മാധവിക്കുട്ടിയെന്ന സ്‌നേഹം

സ്‌നേഹത്തിന്‌ സാർവ്വലൗകികമായ ഒരു ഭാഷയേയുള്ളുവെന്ന്‌ ജീവിതം കൊണ്ട്‌ തെളിയിച്ച എഴുത്തുകാരിയാണ്‌ മാധവിക്കുട്ടി. ജീവിതത്തിന്റെ എല്ലാ തലങ്ങളിലും സ്‌നേഹത്തിന്റെ വെളിച്ചം വിതറിയ ഏക കഥാകാരി. അവിടെ സ്‌നേഹത്തിന്‌ കാരുണ്യമുണ്ട്‌, സാന്ത്വനമുണ്ട്‌ ആർദ്രതയുണ്ട്‌.

‘സ്‌നേഹത്തെപ്പറ്റി പറഞ്ഞപ്പോഴൊക്കെ ഞാൻ വേദനിച്ചിട്ടുണ്ട്‌.’ അവർ ഒരിക്കൽ പഞ്ഞിട്ടുണ്ട്‌. സ്‌നേഹാർദ്രയായ ഈ കഥാകാരി പലപ്പോഴും കോപം കൊണ്ട്‌ പൊട്ടിത്തെറിച്ചിട്ടുണ്ട്‌, ശാസിച്ചിട്ടുണ്ട്‌, കലഹിച്ചിട്ടുണ്ട്‌. ചിലപ്പോഴൊക്കെ കരഞ്ഞിട്ടുമുണ്ട്‌. സ്‌നേഹമുള്ള ഹൃദയത്തിലേ ഈ വികാരങ്ങൾ കടന്നുവരികയുള്ളുവെന്ന്‌ ജീവിതം കൊണ്ട്‌ അവർ കാണിച്ചു തന്നു.

സ്‌കൂൾ വിദ്യാഭ്യാസം മുഴുവനാക്കിയില്ലെങ്കിലും നാലപ്പാട്‌ കുടുംബത്തിൽ പിറന്ന മറ്റാരേക്കാളും അവർ പുറംലോകത്ത്‌ അറിയപ്പെട്ടു. ‘എന്റെ കഥ’ എഴുതിയതോടുകൂടി അവരുടെ പ്രശസ്‌തി കടലും കടന്ന്‌, ഭൂഖണ്‌ഢങ്ങളും കടന്ന്‌ ലോകമെമ്പാടും വ്യാപിച്ചു. മലയാളത്തിൽ മാധവിക്കുട്ടി എന്ന പേരിലും ഇംഗ്ലീഷിൽ കമലാദാസ്‌ എന്ന പേരിലും കഥകളും കവിതകളും നോവലുമെഴുതി അന്താരാഷ്‌ട്ര പ്രശസ്‌തിയാർജ്ജിച്ച ഏക മലയാള എഴുത്തുകാരി മാധവിക്കുട്ടി മാത്രമാണ്‌. ‘എന്റെ കഥ’ മലയാളാസാഹിത്യത്തിന്‌ നൽകിയ വിസ്‌ഫോടനം, അത്‌വരെ എഴുതിയ ആത്‌മകഥാ രചനാ സമ്പ്രദായങ്ങളെ പാടെ നിരാകരിക്കുന്നതായിരുന്നു. സ്‌നേഹത്തിനു വേണ്ടിയുള്ള അന്വേഷണം – പലരിലും അവർ തന്റെ ചെറുപ്പന്നേ മനസ്സിൽ കൊണ്ട്‌ നടന്ന കളിക്കൂട്ടുകാരനായ ശ്രീകൃഷ്‌ണനെ കാണാൻ ശ്രമിച്ചത്‌ ഏറെ വിവാദങ്ങളിലേയ്‌ക്ക്‌ കൊണ്ടെത്തിച്ചു. കുടുംബത്തിലുള്ളവരും സുഹൃത്തുക്കളും ഏറെ അവരെ തെറ്റിദ്ധരിച്ചു. കമലാദാസ്‌ എന്ന പേരിൽ എഴുതിയ സമ്മർ ഇൻ കൽക്കത്ത, ദി സൈറൻസ്‌, കലക്‌ഡ്‌ പോയംസ്‌ തുടങ്ങിയ ഇംഗ്ലീഷ്‌ കൃതികൾക്ക്‌ പുറമെ നിരവധി കഥകളും വിദേശഭാഷകളിൽ വിവർത്തിതമായതോടുകൂടി സ്‌നേഹത്തിന്റെ ഭാഷ അന്തരാഷ്‌ട്ര സാഹിത്യലോകത്തേയ്‌ക്കും കടന്നുപറ്റി.

സെക്‌സ്‌ അശ്ലീലമല്ലെന്നും അതെങ്ങനെ കലാപരമായി ആവിഷ്‌ക്കരിക്കാമെന്നും തെളിയിച്ചു കൊടുത്തത്‌ മാധവിക്കുട്ടിയാണ്‌. സ്‌നേഹത്തിന്റെ മറ്റൊരുമുഖമായി സെക്‌സിനെ കാണാമെന്ന്‌ തെളിയിച്ചതോടെ വായനക്കാർ അവരുടെ കൃതികളെ ഹൃദയപൂർവ്വും അവ സ്വീകരിച്ചു. അവർക്ക്‌ പിന്നാലെ നിരവധി പുതിയ എഴുത്തുകാർ സെക്‌സ്‌ കൈകാര്യം ചെയ്യുന്ന കൃതികൾ മലയാളത്തിന്‌ സംഭാവന ചെയ്‌തെങ്കിലും അവയൊക്കെ ജൂഗ്‌പ്‌സാവഹമായ ആവിഷ്‌കാര രീതികൊണ്ട്‌ ക്ഷുദ്രകൃതികളായി മാറി. ചില കൃതികൾ താൽക്കാലികമായ വിജയം കൊയ്‌തെങ്കിലും സ്‌ഥായിയായ ഒരിടം അവയ്‌ക്ക്‌ ലഭിച്ചില്ല. മാധവിക്കുട്ടിയുടെ വിജയം അവിടെയാണ്‌. ചെറുപ്പക്കാരായാലും മുതിർന്നവരായാലും പാത്തും പതുങ്ങിയും വായിക്കേണ്ട കൃതികളല്ല അവരുടേതന്ന്‌ കാലം തെളിയിച്ചു.

‘മാധവിക്കുട്ടി എന്ന കടമ്പ കടക്കാൻ നോക്കി, ഞങ്ങളൊക്കെ പരാജയപ്പെടുകയാണുണ്ടായത്‌.’ ‘സാഹിത്യലോകത്ത്‌ അതിദ്രുതം ഒരു കുതിച്ചു കയറ്റത്തിന്‌ വേണ്ടി ഈ വിഷയം കൈകാര്യം ചെയ്യാൻ ശ്രമിച്ചത്‌ അമ്പേ പരാജയപ്പെട്ട ഒരു കഥാകാരിയുടെതാണ്‌ കുമ്പസാരം കലർന്ന, ഈ വാക്കുകൾ. സ്‌നേഹത്തെപ്പറ്റി മാധവിക്കുട്ടി പറയുന്നത്‌ കേൾക്കുക. “ഞാനൊരു നദി പോലെയാണ്‌. എന്റെ സ്‌നേഹം ഒരു നദിപോലെ ഒഴുകുകയാണ്‌. എനിക്ക്‌ സമൂഹം തന്ന സ്‌നേഹത്തിന്റെ പത്തിരട്ടി ഞാനങ്ങോട്ട്‌ കൊടുത്തിട്ടുണ്ട്‌. അതെന്താന്ന്‌ വച്ചാൽ സാംസ്‌കാരികമായ സ്വത്ത്‌ ഞാൻ നൽകിയിട്ടുണ്ട്‌. അവർക്കതിന്റെ വില മനസ്സിലായില്ലെങ്കിൽ, അതെന്റെ കുറ്റമല്ല. അവരുടെ വൈകല്യമാണ്‌.’ കമിതാക്കളുടെ സ്‌നേഹത്തെപ്പറ്റിയും അവർക്ക്‌ ചിലത്‌ പറയാനുണ്ട്‌.

‘സ്‌നേഹം പൂക്കണമെങ്കിൽ സ്‌പർശിക്കുകതന്നെവേണം’ കമിതാക്കളുടെ സ്‌നേഹം പ്രണയമാണ്‌. അവിടെ കാമമുണ്ട്‌. പ്രണയിക്കുന്നവരെ കാമിക്കുമ്പോൾ മടുപ്പ്‌ വരില്ല. കാമിക്കാനായി മാത്രം പ്രണയിക്കുമ്പോഴാണ്‌ പ്രശ്‌നങ്ങളുണ്ടാകുന്നത്‌. ‘ഇന്നത്തെ കാലത്ത്‌ യുവതലമുറ പ്രണയം നടിച്ച്‌ കാമിച്ച്‌, കാമശമനം നടത്തിയശേഷം കൂട്ടുകാർക്ക്‌ തന്റെ കാമനിയെ കാഴ്‌ചവച്ച്‌ സ്‌നേഹത്തെയും പ്രണയത്തെയും ആഭാസമാക്കി മാറ്റുകയാണ്‌ ചെയ്യുന്നത്‌. സൂര്യനെല്ലിക്കേസും വിതുരക്കേസും അങ്ങനെ വന്ന്‌പെട്ടതാണ്‌.”

’യഥാർത്ഥ പ്രേമവും സ്‌നേഹവും അന്യം നിന്നുപോയിരിക്കുന്നു.‘ അവർ വ്യാകുലപ്പെടുന്നു. അങ്ങനെയുള്ള സന്ദർഭങ്ങളിൽ അവർ സംഭാഷണത്തിൽ മാത്രമല്ല സാഹിത്യകൃതികളിലൂടെയും കലഹിക്കുകയും ചെയ്യുന്നുണ്ട്‌. പ്രണയത്തിന്‌ പ്രായവ്യത്യാസം ഒരു തടസ്സമല്ലെന്ന്‌ അവർ തെളിയിച്ചു. വിവാദങ്ങൾ കൂടപ്പിറപ്പായി മാറിയ മാധവിക്കുട്ടി, ആ സന്ദർഭത്തിൽ മതം മാറ്റം നടത്തി സാഹിത്യ സാമുദായിക മണ്‌ഡലങ്ങളിൽ വീണ്ടുമൊരു ശക്തിയേറിയ ബോംബ്‌ പൊട്ടിച്ചു. അതോടെ മാധവിക്കുട്ടി കമലാസുരയ്യയായി. താൻ സ്‌നേഹം കണ്ടെത്തിയ പുരുഷനെ ആശ്ലേഷിക്കാൻ വേണ്ടിയാണ്‌ ഈ മതം മാറ്റം എന്ന ആക്ഷേപമുയർന്നപ്പോൾ അത്‌ നിരാകരിക്കാനോ നിഷേധിക്കാനോ അവർ തയ്യാറായില്ല. ആ മനോഭാവം അവരെ ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും മാത്രമല്ല, സാഹിത്യ ലോകത്തെ തന്നെ നല്ലൊരു ശതമാനും പേരെയും അകറ്റാനേ സഹായിച്ചുള്ളു. സാഹിത്യലോകത്തെ തന്റെ സുഹൃത്തുക്കളായവരുടെ കപടമുഖം കാണാനിടയായപ്പോൾ അവർ വേദനിച്ചെങ്കിലും കുലുങ്ങിയില്ല. ’കേരളത്തിൽ വീടും സ്‌നേഹവുമുണ്ടെന്ന വിശ്വാസത്തിലാണ്‌ ഞാൻ ഇവിടേയ്‌ക്ക്‌ വന്നത്‌. (വിവാഹിതയായതോടെ ഭർത്താവുമൊരുമിച്ച്‌ ബോംബെയിലേയ്‌ക്കും ഭർത്താവ്‌ ജോലിയിൽ നിന്ന്‌ വിരമിച്ചപ്പോൾ ആദ്യം തിരുവനന്തപുരത്തേയ്‌ക്കും ഭർത്താവിന്റെ മരണശേഷം കൊച്ചിയിലേയ്‌ക്കും താമസം മാറ്റിയിരുന്നു.). എന്നാൽ സ്‌നേഹത്തിന്‌ പകരം പരിഹാസമാണ്‌ ഇപ്പോൾ ലഭിക്കുന്നത്‌. ഞാനൊരു വിഡ്‌ഡിവേഷം കെട്ടിപ്പോയോ എന്ന്‌ ചിലപ്പോൾ തോന്നുന്നു.‘ അവർ ഒരിക്കൽ പറയുകയുണ്ടായി.

തന്റെ തറവാട്ട്‌ ഭൂമിയിൽ തനിക്ക്‌ വീതം കിട്ടിയ സ്‌ഥലത്ത്‌ ഒരു വീട്‌ പണിയണമെന്നും അതിനടുത്ത്‌ ഒരു പള്ളി പണിയണമെന്നുമുള്ള മോഹം, മതം മാറ്റം നാട്ടിലും ബന്ധുക്കളിലുമുളവാക്കിയ പ്രതിഷേധം കണക്കിലെടുത്ത്‌ ഉപേക്ഷിച്ചു. പിന്നീടാ ഭൂമി കേരളസാഹിത്യ അക്കാദമിക്ക്‌ ദാനം ചെയ്‌തപ്പോൾ അത്‌ വോറൊരു വിവാദത്തിലേയ്‌ക്ക്‌ വഴി തെളിച്ചു. സാഹിത്യ അക്കാദമി നിർവ്വാഹകസമിതി ഭൂമി ഏറ്റെടുക്കാൻ തയ്യാറാണെന്നറിയിച്ചെങ്കിലും തീരുമാനത്തിന്റെ പിറ്റേന്ന്‌ അക്കാദമി പ്രിസിഡന്റ്‌ വിയോജിപ്പ്‌ പ്രകടിപ്പിക്കുന്ന പ്രസ്‌താവന ഇറക്കിയതാണ്‌ വിവാദത്തിന്‌ കാരണമായത്‌. രാത്രി കാലങ്ങളിലുള്ള ഭീഷണികലർന്നതും പിന്നീട്‌ അശ്ലീലം കലർന്നതുമായ ഫോൺകോളുകൾ, താൻ താമസിക്കുന്നതിനു സമീപത്തുള്ള മാലിന്യകൂമ്പാരം സൃഷ്‌ടിച്ച ആരോഗ്യപ്രശ്‌നങ്ങൾ, വിവാദങ്ങൾക്ക്‌ പിന്നാലെയുണ്ടാവുന്ന വിവാദങ്ങൾ – ഈ നാടുതന്നെ ഉപേക്ഷിക്കാൻ കാരണമായി മാറുകയായിരുന്നു. എങ്കിലും പോകാൻ നേരം അവർ കൊച്ചിയിൽ പറയുകയുണ്ടായി.

’ഞാൻ നിങ്ങളെയൊക്കെ സ്‌നേഹിക്കുന്നുണ്ട്‌. ഈ ബലിയർപ്പിക്കൽ നിങ്ങൾ കാണാതെ പോകുന്നിടത്തോളം കാലം ഞാൻ എഴുതിക്കൊണ്ടിരിക്കും. സ്‌നേഹത്തിന്റെ ഭാഷയിലുള്ള ആ എഴുത്താണ്‌ നിലച്ചരിക്കുന്നത്‌. പക്ഷേ, “ഞാൻ സ്‌നേഹമെന്ന” ആ ദർശനം മലയാള സാഹിത്യലോകത്ത്‌ ഒരിക്കലും അന്യം വരില്ല. കാരണം ആ ദർശനം നൽകുന്ന ഒരെഴുത്തുകാരിക്ക്‌ മരണമില്ല.

Generated from archived content: essay1_jun13_09.html Author: mk_chandrasekharan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here