ഇങ്ങനെയൊരു പുസ്തകം വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ചെഴുതുന്നതിനു തീരുമാനമെടുക്കാൻ എന്നെ പ്രേരിപ്പിച്ചത്, എന്റെ ആദ്യകാല ശിഷ്യന്മാരിലൊരാളായ (1957-മഹാരാജാസ്), പി.കെ പ്രതാപചന്ദ്രനാണ്. അദ്ദേഹം സാഹിത്യകാരനല്ല. എൻജിനീയറാണ്. പ്രശസ്തമായ ഒരു പൊതുമേഖലാ സ്ഥാപനത്തിൽ സിവിൽ എൻജിനീയറായി ഇരുപത്താറു വർഷം സേവനമനുഷ്‌ഠിച്ചു. സത്യസന്ധനാണ്, അഴിമതികളുമായി പൊരുത്തപ്പെടാത്ത സ്വഭാവം. അതുകൊണ്ട്, അഴിമതിയുടെ സാഹചര്യം അസഹ്യമായപ്പോൾ, ഔദ്യോഗികസ്ഥാനങ്ങളിൽ ഉന്നതങ്ങളിലെത്താമായിരുന്നിട്ടും പിന്നെയും പത്തുവർഷം ബാക്കിനിൽക്കെ, അദ്ദേഹം സ്വയം സർവീസിൽ നിന്ന് പിരിഞ്ഞു. ഇത്രയും അദ്ദേഹത്തെപ്പറ്റി പറയേണ്ടതാവശ്യമാണ്.
ബഷീറിന്റെ സാഹിത്യലോകവുമായി ആത്മബന്ധം സ്ഥാപിച്ചിട്ടുള്ള ആസ്വാദകനാണ് അദ്ദേഹം. 1990ൽ ‘ബഷീറിന്റെ ഐരാവതങ്ങൾ’ എന്ന പേരിൽ ബഷീറിനെപ്പറ്റി ഡിസി പ്രകാശിപ്പിച്ച ലേഖനസമാഹാരത്തിൽ, ബഷീറിനു കിട്ടിയ ‘കാക്കത്തൊള്ളായിരം’ കത്തുകളിൽ നിന്ന് പ്രതാപചന്ദ്രൻ അയച്ച ഒരു കത്തും ഉൾപ്പെടുത്തിയിട്ടുണ്ട്. ‘സുന്ദരമായ കത്തെ’ന്നും പറഞ്ഞ് ബഷീർ നിർദ്ദേശിച്ചാണ് ആ പുസ്തകത്തിൽ അതുൾപ്പെടുത്തിയത്.
ഒരു ബഷീർ അനുസ്മരണ സമ്മേളനത്തിൽ (2002) ഞാനും പ്രസംഗകനായിരുന്നു. സദസ്സിൽ പ്രതാപചന്ദ്രനുമുണ്ടായിരുന്നു. സമ്മേളനം കഴിഞ്ഞപ്പോൾ അദ്ദേഹം എന്നെ സമീപിച്ചു. പ്രസംഗത്തെ അഭിനന്ദിക്കുന്നതിനിടയിൽ ഇങ്ങനെയൊരു പുസ്തകമെഴുതുക എന്ന ആശയം അവതരിപ്പിക്കുകയും ചെയ്തു. ആരെന്തു പറഞ്ഞാലും സമ്മതിക്കുന്ന പ്രകൃതമാണെന്റേത്. അതുകൊണ്ട് ഞാൻ അതങ്ങു സമ്മതിച്ചു. അവിടംകൊണ്ട് കാര്യം അവസാനിച്ചില്ല. അദ്ദേഹം നിരന്തരം ഇക്കാര്യം ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു.
ജീവചരിത്രമെഴുതുന്നതിന്റെ പ്രാരംഭമായി ബഷീറിന്റെ വീടും പരിസരങ്ങളും കാണേണ്ടതാവശ്യമാണ്. ഒരു ദിവസം പ്രതാപചന്ദ്രൻ കാറുമായി വന്നു. നല്ലൊരു ആസ്വാദകനായ പ്രൊഫ. (ഡോ) പി.വി. വിജയനെയും എന്നെയും കൂട്ടിക്കൊണ്ട് നേരെ തലയോലപ്പറമ്പിലേക്കു തിരിച്ചു. പഴയ വീടും പരിസരങ്ങളും ഞങ്ങൾ ചുറ്റിനടന്നു കണ്ടു. തറവാട്ടിൽ താമസിക്കുന്ന അബൂബക്കർ എന്ന അബുവിനോട് പലതും ചോദിച്ചറിഞ്ഞു. പാത്തുമ്മയുടെ വീട് സന്ദർശിച്ചു. പാത്തുമ്മയുമായി ധാരാളം സംസാരിച്ചു. കിട്ടാവുന്ന വിവരങ്ങൾ ശേഖരിച്ചു.
ഇതിൽ ഞങ്ങളെ സഹായിച്ച ഒരു വ്യക്തിയുണ്ട് – സുഗുണൻ. എസ്.എൻ.ഡി.പി യോഗം പ്രസിഡന്റും രാഷ്ര്ടീയ നേതാവുമായിരുന്ന കെ.ആർ നാരായണന്റെ പുത്രൻ. അദ്ദേഹം അതിനടുത്താണ് താമസിക്കുന്നത്. ബഷീറുമായി ബന്ധപ്പെട്ട പലതും അദ്ദേഹം ഞങ്ങൾക്കു പരിചയപ്പെടുത്തിത്തന്നു. പുഴയിലെ ഒരു പ്രത്യേക ഭാഗത്ത് ബഷീർ കുളിക്കുന്നതും വെള്ളത്തിനു മുകളിൽ പൊങ്ങിക്കിടക്കുന്നതും മറ്റും അദ്ദേഹം അനേകപ്രാവശ്യം കണ്ടിട്ടുണ്ട്. സാഹിത്യാസ്വാദകൻ കൂടിയായ അദ്ദേഹത്തെ ഞാൻ കൃതജ്ഞതയോടെ ഓർമ്മിക്കുന്നു.
ആലുവായിൽ പോയി എം.വി ദേവനുമായും ഞങ്ങൾ വിശദമായി സംസാരിച്ചു.
പിന്നീട് രചന തുടങ്ങാൻ താമസമുണ്ടായില്ല. ഓരോ അദ്ധ്യായം തീരുമ്പോൾ അതു മുഴുവൻ കമ്പൂട്ടറിൽ പകർത്തുക, എന്ന ക്ലേശകരമായ ചുമതല പ്രതാപചന്ദ്രൻ നിർവ്വഹിച്ചുപോന്നു. പക്ഷേ, ആദ്യത്തെ ഏതാനും അദ്ധ്യായങ്ങൾ കഴിഞ്ഞതോടെ, എനിക്ക് നേത്രചികിത്സ നടത്തേണ്ടതായിവന്നു. രചന നിലച്ചു. ചികിത്സ കഴിഞ്ഞപ്പോൾ കുടുംബപരമായ അസൗകര്യങ്ങൾ പലതുമുണ്ടായി. ഒരു വർഷത്തിലധികം രചന തുടരാൻ കഴിയാതെ കുഴങ്ങി. ഈ പ്രതികൂല സാഹചര്യങ്ങളിലും പ്രതാപചന്ദ്രനാണ് എനിക്ക് തുണയായത്. അദ്ദേഹം നിരന്തരം ഓർമിപ്പിച്ചുകൊണ്ടിരുന്നു. അദ്ദേഹം ഈ നിലയിൽ നിർബന്ധിച്ചിരുന്നില്ലെങ്കിൽ, ഈ രചന പൂർത്തിയാകാതെ കിടന്നേനേ; എന്റെ മറ്റു ചില രചനകളുടേയും കൂട്ടത്തിൽ.
മിടുക്കനായ വിദ്യാർത്ഥിയായിരുന്നതോടൊപ്പം പ്രതാപചന്ദ്രൻ വലിയ വായനക്കാരനുമായിരുന്നു. മലയാള കഥാകാരന്മാരിൽ ബഷീറാണ് അദ്ദേഹത്തെ ഏറ്റവുമധികം ആകർഷിച്ചത്. ബാലനായിരിക്കുമ്പോൾ തന്നെ അദ്ദേഹം ബഷീറുമായി പരിചയപ്പെട്ടു. ഒരിക്കൽ പ്രതാപചന്ദ്രനെ ബഷീർ ഇങ്ങനെയാണ് പൊൻകുന്നം വർക്കിക്കും രാമു കാര്യാട്ടിനും പരിചയപ്പെടുത്തിയത്‌ഃ ഇതാണ് ഭാവിയിലെ പണ്ഡിത ജവഹരിലാൽ നെഹ്‌റു! ആ സൗഹൃദം ദൃഢമായി ഒടുവിൽവരെ നിലനിന്നു. അതിന്റെ ഓർമ്മയായിരിക്കാം ഇങ്ങനെയൊരു ദൗത്യം ഏറ്റെടുക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. അതിൽ അദ്ദേഹത്തിനും എനിക്കും തുണയായത് പ്രൊഫ. പി.വി വിജയനാണ്.
ബഷീറിന്റേത് സങ്കീർണമായ വ്യക്തിത്വമാണ്. ഉപരിതലത്തിൽ കാണുന്ന കുസൃതികൾക്കും തമാശകൾക്കും പിന്നിൽ ധാരാളം നന്മയും ആത്മീതയും ശക്തിയും കാരുണ്യവും അദ്ദേഹത്തിൽ സജീവമായിരുന്നു. അതുകൊണ്ടുതന്നെ, സമൂഹം കൊണ്ടാടുന്ന സദാചാരബോധത്തിൽ (അതിൽ കാപട്യത്തിനാണല്ലോ സ്ഥാനം) അദ്ദേഹം വിശ്വസിച്ചിരുന്നില്ല. അദ്ദേഹത്തിൽ ഒരു നിഷേധിയുണ്ടായിരുന്നു. ‘അനർഘനിമിഷം’ എന്ന പുസ്തകത്തിലെ ‘അനൽ ഹഖ്’ വായിക്കുന്നവർക്ക് ആ നിഗൂഢമനസ്സിലേക്ക് എത്തിനോക്കാൻ കഴിഞ്ഞേക്കും. ആ ആന്തരികലോകം ഒരാളെ ഏകാകിയാക്കുന്നു. ‘ഏകാന്തതയുടെ അപാരതീരം’ എന്തെന്ന് അയാൾക്കേ അനുഭവിച്ചറിയാൻ സാധിക്കൂ. അതുകൂടി അറിയാൻ ശ്രമിച്ചുകൊണ്ടാണ് ഞാൻ സംഭവങ്ങൾ തിരഞ്ഞെടുത്തു വിന്യസിച്ചിട്ടുള്ളത്.
കോഴിക്കോട് സ്ഥിരതാമസമാക്കിയതിനു ശേഷമുള്ള ഭാഗം ഇതിൽ ലഘുവായി മാത്രമേ പ്രതിപാദിച്ചിട്ടുള്ളൂ. ചുമതലാബോധമുള്ള ഒരു കുടുംബനാഥനായി എന്നതൊഴിച്ചാൽ ബഷീറിന് കാര്യമായ മാറ്റമൊന്നും ആ ഘട്ടത്തിലുണ്ടായില്ല. മാധ്യമങ്ങൾ നൽകിയ പ്രചാരണകോലാഹലത്തിനു പോലും ബഷീറിലെ തനിമയിൽ മാറ്റം വരുത്താനായില്ല. അതറിഞ്ഞുകൊണ്ടാണ് ആ ഭാഗം സംക്ഷേപിച്ചത്.
ബഷീറുമായി അടുത്തു ബന്ധപ്പെട്ടവരുടെ കൂട്ടത്തിൽ ഞാനുമുണ്ടായിരുന്നു. സ്വകാര്യവേളകളിൽ അദ്ദേഹം ഗൗരവത്തോടുകൂടി ജീവിതപ്രശ്നങ്ങളെപ്പറ്റി പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. അതിൽ നിന്നു കിട്ടിയ ധാരണകൾ എനിക്ക് ഈ രചനയിൽ സഹായകരമായി ഭവിച്ചു. ബഷീറിനെക്കുറിച്ചുള്ള പുസ്തകങ്ങൾ, ബഷീറിന്റെ രചനകൾ, പത്രവാർത്തകൾ തുടങ്ങിയവയേയും ഞാൻ ഉപജീവിച്ചിട്ടുണ്ട്.
ഒരു കല്പിത കഥാപാത്രത്തെപ്പോലെ ജീവിച്ച വൈക്കം മുഹമ്മദ് ബഷീറിന്റെ വ്യക്തിത്വവും അദ്ദേഹത്തിനു കേരളത്തിലുള്ള സ്ഥാനവും ഒരളവോളമെങ്കിലും മനസ്സിലാക്കാൻ ഈ ഗ്രന്ഥം ഉപകരിക്കുമെങ്കിൽ ഞാൻ കൃതാർത്ഥനായി.
ബഷീർ – ഏകാന്തവീഥിയിലെ അവധൂതൻ (പ്രൊഫ. എം.കെ സാനു)
പ്രസാ ഃ ഡി.സി ബുക്സ്
വില ഃ 100രൂ.
Generated from archived content: book1_july13_07.html Author: mk_sanu
Click this button or press Ctrl+G to toggle between Malayalam and English