ഒരു തമിഴൻ മലയാളിയിൽ നിന്നും ഏറെ വ്യത്യസ്തനാണ്. ആരംഭശൂരാ കേരളീയാ… എന്ന ചൊല്ലുപോലും അവർക്കിടയിലുണ്ട്. കേരളീയർ ആരംഭശൂരന്മാരാണെന്ന് തമിഴന്റെ കണ്ടെത്തൽ മാത്രമല്ല, മറിച്ച് ചില സാമൂഹിക പ്രശ്‌നങ്ങളുടെ അടിസ്ഥാനത്തിൽ അത് ശരിയാണെന്ന് നാം തിരിച്ചറിയുന്നുണ്ട്. പൊതുവെ നമ്മൾ കേമമായി പലതും തുടങ്ങുകയും, അത് എവിടെയും എത്താതിരിക്കുകയും ചെയ്യും. എന്നാൽ തമിഴന്റേത് വളരെവേഗം മാറാത്ത ഇന്ത്യയിലെ ഏറ്റവും യാഥാസ്ഥിതികമായ സമൂഹമാണ്. അവിടത്തെ ഏറ്റവും വലിയ രാഷ്‌ട്രീയ നേതാവു മുതൽ പിച്ചക്കാരൻ വരെ തിരുക്കുറലിൽ നിന്നും ഉദ്ധരിക്കും, അണ്ണാദുരൈയെ ഉദ്ധരിക്കും. ഇതുപോലെ ഒരു മലയാളിയെ നമുക്ക് കാണുവാൻ കഴിയില്ല. പുതിയ എന്തിലും ആകർഷിക്കപ്പെടുന്ന, പിന്നെ മറ്റൊരു പുതിയത് കണ്ടാൽ അതിലേക്ക് മാറിപ്പോകുന്ന, ഒരു തുറന്ന മനസ്സുളള എന്നു പറയാവുന്ന ജനതയാണ്.
അതുകൊണ്ട് ചരിത്രാതീതകാലം മുതൽക്കെ വിദേശിയർ കേരളത്തിൽ എത്തിയിരുന്നു. എന്തിന് ക്ലിയോപാട്രയ്‌ക്കുവരെ സാധനങ്ങൾ കയറ്റി അയച്ചിരുന്ന നാടാണ് നമ്മുടേത്. ഇതിന്റെ അർത്ഥം ഒരു ഏകലോക സാധ്യതയിലേക്ക് മുഖം തിരിച്ച് നില്‌ക്കുന്ന ഒരു സ്വഭാവം കേരളത്തിന് ഉണ്ട് എന്നതാണ്. കടൽ ഇതിന് പ്രധാന കാരണം ആണ്. കോഴിക്കോട് നിന്നും വിളിച്ചാൽ കേൾക്കാവുന്ന ദൂരത്തെന്നപോലെയാണ് പശ്ചിമേഷ്യ. അവരുമായുളള ബന്ധങ്ങൾ, വാണിജ്യം ഇതൊക്കെയും കേരളത്തിന്റെ സ്വഭാവരൂപീകരണത്തിന് കാരണമായി. കേരളത്തിന്റെ വിളവുകളിൽ പ്രാധാന്യം നെല്ല്, ഗോതമ്പ് എന്നിവയേക്കാളേറെ ഏലം, കുരുമുളക് തുടങ്ങിയവയ്‌ക്കായിരുന്നു. അതായത് തിന്നുവാൻ കൊളളാത്തതും മണപ്പിക്കാൻ നല്ലതുമായ സാധനങ്ങളാണ് നാം ഉണ്ടാക്കുന്നത്. നാം കുരുമുളക് ഉൽപാദിപ്പിക്കുകയും കയറ്റി അയക്കുകയും, എന്നാൽ അത് നാം അതൊന്നും ഉപയോഗിക്കാതെ പകരം കപ്പൽമുളക് എന്ന മെക്സിക്കൻ മുളക് ഉപയോഗിക്കുകയും ചെയ്യുന്നു. വിദേശ മുളക്, വിദേശ ആശയങ്ങൾ ഇതൊക്കെയാണ് നമുക്ക് പഥ്യം.
അങ്ങിനെ നാലോ അഞ്ചോ ആയിരം വർഷങ്ങൾക്കുമുമ്പു തന്നെ നാം വിദേശവുമായി, ബന്ധം സ്ഥാപിച്ചിരുന്നു. യഹൂദർക്കും ക്രിസ്‌തുവിന്റെ ശിഷ്യർക്കും ആദ്യത്തെ മുസൽമാനും താവളം നല്‌കിയത് കേരളമാണ്. ഇതൊക്കെയും നന്മയുണ്ടാക്കുന്നതാണ്. പക്ഷെ അതോടൊപ്പം തന്നെ സ്നോബറി അഥവാ പൊങ്ങച്ചം ഉണ്ടാക്കും. ഒരുതരം അനുകരണശീലത്തിന് അടിമയാകും. ഇതൊന്നും പൂർണ്ണമായും ശാസ്‌ത്രീയമായി വിശകലനം ചെയ്‌തിട്ടില്ലെങ്കിലും ചില ഉദാഹരണങ്ങള ചൂണ്ടിക്കാണിക്കാൻ കഴിയും.
കേരളത്തിൽ വീണ്ടും പടിപ്പുരകൾ വന്നുകൊണ്ടിരിക്കുകയാണ്. ഒരിക്കൽ വീടിന് എന്തിനാണ് പടിപ്പുറ എന്നുപറഞ്ഞ് ഒഴിവാക്കിയതാണ് നാം. പക്ഷെ ഇത് നമ്മുടെ വീട്ടുമുറ്റത്ത് വീണ്ടും വരാൻ കാരണം ഗൾഫിലെ മൃഗങ്ങൾക്ക് പടിപ്പുര ഉളളതുകൊണ്ടാണ്. ഗൾഫിൽ പോയി വരുന്നവർ വീടുണ്ടാക്കി വീടിനുചുറ്റും മതിലുകെട്ടി പടിപ്പുരയുണ്ടാക്കുന്നു. ഈ പടിപ്പുര വിപ്ലവം ചുരുങ്ങിയ കാലത്തിനിടെ ഉണ്ടായതാണ്. പടിപ്പുരയുളള രാജ്യത്തിൽ നിന്നും വരുമ്പോൾ നമുക്കും പടിപ്പുര വേണം എന്ന് തീർച്ചപ്പെടുത്തുന്നു. ഈ രണ്ടാം പടിപ്പുര നമ്മുടെ പാരമ്പര്യത്തിന്റേത് അല്ല എന്നതാണ് സത്യം.
ഇങ്ങനെ പുറത്തുളളവരെ അനുകരിക്കുന്ന രീതി നമുക്കെന്നുമുണ്ടായിരുന്നു. ആദ്യം സിലോണിനെ, പിന്നെ ബർമ്മ, മലേഷ്യ, സിങ്കപ്പൂർ, ബ്രിട്ടൻ നാൽപ്പത്തിയേഴിലെ പോപ്‌റ്റ്‌വാറിനുശേഷം വെസ്‌റ്റ് ഏഷ്യയിലേക്കായി നമ്മുടെ നോട്ടം. ഇപ്പോൾ അമേരിക്ക. ഇതൊക്കെയും വളരെ ചടുലമായ മാറ്റങ്ങളാണ് ഉണ്ടാക്കിയത്. അതുകൊണ്ട് വളരെ ദരിദ്രരായിരുന്നവർ വിദേശത്ത് പോയി പോയി ഏറെ വൈകാതെ സമ്പന്നരായി തിരിച്ചുവരുമ്പോൾ, അവർക്കവരുടെ അസ്ഥിത്വം സ്ഥാപിക്കേണ്ടിവരുന്നു. അതുകൊണ്ടാണവർ വലിയ വീട് വയ്‌ക്കുന്നത്. ഗൾഫില ഏറെ കഷ്‌ടപ്പെട്ട് ജോലി ചെയ്‌ത്, ഒരു കുടുസുമുറിയിൽ അൻപത് പേരോളം അടങ്ങുന്ന അട്ടിയായി കിടന്നുറങ്ങി ജീവിച്ചവർ, നാട്ടിലെത്തിയാൽ കാർ വാടകക്ക് എടുത്തേ സഞ്ചരിക്കൂ. കാരണം ഇതൊരു പകപോക്കലാണ്. ഇവിടെ തന്നെ അപമാനിക്കുകയും പട്ടിണിക്കിടുകയും ചീത്ത വിളിക്കുകയും മാറ്റി നിർത്തുകയും ചെയ്‌തവരോടുളള ഒരു പ്രതിഷേധമാണിത്. അതുകൊണ്ടാണ് സർക്കാരും മറ്റെല്ലാവരും പറഞ്ഞിട്ടും ഗൾഫിൽ നിന്നും വരുന്നവർ വ്യവസായങ്ങളിൽ ഏറെ പണം മുടക്കാത്തത്. തന്റെ അഭിമാനം സംരക്ഷിക്കാൻ വീടുപണിയുകയാണ് വേണ്ടതെന്നും, ഒരു കയർ ഫാക്‌ടറിയിൽ ഷെയറെടുത്താൽ അത് സാധിക്കില്ലെന്നും ഇവർ കരുതുന്നു. ബഹുമാനിക്കാത്തവരെകൊണ്ട് ബഹുമാനിപ്പിക്കുക എന്ന സ്വത്വബോധമാണ് ഇവിടെ പ്രവർത്തിക്കുന്നത്. ശ്രീനാരായണഗുരു ക്ഷേത്രം നിർമ്മിച്ചതും ഇതേ സ്വത്വബോധത്തിന്റെ മറ്റൊരു രീതിയായിരുന്നു.
ഉത്തരം ചടുലമായ മാറ്റങ്ങൾ ഒട്ടേറെ ഘടകങ്ങളിൽ വ്യതിയാനം സൃഷ്‌ടിച്ചു. ഭൂമി കൈമാറ്റം വീടിന്റെ ഘടനയിലെ മാറ്റങ്ങൾ ഇതെല്ലാം തന്നെ സമുദായത്തിലെ മനുഷ്യന്റെ സ്വത്വം ദ്വിമാനത്തിലുളള മാറ്റത്തിന്റെ അടിസ്ഥാനത്തിലാണ് നടക്കുന്നത്. ഇത്തരം മാറ്റങ്ങളുടെ വലിയൊരു പങ്ക് വെസ്‌റ്റ് ഏഷ്യൻ സാന്നിധ്യമാണ്. ഇങ്ങനെ വളരെ വേഗത്തിൽ എനർജി ചെലവാക്കുകയും, പ്രകടിപ്പിക്കുകയും ചെയ്യുന്ന സമൂഹമാണ് നമ്മുടേത്. ഈ സംഖ്യയുടെ പെരുപ്പവും ഇത്തരം മാറ്റങ്ങൾക്ക് വലിയൊരു കാരണമായി.
ഇതൊക്കെ ഉണ്ടാക്കിത്തീർത്ത ഡിസ്‌റ്റബിലൈസേഷൻ പ്രശ്‌നം നമുക്കുണ്ട്. നമ്മുടെ സമൂഹം ഏറെ ദ്രവരൂപസ്വഭാവം പ്രകടിപ്പിക്കുന്ന ഒന്നാണ്. മുൻപ് പറഞ്ഞതുപോലെ തമിഴർക്ക് വളരെക്കാലം ഇത്തരം ഒരു സ്വഭാവം ഇല്ല. ഇപ്പോൾ അതിവേഗം ബഹുദൂരം എന്ന ഒരു പ്രയോഗം തന്നെ നമുക്കിടയിലുണ്ട്. ഇതൊരു തമിഴന്റെ മനോഭാവമല്ല. അതിവേഗം ബഹുദൂരം എങ്ങോട്ടേക്കാണ് എന്ന ചോദ്യമുണ്ട് എന്നത് നമ്മൾ മറക്കുന്നു. നമുക്ക് ഒന്നും മതിയാവില്ല; അതോടൊപ്പം എങ്ങും എത്തുകയുമില്ല.
ഐ.ടി മേഖലയിൽ കേരളം കുതിച്ചുക്കൊണ്ടിരിക്കുകയാണ് എന്ന വാർത്ത കണ്ടു. കേരളത്തിന്റെ ഐ.ടി ടാർഗറ്റ് അടുത്ത വർഷം 600 കോടിയാണ്. എന്നാൽ കർണാടകത്തിൽ ഇപ്പോഴത് 2600 കോടിയാണ്. നമ്മുടെ അതിവേഗം ബഹുദൂരം ഇതുപോലെയാണ്. നമുക്കെപ്പോഴും വെറും തിടുക്കം മാത്രമാണ്. വെറുമൊരു ബഹളം. നമ്മുടെ ഫലിതം, നമ്മുടെ സംഗീതം എല്ലാം ഇതുമായി ബന്ധപ്പെട്ടാണ് വളരുന്നത്. നമുക്ക് ഒരുപാട് മോഹങ്ങൾ, പ്രതീക്ഷകൾ ഉണ്ട്. ഇതുവിട്ട് നമുക്ക് ജീവിക്കാൻ പറ്റില്ല. ഇതാണ് മലയാളിയുടെ മാനിയാർ സിറ്റ്വുവേഷൻ. മാനിയ എന്നത് ചെയ്യാൻ കഴിയുന്നതിനേക്കാൾ ഏറെ ചെയ്യാൻ കഴിയുമെന്ന ചിന്തയാണ്. വലിയ മതില് ചാടാം; മല തുരക്കാം, നൂറുമേനി വിളവുണ്ടാക്കാം, എല്ലാവർക്കും ആരോഗ്യം പത്തുവർഷത്തിനുളളിൽ ഉണ്ടാക്കാം. ഇങ്ങനെയുളള ചിന്തകൾ. ഇത് ഉന്മാദാവസ്ഥയാണ്. ഉദാഹരണത്തിന് അടിച്ചുപൊളിക്കാം എന്ന് പറയുമ്പോൾ ചിലപ്പോൾ കഞ്ഞികുടിക്കുന്നതാകും നാം ഉദ്ദേശിക്കുക.
നമ്മുടെ ആഗ്രഹങ്ങൾ വാനിലപോലെയും, മാഞ്ചിയം പോലെയുമാണ്. ഇപ്പോൾ മാഞ്ചിയവുമില്ല വാനിലയുമില്ല. മാഞ്ചിയത്തിന്റെ ആകർഷണം പത്തുകൊല്ലം കൊണ്ട് മഹാവൃക്ഷമായി തീരും എന്നതാണ്. ഇങ്ങനെ നമുക്ക് പത്തുകൊല്ലം കൊണ്ട് വളരുന്ന മാഞ്ചിയം, രണ്ടുകൊല്ലം കൊണ്ട് മഹാവികസനം, ആറാഴ്‌ചകൊണ്ട് പൂർണ്ണ വളർച്ചയെത്തുന്ന കോഴി, വളരെവേഗത്തിൽ ഐ.എ.എസുകാരനോ, ഐ.ടി എഞ്ചിനീയറോ ആയിത്തീരുന്ന മക്കൾ ഇതൊക്കെയാണ് നമ്മുടെ ലക്ഷ്യങ്ങൾ. ഇന്ത്യയിൽ മറ്റൊരിടത്തും ഇത്തരത്തിൽ കുതിപ്പിനോടുളള അമിതാഗ്രഹം ഇല്ല.
മാനിയയുടെ ഫലം അത് ഡിപ്രഷൻ ഉണ്ടാക്കുന്നു എന്നതാണ്. കാരണം എല്ലാ മാനിയയും ഡിപ്രഷനോടുകൂടിയാണ് നിലനില്‌ക്കുക. അതായത് മാനിയാക് ഡിപ്രഷൻ എന്നു പറയും. ഇത് സൈക്ലിക് ആണ്. വലിയ ആഗ്രഹം നിറവേറാതെ വരുമ്പോൾ വലിയ നിരാശതോന്നും. അപ്പോൾ ചത്തു കളയാമെന്ന് തീരുമാനിക്കും. ഇങ്ങനെയാണ് ആത്മഹത്യ പെരുകുന്നത്. അത് എന്തിനെക്കുറിച്ചുമാകാം. വിദ്യാഭ്യാസത്തെ; കൃഷിയെ, വീടിനെ, പ്രണയത്തെ, അങ്ങിനെ എന്തിനെക്കുറിച്ചും.
അത്യാഗ്രഹം ആത്മഹത്യ ഉണ്ടാക്കില്ല; മറിച്ച് സാധിക്കുമെന്ന തോന്നലാണ് പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുന്നത്. സാധിക്കുമെന്ന തോന്നലിന് തിരിച്ചടി കിട്ടുമ്പോഴാണ് നാം ജീവിതം ടെർമിനേറ്റ് ചെയ്യാൻ തീരുമാനിക്കുന്നത്. അങ്ങിനെയുളള ഒരു ടെർമിനേഷനാണ് നാം നിത്യോന വാർത്തകളിൽ കാണുന്ന കൃഷിക്കാരന്റെ ആത്മഹത്യ. അതിനു കാരണം കടമാണ്. ആഗോള മുതലാളിത്തം കടം കൊടുത്ത് ഒരാൾക്ക് തനിക്ക് കഴിയുന്നതിൽ കൂടുതൽ സാധിക്കും എന്ന ചിന്ത ഉണ്ടാക്കുന്ന ഒരു വ്യവസായമാണ്. 400 രൂപ കൊടുക്കുക, രജിസ്‌റ്റർ ചെയ്യുക, ഒരു കാർ വീട്ടിലേക്ക് കൊണ്ടുവരിക. പിന്നെ തവണകളായി പണം അടച്ചാൽ മതി, സംഗതി പറയുവാൻ എളുപ്പമാണ്. തവണകളായി അടയ്‌ക്കാമെങ്കിൽ കാർ നമുക്ക് നേരത്തെ വാങ്ങാമായിരുന്നു. ഒടുവിൽ കാറിന് മെയിന്റനൻസ് വരുമ്പോഴോ പെട്രോൾ ചിലവ് താങ്ങാതെ വരുമ്പോഴോ, കാർ നമ്മുടെ പക്കൽ നിന്നും അറിയാതെ പോകും.
‘ലോൺമേള’യെന്ന വാക്ക് നമുക്കിന്ന് എത്ര സുപരിചിതമാണ്. കടം ഒരു ആഘോഷമായി തീർന്ന അവസ്ഥയിലാണ് നാം. ആഗോള മുതലാളിത്തം സൃഷ്‌ടിച്ചിരിക്കുന്ന ‘കടം വാങ്ങുക’ എന്നാൽ നിങ്ങൾക്ക് കഴിയുന്നതിനേക്കാൾ ചെയ്യാൻ കഴിയുമെന്ന കൊതിപ്പിക്കൽ ആണ്. അതുകൊണ്ട് വീട് കടത്തിനെടുക്കാം, വാഹനവും വിദ്യാഭ്യാസവും കടത്തിനെടുക്കാം. കടമെടുത്തത് തിരിച്ചുകൊടുക്കാൻ കഴിയാതെ വരുമ്പോഴാണ് നിങ്ങൾ അമ്പരക്കുന്നത്. അത്തരം അമ്പരപ്പിന്റെ കഥയാണ് ആത്മഹത്യകളായി പത്രങ്ങളിലൂടെ വരുന്നത്. അതുവഴി പത്രങ്ങൾക്കും നിലനില്പിനുളള വാർത്ത കിട്ടുകയായി. നിങ്ങൾ വെറുമൊരു ന്യൂസ് ഐറ്റം മാത്രമായി മാറുന്നു. തൂങ്ങിമരണം ഒരു വാർത്ത, അന്വേഷണം മറ്റൊരു വാർത്ത, സാക്ഷികളുടെ കൂറുമാറ്റം മറ്റൊരു വാർത്ത. ഒടുവിൽ വിധിയും ഒരു വാർത്തയായി മാറുന്നു. മീഡിയ സൃഷ്‌ടിക്കുന്ന ഒരു സാധനമായി നമ്മൾ മാറുകയും നമുക്ക് നമ്മുടെ ജീവിതം നഷ്‌ടപ്പെടുകയും ചെയ്യുന്നു.
ഉന്മാദത്തിന്റെ പിന്നാമ്പുറമാണ് വിഷാദാവസ്ഥ. സാധാരണ തൊണ്ണൂറ്റിയൊൻപത് ശതമാനം കേസുകളിലും ഇവ രണ്ടും ഒരുമിച്ചേ ഉണ്ടാകൂ. ഡിപ്രഷൻ മാത്രം ഉളളവർ ചെറിയ ശതമാനം മാത്രമാണ്. ഇത് ജന്മനാൽ ഉളളതണ്. ഇവരെ കുത്തിനോവിച്ചാൽ പോലും പ്രതികരിക്കില്ല. പക്ഷെ സൈക്ലിക് ആയവർ അഥവാ മാനിയാക് ഡിപ്രസ്‌ഡ് ആയവർക്ക് കുറെനാൾ വലിയ ആവേശമായിരിക്കും. ഇക്കാലത്ത് അവർ അത്ഭുതകരമായ കഴിവുകളായിരിക്കും പ്രകടിപ്പിക്കുക. ഇതു കഴിഞ്ഞാൽ അവർ ഡിപ്രസ്‌ഡ് ആകും. ഏറെ ദുർബല മനസ്സായിരിക്കും അപ്പോൾ. മാനിയാക് ആയ ഒരാൾ പത്തുപന്ത്രണ്ട് അടി ഉയരമുളള മതിൽ അനായാസേന ചാടിക്കടക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. എന്നാൽ ഡിപ്രസ്‌ഡ് അവസ്ഥയിൽ ഇയാൾക്ക് ചെറിയ ഉയരം പോലും കവച്ചുവയ്‌ക്കാൻ പറ്റില്ല.
ഇത് കേരളത്തിൽ ഏറ്റവും വ്യാപകമായ കേസാണ്. ഈ മാനസികാവസ്ഥ എല്ലാ സാമൂഹ്യക സാഹചര്യങ്ങളിലും ഉണ്ടാകണമെന്നില്ല. ഈ ഉന്മാനവൈക്ലബ്യം എന്ന രോഗം മുതലാളിത്ത കാലത്തിന്റെ സംഭാവനയാണ്. ഓരോ സമുദായ വ്യവസ്ഥയ്‌ക്കും അതിന്റെതായ മാനസിക രോഗങ്ങൾ കാണും. ഉൽക്കണ്‌ഠാരോഗം, ഉന്മാദവിഷാദരോഗം ഇതൊക്കെ സാമ്പത്തിക&മുതലാളിത്തവുമായി ബന്ധപ്പെട്ടു കിടക്കുന്നവയാണ്.
വലിയ പ്രതീക്ഷ ഉണ്ടാക്കുക എന്നത് മുതലാളിത്തത്തിന്റെ ആവശ്യമാണ്. ഇതിന്റെ പ്രതീക്ഷാവ്യവസായം എന്നു പറയാം. ഐ.ടി. നമുക്കൊരു പ്രതീക്ഷയാണ്, ടൂറിസം പ്രതീക്ഷയാണ്. മറ്റുളളവർ വന്നു താമസിച്ചാൽ നമ്മുടെ നാട് നന്നാവും എന്നു കരുതുന്നത് ആത്മാഭിമാനം ഇല്ലാത്തതുകൊണ്ടാണ്. നാം നമ്മെ തന്നെ വിൽക്കുകയും നമ്മൾ ഉണ്ടാക്കുന്നതെല്ലാം വില്‌ക്കാനാണ് എന്ന് ബോധ്യപ്പെടുത്തുകയും ചെയ്യുന്ന അവസ്ഥ. മലയാളിയുടെ ബീച്ച്, മലയാളിയുടെ പളളി, ക്ഷേത്രങ്ങൾ, പച്ചപ്പ്, ആലപ്പുഴയിലെ തോട്, വളവുപെര എന്നു നാം വിളിച്ചിരുന്ന ഹൗസ് ബോട്ടുകൾ എല്ലാം വിൽക്കുകയും ഇതുകൊണ്ട് സ്വർഗ്ഗം സൃഷ്‌ടിക്കാമെന്ന് വിശ്വസിക്കുകയും ചെയ്യുകയാണ് നമ്മൾ. കുറെയൊക്കെ നേട്ടങ്ങൾ കണക്കുകളിൽ നമുക്ക് നിരത്തുവാനും കഴിയും. പക്ഷെ നാം അത്ഭുതലോകമാണ് സ്വപ്‌നം കാണുന്നത്. ഇവിടെയാണെങ്കിൽ എല്ലാത്തിലും ഫ്ലക്‌ച്ച്വേഷനാണ്. ഒന്നിനും സഥിരത വരുന്നില്ല. എല്ലാം പെട്ടെന്നായിരിക്കും തകർന്നുപോകുക. ഇത്തരം മാറ്റങ്ങൾ അറിഞ്ഞോ അറിയാതെയോ വലിയ മാനസിക പ്രതിസന്ധികളിൽ നമ്മെ കൊണ്ടെത്തിക്കും.
ലൈംഗിക മനോരോഗം
മലയാളി ഒരു ലൈംഗിക മാനിക് ആയി മാറിക്കൊണ്ടിരിക്കുന്നു എന്നതിനപ്പുറം അവനെ മാറ്റിക്കൊണ്ടിരിക്കുന്നു എന്നു പറയുകയാണ് ശരി. നമുക്ക് മനോരോഗം ഉണ്ടാകുകയല്ല ഉണ്ടാക്കുകയാണ് ചെയ്യുന്നത്. ഇത് രോഗമല്ല എന്നും, സ്വഭാവികതയാണ് എന്നും വിദേശങ്ങളിലെ ജനങ്ങൾക്ക് ഇത്തരം സ്വഭാവമുണ്ടെന്നും എന്തുകൊണ്ട് നിങ്ങൾക്കും ഇതായിക്കൂട എന്നും ചോദിക്കുന്ന ഒരു ലോബി ഇവിടെയുണ്ട്. കുറച്ചുദിവസം മുമ്പ് ഒരാൾ ഇങ്ങിനെ ചോദിച്ചു. കാമ്പസുകളിൽ രാഷ്‌ട്രീയം നിരോധിച്ചു, ബാക്കിയായത് ലൈംഗികതയല്ലാതെ മറ്റെന്താണെന്ന്? ഇത് ശരിയാണ്. രാഷ്‌ട്രീയം ഇല്ലാതെയാക്കി ലൈംഗികത മാത്രം ഉണ്ടാക്കുക എന്നത് ഒരു അജണ്ടയാണ്. ഹോമോ സെക്‌ഷ്വാലിയെക്കുറിച്ച് അതിഗംഭീരമായ വാദപ്രതിവാദങ്ങൾ നടക്കുന്നു. വേശ്യാവൃത്തിയുടെ നീതിയും നീതികേടും ചർച്ചകളായി മാധ്യമങ്ങളിൽ നിറയുന്നു. ഇതൊന്നും പുതിയ കാര്യമല്ല, ഹോമോസെക്‌ഷ്വാലിറ്റി പഴയ നിയമത്തിൽ പറഞ്ഞിട്ടുളള കാര്യമാണ്. ഇതൊന്നും ഇപ്പറയുന്നവർ കണ്ടെത്തിയതല്ല. ഇത് ഇപ്പോൾ ചർച്ച ചെയ്യേണ്ടതിന്റെയും, യൂണിവേഴ്‌സിറ്റി കോഴ്‌സായി പഠിപ്പിക്കേണ്ടതിന്റെയും കാര്യമെന്താണ് എന്നതാണ് ചോദ്യം. ഇന്നേവരെ ഏഷ്യൻ ജനത തിരിച്ചറിഞ്ഞ ലൈംഗികതയെക്കാൾ കൂടുതൽ പാശ്ചാത്യർ കണ്ടെത്തിയിട്ടില്ല. വാത്സല്യായനും കൊക്കോകനും ചത്ത് മണ്ണടിഞ്ഞ് കാലം കുറെ കഴിഞ്ഞതിനുശേഷമാണ് പാശ്ചാത്യർ ഇതൊക്കെ വായിക്കുന്നതുതന്നെ. പാശ്ചാത്യരുടെ ഏറ്റവും വലിയ സോഷ്യാളജിസ്‌റ്റ് പറയുന്നതിനേക്കാളേറെ കളിയുടെ, കലയുടെ ലൈംഗികതയെക്കുറിച്ച് വാത്സല്യായനൻ പറഞ്ഞിട്ടുണ്ട്. പെർഫ്യൂമെഡ് ഗാർഡെൻസ് തുടങ്ങിയ ഏഷ്യൻ ഗ്രന്ഥങ്ങൾ കൊണ്ടുപോയി ഇപ്പോൾ ഇങ്ങോട്ടുതന്നെ ഇറക്കുമതി ചെയ്യുകയാണ്. ഇത് ബി.സി 2000 ത്തിൽ എഴുതിയ പുസ്‌തകമാണ്.
നിങ്ങളുടെ താല്‌പര്യങ്ങളെ രാഷ്‌ട്രീയത്തിൽ&ജീവൽ പ്രശ്‌നങ്ങളിൽ നിന്നും മാറ്റി ലൈംഗികതയിലേക്ക് കൊണ്ടുപോകുക എന്നത് ഒരു അജണ്ടയാണ്. ലൈംഗികതയിലേക്ക് മനുഷ്യനെ മാറ്റുക എളുപ്പമാണ്. അത് കുട്ടികൾക്ക് മിഠായി നല്‌കുന്നതുപോലെയാണ്. പക്ഷെ മിഠായിയുടെ സ്വഭാവം എളുപ്പം അലിഞ്ഞുതീരും എന്നതാണ്. അതുകൊണ്ട് ഏതു കുട്ടികളേയും മിഠായി കാണിച്ചു വശത്താക്കാൻ പറ്റും. പക്ഷെ ചോറു കാണിച്ചു വിളിച്ചാൽ ഇവർ വരില്ല. ചോറിന്റെ പ്രശ്‌നത്തിൽ നിന്നും മിഠായി പ്രശ്‌നത്തിലേക്ക് മാറ്റുക എന്നതാണ് ഉദ്ദേശം. ഇത് ആകസ്മികമായി ഉണ്ടാവുന്നതല്ല. ഒരു കാപിറ്റലിസ്‌റ്റ് അജണ്ടയുടെ ഭാഗമാണ്. അതുകൊണ്ട് ലൈംഗികതയെ മുന്നോട്ടുവയ്‌ക്കുന്നവർക്ക്, കൈനിറയെ പണം ലഭിക്കുകയും പ്രചരണത്തിനാവശ്യമായ മാറ്ററുകൾ കിട്ടുകയും ചെയ്യുന്നു. ഒരുപാട് പുസ്‌തകങ്ങൾ ഇറങ്ങുന്നു. ഇങ്ങനെ നമ്മുടെ സാമൂഹ്യപ്രവർത്തകരും ബുദ്ധിജീവികളും ഇത്തരം അജണ്ടകളുടെ പിണിയാളുകളായി അറിഞ്ഞോ അറിയാതയോ മാറുകയാണ്.
ഇങ്ങനെ ഇന്നത്തെ നമ്മുടെ ആത്മഹത്യകൾ, മാനസിക രോഗങ്ങൾ, ലൈംഗികത, കലകൾ എന്നിവയെല്ലാം ഏതാണ്ട് ഭൂരിപക്ഷവും ഒരു സാമ്പത്തിക&മുതലാളിത്ത അജണ്ടയുടെ ഭാഗമായി വേണം കാണാൻ. ഇതൊക്കെ എളുപ്പം ബാധിക്കാവുന്ന ചരിത്രവും ഭൂമിശാസ്‌ത്രപരമായ അവസ്ഥയും കേരളത്തിനുണ്ടായി എന്നതും സത്യമാണ്.
Generated from archived content: essay2_june30_06.html Author: mn_vijayan
Click this button or press Ctrl+G to toggle between Malayalam and English