ഒരു ചെറുകഥ ഒരു സംഭവബിന്ദുവാണ് എന്ന് നമുക്കറിയാം. അത് സംഭവത്തെക്കുറിച്ചുളള ഫോക്കസിങ്ങ് അല്ലെങ്കിൽ കേന്ദ്രീകരണവുമാണ്. ഏത് കാഴ്‌ചയാണ് കാണേണ്ടത്, ഏത് ശബ്‌ദമാണ് കേൾക്കേണ്ടത് എന്നുളളത് ഒരു തെരഞ്ഞെടുപ്പാണ്. അതിനാൽ ആരുടെ ചിത്രം ചിത്രീകരിക്കണം, ആരുടെ മുഖം നിരാകരിക്കണം എന്നുളളത് മറ്റൊരു സന്ദേശമാണ്. ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം നൽകി സമാധാനിപ്പിക്കുന്നത് നമ്മുടെ സാമൂഹ്യബോധം അല്ലെങ്കിൽ സാമുദായികബോധമാണ്. അതുകൊണ്ട് നമ്മൾ അതിനെ കാഴ്‌ചയുടെ രാഷ്‌ട്രീയം, കേൾവിയുടെ രാഷ്‌ട്രീയം, സംഭവങ്ങളുടെ രാഷ്‌ട്രീയം എന്ന് പറയുന്നു.
ഓരോ സംഭവത്തിന് പിന്നിലും ഓരോ രാഷ്‌ട്രീയമുണ്ട് എന്നുളളത് ഈ പുസ്‌തകത്തിന്റെ അവതാരികയിൽ അശോകൻ ചരുവിൽ എടുത്ത് പറയുന്നുണ്ട്. തെരുവിൽ നടക്കുന്ന ഒരടി വെറും ഒരടിയല്ലെന്നും അത് ചരിത്രത്തിലെ ഒരു സംഭവമാണ് എന്നും തിരിച്ചറിയുന്ന ആളെയാണ് വാസ്‌തവത്തിൽ പത്രപ്രവർത്തകൻ എന്നോ കഥാകൃത്ത് എന്നോ പറയുക. ശബ്‌ദത്തിന് ഒരുപാട് അർത്ഥകൽപ്പനകൾ ഉണ്ട്. ഒരു സംഭവത്തിന് നാം കൽപ്പിക്കുന്ന അർത്ഥങ്ങൾ അതിന് ഒരുപാട് മൂല്യങ്ങൾ നൽകിയേക്കാം. ആ മൂല്യം നമ്മെ അട്ടിമറിച്ചേക്കാം. “നെല്ലിൻ ചുവട്ടിൽ മുളക്കും കാട്ടുപുല്ലല്ല സാധു പുലയൻ” എന്നു പറയുന്നതോടുകൂടി നെല്ല് ഏതാണ് പുല്ല് ഏതാണ് എന്ന വലിയ ചരിത്രബോധത്തിലേക്ക് നാം എത്തിച്ചേരുകയും നമ്മുടെ ചിന്തയും മനസ്സും കലുഷിതമാക്കിത്തീർക്കുകയും ചെയ്യുന്നു. അത് നെല്ലും പുല്ലും തമ്മിലുളള ഒരു വ്യത്യാസമായിത്തീരുന്നു അഥവാ മൂല്യമുളളതും ഇല്ലാത്തതും തമ്മിലുളള ഒരു വ്യത്യാസമായിത്തീരുന്നു. അതുകൊണ്ട് ഒരെഴുത്തുകാരൻ എന്താണ് കാണേണ്ടത് എന്താണ് കേൾക്കേണ്ടത് എന്താണ് ശ്വസിക്കേണ്ടത് എന്നത് ഒരു തെരഞ്ഞെടുപ്പാകുന്നു.
സുരേഷ്‌കുമാറിന്റെ യാത്രാഗന്ധം മണത്തിന്റെ മാർഗ്ഗമാണ്. ഈ ലോകത്തിലേക്ക് നമ്മെ എത്തിച്ചു തരുന്ന ഘടകങ്ങളിൽ പ്രധാനപ്പെട്ട ഒന്ന് മണമാണ്. അത് ഓർമ്മപോലെ വളരെക്കാലം നിലനിൽക്കുന്നു. ശബ്‌ദത്തിന്റെ ഓർമ്മ മാഞ്ഞു മാഞ്ഞു പോകുന്നു. പക്ഷെ, മണത്തിന്റെ ഓർമ്മ മാഞ്ഞുപോകുന്നില്ല. ഒരു മണം വരുമ്പോൾ ഒരുപാട് ഓർമ്മകൾ തിരിച്ചു വരികയും ഒരു കാലഘട്ടം തിരിച്ചു വരികയും ചെയ്യുന്നു. ഒരുപക്ഷെ, നഷ്‌ടപ്പെട്ട യൗവ്വനം തിരിച്ചു വരികയും ചെയ്യുന്നു. ഒരു പാലപ്പൂമണം വരുമ്പോൾ അത് വെറും ഒരു പാലപ്പൂമണമല്ല ഒരു കാലപ്പൂമണമാണെന്ന് നാം തിരിച്ചറിയുന്നു. അതുകൊണ്ട് മണത്തിന് ഒരു കാലത്തെ ഓർമ്മിപ്പിക്കാനുളള കരുത്തുണ്ടെന്ന് നാം അറിയുന്നു. യാത്രാഗന്ധം എന്ന കഥയിൽ പറയുന്ന ഗന്ധം ഒരു റെയിൽവേസ്‌റ്റേഷന്റെ ഗന്ധമാണ്. റെയിൽവേസ്‌റ്റേഷന്റെ ഗന്ധം ഒരു യാത്രയുടെ ഗന്ധമാണ്. റെയിൽവെസ്‌റ്റേഷന്റെ ഗന്ധം പലരുടെയും ഗന്ധമാണ്. അവിടെ ചീഞ്ഞമണമുണ്ട്. പൂവിന്റെ മണമുണ്ട്. വിയർപ്പിന്റെ മണമുണ്ട്. പുളിഞ്ഞ ഭക്ഷണത്തിന്റെ മണമുണ്ട്. ഇതെല്ലാം ചേർന്ന സഞ്ചാരത്തിന്റെ മണമുണ്ട്. ഈ മണം മൂക്കുകളിൽ അളളിപ്പിടിക്കുകയും ഗന്ധപ്രപഞ്ചമായി മാറുകയും ചെയ്യുന്നു. അങ്ങിനെ ഇങ്ങനെയുമുണ്ടല്ലോ ഒരു ലോകം എന്ന തോന്നൽ നമുക്ക് ഉണ്ടാക്കിത്തീർക്കുകയും ചെയ്യുന്നു. ഈ തോന്നലാണ് ഒരു കലയുടെയോ ഒരു സൃഷ്‌ടിയുടേയോ പ്രത്യേകത എന്നർത്ഥം.
ഒരു എഴുത്തുകാരൻ നിർവ്വഹിക്കുന്ന ദൗത്യം തിരക്കിനിടയിൽ നമുക്ക് നഷ്‌ടപ്പെട്ടുപോയ ഒരു അനുഭവത്തെ നിങ്ങളുടെ മുൻപിൽ കൊണ്ട് നിർത്തുക എന്നതാണ്. നിങ്ങളുടെ മാല മോഷ്‌ടിച്ച ഒരു പുളളിയെ പിടിച്ച് നിങ്ങളുടെ മുൻപിൽ ഹാജരാക്കുന്നപോലെ നിങ്ങളുടെ മോഷ്‌ടിക്കപ്പെട്ട&നഷ്‌ടപ്പെട്ട അനുഭവങ്ങളെ വിളിച്ചു കൊണ്ടുവന്ന് നിങ്ങളുടെ മുൻപിൽ നിർത്തിയിട്ട് നിങ്ങൾ ഇതുവരെ എന്തുകൊണ്ടിത് കണ്ടില്ല എന്നു ചോദിക്കുകയും ചെയ്യുന്ന ഒരു അസാധാരണ ചോദ്യം ഒരു എഴുത്തുകാരൻ കൊണ്ട് വരുന്നുണ്ട്.
ഇതിൽ ഒരു തീവണ്ടിയിലെ കാഴ്‌ചകൾ ഒരു തീവണ്ടിയിൽ വന്നു കയറുന്ന ഭീരുക്കളുടെ നടുവിൽ തെമ്മാടിയായ ഒരു ധീരൻ വന്നുകയറുന്നതിന്റെ കാഴ്‌ച, ഈ സമയത്ത് ഓരോരുത്തർക്കും ഉണ്ടാവുന്ന മനോഭാവങ്ങൾ, അയാൾ എങ്ങിനെയാണ് ധീരതയുടെ നാട്യം അവതരിപ്പിക്കുക എന്നുളളത്, അയാൾ വന്ന് ഒരാളുടെ മേത്ത് കയറി ഇരിക്കയാണെങ്കിൽ നമ്മൾ ദുർബലനാണെങ്കിൽ പറയും എല്ലാവർക്കും യാത്ര ചെയ്യേണ്ടതല്ലേ, അയാൾക്കും വേണ്ടേ സൗകര്യം എന്ന്. ഇത് ഒരു വ്യാജമായ ഒത്തുതീർപ്പാണ്. ഇത്തരം വ്യാജമായ ഒത്തുതീർപ്പ് കൊണ്ടാണ് നമ്മൾ കലണ്ടർ മറിച്ച് കൊണ്ടിരിക്കുന്നത്, അല്ലെങ്കിൽ ജീവിച്ചുകൊണ്ടിരിക്കുന്നത്, ഇങ്ങനെ ഓരോ നിമിഷവും. കുറച്ചു ദൂരത്തായിപ്പോയി അല്ലെങ്കിൽ ഞാൻ അവന് ഒന്നു കൊടുത്തേനെ എന്ന് പറയുക, ഇങ്ങിനെ ആത്മസമാശ്വാസം കണ്ടെത്തുക. നമ്മുടെ സത്യത്തെ രക്ഷിക്കാനുളള ഒരു മാർഗ്ഗം. ഇങ്ങനെ ഒരേ ചോദ്യങ്ങൾ നമ്മൾ തന്നെ ചോദിച്ചു, അതിന് ഉത്തരം പറഞ്ഞിട്ട് അത് പെട്ടിയിൽ സൂക്ഷിക്കുക എന്നതാണ്. ഇങ്ങിനെ സൂക്ഷിക്കുന്ന ഒരാളെ ഒരു തെമ്മാടി വന്നു കയറി ആളുകളെ ഉപദ്രവിക്കുന്ന സമയത്ത് തെമ്മാടിക്കും ഇരിക്കാൻ ഒരു സ്ഥലം വേണ്ടേ, എന്ന ഒരു ചോദ്യം ഉന്നയിച്ചിട്ട് അതിൽനിന്നും രക്ഷപ്പെടുന്ന ഒരാൾ, ഇങ്ങിനെ പൊരുത്തപ്പെടാത്ത ഒരു സന്ദർഭത്തിലും ഇതാണ് നിങ്ങൾ, ഇതാണ് ഞാൻ എന്നു പറയുന്നു ഒരെഴുത്തുകാരൻ എന്നർത്ഥം.
ഞാനിപ്പോൾ ഓർക്കുന്നത് ഞങ്ങളുടെ കോളേജിൽ കോവിലനെ പ്രസംഗിക്കാൻ കൊണ്ടുവന്ന കാര്യമാണ്. പത്തുമുപ്പത് വർഷം മുമ്പാണത്. തലശ്ശേരി ബസ്‌സ്‌റ്റാന്റിലിറങ്ങിയ കോവിലനെ കൂട്ടിക്കൊണ്ടുവരാൻ ഞങ്ങൾ കുട്ടികളെ വിട്ടിരുന്നു. കുട്ടികൾ കോവിലനെ കണ്ട് പരിചയപ്പെട്ടു. ഞങ്ങൾ കൂട്ടികൊണ്ടു പോവാൻ വന്നതാണെന്ന് പറഞ്ഞപ്പോൾ അദ്ദേഹം ചോദിച്ചു, ഞാൻ ഹിമാലയത്തിൽ സിഗ്‌നൽ മാനായിരുന്നു. നിങ്ങൾ അവിടെ വന്ന് എനിക്ക് വഴികാട്ടിയിട്ടുണ്ടോ എന്നാണ്. ഈ ചോദ്യമാണ് ഒരു ചെറുകഥാകൃത്ത് ചോദിക്കുന്നത്. അഥവാ അനുഭവത്തിന്റെ Un Charted Territorry എന്ന് പറയുന്ന അനുഭവത്തിന്റെ തൊടാത്ത, കാണാത്ത, എത്തിച്ചേരാത്ത മേഖലകളിൽ സഞ്ചരിക്കുന്ന ഒരാൾക്ക് ആരാണ് വഴികാട്ടി? അയാൾക്ക് അയാൾ തന്നെയാണ് വഴികാട്ടി. അയാൾക്ക് അയാളുടെ വഴികൾ അയാൾ ഉണ്ടാക്കിത്തീർക്കുന്നു. അയാൾ അവിടെ കണ്ട കാര്യങ്ങൾ ഇവിടെ നമ്മോട് വന്ന് പറയുകയും ചെയ്യുന്നു. അതു കേൾക്കുമ്പോൾ എന്തൊരത്ഭുതം എന്ന് പറഞ്ഞുപോവുകയും ചെയ്യുന്നു.
ഇത്തരം Un Charted Territorryകൾ ഒരു പക്ഷേ അന്റാർട്ടിക്കയാവാം. അല്ലെങ്കിൽ ഒരു ഉറുമ്പ് കടിച്ച വേദനയുമാവാം. ബഷീറിന്റെ കഥയിലെ നായികയെ ഉറുമ്പ് കടിക്കുമ്പോൾ എന്തൊരു സുഖം എന്ന് പറയുന്നു. ഉറുമ്പ് കടിക്കുന്നത് സുഖമാണെന്ന് തോന്നിക്കുന്നതിനർത്ഥം ആ പെൺകുട്ടിക്ക് അനുരാഗമുണ്ടെന്നാണ്. നുളളി നോവിക്കുകയെന്നത് സ്‌നേഹത്തിന്റെ ഒരു ഭാഷയാണ്. ഇത്തരം ഭാഷകളെക്കൊണ്ട് നിങ്ങൾ കാണാത്ത അറിയാത്ത ഒരു ദൃശ്യലോകത്തിലേക്കാണ് എഴുത്തുകാർ നിങ്ങളെ കൂട്ടിക്കൊണ്ടു പോകുന്നത്. സുരേഷ്‌കുമാറിന്റെ യാത്രാഗന്ധത്തിൽ ഇത്തരം അനുഭവങ്ങൾ പങ്കുവെയ്‌ക്കുന്നുണ്ട്. ബൾബ് മാത്രം മോഷ്‌ടിക്കുന്ന ഒരാൾ. അയാൾ ഫിലമെന്റിനെപ്പറ്റി പറയുന്നു, ഫിലമെന്റ് എന്നു പറഞ്ഞാൽ രണ്ടുപേർ തൊടുക എന്നാണ്.
ഇവിടെ സംഘർഷം എന്ന ഒരു അനുരാഗം ഉണ്ടാകുന്നു. അപ്പോൾ അത് ചൂടു പിടിക്കുന്നു. പിന്നീട് അത് ചൂടായിട്ടും വെളിച്ചമായിട്ടും മാറുന്നു. ചൂട് എന്ന് പറയുന്നത് അമ്മാവന്റെയും അച്‌ഛന്റെയും വഴക്കിനാണ്. വെളിച്ചം എന്ന് പറയുന്നത് അനുരാഗം ഉണ്ടാക്കിത്തീർക്കുന്ന ദിവ്യാനുഭവം ആണ്. ഇതൊക്കെ ഈ ഫിലമെന്റിൽ നിന്നാണ് ഉണ്ടാകുന്നത്. അപ്പോൾ അല്പം ചൂടും ഒരുപാട് വെളിച്ചവുമുണ്ടാകുന്ന, അനുരാഗം എന്ന അനുഭവം ഇങ്ങനെ സോക്കറ്റിൽ കത്തി നിൽക്കുന്ന സമയത്ത് എനിക്കത് അഴിച്ച് കൊണ്ടുപോകണം എന്ന് തോന്നും എന്ന് പറയുന്ന ഒരു ബൾബ് മോഷ്‌ടാവ്-ബൾബ് രമണൻ. അങ്ങനെയൊരു കഥാപാത്രം. ഒരു സാധനത്തിൽ മാത്രം താൽപര്യമുളള, ഒരു വസ്‌തുവിലോ ഒരു സംഭവത്തിലോ നിങ്ങളുടെ മനസ്സ് ഉറച്ചുപോകുന്ന മാനസികവൈകൃതം എന്ന് വേണമെങ്കിൽ പറയാം. അത്തരം വൈകൃതങ്ങൾ കൊണ്ട് ഉണ്ടാക്കിയതാണ് ലോകത്തിലെ എല്ലാ മനുഷ്യരും. അതിലേക്ക് കടന്ന് ചെന്നിട്ട് അതൊരു അനുഭവമാണെന്നും അത് ഇതുവരെ നിങ്ങൾ ശ്രദ്ധിക്കാത്തൊരു അനുഭവമാണെന്നും നിങ്ങളോട് വിളിച്ചു പറയുന്ന ഒരാൾ തീർച്ചയായും ഒരു നല്ല കഥാകൃത്ത് തന്നെയാണ്.
സുരേഷിന്റെ കഥകളിൽ ഇത് പറയുന്നു എന്നുളളത് മാത്രമല്ല, ഒരു പക്ഷേ അനുഭവങ്ങളിലൂടെ ഉളള ഒരു ഇഴുക്കം-അത്യാസക്തി എന്നും പറയാം, ഇതിൽ പ്രകടമാണ്. ഒരു കലാകാരനെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ ആപത്തുകൂടിയാണ്. ഒരു അനുഭവത്തിൽ നിങ്ങൾ പെട്ടുപോയാൽ-ആനയുടെ കാല് ചെളിയിൽ പൂണ്ട് പോയ പോലെ-പിന്നെ അത് വലിച്ചാൽ കിട്ടുകയില്ല. അഥവാ അനുഭവത്തിലേക്ക് നിങ്ങൾ ആഴ്‌ന്നാഴ്‌ന്ന് പോയാൽ നിങ്ങളെ അനുഭവത്തിൽ നിന്ന് വേർപെടുത്താനാവില്ല. മാത്രമല്ല അത്തരം അനുഭവം ഒരു ആത്മഹത്യയായി തീരുകയും ചെയ്യും. അതിന് എഴുത്തുകാരൻ പൂർണ്ണമായും മരിക്കണമെന്നില്ല. ഒരുപക്ഷേ ക്രമത്തിൽ ഇല്ലാതാക്കിത്തീർക്കുന്ന -ഭാഗികമായ ആത്മഹത്യ-ഒരു സാധനമായി എഴുത്തുകാരൻ മാറ്റപ്പെടുകയും ചെയ്യും.
ലോകത്തിലെ മുഴുവൻ വേദനകളും അനുഭവിക്കേണ്ടി വരിക അങ്ങിനെയാണ്. വലിച്ചെറിയപ്പെട്ട ഒരു പെൺകുട്ടിയുടെ കഥ, അടിച്ചമർത്തപ്പെട്ട ഒരു പുരുഷന്റെ നൊമ്പരം, ഒരു ജനതയുടെ മുൻപിൽ മുഴുവൻ തൊഴുകൈയായി നിൽക്കേണ്ടിവരുന്ന ഒരു പാവപ്പെട്ടവന്റെ ചിത്രം-ഇതൊക്കെ കാണുമ്പോൾ ആ കാഴ്‌ചയിൽ നിങ്ങളുടെ മനസ്സിൽ ലയിച്ചുപോയ നിങ്ങളാകെ തളർന്നുപോകും. ഇങ്ങനെ നമ്മെ Un Healet ചെയ്യുന്ന, നമ്മളെ ഇല്ലാതാക്കിത്തീർക്കുന്ന വല്ലാത്തൊരു സ്വഭാവം കലകൾക്കുണ്ട്. അതുകൊണ്ട് എഴുത്തുകാരൻ ഒരു അനുഭവത്തെ അതിതീഷ്‌ണമായി ആവിഷ്‌ക്കരിക്കുമ്പോൾ അത് ആത്മഹത്യക്ക് തുല്യമായ ഒരു പ്രവർത്തനമായിത്തീരുന്നു.
അതുകൊണ്ടാണ് എഴുത്തുകാരെല്ലാം കുരങ്ങുകളെപ്പോലെ ഇരിക്കുന്നത്. ഒരാൾ നോർമലാണെങ്കിൽ അയാൾ ഒരു കലാകാരനല്ലെന്ന് ഉറപ്പിക്കാം. അതല്ല നിങ്ങളുടെ മുഖം അൽപം കോടിപ്പോയിട്ടുണ്ടെങ്കിൽ നിങ്ങൾക്കീ ലോകം അത്ര പിടിച്ചിട്ടില്ല എന്നാണർത്ഥം- കോടിപ്പോയ മുഖം എന്നുളളത് ആദ്യം തകഴിയും പിന്നീട് വി.പി.ശിവകുമാറും ഉപയോഗിച്ച ഒരടയാളമാണ്-ഈ ലോകം നിങ്ങളുടെ മുഖത്തിന് വൈകൃതം ഉണ്ടാക്കിത്തീർക്കുന്നില്ല എങ്കിൽ നിങ്ങളീ ലോകത്ത് ജീവിച്ചിട്ടില്ല എന്നാണർത്ഥം.
ഇത്തരം ലോകത്തുനിന്ന് അനുഭവങ്ങൾ പെറുക്കിയെടുത്ത് കഥകളിൽ ഇടുന്ന-അയാൾ പെറുക്കിയെടുക്കുന്നത് കക്കയോ, കല്ലോ, ആട്ടിൻകാട്ടമോ ആകാം-ബാലിശത്തമുളളവരാണ് എഴുത്തുകാർ. എഴുത്തുകാരൻ മന്ദബുദ്ധികൾ കൂടിയാണ് എന്ന് പറയാറുണ്ട്. കാരണം ബുദ്ധിശാലി ആയാൽ അയാൾ പിന്നെ പൈസ എവിടെ കിട്ടും, പോസ്‌റ്റ് എവിടെയുണ്ട്, പ്രമോഷൻ എങ്ങിനെ ഒപ്പിക്കാം എന്ന് അന്വേഷിച്ചു നടക്കും. പിന്നെ അപൂർവ്വമായ അനുഭവങ്ങൾ അന്വേഷിക്കാൻ അയാൾ പോവില്ല.
അതുകൊണ്ട് മന്ദബുദ്ധികൾ കഥയെഴുതുകയും മന്ദബുദ്ധികൾ ലോകം പ്രത്യേകരീതിയിൽ കാണുകയും അതാവിഷ്‌ക്കരിക്കുകയും ചെയ്യുന്നു. അതുകൊണ്ട് എഴുത്തുകാരെക്കുറിച്ച് He is either an adolsent or he is a child എന്നു പറയും. അങ്ങിനെ താരുണ്യത്തിനപ്പുറത്തേക്ക് വളരാൻ കൂട്ടാക്കാത്തവർ കാണുന്ന ഒരു നിത്യനൂതനമായ ഒരു ലോകമുണ്ട്. ആ ലോകത്തിന്റെ സന്ദേശവാഹകനായി വാസ്‌തവത്തിൽ നമ്മുടെ ചെറുകഥാകൃത്തായ സുരേഷ്‌കുമാർ എത്തിയിരിക്കുന്നു. എല്ലാ അഭിനന്ദനങ്ങളും അർപ്പിക്കുന്നു. നന്ദി.
(യു.കെ.സുരേഷ്‌കുമാറിന്റെ ‘യാത്രാഗന്ധം’ എന്ന ചെറുകഥാസമാഹാരത്തിന്റെ പ്രകാശന ചടങ്ങിൽവച്ച് എം.എൻ.വിജയൻ നടത്തിയ പ്രഭാഷണം)
Generated from archived content: essay2_may26.html Author: mn_vijayan