‘ഞങ്ങൾ ശപിക്കപ്പെട്ടവരാണ് സാബ്. കഴിഞ്ഞ പത്തിരുപത് വർഷമായി സ്വസ്ഥതയോടെ കഴിയാൻ ഞങ്ങൾക്കായിട്ടില്ല. ഒരു സ്ഥിരം മേൽവിലാസം ഞങ്ങൾക്കില്ല.’ വയസ്സൻ ഒന്നും മിണ്ടിയില്ല. ഒരു കൈകൊണ്ട് കഷണ്ടി കയറിയ തലതടവി, പിന്നെ എന്തുവേണമെന്നറിയാതെ ചുറ്റിനും നോക്കി. ഇളകുന്ന കണ്ണട ഒന്നുകൂടി മേലോട്ടുയർത്തി, മുന്നിലിരിക്കുന്ന കുഞ്ഞുങ്ങളുടെ കണ്ണുകളിലേയ്‌ക്ക് നോക്കി. തന്റെ നോട്ടം കാണുമ്പോൾ ഏത് വിഷമാവസ്ഥയിലും നിഷ്‌കളങ്കത വെളിപ്പെടുത്തുന്ന പുഞ്ചിരി പൊഴിക്കാറുളള കുട്ടികൾ-അവർക്കെന്ത് പറ്റി? ആ കണ്ണുകളിൽ നിഴലിക്കുന്നത് ഭീതിയാണ്. മൂക്കിൽ നിന്നും കീഴോട്ടൊലിക്കുന്ന കൊഴുത്ത ദ്രാവകം. അറിയാതെ ചുണ്ടുകളിലേയ്‌ക്കൊലിച്ചിറങ്ങുമ്പോൾ നാക്കുകൊണ്ട് നക്കി വൃത്തിയാക്കുമ്പോഴേക്കും വീണ്ടും ഒലിച്ചിറങ്ങുകയായി.
“നിങ്ങളിവിടെത്ര പേരുണ്ട്? ഭക്ഷണമൊക്കെ എങ്ങനെ?” രണ്ടാമത്തെ ചോദ്യം അനാവശ്യമാണെന്ന് വയസ്സനും തോന്നി. മിക്കവരുടെയും ദേഹസ്ഥിതിയിൽ നോക്കി മനസ്സിലാക്കാവുന്നതേയുളളു. എഴുന്നു നില്‌ക്കുന്ന തോളെല്ല്, കുഴിഞ്ഞു താണ കണ്ണുകൾ, മുഷിഞ്ഞുനാറിയ -അഴുക്കുനിറഞ്ഞ-അയഞ്ഞ കുപ്പായങ്ങൾ. ആരോഗ്യമുളള ഒരു കുട്ടിയെ എങ്കിലും കാണാൻ കഴിഞ്ഞിരുന്നെങ്കിൽ-
“ആൾക്കാരുടെ സംഖ്യ അറിയില്ല. ദിവസംതോറും അവരുടെ എണ്ണം കൂടിക്കൂടി വരികയല്ലേ? ഈ പട്ടണത്തിൽ തന്നെ ഇതുപോലത്തെ എട്ടോപത്തോ സെന്ററുകളുണ്ട്. എല്ലായിടവും നിറഞ്ഞു കഴിഞ്ഞിരിക്കുന്നു. ഇനിയും പുതിയ ക്യാമ്പുകൾ തുറക്കേണ്ടിയിരിക്കുന്നു.
വയസ്സൻ കൂടാരത്തിന് വെളിയിലേയ്‌ക്ക് നോക്കി. അങ്ങകലെ വിശാലമായ മരുപ്പറമ്പുപോലെ കിടക്കുന്ന നദി. വീതിയേറിയ നദിയിൽ വെളളച്ചാലുകളുളളിടം വളരെ വിരളം. അവിടമൊക്കെ ധോബികൾ കയ്യടക്കിയിരിക്കുന്നു. അഴുക്കുവെളളത്തിൽ പിഴിഞ്ഞെടുക്കുന്ന വസ്‌ത്രങ്ങൾ ചുറ്റുവട്ടത്തായി വിരിച്ചിട്ടിരിക്കുന്നു. അവിടവിടെ അലഞ്ഞു തിരിയുന്ന കാലിക്കൂട്ടങ്ങൾ. പച്ചപ്പു കാണാതാവുമ്പോൾ അവയിൽ ചിലത് തുണിവിരിച്ചിട്ടിടത്തേയ്‌ക്ക് നീങ്ങുന്നു. അവയെ അടിച്ചോടിക്കുന്ന മുതിർന്ന കുട്ടികൾ.
പെട്ടെന്ന് വയസ്സന്റെ ചിന്ത അപ്പുറം മാറി നദീതീരത്തുളള ആശ്രമത്തിലേയ്‌ക്കും നീങ്ങി. ഇന്നലെ രാത്രി ഒരപരിചിതനായി ഇവിടെ വീണ്ടും വന്നപ്പോൾ ആദ്യം പോകണമെന്ന് തോന്നിയത് അങ്ങോട്ടായിരുന്നല്ലോ.
ജീവിതത്തിൽ നിർണ്ണായകമായ ഒരു കാലഘട്ടം ചിലവഴിച്ചത് ഈ ആശ്രമത്തിലാണ്. മനസ്സ് പാകപ്പെടുത്തിയെടുത്ത് ഒരു നേതാവിന്റെ നിലയിലേയ്‌ക്കുയർന്ന്, ജനകോടികളുടെ പ്രതീക്ഷകൾ തന്നിലേയ്‌ക്ക് തിരിഞ്ഞിരിക്കുന്നുവെന്ന തിരിച്ചറിവ് ലഭിച്ചത് ഇവിടെവച്ച്, ആയിടയ്‌ക്ക് നിത്യേന എന്നവണ്ണം സ്വദേശത്തും വിദേശത്തുനിന്നും ആശ്രമത്തിൽ സന്ദർശകരുണ്ടായിരുന്നു. തിരക്കേറിയ ഒരു ദിനചര്യയായിരുന്നെങ്കിലും എല്ലാത്തിനും ഒരടുക്കും ചിട്ടയും ഉണ്ടായിരുന്നു. തന്റെ വാക്കുകൾക്ക് വേണ്ടി കാതോർത്ത് നിൽക്കുന്ന നേതാക്കൾ. ചെറുപ്പക്കാരും കുട്ടികളും വൃദ്ധജനങ്ങളും.
വിദേശ മേൽക്കോയ്‌മ അടിച്ചേല്പിച്ച അടിമത്വവും ദാരിദ്ര്യവും- പക്ഷേ- അവരാരും ഇങ്ങനെ നിരാശരായിരുന്നില്ല, തളർന്നിരുന്നില്ല. ഒരു സ്വതന്ത്രരാഷ്‌ട്രത്തിന്റെ പിറവി മാത്രമായിരുന്നു അവരുടെ ലക്ഷ്യം. അവരുടെ ഓരോ പ്രവർത്തിയും ആ ലക്ഷ്യബോധത്തോടെയായിരുന്നതിനാൽ ചടുലവും ഊർജ്ജസ്വലവും ആയിരുന്നു. എന്നും വൈകിട്ടുളള പ്രാർത്ഥനാസമയത്ത് പങ്കെടുക്കുന്നവർക്കായി പ്രാർത്ഥനയ്‌ക്ക് ശേഷമുളള ലഘുപ്രഭാഷണങ്ങൾ. ഇവയൊക്കെ ചെവിക്കൊളളാനും ആവേശം കൊളളാനും എത്രയോ ചെറുപ്പക്കാർ-നേതാക്കൾ- പത്രപ്രതിനിധികൾ…
എല്ലാവരും, അർദ്ധപട്ടിണിക്കാർവരെയും ആവേശത്തിലായിരുന്നു. ആ ആശ്രമത്തിലാണ് കഴിഞ്ഞമാസം ചില അക്രമസംഭവങ്ങൾ അരങ്ങേറിയത്. പരിസ്ഥിതി പ്രവർത്തകയായ ഒരു വനിതയ്‌ക്കും കൂട്ടർക്കും മർദ്ദനമേറ്റത്. വർഗ്ഗീയത ആടി തകർക്കുകയായിരുന്നു.
ആശ്രമത്തിൽ നിന്നും വേഗം പോരുകയായിരുന്നു.
”പ്രധാനമന്ത്രി വന്നുപോയതിന് ശേഷമാണ് ഞങ്ങൾക്ക് കുടിവെളളംപോലും കിട്ടിയത്. മൂന്ന്-നാല് പൈപ്പുകളേയുളളൂ. എന്നാലും ഞങ്ങൾക്ക് പരാതിയില്ല. പിന്നെ ഭക്ഷണം, അങ്ങ് കാണുന്നില്ലേ ഈ ഗോതമ്പ് മാവും ഉരുളക്കിഴങ്ങും. സബ്‌ജി കിട്ടുന്നേയില്ല. ഇത് കൊണ്ടെത്ര പേർക്ക് കൊടുക്കാനാവും? ഈ പട്ടിണി ഞങ്ങൾ സഹിച്ചോളാം. ഞങ്ങൾക്കിവിടെ സ്വൈര്യമായി ഒന്ന് സഞ്ചരിക്കാനായെങ്കിൽ- ഭീതിയില്ലാതെ കഴിയാമെന്നായെങ്കിൽ…
വല്ലപ്പോഴും ഒന്നു കണ്ണടയ്‌ക്കാനായാൽ ഉണരുന്നത് ഏതെങ്കിലും ദുരന്തവാർത്തകൾ കേൾക്കാനല്ല എന്നുറപ്പുണ്ടെങ്കിൽ.. ഇന്നലെ രാത്രി മുഴുവൻ സഞ്ചരിക്കുകയായിരുന്നു. അസമയത്ത് സഞ്ചരിക്കുന്നത് അപകടമാണെന്ന മുന്നറിയിപ്പ് ഓട്ടോഡ്രൈവർ നൽകിയെങ്കിലും കൂട്ടാക്കിയില്ല.
‘വയസ്സനിത്രയും നിശ്ചയ ദാർഢ്യമാണെങ്കിൽ പിന്നെ എനിക്കെന്താ എന്ന വിചാരത്തോടെയാവണം അയാൾ വണ്ടി എടുത്തത്. ചില തെരുവുകൾ തീർത്തും ഭയാനകമായ ദൃശ്യങ്ങളാണ് നൽകിയത്. എത്രയോ വലിയ കെട്ടിടങ്ങൾവരെ തകർക്കപ്പെട്ടിരിക്കുന്നു. ചില ഫ്ലാറ്റുകളിൽ നിന്നും തിരഞ്ഞു പിടിച്ചായിരുന്നു ആളുകളെ തെരുവിലേയ്‌ക്ക് വലിച്ചിറക്കി കൊണ്ടുപോയി കൊന്നത്. നശിപ്പിക്കപ്പെട്ട കെട്ടിടങ്ങളുടെ മേൽക്കൂരകൾ അസ്ഥികൂടംപോലെ എഴുന്നുനിൽക്കുന്നു. കരിപിടിച്ച് പൊളളയായ ചുമരുകൾ.. ഫർണീച്ചറുകൾ… കച്ചവട സാമഗ്രികൾ… സമൃദ്ധിയെ താലോലിക്കാൻ തയ്യാറായി മുന്നോട്ട് വന്ന നാടിന് അടിക്കടി ദുരന്തങ്ങൾ… പത്തുവർഷക്കാലത്തിനിടയ്‌ക്ക് വർഗ്ഗീയക്കോമരങ്ങൾ മൂന്ന് നാല് തവണയെങ്കിലും അഴിഞ്ഞാട്ടം നടത്തി. അന്നും ഏറെപ്പേർ മരിച്ചു. ഇന്ന് മരിച്ചവരുടെ എണ്ണം എത്രയെന്ന് പറയാൻ പറ്റില്ലത്രെ. പൂർണ്ണഗർഭിണിയുടെ വയർ ശൂലം കൊണ്ട് കുത്തിക്കീറി കുഞ്ഞിനെ പുറത്തെടുത്ത് അഗ്നിയിലേയ്‌ക്കെറിഞ്ഞെന്ന് കേട്ടപ്പോൾ- അഹിംസയുടെ ബാലപാഠം മുതൽ പഠിക്കാൻ തയ്യാറായ ഒരു ജനതയുടെ പിൻതലമുറ എന്തേ ഇത്ര ക്രൂരമനസ്‌കരായി? വിഭജനകാലത്ത് നമ്മുടെ പൂർവ്വികരെ വിശ്വസിച്ച് മറുകണ്ടം ചാടാത്തവരുടെ പിൻതലമുറ, പൂർവ്വീകരുടെ ബുദ്ധിമോശത്തെ ഓർത്ത് ശപിക്കുന്നുണ്ടാവില്ലേ?
തകർക്കപ്പെട്ട കെട്ടിടങ്ങളുടെ ഇടയിൽ ഇപ്പോഴും പുറത്തെടുക്കാൻ പറ്റാത്ത ജഢങ്ങളുണ്ടാവുമത്രെ. കുഞ്ഞുങ്ങളെയും സ്‌ത്രീകളെയും വൃദ്ധരെയും വരെ മുൻപിൽ നോക്കാതെ വെട്ടിക്കീറി ചുട്ടെരിച്ച ഈ കാട്ടാളരെ തളയ്‌ക്കാൻ ഭരണക്കൂടത്തിനും കഴിഞ്ഞില്ലെന്നോ? പട്ടണത്തിന്റെ പ്രാന്തപ്രദേശത്തുളള റയിൽവേ സ്‌റ്റേഷനോട് ചേർന്നുളള പൂർണ്ണമായും തകർക്കപ്പെട്ട ഒരു വലിയ കെട്ടിടം കാണിച്ച് ഡ്രൈവർ പറഞ്ഞ വാക്കുകൾ അന്ന് നെഞ്ചിൽ തറച്ച വെടിയുണ്ടയേക്കാൾ വേദന പടർത്തിയ ഒരു വാർത്തയായിരുന്നു.
“അവർ നമ്മുടെ ആൾക്കാരായിരുന്നു. ഒരു പുരോഹിതകുടുംബം. പക്ഷേ, അവർ ചെയ്‌ത തെറ്റെന്തെന്നോ? കലാപം നിറഞ്ഞ തെരുവോരത്ത് നിന്ന് ഓടിയെത്തിയ ഒരു കുടുംബത്തിലെ നാലഞ്ച് പേർക്ക് അഭയം നൽകി. ഒരാഴ്‌ചക്കാലത്തേയ്‌ക്ക് കുഴപ്പമില്ലായിരുന്നു. മന്ദിറിലെ പുരോഹിതനെ സംശയിക്കേണ്ട കാര്യമില്ലല്ലോ. പക്ഷേ എങ്ങനെയോ സംഭവം അവരുടെ കാതിലെത്തി. ആരോ ഒറ്റുകൊടുത്തതാണ്. സാബ്, അവർ പുരോഹിതനെ പൂമുഖത്തേയ്‌ക്ക് കൊണ്ടുവന്ന് കൈകാലുകൾ ബന്ധിച്ച് തൂണിനോട് ചേർത്ത് കെട്ടി, വയറ്റിൽ ശൂലം കൊണ്ടാഞ്ഞൊരു കുത്ത്. പുരോഹിതൻ കരഞ്ഞില്ല, ഭയന്നില്ല, അപേക്ഷിച്ചില്ല. മരിക്കുമ്പോഴും അയാൾ ശാന്തനായിരുന്നെന്ന് അക്രമികളിലൊരാൾ തന്നെയാണ് പറഞ്ഞത്. അഭയം തേടിവന്നവർ അതിനോടകം സുരക്ഷിതരായി അന്യനാട്ടിലേയ്‌ക്കും പോയിക്കഴിഞ്ഞിരുന്നു.
’ഹേറാം…‘ അന്ന് മരണം ഉറപ്പായപ്പോൾ രാമനിലേയ്‌ക്കടുക്കുന്നുവെന്ന് തോന്നിയപ്പോൾ ഉരുവിട്ട വാക്കുകൾ. ഇന്നങ്ങനെ ഉരുവിടാൻ പറ്റുമോ? രാമനിലേയ്‌ക്ക് ലയിച്ചുചേരാൻ ഇനി ഏറെ നിമിഷങ്ങൾ ഇല്ല എന്ന തിരിച്ചറിവ് ലഭിച്ചപ്പോൾ മരണം അനായാസമായിരുന്നു. അക്രമിയോട് പൊറുക്കണമെന്ന് പറഞ്ഞെങ്കിലും അതാരെങ്കിലും അന്ന് കേട്ടുവോ? ചുറ്റും കൂടിയവരുടെ ആർത്തനാദങ്ങൾ -പോലീസുകാരുടെ വലയം-സേവാദൾ പ്രവർത്തകരുടെയും പ്രാർത്ഥനയ്‌ക്ക് വന്നവരുടെയും തിക്കിലും തിരക്കിലും പെട്ട് ആ വാക്കുകൾ പാഴ്‌വാക്കുകളായി മാറി. ഇന്ന് അക്രമികൾക്കും വേണ്ടത് രാമനെ തന്നെയാണ്.
’ബോലോ റാം‘ എന്നക്രമികൾ എതിരാളികളോടാക്രോശിക്കുമ്പോൾ ഒച്ചവെയ്‌ക്കാൻപോലും കഴിയാതെ ഭീതിയോടെ വാതുറന്ന് നിൽക്കുന്ന നിസ്സഹായരുടെ വായിലേയ്‌ക്ക് തന്നെ കുന്തവും കഠാരയും കുത്തിയിറക്കി, പിന്നെ കഴുത്തിനൊരുവെട്ട്. ക്യാനുകളിൽ കരുതിക്കൊണ്ടുവന്ന പെട്രോൾ ഒഴുക്കി. പിന്നെ തീപ്പെട്ടിക്കൊളളി ഉരയ്‌ക്കുകയേ വേണ്ടൂ.
ശിലായുഗത്തിൽ പ്രാകൃതരെന്ന് പറയപ്പെടുന്നവർപോലും ഇത്ര ക്രൂരമായി പെരുമാറിയിരിക്കയില്ല. ശത്രുവിന് ഒന്ന് കരയാനുളള അവസരംപോലും അവർ നിഷേധിക്കുമായിരുന്നില്ല. ”പോലീസ് സഹായം ഒരിടത്തും ലഭിച്ചില്ലേ?“ ആ ചോദ്യവും അനാവശ്യമാണെന്നറിയാമായിരുന്നു. അക്രമം തുടങ്ങുന്നതിന് മുന്നേ അവർ ചെയ്‌ത നടപടികളിലൊന്ന് വാർത്താവിനിമയ ബന്ധം വിഛേദിക്കുക എന്നതായിരുന്നു. രാത്രിയിലാണെങ്കിൽ വൈദ്യുതിബന്ധവും വേർപെടുത്തും.
പോലീസ് വന്നിടത്താണ് കൂടുതൽ കൊലപാതകങ്ങൾ നടന്നത്. അക്രമികൾക്ക് അഴിഞ്ഞാടാൻ അവരവസരം കൊടുത്തു. പലേടത്തും അവർ നിഷ്‌ക്രിയരായിരുന്നു. അല്ലെങ്കിൽ നിശ്ശബ്‌ദ നിരീക്ഷകരായിരുന്നു.
പഴയ സ്ഥിതി വീണ്ടും വരുമെന്നോ-വീണ്ടും തിരിച്ചു പോവാനാവുമെന്നോ പറഞ്ഞത്- അങ്ങനെന്തെങ്കിലും ആശ്വാസംപോലും നൽകാനാവില്ല. ’സമാധാനം… സമാധാനം…‘ എന്ന് പറഞ്ഞ് ശാന്തിയാത്ര നടത്തുന്നതും അക്രമികൾ തന്നെയാണ്.
അന്യനാടുകളിൽ നിന്നുവന്ന ചിലർ – ബിസിനസ്സുകാർ-ഫാക്‌ടറി തൊഴിലാളികൾ- അക്രമം രൂക്ഷമായെന്ന് കണ്ടപ്പോൾ സ്ഥലം വിട്ടവർ-അവരിനി തിരിച്ച് വരുമോ? പല ഫാക്‌ടറികളും എന്നന്നേയ്‌ക്കുമായിതന്നെ പൂട്ടിയിരിക്കുന്നു. ചിലരൊക്കെ ബിസിനസ്സ് അന്യസംസ്ഥാനങ്ങളിലേയ്‌ക്ക് മാറ്റിക്കഴിഞ്ഞു. വീടും കുടിയും നഷ്‌ടപ്പെട്ടവർക്ക് പുറമെ എന്തെങ്കിലും തൊഴിൽ ചെയ്യാനാവില്ല എന്ന് വന്നാൽ…..
”ഞങ്ങൾക്കിനി ഒന്നും നഷ്‌ടപ്പെടാനില്ല. നഷ്‌ടപ്പെട്ടവ തിരിച്ച് കിട്ടുമെന്ന പ്രതീക്ഷയും ഇല്ല. ഇനി വീണ്ടും തിരിച്ച് പോവാനായി എന്ന് തന്നെയിരിക്കട്ടെ. ഞങ്ങളുടെ ആൾക്കാർ സംഖ്യാബലമുളളിടത്തും സംഘടിക്കുന്നുവെന്നാണ് കേട്ടത്. അവരായുധങ്ങൾക്ക് മൂർച്ച കൂട്ടുകയാണ്. ചോരയ്‌ക്ക് ചോര- പിന്നെവിടെ സാബ് സമാധാനം? പിന്നിവിടെന്നും കലാപമായിരിക്കും. അതിന് ഞങ്ങളില്ല.“
”സ്ഥിതിഗതികൾ ഒന്ന് ശാന്തമായാൽ-മിക്കവരും ഇവിടം വിടാനാണ് തീരുമാനം. അഭയാർത്ഥികളായി-പിച്ചക്കാരായി-അല്ലെങ്കിൽ എന്തെങ്കിലും തൊഴിൽ കിട്ടുമെങ്കിൽ- അങ്ങനെ. ഏതായാലും ഒരു കലാപത്തിന് ഇനി ഞങ്ങളില്ല.“
ഈ മനഃസ്ഥിതി നല്ലതാണ്. പ്രതികാര വാഞ്ചതീണ്ടാത്ത ഈ മനഃസ്ഥിതി പുതിയൊരു തലമുറയെ വാർത്തെടുത്തേക്കും. പക്ഷേ… മതമൗലികവാദികൾ വീണ്ടും- രണ്ടിടത്തും അവർ അടങ്ങിയിരിക്കുമോ?
പ്രകൃതിതന്നെയാണ് ശരിയായ പ്രതിവിധികൾ ചെയ്യേണ്ടത്. അല്ല – പ്രകൃതി അതു ചെയ്യുന്നുണ്ടല്ലോ. നീണ്ടുനിൽക്കുന്ന വരൾച്ച ചില ഭാഗങ്ങളിൽ-കൊടുങ്കാറ്റ്, പേമാരി, വെളളപ്പൊക്കം- പിന്നെ പതിനായിരങ്ങളെവരെ ഭൂമിയുടെ അഗാധതയിലേയ്‌ക്ക് കൊണ്ടുപോയ ഭൂകമ്പം- ഇതൊക്കെ സംഭവിക്കുന്നില്ലേ? പടിഞ്ഞാറ് കടലിൽ താണ ഭഗവാന്റെ ആസ്ഥാനം യുഗങ്ങളായിട്ട് ഇനി തിരിച്ച് വരുമെന്ന പ്രതീക്ഷയില്ലല്ലോ. ഭഗവാൻ തന്നെ ശപിച്ചുവിട്ട നാടല്ലേ?
നേരം ഇരുട്ടുന്നു. ഇനി ഇവിടെ നിന്നാൽ ശരിയാവില്ല. യാത്രപോലും പറയാതെ തിരിച്ച് നടക്കാൻ തുടങ്ങിയ വയസ്സന്റെ മുന്നിൽ അയാൾ ഓടിവന്ന് റാന്തലുയർത്തി ചോദിച്ചു.
”സാബ് – അങ്ങാരാണെന്ന് പറഞ്ഞില്ല. അങ്ങ് ദില്ലിയിൽ നിന്ന്…?“
വയസ്സൻ ഞെട്ടി. രാമനിൽ ലയിച്ച് ചേർന്നിട്ട് അര നൂറ്റാണ്ട് പിന്നിടുന്നതേയുളളൂ. അപ്പോഴേയ്‌ക്കും അവരെന്നെയും മറന്നിരിക്കുന്നു. ഇനി ഞാനാരെന്ന് പറഞ്ഞാൽ…? വയസ്സൻ തിരിഞ്ഞു നോക്കാതെ പിറുപിറുത്തു.
’റാം… റാം…‘
Generated from archived content: story_april24.html Author: mk_chandrasekharan