കളമശ്ശേരിയിലെ ഇന്ത്യൻ അലുമിനിയം കമ്പനിയിൽ ഇലക്‌ട്രീഷ്യനായി ജോലി കിട്ടുക എന്നതു സൗഭാഗ്യമായി മാത്രമേ ഏവരും കുരുതുകയുള്ളു. ആറു ദശാബ്‌ദങ്ങൾക്കു മുമ്പ് ആ ഉദ്യോഗം പൊതുപ്രവർത്തനത്തിനുവേണ്ടി ഉപേക്ഷിക്കാൻസന്നദ്‌ധനായവ്യക്‌തിയാണ്‌സഖാവ് ഇ. ബാലാന്ദൻ. ഉപേക്ഷിക്കുക എന്നതിന്റെ അർത്ഥം അദ്ദേഹം സ്വമേധയാ രാജിവച്ചു പിരിഞ്ഞു എന്നല്ല,തൊഴിലാളികളുടെ ന്യായമായ അവകാശങ്ങൾ നേടിയെടുക്കുന്നതിനുവേണ്ടി പ്രയത്‌നിച്ചപ്പോൾ, അവിടെ നിന്നും പിരിയേണ്ടതായ ഒരു സാഹചര്യം ഉണ്ടായി എന്നുമാത്രം. തൊഴിലാളികളെ സംഘടിപ്പിക്കുന്നതു തങ്ങൾക്കെതിരായ നീക്കമാണെന്ന വീക്ഷണമാണ് മാനേജുമെന്റിനെ എക്കാലവും നിയന്ത്രച്ചിരുന്നത്. അതനുസരിച്ച് ഇ. ബാലാനന്ദൻ എന്ന ഇലക്‌ട്രീഷ്യന്റെ സംഘടനാപ്രവർത്തനത്തിൽ നിയന്ത്രണം ചെലുത്താൻ മാനേജ്‌മെന്റു തുനിഞ്ഞത് സ്വഭാവികം മാത്രം. വാസ്‌തവത്തിൽ മാനേജ്‌മെന്റിന് ഏറ്റവും പ്രിയങ്കരനായ വ്യക്‌തയായിരുന്നു അദ്ദേഹം. ജോലിയിൽ സമർത്ഥൻ. പെരുമാറ്റത്തിൽ സംസ്‌ക്കാരസമ്പന്നൻ. അങ്ങനെ പല ഗുണങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു. അതിന്റെ അടിസ്‌ഥാനത്തിലാണ് വിദേശിയായ മേലധികാരി കാമറോൺ അദ്ദേഹത്തെ ഏറെ ഇഷ്‌ടപ്പെട്ടത്. മെച്ചപ്പെട്ട ആനുകൂല്യം ലഭിക്കാവുന്ന ഈ സാഹചര്യം പ്രയോജനപ്പെടുത്താൻ ഇ. ബാലാനന്ദനെന്ന വ്യക്തിക്കു സാധ്യമായില്ല. അതിനു കാരണമുണ്ട്. സ്വന്തം നേട്ടങ്ങൾക്കല്ല, തൊഴിലാളിവർഗ്ഗത്തിന്റെ ക്ഷേമത്തിനാണ്, അദ്ദേഹം വിലകല്‌പിച്ചത്. അതിനുവേണ്ടി പരിശ്രമിക്കാൻ താൻ ബാദ്ധ്യസ്‌ഥനാണെന്ന വിശ്വാസം അദ്ദേഹത്തിൽ സ്വാഭാവികമായി കലർന്നിരുന്നു. അതിന്റെ അടിസഥാനത്തിൽ അദ്ദേഹം തൊഴിലാളികളെ സംഘടിപ്പിക്കുവാനും അവരുടെ സേവനവേതന വ്യവസ്‌ഥകൾ മെച്ചപ്പെടുത്തുന്നതിനുവേണ്ടി വാദിക്കുവാനും സന്നദ്ധനായി. ആ ഘട്ടത്തിലാണ് അദ്ദേഹം മാനേജ്‌മെന്റിന് അനഭിമതനായത്. അദ്ദേഹത്തെ അവർ അപകടകാരിയായി കണ്ടു. കമ്പനിയിൽ നിന്നു പുറത്താക്കുകയും ചെയ്‌തു.
തൊഴിലാളിവർഗ്ഗക്ഷേമം എന്നതു മനുഷ്യവർഗ്ഗ വിമോചനത്തിന്റെ ഭാഗമാണെന്നു മനസ്സിലാക്കാൻ താമസമുണ്ടായില്ല. അദ്ദേഹം കമ്മ്യൂണിസ്‌റ്റ് പാർട്ടിയിൽ അംഗമായി. അപ്പോഴും ആത്മസമർപ്പണം എന്ന മൂല്യത്തിനായിരുന്നു പരമപ്രാധാനമായ സ്‌ഥാനം.
അങ്ങനെ ഇ. ബാലാനന്ദൻ സ്വയം തെരഞ്ഞെടുത്ത ജീവിതമാർഗ്ഗം മുള്ളുകൾ നിറഞ്ഞതായിരുന്നു. അക്കാലത്തു കമ്മ്യൂണിസ്‌റ്റായി പ്രവർത്തിക്കുന്ന ഏതൊരാൾക്കും ക്രൂരമായ മർദ്ദനങ്ങളും എണ്ണിയാലൊടുങ്ങാത്ത ദുരിതങ്ങളും സഹിക്കേണ്ടതായി വന്നിരുന്നു. അതൊക്കെയും ഇ. ബാലാനന്ദനും വേണ്ടുവോളം അനുഭവിച്ചു. അതിലൊന്നിലും അദ്ദേഹത്തിനു വിഷമം തോന്നിയില്ല. മനുഷ്യരാശിയുടെ വിമോചനമെന്ന സ്വപ്‌നമാണ് അദ്ദേഹത്തെ നയിച്ചത്. അതിനു ശാസ്‌ത്രീയവും പ്രായോഗികവുമായ ഒരൊറ്റ മാർഗ്ഗമേ അദ്ദേഹം കണ്ടുള്ളു. കമ്മ്യൂണിസ്‌റ്റു പാർട്ടിയുടെ മാർഗ്ഗമാണത്. ആ മാർഗ്ഗം അവലംബിച്ചുകൊണ്ട് അച്ചടക്കത്തോടെ പ്രവർത്തിക്കുന്നതിൽ അദ്ദേഹം അഭിമാനം പൂണ്ടു.
ഒളിവിലും ജയിലിലുമായി ഏറെക്കാലം ഇ. ബാലാനന്ദനു കഴിയേണ്ടതായി വന്നു. ചെയ്യാത്ത കുറ്റങ്ങളുടെ പേരിൽ ശിക്ഷയനുഭവിക്കേണ്ടതായും വന്നു. എങ്കിലും അദ്ദേഹം ഒരിക്കൽ പോലും പതറിയില്ല. നിശ്ചയദാർഢ്യത്തോടുകൂടി ട്രേഡു യൂണിയൻ രംഗത്തും രാഷ്‌ട്രീയരംഗത്തും അദ്ദേഹം പ്രവർത്തനം ഊർജ്ജസ്വലമായും കാര്യക്ഷമമായും തുടർന്നു. തൊഴിലാളികൾക്കും പാർട്ടിസഖാക്കൾക്കും മാത്രമല്ല, സാമൂഹത്തിനും പൊതുവിൽ അദ്ദേഹം പ്രിയങ്കരനായിത്തീരുകയും ചെയ്‌തു.
സി.ഐ.ടി.യു. പ്രസ്‌ഥാനത്തിന്റെ അഖിലേന്ത്യാ പ്രസിഡന്റ് സ്‌ഥാനത്തോളം ഇ. ബാലാനന്ദൻ ഉയർന്നത് സ്വന്തം കഴിവിന്റെയും സ്വഭാവശുദ്ധിയുടെയും ആദർശസ്‌നേഹത്തിന്റെയും ആത്മസമർപ്പണത്തിന്റെയും ഫലമായിട്ടാണ്. ‘സ്വാമി’ എന്നു സ്‌നേഹപൂർവ്വം വിളിക്കപ്പെട്ട അദ്ദേഹം പ്രായഭേദമന്യേ ഏവർക്കും പ്രിയപ്പെട്ടവനായിരുന്നു. ഇ.എം.എസ്. പോലും അദ്ദേഹത്തെ സ്വാമി എന്നാണ് സ്‌നേഹപൂർവ്വം വിളിച്ചുപോന്നത്. പാർട്ടി പ്രവർത്തനത്തിലും മുകളിൽ സൂചിപ്പിച്ച സ്വഭാവഗുണങ്ങൾ അദ്ദേഹത്തിനു തുണയായി വർത്തിച്ചു. പോളിറ്റ് ബ്യൂറോ അംഗമായി സേവനമനുഷ്‌ഠിക്കാൻ അദ്ദേഹത്തെ പാർട്ടി നിയോഗിച്ചത് ആ വ്യക്തിത്വത്തിലെ നിലീന ഗുണവൈശിഷ്‌ട്യങ്ങളറിഞ്ഞുകൊണ്ടാണ്. അദ്ദേഹം ആ പദവിയിൽ ദീർഘകാലം തുടർന്നു.
നമ്മുടെ ആത്മകഥാ സാഹിത്യത്തിൽ സുപ്രധാനമായ സ്‌ഥാനം അലങ്കരിക്കാൻ പ്രാപ്‌തിയുള്ള ഈ ഗ്രന്ഥം വായനക്കാരുടെ മുമ്പാകെ ഞാൻ അവതരിപ്പിക്കുന്നത് ഗ്രന്ഥകാരന്റെ നേർക്കുള്ള നിസ്സീമമായ സ്‌നേഹാദരങ്ങളോടെയാണ്.
Generated from archived content: vayanayute9.html Author: mk_sanu