ഒരു വൃക്ഷത്തിൽ പൂവുണ്ടാകുന്നതുപോലെയാണ് ഒരു വർഷവൃക്ഷത്തിൽ ഓണമുണ്ടാകുക. അപ്പോൾ വേരിനേയും തടിയേയും നാം മറക്കുകയും ജീവിതത്തിലെ ഒരു ദിവസമെങ്കിലും ആഹ്ലാദകരമായിട്ട് വിരിയുകയും ചെയ്യുന്ന സന്ദർഭമാണ്, അത് തിരുവള്ളുവരും മറ്റും പറയുന്നതുപോലെയാണ്. ‘കാഞ്ഞ ചെടിയിലാണ് പൂവുണ്ടാകുക’. വലിയ ദാരിദ്ര്യത്തിലാണ് വലിയ പ്രതീക്ഷയും വലിയ ആഹ്ലാദവും ഉണ്ടാകുക. അതുകൊണ്ട് ഓണം ദരിദ്ര്യത്തിലെ സമൃദ്ധിയുടെ സങ്കല്പമാണ്. അത് ധൂർത്തടിച്ച് ആഘോഷിക്കണം എന്നുള്ളതാണ്. ദാരിദ്ര്യത്തിന്റെ ജീവിതശൈലി- ഓണത്തിന് ഉണ്ണുകയോ വിഷുവിന് പൂത്തിരി കത്തിക്കുകയോ ആണ്. അതുകൊണ്ട് “ഒരാൾ”ക്ക് കഴിക്കാൻ മാത്രമുള്ള സാധനങ്ങൾ ഓണത്തിന് വിളമ്പാറില്ല.
നിറഞ്ഞ് കവിയണം എന്നാണാഗ്രഹം. അങ്ങനെയാണ് പൊങ്കലും പൊങ്കാലയും ആഘോഷിക്കുക. പാലും പായസവും തിളച്ച് തൂവണം. വീട്ടുപാർപ്പിന് അടുപ്പിൽ പാൽ തിളച്ചു തൂവണം എന്നുണ്ട്. അതുകൊണ്ട് നുരയാത്ത മദ്യം മദ്യമല്ല. രാത്രിയിൽ വിരിയുന്ന സ്വപ്നം പോലെ ദുഃഖത്തിൽ വിരിയുന്ന ആഹ്ലാദം. അതുകൊണ്ട് താരതമ്യേന ദാരിദ്ര്യം കുറഞ്ഞ ഒരു കേരളത്തിൽ ഭക്ഷണം ജനങ്ങളുടെ കടുത്ത സ്വപ്നമല്ലാതായിത്തീരുകയും കേരളീയന്റെ ഓണം പ്രവാസിയുടെ ഓണമായി മാറുകയും ചെയ്യുന്നുണ്ട്. അരികത്തില്ലാത്ത ഒരു നാടിന്റെയും ഉറ്റവരുടേയും ഓർമ്മയാണൊരു പ്രവാസിക്ക് ഓണക്കാലം. അക്കാലത്ത് അങ്ങോട്ട് വിരുന്നിന് വിളിക്കുന്നു. ഇന്ന് നമ്മുടെ ഏറ്റവും വലിയ ഉൽകണ്‌ഠ, അകലെപ്പോയി ആഹാരം തേടേണ്ടിവരുന്ന കേരളത്തിലെ പക്ഷികളുടെ ഉത്‌കണ്‌ഠയാണ്. അതുകൊണ്ട്, പ്രവാസിയുടെ ഗൃഹാതുരത്വമാണ്, നമ്മുടെ ഓണസ്മൃതികളെ നിലനിർത്തുന്നത്.
പഴയ ബാബിലോണിയയിൽ സ്വർഗ്ഗത്തിലെത്തി ചേരാൻ ഗോപുരം ആകാശത്തായിരുന്നു. ഇന്നത് വികസിതമായ ഒന്നാം ലോകരാജ്യങ്ങളിലാണ്. അവിടെ എത്തിച്ചേരാനുള്ള ഒരു മാർഗമായിട്ടാണ് ആർക്കും മനസ്സിലാകാത്ത ഭാഷയിൽ നമ്മുടെ വിദ്യാഭ്യാസ പദ്ധതികൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അന്യോന്യം മനസ്സിലാക്കാത്ത ഭാഷകൾ ഉണ്ടാക്കിയെന്നതാണ് ബാബേലിന്റെ ഗോപുരം നേടിയ ഒരേ ഒരു നേട്ടം. നാം എവിടേയ്‌ക്കാണ് പോകുന്നത് എന്നാർക്കുമറിയാത്ത ഒരവസ്ഥ കേരളത്തിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ഇത് നമ്മുടെ വിദ്യാഭ്യാസത്തിലെ പ്രതിസന്ധി മാത്രമല്ല, നമ്മുടെ തലച്ചോറിന്റെ, ദിശാബോധത്തിന്റെ പ്രതിസന്ധി തന്നെയാണ്.
ഒന്നും ആലോചിക്കാനില്ല, ഒന്നും ചെയ്യാനില്ല എന്നുള്ളതിൽ നിന്ന്, വാസ്തവത്തിൽ നമ്മുടെ ഒരു കണ്ണുതുറക്കലാണ് വേണ്ടത്്. നിരന്തരമായിട്ടുള്ള ജാഗ്രതയും ചർച്ചയും, അത് പ്രസ്ഥാനത്തിനു മാത്രമല്ല, ജീവിതത്തിനും വേണ്ട കാര്യമാണ്.
ഉത്തരം എന്തുമാകാം. പക്ഷെ ചോദ്യം വേണം. ഞങ്ങൾ സാധാരണ പറയാറുണ്ട് ഏതു മാഷ്‌ക്കും ഉത്തരം പറയാൻ കഴിയും. ചോദ്യം ചോദിക്കാൻ കഴിയില്ല. വിദ്യാർത്ഥികൾക്കേ അത് കഴിയൂ. ഏതു ചോദ്യത്തിനും അദ്ധ്യാപകർ ഉത്തരം പറയും. അതുകൊണ്ടൊന്നും കാര്യമില്ല. അതുകൊണ്ട് ചോദ്യങ്ങൾ ചോദിക്കാനുള്ള ഒരു സ്ഥലവും ഉണർവ്വും ആവശ്യമാണ്. കാരണം അതാണ് ജീവന്റെ അടയാളം. ശ്വാസഗതിപോലെ. ശ്വാസം അവിടെ അടുക്കിപ്പിടിച്ചാൽ, ജീവനില്ല എന്നാണർത്ഥം.
നമ്മൾ തെറ്റാണെന്നു തെളിയിക്കപ്പെട്ടിട്ടുള്ള പലകാര്യങ്ങളിലും വളരെ പോസിറ്റീവായ അംശങ്ങൾ കാണും. അത് നമ്മെ ഉണർത്തുന്നു. ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു. മുതലാളിക്ക് മുതലുമാത്രം തൊഴിലാളിക്ക് തൊഴിലുമാത്രവും എന്ന് പറഞ്ഞപ്പോഴാണ് മാർക്സ് ചോദ്യം ചെയ്തുകൊണ്ട് കടന്നുവരുന്നത്. അപ്പോൾ ചോദ്യങ്ങളെ തടസപ്പെടുത്തേണ്ട കാര്യമൊന്നുമില്ല – എഴുതുകയും ചെയ്യാം.
നിലവിലുള്ള പ്രസ്ഥാനങ്ങൾക്ക് എന്താ ചെയ്യേണ്ടത്, എന്താ ചോദിക്കേണ്ടത് എന്നറിയില്ല. പ്രസ്ഥാനങ്ങൾ എന്നുവച്ചാൽ ആളുകളുടെ പ്രസ്ഥാനമായതുകൊണ്ട് ഇതിനപ്പുറത്തുള്ള ഒരു ലോകത്തെക്കുറിച്ച് ഉണ്ടാകേണ്ട ഒരു ഭാവനയുണ്ടാകുന്നില്ല. ഭാവനയുണ്ടാക്കി നിങ്ങൾക്ക് തരുന്നത് Multinational Companyകളാണ്. എന്റെ കാറെന്തായിരിക്കണം? ഏത് കാറാണ്? പുതിയ കാറാണെങ്കിൽ അപ്പോ അവരു പറയുന്നതാണ് എന്റെ പുതിയ ഭാവന. ഞാനുണ്ടാക്കുന്നതല്ല. ഭക്ഷണത്തിന്റെ കാര്യത്തെക്കുറിച്ചോ വസ്ര്തത്തിന്റെ കാര്യത്തെ ചിന്തിക്കേണ്ട ആവശ്യം വരുന്നില്ല. ഇത് വ്യക്തിപരമായ പ്രതിസന്ധിയാണ്. ഒരു Craftsman ഒരു തൊഴിലാളിക്ക്, ഒരു സാധാരണ മരപ്പണിക്കാരന് പണ്ട് ഭാവനയുണ്ടായിരുന്നു. assemblerക്ക് ഭാവനയില്ല. Ready made- സാധനങ്ങൾ വാങ്ങി assemble ചെയ്യുന്നതിൽ ഭാവനയുടെ അംശം ഇല്ല. അപ്പോൾ അത്തരത്തിൽ ചെറിയ ചെറിയ ഉല്പാദനരംഗങ്ങളിലുണ്ടാകുന്ന ഭാവനയുടെ നഷ്ടമാണ് വാസ്തവത്തിൽ ഇക്കാലത്തെ പ്രതിസന്ധി.
ആദ്യം മനുഷ്യൻ യന്ത്രങ്ങൾ ഉപയോഗിച്ചു തുടങ്ങി. പിന്നീട് യന്ത്രങ്ങൾ മനുഷ്യരെ ഉപയോഗിക്കാൻ തുടങ്ങുകയും ചെയ്യുന്നു. മാർക്സ് ഇത് പറഞ്ഞിട്ടുണ്ട്. ഗാന്ധിയും ഇതേ വരികൾ തന്നെ പറഞ്ഞിട്ടുണ്ട്. ഉല്പാദനത്തിനുവേണ്ടി മനുഷ്യനെ യന്ത്രത്തിന്റെ ഉപകരണമാക്കി തീർക്കുന്നു. മനുഷ്യന്റെ ജീവിതം യാന്ത്രികമായി തീരുകയും ചെയ്യുന്നു. അതുകൊണ്ട് മാർക്സ് ഉദ്ദേശിക്കുന്നതുപോലെ, ഭാവനയോടുകൂടിയ ജീവിതമില്ലെങ്കിൽ ജീവിതമുണ്ടാകുന്നില്ല. തിരിച്ചുകൊണ്ടു വരുമ്പോൾ നിങ്ങളുടെ ലക്ഷ്യങ്ങളും നിങ്ങളുടെ സമ്പൂർണ്ണതയും ഒന്നിച്ച് സാക്ഷാത്‌കരിക്കപ്പെടുന്നു. അത് മാത്രമേ മനുഷ്യന് കൂടുതൽ സന്തോഷമുണ്ടാകുന്നു. ഇതാണ് മാർക്സ് പറയുന്ന സമ്പൂർണ്ണ മനുഷ്യൻ. എല്ലാ വികാരവുമുണ്ട് ചെയ്യുന്നതെന്താണെന്നറിയാം അയാൾ പോകുന്നതെങ്ങോട്ടാണെന്നറിയാം.
നമുക്ക് ഉള്ള പരിമിതമായ സംതൃപ്തി ഒരു കാരണമാണ്. അതേപ്പറ്റി ഞാൻ പറഞ്ഞു കഴിഞ്ഞു. ഇപ്പോൾ ഓണമില്ല. കെട്ടുകാരൻ വരും. ഒരു തുണി വാങ്ങണം. പൂക്കൾ പറിച്ചു നടന്നിരുന്ന കുട്ടികൾ ഇപ്പോൾ പൂക്കൾ വാങ്ങി ഉപയോഗിക്കുന്നു. അപ്പോൾ കുട്ടികൾ ഒന്നിച്ചു പോകുന്നില്ല. അപ്പോൾ എന്റെ കുട്ടിക്കാലത്തെ കാമുകിയും ഞാനുംകൂടി പൂ പറിക്കാൻ പോയിട്ടു തിരിച്ചുവരുമ്പോൾ അവളു പറച്ച പൂവ് വേറെ കുമ്പിളിലാക്കിയെന്ന് വൈലോപ്പിള്ളി കവിതയെഴുതുമ്പോൾ, ഞങ്ങളുടെ പ്രണയം പരാജയപ്പെട്ടു എന്നാണതിന്റെ അർത്ഥം. അപ്പോൾ ഓണത്തിന്റെ അർത്ഥമതാണ്.
ഞങ്ങൾ കുട്ടിക്കാലത്ത് പൂ പറിക്കാൻ പോകും. എന്നിട്ട് ഒരു കുടയിലാണ് പൂ പറിക്കുക എന്നുള്ളതിന്റെ അർത്ഥം ഒരു ജീവിതമാണ് ഞങ്ങൾ കരുതിയിരുന്നത്. പറിച്ചു വന്നപ്പോൾ രണ്ട് – വെവ്വേറെ എന്നു പറയുന്നത് ഒരു അടയാളമായിരുന്നു. ഇപ്പോൾ പൂ പറിക്കാൻ പോകുന്നില്ല. കുന്നുകയറുന്നില്ല. നേരെമറിച്ച് പൂക്കൾ വാങ്ങി ഉപയോഗിക്കുന്നു. ജീവിതത്തിന്റെ രീതി – അങ്ങനെ ആകരുത് എന്നൊന്നും പറയാൻ നിവർത്തിയില്ല. കാരണം പൂക്കൾ വ്യവസായമായിരിക്കുന്നു. ഞാനിപ്പോൾ ഓർക്കുന്നത് ചങ്ങമ്പുഴകവിതയിൽ പാടിയിരുന്നതുപോലെ “ആരുവാങ്ങുമിന്നാരു വാങ്ങുമിയാരാമത്തിന്റെ രോമാഞ്ചം” എന്നാണ്. ഇന്ന് ഏറ്റവും ആദായകരമായിട്ടുള്ള കൃഷി കുറ്റിമുല്ലപ്പൂവിന്റെ കൃഷിയാണ്. തെങ്ങുകൃഷി മോശമാണ്. തെങ്ങുകൃഷിക്കൊന്നുമുണ്ടാകില്ല, കുറ്റിമുല്ലയ്‌ക്ക് ധനലാഭമുണ്ടാകും. ഇത് ജീവിതത്തിനു വന്ന പ്രധാനപ്പെട്ട ഒരു മാറ്റമാണ്.
അപ്പോൾ സ്വപ്നങ്ങൾ ഉണ്ടാക്കി തരികയാണ് ചെയ്യുക. സ്വപ്നങ്ങൾ വാങ്ങാൻ കിട്ടും. അഭിരുചികൾ വാങ്ങാൻ കിട്ടും സന്തോഷം വാങ്ങാൻ കിട്ടും. ഒന്നും നിങ്ങൾ ഉണ്ടാക്കണ്ട. അതായത് മനുഷ്യന്റെ ക്രിയേറ്റീവായ അംശം ഇല്ലാതായികൊണ്ടിരിക്കുന്നു. നിങ്ങൾ വിചാരിക്കുന്നതിനു മുൻപെ ഇന്ന് നിങ്ങൾക്ക് സാധനം കൊണ്ടുതരികയും ചെയ്യുമ്പോൾ ഒരു മനുഷ്യന് ഭാവനയില്ലാതായിതീരും. ആ ഭാവനയുടെ ഒരു പ്രതിസന്ധിയാണ് ഇവിടെ വാസ്തവത്തിലുള്ളത്. ഇവിടെ, ഇതിനപ്പുറത്തേക്ക് ഭാവന വേണം. അതാണ് നേരത്തെ പറഞ്ഞത്. ഓണത്തിന് ഒരിക്കൽ ഊണു കഴിക്കുക എന്നതാണ് ഉയർന്ന സങ്കല്പം. ഇപ്പോൾ നിത്യം ഊണു കഴിക്കുമ്പോൾ അങ്ങനെയൊരു മോഹം ഇല്ല. ഇപ്പോൾ ജീവിക്കുന്നവർക്ക് ഓണത്തിനുണ്ണാല്ലോ എന്ന പ്രത്യാശയില്ല… ഞങ്ങളൊക്കെ ഇത് ധാരാളം അറിഞ്ഞിട്ടുണ്ട്. അത് കഥയൊന്നുമല്ല. പണ്ട് പപ്പടം ചോദിച്ചാൽ അടി കിട്ടും. ഓണത്തിനാകുമ്പോൾ നാലു പപ്പടം ഒന്നിച്ചുകൊണ്ടുവന്നുവെയ്‌ക്കും.
അതിപ്പോ നിങ്ങൾക്ക് എല്ലാ ദിവസവും കിട്ടുന്ന സാധനം ഓണത്തിനു കിട്ടിയാലെ അതൊരു അപൂർവ്വതയല്ല. അത് ഫ്ലാറ്റാകും. അതിന്റെ അപ്പുറത്ത് ചിന്തിക്കാനുള്ള കഴിവിനെയാണ് നമ്മൾ ഭാവനയെന്ന് പറയുക. ഭാവനയില്ലാത്തവരെ, ഉള്ളതുകൊണ്ട് തൃപ്തിപ്പെടും. നമുക്കെന്താ ഇഷ്ടം എന്നു തീരുമാനിക്കുന്നത് കാഡ്‌ബറീസാണ്. അവർ തീരുമാനിച്ചു കഴിഞ്ഞു. 5 starന്റെ taste ആണ് കുട്ടികൾക്ക് ഇഷ്ടം എന്നുപറഞ്ഞാൽ അത് ശരിയാണ്. ചോക്കളേറ്റ് ഹോർലിക്സാണ് കുട്ടികൾക്കിഷ്ടം എന്ന് ഒരു കമ്പനി പറഞ്ഞാൽ അമ്മ അത് അംഗീകരിക്കും. അമ്മയല്ല അത് തീരുമാനിക്കുന്നത്, കമ്പനിയാണ് തീരുമാനിക്കുക.
നിങ്ങൾക്ക് ആലോചിക്കാൻ ഒന്നുമില്ലാത്തൊരു ലോകം എന്നാൽ പ്രവർത്തിക്കാൻ ഒന്നുമില്ലാത്തൊരു ലോകം എന്നാണ്. Toys വാങ്ങുമ്പോൾ ഉള്ള പ്രശ്നം ഇതാണ്. നിങ്ങൾക്ക് കളിപ്പാട്ടം ഉണ്ടാക്കാൻ കഴിയില്ല. കളി കാണുമ്പോൾ, കാണുന്നത്. ആരും കളിക്കുന്നില്ല. ക്രിക്കറ്റ് കാണുന്നുണ്ട്. എല്ലാവരും പക്ഷേ ആരും ക്രിക്കറ്റ് കളിക്കുന്നില്ല. അതാണ് നമ്മൾ കളി കാണുന്നവരായിട്ട് മാറുന്നു. പണ്ട് പണിയർ എല്ലാവരും കൂടിച്ചേർന്നിട്ടാണ് നൃത്തം ചെയ്യുക. കൊട്ടാരത്തിന്റെ രാജാവിരുന്നിട്ട് നൃത്തം കാണുകയാണ് ചെയ്യുക. അയാൾ നൃത്തം ചെയ്യുന്നില്ല. അപ്പോൾ participation, ജനങ്ങൾ ഒന്നിച്ചുള്ള കളി ഇല്ലാതായി തീരുകയും ചെയ്യുന്നു.
ഒന്നിച്ചാരും പാടുന്നില്ല. യേശുദാസ് പാടുന്നു. നമ്മളെല്ലാവരും കേൾക്കുന്നു. നമ്മുടെ പാട്ട് ഉണ്ടാകുന്നില്ല ഇത്. മനുഷ്യന്റെ സംസ്‌കാരത്തിൽ വരുന്ന ഒരു അവസ്ഥയാണ്. അതുകൊണ്ടൊക്കെ ചില ഗുണമുണ്ട്. യേശുദാസ് പാടുന്നപോലെ നമുക്കൊന്നും പാടാൻ പറ്റില്ല. പക്ഷേ എന്റെ പാട്ട് എനിക്കേ പാടാൻ പറ്റൂ. കഴുതേടെ പാട്ട് കഴുതയ്‌ക്കല്ലാതെ ആർക്കും പാടാൻ പറ്റില്ല. യേശുദാസിനും പാടാൻ പറ്റില്ല. അതാണ് ‘പടുപാട്ടു പാടാത്ത കഴുതയില്ല’ എന്ന് ആശാൻ പറഞ്ഞത്.
Generated from archived content: essay1_aug21_07.html Author: mn_vijayan