മൃത്യുപൂജയെപ്പറ്റി

മനുഷ്യനു തന്നെക്കുറിച്ചു തീർച്ചയായി പറയാവുന്ന ഒരൊറ്റ സംഗതിയേയുള്ളു. താൻ മരിക്കും എന്നാണത്‌. ലോകജീവിതത്തിലെ അനിഷേധ്യവും അനിരുദ്ധവുമായ ഈ വസ്തുതയുടെ നേർക്ക്‌, മനുഷ്യനു സഹജവാസനാപ്രേരിതമായ ഒരു മനോഭാവമുണ്ട്‌. ഭീതികലർന്ന ഒരു മനോഭാവം. ജീവിതം എത്ര അരോചകമായാലും മറ്റേതു ജന്തുവിനുമെന്നപോലെ മനുഷ്യജന്തുവിനും അതിനോടുള്ള ആസക്തിക്ക്‌ അവസാനമില്ല. ഈ ഭൂമുഖത്തു ജീവൻ നിലനിന്നുപോകുന്നതിന്റെ കാരണവും ജന്തുസാധാരണമായ ഈ സഹജവാസന തന്നെ. ആ സ്ഥിതിക്ക്‌, ഏതു സാഹചര്യത്തിലായാലും തന്റെ എല്ലാ മോഹങ്ങളുടെയും പ്രാപ്യസ്ഥാനമായ ഈ ലോകത്തോട്‌ എന്നെന്നേക്കുമായി വിടപറയുക എന്നത്‌ മനുഷ്യന്‌ ദുസ്സഹമായി അനുഭവപ്പെടുക സ്വാഭാവികമാണല്ലോ. ചെറുപ്പമാണെങ്കിൽ അവൻ മൃത്യുവിനോട്‌ ഇങ്ങനെ കെഞ്ചും.

‘മന്മധുരമാം ജീവിതമിന്നതിൽ

നന്മലർമാസ മൊട്ടുകൾ ചൂടവേ,

താമസമുണ്ടെനിക്കാഗമിക്കുവാൻ

ഹാ, മരണമെ, നിൽക്കുക തെല്ലിട’ (സരോജിനി നായിഡു)

ചെറുപ്പം പിന്നിട്ടു കഴിഞ്ഞാലോ? എങ്കിലും ഈ വസുന്ധരയെ വിട്ടുപോകാൻ അവനു മനസ്സു വരികയില്ല.

മരണമെ, തവ ശൂന്യത മനസ്സിനെ-

ശരണമാക്കുവതെങ്ങനെയാണഹോ

കിരണമാലിയൊഴുക്കിയ തങ്കനീർ

തിരളുമിയുലകത്തെ വെടിഞ്ഞു ഞാൻ (വളളത്തോൾ)

എന്നായിരിക്കും അപ്പോൾ അവന്റെ മനോഭാവം. ജീവരാശിയിലെമ്പാടും തെളിഞ്ഞുകാണുന്ന ഈ മനോഭാവത്തെ മുൻനിർത്തിയാണ്‌ ‘പ്രരോദന’ത്തിൽ ആശാൻ ഇപ്രകാരമൊരു ശ്ലോകം കുറിച്ചിരിക്കുന്നത്‌.

‘പാരിൽ സൃഷ്‌ടിദിനം തുടങ്ങി മരണം

പേടിച്ചു ചൂടേറുമുൾ-

ത്താരിൻ ജ്വാലകളല്ലി, നിങ്ങൾ പവിൻ

തീവ്രാർക്കതാപങ്ങളെ?

പൂരിക്കും നെടുവീർപ്പുതൻ നിചയമ-

ല്ലേ നിങ്ങൾ വായുക്കളേ?

ഭൂരി പ്രാക്തന ബാഷ്‌പമല്ലി, മുകിലിൻ-

വർഷങ്ങളേ നിങ്ങളും?’

ജീവിതാസക്തിയുടെ മറ്റൊരു വശമാണ്‌ ഈ മനോഭാവം, മരണഭീതി, ജീവജ്വാലങ്ങളെ സംബന്ധിച്ചിടത്തോളം സഹജമായ മനോഭാവം ഇതുതന്നെയാണ്‌.

എങ്കിലും, മനനം ചെയ്യുന്നവനായ മനുഷ്യനു മരണത്തെയും മധുരീകരിക്കാൻ കഴിഞ്ഞിട്ടുണ്ട്‌-സങ്കൽപ്പത്തിലെങ്കിലും, ജീവന്റെ നിത്യതയെ സംബന്ധിക്കുന്ന ഒരു ദർശനവും അതിനുപോത്‌ബലകമായി അവൻ സൃഷ്‌ടിച്ചിട്ടുണ്ട്‌. അതനുസരിച്ച്‌ നോക്കുമ്പോൾ, മരണമെന്നതു മറ്റൊരു ലോകത്തിലേക്ക്‌-കൂടുതൽ ഉദാരശോഭമായ മറ്റൊരു ലോകത്തിലേക്ക്‌-കടക്കാനുളള കവാടം മാത്രമാണ്‌. മതാത്‌മകവീക്ഷണമുളളവരിലെല്ലാം ഇങ്ങനെയൊരു സങ്കൽപ്പമാണല്ലോ നാം കാണുന്നത്‌.

‘ജീവിതത്തിന്റെ അന്തിമ പൂർണതേ,

മരണമേ, എന്റെ മരണമേ,

വന്നാലും, എന്നോടു മന്ത്രിച്ചാലും…’ (ഗീതാഞ്ഞ്‌ജലി)

എന്ന്‌ ടാഗോർ ആദരവോടെ എഴുതുന്നത്‌ ഈ സങ്കൽപത്തിന്റെ പശ്‌ചാത്തലത്തിലാണ്‌. ജീവിതത്തിന്റെ മുൾക്കുഴിയിൽ പതിച്ചുപോയതുമൂലം അതിൽ നിന്നു രക്ഷനേടുന്നതിനുവേണ്ടി മരണത്തെ മാടിവിളിക്കുന്ന രമണന്റെ അവസ്ഥയിൽനിന്ന്‌ ഭിന്നമാണിത്‌. ജീവിക്കുകയെന്നതു ദുസ്സഹമായ പൊളളലായനുഭവപ്പെട്ടാൽ പിന്നെ മരണമല്ലാതെ മറ്റൊരഭയസ്സങ്കേതമില്ലല്ലോ. അതാണ്‌ രമണന്റെ അവസ്ഥ.

…………………………………………

ഉയിരു പൊളളിക്കുമെന്തു തീച്ചൂളയാ-

ണുയരുവതനുമാത്രമെൻ ചുറ്റുമായ്‌!

മരണമേ, നി ശമിപ്പിക്കുകൊന്നു നിൻ-

മഴ ചൊരിഞ്ഞതിൽ ധൂളികാപാളികൾ!

അരുതരുതെനിക്കീ വിഷവായുവേ-

റ്റരനിമിഷമിവിടെ കഴിയുവാൻ! (രമണൻ)

അസഹനീയമാനുഭവപ്പെടുന്ന വേദനയുടെ ജ്വാലകളിൽ പിടയുന്ന ഒരാത്‌മാവിനെ, അരനിമിഷംപോലും ഇവിടെ കഴിഞ്ഞുകൂടാൻ വയ്യെന്നു തോന്നുന്ന സാഹചര്യത്തിൽ, ബാധിക്കുന്ന ദയനീയമായ മനോഭാവമാണിത്‌. നൈരാശ്യത്തിന്റെ ദീനവിലാപം. എന്നാൽ, ഈ ജീവിതത്തെ ആവോളം ആസ്വദിച്ച ഒരാത്‌മാവിന്‌ ഇതിനേക്കാൾ ശ്രേഷ്‌ഠമായ മറ്റൊരു ജീവിതത്തിലേക്കുയരാനുളള ഉപാധിയെന്ന നിലയ്‌ക്കാണ്‌ ടാഗോർ മൃത്യുവിനെ സ്വാഗതം ചെയ്യുന്നത്‌. അവിടെ ഒരു മർത്ത്യാത്‌മാവ്‌ ഒരു മണവാട്ടിപ്പെണ്ണിനെപ്പോലെ, സൗരഭ്യം വിടരുന്ന വരണമാലയുമായി മൃത്യുവെന്ന വരനെ കാത്തിരിക്കുകയാണു ചെയ്യുന്നത്‌. നിത്യതയെ സംബന്ധിക്കുന്ന ദർശനമാണ്‌ ഈ മനോഭാവത്തെ ഇത്രമാത്രം പ്രശാന്തവും ഗഹനവുമാക്കിത്തീർക്കുന്നത്‌.

മതാത്‌മകമായ ദർശനമില്ലാതെയും ഇത്രമാത്രം സൗമ്യോദാരമായ ഒരു മനോഭാവം മൃത്യുവിന്റെ നേർക്ക്‌ പുലർത്താൻ മനുഷ്യനു കഴിയുകയില്ലേ? കഴിയും. എന്നു മാത്രമല്ല, സ്വാഭാവികമായി ആ മനോഭാവം മനുഷ്യസ്വഭാവത്തിൽ കലർന്നിട്ടുണ്ടെന്നുളളതാണു വാസ്‌തവവും. ജീവിതാസക്‌തിപോലെതന്നെ മരണത്തിനുവേണ്ടിയുളള ഒരു വെമ്പലും മാനുഷിക പ്രകൃതത്തിലുണ്ട്‌. ജീവിതാസക്‌തിപോലെ സ്ഥിരമായും തീവ്രമായും അതു പ്രവർത്തിക്കുന്നില്ലെന്നു മാത്രം. കഠിനമായ അദ്ധ്വാനത്തിനുശേഷം നാം അല്‌പം സുഖനിദ്രയ്‌ക്കുവേണ്ടി കൊതിക്കാറുണ്ടല്ലോ. അതുപോലെ ജീവിതം കഠിനാദ്ധ്വാനമായി അനുഭവപ്പെടുമ്പോൾ, എല്ലാ ക്ലേശങ്ങൾക്കുമതീതമായ ആ നിത്യസുഷുപ്തിക്കുവേണ്ടി മനുഷ്യാത്മാവ്‌ കൊതിക്കാറുണ്ട്‌. യഥാർത്ഥമായ മനുഷ്യാവസ്ഥയിലെത്തിയിട്ടുളള ഏതൊരാളിലും ഈ മനോഭാവം അപ്പപ്പോഴായി അങ്കുരിക്കാതിരിക്കയില്ല. അയ്യപ്പപ്പണിക്കരുടെ ശൈലിയിൽ പറഞ്ഞാൽഃ

ഓരോരോ ജീവിയു-

മൊരിക്കൽ കൊതിച്ച

പരിപൂർണക്ലമവിരാമം

ആണത്‌. ‘പ്രരോദന’ത്തിൽ ആശാൻ ഈ മനോഭാവത്തെക്കുറിച്ചു പ്രസ്താവിക്കുന്നുണ്ട്‌.

ത്രാണിക്കൊത്തു പകൽ പരിശ്രമമിയ-

ന്നോർക്കന്വിയന്നന്തിയിൽ

പേണിക്കണ്ണു തലോടിയെന്നു മണവോ-

രാ ഭദ്രയാം നിദ്രപോൽ,

പ്രാണിക്കിന്നെടുജീവിതപ്പെരുവഴി-

ക്ലേശം സഹിച്ചെത്രയും

ക്ഷീണിക്കും ഹൃദയത്തെ മൂടിയൊടുവിൽ

ചേർക്കുന്നു സൗഖ്യം. മൃതി.

ഇപ്രകാരം സ്വാഭാവികവും പ്രശാന്തമധുരവുമായി വ്യക്തിചേതനകളിലങ്കുരിക്കാറുളള മരണാനുരാഗത്തെ മനുഷ്യവർഗത്തിന്റെ സമഗ്രമായ അഭിനിവേശമായി ആരോപിച്ചുകൊണ്ട്‌ ഹൃദയാവർജകമാംവിധം ആവിഷ്‌കരിച്ചിട്ടുളള ഒരു കാവ്യമാണ്‌ ‘മൃത്യുപൂജ’.

അതെ, മനുഷ്യവർഗം ജീവിതപ്പെരുവഴി ക്ലേശം സഹിച്ച്‌ എത്രയും ക്ഷീണിച്ചിരിക്കുന്നു! എന്തെല്ലാം കണ്ടു? എന്തെല്ലാം അനുഭവിച്ചു? സംശയമില്ല. അതിൽ അഭിമാനകരമായ പലതുമുണ്ട്‌. ആഹ്ലാദകരമായും പലതുമുണ്ട്‌. പക്ഷേ, ഇന്നിതാഃ

‘ഭാവിയൊരു ഭൂതമായ്‌

നോക്കുന്നുഷസ്സിന്റെ

നീതികഥയീണമി-

ട്ടാരുണ്ടു കേൾക്കുവാൻ?’

ഈ വരികൾ പരാവർത്തനം ചെയ്യാൻ ദയവുചെയ്‌ത്‌ എന്നോടാവശ്യപ്പെടരുത്‌. പക്ഷേ, മനുഷ്യവർഗം ഇന്നെത്തിച്ചേർന്നിരിക്കുന്ന പ്രതിസന്ധിയുടെ പ്രതീതി നിങ്ങൾക്ക്‌ ഇതിൽനിന്നു കിട്ടുന്നില്ലേ? കിട്ടുന്നുണ്ടെങ്കിൽ, അതുകൊണ്ടു നിങ്ങൾ തൃപ്തിപ്പെട്ടാലും. അതാണ്‌ ഏറ്റവും ഉത്‌കൃഷ്‌ടമായ കാവ്യധർമ്മം. ആ പ്രതീതി നിങ്ങൾക്കു കിട്ടുന്നില്ലെന്നു വന്നാലോ? എങ്കിൽ നിർദയമായി വിധിയെഴുതാൻ തിടുക്കം കൂട്ടാതെ ഈ കവിത നിങ്ങൾക്കുവേണ്ടിയുളളതല്ലെന്ന വിനീതമായ മനോഭാവം അവലംബിക്കുക.

ഭീകരമാണ്‌ ഈ പ്രതിസന്ധി. ഇരുളിന്റെ പടലങ്ങൾ എട്ടു ദിക്കുകളിൽ നിന്നും പുറപ്പെട്ട്‌ ഉലകിനെ ആവരണം ചെയ്യാൻ തുടങ്ങുന്നു. പ്രതീക്ഷയുടെ നേരിയ കിരണംപോലും കാണാനില്ല.

പുണ്യപുരുഷന്മാർ മരിച്ചുപോയ്‌,

ഭൂമിയുടെ പുണ്യമിതു

മിഥ്യാപുരാണം.

ഇതിനിടയിൽ സ്വാതന്ത്ര്യഗായകരും ജനസേവകരും ധർമപ്രചാരകരും സ്‌നേഹപ്രവാചകരും പ്രത്യക്ഷപ്പെടാതിരിക്കുന്നില്ല. അവരൊക്കെ സ്വയം കെട്ടിച്ചമഞ്ഞ കപടനാട്യക്കാരാണെന്നുമാത്രം. നോക്കൂ അവരുടെ തനിനിറം.

‘നാളെയുടെ പാട്ടു ഞാൻ

പാടിയില്ലേ തരൂ,

’നാണയ‘മിതാണെന്റെ

സ്വാതന്ത്ര്യ ഗായകൻ.

എവിടെയൊരു യുദ്ധമു-

ണ്ടെവിടെയൊരു ക്ഷാമമു-

ണ്ടെന്നു കേട്ടീടിലും

കവിതയെഴുതീട്ടതും

കാശാക്കി മാറ്റുന്നു

ബഹുജനഹിതാർത്ഥം

ജനിച്ചു ജീവിപ്പവൻ.

വിനയമൊരു നയമാക്കി

മേൽമുണ്ടിനറ്റത്തു

കസവുചിരി തുന്നുന്നു

ധർമപ്രചാരകൻ.

’ദേഹമിതനിത്യ-

മതിനാലിന്നെനിക്കു നീ

ദേഹി നിൻ സുഖ‘മിതേ

സ്‌നേഹപ്രവാചകൻ

ഇമ്മാതിരി പൊയ്‌മുഖങ്ങളാണ്‌ എമ്പാടും. ഈ അന്തരീക്ഷത്തിൽ ’പരിപൂർണ്ണശ്രമക്ലമവിരാമ‘ത്തിനുവേണ്ടി മനുഷ്യവർഗത്തിന്റെ മനഃസാക്ഷി കൊതിക്കുന്നതു സ്വാഭാവികമാണ്‌. ആ കൊതി ഇങ്ങനെ പ്രകടിതമാകയും ചെയ്യും.

കാലടികൾ ചുറ്റിയൊരു

ചങ്ങലയി, തിന്നെന്റെ

കാതരഹൃദന്തമണിയുന്നു.

ഹേ, മന്ദഗാമിനി

ശരത്‌ സ്വപ്‌നകാമിനി

വരൂ നീ.

എത്ര ഇമ്പമാർന്ന സംബോധനകൾ! ആ സംബോധനകൾക്കുപാത്രമായ മൃത്യു എത്രമാത്രം മധുരമാർന്ന ദേവതയായിരിക്കണം. ഈ സംബോധന കവിതയിൽ മൂന്നുപ്രാവശ്യം ആവർത്തിക്കുന്നുണ്ട്‌. ഈ ആവർത്തനമ ദേവതാപൂജയുടെ പ്രതീതി ജനിപ്പിക്കുകയും ചെയ്യുന്നു. അന്ത്യഭാഗമെത്തുമ്പോൾ, ജാനകി തേങ്ങിമറഞ്ഞ ധരയുടെ ആഴത്തിൽനിന്ന്‌ ഒരു നിവേദനം പ്രണവമായ്‌ ഉയരുന്നതാണു നാം കേൾക്കുന്നത്‌.

മൃത്യു മൃത്യു ജയ മൃത്യു മൃത്യു

ഇപ്രകാരം മൃത്യുദേവതയെ ഇഷ്‌ടദേവതയായംഗീകരിച്ചു പൂജിക്കാൻ മനുഷ്യവർഗമനഃസാക്ഷിയെ സന്നദ്ധമാക്കുന്ന ഉചിതപശ്‌ചാത്തലം സൃഷ്‌ടിക്കുന്നതിലാണ്‌ ഇവിടെ കവിയുടെ മിടുക്ക്‌. ആ പശ്‌ചാത്തലത്തിന്റെ ഒരംശത്തെക്കുറിച്ചു മുകളിൽ സൂചിപ്പിച്ചു കഴിഞ്ഞു. പിന്നെയുളള അംശങ്ങളോ? അവയും ആത്മാവിന്‌ ആയാസമുണ്ടാക്കുന്നവതന്നെ.

സ്‌നേഹോഷ്‌ണവൈദ്യുതിയി-

ലുരുകാത്ത മട്ടി-

ലുറയുന്നൂ മനുഷ്യഹൃദയങ്ങൾ.

നമ്മുടെ ഈ വസുന്ധര തൊടുത്തുവിട്ട നവീന രതിബാണങ്ങളേറ്റ്‌ പനിമതി മയങ്ങിമറയുമ്പോൾ, മക്കളായ നമുക്കു സംഭവിച്ചതിതാണ്‌ഃ

സ്‌നേഹോഷ്‌ണവൈദ്യുതിയി-

ലുരുകാത്ത മട്ടി-

ലുറയുന്നൂ മനുഷ്യഹൃദയങ്ങൾ.

തുമ്പയുടെ തുമ്പികൾ പറന്ന്‌ അന്തരീക്ഷമദഗന്ധങ്ങളൊക്കെയുമളന്നിട്ടും, അധികശൈത്യമാണ്‌ അനുഭവപ്പെട്ടിരിക്കുന്നത്‌. ആത്മാവിനെ മരവിപ്പിക്കുന്ന അധികശൈത്യം മാത്രമല്ല,

കരളാകെയിന്നു കരി-

നിറമായി മാറുമിരു-

ളലവീണു നിർജന നിശാന്തം

ഇതുകൊണ്ടുമവസാനിക്കുന്നില്ല. ഉഗ്രവിഷം കലരുന്ന ഭീകരസാഗരം ചീറിവരാൻ തുടങ്ങുന്നു മർതൃമൃഗം. ’പവിത്രമായ‘ മൺതുണ്ടുകൾക്കുവേണ്ടി, മലിനമായ വഴക്കുകൾക്കു മുതിരുന്നു പുരാതനസനാതനമന്ധകാരം മലവാരത്തു കാനനമതംഗങ്ങളെന്നപടി, ഊർന്നിറങ്ങി വരികതന്നെ ചെയ്യുമെന്ന്‌ ഉറപ്പാകുന്നു. ’കണ്ണുളളതു കാണാൻ മാത്രമല്ല, കാണാതിരിക്കാൻകൂടിയാണ്‌‘ എന്ന വാക്യത്തിന്റെ കാലം കഴിഞ്ഞുപോയിരിക്കുന്നു. അന്തർദർശനമരുളാൻ പ്രാപ്തരായ വൈരാഗികൾപോലും പറഞ്ഞുപോകുന്നുഃ

കല്‌പാന്ത നിദ്ര വരവായ്‌-

കൺകളെന്തിനിനി-

യടഞ്ഞേകിടക്കുമവയെന്നും

കൈയിലുളള വിളക്കെല്ലാം ഊതിക്കളഞ്ഞതിനുശേഷമാണെങ്കിലും മുമ്പു മർത്യൻ, ’വെളിച്ചം‘ ’വെളിച്ചം‘ എന്നു വിളിച്ചിരുന്നു. ഇന്ന്‌ ആ നാദവും അടങ്ങിക്കഴിഞ്ഞു. പ്രത്യാശയുടെ നേരിയ കിരണംപോലും തെളിഞ്ഞുകാണാത്ത ഈ പശ്ചാത്തലത്തിൽ ഭൂതകാലചരിത്രംപോലും ആത്മാവിനു ക്ലേശമകറ്റുന്നതായിട്ടാണു കാണപ്പെടുന്നത്‌. ദൈവത്തിന്റെ ചതിയും സർപ്പത്തിന്റെ ചതിയും പെണ്ണിന്റെ ചതിയുമാണ്‌ അവൻ ആരംഭത്തിൽത്തന്നെ അനുഭവിച്ചത്‌. പിന്നീടോ?

’…………………നിശാചരവധങ്ങൾ,

കുടുംബദഹനങ്ങൾ, മദോല്ലസിത

മാർജാരമൂഷികരണങ്ങൾ….‘

ഓ, മതിയായി. ഇത്രയെല്ലാം അനുഭവിച്ച്‌ ആത്‌മാവ്‌ തളർന്നിരിക്കുന്നു. ഇനി ഈ കൺപോളകൾ ഒന്നടഞ്ഞെങ്കിൽ, എന്നെന്നേക്കുമായി ഒന്നടഞ്ഞെങ്കിൽ!

ഒന്നുമിനി വേണ്ട,

പുലരിക്കതിരു വേണ്ട,

വെയിൽ വേണ്ട, പകൽവേണ്ട,

എന്നേക്കുമായിനി വരൂ നീ.

വരൂ, വിശ്വസിരയാകെ

മരവിച്ചുയിരതിൽത്താൻ

ലയിക്കും വിധത്തിലിനി

ഹേമന്തയാമിനീ

വരൂ നീ.

അതൊരു വിശുദ്ധമായ മന്ത്രമാണ്‌. ഉദാരമായ പൂജയാണ്‌. മുമ്പുപറഞ്ഞപോലെ, അസമാധാനപൂർണമായ ആധുനികയുഗത്തിന്റെ ക്ലേശാനുഭവങ്ങളിൽപ്പെട്ടുഴലുന്ന മർതൃമനസ്സിന്റെ ചില പ്രശാന്തവേളകളിൽ ഹേമന്തചന്ദ്രികപോലെ ഊർന്നിറങ്ങുന്ന മരണാനുരാഗത്തിന്റെ ഊഷ്‌മളമായ ആവിഷ്‌കരണമാണ്‌ ഈ കവിതയിൽ നാം അനുഭവിക്കുന്നത്‌. ഹേമന്തയാമിനിയെ സ്വാഗതം ചെയ്യുന്ന ഈ കവിതന്നെ പ്രിയതമയായ പ്രഭാതത്തെയും പ്രേമപുരസ്സരം ക്ഷണിക്കുന്നുണ്ടെന്ന്‌ ഓർമിക്കണം.

’പ്രിയതമേ, പ്രഭാതമേ,

എന്തിനെന്നറിഞ്ഞിടാതനന്തമസ്വതന്ത്രമായ്‌ നി-

രന്തരം കറങ്ങിടും വസുന്ധരയ്‌ക്കു നൽക നീ-

യന്ധകാരബന്ധമോചനം.‘

ഇതാണ്‌ കവിയുടെ സ്‌ഥായിയായ പ്രാർത്ഥനയും. എങ്കിലും ജീവിതാസ്തിയോടൊപ്പം മരണാനുരാഗമെന്നപോലെ, ഈ പ്രഭാതപ്രാർത്ഥനയോടൊപ്പം മൃത്യുപൂജയും കവിഹൃദയത്തിന്റെ പ്രമുഖഭാവമാണെന്ന കാര്യം മറക്കരുത്‌. ആ കവിചേതനയാകട്ടെ, മാനവചേതനയുമായി തന്മയീഭവിച്ചിരിക്കുന്നതായാണു നമുക്കു തോന്നുക.

എടുത്തുപറയേണ്ട ഒരു സംഗതി, ഈ കവിതയുടെ രൂപശില്‌പമാണ്‌. സാധാരണ കവിതകളെപ്പോലെ ലളിതമായ പരാവർത്തനത്തിനു വഴങ്ങുന്ന പദവിന്യാസക്രമം ഇതിലില്ല. പദങ്ങളും പദസംഘാതങ്ങളും കല്‌പനകളും പുരാണസൂചനകളുമെല്ലാം കേന്ദ്രവർത്തിയായ ഭാവത്തിനു സ്‌ഫൂർത്തി നൽകക്കത്തക്ക വിധത്തിലാണു സംവിധാനം ചെയ്‌തിരിക്കുന്നത്‌. ’ഘനശ്യാമരൂപിണി‘, ’ഘനശൈത്യം‘, ’അന്ധകാരം‘ തുടങ്ങിയ പദങ്ങൾ പ്രയോഗിച്ചിരിക്കുന്നയിടങ്ങളിൽ മറ്റു പദങ്ങളൊന്നും പകരം വെക്കാൻ സാധ്യമല്ലെന്നു നമുക്കു തോന്നും. സർവത്തെയും ഗ്രഹിക്കാനെത്തുന്ന മൃത്യുവിന്റെ ഗാംഭീര്യവും പ്രൗഢിയുമ അത്തരം പദങ്ങൾ ഭംഗിയാംവിധം വ്യഞ്ഞ്‌ജിപ്പിക്കുന്നുണ്ട്‌. അവളെത്തിയതിനുശേഷം ’ഭുജഭുജംഗവലയങ്ങളാൽ‘ പുണരുന്നതിന്റെ ആ സങ്കല്പവും ഈ പ്രതീതിയെ കൂടുതൽ ഭാവോജ്വലമാക്കിത്തീർക്കുന്നുണ്ടല്ലോ. അതുപോലെ, കൈക്കുഞ്ഞിനെ വഴിയിലിട്ടു കളഞ്ഞിട്ടുപോകുന്ന ഗോപിയും ഖഡ്‌ഗം ചുഴറ്റിയെത്തുന്ന കല്‌ക്കിസ്വരൂപനും ഏദൻതോട്ടവും നിശാചരവധങ്ങളും ദാശരഥിയുടെ വിലാപവും മറ്റും പുരാണകഥാംശങ്ങളിൽനിന്നൂറ്റിയെടുത്ത പ്രതീതി സാരംകൊണ്ടു കവിതയെ കൂടുതൽ കരുത്തുറ്റതാക്കിത്തീർക്കുന്നുണ്ടെന്നും കാണാം. തുമ്പയുടെ തുമ്പികളും ശംഖുംമുഖത്തെ പറക്കുംതളികയും കണ്ണാശുപത്രിയും ആധുനികഘട്ടത്തിന്റെ യാന്ത്രികഘടനയെ സൂചിപ്പിക്കുന്നതും ശ്രദ്ധിക്കേണ്ടതാണ്‌. ഇത്തരം പദസംഘാതങ്ങളും ചിത്രങ്ങളും പുരാണകഥാസൂചനകളും ഔചിത്യഭാസുരമാംവിധം താളക്കൊഴുപ്പോടെ സംവിധാനം ചെയ്തിരിക്കുന്നതിൽനിന്നാണ്‌ ’മൃത്യുപൂജ‘യുടെ ഭാവശില്‌പം ഉയിർക്കൊണ്ടിരിക്കുന്നതെന്നു പറയാം.

Generated from archived content: essay2_aug25_06].html Author: mk_sanu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English