ദൈവത്തിന്‌ പ്രിയപ്പെട്ടവർ

ഇത്‌ കൊച്ചി…

കേരളത്തിലെ ഏറ്റവും വലിയ നഗരം. വ്യവസായ നഗരം കോസ്‌മോ പൊളിറ്റൻ സംസ്‌കാരം ഉൾക്കൊള്ളുന്നുവെന്ന്‌ ഊറ്റം കൊള്ളുന്ന തെക്കേ ഇൻഡ്യയിലെ പ്രധാന നഗരം. ബോംബെയുടെ ഒരു പതിപ്പായി അതിവേഗം കുതിച്ചു വളരുന്ന മെട്രോസിറ്റി.

അംബരചുംബികളായ ഫ്ലാറ്റുകൾ, ഹോട്ടലുകൾ, വ്യവസായ സ്ഥാപനങ്ങൾ, ആതുരാലയങ്ങൾ, നൂറ്റാണ്ടുകൾ പിന്നിട്ട കലാശാലകൾ, പോയ രാജവാഴ്‌ചയുടെ നന്മയുടെ മേഘകൾ അയവിറക്കി വർത്തമാനകാലത്തെ ശപിക്കുന്നു. പ്രായം ചെന്നവരുടെ ചെറുകൂട്ടായ്‌മകൾ, കച്ചവടത്തിന്‌ വന്ന്‌ മതപരിവർത്തനത്തിലൂടെ ആത്മീയവും ഭൗതീകവുമായ സാഹചര്യങ്ങൾ സൃഷ്ടിച്ച്‌ ജനങ്ങളുടെ ഇടയിലെയ്‌ക്ക്‌ കയറിച്ചെന്ന്‌ വേരുറപ്പിച്ച വിദേശികളുടെ പാരമ്പര്യം പേറുന്ന – കരയിലുമല്ല കടലിലുമല്ല എന്ന നിലയിൽ ജീവിക്കാൻ വിധിക്കപ്പെട്ട പിൻതലമുറക്കാർ ഫ്യൂഡൽ വ്യവസ്ഥിതിയുടെ ജീർണ്ണിച്ച്‌ സ്മാരകങ്ങളായി മാറിയ പഴയ രാജകൊട്ടാരങ്ങൾ, കോവിലകങ്ങൾ, കാലത്തെ അതിജീവിച്ചു നിൽക്കുന്ന ആരാധനാലയങ്ങൾ, കലാലയങ്ങൾ, ലോകമഹായുദ്ധങ്ങളിലൂടെ രാജ്യം നഷ്ടപ്പെട്ട്‌ ചിന്നിചിതറി പ്രവാസികളായി മാറി, പിന്നീട്‌ മരുഭൂമിയിൽ പടുത്തുയർത്തിയ സ്വന്തം രാജ്യത്തിലേക്ക്‌ ചുറ്റുപാടുമുള്ളവർ കുടിയേറിയിട്ടും ഇവിടം വിടാതെ സ്വന്തം ഭാഷയും സംസ്‌കാരവും പാരമ്പര്യവും കാത്തുസൂക്ഷിക്കുന്ന ജൂതന്മാരുടെ അവശേഷിക്കുന്ന ചെറിയ പതിപ്പും ഇവിടെയുണ്ട്‌. ഭൂഖണ്ഡങ്ങളും കടലുകളും കടന്ന്‌ ഇവിടെ വന്ന്‌ ഈ നാട്‌ സ്വന്തം നാടായി കണ്ടവരും, ഈ മണ്ണിന്റെ ഭൗതിക സ്രോതസ്‌ കണ്ടെത്തി വിളവിറക്കി ലാഭം കടത്തി സ്ഥലം വിട്ടവരും ഈ നഗരത്തോട്‌ കടപ്പെട്ടിരിക്കുന്നു.

പുരോഹിതൻമാർ, പണ്ഡിതന്മാർ, കച്ചവടക്കാർ, ആതുരശുശ്രൂഷകർ, വേശ്യകൾ, കൂട്ടിക്കൊടുപ്പുകാർ, ചാരൻമാർ, കലാകാരൻമാർ, തെരുവ്‌ തെണ്ടികൾ, കള്ളന്മാർ, പിടിച്ചുപറിക്കാർ, വിവിധവേഷം കെട്ടിയാടുന്ന അധോലോക സംഘങ്ങൾ, ക്ഷുഭിതയൗവ്വനത്തിന്റെ എടുത്തു ചാട്ടത്തിൽ ആദർശത്തിനു വേണ്ടി ജീവിതം വരെ ഹോമിക്കാൻ തയ്യാറായി അവസാനം നിരാശരായി പിൻവാങ്ങിയ സാഹസികരാഷ്‌ട്രീയത്തിന്റെ ബലിയാടുകൾ – ഇവരെല്ലാം ഇന്നീ മെട്രോസിറ്റിയുടെ ഭാഗമാണ്‌.

സായിപ്പ്‌ കണ്ടെടുത്ത തുരുത്ത്‌ വളർന്നു വികസിച്ച്‌ ഇൻഡ്യയിലെ പ്രധാനപ്പെട്ട പ്രകൃതിദത്തമായ തുറമുഖമായി മാറിയപ്പോൾ വാണിജ്യ വികസനത്തോടൊപ്പം ഇറക്കുമതി ചെയ്‌ത പല പുതിയ രോഗങ്ങളും ഈ നാട്ടിൽ സ്ഥാനം കണ്ടെത്തി. സാങ്കേതിക വിദ്യയും, തച്ചുശാസ്‌ത്രവും വാസ്‌തുവിദ്യയും പുതിയ മാനങ്ങൾ കൈവരിച്ചപ്പോൾ ഈ പ്രപഞ്ചത്തിലെ വിവിധ ഭൂഖണ്ഡങ്ങളിലെ സാംസ്‌കാരിക പാരമ്പര്യം പേറുന്ന ചെറുതും വലുതുമായ പതിപ്പുകൾ ഈ നഗരത്തിൽ ആഴ്‌ന്നിറങ്ങി വേരുറപ്പിച്ചു.

ടൂറിസം ലാഭകരമായ ഒരു വാണിജ്യോപാധിയായി മാറിയപ്പോൾ അന്തർദേശീയ നിലവാരമുള്ള ഹോട്ടലുകൾ, ടൂറിസ്‌റ്റ്‌ കോട്ടേജുകൾ, കളിസ്ഥലങ്ങൾ, ആതുരാലയങ്ങൾ, ഇവയെല്ലാം വിദേശീയർക്കായി തുറന്നു കൊടുത്തു. മറുവശം റയിൽവേ സ്‌റ്റേഷൻ, ബസ്‌സ്‌റ്റാൻഡ്‌, തിരക്കേറിയ നിരത്തുകൾ, ഇവയ്‌ക്ക്‌ സമീപമായി ചേരി പ്രദേശങ്ങളും വളർന്നു. ആഗോളവത്‌ക്കരണവും ഉദാരവത്‌കരണവും നൽകുന്ന നൻമകളെക്കാൾ ഏറെ അതിന്റെ ദൂഷ്യഫലങ്ങൾ ഉൾക്കൊള്ളാൻ വിധിക്കപ്പെട്ട ഒരു ജനസഞ്ചയത്തിന്റെ ഒട്ടും മോശമല്ലാത്ത പതിപ്പുകളും ഇവിടുണ്ട്‌.

കൊച്ചിയുടെ ജീവിതം പറയുന്ന പുതിയ നോവൽ അടുത്ത ലക്കം മുതൽ….

Generated from archived content: novel_mk.html Author: mk_chandrasekharan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here