ഏഴു വയസ്സെത്തും മുൻപ് ഒരു പുരുഷായുസ്സിൽ ചെയ്യേണ്ട കലാപ്രവർത്തനം – ചിത്രരചന – നിർവ്വഹിച്ച്. 1983 ഏപ്രിൽ 15ന് നമ്മെ വിട്ടുപിരിഞ്ഞ ക്ലിന്റിനെക്കുറിച്ചുള്ള ഓർമ്മ, ഇടയ്‌ക്കിടയ്‌ക്ക് മനസ്സിൽ തെളിഞ്ഞു വരുന്നു. ക്ലിന്റിന്റെ അവസാന കാലഘട്ടങ്ങളിൽ ഏറ്റവും തീക്ഷ്‌ണവും നൊമ്പരപ്പെടുത്തുന്നതുമായ, അസ്‌തമനസൂര്യനെപ്പോലെ മനസ്സിൽ മായാത്ത ചോരപ്പാടുകൾ വീഴ്‌ത്തുന്ന ആ ഓർമ്മ മതി, ചിത്രകലയെ സ്‌നേഹിക്കുന്നവർക്ക് എന്നും പ്രചോദനം നൽകാൻ.
ഇരുപതിനായിരത്തിൽപ്പരം ചിത്രങ്ങൾവരച്ചെന്നാണ് കണക്ക്. ക്ലിന്റിന്റെ അപ്പനമ്മമാർ താമസിച്ചിരുന്ന തേവരയിലെ ക്വാർട്ടേഴ്‌സിന്റെ ചുമരുകളിലും നിലത്തും വരച്ച ചിത്രങ്ങളൊന്നും ഈ പട്ടികയിലില്ല.
മുട്ടിലിഴഞ്ഞു തുടങ്ങുന്ന കാലം മുതൽ കൈയിൽ കിട്ടുന്ന കരിയോ, ചോക്കുകഷ്‌ണമോ, ഇഷ്‌ടികക്കഷ്‌ണങ്ങളോ ഉപയോഗിച്ച് നിലത്തും കൈയെത്താവുന്ന ഉയരത്തിൽ ചുവരിലും ക്ലിന്റ് വരച്ചിരുന്നു. പിന്നീട് ചുവരിനോട് ചേർത്തിട്ടിരുന്ന സ്‌റ്റൂളിലോ, കസേരപ്പുറത്തോ കയറിയും ക്ലിന്റ് വരച്ചിരുന്നു.
ഒരു ബോൺ ആർട്ടിസ്‌റ്റായിരുന്ന ക്ലിന്റിനു പിൽക്കാലത്ത് എപ്പോഴെങ്കിലും ഒരു ഗുരുനാഥനുണ്ടായിട്ടില്ല. അപ്പനമ്മമാർ പറഞ്ഞുകൊടുക്കുന്ന പുരാണ കഥകളിലെയും പഞ്ചതന്ത്ര കഥകളിലെയും കഥാപാത്രങ്ങൾ മനസ്സിൽ കുടിയേറിപ്പാർത്ത് അവ കലാരൂപങ്ങളായി കടലാസ്സിലേയ്‌ക്ക് രൂപം പ്രാപിക്കുമ്പോൾ – ക്ലിന്റിന്റെ ഗുരുവും ഉപദേഷ്‌ടാവും ശിഷ്യനും എല്ലാം ഒരാൾ തന്നെയായിരുന്നു. നൂറ്റാണ്ടുകളിലൊരിക്കലോ മറ്റോ മാത്രമേ ഇപ്രകാരമുള്ള പ്രതിഭകൾ ഏതൊരു രാജ്യത്തും പിറവിയെടുക്കൂ.
ക്ലിന്റിനെ ഏറ്റവും ആകർഷിച്ച – ആരാധ്യനായ പുരാണകഥാപാത്രം ഗണപതിയായിരുന്നു. ഒരു ദിവസം നൂറോളം ചിത്രങ്ങൾ വരയ്‌ക്കുമായിരുന്നത്രെ. അവയിൽ ഏറിയ പങ്കും ഗണപതിയുടെടേതായിരുന്നു. പിന്നീട് മൂങ്ങ, കടുവ, പോത്ത്, പക്ഷി, പ്രകൃതിദൃശ്യങ്ങൾ – ഇവയും. ക്ലിന്റ് വരയ്‌ക്കുന്ന ഓരോ ഗണപതിക്കും ഓരോ ഭാവമാണ്. ഒരു ഗണപതിയെപ്പോലെയായിരിക്കില്ല മറ്റൊന്ന്.
ക്ലിന്റ് സ്വയം വരച്ച ഒരു ഗണപതിയെയായിരുന്നു എന്നും പൂജിച്ചിരുന്നത്. ഗണപതി കഴിഞ്ഞാൽ ക്ലിന്റനെ ആകർഷിച്ച – ഒരുപക്ഷേ വേദനിപ്പിച്ച കഥാപാത്രം അഭിമന്യുവായിരുന്നു. പത്മവ്യൂഹത്തിൽപ്പെട്ട അഭിമന്യൂവിനെയും ക്ലിന്റ് ധാരാളം വരച്ചു.
വലതുകൈയ്‌ക്ക് ക്ഷീണം തട്ടുമ്പോൾ ഇടതുകൈകൊണ്ട്. രോഗം ഒരിക്കലും ആ ഇച്ഛാശക്തിയെ തടസ്സപ്പെടുത്തുകയോ തളർത്തുകയോ ചെയ്‌തില്ല.
1982 – ഓടെ വിദഗ്‌ദ്ധമായ ചികിത്സയുടെ ഫലമായി അസുഖങ്ങളിൽ നിന്ന് ഏറെക്കുറെ മോചനം പ്രാപിച്ചതോടെ ക്ലിന്റിനെ പഠിക്കാനായി സ്‌കൂളിലേക്കയച്ചു. അതോടെ ആ കുരുന്ന് പ്രതിഭയുടെ ഭാവനകൾക്ക് കുറെക്കൂടി ചിറക് മുളച്ചു. ക്ലാസ്സിലും സ്‌കൂളിലും മാത്രമല്ല ആ കുരുന്നു പ്രതിഭയുടെ പ്രശസ്‌തി പതുക്കെ മറ്റു സ്‌കൂളിലേക്കും സംസ്‌ഥാനം മുഴുവനും വ്യാപിച്ചു. റോട്ടറി ക്ലബ്ബ്, എറണാകുളം കരയോഗം തുടങ്ങിയ സ്‌ഥാപനങ്ങൾ നടത്തിയ ചിത്രരചനാ മത്സരങ്ങളിൽ ഒന്നാംസ്‌ഥാനം ക്ലിന്റിന് തന്നെ. ഒരു മത്സരത്തിൽ 18 വയസ്സിന് താഴെയുള്ള പതിനായിരത്തിൽപ്പരം കലാകാരന്മാരെ പിന്നിലാക്കിയാണ് കഷ്‌ടിച്ച് അഞ്ച് വയസ്സ് മാത്രം പ്രായമുള്ള ക്ലിന്റ് ഒന്നാം സ്‌ഥാനത്തെത്തിയത്.
ക്ലിന്റ് ഈ ലോകത്തോട് യാത്ര പറയുന്നതിന് മുമ്പ് പങ്കെടുത്ത മത്സരങ്ങളുടെ എണ്ണം 13. അതിൽ പന്ത്രണ്ടിലും ഒന്നാം സ്‌ഥാനം. വായിച്ചും കേട്ടും പരിമിതമായ യാത്രകളിൽ നിന്നുലഭിച്ച അനുഭവജ്ഞാനമല്ലാതെ ഒരു ഗുരുവിന്റെയും ശിക്ഷണം ലഭിച്ചിരുന്നില്ല. ഈ പ്രതിഭയ്‌ക്ക് ഒരു ഗുരുവിനെ കൊടുക്കരുതെന്ന് ക്ലിന്റിന്റെ മാതാപിതാക്കളോട് ആദ്യം അപേക്ഷിച്ചത് ഒരു മത്സരത്തിൽ നിരീക്ഷികയായിവന്ന അദ്ധ്യാപിക സുജാത ടീച്ചറാാണ്.
ടീച്ചർ പറയുന്നു.
‘ടി.ഡി.എം. ഹാളിൽ കരയോഗം നടത്തുന്ന കുട്ടികളുടെ ചിത്രരചനാ മത്സരം. കുനിഞ്ഞിരുന്ന് വരയ്‌ക്കുന്ന കുട്ടുകളുടെ ഇടയിലൂടെ നടക്കവേ, ഒരു കുട്ടി വരയ്‌ക്കുന്ന ചിത്രം നോക്കി എന്നെത്തന്നെ മറന്ന് നിന്നുപോയി. ഡിസ്‌പ്രൊപ്പേഷനറ്റായ ഒരു ചിത്രം. ഒരു പൂവിന്റെ മുകളിൽ പൂവിനേക്കാൾ വലിയൊരു ചിത്രശലഭം. ചിത്രശലഭത്തിന് ബ്രൗൺ നിറം വല്ലാതെ എക്‌സൈറ്റഡായി. റിയൽ ആർട്ട് ഈസ് ആൻ ആബ്‌സ്‌ട്രാക്‌റ്റ്. എവിടെയോ വായിച്ച ഓർമ്മ മനസ്സിൽ വന്നതോടെ, വരയ്‌ക്കുന്ന കുട്ടിയെ നോക്കി. ഞാൻ നോക്കുന്നത് കണ്ട് കുട്ടി തല ഉയർത്തി. ഞാൻ ചിരിച്ചു. പക്ഷെ, കുട്ടി ചിരിച്ചില്ല. ജീവിതത്തിലാദ്യമായി ഞാൻ ഒരു ജീനിയസ്സിനെ കണ്ടു…’
ക്ലിന്റിന്റെ പല സൃഷ്‌ടികളും വരും തലമുറയ്‌ക്ക് കാണാനും പഠിക്കാനും ആസ്വാദനത്തിന്റെ പുതിയ മേഖലകളിലേക്ക് നയിക്കാനും കഴിവുള്ളവയാണെന്നാണ് പ്രശസ്‌ത ചിത്രകാരനും ശില്‌പിയുമായ ദേവൻ പറയുന്നത്. ഒരു കുഞ്ഞിന്റെ സ്വച്ഛമായ – നിർമ്മലമായ മനസ്സിൽ ഉണ്ടായിട്ടുള്ള വിഭ്രാന്തികളും സങ്കല്‌പങ്ങളും കീർത്തനങ്ങളായി മനസ്സിൽ കേറിയതിന്റെ ഫലമാണ്, ക്ലിന്റ് വരച്ച ചിത്രങ്ങൾ.
ഏതെങ്കിലും ഒരു കാഴ്‌ച മനസ്സിൽ ഒരിക്കൽ പതിഞ്ഞാൽ മതി, അതെന്നെന്നേക്കുമായി അവിടെ സ്‌ഥാനം പിടിക്കുകയായി. അതുപോലെ പറഞ്ഞുകേട്ട കഥകളിൽ കൂടി രൂപമെടുത്ത സംഭവങ്ങൾ, കഥാപാത്രങ്ങൾ, വ്യക്തികൾ ഇവയെല്ലാം അവിടെ ശാശ്വത പ്രതിഷ്‌ഠാനേടുകയായി. പിന്നീട് ദീർഘകാലം കണ്ടുംകേട്ടും പഠിച്ച ഒരു കലാകാരൻ വരയ്‌ക്കുന്നതുപോലെ അവ, ചിത്രങ്ങളായി മാറുന്നു.
ഇതുപോലൊർ കാഴ്‌ച – കടലാസ്സിലേക്ക് പകർന്നതിന്റെ ഫലമാണ് മുളംകൂട്ടത്തിനിടയിൽ കാണുന്ന കടപ്പുറത്തെ തിക്ഷ്‌ണമായൊരനുഭവമാക്കിമാറ്റിയ സൂര്യാസ്‌തമയം.
കൊയിലാണ്ടിയിൽ – ഒരു മത്സരത്തിൽ പങ്കെടുത്ത് മടങ്ങുമ്പോൾ കണ്ട ഒരു കാഴ്‌ച്ച – ജീവിതത്തിലൊരിക്കൽ മാത്രം കണ്ട തെയ്യത്തിന്റെ ഓർമ്മ – ആദ്യമായും അവസാനമായും കണ്ട തെയ്യത്തിന്റെ ഓർമ്മ – മടങ്ങി വന്ന് വിശദാംശംപോലും തെറ്റാതെ ജലാശയത്തിൽ ആവിഷ്‌ക്കരിച്ചു. ക്ലിന്റിന്റെ അപ്പൻ ഒരു നാൾ ഓഫീസിൽ നിന്നും കൊണ്ടുവന്ന ഒരു പോക്കറ്റ് കാൽക്കുലേറ്ററിന്റെ ഓർമ്മയും ഇതുപോലെ ഒരു കീയുടെ സ്‌ഥാനം പോലും മാറാതെ വരച്ചു.
ഒരു തവണ ഡോക്‌ടറെകണ്ട് മടങ്ങുന്ന വഴി കാറിന്റെ വിൻഡ് സ്‌ക്രീനനിൽകൂടി കണ്ട തീവണ്ടിയുടെ ദൃശ്യം വീട്ടിൽ വന്നപാടെ തന്നെ കടലാസ്സിലേയ്‌ക്ക് പകർത്തിയിട്ടേ ക്ലിന്റ് മറ്റു കാര്യങ്ങളിലേയ്‌ക്ക് ശ്രദ്ധിച്ചുള്ളു.
കഥകളും പുരാണങ്ങളും ബൈബിൾ കഥകളും പറഞ്ഞുകേൾക്കാൻ ഇഷ്‌ടപ്പെട്ടിരുന്ന ക്ലിന്റിന്, സാഹിത്യകാരന്മാരുടെ സൃഷ്‌ടികളിൽ ഇഷ്‌ടപ്പെട്ടത് കുഞ്ഞുണ്ണിക്കവിതകൾ മാത്രമായിരുന്നുവെന്ന് സ്വാഭാവികം മാത്രം. കൂടെക്കൂടെ കുഞ്ഞുണ്ണിക്കവിതകൾ പാടുമായിരിന്ന ക്ലിന്റ് വെറൊരു കവിതയും മൂളിക്കേട്ടതായി അപ്പനമ്മമാർ ഓർക്കുന്നില്ല.
ഉറക്കമുണർന്നാൽ മണിക്കൂറുകളോളം ആലോചനയിൽ കളിന്റ് കിടക്കുമായിരുന്നു. ആ സമയത്ത് മനസ്സിലൂടെ പാഞ്ഞുവരുന്ന വിസ്‌മയങ്ങൾ കടലാസ്സിലേയ്‌ക്ക് പകർത്താനുള്ള പണിപ്പുരയിലാണാമനസ്സെന്ന് വായിച്ചറിയാൻ ക്ലിന്റിന്റെ അപ്പനമ്മമാർക്കു കഴിഞ്ഞത് കലാകേരളത്തിന്റെ ഭാഗ്യമെന്നേ പറയാവൂ.
ഗണപതി, നന്ദി, ധ്യാനനിരതനായ ശിവൻ, അഭിമന്യൂ, കർണ്ണൻ, ഭീമൻ തുടങ്ങിയ പുരാണകഥാപാത്രങ്ങളും കുരുക്ഷേത്രയുദ്ധവും, പട്ടി, പൂച്ച, കടുവ, പോത്ത്, പക്ഷിക്കൂട്ടങ്ങൾ, മീൻ, സുര്യാസ്‌തമയം, പ്രകൃതിദൃശ്യങ്ങൾ ഇവയും ക്ലിന്റിന്റേതായ ചിത്രങ്ങളുടെ കൂട്ടത്തിലുണ്ട്. ഓരോ രചനയുടെയും പിന്നിൽ വ്യാപൃതനാവുമ്പോൾ, ആ രചനയ്‌ക്ക് അനുസ്യൂതമായ പശ്‌ചാത്തലം രചനയിൽ സപ്‌ഷ്‌ടമാണ്. കർണ്ണനേയും അഭിമന്യൂവിനേയും ഗണപതിയേയും വരച്ച ക്ലിന്റ്, ഇറച്ചിക്കഷ്‌ണം സ്‌പനം കാണുന്ന പട്ടിയേയും, കഴുകന്മാരേയും വരച്ചത് കാണുമ്പോൾ ആസ്വാദകരെ വേറൊരു തലത്തിലേയ്‌ക്കാണ് കൂട്ടിക്കൊണ്ടുപോകുന്നത്. പാശ്‌ചാത്യ ചിത്രശൈലിയുടെ പിന്നാലെപ്പോകുന്ന നമ്മുടെ ‘മഹാന്മാ’രായ ചിത്രകാരന്മാർക്കും ക്ലിന്റ് എന്നും ഒരു മാതൃകായാവേണ്ടതാണ്.
ക്ലിന്റിന്റെ ചിത്രങ്ങൾ കാലപ്പഴക്കത്താൽ നശിച്ചുപോകാതെ ഫിലിമുകളിലാക്കാനും അവയുടെ ഫോട്ടോകോപ്പികളെടുക്കാനും ഇടക്കാലത്ത് ശ്രമിച്ചതായി കേട്ടിരുന്നു. ബാങ്ക് ജീവനക്കാരുടെ സാംസ്‌ക്കാരിക സംഘടനയായ ‘ബീം’ മുൻകൈയെടുത്ത് ക്ലിന്റിന്റെ ചില ചിത്രങ്ങൾ ഡസ്‌ക്‌കലണ്ടറുകളാക്കിയും ഗ്രീറ്റിംഗ്‌സ് കാർഡുകളാക്കിയും ആ ചെറിയ (വലിയ) പ്രതിഭയോടു ആദരവ് കാട്ടിയത് നന്ദിപൂർവ്വം കലാലോകം സ്‌മരിക്കണം. ചില സംഘടനകളും സാംസ്‌ക്കാരിക സ്‌ഥാപനങ്ങളും നടത്തുന്ന മത്സരങ്ങൾക്ക് സമ്മാനങ്ങളായി നൽകുന്നത് ക്ലിന്റിന്റെ പേരിലുള്ള മെഡലുകളാണ.് അവരോടും നമുക്ക് നന്ദി പറയാം.
പക്ഷേ, ഇത്രയുംകൊണ്ട് മാത്രം ഈ കലാകാരനെ ആദരിച്ചാൽ മതിയോ? ഓർമ്മപുതുക്കേണ്ട എത്രയോ അവസരങ്ങൾ നമ്മുടെ ലളിതകലാ അക്കാദമിപോലുള്ള സ്‌ഥാപനങ്ങൾക്ക് വന്നുചേർന്നിരിക്കുന്നു. അവരത് വേണ്ടത്ര ഫലപ്രദമാക്കിയോ? മൊത്തത്തിൽ വിശകലനം ചെയ്യുമ്പോൾ ആ കുരുന്ന് പ്രതിഭയ്‌ക്ക് അർഹിക്കുന്നത്ര ആദരവ് കലാകേരളം നൽകിയിട്ടില്ല എന്നതാണ് വാസ്‌തവം.
(ഒറ്റപ്പെട്ടതുരുത്തുകൾ എന്ന പുസ്‌തകത്തിൽ നിന്ന്)
Generated from archived content: essay1_april13_09.html Author: mk_chandrasekharan
Click this button or press Ctrl+G to toggle between Malayalam and English