മടക്കയാത്ര തീരുമാനമാവുന്നു

‘നഖക്ഷതമേറ്റ ഓർമ്മകൾ’ എന്ന നോവലിലെ ഒരദ്ധ്യായം

ദൈവം ഒരേ സമയത്ത്‌ ശൂന്യതയും അക്ഷയപാത്രവുമാണെന്ന്‌ മുമ്പൊരിക്കൽ ഞാൻ എഴുതിയിട്ടുള്ളതാണ്‌. വരൾച്ചതരുന്ന ദൈവംതന്നെ നിറഞ്ഞൊഴുക്കും സമ്മാനിക്കാറുണ്ട്‌. കിനാവുകളിൽ ഞാൻ ചിലപ്പോഴൊക്കെ ദൈവത്തെ തേടാറുണ്ട്‌. പക്ഷേ, വ്യക്തമായ ഒരു രൂപം- അതൊരിക്കലും കിട്ടിയിട്ടില്ല. അവസാനം സങ്കല്‌പത്തിൽ കടന്നുവരുന്നത്‌ മനുഷ്യരൂപമാണ്‌. ദൈവത്തിന്‌ ഏത്‌ രൂപത്തിലാണ്‌ വരാൻ പാടില്ലാത്തത്‌? മൃഗമായോ, പറവയായോ വേറേതെങ്കിലും രൂപത്തിലോ മനുഷ്യന്റെ മുന്നിൽ പ്രത്യക്ഷപ്പെടാമല്ലോ. കൃഷ്‌ണനെ കാന്തനായി കണ്ടവൾ അവസാനം അഭയം കണ്ടെത്തിയത്‌ ഇസ്ലാമിലാണ്‌. എന്നിട്ടും കൃഷ്‌ണൻ കളിക്കൂട്ടുകാരനായി എന്നും എന്റെ മനസ്സിലുണ്ടായിരുന്നു. ഓർമ്മ വച്ചപ്പോൾ മുതൽ കളിക്കൂട്ടുകാരനായ ഒരാളെ എങ്ങനെ വഴിമദ്ധ്യേ ഉപേക്ഷിക്കാൻ പറ്റും? മാത്രമല്ല, എന്റെ പുതിയ ജന്മത്തിൽ ഏറെ സന്തോഷിക്കുന്നവനും കൃഷ്‌ണൻ തന്നെയായിരിക്കും. ഇത്‌ ഒരു പുതുജന്മമാണ്‌. പാമ്പ്‌ അതിന്റെ ജിർണ്ണിച്ച ഉറ ഊരിക്കളയുന്നതുപോലെ ഞാനെന്റെ ഭൂതകാലം ഉപേക്ഷിച്ചു. അത്‌ ഞാൻ നേരത്തേ പറഞ്ഞിട്ടുള്ളതാണ്‌. എങ്കിലും ഞാനൊരാൾ, വീടിന്റെ ചുമരിലെ ഒരു ഫോട്ടോ മാത്രമായി – എന്റെ വീട്ടുകാരുടെയും അപൂർവ്വം സുഹൃത്തുക്കളുടെയും ഇടയിൽ മാത്രമായി ഒതുങ്ങരുതെന്ന നിർബന്ധബുദ്ധി മൂലമാവാം, ഞാൻ കുറെയൊക്കെ നേരത്തേ എഴുതിയത്‌. ‘എന്റെ കഥ’ സൃഷ്‌ടിച്ച വിസ്‌ഫോടനം പറഞ്ഞു കഴിഞ്ഞകാര്യമാണ്‌. അതെഴുതാനുണ്ടായ സാഹചര്യവും പറഞ്ഞു. കൊച്ചിയിലെ അന്തേവാസിയായി കഴിഞ്ഞകാലം കൂടി നഖക്ഷതമേറ്റ ഓർമ്മകളായി കിടക്കുന്നത്‌ ഇപ്പോൾ പകർത്തുന്നെന്ന്‌ മാത്രം. ഇതോടെ ഈ നഗരം പിന്നെന്റെ ജീവിതത്തിലേയ്‌ക്ക്‌ കടന്നുവരരുതെന്ന്‌ ആഗ്രഹിക്കുന്നു.

ഈ നഗരത്തെ മാത്രമല്ല, ഈ നാടിനെത്തന്നെ ഞാൻ മറക്കുകയാണ്‌. ഒരിക്കൽ ശരീരമാണ്‌ ജീവിതത്തിന്റെ കാതൽ എന്ന്‌ വിശ്വസിച്ചിരുന്നവൾ- പരലോകത്തിന്റെ കരയ്‌ക്കെത്താൻ ശരീരം മാത്രമേ കടത്തുവഞ്ചിയായി ഉപകരിക്കൂ എന്ന്‌ വിശ്വസിച്ചിരുന്നവൾ – ഇപ്പോൾ ഏകാകിനിയാവുമ്പോൾ ആത്‌മാവിന്‌ മാത്രമറിയാവുന്ന ഭാഷയിലാണ്‌ സംവാദം നടത്തുന്നത്‌.

സന്ധ്യകളിൽ അവൾ മരുഭൂമിയാണ്‌. അവളുടെ ദാഹം മരുഭൂമിയുടെ ദാഹമാണ്‌. അതുകൊണ്ടാവാം ഒടുവിൽ പ്രേമം തട്ടിമാറ്റി അവളുടെ ഇണ യാത്രയായത്‌. എന്റെ അനുഭവമാണ്‌ ഞാനിവിടെ പറഞ്ഞത്‌. ഒന്ന്‌ ഞാൻ മനസ്സിലാക്കി; പുരുഷന്‌ കൊടുക്കുന്ന സ്‌നേഹത്തിന്‌ പരിധി വേണം. അമിതമായ വിശ്വാസം – അർപ്പണം- അത്‌ നഷ്‌ടബോധമേ ഉളവാക്കൂ.

താനൊരിക്കൽ ആവശ്യമാണെന്ന്‌ കരുതിയവൾത്തന്നെ പിന്നീടവളുടെ വാതിൽ എന്നെന്നേയ്‌ക്കുമായി കൊട്ടിയടയ്‌ക്കും. അമിതമായി പ്രേമം ലഭിച്ചവൻ പിന്നീട്‌ മദ്യപാനിയെപ്പോലാവുമെന്ന്‌ അനുഭവം തന്നെയാണ്‌ പഠിപ്പിച്ചത്‌. എങ്കിലും എന്റെ യുവസ്‌നേഹിതകളിൽ ചിലർ പറഞ്ഞതോർക്കുന്നു. ‘നിങ്ങൾ ഈ പ്രായത്തിൽ പ്രേമത്തിൽപെട്ടത്‌ സൗഭാഗ്യമായി കരുതി. അന്ന്‌ ഈ മുഖം ആനന്ദംകൊണ്ട്‌ തിളങ്ങിയിരുന്നു. ഒരു നിഷ്‌കളങ്കയുടേത്‌ എന്നപോലെ. പക്ഷേ, ഇപ്പോൾ വഞ്ചിക്കപ്പെട്ടുവെന്ന്‌ അറിയുമ്പോഴും ഞങ്ങൾക്കു ദുഃഖമില്ല. അത്‌ ഭാഗ്യമായി മാത്രം കാണുന്നു. കാരണം, എല്ലാം തിരിച്ചറിഞ്ഞ്‌, സ്വതന്ത്രമായ ഒരു നിലപാടെടുക്കാനുള്ള വിവേചനവും കരുത്തും നൽകിയല്ലോ. പുണ്യം ചെയ്യുവാനുള്ള സ്വാതന്ത്ര്യം കടൽ പോലെ പരന്ന്‌ കിടക്കുന്നു. അത്‌ മനസ്സിലാക്കിയത്‌ ഇസ്ലാംമതം സ്വീകരിച്ചപ്പോൾ മാത്രം. അത്‌ വരെയുള്ള എന്റെ പ്രവൃത്തികൾ ചില പ്രത്യേക മേഖലകളിലായിരുന്നു. അവിടെയും പാവപ്പെട്ടവരും പീഢിതരും ഉണ്ടായിരുന്നെങ്കിലും എന്റെ പ്രവൃത്തികൾക്ക്‌ പരിധിയുണ്ടായിരുന്നു. ഇപ്പോൾ ദരിദ്രർ വേണ്ടപ്പെട്ടവരായി മാറിക്കഴിഞ്ഞു. മുമ്പൊക്കെ അടുത്തുകൂടി വന്നാലും അദ്യശ്യരായി മാറിയിരുന്നവർ ഇപ്പോൾ കൂടുതലായി എനിക്ക്‌ വെളിപ്പെടുന്നു. പ്രേമമെന്ന സ്വാർത്ഥവികാരത്തിൽനിന്ന്‌ മോചിതയായപ്പോഴേ ഞാനെന്നെ, ദൈവത്തിനോടുള്ള ആത്മാർത്ഥഭക്തിയിൽക്കൂടി തിരിച്ചറിഞ്ഞു. അതിന്‌ ശത്രുത്വബോധമില്ല. ദാഹം ശമിപ്പിക്കുന്ന പുണ്യതിർത്ഥം. എന്റെ ബലഹീനത, അഴിച്ചിട്ട വസ്‌ത്രങ്ങളാണെങ്കിലും എന്റെ ആത്മാവിന്റെ ആവരണം- ഭക്തി എന്നെ രക്ഷിക്കുമെന്ന്‌ തിരിച്ചറിഞ്ഞു. ശരീരഭംഗി ആത്‌മാവിന്‌ കെണിയൊരുക്കാറുണ്ട്‌. കെണികൾ, തകർത്തേ, മുന്നോട്ട്‌ യാത്ര തുടരാനാവൂ. ഭൗതികമായ എല്ലാ ബന്ധനങ്ങളിൽ നിന്നും മോചനം നേടാൻ- ഈ യാത്ര തുടർന്നേ മതിയാവൂ. ഈ നാട്ടിൽ സ്‌നേഹവും-ഇവിടെയെനിക്ക്‌ വീടുമുണ്ട്‌. ആ വിശ്വാസത്തിലാണ്‌ അന്യനാട്ടിൽ നിന്ന്‌ ഇങ്ങോട്ടുതന്നെ തിരിച്ച്‌ വന്നത്‌. എന്നാൽ ഈ നാട്ടിൽ വന്നപ്പോഴോ, എവിടൊക്കെ തങ്ങിയോ, അവിടെനിന്നെല്ലാം സ്‌നേഹത്തിന്‌ പകരം കിട്ടുന്നത്‌ പരിഹാസമാണ്‌. എന്നെ സ്‌നേഹിക്കുന്നവർ ധാരാളമുണ്ട്‌. പക്ഷേ, അവരൊക്കെ എന്തുകൊണ്ടോ, നിർണ്ണായകഘട്ടം വരുമ്പോൾ നിഷ്‌ക്രിയരാകുന്നു. അവരുടേതായ പരിമിതകളും ബാധ്യതകളും അവരെ ആ തലത്തിലേക്കെത്തിക്കുന്നതാകാം. എന്നോടുള്ള വെറുപ്പിന്റെ ആധിക്യം കൂടിയ ഒരുപറ്റം ആൾക്കാരാണിവിടെ മേൽക്കൈ നേടുന്നത്‌; ഇസ്ലാമതത്തെ പുണർന്നപ്പോൾ മുതൽ തുടങ്ങിയ വിദ്വേഷവും വെറുപ്പും ഏഴെട്ട്‌ വർഷം കഴിഞ്ഞിട്ടും, പ്രകടമായ അകൽച്ച കുറഞ്ഞെങ്കിലും ഇപ്പോഴും മതവിദ്വേഷം മനസ്സിൽ സൂക്ഷിക്കുന്നവരാണ്‌ അവരെന്നറിയുമ്പോൾ എനിക്ക്‌ തീരുമാനങ്ങളെടുക്കാൻ നേരമായെന്ന്‌ ഞാൻ മനസ്സിലാക്കുന്നു. മതത്തിന്റെ രാഷ്‌ട്രിയ പ്രസക്തി വളർത്തിക്കൊണ്ടുവരുന്നത്‌ ദൈവമാണോ, അതോ പിശാചോ? ദൈവത്തിന്‌ വെറുപ്പില്ല. എല്ലാ ജീവജാലങ്ങളേയും കാരുണ്യത്തോടെ മാത്രം നോക്കിക്കാണുന്ന ദൈവത്തിന്‌ വെറുപ്പെന്ന വികാരം പോലും ഉളവാവില്ല. മതം അന്ധതയെ നിർമ്മിക്കുന്നവെങ്കിൽ അതിനെ ബലികൊടുക്കുകയാണ്‌ വേണ്ടത്‌. നമുക്ക്‌ ദൈവം മതി. ദൈവം വേലികൾ കെട്ടിയിട്ടില്ല, മതിലുകൾ ഉയർത്തിയിട്ടില്ല. ആത്മാവിന്റെ നോവുന്ന വിടവുകൾ സാവധാനത്തിൽ നികത്തുന്നവനാണ്‌ ദൈവം. ക്രൂരകർമ്മങ്ങൾ നടത്തുന്നവർ ദൈവനാമം ഉച്ചരിക്കുന്നത്‌ പോലും ക്രൂരമാണ്‌. ഇസ്ലാമിന്റെ പാതയിലൂടെ നടന്നു വരുന്ന ഞാൻ പിന്നോക്കം തിരിഞ്ഞു നോക്കുമ്പോൾ റോഡരികിൽ അലസതയോടെ നോക്കിക്കാണുന്നു; സ്വാർത്ഥത, കൊതി, കാമം, പ്രതികാരേച്‌ഛ, വൈരം-ഞ്ഞാൻ വലിച്ചെറിഞ്ഞ പാഴ്‌വസ്‌തുക്കളിൽ കാക്കകൾ ഉലാത്തുന്നു. അവയെ കൊത്തിവലിക്കുന്നു.

ചത്തതെല്ലാം-ഞ്ഞാൻ ഉപേക്ഷിച്ച പാഴ്‌വസ്‌തുക്കളെല്ലാം-ചത്ത അനുഭൂതികളും ആദർശങ്ങളും ഉൾപ്പെടെ എല്ലാമെല്ലാം കാക്കകൾക്കും കഴുകന്മാർക്കും ഉറുമ്പുകൾക്കും പ്രിയപ്പെട്ട ഇരകളാണ്‌. ഭോഗങ്ങളുടെ പുണ്യ തീർത്ഥങ്ങൾ കടന്നുചെന്നെത്തുന്ന ഒരാൾ സന്യാസിയായി മാറിയാൽ മാത്രമേ പക്വതയും മാധുര്യവും കണ്ടെത്താനാവൂ. അല്ലെങ്കിൽ അത്‌ പ്രായം ചെന്ന കന്യകമാരുടെ പുരുഷഭയംപോലെ അപൂർണ്ണമായിത്തന്നെ നിൽക്കും. ഇതൊക്കെ എന്റെ കണ്ടെത്തലുകളാണ്‌. ഇങ്ങനെയൊക്കെയാലും എനിക്കെന്റെ പ്രേമഭാജനത്തെ ഉപേക്ഷിക്കാനാവുമോ? ഒരിക്കൽപോലും

മരണമില്ലാത്ത സ്വപ്‌നങ്ങളിൽ ഞാനെന്റെ പ്രേമഭാജനത്തെ കാണാറുണ്ട്‌. ഇക്കഴിഞ്ഞ ദിവസവും ഒരുച്ചയുറക്കത്തിൽ ഞാനെന്റെ പ്രേമഭാജനത്തെ സ്വപ്‌നം കണ്ടു. എന്റെ വലത്തെ ചുമലിൽ മുഖം ചായ്‌ച്ചുറങ്ങുന്നു. ഉറക്കത്തിൽ ഞാൻ ഇടയ്‌ക്കിടെ മെല്ലെ ഞരങ്ങി. സ്വപ്‌നത്തിന്റെ ഖനികളിൽ വിളയുന്ന അപാരലാവണ്യമേ, നിന്നെ ഞാനെങ്ങനെ മറക്കും? വളരെ നാളായി മെരുക്കിയെടുത്ത മനസ്സിന്റെ സുകൃതഭാരം നേർത്തു പോവുന്നോ? വഴിവക്കിലെ കുപ്പത്തൊട്ടിയിൽ വലിച്ചെറിയേണ്ടുന്ന പാഴ്‌വസ്‌തുപോലുള്ള എന്റെ ശരീരം വെടിഞ്ഞ ആത്‌മാവിനും അവനോട്‌ ഒടുങ്ങാത്ത ആസക്തിയോ? അല്ലാഹുവേ, എനിക്ക്‌ പാപമോചനം നൽകൂ. നിന്നിലേക്കുള്ള മടക്കം ഞാനിതാ ആരംഭിക്കുന്നു. എങ്കിലും അല്ലാഹുവേ – പൊറുക്കാൻ വയ്യാത്തൊരു കുറ്റമാണോ പ്രണയം? എനിക്കൊന്നേ അപേക്ഷിക്കാനുള്ളു, എന്നിൽ ഭക്തിയുടെ ചിരാതുകൾ മാത്രമല്ല കത്തുന്നത്‌; പ്രേമത്തിന്റെ ദീപങ്ങളും കത്തുന്നു. ഓർമ്മകൾ മങ്ങുമ്പോഴൊക്കെയും ജ്വലിക്കുന്നു. അവ അങ്ങനെ ആയിരിക്കാൻ അനുവദിക്കുക. എങ്കിലും- കാലം ചെല്ലുന്തോറും ഭാരം വർദ്ധിക്കുന്ന ഭൂസ്വത്താണ്‌ മനുഷ്യാത്മാവ്‌ എന്നത്‌ എന്നിൽ രൂഢമൂലമായിരിക്കുന്നു. ഇനി അത്‌ ഇറക്കി വെച്ച്‌ വിശ്രമിക്കുവാൻ വഴിയിൽ അത്താണികളോ ദാഹം തീർക്കാൻ തണ്ണീർപ്പന്തലുകളോ ഇല്ല. എനിക്ക്‌ വിശ്രമം ആവശ്യമാണ്‌. രാത്രികാലത്ത്‌ നിദ്രാവിഹീനയായി കിടക്കയിൽ മലർന്നുകിടക്കുമ്പോൾ ആദിമനുഷ്യന്റെ ഏകാന്തത എനിക്കനുഭപ്പെടുന്നു. എന്റെ ചുറ്റിനും മരുഭൂവിന്റെ ധൂളികളാണ്‌. ഇടയിൽ, കാതങ്ങൾ തങ്ങിയ ക്ഷീണിതയായ ഒട്ടകത്തിന്റെ ശ്വാസോച്‌ഛാസം പോലെ അയഞ്ഞ്‌ ശ്വസിക്കുന്നു – നിശ്വസിക്കുന്നു – ഉച്‌ഛ്വസിക്കുന്നു.

ഞാൻ കണ്ട വാടിത്തളർന്ന സ്വപ്‌നങ്ങൾ-കേട്ട മധുരസ്വരം-മീതെ തെളിഞ്ഞുവന്ന ചന്ദ്രൻ

സ്‌നേഹിക്കപ്പെടുമെന്ന്‌ വിശ്വസിച്ചതിന്‌ മാപ്പ്‌-കിനാവിൽ കണ്ടവന്റെ ഗാഢാശ്ലേഷത്തിൽ മയങ്ങിക്കിടന്നതിനും-എല്ലാത്തിനും-എല്ലാത്തിനും മാപ്പ്‌. മൗനം എന്റെ മുറിയിൽ പരക്കുന്നു. മഴയായി മൗനം പെയ്യുന്നു. വെളുത്ത മഞ്ഞിൻശകലങ്ങളായി മൗനം എന്റെ ശയ്യയെ പൊതിയുന്നു. മെല്ലെ-മെല്ലെ-വളരെ മെല്ലെ-മൗനം എന്റെ ആവരണമായി മാറുന്നു. എന്റെ തണുത്തുറഞ്ഞ ശരീരത്തെ പൊതിഞ്ഞ പട്ട്‌…..

Generated from archived content: essya1.html Author: mk_chandrasekharan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English