മനുഷ്യജന്മത്തിന്റെ മഹനീയമാധുര്യം സംരക്ഷിക്കുന്ന കവിത

“മലയാളത്തിൽ ഇങ്ങനെയൊരനുഭവമോ? 1112-ൽ ഒന്നാം പതിപ്പ്‌, 115-ൽ രണ്ടാം പതിപ്പ്‌, 117-ൽ മൂന്നാം പതിപ്പ്‌, 118-ൽ നാലാം പതിപ്പ്‌, 119-ൽ അഞ്ചും ആറും ഏഴും എട്ടും ഒൻപതും പതിപ്പുകൾ, 120-ൽ പത്ത്‌, പതിനൊന്ന്‌, പന്ത്രണ്ട്‌, പതിമൂന്ന്‌, പതിനാല്‌- ഇതാ പതിനഞ്ചും പതിപ്പുകൾ; അതോ ആയിരവും രണ്ടായിരവും അയ്യായിരവും പ്രതികൾ വീതം. കേട്ടിട്ടു വിശ്വസിക്കാൻ വിഷമം. പക്ഷേ, ഇതത്ര വലിയൊരു കാര്യമോ? അതേ, വളരെ വലിയൊരു കാര്യം തന്നെയാണ്‌. അതിന്റെ പ്രതികൾ മധുരനാരങ്ങപോലെ വരുന്നത്‌, വരുന്നതങ്ങു വിറ്റഴിയുന്നുവെങ്കിൽ തക്ക കാരണമുണ്ടായിരിക്കണം; അകത്തും പുറത്തും ഒന്നുപോലെ.”

ചങ്ങമ്പുഴയുടെ ‘രമണൻ’ എന്ന ‘നാടകീയ ഗ്രാമീണ വിലാപകാവ്യ’ത്തിന്റെ പതിനഞ്ചാം പതിപ്പിനെഴുതിയ അവതാരിക പ്രൊഫ.മുണ്ടശ്ശേരി ആരംഭിക്കുന്നത്‌ മുകളിൽ ഉദ്ധരിച്ച വാക്കുകളോടെയാണ്‌. അതിലെ അവസാനവാക്യത്തിൽ, ‘അകത്തും പുറത്തും ഒന്നുപോലെ’ എന്ന ഭാഗം ശ്രദ്ധിക്കേണ്ടതാണ്‌. ബാഹ്യാഭ്യന്തര സൗന്ദര്യത്തെയാണ്‌ അദ്ദേഹം ഉദ്ദേശിക്കുന്നത്‌. ആ സൗന്ദര്യത്തെപ്പറ്റി അദ്ദേഹം തുടർന്നു വിശദീകരിക്കുന്നുണ്ട്‌. രൂപഭാവങ്ങളിലൊരുപോലെ അനുഭവപ്പെടുന്ന ആ കാവ്യസൗന്ദര്യത്തിന്റെ വശ്യതയാണ്‌ ചങ്ങമ്പുഴക്കവിതകൾക്കുണ്ടായ പ്രചാരത്തിന്‌-അത്ഭുതകരമായ പ്രചാരത്തിന്‌- മുഖ്യകാരണം.

രമണന്റെ ഒന്നാം പതിപ്പിറങ്ങുന്നത്‌ 1936 ഒക്‌ടോബറിലാണ്‌. അതിനുമുമ്പ്‌ ചങ്ങമ്പുഴയുടെ മൂന്നു കൃതികൾ പ്രകാശിതമായിക്കഴിഞ്ഞിരുന്നു. ‘ബാഷ്‌പാഞ്ഞ്‌ജലി’, ‘ആരാധകൻ’, ‘ഹേമന്തചന്ദ്രിക’ എന്നീ കൃതികൾ. ആദ്യകൃതിയിലെ ആദ്യ കവിതയാണ്‌.

ആരു വാങ്ങുമിന്നാരു വാങ്ങുമീ-

യാരാമത്തിന്റെ രോമാഞ്ചം…?

എന്നാരംഭിക്കുന്ന ‘ആ പൂമാല’. ആ സമാഹാരത്തിന്റെ ‘മുഖവുര’യിൽ ഇ.വി.കൃഷ്‌ണപിളള ഇപ്രകാരമൊരു വാക്യം ചേർത്തിട്ടുണ്ട്‌ഃ “മലയാളത്തിലെ പല ഉത്‌കൃഷ്‌ട പത്രഗ്രന്ഥങ്ങളിലും നിരന്തരമായി കാണപ്പെടുന്ന ഇദ്ദേഹത്തിന്റെ കവിതകൾ, കുറെ കഴിഞ്ഞപ്പോൾ പല സാഹിത്യഭക്തന്മാരും എന്നപോലെ ഞാനും കൂടുതൽ ശ്രദ്ധയോടെ വായിച്ചു തുടങ്ങി.” ഇതിലെ ‘സാഹിതീഭക്തന്മാർ’, ‘ശ്രദ്ധയോടെ’ എന്നീ പ്രയോഗങ്ങൾക്കു പ്രാധാന്യമുണ്ട്‌. ആദ്യ കൃതിയായ ‘ബാഷ്‌പാഞ്ഞ്‌ജലി’ (1934) പ്രകാശിതമാകുന്നതിനു മുമ്പുതന്നെ ചങ്ങമ്പുഴയുടെ കവിതകൾ സാഹിതീഭക്തന്മാർ ശ്രദ്ധിച്ചു തുടങ്ങി എന്നാണ്‌ അതിന്റെ അർത്ഥം. അങ്ങനെ ശ്രദ്ധിക്കാൻ അവരെ പ്രേരിപ്പിച്ചത്‌, പത്രങ്ങൾ നല്‌കിയ പരസ്യമോ, വിമർശകന്മാർ ചൊരിഞ്ഞ പ്രശംസയോ അല്ല. ചങ്ങമ്പുഴ ആരെന്നുപോലും അറിയാതെയാണ്‌ പ്രാരംഭത്തിൽ ‘പത്രഗ്രന്ഥങ്ങൾ’ അദ്ദേഹത്തിന്റെ കവിതകൾ പ്രകാശിപ്പിച്ചത്‌ (‘കവിതാഗുണം തിരിച്ചറിയുന്ന സൗഹൃദയർ അക്കാലത്ത്‌ വാരികയുടെയും മാസികയുടെയും മറ്റും പത്രാധിപസമിതികളിലുണ്ടായിരുന്നു.) പ്രകാശിപ്പിച്ചപ്പോഴോ? സാഹിതീഭക്തന്മാർ അവ ശ്രദ്ധിക്കുകയും ചെയ്‌തു. ആസ്വദിച്ചതിന്റെ അടിസ്ഥാനത്തിലല്ലാതെ അവർ ശ്രദ്ധിക്കുകയില്ലെന്ന്‌ പ്രത്യേകം പറയേണ്ടതില്ലല്ലോ. നേരിട്ട്‌ കവിത വായിച്ചാസ്വദിച്ചനുഭവിക്കുന്ന ഒരു സഹൃദയസദസ്സ്‌ അന്ന്‌ നമ്മുടെ സാംസ്‌കാരിക ജീവിതത്തിന്റെ സമ്പത്തായിരുന്നു. അക്കൂട്ടരെ, അവരറിയാതെതന്നെ വശീകരിച്ചതിലൂടെയാണ്‌ ചങ്ങമ്പുഴക്കവിതയുടെ സാന്നിദ്ധ്യം ശ്രദ്ധാവിഷയമായത്‌. ആ കവിതകളിലെ അവാച്യമാധുര്യത്തിൽ മുഴുകിയവരൊക്കെയും,

എങ്ങുനിന്നെങ്ങുനിന്നെങ്ങു നിന്നീ

മഞ്ഞ്‌ജീരശിഞ്ഞ്‌ജിതമുത്ഭവിപ്പൂ?

എന്നു ചോദിച്ചുപോയി! അവരുടെ ഹൃദയങ്ങളെ ആ കവിതകൾ അത്രയേറെ വശീകരിച്ചുകളഞ്ഞു.

പ്രാരംഭത്തിൽ ചങ്ങമ്പുഴയെ സ്വാഗതം ചെയ്‌താദരിക്കാൻ വിമർശകരാരും മുതിർന്നില്ലെന്നുളളതാണ്‌ വാസ്‌തവം. പ്രൊഫ. മുണ്ടശ്ശേരിക്കുപോലും ആ കവിതയെപ്പറ്റി ആദ്യം ആദരവ്‌ തോന്നിയിരുന്നില്ല. അക്കാര്യം അദ്ദേഹം പ്രകടമാക്കുകയും ചെയ്‌തു. അർത്ഥഗൗരവത്തിന്റെ ആരാധകനായ അദ്ദേഹത്തിന്‌ ചങ്ങമ്പുഴക്കവിതകളിലെ ഇന്ദ്രജാലഭംഗിയുമായി പൊരുത്തപ്പെടാൻ അല്‌പം സമയമെടുക്കേണ്ടിവന്നു.

അപ്പോൾ കൊട്ടും കുരവയുമായി പത്രങ്ങൾ വാർത്തകളിലൂടെ നല്‌കുന്ന സ്വാഗതാശംസകളൊന്നും കൂടാതെ, വിമർശകന്മാരുടെ കുഴലൂത്തിന്റെ പിൻബലമില്ലാതെ, സ്വന്തം കവിതയുടെ മാസ്‌മരശക്തിയാൽ സഹൃദയലോകത്തെ വശീകരിച്ചുകൊണ്ട്‌ സാഹിത്യലോകത്തിൽ സ്ഥാനമുറപ്പിച്ചു എന്നതാണ്‌ ചങ്ങമ്പുഴയ്‌ക്ക്‌ കവിതാചരിത്രത്തിലുളള ഏകാന്തമായ സ്ഥാനമെന്ന്‌ ആദ്യമായി നാം തിരിച്ചറിയണം. യഥാർത്ഥ കവിത്വത്തിന്റെ രീതിയും അതുതന്നെയാണ്‌.

പി.ഭാസ്‌കരൻ പില്‌ക്കാലത്തു പാടിയതുപോലെ,

കുടിലിൽനിന്നൊരു പുല്ലാങ്കുഴലാൽ

നേടിയ സാമ്രാജ്യമൊന്നു നീ തീർത്തു;

നിജമനോജ്ഞമാം സ്‌നേഹസാമ്രാജ്യ-

പ്രജകളായ്‌ ഞങ്ങൾ കപ്പം കൊടുത്തു!

എന്നു മാത്രമേ സഹൃദയങ്ങൾക്കു പറയാനുളളൂ. ഏതു മികച്ച കവിയെയുംപോലെ ചങ്ങമ്പുഴ സ്വന്തം കവിത്വശക്തിയാൽ ഒരു സാമ്രാജ്യം ആസ്വാദകമനസ്സുകളിൽ സ്ഥാപിച്ചിട്ടാണ്‌ കടന്നുപോയത്‌. വ്യക്തിപരമായി അദ്ദേഹത്തെ ഇഷ്‌ടപ്പെടാതിരുന്നവർക്കുപോലും ആ കവിതയുടെ മാധുര്യത്തിനു വഴങ്ങാതിരിക്കാൻ സാധിച്ചില്ല.

രണ്ട്‌

കവിയായ ചങ്ങമ്പുഴ ഒരു നോവൽകൂടി രചിച്ചിട്ടുണ്ട്‌. 1946-ൽ അത്‌ പ്രകാശിതമായി. ’കളിത്തോഴി‘ എന്ന ആ നോവലിന്റെ മുഖവുരയിൽ ഇപ്രകാരമൊരു വാക്യം നിങ്ങൾക്കു കാണാം; “ഞാൻ തികച്ചും ഒരു കവിയല്ലെന്നു തീർത്തു പറയാൻ എന്റെ… ശത്രുക്കൾപോലും മടിക്കാറുണ്ട്‌.” തന്റെ കൃതികൾക്കുണ്ടായ വമ്പിച്ച പ്രചാരത്തിന്റെ ബലത്തോടുകൂടിയാണ്‌ അദ്ദേഹം ഇപ്രകാരം കുറിച്ചതെന്ന്‌ കരുതരുത്‌. സ്വന്തം കവിത്വസിദ്ധിയിലുളള ആത്മവിശ്വാസം മാത്രമായിരുന്നു അദ്ദേഹത്തിന്റെ ബലം. കവിതയെഴുതാനായി പിറന്നവനാണു താനെന്ന്‌ അദ്ദേഹം ശരിക്കും അറിഞ്ഞിരുന്നു. ’ഗന്ധർവ്വനായിപ്പിറന്നവനാണു ഞാൻ…‘ എന്ന ’പാടുന്ന പിശാചിലെ‘ വാക്കുകൾ ഇവിടെ സ്‌മരണീയമാണ്‌. കവിതയെഴുതാതെ ജീവിതം തുടരാൻ തനിക്കു സാധ്യമല്ലെന്ന അവസ്ഥയിൽനിന്നാണ്‌ ഈ അറിവ്‌ അദ്ദേഹം നേടിയെടുത്തത്‌; കവിതകൾക്കു ലഭിച്ച പ്രചാരത്തിൽനിന്നല്ല.

ഒൻപതാം വയസ്സുമുതൽ ചങ്ങമ്പുഴ കവിതകളെഴുതിത്തുടങ്ങി. എഴുതാൻ പ്രേരകമായ ആന്തരികാനുഭവങ്ങൾക്ക്‌ രൂപം നല്‌കാനാണ്‌ അദ്ദേഹം ആ രചനകളിൽക്കൂടി പരിശ്രമിച്ചത്‌ (പദ്യരചനാവൈഭവം അതിനു സഹായകമായെന്നു മാത്രം). പില്‌ക്കാലത്ത്‌, അദ്ദേഹത്തിന്റെ മികച്ച കവിതകളെല്ലാംതന്നെ ആത്മാവിഷ്‌കരണമെന്ന നിലയിൽ വാർന്നു വീഴുകയാണുണ്ടായത്‌. കരവിരുതിന്റെ ശില്‌പഭംഗിയെക്കാളധികമായി ഹൃദയഭാവങ്ങളുടെ സ്വച്ഛന്ദത അവയുടെ ചൈതന്യമായി വർത്തിക്കുന്നു. ക്രോച്ചേയുടെ സൗന്ദര്യദർശനത്തിൽ കാണുന്നതുപോലെ, സഹജാവബോധവും ആവിഷ്‌കരണവും തമ്മിലുളള അഭേദ്യബന്ധവും പാരസ്‌പര്യവും ഇത്രത്തോളം പ്രകടമാക്കുന്ന കവിതകൾ മലയാളത്തിൽ വേറെയുണ്ടെന്നു തോന്നുന്നില്ല.

’സുധാംഗദ‘യുടെ മുഖവുരയിൽ ചങ്ങമ്പുഴ എഴുതുന്നുഃ “..ഞാൻ പലപ്പോഴും കവിത എഴുതിയിട്ടുണ്ട്‌; ചിലപ്പോൾ കവിത എഴുതിപ്പോയിട്ടുണ്ട്‌. ഇവയിൽ രണ്ടാമത്തേതു സംഭവിച്ചിട്ടുളള അവസരങ്ങളിൽ ഞാൻ എന്നെത്തന്നെ മറന്നിരുന്നു. ഞാൻ മുൻകൂട്ടി ചിന്തിച്ചിട്ടില്ല; വൃത്തനിർണ്ണയം ചെയ്‌തിട്ടില്ല….ആകസ്‌മികമായി എന്നിൽ എവിടെനിന്നോ ഒരു മിന്നൽ! ഞാൻ എഴുതുകയാണ്‌. വായിക്കുമ്പോൾ അതിനു വൃത്തമുണ്ട്‌. ഞാൻ കവിത ചൊല്ലുന്നതു കേട്ടിട്ട്‌, ’നിങ്ങളാണോ നിങ്ങളുടെ കവിതയെഴുതുന്നതെ‘ന്ന്‌ ഇതിനിടയിൽ അനേകംപേർ എന്നോടു നേരിട്ടു ചോദിച്ചിട്ടുണ്ട്‌. എനിക്കിതു മാത്രമറിയാംഃ കവിത താനേയങ്ങനെ എഴുതിപ്പോകുന്ന അവസരത്തിൽ എന്റെ ഹൃദയം സംഗീതസമ്പൂർണ്ണമായിരുന്നു. ആ സംഗീതംപോലെ മറ്റൊന്നും എന്നെ ആകർഷിച്ചിട്ടില്ല. ഞാനതിൽ താണുമുങ്ങി നീന്തിപ്പുളച്ചുപോകും. ആ സംഗീതപ്രവാഹത്തിന്റെ തരംഗമാലകളിലങ്ങനെ തളർന്നുവീണ്‌ എന്റെ ചേതന ആയിരമായിരം ഗന്ധർവ്വലോകങ്ങളെ പിന്നിട്ടു പിന്നിട്ട്‌ എങ്ങോട്ടെന്നില്ലാതെ ഒഴുകിപ്പോകും-വെറും സ്വപ്‌നം!”

ഇതേ മുഖവുരയിൽത്തന്നെ, “ഒരു യഥാർത്ഥ കലാകാരന്‌ കലാനിർമ്മിതി ഒരു സ്വപ്‌നമാണെന്നു ഞാൻ വിശ്വസിക്കുന്നു” എന്നും അദ്ദേഹം എഴുതിയിട്ടുണ്ട്‌. പ്രചോദത്തിന്റെ അനുഗൃഹീതമുഹൂർത്തത്തിൽ, രചന ’നിർവ്വാണാത്മകമായ ഒരു സ്വപ്‌നംതന്നെയാണ്‌‘ എന്നദ്ദേഹം ആവർത്തിക്കുകയും ചെയ്യുന്നു. അനേകം കാവ്യസന്ദർഭങ്ങളിൽ ഇതേ അനുഭവം ചങ്ങമ്പുഴ ആവിഷ്‌കരിച്ചിരിക്കുന്നതു കാണാം. സ്വപ്‌നം എന്ന പദം കടന്നുവരാത്ത കവിതകൾ ചങ്ങമ്പുഴയുടെ തൂലികയിൽനിന്ന്‌ ചുരുക്കമായേ രൂപപ്പെട്ടിട്ടുളളൂ.

ചങ്ങമ്പുഴയ്‌ക്കു ബാധകമായ കാവ്യാദർശമെന്തെന്നു വ്യക്തമാക്കാനാണ്‌ ഇത്രയും ഇവിടെ വിവരിച്ചത്‌. (എല്ലാ കവികൾക്കും ഇതു ബാധകമല്ല.) എന്നാൽ, എത്രമാത്രം ആത്മവിസ്‌മൃതിയോടുകൂടി രചന നിർവ്വഹിക്കുമ്പോഴും അതിൽ ’എന്റെ വ്യക്തിപരമായ ആത്മസ്‌ഫുരണം‘ കാണാതിരിക്കയില്ലെന്നുകൂടി അദ്ദേഹത്തിന്‌ പറയാനുണ്ട്‌. ഒരു റൊമാന്റിക്‌ കവിയുടെ സവിശേഷതകളിലൊന്നാണിത്‌. അവനവനിൽ കേന്ദ്രീകൃതമായ സ്വപ്‌നങ്ങളാണ്‌ റൊമാന്റിക്‌ കവിയുടെ മികച്ച കവിതകളൊക്കെയും. മലയാള കവിതയിലെ റൊമാന്റിക്‌ കവിയാണദ്ദേഹം. സർഗ്ഗാത്മകമായ ഉന്മാദം ബാധിക്കുന്ന അവസ്ഥയിലാണ്‌ പ്രധാന കവിതകൾ അദ്ദേഹത്തിൽനിന്ന്‌ ആത്മാവിഷ്‌കരണമായി രൂപം പ്രാപിച്ചു വന്നത്‌. ആത്മനിഷ്‌ഠമല്ലാത്ത പ്രമേയങ്ങൾ സ്വീകരിച്ചുകൊണ്ട്‌ കവിത രചിക്കുമ്പോഴും ’വ്യക്തിഗതവും കല്‌പനാചതുരവും അപ്രതിമവുമായ എന്തെങ്കിലുമൊന്ന്‌‘ കലർന്നെങ്കിൽ മാത്രമേ കവിതയ്‌ക്ക്‌ ’രസബോധനിഷ്‌ഠമായ മൂല്യം‘ കൈവരികയുളളു എന്നുവരെ വാൾട്ടർ പേറ്ററെ ഉപജീവിച്ചുകൊണ്ട്‌, ചങ്ങമ്പുഴ വാദിക്കുന്നു-തന്റെ കവിതയുടെ സ്വഭാവം നീതികരിക്കുന്നതിനുവേണ്ടി.

ഒരു യുവമാനസമെങ്കിലുമെൻ-

മിഴിനീരിലല്‌പമലിഞ്ഞുവെങ്കിൽ

അതു മാത്രമാണെൻ പരമഭാഗ്യം

അതു മാത്രമാണെന്റെ ചാരിതാർത്ഥ്യം

എന്ന വരികൾ ആദൃ കൃതിയായ ’ബാഷ്‌പാഞ്ഞ്‌ജലി‘യിലാണുളളത്‌. ഇതിൽ പരാമർശിക്കുന്ന ’മിഴിനീര്‌‘ വിഷാദത്തിന്റേതോ വിലാപത്തിന്റേതോ മാത്രമായ മിഴിനീരല്ല. അതിൽ ഭാവവൈചിത്ര്യങ്ങളുടെ ഇന്ദ്രചാപഭംഗികൾ ഒളിഞ്ഞിരിക്കുന്നു. എങ്കിലും അടിസ്ഥാനപരമായി അതിൽ ജീവിതാസക്തിയും മനുഷ്യസ്‌നേഹവുമാണുളളത്‌. മനുഷ്യസ്‌നേഹത്തിന്റെ സ്വാഭാവികപരിണാമമെന്ന നിലയിൽ പരിവർത്തനേച്ഛയ്‌ക്കും അതിൽ സ്ഥാനം ലഭിക്കുന്നു.

മാനവപാദസമ്പർക്കമറ്റ

കാനനാന്തത്തിങ്കൽ വല്ലിടത്തും

തിങ്ങിടും പച്ചപ്പടർപ്പിനുളളിൽ

നിങ്ങളെൻ കല്ലറ തീർക്കുമെങ്കിൽ

പോരും!- മലിനമാമീയുലകിൽ

ചാരിതാർത്ഥ്യമെനിക്കില്ല വേറെ

എന്നും,

ഒരു മരതകപ്പച്ചിലക്കാട്ടിലെൻ

മരണശയ്യ വിരിക്കൂ സഖാക്കളേ!

വസുധയോടൊരു വാക്കു ചൊന്നിട്ടിതാ

വരികയായി ഞാൻ- അല്‌പം ക്ഷമിക്കണേ!

എന്നും മറ്റുമുളള പ്രസിദ്ധമായ ഭാഗങ്ങളിൽ മരണാഭിലാഷമല്ലേ തുടിക്കുന്നതെന്ന്‌ ചിലർ ചോദിച്ചേക്കാം. അതു മനുഷ്യസ്‌നേഹത്തിന്റെ വിപരീതഭാവമാണെന്ന വിമർശനം പണ്ടുതന്നെ ഉയർന്നിട്ടുമുണ്ട്‌. പക്ഷേ, മരണത്തെ ആശ്ലേഷിക്കാൻ പ്രേരിപ്പിക്കുന്ന ഒരു വ്യവസ്ഥിതിയുടെ നേർക്കുളള ഉത്‌കടമായ വിദ്വേഷവും അമർഷവുമാണ്‌ അതിന്റെ പിന്നിലുളളതെന്ന്‌ ആ വിമർശകർ ഓർക്കുന്നില്ല. ’ബാഷ്‌പാഞ്ഞ്‌ജലി‘യിൽത്തന്നെയുളള ചില വരികൾ അതു വ്യക്തമാക്കുന്നു.

ക്ഷുത്തിൻ ദയനീയ ദീനനാദം

വിത്തത്തിൻ ഘോരമാമട്ടഹാസം,

ഈ രണ്ടും നീങ്ങിയിട്ടാർദ്രമാകും

ചാരുസംഗീതമുയരുമെങ്കിൽ-

അന്നതു കേൾക്കുവാനീവിധം ഞാൻ

മന്നിൽ മരിക്കാതിരിക്കുമെങ്കിൽ-

അന്നു ഞാൻ ലോകമേ നിന്നെ നോക്കി

’വന്ദ്യനീ‘യെന്നു നമിച്ചു വാഴ്‌ത്താം

പില്‌ക്കാലത്ത്‌ വിപ്ലവകവിതയുടെ രൂപത്തിൽ ചങ്ങമ്പുഴ രചിച്ച കൃതികളുടെ ബീജം ഇതിലുണ്ടെന്ന്‌ ഞാൻ മനസ്സിലാക്കുന്നു.

മടുപ്പിന്റെ പര്യായമാണു വിഷാദമെന്ന വാദം, വാസ്‌തവത്തിൽ ഉപരിപ്ലവമായ ചിന്തയിൽനിന്നാണുണ്ടാകുന്നത്‌. വിഷാദം ഒരിക്കലും കർമ്മവിമുഖമല്ല. മനുഷ്യത്വത്തെ ചതച്ചരയ്‌ക്കുന്ന ഏതിന്റെ നേർക്കും അമർഷം കൊളളുന്ന ഒരു ഹൃദയത്തിൽ വിഷാദം സ്വാഭാവികമായി കലരാവുന്നതാണ്‌. അത്‌ ഭീരുത്വമാണെന്ന വാദത്തിലും കഴമ്പില്ല.

കരയും ഞാൻ കരയും ഞാൻ, കരയും കവികളെ

കഴുവിൽ കയറ്റുമോ, ലോകമേ നീ?

അഴലുന്നതഖിലവും ഭീരുത്വമാണെങ്കി-

ലലറുന്നതൊക്കെയും ധൈര്യമാണോ?

എന്ന്‌ ചങ്ങമ്പുഴ ചോദിക്കുന്നതിലാണ്‌ ജീവിതസത്യം അടങ്ങിയിരിക്കുന്നത്‌. വിപ്ലവാസക്തിപോലെ വിഷാദവും സമരത്തിന്റെ രൂപമാണ്‌. സഹജവാസനയനുസരിച്ച്‌ ഓരോ കവിയും ഓരോ മാനസികഭാവം അവലംബിക്കുന്നു എന്നു മാത്രം. ഹൃദയവീണയിൽ വിഷാദഗാനമാലപിച്ചുകൊണ്ട്‌ ഭാവനാവീഥിയിലലയുന്നതിനിടയിലും ചങ്ങമ്പുഴയിൽനിന്നു നിശ്ചയദാർഢ്യത്തിന്റെ പ്രഖ്യാപനമുയരാതിരിക്കുന്നില്ല.

ഇരുളിനിയും പരക്കട്ടെ മേല്‌ക്കുമേൽ

കരിമുകിൽമാല മൂടട്ടെ വാനിടം

ഇടി മുഴങ്ങട്ടെ, മിന്നട്ടെ കൊളളിയാ-

നിടവിടാതടിക്കട്ടെ ചണ്ഡാനിലൻ-

പരമശൂന്യമാ മീ വഴിത്താര തൻ

പരിധി കാണാതെ പിൻതിരിയില്ല ഞാൻ.

ഇതും ആദ്യകാല കവിതകളിൽപ്പെട്ടതാണ്‌ (പ്രതിഷേധം).

വിഷാദം ചങ്ങമ്പുഴക്കവിതയുടെ ബലഹീനതയാണെന്ന ആരോപണത്തിന്‌ ഒരു മറുവശമുണ്ടെന്നു വ്യക്തമാക്കാനാണ്‌ ഇത്രയും കുറിച്ചത്‌….

മുപ്പത്തേഴു വർഷക്കാലം മാത്രം നീണ്ടുനിന്ന ജീവിതം (1911-1948); അതിൽ കേവലം പതിനേഴു വർഷത്തെ കാവ്യജീവിതം- അതിനിടയിൽ ചങ്ങമ്പുഴ കവിതാരചനയിലൂടെ ഒരത്ഭുതം തന്നെയാണു കാഴ്‌ചവച്ചത്‌. അൻപത്തേഴു കൃതികൾ അദ്ദേഹം കൈരളിക്കു സമർപ്പിച്ചു. ലഘുകവിതകൾ, ഖണ്ഡകാവ്യങ്ങൾ, പരിഭാഷകൾ തുടങ്ങി പലതും അതിലുൾപ്പെടുന്നു. വിശ്വസാഹിത്യവുമായി ഗാഢസമ്പർക്കം പുലർത്തിയിരുന്ന ചങ്ങമ്പുഴ തന്റെ പരിഭാഷകളിൽപോലും സ്വന്തമായ ശൈലിയാണു പുലർത്തിയിട്ടുളളത്‌. തന്റേതുമാത്രമായ വശ്യത, അദ്ദേഹത്തിന്റെ നിയന്ത്രണത്തിലൊതുങ്ങാതെ, അവയിൽ അലിഞ്ഞുചേർന്നിരിക്കുന്നതായി നമുക്കനുഭവപ്പെടുന്നു. റൊമാന്റിക്‌ കവിക്ക്‌ ഒരിക്കലും തന്റെ സഹജപ്രതിഭയുടെ നിയന്ത്രണത്തിൽനിന്ന്‌ രക്ഷ നേടാനാവുകയില്ല. ആ പരിമിതി റൊമാന്റിക്‌ കവിയുടെ ബലവുമാണ്‌. ചങ്ങമ്പുഴയുടെ ഭാവഗീതങ്ങളിൽ ആ ബലം ഇന്ദ്രജാലമായി പ്രവർത്തിക്കുന്നു. അനുവാചകമാനസങ്ങളെ ഇന്ദ്രിയവേദ്യമായ ലോകത്തിന്റെ യാഥാർത്ഥ്യങ്ങളിൽനിന്നുയർത്തി അത്‌ സ്വപ്‌നാത്മകസൗന്ദര്യത്തിന്റെ നിർവൃതിദായകമായ അനുഭൂതിയിൽ ലയിപ്പിക്കുന്നു. അപ്പോൾ അവർക്ക്‌ ഒന്നേ പറയാൻ തോന്നുകയുളളൂ-’ഇതാ, ഞാൻ ഇന്ദ്രിയാതീതമായ വിചിത്രാനുഭൂതിയിൽ, സ്വപ്‌നത്തിലെന്നപോലെ മുഴുകിപ്പോയി.‘

Generated from archived content: essay1_dec9.html Author: mk_sanu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English