ദൂരെ, മേഘങ്ങൾ
മൂടിപ്പുതച്ചാകാശം,
തണുപ്പിൽ കിടുകിടെ
വിറയ്‌ക്കുന്ന ഭൂമിയും.
ഊഴമിട്ടെത്തും
ഈറൻ കിനാവുകൾ,
മിന്നാമിനുങ്ങുകൾ…
പ്രിയമാണെനിക്കീ
മഴക്കാലരാവിൻ
തോരാത്ത ചില്ലകൾ….
ഉച്ചത്തിൽ ധ്യാനിക്കും
അതിസൂക്ഷ്‌മ ജീവികൾ,
ഇലച്ചാർത്തിൽ
പ്രണയം മന്ത്രിക്കും
മഴത്തുളളികൾ,
ആർത്തിയോടിണയെ-
ത്തിരയും വിരലുകൾ…
പ്രിയമാണെനിക്കീ
മഴക്കാലരാവിൻ
മേളക്കൊഴുപ്പുകൾ…
തുറന്നേകിടക്കുമെൻ
ചില്ലുജാലകം,
നെറ്റിയിലിറ്റും ജലം,
ഇരുട്ടിനെപ്പിളർന്ന
മിന്നൽപ്പിണർ….
മഴ പെയ്‌തു തോർന്നപോൽ
പടിയിറങ്ങുന്നു പ്രാണൻ.
പ്രിയമാണെനിക്കീ
മഴക്കാലരാവിൻ
മരണസങ്കീർത്തനങ്ങൾ.
Generated from archived content: poem1_nov17.html Author: mk_paul