ആൾദൈവങ്ങൾ അപകടകാരികളോ?

ആൾദൈവങ്ങൾ എന്ന സംഞ്ഞ്‌ജ രൂപം കൊണ്ടത്‌ ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയോടെയാണ്‌. നമ്മളെന്നും ഉത്തമമാതൃകകളായി കൊണ്ടാടപ്പെടുന്ന മഹദ്‌വ്യക്തികൾ എക്കാലത്തും എവിടെയും ഉണ്ടായിരുന്നു. ഇന്ത്യയിൽതന്നെ ശ്രീരാമകൃഷ്‌ണ പരമഹംസർ, സ്വാമി വിവേകാനന്ദൻ, അരവിന്ദഘോഷ്‌, രമണമഹർഷി, ശ്രീനാരായണഗുരു-മഹദ്‌വ്യക്തികളുടെ ലിസ്‌റ്റ്‌ ഇവിടെ തീരുന്നില്ല. പക്ഷേ, അങ്ങിനെയുളള മഹദ്‌വ്യക്തികൾ പരമാത്മാക്കളായി മാറുന്നത്‌ അവരുടെയൊക്കെ നിസ്വാർത്ഥമായ പരിശ്രമം മൂലം സമൂഹത്തിനും രാഷ്‌ട്രത്തിനും വളരെയധികം ഗുണം ചെയ്യുന്ന പ്രവൃത്തികളിലൂടെ സാധാരണക്കാരുടെയും അധഃസ്ഥിതരുടെയും ഉന്നമനം സാദ്ധ്യമാവുന്നത്‌ കൊണ്ടാണ്‌. ഇവരുടെയൊക്കെ യത്‌നങ്ങൾ ഏതെങ്കിലും ഒരു പ്രത്യേക സമുദായത്തിനോ മതത്തിനോ വേണ്ടിയായിരുന്നില്ല. മനുഷ്യസമൂഹത്തിന്‌ ഒട്ടാകെയായിരുന്നു. അവരിൽ പലരും ആത്മീയ നേതാക്കളായി കൊണ്ടാടപ്പെട്ടത്‌ അവരുടെ കാലശേഷമാണ്‌. അവരുടെ ശിഷ്യർ സ്ഥാപിച്ച മഠങ്ങളും ആത്മീയ സംഘടനകളുമാണ്‌ ലോകമെമ്പാടും മഹത്തായ സേവനം മാനവരാശിക്കൊട്ടാകെ വേണ്ടി നടത്തിക്കൊണ്ടിരിക്കുന്നത്‌. ഇങ്ങനെയുളള മഹദ്‌വ്യക്തികൾ മറ്റുരാജ്യങ്ങളിലും മറ്റു മതങ്ങളിലും ഉണ്ടായിരുന്നു. അസീസ്സി, സേവിയർ, അന്തോണീസ്‌, സെബാസ്‌റ്റ്യനോസ്‌ തുടങ്ങിയ ആത്മീയ നേതാക്കളുടെ പേരുകൾക്ക്‌ മുന്നിൽ ‘സെയിന്റ്‌’ കടന്ന്‌ വന്നത്‌. മുൻപറഞ്ഞതുപോലെ പാവപ്പെട്ടവരുടെയും പീഢിതരുടെയും അതുവഴി മാനവരാശിക്കാകെത്തന്നെ ഗുണം ചെയ്യുന്ന നിസ്വാർത്ഥമായ സേവനങ്ങൾ നടത്തിയതുകൊണ്ടാണ്‌. ഇവരിൽ പലരും അന്നത്തെ ഭരണാധികാരികളുടെയും മതമേധാവികളുടെയും അപ്രീതിക്ക്‌ പാത്രമായി എന്ന്‌ മാത്രമല്ല, ചിലരൊക്കെ ക്രൂരമായ പീഢനങ്ങളിലൂടെ നിലവിലുണ്ടായിരുന്ന നിയമമനുസരിച്ചുളള-മരണമുൾപ്പെടെയുളള കിരാതമായ ശിക്ഷാ നടപടികൾക്ക്‌ വരെ വിധേയരാവേണ്ടി വന്നിട്ടുണ്ട്‌. ഇസ്ലാം മതത്തിലും ബുദ്ധമതത്തിലും ഇതുപോലുളള നിരവധി പുണ്യാത്മാക്കൾ പിറവിയെടുത്തിട്ടുണ്ട്‌.

ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാർത്ഥത്തിലാണു ആൾദൈവങ്ങൾ പിറവിയെടുക്കുന്നത്‌. ഇന്ത്യയൊട്ടാകെ മാത്രമല്ല, വിദേശത്താ​‍ും നിരവധി ശിഷ്യരും, അനുയായികളുമുളള സത്യസായിബാബ 1950 കളുടെ അവസാനത്തോടെ ഉണ്ടായ ഒരാത്മീയ പ്രതിഭാസമാണ്‌. അക്കാലത്ത്‌ തന്നെ ‘പറക്കും സ്വാമി’ എന്നറിയപ്പെട്ടിരുന്ന മഹർഷീ മഹേഷ്‌യോഗി തുടങ്ങി പലരും ഉണ്ടായിരുന്നെങ്കിലും സായിബാബയോളം പേരോ പെരുമയോ ആർക്കും ലഭിച്ചില്ല. സായിബാബയുടെ പ്രവർത്തനമണ്ഡലവും ഏതെങ്കിലും മതത്തിലോ സമുദായത്തിലോ മാത്രമായി ഒതുങ്ങിയില്ല. നമ്മുടെ ഭരണകൂടങ്ങൾക്ക്‌ പലപ്പോഴും സാധിക്കാതെ പോവുന്നത്‌ അദ്ദേഹം സ്ഥാപിച്ച സേവനസംഘടനവഴി ജനങ്ങൾക്ക്‌ വേണ്ടി നടപ്പാക്കിയിട്ടുണ്ട്‌. ആന്ധ്രപ്രദേശിലെ ഒരു ജില്ലയിലെ കുടിവെളള പദ്ധതി നടപ്പാക്കി, ജനങ്ങൾക്ക്‌ ആശ്വാസം പകരുന്നത്‌ സത്യസായിസംഘടനയാണ്‌. ആ സംഘടന നടത്തുന്ന പുട്ടപർത്തിയിലെ സൂപ്പർസ്‌പെഷ്യാലിറ്റി ഹോസ്‌പിറ്റലിൽ പതിനായിരക്കണക്കിന്‌ ഹൃദയസംബന്ധമായ ശസ്‌ത്രക്രിയകൾ രോഗികൾക്ക്‌ സൗജന്യമായി നടത്തിക്കൊടുത്ത്‌ കഴിഞ്ഞു. വിദ്യാഭ്യാസരംഗത്തും തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക്‌ എല്ലാ മേഖലകളിലും സൗജന്യ വിദ്യാഭ്യാസം ലഭിക്കുന്നു. അന്താരാഷ്‌ട്ര നിലവാരമുളള വിമാനത്താവളം, കളിസ്ഥലം ഇവയും സത്യസായി ബാബയുടെ ആസ്ഥാനമായ പുട്ടപർത്തിയിലുണ്ട്‌. ഇതിനെല്ലാം പുറമെ ഇക്കഴിഞ്ഞ വർഷമാണ്‌ ഭരണകൂടത്തെപ്പോലും അത്ഭുതപ്പെടുത്തിക്കൊണ്ട്‌ നക്‌സലുകൾക്ക്‌ നിർണ്ണായക സ്വാധീനമുളള വനപ്രദേശത്തോട്‌ ചേർന്നുളള കുഗ്രാമത്തിലെ ജനങ്ങൾക്ക്‌ കുടിവെളളം ലഭ്യമാക്കാനുളള പൈപ്പിടിൽ തുടങ്ങിയ പദ്ധതികൾക്ക്‌ സായി സംഘടന തുടക്കമിട്ടിരിക്കുന്നത്‌, മുമ്പ്‌ പലതവണ ഗവൺമെന്റ്‌ ഏജൻസികൾ വഴി നടപ്പാക്കാൻ ശ്രമിച്ച്‌, നക്‌സലുകളുമായുളള ഏറ്റുമുട്ടലുകളിലൂടെ ചോരപ്പുഴയും നരഹത്യയും വേണ്ടിവന്നതോടെ സർക്കാർ തന്നെ ഉപേക്ഷിച്ച ഒരു പദ്ധതിയായിരുന്നു അത്‌.

ദാരിദ്ര്യരേഖയിൽ കഴിയുന്ന ഇവിടുത്തെ ജനങ്ങളുടെമേൽ നിർണ്ണായക സ്വാധീനമുളള നക്‌സലുകൾ പോലും ഈ പദ്ധതി നടപ്പാക്കുന്നത്‌ പോലീസിന്റെയും സർക്കാരിന്റെയും മറപിടിച്ചുളള പ്രവൃത്തിയായിരിക്കുമെന്ന്‌ കരുതി തടയാൻ ശ്രമിച്ചെങ്കിലും, ഉദ്ദേശശുദ്ധി മാനിച്ച്‌, പിന്നിടവർ പിൻവാങ്ങുകയുണ്ടായി എന്നാണ്‌ പത്രറിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്‌.

സത്യസായിബാബയുടെ പിന്നാലെയാണ്‌ ശ്രീ ശ്രീ രവിശങ്കർ, മാതാ അമൃതാനന്ദമയി എന്നിവർ കടന്ന്‌ വന്നിരിക്കുന്നത്‌. ഇവരുടെയൊക്കെ ശ്രമഫലമായി സാധാരണക്കാരിൽ സാധാരണക്കാരായിരിക്കുന്നവർക്കും, പാവപ്പെട്ടവർക്കും നിനച്ചിരിക്കാത്ത നേരത്ത്‌ ലഭിക്കുന്ന സൗജന്യമായ സഹായങ്ങൾ അവർക്കു ലഭിക്കുന്ന സൗഭാഗ്യങ്ങളായി കാണാൻ തുടങ്ങുമ്പോൾ അവരെ ഈശ്വര ചൈതന്യം ലഭിച്ച മഹാത്മാക്കൾ എന്നതിലുപരി, ഈശ്വരനായിത്തന്നെ കാണാൻ തുടങ്ങുമ്പോൾ-അവരെ കുറ്റം പറയാനാവില്ല. കേരളത്തിലെ കാര്യം തന്നെ എടുക്കുക. മൂന്ന്‌ വർഷം മുമ്പ്‌ ഏഷ്യൻ ഭൂഖണ്ഡത്തിൽ പലയിടത്തും കൊടുംദുരന്തം വിതച്ച ‘സുനാമി’ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും രൂക്ഷമായി താണ്‌ഢവമാടിയപ്പോൾ, എത്രയെത്ര കുടുംബങ്ങളാണ്‌ അനാഥമായിപ്പോയത്‌. ചില കുടുംബങ്ങൾ അപ്പാടെ തന്നെ സുനാമി വേലിയേറ്റത്തിൽ ഒഴുകി പോയിട്ടുണ്ട്‌. വീടും കുടിയും നഷ്‌ടപ്പെട്ട്‌ അനാഥരായവർ ഏറെ. അച്‌ഛനമ്മമാരെ നഷ്‌ടപ്പെട്ട കൊച്ചുകുട്ടികൾ, ജീവിത പങ്കാളികളെ നഷ്‌ടപ്പെട്ടവർ, മക്കളെ നഷ്‌ടപ്പെട്ട പ്രായമായ വൃദ്ധജനങ്ങൾ, അങ്ങനെ എണ്ണിയാലൊടുങ്ങാത്ത ദുരിതങ്ങൾ -കൃഷിയും വിളയും സമ്പാദ്യവും എല്ലാം എല്ലാം നഷ്‌ടപ്പെട്ട്‌ നിസ്വരായവർ വേറെ. പലപ്പോഴും ഔദ്യോഗികമായി ലഭിക്കുന്ന കണക്കുകൾ സത്യത്തിൽ നിന്നും ഏറെ അകലെയായിരിക്കും. ആ സമയത്ത്‌ നമ്മുടെ സർക്കാരിന്‌ ചെയ്യാനാവാതെ പോയത്‌ പലതും യഥാസമയം വേണ്ടത്‌ പോലെ ചെയ്‌ത്‌ ദുരന്തത്തിനിരയായവരുടെ കണ്ണീരൊപ്പി ആശ്വസിപ്പിച്ച്‌, അവരെ മാറ്റിപ്പാർപ്പിച്ചതും ഭക്ഷണസാമഗ്രികളും മരുന്നുകളും വിതരണം ചെയ്‌തതും നഷ്‌ടപ്പെട്ടു പോയ വീടുകൾക്ക്‌ പകരം വീട്‌ വച്ച്‌ കൊടുത്തതും -തീർച്ചയായും മാതാ അമൃതാനന്ദമയിയുടെയും അവരുടെ സേവനസംഘടനകളുടെയും നടപടികൾ എല്ലാ അഭിനന്ദനങ്ങൾക്കും മേലെയായിരുന്നു. നമ്മുടെ സംസ്ഥാനസർക്കാർ ആ സമയത്ത്‌ ചെയ്‌തത്‌ എന്തൊക്കെയായിരുന്നു എന്നുകൂടി പരിശോധിക്കുക.

ജില്ലാ ഭരണകൂടങ്ങൾ വഴി വീട്‌ നഷ്‌ടപ്പെട്ടവരെ താത്‌കാലികമായി മാറ്റിപ്പാർപ്പിച്ചു, കുറെ നാളത്തേയ്‌ക്ക്‌ സൗജന്യമായി റേഷനും കുറെ പണവും നൽകി. കുറെ സാന്ത്വനവാക്കുകൾ ജനപ്രതിനിധികളും മന്ത്രിമാരാ​‍ും നൽകി. ഈ പേര്‌ പറഞ്ഞ്‌ വിവിധ ഏജൻസികൾ വഴി സ്വരൂപിച്ചെടുത്തതും, പിന്നീട്‌ കേന്ദ്ര വിഹിതമായി കിട്ടിയ തുകയും ഉൾപ്പെടെ ഭീമമായൊരു താ​‍ുക ലഭിച്ചപ്പോൾ ആ തുകയിൽ നല്ലൊരു പങ്കും വകമാറി ചിലവഴിക്കുകയായിരുന്നുവെന്ന ആക്ഷേപം ഇപ്പോഴും നിലനിൽക്കുന്നു. (ആ മാസത്തെ സർക്കാരുദ്യോഗസ്ഥരുടെ ശമ്പളം കൊടുക്കാൻ ഇങ്ങനെ സ്വരുക്കൂട്ടിയെടുത്ത പണം ഉപയോഗിച്ചെന്ന ആക്ഷേപം വേറെ). മാതാ അമൃതാനന്ദമയിയുടെ സേവനം കേരളത്തിലോ ഇന്ത്യയിലോ മാത്രമായി ഒതുങ്ങിയില്ല. ശ്രീലങ്ക പോലുളള അയൽരാജ്യങ്ങളിലും അവരുടെ സഹായം നിരവധി ദരിദ്ര കുടുംബങ്ങൾക്ക്‌​‍്‌ ലഭിച്ചു. ഇങ്ങനെ സൗജന്യമായ സേവനങ്ങൾ നടത്തുക വഴി ഇവരെയൊക്കെ ഈശ്വരനായി കാണാൻ തുടങ്ങുന്നവർ പാവപ്പെട്ടവർ മാത്രമല്ല, ഉയർന്ന ഉദ്യോഗസ്ഥരും കോളേജദ്ധ്യാപകരും ഭിഷഗ്വരന്മാർ വരെയുളളവരും പെടും. അവരെ നമുക്കെങ്ങനെയാണ്‌ കുറ്റം പറയാനാവുക?

ആദിശങ്കരനെപ്പോലെ അദ്വൈത സിദ്ധാന്തം- ശ്രീ ബുദ്ധനെപ്പോലെ മോഹങ്ങളെ ത്യജിച്ചുളള ജീവിതം-വിവേകാനന്ദസ്വാമിയെ പോലെ ആത്മാഭിമാനം വെടിയാതെ ഉദ്ധതനായും ഊർജ്ജസ്വലതയോടെ ഇരിക്കാനുമുളള ആഹ്വാനം-ശ്രീ നാരായണ ഗുരുവിനെപ്പോലെ ജാതി മതദേഷം വെടിഞ്ഞുളള ജീവിതാഹ്വാനം-ഇതൊന്നും ഇവരിൽ നിന്നും വരുന്നില്ലായിരിക്കാം. പക്ഷേ അതുകൊണ്ട്‌ മാത്രം ഇവരുടെയൊക്കെ പുണ്യപ്രവൃത്തികളെ വിലകുറച്ച്‌ കാണാതിരിക്കുക.

ഈ ലേഖനം എഴുതിക്കഴിഞ്ഞ്‌ നിർത്തിയേടത്ത്‌ നിന്ന്‌ ഒരു രണ്ടാം ഭാഗം വേണ്ടിവരുമെന്ന്‌ ബോദ്ധ്യമായത്‌ നമ്മുടെ പത്രമാസികകളും ദൃശ്യമാധ്യമങ്ങളും ഞെട്ടിപ്പിക്കുന്നതും പീഢിപ്പിക്കുന്നതുമായ വാർത്തകൾ പുറത്ത്‌ വിട്ടതോടെയാണ്‌. ഇതൊക്കെ തുടർച്ചയായെന്നോണം കാണുകയും വായിക്കുകയും ചെയ്യുമ്പോൾ, ഈ നാടിന്റെ പോക്ക്‌ എങ്ങോട്ടാണെന്ന ചിന്തയാണിപ്പോൾ.

ആതുരശുശ്രൂഷാരംഗത്തും വിദ്യാഭ്യാസരംഗത്തും സായിബാബയും അമൃതാനന്ദമയിയും നടത്തുന്ന സേവനങ്ങൾ വ്യാപകമായ പ്രശംസയും ബഹുമതിയും പിടിച്ചു പറ്റുന്നുവെന്നായപ്പോൾ അവർക്ക്‌ ശിഷ്യഗണങ്ങളും അനുയായികളും ഇൻഡ്യയിലും വിദേശത്തും കൂടിക്കൂടി വരുന്നത്‌ സ്വാഭാവികമായ ഒരു പ്രതിഭാസം മാത്രം. ഭരണകൂടത്തിന്റെ യാതൊരു സഹായവും സ്വീകരിക്കാതെ ഇതൊക്കെ സാധിതപ്രായമാകുന്നത്‌ അവർക്ക്‌ കയ്യയച്ച്‌ സംഭാവന ചെയ്യാനും പ്രതിഫലം ഒന്നും പറ്റാതെ സേവനം നടത്താനും എല്ലാത്തുറയിലും പെട്ട ആൾക്കാർ അഹമിഹകയാ മുന്നോട്ട്‌ വരുന്നത്‌ കൊണ്ടാണ്‌. വൻകിട വ്യവസായികളും ഉദാരമതികളായ നല്ല മനസ്സുളള ധനാഢ്യരും ഉന്നതോദ്യോഗസ്ഥന്മാരും വൻകിട പ്രതിഫലം പറ്റുന്ന സിനിമാതാരങ്ങളും കയ്യയച്ച്‌ സംഭാവന ചെയ്യാൻ തയ്യാറാകുന്നുവെന്നായപ്പോൾ ജനങ്ങൾക്ക്‌ പ്രയോജനം ചെയ്യുന്ന നല്ലനല്ല പദ്ധതികൾ ആസൂത്രണം ചെയ്യാനും നടപ്പിൽ വരുത്താനും അവർക്കൊക്കെ സാധ്യമായി. ഈ ആത്മീയഗുരുക്കളുടെ പ്രാർത്ഥനയിൽ പങ്കുകൊളളാൻ വരുന്ന ശിഷ്യഗണങ്ങളുടെ സംഭാവനകൊണ്ടൊന്നും ഇത്‌ സാദ്ധ്യമാവുന്നില്ല എന്നിടത്താണ്‌ ഈ സംഭാവനകളൊക്കെ സ്വീകരിക്കാൻ ബാബയും അമൃതാനന്ദമയിയും തയ്യാറാവുന്നത്‌. ഇങ്ങനെ കിട്ടുന്ന പണം യാതൊരുവിധ പാഴ്‌ചിലവുകൾക്കും ആർഭാഗങ്ങൾക്കും വിനിയോഗിക്കുന്നില്ല എന്ന വസ്‌തുതകൂടി ഓർക്കുക. ആത്മീയത സാമ്പത്തികലബ്ധിക്ക്‌ സഹായകമാവുന്നുവെന്ന്‌ മനസ്സിലായപ്പോൾ കപടവിശ്വാസികളും കളളക്കമ്മട്ടക്കാരും ഈ രംഗത്തേയ്‌ക്ക്‌ വരാൻ തുടങ്ങി. ഇവരിൽ ചിലരൊക്കെ തുടക്കത്തിൽ ഏതെങ്കിലും ക്ഷേത്രത്തിലോ പളളിയിലോ ശാന്തിക്കാരുടെയും പാതിരിമാരുടെയും പരികർമ്മികളോ സഹായികളോ ആയി കുറെനാൾ ജോലി ചെയ്‌തിട്ടുണ്ടാവാം. ഇങ്ങനെ പളളിക്കമ്മിറ്റികളിലും ആശ്രമത്തിലുമൊക്കെയായി കടന്നുകൂടി ഭക്തരുടെയും വിശ്വാസികളുടെയും ദൗർബ്ബല്യങ്ങൾ മനസ്സിലാക്കി, അവരെ ആകർഷിക്കാൻ പറ്റിയ ചതുരുപായങ്ങൾ സ്വായത്തമാക്കിയിട്ടായിരിക്കും ഒരു സുപ്രഭാതത്തിൽ എവിടെയെങ്കിലും ആത്മീയാചാര്യനോ മിഷണറി പ്രവർത്തകനോ ആയി രംഗപ്രവേശനം ചെയ്യുക. ഇതിന്‌ പറ്റിയ വളക്കൂറുളള മണ്ണ്‌ കേരളമാണെന്ന്‌ അവർ മനസ്സിലാക്കി കഴിഞ്ഞു. സാക്ഷരതയിലും സാംസ്‌ക്കാരികത്തനിമയിലും വിദ്യാഭ്യാസരംഗത്തും ഔന്നത്യത്തിലെത്തി നിൽക്കുന്നുവെന്ന്‌ ഊറ്റം കൊളളുന്ന കേരളത്തിലാണ്‌ ഏറ്റവും കൂടുതൽ കപടസന്യാസിമാരും കളളപ്പാതിരിമാരും ഉദയം കൊണ്ടത്‌. ഇവരുടെയൊക്കെ വലയിൽ വീഴുന്നവരിൽ ശുദ്ധഗതിക്കാരായ സാധാരണക്കാർക്ക്‌ പുറമെ- അവരിൽ കൂടുതലും സ്‌ത്രീകളും വൃദ്ധജനങ്ങളുമായിരിക്കും – ഉന്നതോദ്യോഗസ്ഥരും റിട്ടയർഡ്‌ ജഡ്‌ജിമാരും പോലീസുദ്യോഗസ്ഥരും രാഷ്‌ട്രീയ നേതാക്കളും കോളേജ്‌ അദ്ധ്യാപകരും ഉൾപ്പെടുന്ന വിപുലമായ ഒരാൾക്കൂട്ടം തന്നെയുണ്ടെന്നറിയുമ്പോൾ- കഴിഞ്ഞ നൂറ്റാണ്ടിൽ സ്വാമി വിവേകാനന്ദൻ നടത്തിയ നിരീക്ഷണം – ‘കേരളം ഭ്രാന്താലയമാണെന്ന വിലയിരുത്തൽ’- ഇപ്പോഴും സ്ഥായിയായെന്നവണ്ണം നിലകൊളളുന്നുവെന്ന്‌ വേണം കരുതാൻ.

സന്തോഷ്‌ മാ​‍ൗധവൻ എന്ന സ്വാമി അമൃത ചൈതന്യയുടെ തട്ടിപ്പും, പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെയും സിനിമാനടികൾ ഉൾപ്പെടെയുളളവരെയും പീഢിപ്പിച്ചതും ലാൻഡ്‌ മാഫിയായുടെ സഹായത്തോടെ ഏക്കർകണക്കിന്‌ ഭൂമി പലയിടത്തുമായി വാരിക്കൂട്ടിയതും പൂജയ്‌ക്കും ശുശ്രൂഷയ്‌ക്കുമായി ലക്ഷങ്ങളുടെ തട്ടിപ്പ്‌ നടത്തിയതും വെളിച്ചത്തായതോടെയാണ്‌ കപടസന്യാസിമാരുടെ വിളയാട്ടത്തെപ്പറ്റി കേരളത്തിലെ ജനങ്ങൾ സാമാന്യമായ തരത്തിലെങ്കിലും ബോധവാന്മാരായത്‌. സന്തോഷ്‌ മാധവന്റെ കൂട്ടാളികളിൽ ഐ.പി.എസ്‌ ഉദ്യോഗസ്ഥരും ബാങ്ക്‌ ജീവനക്കാരും ഡോക്‌ടർമാരും കോളേജ്‌ അധ്യാപകരും വരെ ഉണ്ടെന്നറിയുമ്പോൾ ഭക്തിവ്യാപാരം പണം തട്ടാനുളള ഏറ്റവും നല്ല മറയാണെന്ന്‌ പകൽപോലെ വ്യക്തമായിക്കഴിഞ്ഞു.

സന്തോഷ്‌ മാധവന്റെ പിന്നാലെ ഓരോരോ കപടസന്യാസിമാരുടെ മുഖങ്ങൾ തെളിഞ്ഞുവരികയാണ്‌. ബ്രദർ തങ്കു, തോക്ക്‌ സ്വാമി എന്ന പേരിലറിയപ്പെടുന്ന ഭദ്രാനന്ദസ്വാമി, ഗുരുവായൂരിലെ ഹരിനാരായണസ്വാമി, അമ്മ പ്രസന്ന, ദിവ്യജോഷി, വിജയകുമാരിയമ്മ, തോമസ്‌ പാസ്‌റ്റർ, കറുത്തതും വെളുത്തതുമായ തങ്ങൾമാർ- ആ പട്ടിക ഇവിടം കൊണ്ടും തീരുന്നില്ല. വെളളം ഓതിക്കൊടുക്കുന്ന തങ്ങൾമാരും, മന്ത്രച്ചരടിൽ കോർത്ത ഏലസ്സ്‌ ജപിച്ചുകൊടുക്കുന്ന മൗലവിമാരും സമൂഹപ്രാർത്ഥന നടത്തുന്ന പാസ്‌റ്റർമാരും വിഹരിക്കുന്നത്‌, സാംസ്‌കാരികമായും വിദ്യാഭ്യാസപരമായും ഉന്നതശ്രേണിയിലെത്തി നിൽക്കുന്ന ഈ കേരളത്തിലാണോ എന്നത്‌ സാമാന്യ ബോധമുളള ആരെയും ലജ്ജിപ്പിക്കുന്ന പ്രവർത്തികളാണ്‌.

എന്തുകൊണ്ട്‌ നമ്മുടെ മാറിമാറി വരുന്ന ഭരണകൂടങ്ങൾക്ക്‌ ഇവരെയൊക്കെ നിയന്ത്രിക്കാനോ കേസ്സെടുത്ത്‌ കോടതികളിൽ ഇവരെ ഹാജരാക്കാനോ കഴിയില്ല എന്നത്‌ കൂടി ആലോചിക്കേണ്ടിയിരിക്കുന്നു. രാഷ്‌ട്രീയനേതാക്കളിൽ പലരും ഉയർന്ന പോലീസ്‌ ഉദ്യോഗസ്ഥരും ഇവരുടെ കൂട്ടാളികളാണെന്ന്‌ പകൽപോലെ വെളിച്ചത്തായിക്കഴിഞ്ഞു. ഇവിടെ നട്ടംതിരിയുന്നത്‌ സാധാരണക്കാരാണ്‌. ഒറിജിനലും ഡ്യൂപ്ലിക്കേറ്റും തിരിച്ചറിയാനാവാത്ത അവസ്ഥ. നമ്മുടെ പത്രമാസികകളും ദൃശ്യമാധ്യമങ്ങളും ഉണർന്ന്‌ പ്രവർത്തിച്ചതുകൊണ്ടു മാത്രമാണ്‌ ഈ അധോലോകത്തിൽപെട്ട ചിലരെയെങ്കിലും അറസ്‌റ്റ്‌ ചെയ്‌ത്‌ കോടതിയിൽ ഹാജരാക്കാനും ചിലരുടെയെങ്കിലും പേരിൽ കേസുകൾ ചാർജ്ജ്‌ ചെയ്യാനും കഴിഞ്ഞത്‌. ഇവർക്കൊക്കെ അർഹിക്കുന്ന ശിക്ഷയോ ചിലപ്പോൾ യാതൊരു ശിക്ഷയും കിട്ടാതെ തന്നെ പുറത്തുവരാനോ പറ്റിയ ദുർബ്ബലമായ വകുപ്പുകൾ അനുസരിച്ചാണ്‌ കേസുകൾ ചാർജ്ജ്‌ ചെയ്യുന്നതെന്ന ആക്ഷേപം ശക്‌തിയായിത്തന്നെ നിലനിൽക്കുന്നു.

കുറ്റവാളികളെ സൃഷ്‌ടിക്കുന്ന കാര്യത്തിലും അവരെ സംരക്ഷിക്കുന്ന കാര്യത്തിലും കേരളം ഇപ്പോഴേതന്നെ ബീഹാറിന്റെയും ജാർഘണ്ടിന്റെയും ഒപ്പമെത്തിക്കഴിഞ്ഞു. ഇനി ഒന്നാം സ്ഥാനം എന്നത്‌ മാത്രമേ നോക്കേണ്ടതുളളൂ. അവസാനം സ്വയരക്ഷയ്‌ക്ക്‌ വേണ്ടി സാധാരണക്കാർ മുന്നോട്ട്‌ വരികയും- നിയമം കയ്യിലെടുക്കുമെന്ന അവസ്ഥ വരികയും ചെയ്യുകയാണെങ്കിൽ – ഈ നാടിന്റെ പോക്ക്‌ എങ്ങോട്ടാണെന്ന കാര്യം ഊഹിക്കാവുന്നതേ ഉളളൂ. തീർച്ചയായും കേരളത്തിന്റെ ഇന്നത്തെ അവസ്ഥ അത്രമാത്രം ആശങ്കയുളവാക്കുന്നതാണ്‌.

Generated from archived content: eassay1_may28_08.html Author: mk_chandrasekharan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here