തെരഞ്ഞെടുത്ത നോവല്‍ വായനകള്‍

നോവല്‍ ഒരു കലാരൂപമാണ് എന്നാല്‍ അത് അനുഷ്ഠനകലാരൂപമല്ല. അനുഷ്ഠാനകലയില്‍ പുതുമയോ കണ്ടെത്തലോ സാധ്യമല്ല. മാത്രമല്ല അത് മറ്റൊന്നിനു വേണ്ടി ചിട്ടകള്‍ക്കനുസരിച്ച് നിര്‍മ്മിച്ചെടുക്കുന്നതാണ്. കവിതയും മറ്റു മാധ്യമങ്ങളും ക്ലാസിക് കാലത്തിന്റെ മനുഷ്യ വീക്ഷണം ചുമന്ന് തളര്‍ന്നപ്പോള്‍ അതിനു വിപരീതമായി പുതിയൊരു രൂപം അനിവാര്യമാണെന്ന ചിന്തയില്‍ നിന്നാണ് നോവല്‍ ഉണ്ടായത്. നോവലിന്റെ ആഖ്യാനത്തില്‍ ഇതുവരെയുള്ള കഥനകലയുടെ സകലസാധ്യതകളും ഉപയോഗിക്കേണ്ടതാണ്. അതിനു നിശ്ചിതമായ വ്യവഹാരലോകമോ പാഠ്യവിഷയമോ സിലബസോ ഇല്ല കാരണം അത് ഓരോ നിമിഷവും പൂര്‍വ്വ സാഹിത്യ ജനുസ്സുകളുടെ രൂപബോധത്തെ തകര്‍ക്കുകയോ പുനര്‍ നിര്‍മിക്കുകയോ ചെയ്യുന്നു.

തലയോലപ്പറമ്പ് ഡി ബി കോളേജിലെ മലയാള വിഭാഗത്തിന്റെ നേതൃത്വത്തില്‍ പ്രസിദ്ധീകരിക്കുന്ന ‘ തെരെഞ്ഞെടുത്ത നോവല്‍ വായനകള്‍ ‘ വിലപ്പെട്ട ഒരു സംരഭമാണ്. ഇതില്‍ മലയാള ഭാവനയുടെ വിവിധ ധാരകള്‍ നോവലിന്റെ ആഖ്യാനത്തിലും കലയിലും എങ്ങനെയാണ് ഇടം നേടുന്നതെന്ന് ഓരോ വിഷയത്തിലും പ്രാഗത്ഭ്യമുള്ള എഴുത്തുകാര്‍ വിശദീകരിക്കുന്നു. ഡോ. എസ് ശാരദക്കുട്ടി ഉറൂബിന്റെ പ്രണയബന്ധങ്ങളെ ( പ്രണയവും കുടുംബവും ഉറൂബിന്റെ കൃതികളില്‍) ഇഴപിരിച്ചു പരിശോധിക്കുന്നു.

തകഴിയുടെ രണ്ടിടങ്ങഴിയെപറ്റി യാണ് പ്രഫ. സത്യകുമാര്‍ ഉപന്യസിക്കുന്നത്. തകഴിയും ദേവും നമ്മുടെ സാമൂഹ്യ നവോഥാനത്തിനു വലിയ പങ്കു വഹിച്ച എഴുത്തുകാരാണ്. ഒരു പക്ഷെ പില്‍ക്കാല തലമുറയ്ക്കു പോലും ഈ എഴുത്തുകാരുടെ പക്വമായ , ഉന്നതമായ സാമൂഹിക ബോധം കൈവരിക്കാനായിട്ടില്ല എന്നു തോന്നുന്നു.

ഒ വി വിജയന്റെ ‘ ഖസാക്കിന്റെ ഇതിഹാസത്തെ’ പറ്റി രണ്ടു ലേഖനങ്ങളുണ്ട്. പ്രഫ. പി പ്രസാദിന്റെ രവിയുടെ ആദിരൂപവും പ്രഫ. ലാലിമോള്‍ എസിന്റെ ‘ഖസാക്കെന്ന ഇതിഹാസവും’. പ്രസാദ് തന്റെ പഠനത്തില്‍ ഉറൂബിന്റെ അണിയറയിലെ ബാലരാമനെ ഖസാക്കിലെ രവിയുമായി താര‍തമ്യം ചെയ്യുന്നു.

മലയാള നോവലിലെ ശക്തവും ധീരവുമായ ഒരു സംഭവമാണ് ആനന്ദിന്റെ ‘ ഗോവര്‍ദ്ധന്റെ യാത്രകള്‍’ ഭാരതേന്ദ്രു ഹരിശ്ചന്ദ്രയുടെ പ്രഹസനത്തിലെ ഒരു കഥാപാത്രത്തെ തൂക്കുമരത്തില്‍ നിന്നും രക്ഷിച്ച ഒരു കഥയാണിത്. രക്ഷപ്പെട്ട ഗോവര്‍ധന്‍ സകലകാലങ്ങളിലേക്കും സഞ്ചരിക്കുന്നു. നോവലിന്റെ കലയില്‍ പുതിയൊരു കരവിരുത് ഇവിടെ കാണാം. ആള്‍ക്കൂട്ടവും ആധുനികതയുടെ കാഴ്ചകളും എന്ന ലേഖനത്തില്‍ ഡോ. എന്‍ അജയകുമാര്‍ ഇങ്ങനെ എഴുതുന്നു.’ മനുഷ്യത്വത്തിന്റെ കാതല്‍ യുക്തിബോധമാണെന്നും നമ്മുടെ മിക്ക അഭ്യസ്ത വിദ്യര്‍ക്കും അത് കൈമോശം വന്നിരിക്കുന്നുവെന്നും യുക്തിയും പരീക്ഷണതത്പരതയുമാണ് ആധുനിക മനുഷ്യന്റെ സ്വഭാവമെന്നും’ .

സേതുവിന്റെ ‘നിയോഗ’ത്തെ പറ്റിയാണ് ല‍ക്ഷ്മി എസ് എഴുതിയിരിക്കുന്നത്. പാണ്ഡവപുരം നിയോഗം തുടങ്ങിയ സേതുകൃതികളിലെല്ലാം ലൗകികനായ മനുഷ്യന്റെ ദുഖം എന്ന പോലെ അതീതമായ സ്വപ്നാത്മകമായ സന്ദേഹങ്ങളും കടന്നു വരുന്നു. നിയോഗത്തിലെ തിണ സങ്കല്‍പ്പമാണ് ഇവിടെ പഠനവിഷയമാകുന്നത്.

സക്കറിയയുടെ ‘പ്രൈസ് ദ ലോഡ്’ എന്ന ചെറു നോവലിനെ പറ്റി ഡോ. ഫിലിപ്പ് ജോണും ‘ ഭാസ്ക്കര പട്ടേലരും എന്റെ ജീവിതവും’ എന്ന നോവലിനെ പറ്റി പ്രഫ. ഇന്ദു കെ എസും എഴുതുന്നുണ്ട് ജീവിത ദുരന്തങ്ങളെ ഫലിതമാക്കുന്നിടത്താണ് സക്കറിയ വിജയിക്കുന്നത്. ജീവിക്കുക എന്നതു തന്നെ ഒരു ക്രൂര ഫലിതമാണെന്ന് അദ്ദേഹത്തിന്റെ കഥകള്‍ സംസാരിക്കുന്നുണ്ട്. ടി ഡി രാമകൃഷ്ണന്റെ ‘ ഫ്രാന്‍സിസ് ഇട്ടിക്കോര’ യെ പറ്റി പ്രഫ. രാഗിയും ലളിതാംബിക അന്തര്‍ജനത്തിന്റെ അഗ്നിസാക്ഷിയിലെ യജ്ഞത്തെ പറ്റി ഡോ. സുമയും എഴുതിയിരിക്കുന്നത് ചിന്തിക്കേണ്ടതാണ്.

മഹാഭാരതത്തിലെ നായികമാര്‍ ഇതിഹാസ നോവലില്‍ എന്ന ലേഖനമെഴുതിയ ഷിന്റു പോള്‍ പ്രധാനമായും ‘ ഇനി ഞാനുറങ്ങട്ടെ’ എന്ന കൃതിയിലെ ദ്രൌപതിയെയാണ് അപഗ്രഥിക്കുന്നത്. ദ്രൌപദി ഒരിക്കല്‍ പോലും സ്നേഹിക്കപെട്ടിട്ടില്ല എന്ന ചിന്ത ആലോചനക്കു വകതരുന്നു.

മാധവിക്കുട്ടിയുടെ ‘വണ്ടിക്കാളകളെ’ പറ്റി മജ്ഞുഷ ഇ. എസ് സാറാ ജോസഫിന്റെ ‘ആതിയെ’ പറ്റി ഡോ. അനിത ആര്‍, സാറാ ജോസഫിന്റെ ‘ഒതപ്പി’ നെപറ്റി പ്രഫ. മായ എം നായര്‍, കെ ആര്‍ മീരയുടെ ‘നോത്രോന്മീല’ ത്തെ പറ്റി പ്രഫ രമ്യ ജി എന്നിവര്‍ എഴുതിയത് ഈ പുസ്തകത്തിന് ഒരു പെണ്‍പക്ഷ വായനയുടെ ധാവള്യം സമ്മാനിക്കുന്നു.

ആദിവാസി എഴുത്തുകാരനായ നാരായനെ പറ്റി സിമി എഴുതിയത് എന്തുകൊണ്ടും അഭിനന്ദിക്കേണ്ട കാര്യമാണ്. ഗോത്രവര്‍ഗം നേരിടുന്ന പ്രതിസന്ധികള്‍ ‘തിരസ്കൃതരുടെ നാളെയില്‍’ എന്ന ലേഖനത്തില്‍ ഇങ്ങനെ കുറിക്കുന്നു. ഗോത്രവര്‍ഗങ്ങളെ വംശീയമായി മാത്രമല്ല സാംസ്ക്കാരികമായും നാശോന്മുഖമാക്കാനാണ് മുഖ്യ ധാരാ സമൂഹങ്ങളുടേയും അവര്‍ നിയന്ത്രിക്കുന്ന ഭരണ സം വിധാനങ്ങളുടേയും താത്പര്യമെന്ന് നോവലിസ്റ്റ് വ്യക്തമാക്കുന്നു. രാജു കെ വാസു വിന്റെ ‘ ചാവു തുള്ളല്‍’ എന്ന നോവലിനെ പറ്റി ‘ചാവുതുള്ളല്‍- സംസ്ക്കാരത്തിന്റെ ലാവണ്യശാസ്ത്രം’ ഡോ അംബിക എ നായര്‍ എഴുതിയ ലേഖനം ഇങ്ങനെ സംഗ്രഹിക്കുന്നു ‘അധീശവര്‍ഗപ്രത്യയശാസ്ത്രവും അധ:സ്ഥിതവര്‍ഗത്തിന്റെ അദൃശ്യ പ്രത്യയശാസ്ത്രവും തമ്മിലുള്ള മൂ‍കവും വാചാലവുമായ സംഘട്ടന ചരിത്രമാണ് ചാവു തുള്ളല്‍. ഒരു നൂറ്റാണ്ട് പഴക്കമുള്ള പുലയ ജീവിതത്തെ അനാവരണം ചെയ്യുന്ന നോവല്‍ പല കാരണങ്ങള്‍ കൊണ്ടും തഴയപ്പെട്ടു പോകാവുന്നതാണ് അതു തേടിപ്പിടിച്ച് എഴുതാന്‍ കഴിഞ്ഞത് സാഹിതീയ മഹിത സംസ്ക്കാരത്തിന്റെ നിദര്‍ശനമാണ്. വൈവിധ്യമാര്‍ന്ന ഇത്രയും നോവലുകള്‍ കൂടി ചേരുമ്പോള്‍ മലയാള നോവവലിലെ പ്രമേയപരമായ ഒരു വൃത്തം പൂര്‍ത്തിയാവുകയാണ്. നമ്മുടെ പ്രഗത്ഭരായ എല്ലാ നോവലിസ്റ്റുകളേയും ഇങ്ങനെയൊരു ഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്തുക പ്രയാസമായിരിക്കാം. എന്നാല്‍ പ്രമേയപരമായ വ്യാപ്തി ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. മലയാള നോവലിനെ പറ്റിയുള്ള ഈ വിപുലമായ പഠനങ്ങള്‍ തീര്‍ച്ചയായും സാഹിത്യ വിദ്യാര്‍ത്ഥികള്‍ക്കും സാധാരണ വായനക്കാര്‍ക്കും പ്രയോജനപ്പെടും.

———————————-

തെരഞ്ഞടുത്ത നോവല്‍ വായനകള്‍

എഡിറ്റര്‍

ഡോ. അംബിക എ നായര്‍

കുരുക്ഷേത്ര ബുക്സ് വില 130/-

Generated from archived content: book1_feb8_14.html Author: mk_harikumar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here