ലഹരിക്കെതിരായ രാഷ്ട്രീയ നിലപാടെന്ത്?

‘മദ്യകേരളത്തിന്റെ’ ഭൂപടത്തില്‍ ‍ചാലക്കുടിക്ക് അദ്വീതിയ സ്ഥാനമാണുള്ളത്. ചാ‍ലക്കുടിക്കാര്‍ ജന്മനാ മദ്യപാനികളല്ല. ലഹരിപ്രിയരുമല്ല. പക്ഷെ ഇന്ന് ബിവറേജസ് കോര്‍പ്പറേഷന്റെ നമ്പര്‍വണ്‍ വില്‍പ്പനകേന്ദ്രങ്ങളില്‍ ഒന്നാണ് ചാലക്കുടിയിലേത്. ഇവിടത്തെ അന്തരീക്ഷത്തില്‍ മദ്യത്തിന്റെ ചുവയുണ്ടെന്നാണ് മാധ്യമങ്ങള്‍ പറയുന്നത്. ചാലക്കുടിയിലെ മുരിങ്ങൂരില്‍ ജനിച്ചു വളര്‍ന്ന എനിക്കിത് നിഷേധിക്കാനാവില്ല. അതേ സമയം ലഹരിക്കെതിരായ പ്രതിരോധവും ചാലക്കുടിയില്‍ ശക്തമായുണ്ട്. ഇവിടത്തെ ഓരോ കുടുംബവും ഓരോ വ്യക്തിയും മദ്യസംസ്ക്കാരത്തെ പ്രതി സംഘര്‍ഷത്തിലാണ്. അമിതമായ ആത്മസംഘര്‍ഷത്തിന്റെ ലക്ഷണം കൂടിയാണല്ലോ മദ്യപാനം. ഓരോ മദ്യപനും തന്റെ ദുശീലത്തിനെതിരായ പോംവഴികളുടെ അബോധമായ അന്വേഷണത്തിലാണ് എപ്പോഴും. മുഴുക്കുടിയന്മാരുടെ മനസ്സിലല്ലാതെ മറ്റെവിടെയാണ് മദ്യവിപത്തിനെതിരെ നിശ്ശബ്ദവും ആത്മാര്‍ത്ഥവും അതേസമയം നിസ്സഹായവുമായ പോരാ‍ട്ടങ്ങള്‍ അരങ്ങേറുക? മദ്യം ഒട്ടും ആസ്വാദ്യവുമല്ലത്തതും അവര്‍ക്കാണ്. അവര്‍ മദ്യത്തെ എന്നതിനേക്കാള്‍ മദ്യം അവരെയാണല്ലോ കുടിച്ചു തീര്‍ക്കുന്നത്. ലഹരികളുടെ പിരമിഡില്‍ ഏറ്റവും മുകളില്‍ വാഴുന്ന അധികാരലഹരിയുടെ ഇരകളും രക്തസാക്ഷികളുമാണവര്‍. രാഷ്ട്രീയമായി ഷണ്ഡീകരിക്കപ്പെട്ടവര്‍ മദ്യത്തിലൂടെ തങ്ങള്‍ വ്യവസ്ഥയെ ചെറുക്കുന്നു എന്ന മിഥ്യാബോധത്തിലാണ് അവരിലേറെയും.

ധ്യാ‍നകേന്ദ്രവും ഡിസ്റ്റലറിയും

മുരിങ്ങൂരില്‍ എന്‍. എച്ച് 47 – ല്‍ തന്നെയാണ് ലഹരി വിമുക്തകേന്ദ്രം കൂടിയായ ‘ ഡിവൈന്‍ ധ്യാനകേന്ദ്രം. ‘പോള്‍സണ്‍ ഡിസ്റ്റലറി’ എന്ന മദ്യ നിര്‍മ്മാണ ഫാക്ടറിയാകട്ടെ ധ്യാനകേന്ദ്ര ‍ത്തിനു തൊട്ടു മുന്നിലും. എന്റെ ഒരടുത്ത ബന്ധു മൂന്നുപ്രാവശ്യം ധ്യാനം കൂടി മദ്യപാനം ‘ നിറുത്തിയ’ ആളാണ്. അപ്പോഴൊക്കെ ഭക്തിലഹരിയുടെ മഹത്വം വാഴ്ത്തിപ്പാടാന്‍ അദ്ദേഹം മറക്കാറില്ല . പിന്നീടദ്ദേഹം പതിവായി മദ്യസേവ നിറുത്തിക്കൊണ്ടിരുന്നു. ഇപ്പോള്‍ അധികസമയവും ആശുപത്രികളിലും മരുന്നുകളുടെ മയക്കലഹരിയിലുമാണ്.

മുരിങ്ങുര്‍ ധ്യാനകേന്ദ്രം ഇരിക്കുന്നിടത്തായിരുന്നു ഞാന്‍ പണ്ടു പഠിച്ചിരുന്ന പ്രൈമറി സ്കൂള്‍. തൊട്ടുമുന്നില്‍ റോഡിന് എതിര്‍വശം ഡിസ്റ്റലറി. ഡിസ്റ്റലറിയില്‍ നിന്നുള്ള ‘ മൊളാസസ്സിന്റെ ‘ ശേഷിപ്പും മറ്റവശിഷ്ടങ്ങളും റോഡരുകിലെ വലിയ കാനയിലേക്കാണവര്‍ തുറന്നു വിട്ടിരുന്നത്. ഉച്ചയാകുമ്പോഴേക്കും ഞങ്ങള്‍ കുട്ടികളെല്ലാം അന്തരീക്ഷത്തിലെ രൂക്ഷമണം ശ്വസിച്ച് പൂസാകും. ചിലര്‍ ഛര്‍ദ്ദിക്കും. ചിലര്‍ മയങ്ങിവീഴും. സഹിക്കവയ്യാതെ അധ്യാപകരും വിദ്യാര്‍ത്ഥികളും അന്നത്തെ പഞ്ചായത്തു പ്രസിഡന്റിന്റെ നെതൃത്വത്തില്‍ മാസങ്ങളോളം സമരം ചെയ്തു. 1956 – 57 കാലത്താണിത്. ഒടുവില്‍ ഡി്സ്റ്റിലിക്കാ‍ര്‍ മുഴുവന്‍ മാലിന്യങ്ങളും പൈപ്പുവഴി പുറകിലെ പുഴയിലേക്കൊഴുക്കി ഞങ്ങളുടെ സമരം ‘ വിജയിപ്പിച്ചു!’

ചോലയാറിന് ലഹരി

അന്നുമുതല്‍ ചാലക്കുടിപ്പുഴ എന്ന ചോലയാര്‍ മദ്യലഹരിയിലാണ്. കുറച്ചു കിഴക്ക് പുലാനി എന്ന സ്ഥലത്ത് പുതിയതായി ആരംഭിച്ച ബിയറു കമ്പനിയും പുഴയോരത്താണ്. സിനിമാപ്പാട്ടിലെ ആ പഴയ ചന്ദനചോല ഇപ്പോള്‍ ആദ്യം കുടിക്കുന്നത് ബിയര്‍; പിന്നെ ബ്രാണ്ടി. തൊട്ടുപുറകെ കാതിക്കുടം നിറ്റാ ജലാറ്റില്‍ ഫാക്ടറിയിലെ എല്ലിന്‍ സൂപ്പും രാസച്ചേരുവകളും. ഇതിനൊക്കെ പുറമെ കിഴക്കന്‍ മലകളിലെ തേയിലത്തോട്ടങ്ങളില്‍ ഇന്ന് ചായലഹരിയോടൊപ്പം അവിടെ ആകാശമാര്‍ഗം തളിക്കുന്ന കള്ളപ്പേരിലുള്ള എന്‍ഡോസള്‍ഫാന്‍ വേറെയും. ചാലക്കുടിപ്പുഴ ഫുള്‍ടൈം പൂസാണ്; മയക്കത്തിലും മരണക്കിടക്കയിലുമാണ്.

മദ്യം മാന്യതയ്ക്ക്

അടിയന്തരാവസ്ഥയ്ക്കുശേഷം നക്സലൈറ്റ് വിപ്ലവത്തിന്റെ ലഹരിയിറങ്ങിയപ്പോഴാണ് ‘ അല്‍പ്പസ്വല്‍പ്പം ‘ മദ്യലഹരിയാവാമെന്ന ധൈര്യം അക്കാലത്തെ രാഷ്ട്രീയ ശൂന്യതയില്‍ നക്സലൈറ്റ് അനുഭാവികളായിരുന്ന ഞങ്ങളെ സ്വാന്തനിപ്പിക്കാനെത്തിയത്. പുതിയയതായി അനുഭവിച്ചറിഞ്ഞ ജനാധിപത്യ പൗരാവകാശമൂല്യങ്ങളുടെ ആഘോഷമെന്ന പരിവേഷവും ഈ ‘ അല്‍പ്പസ്വല്‍പ്പ‘ ത്തിനുണ്ടായിരുന്നു. ഞങ്ങളത്ര കടുത്ത ഭീകരപ്രവര്‍ത്തകരൊന്നുമല്ലെന്ന് അതോടെ വീട്ടുകാരും നാട്ടുകാരും ഒരേപോലെ ആശ്വസിച്ചു. ഒരു ‘ നൊയമ്പിറക്കലി’ ന്റെ പ്രതീതിയുണ്ടായിരുന്നു ആ അല്‍പ്പസ്വല്‍പ്പത്തിന്. ഏതായാലും ഞങ്ങള്‍ ‘ നല്ല കുട്ടി’ കളുടെ ലിസ്റ്റില്‍ എഴുതിച്ചേര്‍ക്കപ്പെട്ടു. ഔപചാരിക ഇടതുപക്ഷ രാഷ്ട്രീയക്കാര്‍ ഞങ്ങളെ ‘ മൈന്റു’ ചെയ്യാനും തുടങ്ങി. ‘’ കുടിച്ചോ, കൂത്താടരുത്’‘എന്ന ഇ. എം. എസിന്റെ സൈദ്ധാന്തിക പിന്തുണ ഞങ്ങള്‍ക്ക് ഇക്കാര്യത്തില്‍ കൂട്ടിനുണ്ടയിരുന്നു.

കുടിച്ചാല്‍കൂത്താടാതിരിക്കാനാവില്ലെന്ന് ഇടതുനേതൃത്വം സമ്മതിക്കുന്നത് വര്‍ഷങ്ങള്‍ പിന്നേയും കഴിഞ്ഞു അടുത്ത കാലത്ത് പിണറായി വിജയനിലൂടെയാണ്. ’‘ കള്ളുകുടിച്ചാല്‍ വയറ്റില്‍ കിടക്കണം’‘ എന്ന് അലങ്കോലപ്പെട്ട പാര്‍ട്ടി സമ്മേളനത്തില്‍ അണികളെ പരസ്യമായി താക്കീതു ചെയ്യേണ്ട ഗതികേട് അദ്ദേഹത്തിനുണ്ടായല്ലോ ‘ കുടിക്കരുത്’ എന്നുപറയാന്‍ അപ്പോഴും പിണറായിക്ക് കഴിഞ്ഞില്ല. ഇപ്പോഴാണദ്ദേഹം കുടിക്കരുതെന്ന് അണികളെ ഉപദേശിക്കുന്നത്. അധികാരലഹരിയുടെ വക്താക്കള്‍ ഇങ്ങനെ പറഞ്ഞതുകൊണ്ടു മാത്രം ആളുകള്‍ ‍കുടിക്കാതിരിക്കുമോ? ഒരു രാഷ്ട്രീയ നിലപാടെന്ന നിലയിലാണോ പിണറായി വിജയന്‍ മദ്യത്തിനെതിരെ ഇപ്പോള്‍ സംസാരിക്കുന്നത്?

ഫെമിനിസ് മദ്യപാനം!

എണ്‍പതുകളില്‍ പരിസ്ഥിതി ഫെമിനിസം തുടങ്ങിയ നവസാമൂഹിക പ്രസ്ഥാനങ്ങള്‍ രാഷ്ട്രീയ ശൂന്യതയെ ക്രിയാത്മകമായി നികത്താന്‍ തുടങ്ങിയപ്പോഴാണ് മദ്യപാനത്തില്‍ എനിക്ക് താത്പര്യമില്ലാതായത്. എന്നിരുന്നാലും മദ്യത്തിനെതിരെ വ്യക്തമായൊരു രാഷ്ട്രീയ നിലപാടെടുക്കാന്‍ അന്നുകഴിഞ്ഞിരുന്നില്ല. അതുവരെ തുടര്‍ന്നു വന്ന പുരുഷാ‍ധിപത്യപരമായ മദ്യപാനത്തിനു പകരം സ്ത്രീ- പുരുഷ സമത്വാ‍ധിഷ്ഠിതമായ മദ്യ സേവ എന്തുകൊണ്ടായിക്കൂടാ? പ്രായോഗികമാക്കാന്‍ തുനിഞ്ഞിറങ്ങിയില്ലെങ്കിലും ഈ ചോദ്യം അല്‍പ്പകാലത്തേക്ക് അലട്ടാതിരുന്നില്ല. പരസ്യമായി പുകവലിച്ചും മദ്യപിച്ചും ഇക്കാര്യത്തില്‍ തങ്ങള്‍ അബലകളല്ലെന്ന് തെളിയിച്ചുകൊണ്ട് ഫെമിനിസ്റ്റ് സ്ത്രീകളെ പരിചയപ്പെടാനും അക്കാലത്തിട വന്നിരുന്നു. മദ്യത്തിനെതിരെ സ്പഷ്ടമായൊരു നിലപാടെടുക്കാന്‍ മടിച്ചതിനു പുറകില്‍ രാഷ്ട്രീയമായ ഈ അവ്യക്തതക്കു പുറമെ , ഈ അവ്യക്തയുടെ ഭാഗമെന്ന് ഇന്നു തിരിച്ചറിയാന്‍ കഴിയുന്ന , മറ്റൊരു വിചിത്രമായ കാരണവുമുണ്ടായിരുന്നു.

സമരാഭാസങ്ങള്‍

ഒരു ദിവസം രാ‍വിലെ പതിനൊന്നു മണിയോടെ അടുത്ത ഗ്രാ‍മക്കാരനായ സ്നേഹിതന്‍ പതിവില്ലാത്ത വിധം ചാലക്കുടി പട്ടണമധ്യത്തിലെ ബാറില്‍ നിന്നിറങ്ങിവരുന്നു. ‘ എന്താ പതിവില്ലാതെ ഈ സമയത്ത് ? അതും ഒറ്റക്ക്?’‘ എന്റെ ചോദ്യത്തിന് സുഹൃത്തു പറഞ്ഞ മറുപടി ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമായിരുന്നു. ‘’ഞാന്‍ രാവിലെ മാര്‍ക്കറ്റിലേക്കായി വന്നതാണ്. ബസ്സിറങ്ങി സൗത്ത് ജംഗ്ഷനില്‍ വന്നപ്പോള്‍ അവിടെ ഒരു പറ്റം ഖദര്‍ധാരികളിലിരുന്ന് മദ്യവിരുദ്ധ സത്യാഗ്രഹം നടത്തുന്നു. അവര്‍ മൈക്കിലൂടെ ‘’ മദ്യം മദ്യം മദ്യം മദ്യം മദ്യം മദ്യം… നാടിന്നാപത്ത് ‘’ എന്ന് ഉച്ചത്തില്‍ വിളിച്ചു കൂവുന്നതു കേട്ടപ്പോള്‍ എനിക്കു നില്‍ക്കപ്പൊറുതിയില്ലാതായി. ഞാന്‍ നേരെ ഇതിനകത്തു കയറി’‘ ചെവിയോര്‍ത്തപ്പോള്‍ ഞാനും കേട്ടു. നല്ല ഈണത്തിലുള്ള മദ്യവിരുദ്ധ മുദ്രാവാക്യം. അതു കേട്ടാല്‍ ഏതു കുടിയനും മേല്‍കീഴ്നോക്കാതെ അടുത്ത ഷാപ്പില്‍ കയറി കുടിക്കുമെന്നുറപ്പ്!

ഇതൊരു ഒറ്റപ്പെട്ട സംഭവമായി എഴുതിത്തള്ളാന്‍ എനിക്കാകുമായിരുന്നില്ല. മദ്യവിരുദ്ധസമരം പലപ്പോഴും എപ്രകാരമാണ് മദ്യപാനാസക്തിയെ പ്രകോപിപ്പിച്ച് പ്രോത്സാഹിപ്പിക്കുന്നത് എന്ന തിരിച്ചറിവ് പ്രശ്നത്തിന്റെ സങ്കീര്‍ണ്ണതകളെപ്പറ്റി ചിന്തിക്കാന്‍ പ്രേരണയായി. ‘ മദ്യപാനം ആരോഗ്യത്തിന് ഹാനികരം’ എന്ന നിയപരമായ മുന്നറിയിപ്പ് മദ്യത്തിന്റെ നല്ലൊരു പരസ്യമായി മാറിയിരിക്കുന്നത് നമുക്കറിയാവുന്ന കാര്യമാണല്ലോ. മദ്യം വിറ്റു കിട്ടുന്ന പണത്തില്‍ ഒരു ചെറിയ പങ്കെടുത്ത് മദ്യവിരുദ്ധ പ്രചാരണം നടത്തുന്നതിലെ പൊള്ളത്തരവും വഞ്ചനയും ക്രൂരതയും സാധാരണക്കാര്‍ പലപ്പോഴും മനസിലാക്കുന്നില്ല. ഒരേ സമയം മദ്യവ്യവസായ തൊഴിലാളികളുടെ അവകാശങ്ങള്‍ക്കു വേണ്ടിയും മദ്യക്കെടുതികള്‍ക്ക് ഇരയാകുന്നവരുടെ പക്ഷം പിടിച്ചും നിലയുറപ്പിക്കുന്ന കക്ഷിരാഷ്ട്രീയക്കാരുടെ കാപട്യം പൊതുവില്‍ മദ്യവിരുദ്ധ പ്രവര്‍ത്തനങ്ങളെയെല്ലാം എതിരായി ബാധിക്കാതെ വയ്യ. നമ്മുടെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും ഭരണാധികാ‍രികളും മദ്യത്തിനെതിരെ പ്രസംഗിക്കുന്നതും ജാഥ നടത്തുന്നതും കണ്ടാ‍ല്‍ അതിലെ കാപട്യം ഒന്നുകൊണ്ടു മാത്രം നേരേ ചൊവ്വേ ചിന്തിക്കുന്നവരില്‍ ചിലെരെങ്കിലും മദ്യപാനത്തെ അനുകൂലിച്ച് നിലപാടെടുത്തു കൂടെന്നില്ല. ആത്മാര്‍ത്ഥമെങ്കിലും രാഷ്ട്രീയമായ വ്യക്തതകളോ സാകല്യബോധമോ ആര്‍ജ്ജവമോ ഇല്ലാതെ നടത്തപ്പെടുന്ന ശുദ്ധമനസ്ക്കരുടെ മദ്യവിരുദ്ധപ്രവര്‍ത്തനങ്ങളും ഇതിനിടയില്‍ നിഷ്ഫലമായും കോമാളിത്തമായും കലാശിക്കുന്നു.

ലഹരിയുടെ ദശാവതാരം

ഒരിക്കല്‍ രാവിലെ പത്രത്തോടൊപ്പമുള്ള ലഹരി വിരുദ്ധ ക്ലാസ്സിന്റെ ഒരു നോട്ടീസ് കിട്ടി. അങ്കമാ‍ലിയില്‍ വെച്ചാണ് വിദഗ്ദര്‍ പങ്കെടുക്കുന്ന സൗജന്യ ലഹരി വിരുദ്ധ ക്ലാസ്സ്. മദ്യപാ‍നരോഗികള്‍ക്ക് ചികിത്സക്കുള്ള നിര്‍ദ്ദേശങ്ങളും കൗണ്‍സിലിംഗും ക്ലാസ്സിന്റെ ഭാഗമായി ഏര്‍പ്പാടാക്കിയിട്ടുണ്ട്. നല്ല ആര്‍ട്ട് പേപ്പറില്‍ വര്‍ണ്ണശബളമായി അച്ചടിച്ചിട്ടുള്ള നോട്ടീസിന്റെ മറുപുറം അങ്കമാലിയിലെ ഒരു വലിയ സ്വര്‍ണ്ണക്കടയുടെ പരസ്യമാണ് അവരാണ് പരിപാടി സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത് . ബിഹാരിലാല്‍ എന്ന ഉത്തരേന്ത്യന്‍ കവിയുടെ ഈരടിയാണ് ആ നോട്ടീസ് കണ്ടപ്പോള്‍ ഓര്‍മ്മ വന്നത്. ‘’ഉമ്മത്തിന്‍ കായ് ഉള്ളില്‍ ചെന്നാലാണ് ലഹരി . സ്വര്‍ണ്ണം കയ്യില്‍ കിട്ടിയാലുടന്‍ ലഹരി പിടിക്കും. ‘’ ഇതാണ് കവിതയുടെ ആശയം. മദ്യവും മയക്കുമരുന്നും പുകയിലയും മറ്റും ശരീരത്തിനുള്ളില്‍ ചെന്നാല്‍ മാത്രം ആളുകള്‍ ഉന്മത്തരാകുമ്പോള്‍ പണവും അധികാരവും മറ്റും കയ്യില്‍ കിട്ടിയാല്‍ മതി ഉന്മത്തരാവാന്‍.

ചായ, കാപ്പി മുതലായ ഏതു ലഹരിയും ഉത്തേജകങ്ങളാ‍ണ്. അവ ആദ്യം ഉണര്‍വ്വു തരുന്നു. പിന്നീട് നാഡീവ്യൂഹത്തേയും ആന്തര ഗ്രന്ഥികളേയും മന്ദീഭവിപ്പിക്കുന്നു. ക്ഷീണവും മന്ദതയും മയക്കവും വിധേയത്വവുമാ‍ണ് പരിണിതി. മദ്യം , മയക്കു മരുന്ന് , പുകയില തുടങ്ങിയവ ശരീരത്തിലൂടെ മനസ്സിനെ ആക്രമിക്കുന്നു. പണം , പ്രതാപം , പ്രശസ്തി , അധികാരം തുടങ്ങിയവ ഗ്രേഡ് കൂടിയ ലഹരികളാണ് . അവ മനസിലൂടെ ശരീരങ്ങളെ ആക്രമിക്കുന്നു. ലഹരിക്ക് മേലാള- കീഴാള തലങ്ങള്‍ ഉണ്ടെന്നര്‍ത്ഥം. പൊതുവെ കൊളോണിയല്‍ ഘടനയാണ് അതിനുള്ളത്.

ലഹരി വ്യവസായം.

വേദങ്ങള്‍ ഉടലെടുത്ത അതിപ്രാചീനകാലം മുതല്‍ മനുഷ്യന്‍ മദ്യം ഉപയോഗിച്ചിരുന്നു എന്നും ഓരോ പ്രദേശത്തിന്റേയും തനതു മദ്യം ആ ജനതയുടെ സംസ്ക്കാരത്തിന്റെ അഭിന്ന ഭാഗമാണെന്നും മിതമായ മദ്യപാനം ഭക്ഷണത്തിന്റെ ഭാഗമെന്ന നിലയില്‍ മാന്യവും ആരോഗ്യകരവുമാണെന്നും മദ്യപാനത്തിന് ന്യായീകരണം കണ്ടെത്തുന്നവരുണ്ട്. അവര്‍ മറക്കുന്നത് എല്ലാം വ്യവസായമായി മാറിക്കഴിഞ്ഞ ഇക്കാലത്ത് മിതവും ആരോഗ്യകരവുമായ ലഹരി അസംഭ്യമാണെന്ന വസ്തുതയാണ് വ്യവസായവത്ക്കരിക്കപ്പെടുന്നതോടെ എന്തും സങ്കല്‍പ്പാതീതമായ തോതില്‍ അടിച്ചേല്‍പ്പിക്കാതെ വയ്യ.

അധിനിവേശപരമായ ഇത്തരം അടിച്ചേല്‍പ്പിക്കലുകള്‍ പക്ഷെ, സൂക്ഷ്മ രാഷ്ട്രീയത്തില്‍ സാക്ഷരരല്ലാത്ത വ്യക്തികളില്‍ സ്വന്തവും സ്വതന്ത്രവുമായ തെരെഞ്ഞെടുപ്പാണെന്ന പ്രതീതിയുണ്ടാക്കുന്നതതില്‍ വിജയിക്കുന്നു. വ്യക്തികളുടെ മാനുഷിക സ്വത്വബോധത്തേയും സ്വത്വാധികാരത്തേയും തകിടം മറിച്ചു കൊണ്ടാണ് വ്യവസായവും മൂലധനകേന്ദ്രീകൃതമായ അധികാരരാഷ്ട്രീയവും വളര്‍ന്നു വരുന്നതും യുദ്ധ ലഹരിയെ ഉത്തേജിപ്പിക്കുന്നതും. രണ്ടാം ലോക യുദ്ധാനന്തരം വന്‍ശക്തികള്‍ തമ്മില്‍ നിലനിന്നിരുന്ന ശീതയുദ്ധവും ആഗോളീകരണത്തിന്റേതായ ഇക്കാലത്തെ ഭീതിയുദ്ധവും ആ പഴയ യുദ്ധലഹരിയുടെ തന്നെ രൂപഭേദങ്ങളാണ് ടെന്‍ഷന്‍, സ്ട്രെസ് എന്നി പേരുകളില്‍ അറിയപ്പെടുന്നത് യുദ്ധ ഭീതിയുടെ ചെറുപതിപ്പുകളാകുന്നു.

കുഴി ചാടെണ്ടതെങ്ങനെ?

കേരളത്തിലേക്ക് വിദേശപ്പണത്തിന്റെ കുത്തൊഴുക്ക് സൃഷ്ടിക്കുന്ന ലഹരി ഒന്നുവേറെയാണ് . മറ്റൊരു സംസ്ഥാനത്തിനും ഇല്ലാ‍ത്ത ചില സ്വിശേഷതകള്‍ ഈ ലഹരി കേരളത്തില്‍ സമ്മാനിക്കുന്നുണ്ട്. വിയര്‍പ്പൊഴുക്കാതെ ‘ സുഖജീവിതം’ നയിക്കാന്‍ കഴിയുന്ന രോഗാതുരമായ ഒരു മധ്യവര്‍ഗ്ഗം കേരളത്തിലെ മുഖ്യധാരയെ നിര്‍ണ്ണയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നു. മദ്യവും ലോട്ടറിയും ഭക്തിയും ആശുപത്രികളും മരുന്നും സ്വര്‍ണ്ണവും മണിമന്ദിരങ്ങളുമൊക്കെ കേരളീയ ജനജീവിതത്തെ മോഹനിദ്രയിലാഴ്ത്തിയിരിക്കുനു. ഭക്തിയും ആത്മീയതയും വന്‍കിട വ്യവസായമായി മാറിയിട്ട് ദശകങ്ങള്‍ പലതായി.

ഭക്തിക്കും സൗന്ദര്യത്തിനും അവയുമായി ബന്ധപ്പെട്ട ലഹരികള്‍ക്കും ഇപ്പോല്‍ അര്‍ത്ഥം വേറെയാണ് . ഭക്തിവ്യവസാ‍യം , സൗന്ദര്യവ്യവസായം, വിനോദവ്യവസായം എന്നിങ്ങനെ അവ ആഗോള മൂലധനത്തിന്റെ മേച്ചില്‍ പുറങ്ങളുമായി ധാരാളം അനുബന്ധ വ്യവസായങ്ങളുടെ ശൃംഖലകള്‍ സൃഷ്ടിച്ച് തടിച്ചു കൊഴുത്തിരിക്കുന്നു. അതുകൊണ്ടു തന്നെ വ്യാവസായികവും ഊഹമൂലധനസംബന്ധിയുമായ പുതുപുത്തന്‍ നാഗരിക കെട്ടിക്കാഴ്ച കള്‍‍ക്കെതിരെ സ്പഷ്ടമായൊരു നിലപാടെടുക്കാതെ ലഹരി വിരുദ്ധ സമരം അര്‍ത്ഥവത്താവുക സാധ്യമല്ല. മദ്യത്തിന്റേയോ മയക്കുമരുന്നുകളുടെയോ ആരോഗ്യപരമോ, സാമ്പത്തികമോ, സാ‍മൂഹികമോ, നൈതികമോ, മതപരമോ ആയ വശങ്ങളില്‍ ചിലതിനു മാത്രം ഊന്നല്‍ നല്‍കി മറ്റു വശങ്ങളും മറ്റു ലഹരികളും അവഗണിച്ചു തള്ളുമ്പോള്‍ നാം ‘ കുഴി പകുതി ചാടിക്കടക്കുക’ എന്ന അപകടത്തിലേക്കാണ് ‘ രക്ഷപ്പെടുക’. സ്ഥൂലവും സൂക്ഷ്മവുമായ രാഷ്ട്രീയത്തിന്റെ സമഗ്രതയുമായി കണ്ണിചേര്‍ത്താലേ ഇക്കാലത്ത് ലഹരി വിരുദ്ധ പ്രവര്‍ത്തനം ഫലവത്താകൂ. ‘പ്രകൃതി ജീവന‘മാണ് ഇതിന്റെ നേരായ വഴി.

ഇടതും വലതുമായ വികസന സങ്കല്‍പ്പങ്ങളാണ് പുതുലഹരികളെ സാധ്യമാക്കുന്നതും പൊലിപ്പിച്ചെടുക്കുന്നതും. വിഷമയമായ ഈ വികസന സങ്കല്‍പ്പങ്ങള്‍ കയ്യൊഴിയലും പ്രകൃതിജീവനം അവലംബിക്കലും ഒരേ പ്രക്രിയയാ‍കുന്നു. ഇതല്ലാതുള്ള ലഹരി വിരുദ്ധ കോലാഹലങ്ങള്‍ വഞ്ചനാപരമാണ് . ഭരണകൂടത്തെ ബദല്‍ ഭരണകൂടം കൊണ്ടും ഹിംസയെ ഹിംസ കൊണ്ടും ഒരു ലഹരിയെ ലഹരികൊണ്ടും പരിഹരിക്കാ‍മെന്ന വ്യാമോഹലഹരിയില്‍ നിന്നുള്ള മുക്തിയാണ് ‘ പ്രകൃതി ജീവനം’ ജൈവരാഷ്ട്രീയ്ത്തിന്റെ യാഥാര്‍ത്ഥ്യബോധമാണത്. ഇക്കുറി പുതുവത്സരദിനത്തില്‍ ചാലക്കുടി ‘ കുടി’ യില്‍ പിന്നിലാണ് . പൊന്നാനിയും തിരൂരും മറ്റുമാണെത്രേ മുന്നില്‍ അധികാര ( കൊലപാതക) രാഷ്ട്രീയത്തിന്റെ ലഹരിയുടെ തുടര്‍ച്ചയിലും മദ്യലഹരിയുടെ കര്‍മ്മികത്വത്തിലും നടന്ന ഒരു കൊലയും തുടര്‍ന്ന് അരങ്ങേറിയ ‘ മിന്നല്‍ ബന്ദു ‘ മാണ്ചാലക്കുടിയിലെ പുതുവത്സര മദ്യവില്‍പ്പനയെ എതിരായി ബാധിച്ചത്. നോക്കണേ മദ്യത്തിന്റെ ത്രാസ് ഉയരുന്നതും താഴുന്നതും മറ്റെല്ലാം ലഹരികളുടെ സമ്മര്‍ദ്ദത്തിലാണെന്ന് ! കൂട്ടത്തില്‍ പറയട്ടേ, പ്രകൃതി ജീവനത്തിന്റെ അദ്യപടിയായ പ്രകൃതി ചികിത്സയെ പറ്റി മലയാളത്തില്‍ ഒരുപക്ഷെ ആദ്യമായി ഒരു പുസ്തകം പിറവിയെടുത്തത് ചാലക്കുടിയിലാണ്. ഈയിടെ അന്തരിച്ച വൈദ്യ ഭൂഷണം രാഘവന്‍ തിരുമുല്‍പ്പാടാണ് അതിന്റെ രചയിതാവ്.

കടപ്പാട് – സുജീവിതം

Generated from archived content: essay1_mar3_12.html Author: mk_raveendran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here