വൈകാരിക ദുർബ്ബല മേഖലകൾ

മനുഷ്യാനുഭവങ്ങളെ ചിലർ പൊതിഞ്ഞ്‌, വർണാഭമായി അവതരിപ്പിക്കും. അവർക്ക്‌ അനുഭവങ്ങൾ യഥാർത്ഥമായി കൊള്ളണമെന്നില്ല. ചില സങ്കല്‌പങ്ങളും കീഴ്‌വഴക്കങ്ങളുമാണ്‌ അവരെ നയിക്കുന്നത്‌. സ്വന്തം അനുഭവങ്ങൾ കുറവായിരിക്കും. എല്ലാം ഭാവനയിലൂടെ അവർ നിർമ്മച്ചെടുക്കും. ഇതെല്ലാം ഇവിടെ എപ്പോഴും സംഭവിക്കുന്നതുമാണ്‌. നാണം കെടുത്തുന്ന ജീവിതത്തെ അവർ അന്തസ്സായി, പുത്തനുടുപ്പണിയിച്ച്‌ എഴുന്നള്ളിച്ചു കൊണ്ടുവരും.

എന്തുകാണ്ടോ, മാധവിക്കുട്ടി തന്റെ അനുഭവങ്ങളെ നഗ്നമാക്കിക്കൊണ്ടേയിരുന്നു. തുറക്കാവുന്നിടത്തോളം, ജീവിതത്തെ തുറക്കുക എന്നതായിരുന്ന അവരുടെ ലക്ഷ്യം. ബുദ്ധിപരമായല്ല, സംവേദനങ്ങളുടെ താത്‌കാലികവും തരളവുമായ സ്‌പർശങ്ങളിലൂടെയാണ്‌ അവർ എന്തിനെയും നോക്കി കണ്ടത്‌. വൈകാരികതയുടെ സ്‌ഫോടനാത്‌മകതയല്ലിത്‌. വികാരം നശിക്കാതിരിക്കാനുള്ള ജാഗ്രതയാണ.​‍്‌

രതി, നഗ്നത, പ്രണയം, എന്നിങ്ങനെയുള്ള അനുഭവങ്ങളെ സജീവമാക്കി നിർത്തിക്കൊണ്ട്‌ വ്യക്തി എന്ന നിലയുള്ള വൈകാരിക സംവേദനങ്ങളെ അവർ വലിയൊരു ഇടമായി വികസിപ്പിച്ചു. മനുഷ്യർ ജീവിക്കുന്നത്‌ ഗണിതത്തിലും കച്ചവടത്തിലും ലാഭത്തിലും കെട്ടിടത്തിലും മാത്രമല്ല, കുറേ വൈകാരിക ദുർബ്ബല പ്രദേശങ്ങളിലുമാണെന്ന്‌ അവർ തെളിയിച്ചു. മാധവിക്കുട്ടിയുടെ ജീവിതത്തിലും ഇതിനായിരുന്നു പ്രാമുഖ്യം. സാമ്പത്തികമായ ഞെരുക്കം അവരെ അവസാനകാലത്ത്‌ വല്ലാതെ ഞെരിച്ചു.

സഹായിക്കാമായിരുന്ന പലരും അവരെ ഒരു കാഴ്‌ചവസ്‌തുവിനെപ്പോലെയോ അടുത്ത പാവയെപ്പോലെയോ കണ്ട്‌ രസിച്ചു. ഇപ്പോൾ അവരെപ്പറ്റി പറയാൻ പലരും മുമ്പോട്ട്‌ വന്നുവെന്നരിക്കാം. കുറേപ്പേർ മാധവിക്കുട്ടിയുടെ സംസ്‌കാരം കഴിഞ്ഞയുടെനെ, അവരുടെ പേരിൽ അവാർഡ്‌ പ്രഖ്യാപിക്കുകയും ചെയ്‌തു. ഇതൊക്കെ ന്യായമാണോയെന്ന്‌ നാം ആലോചിക്കണം.

Generated from archived content: essay2_jun11_09.html Author: mk_harikumar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English