എന്റെ ഭൂതകാലത്തിലെ ഏറ്റവും മധുരമായ ഓർമ്മകളിലൊന്ന് ഓണാഘോഷമാണ്. ജാതിമതഭേദം കൂടാതെ എല്ലാവരും ഒരുമിച്ച് ഓണാഘോഷങ്ങളിൽ അക്കാലത്ത് പങ്കെടുത്തുപോന്നിരുന്നു. ദാരിദ്ര്യം മറ്റേതിനേക്കാളും അധികമായിരുന്നെങ്കിലും ഓണദിവസം ദാരിദ്ര്യത്തിന്റെ സ്പർശമില്ലാത്ത എന്തോ സമൃദ്ധി നാട്ടിൽ കൈവന്നതുപോലെ അന്നു തോന്നിയിരുന്നു. ധാരാളം കളികൾ, ഊഞ്ഞാലാട്ടം, വട്ടക്കളി, തിരുവാതിര കളി, തുമ്പിതുളളൽ, വടംവലി, കിളിത്തട്ടുകളി അങ്ങിനെ അനേകം കളികൾ കുഞ്ഞുങ്ങൾ കുഞ്ഞുങ്ങളുടെ വഴിക്കും മുതിർന്നവർ അവരുടെ വഴിക്കും സ്‌ത്രീകൾ അവരുടെ വഴിക്കും അങ്ങിനെ പല വിഭാഗങ്ങളായിട്ട് നാടിന്റെ എല്ലാ ഭാഗത്തും നടന്നു പോന്നിരുന്നു. അന്ന് പ്രകൃതി ഇന്നത്തേതിനേക്കാൾ വളരെ മനോഹരമായിരുന്നു. മനുഷ്യർക്ക് തമ്മിലുളള സൗഹൃദം ഇന്നത്തേക്കാൾ ഹൃദ്യമായിരുന്നു. അങ്ങിനെ ഒരു കാലയളവിനെകുറിച്ചാണ് ഓണം എന്നെ ഓർമ്മിപ്പിക്കുന്നത്. ഇന്ന് അത്തരം ദൃശ്യങ്ങൾ പ്രായേണ അപ്രത്യക്ഷമായിരിക്കുന്നു. യാന്ത്രികമായി ഓണം ആഘോഷിക്കുകയും യാന്ത്രികമായി ഓണത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്ന ഒരു പതിവാണ് ഇന്നു കണ്ടുവരുന്നത്. ആ പതിവ് ഭൂതകാലത്തിന്റെ ചൈതന്യം ഉൾക്കൊളളുന്നില്ല. യാന്ത്രികത്വത്തിന്റെ മരവിപ്പോ, നിർവികാരതയോ അതിൽ കലർന്നിരിക്കുകയും ചെയ്യുന്നു. നമ്മളിന്ന് എല്ലാം ഫാഷനിലാണ് ഒതുക്കുന്നത്. പലതരം ഫാഷൻസ്. അതിന്റെയൊക്കെ ഫലമായി ഓണം ഒരു കൃത്രിമത്വത്തിന്റെ ദിവസമായി രൂപാന്തരപ്പെട്ടതുപോലെ എനിക്ക് തോന്നുന്നു. പഴയകാലത്തെ നാടൻപലഹാരങ്ങൾ തുടങ്ങിയവയൊക്കെ ഇന്ന് നാം ഉണ്ടാക്കാറില്ല. പായസംപോലും. റെഡിമെയ്‌ഡ് ഉണ്ടാക്കിക്കൊടുക്കുകയാണ് ചെയ്യുന്നത്. പണ്ട് ഊണുകഴിക്കുന്ന തളരില മുറ്റത്തുളള വാഴയിൽനിന്ന് എടുത്തതായിരുന്നു. ഇന്ന് മുറ്റത്ത് വാഴയില്ല. മുറ്റം തന്നെ പലർക്കുമില്ല. അങ്ങിനെ ആ ഒരു വ്യത്യാസം എന്നെ ബാധിക്കുന്നുണ്ട്. എങ്കിൽ തന്നെയും തിരുവോണദിവസം പഴയകാലം സ്വപ്നംകണ്ട, ഒരു പക്ഷെ എല്ലാ തലമുറകളും താലോലിച്ച, മനുഷ്യരെല്ലാം തുല്ല്യരായി ഏകോദരസഹോദരങ്ങളായി സ്‌നേഹത്തോടെ വസിക്കുന്ന ഒരു ലോകത്തിന്റെ സ്വപ്‌നം ഇപ്പോഴും ഉണർത്തുന്നുണ്ട്. സോഷിലിസ്‌റ്റ് പ്രസ്‌ഥാനങ്ങളും, സ്‌ഥിതി സമത്വത്തെക്കുറിച്ചുളള വാദഗതികളും എല്ലാം കെട്ടടങ്ങിയ ഈ ഘട്ടത്തിൽ ആഗോളവൽക്കരണം വിപത്തുപോലെയും, ചിലപ്പോൾ കമ്പോളംപോലെയും, കമ്പോളത്തിലെ തിരക്കുപോലെയും വന്നിരിക്കുന്ന ഈ ഘട്ടത്തിൽ ആ സ്വപ്‌നം ഇനി മനുഷ്യവർഗ്ഗത്തിന് താലോലിക്കാനാവുമോ എന്ന് എനിക്ക് സംശയമുണ്ട്. എങ്കിൽ തന്നെയും സ്വപ്‌നം സ്വപ്‌നമാണ്. അത് താലോലിക്കുന്നതിന് നമുക്ക് ആരുടേയും അനുവാദമാവശ്യമില്ല. സാഹചര്യം ആവശ്യമില്ല. ആ സ്വപ്‌നമാണ് തിരുവോണനാളിനെ സംബന്ധിച്ചിടത്തോളം എന്റെ ജീവിതത്തിൽ സാർത്ഥകമായി അവശേഷിക്കുന്ന ഒരേയൊരു യാഥാർത്ഥ്യം എന്നു തോന്നുന്നു.
Generated from archived content: onam_sanu.html Author: mk_sanu
Click this button or press Ctrl+G to toggle between Malayalam and English