പെടൽ ഞാൻ സ്വയം തെരഞ്ഞെടുത്തതാണ്‌. ജീവിതം തനിച്ചു സഞ്ചരിച്ചു തീർക്കാൻ ചിലർ തീരുമാനിക്കും. അതിന്‌ മറ്റാരും ഉത്തരവാദികളല്ല. എന്നാൽ രണ്ടാമതൊരു വിഭാഗമുണ്ട്‌. വൃദ്ധസദനങ്ങളിലെ ഒറ്റപ്പെടലിലേക്ക്‌ വലിച്ചെറിയപ്പെടുന്നവർ. അച്ഛനമ്മമാർ. അവരാണ്‌ ഭൂമിയിൽ ഏറ്റവുമധികം ശപിക്കപ്പെട്ടവർ. ദുഃഖിക്കുന്നവർ. അവരുടെ ദുഃഖത്തിന്റെ ഒരു കിരണത്തിന്‌ ഭൂമിയെ നെടുകെ പിളർക്കാനുള്ള ശേഷിയുണ്ട്‌. കടലിനെ വറ്റിച്ചുകളയാൻ കരുത്തുണ്ട്‌. ആകാശത്തിനെ ഒരുപിടി ചാരമാക്കാനുള്ള ചൂടുണ്ട്‌.

അമ്മയിൽ അച്ഛൻ കലർന്ന്‌ നാം ജനിക്കുന്നു. അമ്മയുടെയും അച്ഛന്റെയും സ്‌നേഹത്തിന്റെ പ്രഭാവലയത്തിൽ പിച്ചവച്ച്‌ വളരുന്നു. ആകാശത്തോളം വളരുമ്പോഴും വേരുകൾ പടരുന്നത്‌ മതാപിതാക്കളുടെ മണ്ണിലാണ്‌. നമ്മെ വളർത്താനും വലിയവരാക്കനും അവർ സ്വന്തം ജീവിതം പ്രാർത്ഥനാപൂർവം സമർപ്പിക്കുന്നു. നാം വലുതാകുമ്പോഴേക്കും അവർ തളരുന്നു. നമ്മുടെ തണലിൽ വിശ്രമിക്കാമെന്ന്‌ കരുതുന്നു. നാം അവരെ വൃദ്ധസദനങ്ങളുടെ ഏകാന്തതയിലേക്ക്‌ തള്ളി കൈ കഴുകുന്നു. ഇതിലും വലിയ ക്രൂരത മറ്റെന്തുണ്ട്‌?

കഴിഞ്ഞ മാസം ഞാനൊരു പത്രവാർത്ത വായിച്ചു. അതിന്റെ സാരമിതാണ്‌. വൃദ്ധസദനത്തിൽ വച്ച്‌ ഒരമ്മ മരിക്കുന്നു. അവർക്ക്‌ മൂന്നു മക്കളുണ്ട്‌. വൃദ്ധസദനത്തിന്റെ നടത്തിപ്പുകാർ മൂന്നുപേരെയും വിളിച്ച്‌ അമ്മ മരിച്ച കാര്യം അറിയിച്ചു. എന്നാൽ മൂന്നുപേരുടെയും മറുപടി ക്രൂരമായിരുന്നു. ഒരു മകൻ പറഞ്ഞുഃ “ഞാൻ ഭാര്യവീട്ടിലാണ്‌. വരാൻ പറ്റുമെന്ന്‌ തോന്നുന്നില്ല.” മറ്റൊരാൾ പറഞ്ഞു. “സോറി റോംഗ്‌ നമ്പർ”. മൂന്നാമത്തെയാൾ മറ്റെന്തോ പറഞ്ഞു. ഒടുവിൽ ആ അമ്മയുടെ ശരീരം പൊതുസ്‌ഥലത്ത്‌ എരിഞ്ഞൊടുങ്ങി. പ്രസവിച്ചു പോറ്റിവളർത്തിയിട്ടും അവസാനത്തെ തീ പകരാൻ ആരുമില്ലാതെ, ഒന്നു കരയാൻപോലും ആരുമില്ലാതെ…. ആ അമ്മയെ ഓർത്ത്‌ അന്നു ഞാൻ കരഞ്ഞു. ഇങ്ങനെ എത്രയോ അമ്മമാരും അച്ഛനമ്മമാരും നമുക്കുചുറ്റുമുണ്ട്‌. ഒരു വൃദ്ധസദനം തുടങ്ങുന്നതിനെക്കുറിച്ച്‌ ആലോചിച്ചപ്പോൾ തന്നെ എന്തുമാത്രം അന്വേഷണങ്ങളാണ്‌ എനിക്കു ലഭിച്ചത്‌. അത്രയധികം അച്ഛനമ്മമാരെ ചുറ്റും ഉപേക്ഷിച്ചിട്ടാണ്‌ നാം കുളിച്ചു കുറി തൊട്ട്‌ സമ്പൂർണ സാക്ഷരനായി ഞെളിഞ്ഞു നടക്കുന്നത്‌. പുണ്യം തേടി ക്ഷേത്രങ്ങളിലും പള്ളികളിലും തീർത്ഥങ്ങളിലുമലയുന്നത്‌…..

നമുക്ക്‌ ജീവൻ പകർന്ന്‌ ജീവിതത്തിന്റെ പച്ചപ്പുകളിലേക്ക്‌ നടത്തിയ മാതാപിതാക്കളെ അവരുടെ തളർച്ചയുടെ കാലത്ത്‌ തണലും താങ്ങും നൽകി സംരക്ഷിക്കുക എന്നത്‌ മക്കളുടെ കടമ മാത്രമല്ല, മനുഷ്യത്വത്തിന്റെ ഉദാത്തതയാണ്‌. അച്ഛനമ്മമാരെ ഉപേക്ഷിക്കുന്നവർ സ്വയം പ്രായമാകുന്നത്‌ ശ്രദ്ധിക്കുന്നില്ല എന്ന കാര്യം ഞെട്ടിക്കുന്ന കൗതുകമാണ്‌. ജീവിതത്തിന്റെ മറുകര എത്തി തിരിഞ്ഞുനോക്കുമ്പോൾ തന്റെ മക്കളും മറ്റെങ്ങോ മാഞ്ഞുപോയിരിക്കാം എന്ന കാര്യം അവർ ഓർക്കുന്നേയില്ല. അപ്പോഴറിയാം ആ വേദന, അപ്പോൾ മാത്രമേ അറിയൂ.

ഇങ്ങനെ ആലോചനകൾ പെരുകുമ്പോൾ ഞാൻ അടുത്ത മുറിയിൽ എന്റെ അമ്മയുടെ അടുത്തുചെന്ന്‌ തൊട്ടിരിക്കും. അതു നൽകുന്ന തണുപ്പും സൗഖ്യവും ഒരു ചികിത്സയ്‌ക്കും നൽകാൻ സാധിക്കുന്നതായിരുന്നില്ല. അങ്ങനെയിരിക്കുമ്പോൾ എപ്പോഴോ ഞാൻ മാക്‌സിം ഗോർക്കിയുടെ അമ്മയിലെ വരികൾ ഓർത്തു.

“മക്കൾക്കുവേണ്ടി കരയാൻ ഒരമ്മയ്‌ക്ക്‌ എത്രവേണമെങ്കിലും കണ്ണീരുണ്ട്‌” എന്നാൽ നാം മക്കൾ തിരിച്ചു നൽകുന്നതെന്താണ്‌?

ഈ കുറിപ്പ്‌ വായിക്കുന്ന ഒരാളെങ്കിലും സ്വന്തം അമ്മയെ&അച്ഛനെ വൃദ്ധസദനത്തിലേക്ക്‌ അയക്കാതിരിക്കുകയോ തിരിച്ചു വീട്ടിലേക്ക്‌ കൂട്ടിക്കൊണ്ടുവരികയോ ചെയ്‌താൽ ഞാൻ സംതൃപ്‌തനാവും. 30 വർഷത്തെ അഭിനയജീവിതം നൽകിയ വിലപ്പെട്ട നേട്ടങ്ങളേക്കാൾ വലിയ നേട്ടമായിത്തീരും എനിക്കത്‌. അവർക്കായി…. എല്ലാവർക്കുമായി ഓർമയിലുള്ള രണ്ടുവരി കവിത ഞാനിവിടെ കുറിക്കാം.

“ഉണ്ണീ മറയ്‌ക്കായ്‌ക പക്ഷെ

ഒരമ്മതൻ നെഞ്ചിൽനിന്നുണ്ട മധുരമൊരിക്കലും.”

(കടപ്പാട്‌ – പ്രവാസിശബ്‌ദം)

Generated from archived content: essay1_may12_10.html Author: mohanlal

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here