വിഷുപക്ഷി പാടുന്നു

പ്രാചീന കേരളത്തിലെ പുതുവർഷം തുടങ്ങുന്നത്‌ മേടം ഒന്നിനായിരുന്നു. പുതുവർഷം നിറആഘോഷങ്ങളുടെയും ഐശ്വര്യത്തിന്റെയും സമ്പൽസമൃദ്ധിയുടെയും സൗഭാഗ്യങ്ങളുടെയും തുടക്കമാവണമെന്നു അന്നത്തെ നാടുവാഴികളുടെയും ദേശസ്‌നേഹികളുടെയും താൽപര്യമാവണം – വിഷു ആഘോഷങ്ങൾക്ക്‌ തുടക്കമിടാൻ കാരണമായത്‌. കൊല്ലവർഷം എന്നത്‌ തിരുവിതാംകൂർ ദേശത്ത്‌ മാത്രമായി പിന്നീട്‌ നടപ്പിലായ വേറൊരു കലണ്ടർ വർഷമാണ്‌.

വിഷുവർഷം തുടങ്ങുന്ന കേരളക്കരയോടൊപ്പം തന്നെ ഭാരതത്തിലെ പല സംസ്‌ഥാനങ്ങളിലും വേറെ പേരിൽ ഈ വർഷാരംഭം തുടങ്ങുന്നുണ്ട്‌. തമിഴ്‌ നാട്ടിൽ ‘പുത്താണ്ട’ വർഷാഘോഷമാണ്‌. പഞ്ചാബിൽ അത്‌ ‘ബൈശാഖി’ മാസത്തിന്റെ പിറവിയാണ്‌. ബംഗാളിൽ ‘നബബർഷ’. ആസാമിൽ ‘ദോനഹാളി ബിഹു’. ആഘോഷങ്ങളെല്ലാം തുടക്കമിടുന്നത്‌ ഒരേ ദിവസം തന്നെ.

ജോർജിയൻ കലണ്ടർ പ്രകാരം ഏപ്രിൽ 14- (മലയാളത്തിൽ കൊല്ലവർഷം – മേടം ഒന്ന്‌) – സൂര്യൻ ഭൂമദ്ധ്യരേഖയിലൂടെ കടന്നു പോകുന്നു. പകലും രാത്രിയും കിറുകൃത്യമായി വരുന്നു. അങ്ങനെയാണ്‌ ശാസ്‌ത്രീയമായ വിശദീകരണം. മുമ്പ്‌ കാർഷിക പ്രദേശമായ കേരളത്തിൽ കൃഷിപ്പണികളുടെ തുടക്കം മേടപ്പിറവിയോടെയായിരുന്നു. വിഷുപക്ഷികൾ അന്നുപാടിയ പാട്ട്‌ ആ പാട്ടിന്റെ ഈണമനുസരിച്ചുള്ള മുന്നറിയപ്പെന്നപോലെയുള്ള ആഹ്വാനം ‘വിത്തും കൈക്കോട്ടും’ – ‘വിത്തും കൈക്കോട്ടും’ അങ്ങനെയാണ്‌ വിലയിരുത്തിയിട്ടുള്ളത്‌. വേനൽമഴകിട്ടുന്നതോടെ ഉഴുതും കിളച്ചും ഭൂമിയെ സജ്ജമാക്കുക – അദ്ധ്വാനശീലരായ പണ്ടത്തെ കേരളീയർ വിഷുപക്ഷിയുടെ കൂജനം ആ അർത്ഥത്തിലാണ്‌ കണക്കാക്കിയിരുന്നത്‌. തൊടിയിലും പാടത്തും കുന്നിൻ ചെരുവിലും എവിടെയും ഭൂമിയിൽ കൈക്കോട്ടും കലപ്പയും പതിക്കുന്നതിന്റെ തുടക്കം കൂടിയായിരുന്നു. കുസൃതികളായ കുട്ടികളുടെ വിലയിരുത്തൽ വിഷുപക്ഷിയുടെ കുജനം വേറൊരു തരത്തിലാണ്‌ കണക്കാക്കുന്നത്‌.

‘കള്ളൻ ചക്കേട്ടു, കണ്ടാമിണ്ടണ്ട, കൊണ്ടേത്തിന്നോട്ടെ.’ പ്ലാവും മാവും സമൃദ്ധമായി ഫലഭൂയിഷ്‌ടമാവുന്ന നാളുകളാണ്‌ മീനം മേടമാസക്കാലങ്ങൾ. നാട്ടിൻപുറങ്ങളിൽ ഭൂരഹിതരായ – തൊഴിലില്ലാത്ത ചിലരെങ്കിലും ഉണ്ടാകും. അല്ലറചില്ലറ മോഷണങ്ങൾ അപൂർവ്വമായിട്ടാണെങ്കിലും നടപ്പിലായെന്ന്‌ വരും. അയൽപക്കത്തെയോ, വഴിയരികിലെയോ, തൊടിയിൽനിന്ന്‌ ഒന്നോ രണ്ടോ ചക്കയോ മാങ്ങയോ അതല്ലെങ്കിൽ കായ്‌ക്കുലകൾ കൈക്കലാക്കിയെന്നിരിക്കും. വിരളമായിട്ടുള്ള സംഭവങ്ങളായതുകൊണ്ടാകാം – ഒട്ടൊരു നർമ്മബോധത്തോടെ ഇതൊക്കെ കാണാൻ കഴിവുള്ളവരായിരുന്നു, നമ്മടെ പഴയ തലമുറയിലെ ആൾക്കാർ. അപ്പോൾ ഇതൊക്കെ കണ്ടും കേട്ടും മനസ്സിലാക്കിയ ചിലരെങ്കിലും, വിഷുപക്ഷിയുടെ ഈ പാട്ടിനെ വിലയിരുത്തുക അങ്ങനെയാണ്‌. ‘കള്ളൻ ചക്കേട്ടു, കണ്ടാമിണ്ടണ്ട – കൊണ്ടെത്തിന്നോട്ടെ – ഇനിയുമുണ്ട്‌ വേറൊരു വ്യാഖ്യാനം. ഇത്‌ പൂർണ്ണമായും കുട്ടികളുടെ തലത്തിൽ നിന്നുള്ളതാണ്‌. സ്‌കൂൾ വർഷം കഴിഞ്ഞ്‌. പരീക്ഷയെന്ന പങ്കപാടും കഴിഞ്ഞ്‌ ഒന്നാർത്തുല്ലസിക്കാമല്ലോ എന്ന്‌ കരുതുമ്പോഴാണ്‌ – കാർന്നോന്മാരുടെ അട്ടഹാസം അല്ലെങ്കിൽ ആഹ്വാനം.

’പോടാ – പോയി ആ പാടത്തൊക്കെ ഉഴുവുന്നിടത്ത്‌ ചെന്ന്‌ നിന്നാ എന്നാ -‘ അതല്ലെങ്കിൽ – ആ മാഞ്ചോട്ടിൽ എത്ര മാമ്പഴാ കിളികൊത്തിയും ചീഞ്ഞും പോണത്‌. അതൊക്കെയൊന്ന്‌ പെറക്കിയെടുത്തൂടെ.

സ്‌കൂളടച്ചിരിക്കുകയാണല്ലോ. വെളുപ്പിനെ എഴുന്നേൽക്കണ്ടല്ലോ എന്നൊക്കെ കരുതി മൂടിപ്പുതച്ചു കിടക്കുന്നോരെയാണ്‌ മടിയന്മാരായി കാണുന്ന കാർന്നോന്മാരുടെ ഉപദേശം പ്രായം ചെന്നവരുടെ ശാസന കേട്ടേ ഒക്കൂ. മനസ്സില്ലാ മനസ്സോടെ കണ്ണും തിരുമ്മി മുറ്റത്തോട്ടിറങ്ങുമ്പോഴായിരിക്കും വിഷുപക്ഷികളുടെ ചിലയ്‌ക്കൽ. തങ്ങളുടെ നീരസം കുറെയൊക്കെ കേൾക്കട്ടെയെന്ന്‌ കരുതി അവരുടനെ പാരടികൾ രചിക്കുകയായി.

’അച്‌ഛൻ കൊമ്പത്ത്‌

അമ്മ വരമ്പത്ത്‌

അന്ത്‌ തെക്കോട്ട്‌‘

അവസാനത്തെ വാക്കുച്ചത്തിൽ പറയില്ല. പറയുന്നത്‌ കേൾക്കാനിടയായാൽ മുതിർന്നോരുടെ തലയ്‌ക്കുള്ള മേട്‌ ഉറപ്പ്‌.

സ്‌കൂൾ കോളേജ്‌ വിദ്യാർത്ഥികളുടെ വർഷാവസാന പരീക്ഷയടുക്കുന്ന സമയം – അല്ലെങ്കിലും കുറെയൊക്കെ വേദനയും വിരഹവും കടന്ന്‌ വരുന്ന നാളുകളാണ്‌. വിദ്യാർത്‌ഥികളെ സംബന്‌ധിച്ചിടത്തോളം സഹപാഠികളായവരുടെയിടയിൽ – അപൂർവ്വമായിട്ടാണെങ്കിലും കണ്ടുവരുന്ന പ്രണയകാലത്തിന്‌ പെട്ടെന്നൊരു വിരഹം.

ഓട്ടോഗ്രാഫിലെ വരികൾക്ക്‌ വേദനയും മാധുര്യവും ഏറുന്നു. “ഇനി എന്നു കാണും? – അഥവാ എന്നന്നത്തേയ്‌ക്കുമായുള്ള വേർപിരിയലാണോ? ആ നൊമ്പരം കുറിച്ചിടുന്ന വരികളിൽ കാണാം. പ്രണയിതാക്കൾക്ക്‌ – സ്വന്തം കാമിനിയുടെ (കാമുകന്റെ) വാക്കുകൾ – പലപ്പോഴും നീണ്ട വിരഹാദ്രമായ വേദനകൾ പങ്കുവച്ചുള്ള ലേഖനങ്ങളാവും. അവയൊക്കെ അമൂല്യമായ നിധിപോലെ ആരും കാണാതെ സൂക്ഷിച്ചു വയ്‌ക്കുന്ന ഓട്ടോഗ്രാഫുകൾ – വേറെയുണ്ടാകും.

വിഷുക്കാലത്ത്‌ – വിഷുപക്ഷിയുടെ കുജനം – അവരെ സംബന്ധിച്ചിടത്തോളം കഴിഞ്ഞുപോയ സ്‌മൃതികൾ തരുന്ന മുഹൂർത്തങ്ങളുടെ നൊമ്പരപ്പെടുത്തുന്ന – പുനർവായനയോ കാഴ്‌ചകളോ ആകാം.

ഇന്ന്‌ ഓട്ടോഗ്രാഫുകളില്ല. കൊച്ചുകുട്ടികൾവരെ മൊബൈൽഫോണുകൾ ഉപയോഗിച്ച്‌ എസ്‌.എം.എസ്‌ അയക്കുന്നു. അല്ലെങ്കിൽ ഇന്റർനെറ്റ്‌ കഫെകളിൽ മണിക്കൂറുകൾ നീണ്ട ചാറ്റിംഗ്‌.

പിന്നെ ആരെയെങ്കിലും കിട്ടിയാൽ – ഒത്തൊരുമിച്ചൊരുയാത്ര – കാർന്നോന്മാരറിയാതെ – അവരിൽ പലരും വിദേശങ്ങളിലായിരിക്കും – ഐസ്‌ക്രീം പാർലർ, പാർക്ക്‌, സിനിമ – ഏതെങ്കിലും മുന്തിയ ഹോട്ടലിൽ മുറിയെടുത്തൊരു രാത്രി.

പിന്നെ? പണ്ടത്തെ ’പ്ലേറ്റോണിക്‌ ലൗ‘ ഇപ്പോഴില്ല. മാംസനിബദ്ധമായ ഈ രാഗങ്ങൾക്ക്‌ അധികവും താളം തെറ്റുന്നു. ചതിക്കുഴികളിൽ പെട്ടുവെന്ന്‌ അറിയുന്നത്‌ ആരെ വിശ്വസിച്ചിറങ്ങിയോ അവന്റെ കൂടെ വേറെയും ആൾക്കാരുണ്ടെന്നറിയുമ്പോഴാണ്‌. കിടപ്പറയിലെ ദൃശ്യങ്ങൾ പകർത്തുന്ന ഒളിക്യാമറകൾ സ്‌ഥാപിച്ച ഹോട്ടലുകൾ ധാരാളമുള്ള നാട്ടിൽ – പഴയ ഓട്ടോഗ്രാഫിലെ വിരഹാദ്രമായ കാമുകന്റെ വേദനകലർന്ന വാക്കുകൾ കാലഹരണപ്പെട്ട വാക്കുകളാണ്‌. വിഷുപക്ഷിയുടെ കുജനത്തിനുള്ള പുതിയൊരു വ്യാഖ്യാനം ചതിക്കുഴിയിൽ പെടുന്ന ഇണപക്ഷികളുടെ വേദനയോർമ്മപ്പെടുത്തുന്നു. പുതിയൊരു ഗാനം, താമസിയാതെ തന്നെ ഉണ്ടായെന്ന്‌ വരും.

Generated from archived content: essay1_apr13_10.html Author: mk_chandrasekharan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here