മിസ്‌റ്റർ ക്ലീൻ

ഡിപ്പാർട്ട്‌മെന്റ്‌ ഹെഡിന്റേതായി പുറത്ത്‌ വന്ന പുതിയ സർക്കുലർ വാസ്‌തവത്തിൽ എല്ലാവരുടെയും ചങ്കിടിപ്പിച്ചു. ഇതൊരു സർക്കാർ സ്ഥാപനമാണോ, അതോ ചാരിറ്റബിൾ സംഘടനയുടെ ഓഫീസോ-പലരും അങ്ങനെയും സംശയിക്കാതിരുന്നില്ല.

അറ്റൻഡൻസ്‌ രജിസ്‌റ്ററിൽ ഒപ്പിട്ടതിനുശേഷം തങ്ങളുടെ സീറ്റുകളിലേയ്‌ക്ക്‌ ഓരോരുത്തരും പോകാൻ തുടങ്ങുമ്പോഴാണ്‌ പ്യൂൺ ബാലകൃഷ്‌ണൻ അവരുടെ കൈകളിലേയ്‌ക്ക്‌ സൈക്ലോസ്‌റ്റൈൽ ചെയ്‌ത ഓഫീസ്‌ തലവന്റെ സർക്കുലർ പിടിപ്പിച്ചത്‌. ഡിയർ ശ്രീ…. എന്ന്‌ ഓരോരുത്തരെയും പ്രത്യേകം പ്രത്യേകം അഭിസംബോധന ചെയ്തുകൊണ്ട്‌ തുടങ്ങുന്ന സർക്കുലറിന്റെ ഉളളടക്കം ഇങ്ങനെയാണ്‌.

കഴിഞ്ഞവർഷം സ്‌റ്റാഫും ഓഫീസർമാരും ഒരുമിച്ച്‌ നടത്തിയ, ഒരുമാസത്തിലധികം നീണ്ടുനിന്ന സമരം വൻവിജയമായിട്ടാണ്‌ നമ്മൾ ഉദ്‌ഘോഷിച്ചത്‌. ഇപ്പോൾ ഒരുവർഷത്തിനുശേഷം തിരിഞ്ഞു നോക്കുമ്പോൾ, ചില വസ്‌തുതകൾ ചൂണ്ടിക്കാണിക്കാൻ ഞാനാഗ്രഹിക്കുന്നു. ജീവനക്കാരും ഓഫീസർമാരും എല്ലാവരും ഒറ്റക്കെട്ടായി, യോജിച്ചായിരുന്നു സമരമെങ്കിലും, നമ്മൾ വിജയിച്ചുവെന്ന്‌ കണക്കാക്കുന്നത്‌ നമ്മളുടെ മാത്രം ചില കണക്കുകൂട്ടലുകൾ കൊണ്ടാണ്‌. നമ്മൾ ഉയർത്തിയ ചില ആവശ്യങ്ങൾ-ശമ്പളവും ലീവാനുകൂല്യങ്ങളും വെട്ടിക്കുറച്ചതും, പെൻഷനിലെ അപാകതകളുമെല്ലാം പരിഹരിച്ച്‌ പുനഃസ്ഥാപിക്കാമെന്ന്‌ കൂടിയാലോചന വേളയിൽ സർക്കാർ അംഗീകരിച്ച തീരുമാനങ്ങൾ പോലും ഇന്നുവരെ നടപ്പാക്കിയിട്ടില്ല എന്നതല്ലേ വാസ്‌തവം. വീണ്ടുമൊരു സമരത്തിനിറങ്ങാൻ ജീവനക്കാർ വിമുഖത കാണിക്കുന്നു. കൂടിയാലോചനയ്‌ക്ക്‌ മുൻകയ്യെടുത്തവർക്കും അതിൽ പങ്കെടുത്ത മുഖ്യമന്ത്രിയുൾപ്പെടെയുളള എല്ലാവർക്കുംവരെ അതറിയുകയും ചെയ്യാം. അതിന്റെ പ്രധാനകാരണം നമ്മൾ ഒറ്റക്കെട്ടായിട്ടാണ്‌ സമരം നടത്തിയതെങ്കിലും അതിന്‌ ജനങ്ങളുടെ പിന്തുണയില്ലായിരുന്നു. സർക്കാരാഫീസുകൾ കൈക്കൂലി വാങ്ങുന്നവരുടെ ആവാസകേന്ദ്രമാണെന്ന ധാരണ ശക്തമായി ജനങ്ങളുടെ മനസ്സുകളിൽ സ്ഥാനമുറച്ചിട്ടുണ്ട്‌. അതുകൊണ്ട്‌ ഇനിയൊരു സമരത്തിനിറങ്ങുന്നതിന്‌ മുന്നേ നമ്മൾ കൂലങ്കഷമായ ഒരാത്മ പരിശോധനയ്‌ക്ക്‌ തയ്യാറാവണം. ഈ ഡിപ്പാർട്ട്‌മെന്റിന്റെ തലവൻ എന്ന നിലയിൽ എനിക്ക്‌ വയ്‌ക്കാനുളള നിർദ്ദേശം ഇതാണ്‌. നമ്മളിനി ആരും കൈക്കൂലി വാങ്ങില്ല എന്ന ഒരു തീരുമാനം ശക്തമായിത്തന്നെ എടുക്കുക. പിന്നെ കഴിഞ്ഞ ഒരു വർഷക്കാലത്തിനിടയ്‌ക്ക്‌ വാങ്ങിയ ഈ ഇനത്തിലുളള തുക-ആരോടെല്ലാം വാങ്ങി എന്നൊരു കണക്കെടുത്ത്‌-കഴിയുമെങ്കിൽ അതിന്റെ പകുതിയോളമെങ്കിലും ഒരു നിശ്ചിത കാലയളവിനുളളിൽ- ആറുമാസമെന്നാണ്‌ എന്റെ തീരുമാനം-തിരിച്ചു കൊടുക്കുക. ഇങ്ങനൊരു കർമ്മപദ്ധതിയാണ്‌ എനിക്ക്‌ നിർദ്ദേശിക്കാനുളളത്‌. നടപടി മുകളിലത്തെ തലത്തിൽ നിന്നാവട്ടെ എന്ന സദുദ്ദേശത്തോടെ ഞാനീ കാലയളവിനുളളിൽ വാങ്ങിയ തുകയുടെ പകുതിയോളം തിരിച്ചുകൊടുക്കുക എന്നൊരു കർമ്മപദ്ധതിയാണ്‌ ആവിഷ്‌ക്കരിച്ചിരിക്കുന്നത്‌. ഈ മാതൃക നിങ്ങൾക്കും പിന്തുടരാവുന്നതാണ്‌. നമ്മുടെ ഡിപ്പാർട്ട്‌മെന്റ്‌ ഇങ്ങനൊരു പദ്ധതി നടപ്പാക്കുമ്പോൾ, മറ്റുളള ഡിപ്പാർട്ട്‌മെന്റുകളും ഈ മാർഗ്ഗം പിൻതുടരാൻ നിർബ്ബന്ധിതരാവും. അങ്ങനെ ഒരു നിശ്ചിത കാലയളവ്‌ കൊണ്ട്‌ ജനങ്ങളുടെ വിശ്വാസം ആർജ്ജിക്കാൻ നമുക്കാകും. ഭാവി സമരപരിപാടികളിൽ ജനപിന്തുണ കിട്ടാൻ ഈ മാർഗ്ഗം വളരെ ഉപകരിക്കും. ഈ മാർഗ്ഗം താങ്കളും സ്വീകരിക്കണമെന്നാണ്‌ ഒരു ഡിപ്പാർട്ട്‌മെന്റ്‌ തലവൻ എന്ന നിലയിലും ഒരു സമരപോരാളി എന്ന നിലയിലും എനിക്ക്‌ നിങ്ങളുടെ മുന്നിൽ വയ്‌ക്കാനുളളത്‌.

ഓഫീസ്‌ കുറെ നേരത്തേയ്‌ക്കെങ്കിലും പ്രായേണ നിശ്ശബ്‌ദമായിരുന്നു. തുടർന്ന്‌ വരികയായി പ്രതികരണങ്ങൾ. ആദ്യത്തെ പ്രതികരണം സ്‌റ്റെനോ ടൈപ്പിസ്‌റ്റ്‌ സുനിത മാമ്മന്റെയായിരുന്നു.

“എന്നാത്തിന്റെ സൂക്കേടാ ഇങ്ങേർക്ക്‌? ഇപ്പോ ഒരു വെളിപാടുണ്ടായിരിക്കുന്നു. കൈക്കൂലി വാങ്ങീത്‌ തിരിച്ച്‌ കൊടുക്കണത്രെ. വല്ലപ്പോഴും വല്ല നക്കാപ്പിച്ചയും കിട്ടണത്‌ കൊടുക്കുവാന്ന്‌ വച്ചാൽ-അങ്ങേർക്ക്‌ കിട്ടണപോലെ ബാക്കിയുളേളാർക്കും കിട്ടണൊണ്ടെന്നാ അങ്ങേരുടെ വിചാരം.”

“-ങ്ങേർക്കെന്താ വല്ലോം-” വായിച്ചു കഴിഞ്ഞ കടലാസ്‌ അടുത്തുളള ചവറ്റുകുട്ടയിലേയ്‌ക്കിട്ടിട്ട്‌ സീനിയർ അക്കൗണ്ടന്റ്‌ രാജൻ പറഞ്ഞ വാക്കുകൾ സഭ്യതയുടെ അതിർവരമ്പ്‌ കടന്നതായിരുന്നു.

“-ഒരു പുണ്യാളൻ. പെമ്പിളേളരെയൊക്കെ കെട്ടിച്ചയച്ചു. ഇനി ഒരു മോനുളളത്‌ ദുബായീലും. അടുത്ത വരവിൽ നല്ലൊരു തുക സ്‌ത്രീധനം വാങ്ങി കല്യാണം കഴിപ്പിക്കാൻ നോക്കിയാ മതി. അതുപോലാണോ ബാക്കിയുളേളാര്‌.”

പറഞ്ഞുവന്നപ്പോൾ ഓഫീസിലുളള ആർക്കും തന്നെ വകുപ്പ്‌ തലവനോട്‌ യോജിപ്പില്ല. അമ്പതിനായിരത്തിന്റെ ഒരു ചിട്ടിയിൽ ചേർന്ന്‌ ആദ്യഗഡു അടച്ചതേയുളളൂ വർഗീസ്‌ മാത്യു. അത്‌ പിടിച്ചിട്ട്‌ വേണം ഒരു സെക്കൻഡ്‌ ഹാൻഡ്‌ മാരുതിക്കാർ നോക്കിവച്ചതിന്റെ അഡ്വാൻസ്‌ അളിയൻ ജയിംസുകുട്ടിക്ക്‌ കൊടുക്കാൻ. അളിയനായതുകൊണ്ടും തന്റെ ഭാര്യ സൂസന്ന അയാളുടെ ഏകപെങ്ങളായതുകൊണ്ടും ചിട്ടിപിടിക്കുന്നവരെ സാവകാശം തന്നിട്ടുണ്ട്‌. ബാക്കി തുക-സർക്കാരാഫീസല്ലേ- വല്ലതുമൊക്കെ കെടയ്‌ക്കണ സെക്ഷനല്ലേ-എന്നൊക്കെയായിരുന്നു, കണക്കുകൂട്ടൽ. അന്നേരാണ്‌ അവന്ററമ്മേടെ ഒരു പിണ്ഡം വയ്‌ക്കൽ-“

വീട്‌ വയ്‌ക്കാനുളള പ്രാഥമിക നടപടികളുമായി മുന്നോട്ട്‌ പോവുന്ന സ്‌റ്റോർകീപ്പർ റഷീദ്‌, മക്കളെ മണിപ്പാലിലും മഹാരാഷ്‌ട്രയിലും ഇല്ലാത്ത തുക ഉണ്ടാക്കി എൻജിനീയറിംഗിന്‌ വിട്ടത്‌ മണ്ടത്തരമായോ എന്ന്‌ വേവലാതിപ്പെടുന്ന അച്ചാമ്മ-എല്ലാവരുടെയും നെഞ്ചത്തടിച്ചുളള പറച്ചിലും തലയിൽ കൈവച്ചുകൊണ്ടുളള പ്‌രാകലും കാരണം വകുപ്പുതലവൻ പലതവണ ക്യാമ്പിനിലിരുന്ന്‌ തുമ്മിയെന്നാണ്‌ പ്യൂൺ ബാലകൃഷ്‌ണൻ പറയുന്നത്‌.

”അയാക്ക്‌ വയസ്സ്‌ അമ്പത്‌ കഴിഞ്ഞു. ഇപ്പം വെളളമടി ഡോക്‌ടർമാർ പറഞ്ഞിട്ടായിരിക്കാം നിർത്തി. സിനിമ കാണില്ല. ഒരു ബീഡിപോലും വലിക്കത്തില്ല. നേരാംവണ്ണം നല്ലൊരു ഹോട്ടലിൽ കയറി ഭക്ഷണം കഴിക്കില്ല. ഇപ്പം വിഷയസുഖോം വേണ്ടാന്നായിക്കാണും. മനുഷ്യന്റെ ആയുസ്സ്‌ ‘ദാ’ന്ന്‌ പറയണപോലെയാ. അതിനിടയ്‌ക്ക്‌ ഒന്ന്‌ നേരാംവണ്ണം കഴിയാൻ പറ്റീല്ലെങ്കി പിന്നെപ്പോഴാ..“

ഒരേ തൂവലുളള പക്ഷികൾ ഒരുമിച്ചാലെന്ന പോലത്തെ അവസ്ഥയായിരുന്നു. ഉച്ചവരെ ഓഫീസിൽ ഒരു ഫയലുപോലും നീങ്ങിയില്ല എന്നതായിരുന്നു വാസ്‌തവം. ഉച്ചയ്‌ക്ക്‌ ഭക്ഷണസമയത്തെ ചർച്ച ഇതെങ്ങനെ നേരിടണമെന്നായിരുന്നു.

”നമുക്കൊന്നങ്ങേരെ നേരിക്കണ്ടാലോ?“

”എന്തിനാ- ഇവ്‌ടത്തെ ഓഫീസർമാരുടെ സമരസമിതി നേതാവല്ലാർന്നോ? ഇപ്പം മൂന്ന്‌ കൊല്ലം കഴിഞ്ഞു ഇവിടായിട്ട്‌. സ്ഥലം മാറേണ്ട ഘട്ടം വന്നപ്പോൾ ഇവിടെത്തന്നെ പിടിച്ച്‌ നിൽക്കാനുളള വേലയായിരിക്കും. കാണാൻ പോയാ-ഉപദേശിച്ച്‌ നിങ്ങളേം അങ്ങേരുടെ കൂട്ടത്തിൽ കൂട്ടും.“

”എന്നാ യൂണിയന്റെ സ്‌റ്റേറ്റ്‌ കമ്മിറ്റി പ്രസിഡണ്ടിനെ കണ്ടൂടെ. പിരിക്കുന്നേതിന്റെ ഒരുവീതം ഹോണറേറിയംന്ന്‌ പറഞ്ഞ്‌ അങ്ങേരും പറ്റത്തില്ലേ?“

”അതിന്‌ അയാളിപ്പം ഗ്രൂപ്പ്‌ മാറി. അപ്പം പിന്നെങ്ങനാ? പാർട്ടി പ്രസിഡണ്ടിന്റെ എതിർഗ്രൂപ്പിലുളള ഒരാളിനെ കൂട്ടിക്കൊണ്ടു പോവാൻ പറ്റ്വോ?“

ആലോചനകൾ പിന്നെയും നീണ്ടു. ലഞ്ച്‌ ബ്രേക്ക്‌ കഴിഞ്ഞിട്ടും ഒരു തീരുമാനവുമായില്ല. വകുപ്പ്‌ തലവനെ മാറ്റണമെന്ന കാര്യത്തിൽ മാത്രം എത്തി. അതാരെക്കൊണ്ട്‌ സാധിക്കും. ആരെക്കാണാൻ പോണം എന്ന കാര്യത്തിൽ പല തടസ്സങ്ങളും കയറി വന്നു.

വകുപ്പ്‌ മിനിസ്‌റ്ററെ കാണാൻ തീരുമാനിച്ചെങ്കിലും അയാൾക്കിവിടെ യൂണിയനില്ലാത്തതുകൊണ്ട്‌, ഇക്കാര്യത്തിൽ അയാളൊരു താല്പര്യവും കാണിക്കില്ല എന്ന അറിവ്‌ പ്രശ്‌നത്തിന്‌ പരിഹാരമാവാതെ പോവുന്നു.

പ്രതിപക്ഷ യൂണിയൻകാരെ കൂട്ടാന്ന്‌ വച്ചാ, അവർക്ക്‌ ചില ആദർശസ്വഭാവമൊക്കെയുണ്ട്‌. കൈക്കൂലീന്നൊരു വാക്ക്‌ എഴുത്തിലും പറച്ചലിലും വരാൻ പാടില്ല. കാര്യങ്ങൾ നടന്നുകഴിയുമ്പോൾ കക്ഷികൾ അറിഞ്ഞുകൊണ്ടു തരണ സ്നേഹോപഹാരം-അത്‌ കാഷായിട്ടാണെങ്കിലും മറ്റു വല്ലതുമായിട്ടാണെങ്കിലും-അതെങ്ങനെ കൈക്കൂലിയാവുമെന്നാണ്‌ ചോദ്യം.

”അവന്റമ്മേടൊരു സ്‌നേഹവാത്സല്യം. കാഷായിട്ട്‌ കൊടുക്കണവരാണല്ലോ കൂടുതലും. കുപ്പി പൊട്ടിക്കണതൊക്കെ ആണുങ്ങടെയിടയിലല്ലേ ഉളളൂ. ഏതായാലും ഇങ്ങനെ പോയാ അതും ഇല്ലാതാവൂല്ലെ?“

വൈകിട്ടോടെ പ്രതിപക്ഷ യൂണിയൻകാരുടെ നിലപാടറിഞ്ഞു. വകുപ്പുമന്ത്രിയെ തഴഞ്ഞ്‌ നേരെ സി.എമ്മിനെത്തന്നെ കാണുക.

”അതെങ്ങനെ? അയാള്‌ വല്യ ആദർശവാദിയല്ല്യോ? ആദർശം കൊട്ടക്കണക്കിനല്ല്യോ അയാടെ തലേക്കൂടെ ഓടണേ?“

യൂണിറ്റിന്റെ നേതാവിന്‌ ബുദ്ധി പറഞ്ഞ്‌ കൊടുത്തത്‌ എതിർ യൂണിയനിൽപ്പെട്ട ഒരാൾ.

”അങ്ങേർക്ക്‌ ഒന്നും വേണ്ട. പക്ഷേ, ഇപ്പം ഭരണം നിക്കണേലും മറ്റുളേളാന്റെ വാങ്ങുമ്പം കൊറെയൊക്കെ കണ്ണടയ്‌ക്കണംന്നൊരു ബുദ്ധി തെളിഞ്ഞിട്ടുണ്ട്‌. ഇത്തവണ കാലാവധി തികച്ചും ഭരിക്കണംന്നൊരു വാശിയൊണ്ട്‌.“

അന്ന്‌ രാത്രിതന്നെ നേതാക്കൾ വകുപ്പുമന്ത്രിയെ ഒഴിവാക്കി സി.എമ്മിനെ കാണാൻ തലസ്ഥാന നഗരിയിലേയ്‌ക്ക്‌ വണ്ടി കയറി.

രണ്ടുദിവസം തികച്ചും വേണ്ടിവന്നില്ല, വകുപ്പ്‌ തലവന്‌ സ്ഥാനചലനം. നേരെ മലബാർ മേഖലയിലേയ്‌ക്ക്‌. മുഖ്യന്റെ കീഴിലുളള ഒരു വകുപ്പിലേയ്‌ക്കാണ്‌ മാറ്റം എന്നതുകൊണ്ട്‌ എതിർത്ത്‌ പറയാനൊളള പഴുതുകളൊന്നുമില്ല.

സാധാരണ ഇമ്മാതിരി കാര്യങ്ങളിൽ ചിലപ്പോൾ തീരുമാനമാവാൻ, ആഴ്‌ചകൾതന്നെ എടുക്കാറുളളിടത്താണ്‌ രണ്ടുദിവസം കൊണ്ട്‌ ഈ മാറ്റം വന്നിരിക്കുന്നത്‌. ഇതെങ്ങനെ സാധിച്ചു?

ഓർഡർ വന്നദിവസം ഉച്ചഭക്ഷണനേരത്ത്‌ എല്ലാവരുടെയും ചോദ്യം ഇതായിരുന്നു. എന്താണിതിന്റെ രഹസ്യം?

”ഓ.. വെരി സിമ്പിൾ. സി.എമ്മിനെ കണ്ടപ്പോൾ ഒരു ചോദ്യമേ ചോദിക്കേണ്ടി വന്നുളളൂ.“

”എന്ത്‌?“

”ഇപ്പം ഈ സ്‌റ്റേറ്റിൽ ‘മിസ്‌റ്റർ ക്ലീൻ’ എന്നുപറയാവുന്ന ഒരാളേ ഉളളൂ. അത്‌ സി.എമ്മാണ്‌. അതിനൊരവകാശിയും പിന്നെ അനുയായികളും വരുന്നൂന്ന്‌ കേൾക്കുമ്പം-പിന്നങ്ങേയ്‌ക്കെന്താണ്‌ വില? അതോടെ അങ്ങേടെ ഇമേജ്‌ പോവില്ലേ?“

അതിൽ സി.എം വീണു. അതെ. തന്റെ തലയ്‌ക്ക്‌ ചുറ്റിനും ഉണ്ടെന്ന്‌ പറയുന്ന ക്ലീൻ ഇമേജിന്റെ ആ പ്രകാശവലയം വേറൊരാൾക്കും കൂടി വരുന്നെന്നോ? അത്‌ വേണ്ട. ഈ പദവീന്ന്‌ പോവുന്നിടം വരെ ഞാൻ തന്നെ മിസ്‌റ്റർ ക്ലീൻ.

Generated from archived content: story1_aug12.html Author: mk_chandrasekharan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English