വളരെ വിചിത്രമായൊരു സ്വപ്‌നം. ഉറങ്ങുമ്പോൾ മാത്രമല്ല ഉണർന്നിരിക്കുമ്പോഴും അവളാസ്വപ്‌നം കാണാറുണ്ട്. വാസ്‌തവത്തിൽ ഒരുപാടു സ്വപ്‌നങ്ങൾകൊണ്ട് നിറയേണ്ട ഒരു കുട്ടിക്കാലമായിരുന്നു അവളുടേത്. എന്നിട്ടും ഈ അടുത്തദിവസങ്ങളിലാണ് അവൾ സ്വപ്‌നം കണ്ടുതുടങ്ങിയത്. അതും ഈയൊരു സ്വപ്‌നം മാത്രം.
കിടപ്പുമുറിയുടെ വെന്റിലേറ്ററിലൂടെ ഒരു പറ്റം അടക്കാക്കിളികൾ പറന്നുവന്നു. പിന്നെ കുറച്ചുനേരം അവ അഹല്യക്കുചുറ്റും അവളുടെ സ്വപ്‌നങ്ങൾക്കു ചുറ്റും ചുറ്റിപ്പറ്റിനിന്നു.
ചുട്ടുപൊള്ളുന്ന വിരസമായ പകലുകൾക്കും തണുത്തുറഞ്ഞ് ഇരുൾ മൂടിയ ഏകാന്തരാത്രിയികൾക്കുമിടയിൽ എപ്പോഴെങ്കിലും വന്നെത്തിയേക്കാവുന്ന ഒരതിഥിയായ ഭർത്താവിനെ കാത്തിരിക്കുന്ന അഹല്യക്ക് ആകെയുള്ള കൂട്ടാണ് ആ അടക്കാക്കിളികൾ.
നിറയെ പൂത്തുതളിർത്ത് ബാൽക്കണിയിൽ നിന്നാൽ കയ്യെത്തിതൊടാവുന്ന മുരിങ്ങമരം. ചപ്പാത്തിക്കു മാവുകുഴക്കുമ്പോഴും, അവിയലിനു കഷണം നുറുക്കുമ്പോഴും ഇസ്‌തിരിയിട്ട തുണികൾ മടക്കി വെക്കുമ്പോഴും എന്നു വേണ്ട എല്ലായ്‌പ്പോഴും തന്റെ സജീവസാന്നിദ്ധ്യംകൊണ്ട് ആ മുരിങ്ങമരം അഹല്യയെ സന്തോഷിപ്പിച്ചുകൊണ്ടിരുന്നു.
നാട്ടിലെ ആ പഴയകൂട്ടിൽനിന്നും ഇവിടെ ഈ പുതിയ കൂട്ടിലെത്തിയതിന്റെ ആദ്യദിവസങ്ങളിലെന്നോ തുടങ്ങിയതാണ് അഹല്യയും മുരിങ്ങമരവും അടക്കാക്കിളികളുമായുള്ള ചങ്ങാത്തം.
നീണ്ട ചുരുണ്ടിടതൂർന്ന കറുകറുത്ത മുടിയും വിടർന്ന വലിയ കണ്ണുകളുമുള്ള ഒരു സുന്ദരിയായിരുന്നു അഹല്യയുടെ അമ്മ. ആരെയും ആകർഷിക്കുന്ന പെരുമാറ്റവും വളരെപ്പെട്ടെന്ന് മറ്റുള്ളവരുമായി ചങ്ങാത്തത്തിലാവുന്നതും അമ്മയുടെ മാത്രം പ്രത്യേകതകളായിരുന്നു. അവളേറെ സ്‌നേഹിക്കുന്ന, ആരാധിക്കുന്ന അവളുടെ മാത്രം സ്വത്തായ അമ്മ അച്ഛനെ സ്‌നേഹിക്കുന്നതുപോലും അവൾക്ക് സഹിക്കുമായിരുന്നില്ല. അമ്മയുടെ പല സൗഹൃദങ്ങളും പരിധികൾക്കപ്പുറത്തേക്കു നീളുന്നത് ദുഃഖത്തോടെ അവൾ കണ്ടുനിന്നു. പതുക്കെപ്പതുക്കെ അവളമ്മയെ വെറുത്തുതുടങ്ങി.
ഏതു സമയത്തും തൊടിയിലും പാടത്തും പറമ്പിലും ഒറ്റക്കു ചുറ്റിക്കറങ്ങി അവൾ ദിവസങ്ങൾ കഴിച്ചുകൂട്ടി. പക്ഷികളോടും മൃഗങ്ങളോടും കളിച്ചും ചിരിച്ചും കലഹിച്ചും ചെടികളെ സ്‌നേഹിച്ചും ഓമനിച്ചും അവളുടെ ദിവസങ്ങൾ നിറമുള്ളതാക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.
കുപ്പകൾ ചികഞ്ഞ് ചെറിയ പ്രാണികളേയും പുഴുക്കളേയും കുഞ്ഞുവായിലേക്കുവച്ചുകൊടുക്കുന്ന തള്ളക്കോഴിയെ അസൂയയോടെ അവൾ നോക്കിക്കണ്ടു. കാക്കയുടേയോ പരുന്തിന്റേയോ നിഴൽ വെട്ടം മാനത്തെവിടെയെങ്കിലും കാണുമ്പോൾ കുഞ്ഞുങ്ങളെ ചിറകിനടിയിലൊളിപ്പിക്കുന്ന തള്ളക്കോഴി അവൾക്കൊരു വിസ്‌മയമായിരുന്നു. അപ്പോഴൊക്കെയും ആ കോഴിക്കുഞ്ഞുങ്ങളിൽ ഒരാളാവാൻ അവളുടെ ഉള്ളം തുടിച്ചു.
പഠിപ്പിലോ മറ്റുള്ളകാര്യങ്ങളിലോ ശ്രദ്ധിക്കാൻ അവൾക്കൊട്ടും കഴിഞ്ഞിരുന്നില്ല. എന്നിട്ടും ഒരു ക്ലാസിലും അവൾ തോറ്റില്ല. സ്‌കൂളിലും കോളേജിലും എല്ലാവരിൽ നിന്നും അവളകന്നു നിന്നു.
കുഞ്ഞുമനസ്സിന്റെ വേദന അപ്പോഴും അവളെ കുത്തിനോവിച്ചുകൊണ്ടിരുന്നു. വെറുതെ വെറുതെ എല്ലാവരോടും എല്ലാറ്റിനോടും അവൾ കലഹിച്ചുകൊണ്ടിരുന്നു. “പെങ്കുട്ട്യോൾക്കിത്ര ദേഷ്യം നന്നല്ല; വേറൊരുത്തന്റെ കൂടെപ്പോയി ജീവിക്കേണ്ടവളല്ലേ?”- എല്ലാവരും അവളെ കുറ്റപ്പെടുത്തി. “ജോല്യൊക്കെ കൊടുക്കാം. പക്ഷേ ഇടക്കൊന്ന് തൊട്ടൂന്നോ പിടിച്ചൂന്നോ ഒക്കെവരും”. പഠിപ്പു കഴിഞ്ഞ് വെറുതെ വീട്ടിൽ നിൽക്കുമ്പോൾ കുടുംബസുഹൃത്തുക്കളിൽ ഒരാൾ പറഞ്ഞു. “അതൊന്നും സാരല്ല്യ. ഇന്നത്തെ കാലത്തൊരു ജോലി കിട്ടാന്നു പറഞ്ഞാത്തന്നെ വല്ല്യേകാര്യല്ലേ”? ചിരിച്ചുകൊണ്ട് അമ്മ പറഞ്ഞു. തീപാറുന്ന കണ്ണുകളോടെ അവളമ്മയെ നോക്കി.
വിവാഹത്തെക്കുറിച്ചോ ജീവിതത്തെക്കുറിച്ചോ നിറമുള്ള സ്വപ്‌നങ്ങളൊന്നും അഹല്യക്കുണ്ടായിരുന്നില്ല. ഇരുട്ടുള്ള മുറിയിൽ ഇല്ലാത്ത പൂച്ചയെ തിരയുമ്പോഴാണ് സ്‌നേഹം എന്ന് അപ്പോഴേക്കും അവൾക്കു തോന്നിതുടങ്ങിയിരുന്നു. നാലാൾ കണ്ടാൽ കുറ്റം പറയാത്ത ഒരു വരനെ അച്ഛനുമമ്മയും അവൾക്കായി സമ്പാദിച്ചു.
ആർത്തിരമ്പുന്ന മനസ്സിന്റെ അടിത്തട്ടിലേക്കാന്നിറങ്ങിചെല്ലാൻ കനിവോടെ ഒന്നു തൊടാൻ വിനയനും ശ്രമിച്ചില്ല.
ബാൽക്കണിയിലേക്കു തുറക്കുന്ന വാതിലുകൾ ഈയിടെയായി എപ്പോഴും അടഞ്ഞുകിടന്നു. പൂത്തുതളിർത്തുനിന്നിരുന്ന മുരിങ്ങമരത്തിൽ പെട്ടെന്നാണ് മാറ്റങ്ങൾ കണ്ടുതുടങ്ങിയതു് പൂക്കൾ കൊഴിഞ്ഞും ഇലകൾ പഴുത്തു കണ്ടുതുടങ്ങിയപ്പോഴേ, അവളാ ഭാഗത്തേക്കു പോകാതായി. മുഴുവൻ കമ്പിളിപ്പുഴു നിറഞ്ഞപ്പോൾ നിവൃത്തിയില്ലാതെ ഉടമസ്‌ഥൻ മുരിങ്ങവെട്ടിയതോടെ പൂത്തുതളിർത്ത ഓർമ്മകളെ ബാക്കിയാക്കി ആ ഭാഗത്തേക്കുള്ള വാതിലുകൾ അവളടച്ചുപൂട്ടി. എന്നിട്ടും വെന്റിലേറ്ററിന്റെ ഇത്തരിവിടവിലൂടെ ആ അടക്കാക്കിളികൾ എന്നും അവൾക്കരികിലെത്തുമായിരുന്നു.
നിർത്താതെ അടിച്ചുകൊണ്ടിരിക്കുന്ന കാളിങ്ങ്‌ബെൽ.
ഒരു കാഴ്‌ചപ്പണ്ടാരം പോലെ അണിഞ്ഞൊരുങ്ങി വിനയനോടൊപ്പം അവളെത്തുമ്പോഴേക്കും പാർട്ടി തുടങ്ങിക്കഴിഞ്ഞിരുന്നു. ഉള്ളിലേക്കു കടക്കാതെ മടിച്ചുനിന്ന അഹല്യയെ ഉന്തിത്തള്ളി ഹാളിനകത്താക്കി വിനയൻ. ‘ഹായ്, വിനയൻ എവിടന്നു കിട്ടിയെടാ നിനക്കീ കൺട്രിയെ?’ അഹല്യയെ കളിയാക്കിച്ചിരിച്ചും കൂക്കിവിളിച്ചും എതിരേല്‌ക്കുന്ന വിനയന്റെ സുഹൃത്തുക്കൾ. അരണ്ടവെളിച്ചത്തിലെ കോപ്രായങ്ങൾക്കു നടുവിൽ എന്തു ചെയ്യേണ്ടൂ എന്നറിയാതെ പകച്ചുനിന്നു അവൾ. കള്ളിന്റെയും ഇറച്ചിയുടെയും മണം അവളിൽ ഓക്കാനമുണ്ടാക്കി. ‘എന്തു ചെയ്യാം, തന്തേം തള്ളേം കണ്ടപ്പൊ കുറച്ചു കൾച്ചേഡ് ആണെന്നു തോന്നി. അതോണ്ടാ കല്യാണത്തിനു സമ്മതിച്ചത്. പക്ഷേ കഴിഞ്ഞപ്പഴല്ലേ ചതി അറിഞ്ഞത്.കൾചർലെസ്സ് ക്രീച്ചർ. ഇന്നാ, നന്നാക്കാൻ പറ്റുമോന്നു ഒന്ന് ശ്രമിച്ചുനോക്ക്.“ അതും പറഞ്ഞ് വിനയൻ അഹല്യയെ കൂട്ടുകാർക്കു നടുവിലേക്കു തള്ളിവിട്ടു.
മദോന്മത്തരായ അവർ അവളെ തൊട്ടും തലോടിയും ഉന്തിയും തള്ളിയും ഒരു മേശക്കു മുന്നിലെത്തിച്ചു. പിന്നെ നിറഞ്ഞ ഗ്ലാസ് ബലമായി അവളുടെ വായിലേക്കു കമഴ്‌ത്തി. പിടഞ്ഞും കുതറിയും രക്ഷപ്പെടാനുള്ള അവളുടെ എല്ലാശ്രമങ്ങളും അവരുടെ കരുത്തിനു മുമ്പിൽ തോറ്റുപോയി.
വർഷങ്ങളായി കെട്ടിനിർത്തിയിരുന്നതൊക്കെയും ആ ഒരു നിമിഷത്തിൽ അണപൊട്ടിയൊഴുകാൻ തുടങ്ങി. ഇത്തിരി നേരം കൊണ്ട് ഭൂമി മുഴുവൻ ആ കണ്ണീർ പ്രളയത്തിൽ മുങ്ങാൻ തുടങ്ങി.. പെട്ടെന്ന് മുന്നിൽ പ്ലേറ്റിലെ നിർത്തിപൊരിച്ച കോഴിക്ക് പതുക്കെപ്പതുക്കെ ചിറകുകൾ മുളക്കുന്നതും ജീവൻ വെക്കുന്നതും ആകാശത്തോളം വളരുന്നതും അവൾ കണ്ടു. പിന്നെ ഈയിടെയായി അവൾ കാണാറുള്ള സ്വപ്‌നത്തിലേതുപോലെ ആ പക്ഷി അവളെ ചിറകുകളിലൊളിപ്പിച്ച് ആകാശത്തിനുമപ്പുറത്തേക്കു പറക്കുമ്പോൾ താഴെ അതിരുകളില്ലാതെ പരന്നു കിടക്കുന്ന വെള്ളം മാത്രം.
Generated from archived content: story1_sep30_09.html Author: mn_lathadevi